Skip to the text
Quran Vivaranam

3 sections in essays mode

Essay 2

ഭാഷയും പരിഭാഷയും

Vol. 2 Page 1271

ആശയങ്ങളും അനുഭൂതികളും ആവിഷ്‌കരിക്കാനും വിനിമയം ചെയ്യാനുമുള്ള ഉപാധി എന്ന നിലയിലാണ് ഭാഷ മനസ്സിലാക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. വിശാലമായ അർത്ഥത്തിൽ മനുഷ്യർ മാത്രമല്ല തിര്യക്കുകളും ഭാഷ ഉപയോഗിക്കുന്നുണ്ട്.

ജന്തുമൃഗാദികളുടെ ഭാഷ അവയുടെ ജീവിത സന്ധാരണവുമായി ബന്ധപ്പെട്ട ആഹാരം, ആവാസം, ആത്മരക്ഷ, പ്രജനനം പോലുള്ള അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചുള്ള ആശയവിനിമയോപാധിയായിട്ടാണ് ഗണിക്കുന്നത്. ഖുർആനിൽ അതിനെ കുറിച്ച് വ്യവഹരിക്കാൻ ഉപയോഗിച്ചിരിക്കുന്നത് مَنْطِقٌ (സംസാരം, ഉച്ചാരണം, speech) എന്ന പദമാണ്. സുലൈമാൻ നബി ﵇ന്റെ ഒരു പ്രസ്‌താവന സൂറത്തുന്നംലിൽ വന്നത് ഇപ്രകാരമാണ്: ﴿وَوَرِثَ سُلَيْمَـٰنُ دَاوُۥدَ ۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ ١٦﴾ (النمل) [സുലൈമാന്‍ ദാവൂദിനെ അനന്തരമെടുത്തു. അങ്ങനെ അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ സംസാരം നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു; എല്ലാറ്റിൽനിന്നുമുള്ള ഒരു വിഹിതം നമുക്ക് നല്‍കപ്പെടുകയും ചെയ്‌തിരിക്കുന്നു. ഇത് വ്യക്തമായും മികവാർന്ന ഔദാര്യം തന്നെയാണ്.] (നംല് 16)

പക്ഷിമൃഗാദികൾക്ക് ഭാഷയുണ്ടെന്ന് മേൽ സൂക്തം സുതരാം വ്യക്തമാക്കുന്നു. മാത്രമല്ല, അവയുടെ ഭാഷയെ കുറിച്ച് സംസാരം, ഉച്ചാരണം എന്നർത്ഥം വരുന്ന (مَنْطِقٌ) എന്ന പദമാണ് അവിടെ പ്രയോഗിച്ചിരിക്കുന്നത്.

എന്നാൽ ഭൂമുഖത്തുള്ള മനുഷ്യജീവിതം ഇതര ജന്തുജാതികളുടേതു പോലെയല്ല. അതിനു വ്യത്യസ്‌തമായ മാനങ്ങളുണ്ട്. അവന്റെ ചക്രവാളങ്ങൾ കുറേകൂടി വിശാലമാണ്. ജീവിത സന്ധാരണത്തിനപ്പുറം അറിവിന്റെയും അനുഭൂതിയുടെയും വിശാലമായ മേഖലകളിലേക്ക് കൂടി അത് കടന്നു ചെല്ലുന്നു. തന്റെ അറിവുകളും അനുഭവങ്ങളും അനുഭൂതികളും ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. അവൻ നാഗരികനും പരിഷ്‌കൃതനുമാണ്. സാംസ്‌കാരിക കൈമാറ്റത്തിലൂടെ അവന് വികാസത്തിന്റെ പുതിയ പടവുകൾ ആരോഹണം ചെയ്യേണ്ടതുണ്ട്. അതിനുതകുന്ന വിധത്തിലുള്ള സാഹിത്യഭാഷയാണ് അല്ലാഹു അവന് നൽകിയിരിക്കുന്നത്. തന്റെ അറിവിലോ അനുഭവത്തിലോ കടന്നുവരുന്ന ഏതൊന്നിന്റെയും പൊരുളറിയാനും, പൊരുളിനനുസരിച്ചുള്ള പേരു വിളിക്കാനും അല്ലാഹു അവനെ പഠിപ്പിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ﴿وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَـٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هٰٓؤُلَآءِ إِن كُنتُمْ صَـٰدِقِينَ ٣١﴾ (البقرة) [അവന്‍ ആദമിന് പേരുകളെല്ലാം പഠിപ്പിച്ചു. പിന്നീട് അവൻ അവയെ മലക്കുകളുടെ മുന്നിൽ പ്രദർശിപ്പിച്ചു. എന്നിട്ട് ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ പേരുകൾ എനിക്ക് പറഞ്ഞുതരൂ.] (ബഖറഃ 31)

ആദമിനു ലഭിച്ച ഈ സിദ്ധിയാണ് മനുഷ്യഭാഷയുടെ അടിസ്ഥാനം. അറിവും അനൂഭൂതിയും ആവിഷ്‌കരിക്കാനും വിനിമയം ചെയ്യാനും ഉതകുന്ന സാഹിത്യ ഭാഷയാണ് (Articulate Language) അല്ലാഹു മനുഷ്യനു സമ്മാനിച്ചിരിക്കുന്നത്. അതു തന്നെയാണ് മനുഷ്യനെ ഇതര ജീവികളിൽനിന്ന് വ്യതിരിക്തനാക്കുന്നതും. അതിനാൽ തന്നെ കഥയെഴുതാനും കവിത ചൊല്ലാനും നട്ടെല്ലിൽ നിവർന്നു നിന്ന് പ്രസംഗിക്കാനും കലയും സാഹിത്യവും ആവിഷ്‌കരിക്കാനും അവയെ സഹൃദയത്വത്തോടെ ആസ്വദിക്കാനും സാധിക്കുന്ന ഏക ജീവി മനുഷ്യൻ മാത്രമാണ്. ഈ ശേഷി അല്ലാഹു പഠിപ്പിച്ചതാണെന്ന വസ്‌തുതക്ക് അടിവരയിടുന്ന ഖുർആനിക സൂക്തങ്ങൾ കാണുക: ﴿ٱلرَّحْمَٰنُ ١ عَلَّمَ ٱلْقُرْءَانَ ٢ خَلَقَ ٱلْإِنسَـٰنَ ٣ عَلَّمَهُ ٱلْبَيَانَ ٤﴾ (الرحمٰن) [റഹ്‌മാനായവൻ! അവൻ ഖുർആൻ പഠിപ്പിച്ചു; അവനാണു മനുഷ്യനെ സൃഷ്ടിച്ചത്, അവൻ അവനു സാഹിത്യഭാഷ പഠിപ്പിച്ചിരിക്കുന്നു.] (റഹ്‌മാൻ 1-4)

അതെ, മനുഷ്യൻ ഉപയോഗിക്കുന്ന ഭാഷകളെ കുറിച്ച് വ്യവഹരിക്കാൻ ഖുർആനിൽ അല്ലാഹു ഉപയോഗിച്ച പദം 'ബയാൻ' അഥവാ സാഹിത്യഭാഷ എന്നാണ്.

ഭാഷ : ഉൽപത്തിയും വൈവിധ്യവും

മനുഷ്യോൽപത്തി സംബന്ധിച്ചുള്ള സിദ്ധാന്തങ്ങളുടെ ചുവടുപിടിച്ച് സമാനമായ സിദ്ധാന്തങ്ങൾ ഭാഷയുടെ ഉൽപത്തിയെ കുറിച്ചും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അനുമാനങ്ങളോ പരികല്പനകളോ മാത്രമാണ് അവയെല്ലാം. എന്നാൽ ഇബ്റാഹീമീ പാരമ്പര്യത്തിലുളള പ്രശസ്‌തമായ മൂന്ന് മതവിഭാഗങ്ങളുടെയും അനുയായികൾ ഭാഷ പഠിപ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. അഹ്‌ലുസ്സുന്നഃക്ക് ഇക്കാര്യത്തിലും വ്യക്തവും പ്രമാണബദ്ധവുമായ വിശ്വാസങ്ങളുണ്ട്. ഭാഷ അല്ലാഹു മനുഷ്യനെ പഠിപ്പിച്ചതാണ് (تَوْقِيفِيَّةٌ) എന്നുള്ളതത്രെ അത്. അതിന് ഉപോൽബലകമായ ധാരാളം തെളിവുകൾ ഖുർആനിലും സുന്നത്തിലുമുണ്ട്. അവയിൽ ചിലത് നടേ പരാമർശിച്ചുവല്ലോ.

മനുഷ്യൻ ഉപയോഗിക്കുന്ന സാഹിത്യ ഭാഷയെ കേവല ശബ്ദമായോ ജന്തുസഹജമായ ആവശ്യങ്ങളുടെ പ്രകടനമായോ അശിക്ഷിതമായ ഒരു നൈസർഗ്ഗിക വാസനയായോ വിലയിരുത്താനാവില്ല. മനുഷ്യന്റെ സവിശേഷമായ അസ്‌തിത്വം, മനോമസ്‌തിഷ്‌കങ്ങളുടെ ബോധപൂർവ്വമായ വ്യാപാരങ്ങൾ, അഭിജ്ഞാനപരമായ ആവിഷ്‌കാര വിനിമയ വ്യവഹാരങ്ങൾ തുടങ്ങി സങ്കീർണ്ണമായ പല പ്രക്രിയകളുടെയും ആകത്തുകയാണത്. ഭാഷാ വൈവിധ്യവും അവയുടെ വർഗ്ഗീകരണവുമെല്ലാം നരവംശത്തെ കുറിച്ചുള്ള പഠനത്തോട് ചേർന്നു നിൽക്കുന്നു. വിഷയത്തിന്റെ ആഴവും ഗഹനവും സൂചിപ്പിക്കുന്നതാണ് താഴെ കൊടുക്കുന്ന ഖുർആൻ സൂക്തം: ﴿وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَآيَـٰتٍ لِّلْعَـٰلِمِينَ ٢٢﴾ (الروم) [ആകാശഭൂമികളുടെ സൃഷ്ടിപ്പും, നിങ്ങളുടെ ഭാഷകളിലും വര്‍ണ്ണങ്ങളിലുമുള്ള വൈവിധ്യവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. തീര്‍ച്ചയായും അറിവുള്ളവര്‍ക്കതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.] (റൂം 22)

മനുഷ്യരാശി എത്ര ഭാഷകൾ ഉപയോഗിച്ചിട്ടുണ്ട്, ഇപ്പോൾ എത്ര ഭാഷകൾ ഉപയോഗിക്കുന്നു, ജീവൽഭാഷകളുടെയും മൃതഭാഷകളുടെയും കണക്കുകളെത്ര, ഭാഷ എന്നതിന്റെ നിർവ്വചന പരിധിയിൽ ഏതെല്ലാം ഉൾപ്പെടും, ഭാഷാഭേദങ്ങളെ എങ്ങനെ പരിഗണിക്കണം, പോലുള്ള സൈദ്ധാന്തിക ചർച്ചകൾക്കിവിടെ പ്രസക്തിയില്ല. മറിച്ച്, സൂക്ഷ്‌മവും സ്ഥൂലവുമായ ആശയങ്ങൾ ആവിഷ്‌കരിക്കാനും വിനിമയം ചെയ്യാനുമുള്ള ശേഷിയുടെ അടിസ്ഥാനത്തിലുള്ള ഭാഷാശ്രേണീകരണം പ്രസക്തമാണു താനും.

സെമറ്റിക് വിഭാഗത്തിൽപെട്ട ഒരു ഭാഷയാണ് അറബി. മറ്റു ഭാഷകളെ അപേക്ഷിച്ച് അതിനുള്ള വ്യാവഹാരികവും ആവിഷ്‌കാരപരവുമായ ശേഷി അപാരമാണ്. സൂക്ഷ്മമായ ആശയങ്ങളും അനുഭൂതികളും കൃത്യവും വ്യക്തവുമായ രീതിയിൽ വ്യവഛേദിച്ചു പ്രകാശിപ്പിക്കാനുള്ള ഘടനാപരമായ സവിശേഷതയാണ് അതിനെ ഇതര ഭാഷകളിൽനിന്നും വേറിട്ടുനിർത്തുന്നത്. അല്ലാഹുവിന്റെ വചനമായ ഖുർആൻ അറബി ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക: ﴿وَإِنَّهُ لَتَنزِيلُ رَبِّ ٱلْعَـٰلَمِينَ ١٩٢ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ١٩٣ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ١٩٤ بِلِسَانٍ عَرَبِىٍّ مُّبِينٍ ١٩٥﴾ (الشعراء) [തീര്‍ച്ചയായും ഈ ഖുർആൻ ലോകരുടെ റബ്ബ് അവതരിപ്പിച്ചത് തന്നെയാണ്. വിശ്വസ്‌തനായ ജിബ്‌രീലാണ് അതുമായി ഇറങ്ങി വന്നിരിക്കുന്നത്; അതും താങ്കളുടെ ഹൃദയത്തിലേക്ക് - താങ്കൾ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്‌ - കാര്യങ്ങൾ വ്യവച്ഛേദിച്ച് വ്യക്തമാക്കാനുതകുന്ന സ്‌ഫുടമായ അറബിഭാഷയിൽ.] (ശുഅറാഅ് 192-195)

അറബിഭാഷ അതിന്റെ പേര് കണ്ടെത്തിയിരിക്കുന്നതു തന്നെ സ്‌ഫുടത എന്നർത്ഥം വരുന്ന عرب എന്ന മൂലപദത്തിൽനിന്നാണ്. അനറബികളെയും അനറബി ഭാഷകളെയും കുറിച്ച് വ്യവഹരിക്കാൻ ഉപയോഗിക്കുന്ന പദപ്രരൂപങ്ങൾ عجم എന്ന ധാതുവിൽനിന്നാണ് നിഷ്‌പാദനം ചെയ്യപ്പെട്ടിരിക്കുന്നത്. അപചയം, അവ്യക്തത, കലർപ്പ് എന്നൊക്കെയാണ് അതിന്റെ അർത്ഥം. സ്‌ഫുടത, വ്യക്തത എന്നർത്ഥം വരുന്ന അറബ് എന്നതിന്റെ നേർവിപരീതമാണത്. ബഗവി ﵀ തഫ്‌സീറിൽ രേഖപ്പെടുത്തിയ ഒരു നിരീക്ഷണം താഴെ കൊടുക്കാം: الْأَعْجَمِيُّ الَّذِي لَا يُفْصِحُ وَإِنْ كَانَ يَنْزِلُ بِالْبَادِيَةِ، وَالْعَجَمِيُّ مَنْسُوبٌ إِلَى الْعَجَمِ، وَإِنْ كَانَ فَصِيحًا. [البغوي في معالم التنزيل] [സ്‌ഫുടതയില്ലാത്തവനാണ് അഅ്ജമി (أَعْجَمِيٌّ), അവൻ കലർപ്പില്ലാത്ത ഗ്രാമ്യതയിൽ ജീവിക്കുന്നവനാണെങ്കിലും. എന്നാൽ അനറബികളിൽ പെട്ടവനാണ് അജമി (عَجَمِيٌ), അവൻ എത്ര സ്‌ഫുടതയുള്ളവനാണെങ്കിലും.] (ബഗവി ത്ഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ചുരുക്കത്തിൽ, عرب എന്നത് സ്‌ഫുടതയെയും വ്യക്തതയെയും കുറിക്കുമ്പോൾ عجمة എന്നത് അവ്യക്തതയെയും കലർപ്പിനെയും സൂചിപ്പിക്കുന്നു. ഇതു തന്നെയാണ് അറബിഭാഷയുടെ പൊരുൾ. സ്‌ഫുടത അതിൽ നിഹിതമാണ്; അനറബി ഭാഷകളിൽ അവ്യക്തതയും. അല്ലാഹുവിന്റെ വചനം അവതരിക്കാൻ അറബിഭാഷയെ യോഗ്യമാക്കിയതും ഈ മികവു തന്നെയായിരിക്കാം.

മുഹമ്മദ് നബി ﷺക്കു നൽകപ്പെട്ട മുഅ്ജിസത്താണ് ഖുർആൻ.അമ്പിയാക്കളുടെ മുഅ്ജിസത്തുകളിൽ ഇന്നവശേഷിക്കുന്ന ഏക മുഅ്ജിസത്തും അതു തന്നെ. ഖുർആനിന്റെ അമാനുഷികത (إِعْجَازٌ) ബഹുമുഖമാണ്. അതിലൊന്നാണ് അതിന്റെ ഭാഷാപരവും സാഹിതീയവുമായ സവിശേഷത. ഖുർആൻ വെല്ലുവിളിച്ച, അതിന്റെ അവതരണ കാലത്തു ജീവിച്ചിരുന്ന പ്രഥമ അഭിസംബോധിതരായ അറബികൾ ഭാഷയിലും സാഹിത്യത്തിലും അനിതരമായ കഴിവുകൾ പുലർത്തിയിരുന്നവരായിരുന്നു. അറബി സാഹിത്യത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്. അവരിലേക്കാണ് ഖുർആൻ അവതരിക്കുന്നത്. എന്നിട്ട് ആ സാഹിത്യ സാമ്രാട്ടുകളെയാണ് ഖുർആൻ വെല്ലുവിളിച്ചത്. ഖുർആനിനു തുല്യമായ മറ്റൊന്ന് കൊണ്ടുവരൂ. സാധ്യമല്ലെങ്കിൽ അതിലെ പത്ത് അധ്യായങ്ങൾക്ക് തുല്യമായതെങ്കിലും. അതിനും സാധ്യമല്ലെങ്കിൽ ഒരു അധ്യായമെങ്കിലും. മനുഷ്യർക്കു സാധ്യമല്ലെങ്കിൽ ജിന്നുകൾക്കും ശ്രമിച്ചു നോക്കാം. അവസാനം അല്ലാഹു കട്ടായം പറയുന്നു: ജിന്നുകളും മനുഷ്യരും പരസ്‌പരം സഹകരിച്ച് സംയുക്തമായി ശ്രമിച്ചാൽ പോലും അവർക്കതിനു സാധിക്കുകയില്ല.

ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. അവയുടെ പദങ്ങളും അർത്ഥങ്ങളും വിവക്ഷകളും പ്രയോഗങ്ങളും അല്ലാഹു തന്നെയാണ് മുഹമ്മദ് നബി ﷺയെ പഠിപ്പിച്ചത്. അവിടുന്ന് അനുചരന്മാർക്കത് പൂർണ്ണവും സത്യസന്ധവുമായ രീതിയിൽ കൈമാറി. അവർ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്തത് എന്താണോ അതാണ് ഖുർആനിക വചനങ്ങളുടെ ആധികാരികമായ അർത്ഥവും വ്യാഖ്യാനവും. ഖുർആൻ പഠനങ്ങളിലും വിവരണങ്ങളിലും മറക്കാനോ അവഗണിക്കാനോ പാടില്ലാത്ത അടിസ്ഥാന തത്ത്വമാണിത്. ഖുർആൻ പരിഭാഷപ്പെടുത്തുന്നവർ ഈ അടിസ്ഥാന യാഥാർത്ഥ്യം മറക്കുകയോ അവഗണിക്കുകയോ ചെയ്‌താൽ അത്തരം പരിഭാഷകളിൽനിന്നും വിവരണങ്ങളിൽ നിന്നും മതപരമായ വൈജ്ഞാനിക മൂല്യം ചോർന്നു പോകും. അത് കേവലം ഭാഷാപരമായ ഒരു അഭ്യാസം മാത്രമായി അധഃപതിക്കും.

ഇതര ഭാഷകളെ അപേക്ഷിച്ച് അല്ലാഹുവിന്റെ വചനവും സന്ദേശവും അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യം അറബി തന്നെ. നടേ സൂചിപ്പിച്ചതു പോലെ ശ്രേഷ്ഠമായ ഒരു സെമറ്റിക് ഭാഷയാണത്. അതിന്റെ ശബ്ദഘടനയും (സ്വനിമ) അക്ഷരഘടനയും വളരെ സവിശേഷമാണ്. വലത്തുനിന്ന് ഇടത്തോട്ടേക്ക് ലിപിന്യാസമുള്ള അപൂർവ്വം ഭാഷകളിലൊന്നാണത്. ഗണിതശാസ്‌ത്രപരമായ കണിശതയും ജൈവികമായ ഒരു പൊരുത്തവും അതിനുണ്ട്. സൂക്ഷ്‌മവും കണിശവുമായ ലിപിന്യാസവും (Syntax) അർത്ഥവിചാരവും (Semantics) അതിന്റെ ഉയർന്ന ആവിഷ്‌കാര വിനിമയ ക്ഷമതയെ സൂചിപ്പിക്കുന്നു. അലങ്കാരങ്ങൾ, പ്രകരണങ്ങൾ, ധ്വനിവിശേഷങ്ങൾ പോലുള്ള സങ്കേതങ്ങൾ പൂർണ്ണ തോതിൽ വികസിക്കുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന ഭാഷ കൂടിയാണ് അറബി.

വാച്യാർത്ഥം, ലക്ഷ്യാർത്ഥം, വ്യംഗ്യാർത്ഥം മുതലായ തലങ്ങളിൽ അർത്ഥങ്ങളും ആശയങ്ങളും അടരുകളായി സൂക്ഷിക്കാനും ക്രമീകരിക്കാനുമുള്ള അതിന്റെ ശേഷി അപാരമാണ്. അറബി ഭാഷയുടെ വിസ്‌മയാവഹമായ മികവ് ഇസ്‌ലാം മതവിശ്വാസികളെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. അന്തരാള കാലഘട്ടത്തിൽ ജീവിച്ചിരുന്ന അറബികളും അനറബികളുമായ പ്രാകൃത ജനങ്ങൾക്ക് പോലും ദൃഢബോധ്യമുള്ള കാര്യമായിരുന്നു അത്.

ഖുർആനിന്റെ അവതരണത്തോടു കൂടി അറബി ഭാഷയുടെ വ്യാപനവും അനശ്വരതയും ഉറപ്പാക്കപ്പെട്ടു. മനുഷ്യകുലത്തിലേക്ക് നിയുക്തരായ നബിമാർ പ്രബോധനം ചെയ്‌ത ദീനിന്റെ അന്തിമവും പൂർണ്ണവുമായ പതിപ്പ് അറബിയിലാണ് അവതരിപ്പിക്കപ്പെട്ടത്. പൂർത്തീകരിക്കപ്പെട്ട സവിശേഷ ഇസ്‌ലാം അറേബ്യൻ ഉപഭൂഖണ്ഡത്തിനു പുറത്തേക്ക് വ്യാപിച്ചത് അറബിഭാഷ എന്ന മാധ്യമത്തിലൂടെയായിരുന്നു. ഇസ്‌ലാമിന്റെ പ്രചാരവും വ്യാപനവും അറബിഭാഷയുടേതു കൂടിയായിരുന്നു. മുസ്‌ലിംകൾ വിജയിച്ച ഭൂപ്രദേശങ്ങളും ജനവിഭാഗങ്ങളും അറബികളായി പരിവർത്തനം ചെയ്‌തു. ഇസ്‌ലാം ലോകാവസാനം വരെയുള്ള മുഴുവൻ ജനപദങ്ങൾക്കുമുള്ള മതമാണ്. അതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുള്ളതാണ്. ഇസ്‌ലാം മതത്തിന്റെയും ഖുർആനിന്റെയും സംരക്ഷണം അറബിഭാഷയുടെ കൂടി സംരക്ഷണമാണെന്ന് പറയേണ്ടതില്ലല്ലോ.

കലർപ്പുകളും അപചയങ്ങളും

ഇസ്‌ലാമിന്റെ പ്രബോധനവും പ്രചാരവും ഒരു ചരിത്ര വിസ്‌മയമാണ്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഭൂമുഖത്ത് അന്ന് നിലനിന്നിരുന്ന മനുഷ്യാധിവാസ കേന്ദ്രങ്ങളിലെല്ലാം ഇസ്‌ലാമിന്റെ സന്ദേശമെത്തി. സമാനതകളില്ലാത്ത ഈ മുന്നേറ്റത്തെ കുറിച്ച് നബി ﷺ നല്കിയ സുവിശേഷങ്ങൾ ഏതൊരു വിശ്വാസിയുടെയും മനസ്സിനെ കുളിരണിയിക്കാതിരിക്കില്ല. ഇമാം അൽബാനി ﵀ തന്റെ സിൽസിലത്തുൽ അഹാദീസിസ്സ്വഹീഹഃ എന്ന ബൃഹദ്ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ അത്തരം സുവിശേഷങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ്. അവയിൽ ചിലത് താഴെ ഉദ്ധരിക്കാം. നബി ﷺ പറയുന്നു: «لا يذهب الليل والنهار حتى تعبد اللات والعزى» فقالت عائشة: يا رسول الله، إن كنت لأظن حين أنزل الله ﴿هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ ٣٣﴾ (التوبة) أن ذلك تاما، قال: «إنه سيكون من ذلك ما شاء الله» الحديث، رواه مسلم وغيره. [الألباني في سلسلة الأحاديث الصحيحة] [«ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ രാപ്പകലുകൾ അവസാനിക്കുകയില്ല»

അപ്പോൾ ആയിശഃ ﵂ പറഞ്ഞു:

അല്ലാഹുവിന്റെ ദൂതരേ, «അല്ലാഹു, അവനാണ് എല്ലാ മതങ്ങളെയും അതിജയിക്കാൻ വേണ്ടി സന്മാർഗ്ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത് - മുശ്‌രിക്കുകൾ അത് എത്ര തന്നെ വെറുത്താലും» എന്ന വചനം അല്ലാഹു അവതരിപ്പിച്ചപ്പോൾ ഞാൻ തീർത്തും കരുതിയിരുന്നത് അത് പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ്.

അവിടുന്ന് പറഞ്ഞു: «അതിൽനിന്ന് അല്ലാഹു ഉദ്ദേശിക്കുന്നത് ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും, തീർച്ച». മുസ്‌ലിമും മറ്റും ഉദ്ധരിച്ച ഹദീസ്] (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ ലോകാവസാനം സംഭവിക്കില്ലെന്ന് കേൾക്കുമ്പോൾ ആരും കരുതുക, ഇസ്‌ലാമിന്റെ നല്ല നാളുകൾ അവസാനിച്ചു എന്നാണ്. «എല്ലാ മതങ്ങളെയും അതിജയിക്കാനായി അല്ലാഹുവാണ് സന്മാർഗ്ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത് - മുശ്‌രിക്കുകൾ അതെത്ര വെറുത്താലും» എന്ന ഖുർആൻ സൂക്തം ധ്വനിപ്പിക്കുന്നത്, അത്തരം വിജയങ്ങൾ നബി ﷺയുടെയും ഉത്തരാധികാരികളായ ഖുലഫാക്കളുടെയും തുടർന്നു വന്ന നല്ലവരായ രാജാക്കന്മാരുടെയും കാലത്തോടെ തീർന്നു എന്നുമാണ്. ഈ സംശയമാണ് വിശ്വാസികളുടെ മാതാവായ ആയിശഃ ﵂ ഇവിടെ ഉന്നയിക്കുന്നത്. അപ്പോഴാണ് നബി ﷺ തിരുത്തുന്നത്. അല്ല, അത്തരം വിജയങ്ങൾ ഇനിയും വരാനുണ്ട്; ഭാവി ഇസ്‌ലാമിന്റേതാണെന്ന്.

«അതിൽനിന്ന് അല്ലാഹു ഉദ്ദേശിക്കുന്നത് ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും, തീർച്ച» എന്ന നബിവചനത്തെ രാഷ്‌ട്രീയമോ സൈനികമോ ആയ വിജയം മാത്രമായി പരിമിതപ്പെടുത്തുന്നതിനു ന്യായമൊന്നുമില്ല. വൈജ്ഞാനികമായ മുന്നേറ്റങ്ങൾ, ആത്മീയമായ ഉൽക്കർഷങ്ങൾ, സാമ്പത്തികമായ വളർച്ചകൾ, നയതന്ത്രപരമായ വിജയങ്ങൾ, പോലുള്ളവയും അതിലുൾപ്പെടും. മഹ്ദിയുടെ വരവും ഈസാ ﵇ന്റെ അവതരണവും അതിൽ അവസാനത്തേതായി കണക്കാക്കുകയും ചെയ്യാം.

അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് മദീനക്കു ചുറ്റും കിടങ്ങ് കുഴിക്കുന്ന സന്ദർഭത്തിലാണ് ഇതുപോലുള്ള മറ്റൊരു സുവിശേഷം നബി ﷺ തന്റെ അനുചരന്മാരോട് പങ്കുവെക്കുന്നത്. അവിടുന്ന് പറയുന്നു: «إن الله زوى (أي جمع وضم) لي الأرض، فرأيت مشارقها ومغاربها وإن أمتي سيبلغ ملكها ما زوي لي منها» الحديث، رواه مسلم. [الألباني في سلسلة الأحاديث الصحيحة] [«നിശ്ചയമായും അല്ലാഹു എന്റെ മുന്നിൽ ഭൂമി ചുരുട്ടിക്കാണിച്ചു. അങ്ങനെ ഞാൻ അതിലെ കിഴക്കും പടിഞ്ഞാറുമുള്ള ദേശങ്ങൾ കണ്ടു. തീർച്ചയായും എന്റെ സമുദായത്തിന്റെ ആധിപത്യം അതിൽനിന്ന് എനിക്ക് ചുരുട്ടിക്കാണിച്ചിടങ്ങളിലെല്ലാം എത്തുക തന്നെ ചെയ്യും». മുസ്‌ലിം ഉദ്ധരിച്ച ഹദീസ്] (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിത്)

നബി ﷺയുടെ കാലശേഷം തന്റെ സമുദായത്തിനു വരാനിരിക്കുന്ന വിജയങ്ങളെ കുറിച്ചാണ് ഈ ഹദീസ് സംസാരിക്കുന്നത്. വിജയങ്ങൾ അവസാനിച്ചിട്ടില്ല, അത് ആവർത്തിച്ചു കൊണ്ടിരിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കു കൂടി മേൽ വചനം വിരൽ ചൂണ്ടുന്നു. അതിന്റെ വ്യാപ്‌തിയെ കുറിച്ച് അവിടുന്ന് ഒന്നു കൂടി വ്യക്തമാക്കുന്നത് ഇപ്രകാരം വായിക്കാം: «ليبلغن هذا الأمر ما بلغ الليل والنهار ولا يترك الله بيت مدر ولا وبر إلا أدخله الله هذا الدين بعز عزيز أو بذل ذليل عزا يعز الله به الإسلام وذلا يذل به الكفر» رواه جماعة ذكرتهم في تحذير الساجد (ص ١٢١) ورواه ابن حبان في صحيحه. [الألباني في سلسلة الأحاديث الصحيحة] [«രാപ്പകലുകൾ എത്തുന്നിടത്തൊക്കെ ഈ സന്ദേശം ചെന്നെത്തുക തന്നെ ചെയ്യും. മൺകട്ട കൊണ്ടുള്ള ചെറ്റക്കുടിലുകളാകട്ടെ, രോമാലംകൃതമായ രമ്യഹർമ്യങ്ങളാകട്ടെ, ഒന്നിനെയും അവിടെ ഈ മതത്തെ എത്തിച്ചിട്ടല്ലാതെ അല്ലാഹു വിട്ടുകളയില്ല. ഒന്നുകിൽ ഒരു പ്രതാപശാലിയുടെ പ്രതാപത്തിലൂടെ, അല്ലെങ്കിൽ ഒരു അധമൻ പേറുന്ന നിന്ദ്യതയിലൂടെ. അഥവാ ഇത് സ്വീകരിക്കുന്നവർക്ക് നൽകുന്ന പ്രതാപത്തിലൂടെ; അതു മുഖേന ഇസ്‌ലാമിന് അല്ലാഹു പ്രതാപമേകുന്നു. അല്ലെങ്കിൽ ഇത് നിരസിക്കുന്നവർക്ക് നല്കുന്ന നിന്ദ്യതയിലൂടെ; അതു മുഖേന അല്ലാഹു അവിശ്വാസത്തെ നിന്ദ്യമാക്കുന്നു». ഒരു പറ്റം മുഹദ്ദിസുകളും, കൂടാതെ ഇബ്‌നു ഹിബ്ബാൻ തന്റെ സ്വഹീഹിലും ഉദ്ധരിച്ചത്.] (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

നബി ﷺയുടെ വിയോഗാനന്തരം ഒരു നൂറ്റാണ്ട് കഴിയുമ്പോൾ കിഴക്ക് ചൈനാ വൻമതിൽ വരെയും പടിഞ്ഞാറ് അറ്റ്‌ലാൻറിക് സമുദ്രം വരെയും നീണ്ടു കിടക്കുന്ന അനന്ത വിസ്‌തൃതമായ പ്രദേശങ്ങളിൽ ഇസ്‌ലാം വ്യാപിച്ചു കഴിഞ്ഞിരുന്നു. അഥവാ ദീനും ഭാഷയും സംസ്‌കാരവും ഒരുമിച്ച് ഇഴപിരിയാതെ അവിടങ്ങളിൽ ആഴത്തിൽ സ്വാധീനമുറപ്പിച്ചിരുന്നു എന്ന് സാരം. അവിടങ്ങളിൽ വസിച്ചിരുന്ന ജനവിഭാഗങ്ങൾ ഇസ്‌ലാമിന്റെ വിശ്വാസാചാരങ്ങൾ സ്വീകരിച്ചതു പോലെ ഖുർആനിന്റെ ഭാഷയെയും സംസ്‌കാരത്തെയും കൂടി നെഞ്ചേറ്റിയിരുന്നു. സുദീർഘമായ ഒന്നര സഹസ്രാബ്ദം പിന്നിടുമ്പോൾ അതിന്റെ അവശേഷിപ്പുകളും അലയൊലികളും ഇന്നും അവിടങ്ങളിൽ മായാതെ മുദ്രചാർത്തപ്പെട്ടുകിടക്കുന്നത് ചരിത്ര വിദ്യാർത്ഥികൾക്ക് പഠനവിഷയം മാത്രമല്ല വലിയ കൗതുകം കൂടിയാണ്.

ഇതര വംശങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമായി മുസ്‌ലിംകൾ കൂടിക്കലർന്നപ്പോൾ അത് അറബിഭാഷയുടെ വിശുദ്ധിക്ക് മങ്ങലേല്പിക്കാൻ തുടങ്ങി എന്നത് ഒരു ചരിത്രയാഥാർത്ഥ്യമാണ്. അങ്ങനെ ഭാഷാപരമായ അപചയങ്ങളുടെ ലക്ഷണങ്ങൾ ഓരോന്നായി പ്രകടമായിക്കൊണ്ടിരുന്നു. അറബി ഭാഷയുടെ വിശുദ്ധിക്ക് മങ്ങലേൽക്കാൻ പോകുന്നു എന്ന് കണ്ടപ്പോൾ മഹാന്മാരായ ഖുലഫാക്കളും പണ്ഡിതന്മാരും അതിനുള്ള പ്രതിവിധി അന്വേഷിക്കുകയും പരിഹാരനടപടികൾ കൈക്കൊള്ളുകയും ചെയ്‌തു. അങ്ങനെയാണ് വ്യാകരണവും മറ്റു ഭാഷാ നിയമങ്ങളും രൂപപ്പെട്ടത്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ഭാഷാ-വ്യാകരണ നിയമങ്ങൾ ഖുർആനിനെ ഭരിക്കുന്നു എന്നാണ്. വസ്തുത മറിച്ചാണ്. ഭാഷാ-വ്യാകരണ നിയമങ്ങൾ ഉത്ഭവിച്ചതുതന്നെ ഖുർആനിനെ ഉപജീവിച്ചു കൊണ്ടാണ്. ഇത്തരം ഭാഷാ വിജ്ഞാനീയങ്ങളെല്ലാം ഖുർആനിനെ സേവിക്കാൻ വേണ്ടി രൂപപ്പെടുത്തപ്പെട്ടവയുമാണ്.

അറബി ഭാഷാ പഠനം അനിവാര്യം

അറബി ഭാഷയിലാണ് അല്ലാഹു ഖുർആൻ അവതരിപ്പിച്ചത്. മനുഷ്യരിലേക്കും ജിന്നുകളിലേക്കുമായി നിയുക്തനായ മുഹമ്മദ് നബി ﷺയുടെ മാതൃഭാഷ അറബിയാണ്. അവിടുന്ന് ദീൻ വിശദീകരിച്ചു കൊടുത്തത് അറബിയിലായിരുന്നു. ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ഖുർആനും സുന്നത്തും അറബി ഭാഷയിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഒരു മനുഷ്യൻ ഇസ്‌ലാമിലേക്ക് കടന്നു വരുമ്പോൾ സത്യസാക്ഷ്യം പ്രഖ്യാപിക്കേണ്ടത് അറബിയിലാണ്. ഒരു മനുഷ്യൻ തുടങ്ങേണ്ടതും ഒടുങ്ങേണ്ടതും രണ്ടിനും മധ്യെ ജീവിക്കേണ്ടതും لَا إِلٰهَ إِلَّا اللهُ എന്ന ആ മഹദ്വചനവുമായിട്ടാണ്. അത് അറബി ഭാഷയിലാണ്. ഒരു മുസ്‌ലിം അല്ലാഹുവിന് സമർപ്പിക്കുന്ന ദിക്ർ, നമസ്‌കാരം, ഖുർആൻ പാരായണം പോലുള്ള ഇബാദത്തുകൾക്ക് അറബി ഭാഷ അനിവാര്യമാണ്. ലോകത്തിന്റെ വിവധകോണുകളിൽനിന്ന് ഇരുപത്തിനാലു മണിക്കൂറും അണ മുറിയാതെ നമസ്‌കാരത്തിനു വേണ്ടിയുള്ള വിളി ഉയർന്നു പൊങ്ങുന്നത് അറബിയിലാണ്. ഇതെല്ലാം അർത്ഥമാക്കുന്നത് ഒരു നിശ്ചിത അളവിൽ അറബി പഠിക്കുക എന്നത് ഏതൊരു മുസ്‌ലിമിനും ഒഴിവാക്കാൻ കഴിയാത്ത കാര്യമാണെന്നുള്ളതാണ്. ഇക്കാര്യങ്ങളിലൊന്നും ആരെങ്കിലും തർക്കിക്കുകയോ സംശയിക്കുകയോ ചെയ്യുമെന്ന് തോന്നുന്നില്ല.

ഖുർആനിനെ കുറിച്ചും ഖുർആനികാശയങ്ങൾ ജനങ്ങൾക്ക് വിനിമയം ചെയ്‌തു കൊടുക്കുന്ന മാധ്യമത്തെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക: ﴿قُرْآنًا عَرَبِيًّا غَيْرَ ذِي عِوَجٍ لَعَلَّهُمْ يَتَّقُونَ ٢٨﴾ (الزمر) [അഥവാ, ഒട്ടും വക്രതയില്ലാത്ത, അറബി ഭാഷയിലുള്ള ഖുര്‍ആന്‍; അവര്‍ സൂക്ഷ്‌മത പാലിക്കുന്നവരായിരിക്കാൻ വേണ്ടി.] (സുമർ 28)

ഇതേ കാര്യം ഖുർആനിൽ വ്യത്യസ്‌ത ശൈലികളിൽ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ﴿إِنَّا جَعَلْنَٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ ٣﴾ (الزخرف) [തീര്‍ച്ചയായും അതിനെ നാം അറബി ഭാഷയിലുള്ള ഖുർആനാക്കിയിരിക്കുന്നു; നിങ്ങൾ ഗ്രഹിക്കുന്നതിനു വേണ്ടി.] (സുഖ്റുഫ് 3)

പാരായണം ചെയ്യാവുന്നത് എന്ന അർത്ഥത്തിൽ ഖുർആൻ എന്ന പദവും, ഉല്ലേഖനം ചെയ്യപ്പെട്ടത് എന്ന അർത്ഥത്തിൽ കിതാബ് എന്ന പദവും ഖുർആനിനെ കുറിച്ച് മാറി മാറി പ്രയോഗിക്കാറുണ്ട്. അല്ലാഹു പറയുന്നു: ﴿كِتَـٰبٌ فُصِّلَتْ ءَايَٰتُهُ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ ٣﴾ (فصلت) [അഥവാ ഒരു ഗ്രന്ഥം. അതിലെ സൂക്തങ്ങൾ സവിശദം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു; കാര്യങ്ങൾ മനസ്സിലാക്കുന്ന ജനങ്ങൾക്ക് അറബി ഭാഷയിലുള്ള ഖുർആൻ എന്ന നിലയിൽ.] (ഫുസ്സ്വിലത്ത് 3)

ഖുർആനിലുള്ളത് വൃത്താന്തങ്ങളും വിധികളുമാണ്. അതാണ് മാനവരാശിയുടെ മതവും പ്രമാണവും. അതിലുള്ള മതശാസനകൾ പ്രാമാണികവും പ്രായോഗികവുമാണ്. അതിലെ നിയമാവലികൾ നീതിയുക്തവും കാലാതിവർത്തിയുമാണ്. അല്ലാഹു പറയുന്നു: ﴿وَكَذَٰلِكَ أَنزَلْنَٰهُ حُكْمًا عَرَبِيًّا ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ مَا جَآءَكَ مِنَ ٱلْعِلْمِ مَا لَكَ مِنَ ٱللهِ مِن وَلِىٍّ وَلَا وَاقٍ ٣٧﴾ (الرعد) [അപ്രകാരം അറബിഭാഷയിലുള്ള ഒരു ന്യായപ്രമാണമാക്കിയാണ് നാം അതിനെ അവതരിപ്പിച്ചിരിക്കുന്നത്. നിനക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം അവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റിയാല്‍ അല്ലാഹുവിൽനിന്ന് നിന്നെ കാക്കാൻ ഒരു രക്ഷകനോ, ഒരു കാവല്‍ക്കാരനോ നിനക്ക് ഉണ്ടായിരിക്കുകയില്ല.] (റഅ്ദ് 37)

അല്ലാഹു പറയുന്നു: ﴿وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ وَهَـٰذَا كِتَـٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا وَبُشْرَىٰ لِلْمُحْسِنِينَ ١٢﴾ (الأحقاف) [മാതൃകായോഗ്യമായൊരു വഴികാട്ടിയായും കാരുണ്യമായും ഇതിനു മുമ്പ് മൂസായുടെ ഗ്രന്ഥം വന്നിട്ടുണ്ട്‌. ഇത് അതിനെ സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള ഒരു ഗ്രന്ഥം - അക്രമം കാണിച്ചവർക്കുള്ള താക്കീതും മുഹ്സിനുകൾക്കുള്ള സുവിശേഷവും എന്ന നിലയിൽ.] (അഹ്ഖാഫ് 12)

അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആൻ, ജിന്ന്-മനുഷ്യവർഗ്ഗങ്ങൾ അന്ത്യനാൾ വരെ പിന്തുടരേണ്ട പ്രമാണം. അത് അറബിഭാഷയിലാണ് അവതരിച്ചിരിക്കുന്നത്; അത് അറബി തന്നെയാണ്. ഇക്കാര്യം വ്യത്യസ്ത ശൈലികളിൽ നിരവധി സൂക്തങ്ങളിലാണ് ആവർത്തിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ അറബി ഭാഷ ഇസ്‌ലാം മതാനുയായികളുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യമായ ഘടകമായി മാറുന്നു. രണ്ടാം ഖലീഫയായിരുന്ന ഉമർ ﵁ പറഞ്ഞതായി ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു: عن عمر ﵁ أنه قال: تعلموا العربية [البيهقي في السنن الكبرى وابن عبد البر في جامع بيان العلم وفضله] [ഉമർ ﵁ പറയുന്നു: നിങ്ങൾ അറബി ഭാഷ പഠിക്കുവിൻ.] (ബൈഹഖി സുനനുൽ കുബ്റായിലും ഇബ്‌നു അബ്ദിൽ ബർ ജാമിഉ ബയാനിൽ ഇൽമി വ ഫള്‌ലിഹിയിലും ഉദ്ധരിച്ചത്)

ഭാഷ ഒരു വികാരമാണ്. ഏതൊരു ജനതയും അവരുടെ സാംസ്‌കാരിക വ്യതിരിക്തത കാത്തുസൂക്ഷിക്കുന്നത് അവരുടെ ഭാഷയിലൂടെയാണ്. ഭാഷാപരമായ ജയാപചയങ്ങൾ ആ ജനതയുടെ നിലനിൽപിന്റെയും പ്രതിഷ്ഠയുടെയും സൂചകങ്ങളായി കണക്കാക്കുന്നു. അറബി ഭാഷയോട് മുസ്‌ലിംകൾക്കുണ്ടായിരിക്കേണ്ട അഭിനിവേശത്തെ കുറിച്ച് മഹാന്മാരായ പല പണ്ഡിതന്മാരും വാചാലമായി സംസാരിച്ചിട്ടുണ്ട്. ഭാഷാപരമായ വൈകാരികതക്കു പുറമെ, സാംസ്‌കാരികവും മതപരവുമായ നിലനിൽപിന്റെയും പരിശുദ്ധിയുടെയും കൂടി പ്രശ്‌നമാണത്.

ഇമാം ശാഫിഈ ﵀ തന്റെ വിശ്വപ്രസിദ്ധമായ കൃതി, രിസാലയിൽ അല്പം വിശദമായി തന്നെ കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്: فعلى كل مسلم أن يتعلم من لسان العرب ما بلغه جهده حتى يَشْهَد به أنْ لا إله إلا الله وأنَّ محمدا عبده ورسوله ويتلوَ به كتابَ الله وينطق بالذكر فيما افتُرِض عليه من التكبير وأُمر به من التسبيح والتشهد وغير ذلك. [الشافعي في الرسالة] [ഓരോ മുസ്‌ലിമും തന്റെ കഴിവിന്റെ പരമാവധി അറബി ഭാഷ പഠിക്കേണ്ടതുണ്ട്. അതു മുഖേന മാത്രമേ അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല എന്നും, മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണ് എന്നുമുള്ള സത്യസാക്ഷ്യം രേഖപ്പെടുത്താനും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യാനും കഴിയൂ. അതു മുഖേന മാത്രമേ തനിക്ക് നിർബന്ധമാക്കപ്പെട്ട തക്ബീർ പോലുള്ള ദിക്റുകളും തന്നോട് കല്പിക്കപ്പെട്ട തസ്ബീഹ്, തശഹ്ഹുദ് പോലുള്ള കീർത്തനങ്ങളും ഉച്ചരിക്കാൻ കഴിയൂ.] (ശാഫിഈ രിസാലയിൽ രേഖപ്പെടുത്തിയത്)

അറബി ഭാഷ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇമാം ശാഫിഈ ﵀ മാത്രമല്ല, പൗരാണികരും ആധുനികരുമായ പല പണ്ഡിതന്മാരും എടുത്തുകാണിച്ചിട്ടുണ്ട്. അവരിൽ പ്രമുഖനാണ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀. അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങൾ അതീവ ഗഹനങ്ങളുമാണ്. അവയിൽ ചിലത് താഴെ കൊടുക്കാം. അദ്ദേഹം പറയുന്നു: فإن اللسان العربي شعار الإسلام وأهله. [ابن تيمية في اقتضاء الصراط المستقيم في مخالفة أصحاب الجحيم] [നിശ്ചയമായും അറബി ഭാഷ ഇസ്‌ലാമിന്റെയും ഇസ്‌ലാം മതാനുയായികളുടെയും ചിഹ്നമാണ്.] (ഇബ്‌നു തൈമിയ്യഃ ׀ ഇഖ്തിളാഉസ്സ്വിറാത്വിൽ മുസ്‌തഖീം ഫീ മുഖാലഫത്തി അസ്വ്‌ഹാബിൽ ജഹീം)

അദ്ദേഹം തന്നെ തുടരുന്നു:

واعلم أن اعتياد اللغة يؤثر في العقل والخلق والدين تأثيرا قويا بينا، ويؤثر أيضا في مشابهة صدر هذه الأمة من الصحابة والتابعين، ومشابهتهم تزيد العقل والدين والخلق.

وأيضا فإن نفس اللغة العربية من الدين، ومعرفتها فرض واجب، فإن فهم الكتاب والسنة فرض، ولا يفهم إلا بفهم اللغة العربية، وما لا يتم الواجب إلا به فهو واجب.

ثم منها ما هو واجب على الأعيان، ومنها ما هو واجب على الكفاية، وهذا معنى ما رواه أبو بكر بن أبي شيبة: حدثنا عيسى بن يونس عن ثور عن عمر بن زيد قال: كتب عمر إلى أبي موسى الأشعري ﵁: أما بعد: فتفقهوا في السنة وتفقهوا في العربية وأعربوا القرآن، فإنه عربي. وفي حديث آخر عن عمر ﵁ أنه قال: تعلموا العربية فإنها من دينكم، وتعلموا الفرائض فإنها من دينكم. [ابن تيمية في اقتضاء الصراط المستقيم]

[അറിയുക! അറബി ഭാഷയുടെ പതിവായ ഉപയോഗം ബുദ്ധിയെയും നൈതികതയെയും മതാവബോധത്തെയും ശക്തവും വ്യക്തവുമായി സ്വാധീനിക്കും. കൂടാതെ, ഈ സമുദായത്തിലെ ആദ്യതലമുറക്കാരായ സ്വഹാബികളോടും താബിഉകളോടുമുള്ള താദാത്മീകരണത്തെയും അത് സ്വാധീനിക്കും. അവരോടുള്ള താദാത്മീകരണം ബുദ്ധി, നൈതികത, മതാവബോധം എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും.

മാത്രമല്ല, അറബിഭാഷ തന്നെയും മതത്തിൽപെട്ടതാണ്; അത് അറിഞ്ഞിരിക്കൽ നിർബന്ധ കടമയും. കാരണം, ഖുർആനും സുന്നത്തും മനസ്സിലാക്കിയിരിക്കൽ നിർബന്ധമാണല്ലോ. അറബി അറിയാതെ അവ ഗ്രഹിക്കാനാവുകയില്ല. ഏതൊന്നു കൊണ്ട് മാത്രമേ ഒരു നിർബന്ധ കാര്യം പൂർത്തീകരിക്കപ്പെടുകയുള്ളു അതു തന്നെയും നിർബന്ധ കാര്യമായി ഗണിക്കപ്പെടും.

അതിൽ വ്യക്തിഗതമായ കടമയായിത്തീരുന്ന ഒരു അംശവും, സാമൂഹിക കടമയായിത്തീരുന്ന മറ്റൊരംശവും വേറെത്തന്നെയുണ്ട്. ഇബ്‌നു അബീ ശൈബഃ ഉമർ ബിൻ സൈദിൽനിന്ന് നിവേദനം ചെയ്യുന്ന വചനത്തിന്റെ ആശയം അതാണ്. അദ്ദേഹം പറയുന്നു: ഉമർ ﵁ അബൂ മൂസാ അൽ അശ്അരി ﵁വിന് ഇപ്രകാരം എഴുതി: "എന്നാൽ നിങ്ങൾ നബിചര്യയിൽ അവഗാഹവും അറബി ഭാഷയിൽ പ്രാവീണ്യവും നേടുക. ഖുർആൻ നിങ്ങൾ അറബിഭാഷയിൽ തന്നെ അഭ്യസിക്കുക. നിശ്ചയമായും അത് അറബിയാണ്." ഉമർ ﵁ൽനിന്നുള്ള മറ്റൊരു ഉദ്ധരണിയിൽ അദ്ദേഹം ഇപ്രകാരമാണ് പറയുന്നത്: "നിങ്ങൾ അറബി അഭ്യസിക്കുക, തീർച്ചയായും അത് നിങ്ങളുടെ ദീനിൽപെട്ടതാണ്. നിങ്ങൾ ദായക്രമം പഠിക്കുക. തീർച്ചയായും അത് നിങ്ങളുടെ ദീനിൽപെട്ടതാണ്."] (ഇബ്‌നു തൈമിയ്യഃ ׀ ഇഖ്തിളാഉസ്സ്വിറാത്വിൽ മുസ്‌തഖീം ഫീ മുഖാലഫത്തി അസ്വ്‌ഹാബിൽ ജഹീം)

ഭാഷാപഠനവും സമീപന രീതികളും

ഭാഷാ പഠനത്തിന് വ്യത്യസ്‌ത സമീപന രീതികൾ ഇന്ന് അവലംബിച്ച് കാണുന്നു. അവയെല്ലാം രൂപം കൊണ്ടിരിക്കുന്നത് ചരിത്രപരവും സാമൂഹികവുമായ ചില സവിശേഷ പശ്ചാത്തലങ്ങളിൽനിന്നാണ്. ഭാഷകളെ കുറിച്ചുള്ള പഠനത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ചരിത്രപരമായ അന്വേഷണരീതി, ഭാഷയെ അതിനുള്ളിൽ നിന്നുകൊണ്ടു തന്നെ പഠിക്കുന്ന വിവരണാത്മക പഠനരീതി, ദത്തങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരണാത്മക വ്യാകരണപദ്ധതി ഇവയെല്ലാം ഇന്നത്തെ ഭാഷാബോധനത്തിലെ സമീപന രീതികൾക്ക് മോശമല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ പുറത്തുവന്ന നോം ചോംസ്‌കി (Noam Chomsky)യുടെ പഠനങ്ങളും സിദ്ധാന്തങ്ങളുമാകട്ടെ ആധുനിക ഭാഷാപഠനത്തിന്റെ ദിശ തന്നെ മാറ്റിക്കളഞ്ഞു എന്നു വേണം പറയാൻ. ഇന്ന് ഭാഷാപഠന രംഗത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വൈജ്ഞാനിക ഭാഷാശാസ്‌ത്രത്തിനു (cognitive linguistics) തുടക്കമിട്ടതു തന്നെ ചോംസ്‌കിയൻ ആശയങ്ങളാണ്.

മതബോധവും ഭാഷാപഠനവും തമ്മിലുള്ള പാരസ്‌പര്യം സ്വതഃസ്‌പഷ്ടമാണ്. മതഗ്രന്ഥങ്ങളുടെയും മതപരമായ ആശയാവലികളുടെയും അപചയത്തെ ചെറുത്ത്, അവയുടെ വിശുദ്ധി നിലനിർത്തി, വ്യാപനത്തെ ത്വരിപ്പിക്കാൻ അവ അവതരിപ്പിക്കപ്പെട്ട ഭാഷയുടെ സംരക്ഷണം അനിവാര്യമായിത്തീരുന്നു. ഇത് സ്വാഭാവികമായും അതതു ഭാഷയുടെ പഠനം, സംരക്ഷണം, വ്യാപനം എന്നിവയെ ആഴത്തിൽ സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

അറബിയിൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണ്. രണ്ടാം ഖലീഫഃ ഉമർ ﵁ ഉപദേശിച്ച പ്രകാരം അത് അറബിയിൽ തന്നെ പഠിക്കുകയാണ് വേണ്ടത്. കാരണം അല്ലാഹുവിന്റെ വചനത്തിനു ഭാഷാന്തരീകരണം സാധ്യമല്ല. ഖുർആനിനു ഇതര ഭാഷകളിൽ പ്രതികൾ രചിക്കുക എന്നത് അസാധ്യം മാത്രമല്ല അസംബന്ധം കൂടിയാണ്. വിവിധ ഭാഷകളിലുള്ള ബൈബിൾ ലഭ്യമാണ്. എന്നാൽ ഖുർആനിനു അറബി മൂലമല്ലാതെ, മറ്റു ഭാഷകളിൽ പ്രതികൾ ലഭ്യമല്ലാത്തത് മേൽ പറഞ്ഞ കാരണം കൊണ്ടാണ്. ഖുർആനികാശയങ്ങൾ മനസ്സിലാക്കാൻ അറബ് വംശജരെക്കാളും ഇതര വംശജരായ മുസ്‌ലിംകൾ അറബിഭാഷ നേരിട്ടു പഠിക്കേണ്ടി വന്നു എന്നത് മേൽ വസ്‌തുതയുടെ ചരിത്രപരമായ ഒരു പ്രതിഫലനമായി വിലയിരുത്താം.

ഭാരതീയ ഭാഷാ പഠനങ്ങളും മതബോധവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വർണ്ണസ്ഥാനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശിക്ഷ, അർത്ഥജ്ഞാനം വിശകലനം ചെയ്യുന്ന നിരുക്തം, ഭാഷാമർമ്മം വെളിപ്പെടുത്തുന്ന വ്യാകരണം എന്നീ വേദാംഗങ്ങൾ അതിനുള്ള ഉദാഹരണങ്ങളാണ്. തമിഴിലെ ഏറ്റവും പുരാതന വ്യാകരണ കൃതിയായ തൊൽക്കാപ്പിയത്തിന്റെ രചനക്കു പിന്നിൽ പോലും മതാത്മക താൽപര്യം ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഭാഷാ പഠനത്തിൽ അനിവാര്യമായും രണ്ടു രീതികളെങ്കിലും അവലംബിക്കേണ്ടതായി വരുന്നു. അതിൽ ഒന്ന് മാതൃഭാഷാ പഠനവുമായി ബന്ധപ്പെട്ടതാണ്. ഒരു കുഞ്ഞിന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളിലാണ് മാതൃഭാഷ വികസിക്കുന്നത്. ഇത് വളരെ സ്വാഭാവികമായ പ്രക്രിയയാണ്. മാതാപിതാക്കളുമായും ഉടപ്പിറപ്പുകളുമായും ഒരുമിച്ച് സഹവസിക്കുമ്പോൾ ലഭിക്കുന്ന ഭാഷാബോധമാണ് അതിനടിസ്ഥാനം. ഈ സഹവാസം എണ്ണമറ്റ ഭാഷാവിനിമയ സന്ദർഭങ്ങളിലൂടെ കടന്നു പോകാനും ജീവിക്കാനും കുട്ടിക്ക് അവസരമൊരുക്കുന്നു. അങ്ങനെ ഒന്നാം ഭാഷയുടെ സ്വാഭാവിക പഠനം നടക്കുന്നു. ഈ ഘട്ടത്തിൽ ഇതര ഭാഷാ വിനിമയ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ട അവസ്ഥ വളരെ വിരളമെന്നോ അല്ലെങ്കിൽ ഇല്ലെന്നു തന്നെയോ പറയാവുന്നതുമാണ്.

അടുത്തത് രണ്ടാം ഭാഷയുടെ ആർജ്ജനവുമായി ബന്ധപ്പെട്ട സമീപന രീതികളാണ്. രണ്ടാം ഭാഷ എന്നു പറയുന്നത് ചിലപ്പോൾ മതഭാഷയായിരിക്കാം, അല്ലെങ്കിൽ ഒരു വിദേശ ഭാഷയായിരിക്കാം. ബോധപൂർവ്വമായ പ്രക്രിയയിലൂടെ മാത്രമേ ഏതൊരു പഠിതാവിനും രണ്ടാം ഭാഷ ആർജ്ജിക്കാൻ കഴിയൂ. സ്വാഭാവികമായ വിനിമയ സന്ദർഭങ്ങളിലൂടെ കടന്നു പോകാനുള്ള അവസരങ്ങൾ ഇതിൽ വളരെ വിരളമായിരിക്കും. മറിച്ച് അത്തരം വിനിമയ സാഹചര്യങ്ങൾ മിക്കപ്പോഴും കൃത്രിമമായി നിർമ്മിക്കപ്പെടുകയാണ് ചെയ്യുന്നത്. അതു കൊണ്ടു തന്നെ, വ്യാകരണ പാഠങ്ങൾക്കും തെറ്റ് തിരുത്തലുകൾക്കുമായിരിക്കും അതിൽ ഊന്നൽ നൽകുന്നത്. ഭാഷാ ബോധന സിദ്ധാന്തങ്ങൾ അനുസരിച്ച് ഇത് ബോധപൂർവ്വമായ ആർജ്ജനമാണ്; സ്വാഭാവികമായ പഠനമല്ല.

രണ്ടാം ഭാഷകളിൽ മതഭാഷകളുടെ കാര്യം കുറച്ചു കൂടി വ്യത്യസ്‌തമാണെന്നു കാണാൻ കഴിയും. കർത്തവ്യബോധം, നിർവ്വഹണ ചാരിതാർത്ഥ്യം, മതപരമായ പവിത്രത, ആത്മീയവിശുദ്ധി പോലുള്ള വൈകാരികതകൾ കൂടി മതഭാഷയുടെ ആർജ്ജനത്തിലേക്ക് ചേരുന്നുണ്ട്. അത് രണ്ടാം ഭാഷയുടെ ആർജ്ജനത്തിലുള്ള ക്ലിഷ്ടതകൾ ലഘൂകരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ദേശവംശ ഭേദമന്യെ ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ അറബിഭാഷയെ നേഞ്ചേറ്റുന്നതിലുള്ള വികാരവും മറ്റൊന്നല്ല.

അറബി ഭാഷ : സമ്പന്നം, സമ്പുഷ്ടം

അറബി സ്വാശ്രയത്വമുള്ള സ്വതന്ത്രവും സമ്പന്നവുമായ ഒരു ഭാഷയാണ്. പദസമ്പത്ത്, പദങ്ങളുടെ അർത്ഥ സമ്പുഷ്ടത, അർത്ഥഭേദങ്ങൾ, സൂക്ഷ്‌മാംശങ്ങൾ, പര്യായങ്ങൾ, വാക്യഘടന, ഉക്തികൾ, പ്രകരണങ്ങൾ, ധ്വനിപ്രകരണങ്ങൾ, വാച്യ-ലക്ഷ്യ-വ്യംഗ്യാർത്ഥങ്ങൾ, സാമ്യ-അതിശയ-വാസ്‌തവ അർത്ഥാലങ്കാരങ്ങൾ, ശബ്ദാലങ്കാരങ്ങൾ... ഇങ്ങനെയുള്ള ഭാഷാപരമായ വൈശേഷിക ഘടകങ്ങൾ പരിശോധിക്കുമ്പോൾ അറബിയെ വെല്ലാവുന്ന മറ്റൊരു ഭാഷയില്ല.

ഖുർആനിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഏതൊരു പദവും സവിശേഷമാണ്. ഒന്ന് മറ്റൊന്നിന് പകരമാവില്ല. പര്യായം എന്ന് പറയപ്പെടുന്നവ പോലും യഥാർത്ഥത്തിൽ പര്യായങ്ങളല്ല. ഒരു പദം ദ്യോതിപ്പിക്കാത്ത അർത്ഥങ്ങൾ അതിന്റെ പര്യായമെന്ന് കരുതുന്ന മറ്റൊരു പദം ദ്യോതിപ്പിക്കുന്നുണ്ടാകും. ആശയപരമായ ഇത്തരം സവിശേഷതകൾക്കും വേർതിരിവുകൾക്കും വേണ്ടിയാണ് പൊതുവെ പര്യായമെന്ന് പറയപ്പെടുന്ന വാക്കുകൾ ഖുർആനിൽ പ്രയോഗിച്ചിരിക്കുന്നത്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀യുടെ ഒരു വിശദീകരണം ചുവടെ ചേർക്കുന്നു: فَإِنَّ التَّرَادُفَ فِي اللُّغَةِ قَلِيلٌ وَأَمَّا فِي أَلْفَاظِ الْقُرْآنِ فَإِمَّا نَادِرٌ وَإِمَّا مَعْدُومٌ وَقَلَّ أَنْ يُعَبَّرَ عَنْ لَفْظٍ وَاحِدٍ بِلَفْظِ وَاحِدٍ يُؤَدِّي جَمِيعَ مَعْنَاهُ؛ بَلْ يَكُونُ فِيهِ تَقْرِيبٌ لِمَعْنَاهُ وَهَذَا مِنْ أَسْبَابِ إعْجَازِ الْقُرْآنِ. [ابن تيمية في مجموع فتاويه] [അറബിഭാഷയിൽ പര്യായം എന്നത് വളരെ വിരളമാണ്; എന്നല്ല, ഖുർആനിക പദങ്ങളിൽ അത് അത്യപൂർവ്വമോ, അല്ലെങ്കിൽ തീരെ ഇല്ലാത്തതോ ആണ്. ഒരു പദം ഉപയോഗിച്ച് മറ്റൊരു പദത്തിന്റെ മുഴുവൻ അർത്ഥങ്ങളും പ്രകാശിപ്പിക്കുക എന്നത് അപൂർവ്വമാണ്. മറിച്ച് അതിന്റെ ആശയങ്ങളിലേക്ക് അടുപ്പിക്കുക എന്നതേയുള്ളു. ഇത് ഖുർആനിന്റെ ഒരു അമാനുഷികത (إِعْجَاز) കൂടിയാണ്.] (ഇബ്‌നു തൈമിയ്യഃ തന്റെ മജ്‌മൂഉൽ ഫതാവായിൽ രേഖപ്പെടുത്തിയത്)

നടേ സൂചിപ്പിച്ചതു പോലെ അറബി ഭാഷക്ക് ഗണിതശാസ്‌ത്രപരമായ കണിശതയും ജൈവികമായ താളപ്പൊരുത്തവുമുണ്ട്. അറബി ഭാഷയിൽ ആവിഷ്‌കരിക്കാവുന്ന അതിസൂക്ഷ്മമായ ആശയങ്ങളും അർത്ഥഭേദങ്ങളും മറ്റൊരു ഭാഷയിലും ആവിഷ്‌കരിക്കാനാവില്ല. കലയും സാഹിത്യവും മാത്രമല്ല, ഗണിതം, നിയമം, ശാസ്‌ത്രം, സാങ്കേതികവിദ്യ, രാഷ്‌ട്രമീമാംസ പോലുള്ള വിഷയങ്ങളെല്ലാം കണിശമായി ആവിഷ്‌കരിക്കാൻ ഏറ്റവും ഉചിതമായ ഭാഷയാണ് അറബി.

വായനക്കാരുടെ പരിശോധനക്കും ബോധ്യത്തിനുമായി തേനീച്ചയെ കുറിച്ചുള്ള ഒരു ഖുർആനിക പരാമർശം തന്നെ ഉദാഹരണമായി എടുക്കാം. അല്ലാഹു പറയുന്നു: ﴿ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ٦٩﴾ (النحل) [എന്നിട്ട് എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിക്കുക. അങ്ങനെ നിന്റെ റബ്ബ് കീഴ്‌പ്പെടുത്തി തന്ന സുഖദ പാതകളില്‍ നീ പ്രവേശിക്കുക. അവയുടെ ഉദരങ്ങളില്‍ നിന്ന് ഭിന്ന വര്‍ണ്ണങ്ങളോടു കൂടിയ ഒരു പാനീയം പുറത്ത് വരുന്നു. മനുഷ്യർക്കതിൽ രോഗശമനമുണ്ട്‌. നിശ്ചയമായും അതിൽ ചിന്തിക്കുന്ന ജനതക്ക് ദൃഷ്ടാന്തമുണ്ട്‌.] (നഹ്ൽ 69)

ഇത് അറബി ഭാഷയുടെ ആവിഷ്‌കാര ശേഷി അനാവരണം ചെയ്‌തു കാണിക്കാനുതകുന്ന ഒരു സൂക്തമാണ്. ഭാഷാ പരിജ്ഞാനമുള്ള ഏതൊരാൾക്കും സൂക്ഷ്മമായ അർത്ഥഭേദങ്ങൾ വ്യവഛേദിച്ചു കാണിക്കാനുള്ള അറബിഭാഷയുടെ കഴിവ് ഇതിൽ നിന്ന് മനസ്സിലാക്കിയെടുക്കാവുന്നതേയുള്ളു. പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന അറബിയിലെ പദരൂപഭേദങ്ങൾ വരുത്തുന്ന ആശയപരമായ വ്യക്തതയും കണിശതയും മറ്റൊരു ഭാഷയിലും കാണുക സാധ്യമല്ല. അത്തരം സങ്കേതങ്ങളിൽ ചിലത് ഈ സൂക്തത്തിൽ പ്രയോഗിച്ചിരിക്കുന്നത് കാണാം.

ഏകവചനം, ദ്വിവചനം, ബഹുവചനം, പുല്ലിംഗം, സ്‌ത്രീലിംഗം, പ്രഥമപുരുഷൻ, മധ്യമപരുഷൻ, ഉത്തമ പുരുഷൻ പോലുള്ള അർത്ഥഭേദങ്ങൾ കുറിക്കാൻ അറബിയിൽ പ്രത്യേകം പ്രത്യേകം പദപ്രരൂപങ്ങളുണ്ട്. അവയിൽ ചിലത് ഇവിടെ സന്ദർഭോചിതമായി ഉപയോഗിച്ചിരിക്കുന്നു. മാമലകളിൽ, വനാന്തരങ്ങളിൽ, വൃക്ഷശിഖരങ്ങളിൽ, പാറക്കെട്ടുകളിൽ, എടുപ്പുകളുടെ മേൽക്കൂരകളിൽ എല്ലാം തേനീച്ചകൾ കൂടുകെട്ടുന്നത്, ദിഗ്ഭ്രമമില്ലാതെ വിദൂരതകളിൽ പോയി നിശ്ചിത ദൗത്യം നിറവേറ്റി കൂട്ടിലേക്ക് തിരിച്ചു വരുന്നത്, കാടുകളിലും നാടുകളിലും പരന്നു കിടക്കുന്ന നാനാ വിധ ഫലങ്ങളിൽ നിന്നും തേൻ ഉൽപാദിപ്പിക്കാനാവശ്യമായ വസ്‌തുക്കൾ ഭക്ഷിക്കുന്നത് ഒന്നും തന്നെ ആൺ ഈച്ചകളല്ല, പെൺ ഈച്ചകളാണെന്നത് ഖുർആൻ പഠിതാക്കൾ മനസ്സിലാക്കുന്നത് ശാസ്‌ത്ര ഗവേഷണത്തിൽനിന്നല്ല, ഖുർആനിന്റെ ഭാഷയിൽ നിന്നാണ്. اتَّخِذِي - كُلِي - فَاسْلُكِي എന്നീ സ്‌ത്രീലിംഗ പദപ്രരൂപങ്ങൾ അതാണ് അർത്ഥമാക്കുന്നത്.

വിവിധ ഫലങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടു വരുന്നത് അതേ രൂപത്തിൽ നമുക്ക് തേനായി ലഭിക്കുന്നില്ല. മറിച്ച് പെൺ ഈച്ചകളുടെ ഉദരത്തിന്റെ വിവിധ അറകളിൽ നടക്കുന്ന സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് നാം ഉപയോഗിക്കുന്ന തേൻ ഉൽപാദിപ്പിക്കപ്പെടുന്നത്. مِنْ بُطُونِهَا എന്ന പ്രയോഗം ഒരു പെൺ ഈച്ചയുടെ ശരീരത്തിൽ കാണുന്ന ഉദരത്തിന്റെ വിവിധ അറകളിലേക്കാണ് സൂചന നൽകുന്നത്. തേനീച്ചയുടെ ഘടനാപരമായ സവിശേഷതകളെ കുറിച്ചും ശരീരശാസ്‌ത്രത്തെ കുറിച്ചും ഗവേഷണങ്ങൾ നടക്കാത്ത കാലത്തു പോലും ഈ സൂക്ഷ്മമായ ആശയങ്ങൾ ഖുർആൻ കൃത്യമായി ആവിഷ്‌കരിക്കുകയും വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ട്. അറബി ഭാഷാപരിജ്ഞാനം കൊണ്ടു തന്നെ ഇക്കാര്യം മനസ്സിലാക്കിയെടുക്കാൻ മുസ്‌ലിംകൾക്ക് സാധിക്കുകയും ചെയ്‌തിട്ടുണ്ട്. അത് അറബി ഭാഷയുടെ സവിശേഷത. ഇത്തരം സവിശേഷതകൾ കൊണ്ടു തന്നെയായിരിക്കണം അല്ലാഹുവിന്റെ വചനം അവതരിപ്പിക്കാൻ അറബി ഭാഷയെ അവൻ തെരഞ്ഞെടുത്തതും.

ഇതൊരു ഉദാഹരണം മാത്രം. ഇതു പോലുള്ള ഭാഷാപരമായ വിസ്‌മയങ്ങളുടെ ഒരു കലവറയാണ് ഖുർആൻ. ആശയങ്ങളുടെ ബാഹുല്യം, ഗഹനത, ബഹുമുഖത്വം, വിവിധങ്ങളായ അർത്ഥപ്രകരണങ്ങൾ, ധ്വനിവിശേഷങ്ങൾ പോലുള്ള ഘടകങ്ങൾ ഖുർആനിനു വ്യാഖ്യാനം അനിവാര്യമാക്കുന്നു. ബഹുമുഖ വ്യാഖ്യാന സാധ്യതകളുള്ള ഒരു വാക്യത്തിന്റെ ശരിയായ വിവക്ഷ നിർണ്ണയിക്കപ്പെടേണ്ടതുണ്ട്. അത് നിർണ്ണയിക്കാനുള്ള ഘടകമാണ് നബി ﷺക്ക് അല്ലാഹു നൽകിയ ഹിക്മത്ത് അഥവാ നബിചര്യ. അതിനാൽ നബിചര്യയെ അടിസ്ഥാനപ്പെടുത്തി പൂർവ്വസൂരികളായ സ്വഹാബികളും താബിഉകളും ഖുർആനിക സൂക്തങ്ങൾക്കു നൽകിയ വ്യാഖ്യാനങ്ങൾ മാത്രമാണ് ആധികാരികം. വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളോ അഭീഷ്ടങ്ങളോ പ്രതിഫലിക്കുന്ന അഭിപ്രായ പ്രകടനങ്ങളോ, കാലോചിതമായ പരിഷ്കരണത്തിന്റെ പേരിൽ നടത്തപ്പെടുന്ന പുനർവായനകളോ ഒന്നും തന്നെ ഖുർആൻ വ്യാഖ്യാനമായി ഗണിക്കാനാവില്ല.

മേൽ പറഞ്ഞതും അല്ലാത്തതുമായ നിരവധി ഭാഷാപരമായ സവിശേഷതകൾ ഖുർആനിനുണ്ട്. അതിനെല്ലാം പുറമെ, അത് അല്ലാഹുവിന്റെ വചനമായതിനാൽ അറബിയിൽ തന്നെ അതിന് മറ്റൊരു ഭാഷ്യം ചമക്കാനോ, കൃത്യമായ ഒരു പരാവർത്തനം തയ്യാറാക്കാനോ സാധ്യമല്ല. മറിച്ച്, അതിലടങ്ങിയിരിക്കുന്ന ആശയങ്ങൾ വിശദീകരിക്കാനും അനുവാചകർക്ക് അത് അടുപ്പിച്ചു കൊടുക്കുവാനും മാത്രമേ സാധിക്കുകയുള്ളു. ഖുർആൻ പ്രതിയോഗികളെ വെല്ലുവിളിച്ചത് സമാനമായ മറ്റൊരു ഖുർആൻ കൊണ്ടുവരാൻ വേണ്ടിയാണെന്ന കാര്യം ഇവിടെ സ്‌മർത്തവ്യമാണ്.

ഭാഷാന്തരീകരണത്തിന്റെ പ്രശ്‌നങ്ങൾ

അറബിയെ പോലെ സമ്പന്നവും സവിശേഷവുമായ ഒരു ശ്രേഷ്ഠഭാഷയിൽനിന്ന് മറ്റൊരു ഭാഷയിലേക്ക് മനുഷ്യർ രചിക്കുന്ന ഒരു സാഹിത്യ സൃഷ്ടി പോലും മൊഴിമാറ്റം നടത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. സാഹിത്യ സൃഷ്ടികൾ വിവർത്തനം ചെയ്യുമ്പോൾ മിക്കപ്പോഴും അവ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ ഏതാനും തലങ്ങളുടെ ഭാഷാന്തരീകരണം മാത്രമാണ് സാധിക്കുക. അവയുടെ ദ്വിതീയമായ അർത്ഥതലങ്ങളും ധ്വനി വിശേഷങ്ങളും പൂർണ്ണമായി വിവർത്തനം ചെയ്യുക എന്നതു അസാധ്യമാണ്. അതിനു പുറമെ, ഇവിടെ മൂലഭാഷയായ അറബിയും വിവർത്തനം ചെയ്യപ്പെടുന്ന ഭാഷയും തമ്മിലുള്ള ഭാഷാശാസ്‌ത്രപരമായ പൊരുത്തക്കേടുകൾ ഉയർത്തുന്ന പ്രശ്‌നങ്ങൾ വേറെയുമുണ്ട്. ശബ്ദം, അർത്ഥം, വാക്യഘടന, അർത്ഥവിജ്ഞാനം, വ്യാകരണം, അലങ്കാരം പോലുള്ള ഭാഷാശാസ്‌ത്രപരമായ കാര്യങ്ങൾ ഇരു ഭാഷകളിലും വ്യത്യസ്‌തമായിരിക്കും.

ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം. മലയാളത്തിൽ ഉപമ എന്നത് ഒരു അർത്ഥാലങ്കാരമാണ്. ഒരു വസ്‌തുവിന് മറ്റൊന്നിനോട് ചമൽക്കാരകാരകമായ സാദൃശ്യം ചൊല്ലുന്നതിനാണ് ഉപമ എന്ന് പറയുന്നത്. ഉപമ ചെയ്യാൻ ഉപമാനവും ഉപമേയവും സാധാരണധർമ്മവും ഉപമാവാചകവും വേണം. അവയിൽ ചിലതിനു ലോപം സംഭവിച്ചാൽ അതൊരു ലുപ്‌തോപമയായിത്തീരും. ഉപമ എന്നതിന് അറബിയിൽ مَثَلٌ എന്നാണ് പ്രയോഗിക്കാറുള്ളത്. എന്നാൽ ഖുർആനിൽ വന്ന مَثَلٌ ഉപമാലങ്കാരമാണെന്ന സാമാന്യവൽക്കരണം അബദ്ധമായിരിക്കും. കാരണം, ഖുർആൻ അവതരിച്ച തനതു ഭാഷാ ശൈലിയിൽ مَثَلٌ എന്നത് കൃത്യമായ ഒരു ഉപമാലങ്കാരമല്ല; അത് ഉപമാലങ്കാരത്തിനും മീതെയാണ്. അതിനു അന്യാപദേശത്തിന്റെ സ്വഭാവമുണ്ടാകും. അതിനു ദൃഷ്ടാന്തകഥയുടെ സ്വഭാവമുണ്ടാകും. ചിലപ്പോൾ അത് ഗുണവിശേഷങ്ങളെ കുറിച്ചുള്ള പരാമർശമായിരിക്കും. അപ്പോൾ ഖുർആനിലെ مَثَلٌ നെ ഉപമ എന്നു പറയുമ്പോൾ ഇരു ഭാഷകളുടെയും ഭാഷാശാസ്‌ത്രങ്ങളിലുള്ള വൈജാത്യം കാരണം അത് വലിയ തെറ്റിദ്ധാരണകൾക്ക് ഇടനൽകും.

അറബിയും ഇതര ഭാഷകളും തമ്മിലുള്ള ഭാഷാശാസ്‌ത്രപരമായ അന്തരങ്ങൾ പരിഭാഷയെയും ഖുർആൻ വ്യാഖ്യാനത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ നഹ്ൽ 60-ാം സൂക്തത്തിനു നൽകിയ വിശദീകരണം (പുറം 2/1222) കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

ചുരുക്കത്തിൽ, അല്ലാഹുവിന്റെ വചനമായ ഖുർആൻ ഇതര ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക എന്നത് നടേ പറഞ്ഞതു പോലെ തീർത്തും അസാധ്യമാണ്. ഖുർആൻ പരിഭാഷ, ഖുർആൻ വിവർത്തനം എന്നെല്ലാം പറയുമ്പോൾ അതു കൊണ്ട് ഉദ്ദേശിക്കുന്നത് വിവർത്തകന് മനസ്സിലായ ആശയങ്ങളെ കുറിച്ച് ഭാഷാപരമായ പരിമിതികൾക്ക് ഉള്ളിൽനിന്നു കൊണ്ട് നടത്തുന്ന ചില വിശദീകരണങ്ങൾ എന്നു മാത്രമാണ്. അല്ലാതെ, മലയാളത്തിൽ എഴുതപ്പെട്ട ഖുർആൻ പരിഭാഷകൾ മലയാള ഖുർആനല്ല. ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ഖുർആൻ പരിഭാഷകൾ ഇംഗ്ലീഷ് ഖുർആനുമല്ല. മറിച്ച്, അവയെല്ലാം ഖുർആനികാശയങ്ങളുടെ വളരെ പരിമിതമായ ഒരു വിശദീകരണം മാത്രമാണ്.

അതേ പോലെ, ഖുർആൻ ഇതര ഭാഷകളിലേക്ക് ലിപ്യന്തരണം നടത്തുന്നതും തെറ്റായ പ്രവണതയാണ്. അറബി അക്ഷരമാലയിലെപല വർണ്ണങ്ങൾക്കും തുല്യമായ ശബ്ദം ഇതര ഭാഷകളിൽ ലഭ്യമല്ല. അപ്പോൾ മറ്റു ഭാഷകളുടെ അക്ഷരമാലകൾ ഉപയോഗിച്ച് ഖുർആൻ വായിക്കുന്നതും എഴുതുന്നതും അഹിതകരമായ പല പ്രത്യാഘാതങ്ങൾക്കും കാരണമായിത്തീരുന്നു. അതിനാലാണ് പണ്ഡിതന്മാർ അതിനെ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്‌തിരിക്കുന്നത്. അത് മുഖേന അല്ലാഹുവിന്റെ വചനങ്ങൾ വളച്ചൊടിക്കപ്പെടുകയും വികലമാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകുന്നു. അടിസ്ഥാനപരമായി അത് ജൂതന്മാർ പിന്തുടർന്നിരുന്ന തെറ്റായ രീതിയാണു താനും. മുസ്‌ലിംകൾ ഒരു തരത്തിലും അവരോട് താദാത്മ്യപ്പെടാൻ പാടില്ല താനും. ഇവിടെയാണ് മഹാനായ രണ്ടാം ഖലീഫഃ ഉമർ ﵁ന്റെ നടേ സൂചിപ്പിച്ച ഉപദേശം അർത്ഥപൂർണ്ണമാകുന്നത്: "എന്നാൽ നിങ്ങൾ നബിചര്യയിൽ അവഗാഹവും അറബി ഭാഷയിൽ പ്രാവീണ്യവും നേടുക. ഖുർആൻ നിങ്ങൾ അറബിഭാഷയിൽ തന്നെ അഭ്യസിക്കുക. നിശ്ചയമായും അത് അറബിയാണ്".

ഇതിനഭിമുഖമായി മറ്റൊരു പ്രവണത വേറെയും നിലനിൽക്കുന്നുണ്ട്. മുൻകാലത്തെ പോലെ പ്രബലമല്ലെങ്കിലും, ഇന്നും കേരളീയ മുസ്‌ലിം സമൂഹത്തിൽ അത്തരം ചില പ്രവണതകൾ കാണാവുന്നതാണ്. ഉദാഹരണമായി മലയാള ഭാഷ അറബി ലിപികളിൽ എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്ന 'അറബിമലയാളം' എന്നു പറയുന്ന ഭാഷാഭേദമാണത്. അതിന്റെ പ്രയോഗ സാധ്യതകളും ഗുണകണങ്ങളും ഏതെല്ലാം വിധത്തിൽ ന്യായീകരിച്ചാലും അതിനെ നിർദ്ദോഷകരമായ ഒരു സ്വാഭാവിക രീതിയായി കാണുക സാധ്യമല്ല.

അറബിയെ രണ്ടാം ഭാഷ എന്നതിലുപരി മതഭാഷയായി കാണുക, മതകാര്യങ്ങൾ മനസ്സിലാക്കാനും നിർവ്വഹിക്കാനും ആവശ്യമായ അളവിൽ അറബി പഠിക്കുക, എന്ന സ്വാഭാവിക രീതിക്ക് അത് തടസ്സം നിൽക്കുന്നു. അറബി പഠനത്തിലൂടെ ഒരു മുസ്‌ലിം സ്വായത്തമാക്കേണ്ട ഗുണങ്ങൾ അവനു നിഷേധിക്കപ്പെടുന്നതിനു പുറമെ, ഈ വികലമായ രീതി കുറേ വിപരീത ഫലങ്ങൾ അവനിൽ ഉളവാക്കുക കൂടി ചെയ്യുന്നു. ഫലത്തിൽ മതഭാഷയായ അറബിയോ, മാതൃഭാഷയായ മലയാളമോ വേണ്ടതു പോലെ കൈകാര്യം ചെയ്യാൻ കഴിയാത്ത ദുരവസ്ഥയിൽ അവൻ അകപ്പെടുന്നു.

യഥാതഥം, ആലങ്കാരികം

തനതായ അറബി ഭാഷാ ശൈലിയിലാണ് ഖുർആൻ സൂക്തങ്ങളെല്ലാം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അവയിലെ മുഴുവൻ വാക്കുകളും പ്രയോഗങ്ങളും ബാഹ്യവും യഥാതഥവുമായ അർത്ഥമാണ് ഉൾക്കൊള്ളുന്നത്. അവക്ക് ഗൂഢാർത്ഥങ്ങൾ കൽപിക്കുന്നതും ആലങ്കാരിക പ്രയോഗങ്ങളെന്ന വ്യാജേന ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽനിന്ന് അവയെ തെറ്റിക്കുന്നതും അല്ലാഹുവിന്റെ വചനങ്ങളിൽ കൃത്യവിലോപം കാണിക്കലാണ്. പിഴച്ച കക്ഷികൾ പല ഖുർആൻ സൂക്തങ്ങളെയും തങ്ങളുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിക്കാൻ വേണ്ടി അവയെ ആലങ്കാരിക പ്രയോഗമായി ചിത്രീകരിക്കാറുണ്ട്. നൂതനമായ പല വാദമുഖങ്ങളും ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടാൻ ഇതുപോലുള്ള ഭാഷാ സങ്കേതങ്ങളെ അവർ സമർത്ഥമായി ഉപയോഗപ്പെടുത്താറുണ്ട്. യഥാർത്ഥത്തിൽ തനതായ അറബി ഭാഷാ പ്രയോഗങ്ങൾ മാത്രമേ ഖുർആനിലുള്ളൂ. അവയിൽ ചിലതിനെ ആലങ്കാരിക പ്രയോഗമായി ചിത്രീകരിക്കുന്നതും, ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽനിന്ന് അവയെ തെറ്റിക്കുന്നതും കൃത്യവിലോപവും ദുർവ്യാഖ്യാനവും മാത്രമാണ്. ഇതാണ് ഇക്കാര്യത്തിലുള്ള സലഫുകളുടെ സമീപനവും.

ഭാഷ ഒരു ആശയ വിനിമയോപാധിയാണ്. ആ നിലയിൽ സംഭാഷണ ശകലമാണ് (dialogue) അതിലെ ഏറ്റവും ചെറിയ ഏകകം. സംഭാഷണങ്ങൾ രൂപപ്പെടുത്താനുള്ള ഉപായങ്ങളിലൊന്നാണ് പദങ്ങൾ. മിക്കപ്പോഴും പദം കുറിക്കുന്നത് ഒരു കേവല യാഥാർത്ഥ്യത്തെ ആയിരിക്കില്ല. മറിച്ച്, അതിന് ചരിത്രപരവും സാമൂഹികവുമായ ആപേക്ഷികതകളുണ്ടായിരിക്കും. അവയിൽനിന്ന് അടർത്തി മാറ്റി ഒരു പദവും പ്രയോഗിക്കുക സാധ്യമല്ല. ഒരു പദം പിന്നിട്ടു പോന്ന ചരിത്രത്തിന്റെ നാൾവഴികൾ, അതിന്റെ സാമൂഹ്യ ബന്ധങ്ങൾ, അത് പ്രയോഗിക്കപ്പെട്ട വ്യവഹാരക്രമങ്ങൾ എന്നിവയെ ആ പദത്തിന്റെ അർത്ഥ തലങ്ങളെയും ധ്വനികളെയും രൂപപ്പെടുത്തുന്ന വൈശേഷിക ഘടകങ്ങളായിട്ടാണ് പരിഗണിക്കുക. ഖുർആനിൽ അല്ലാഹു ഓരോ പദവും പ്രയോഗിച്ചിരിക്കുന്നത് അവയുടെ സവിശേഷമായ അർത്ഥങ്ങളും ധ്വനികളും വ്യക്തമാക്കുന്ന ഉപാധികളോടു കൂടിയാണ്. ഈ യാഥാർത്ഥ്യം വിസ്‌മരിച്ചു കൊണ്ടാണ് പലപ്പോഴും ഏതാണ്ടെല്ലാ ഖുർആൻ പരിഭാഷകളിലും ഭാഷാ പ്രയോഗങ്ങളെ കുറിച്ച് ചർച്ചകൾ നടത്താറുള്ളത്.

പിൽക്കാലത്തു വന്ന ഭാഷാ പണ്ഡിതന്മാർ പദങ്ങൾ പ്രയോഗിച്ചിരിക്കുന്ന രീതിയും സന്ദർഭവും നോക്കി അതിനെ യഥാതഥം (حَقِيقَةٌ), ആലങ്കാരികം (مَجَازٌ) എന്നു രണ്ടാക്കി തിരിക്കാറുണ്ട്. ഈ വിഭജന യുക്തി അപ്പാടെ ചോദ്യം ചെയ്യാനില്ല. പക്ഷെ, ഖുർആൻ പഠനത്തിൽ രണ്ടു കാര്യങ്ങളെ കുറിച്ച് നാം ബോധവാന്മാരായിരിക്കേണ്ടതുണ്ട്:

ഒന്ന് : അറബി ഭാഷയും സാഹിത്യവും അതിന്റെ പാരമ്യതയിൽ നിലകൊള്ളുകയും, യാതൊരു തരത്തിലുള്ള അപചയത്തിനും അത് വിധേയമാകാതിരിക്കുകയും ചെയ്‌ത കാലത്താണ് ഖുർആൻ അവതരിക്കുന്നത്. പക്ഷെ, മുകളിൽ പരാമർശിച്ച വിഭജനങ്ങളോ വർഗ്ഗീകരണങ്ങളോ ഖുർആനിന്റെ അവതരണ കാലത്തുണ്ടായിരുന്നില്ല. ഖുർആൻ പൂർണ്ണമായി മനസ്സിലാക്കുകയും, അത് യഥാവിധം ജീവിതത്തിൽ പകർത്തുകയും ചെയ്‌ത പൂർവ്വസൂരികൾക്ക് അതിനെ കുറിച്ച് ഒരു കേട്ടുകേൾവി പോലും ഇല്ലായിരുന്നു. ഇത്തരം ഭാഷാശാസ്‌ത്രങ്ങൾ പിന്നീട് കുറേ കഴിഞ്ഞാണ് ആവിർഭവിക്കുന്നത്. അതിനാൽ ഖുർആനിൽനിന്നും സാന്മാർഗ്ഗിക ദർശനം തേടുന്ന ഒരു പഠിതാവിന് അതൊന്നും ആവശ്യമില്ല. കാരണം ഖുർആനിക ശബ്ദങ്ങൾ ഓരോന്നും അല്ലാഹു പ്രയോഗിച്ചിരിക്കുന്നത് അവയുടെ സവിശേഷമായ അർത്ഥങ്ങളും ധ്വനികളും വ്യക്തമാക്കുന്ന ഉപാധികളോടു കൂടിയാണ്.

രണ്ട് : യഥാതഥം (حَقِيقَةٌ), ആലങ്കാരികം (مَجَازٌ) പോലെ പിന്നീട് വന്ന നൂതന ഭാഷാ സങ്കേതങ്ങൾ ഖുർആൻ ദുർവ്യാഖ്യാനിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമായിട്ടാണ് പിഴച്ച കക്ഷികൾ ഉപയോഗിക്കുന്നത്. പ്രമാണങ്ങളിലെ മൂലവാക്യങ്ങൾക്ക് അല്ലാഹുവും അവന്റെ ദൂതനും കൽപിച്ച അർത്ഥങ്ങളും വിവക്ഷകളുമുണ്ട്. ആ അർത്ഥങ്ങളിലും വിവക്ഷകളിലും തന്നെ അവ വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രയോഗവൽക്കരിക്കപ്പെടുകയും വേണം. അതിനെ മറികടന്ന് തെറ്റായ അർത്ഥകൽപനകളും വ്യാഖ്യാനങ്ങളും ചമക്കാൻ ഖദ്‌രി, ജഹ്‌മി, മുഅ്തസിലി, അശ്അരി, മാതുരീദി, അഖ്‌ലാനി, ഇഖ്‌വാനി, ഇസ്വ്‌ലാഹി പോലുള്ള പിഴച്ച കക്ഷികൾ ആലങ്കാരികം (مَجَازٌ) പോലുള്ള സങ്കേതങ്ങളെയാണ് കൂട്ടുപിടിക്കാറുള്ളത്.

ഏതൊരു പ്രമാണ വാക്യം തങ്ങളുടെ അഭീഷ്ടങ്ങൾക്ക് വഴങ്ങുന്നില്ലയോ അതിനെ ആലങ്കാരികം (metaphor) എന്നു വിശേഷിപ്പിക്കുകയും പിന്നീട് തന്നിഷ്ടമനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യും. ഭാഷയുടെ പേരിലുള്ള ഈ അപകടകരമായ പ്രവണതയെ കുറിച്ച് ഖുർആൻ പഠിതാക്കൾ ശരിയായ അവബോധം ഉൾക്കൊള്ളേണ്ടതുണ്ട്. അല്ലാത്ത പക്ഷം പിഴച്ച കക്ഷികളുടെ ദുർവ്യാഖ്യാനങ്ങളിൽ അവർ അനായാസം വീണുപോകും.

ഇവ്വിഷയകമായി ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ നൽകുന്ന ഒരു വിശദീകരണം താഴെ കൊടുക്കാം: وَحِينَئِذٍ فَكُلُّ لَفْظٍ مَوْجُودٍ فِي كِتَابِ اللهِ وَرَسُولِهِ فَإِنَّهُ مُقَيَّدٌ بِمَا يُبَيِّنُ مَعْنَاهُ، فَلَيْسَ فِي شَيْءٍ مِنْ ذَلِكَ مَجَازٌ، بَلْ كُلُّهُ حَقِيقَةٌ، وَلِهَذَا لَمَّا ادَّعَى كَثِيرٌ مِنْ الْمُتَأَخِّرِينَ أَنَّ فِي الْقُرْآنِ مَجَازًا وَذَكَرُوا مَا يَشْهَدُ لَهُمْ رَدَّ عَلَيْهِمْ الْمُنَازِعُونَ جَمِيعَ مَا ذَكَرُوهُ. [ابْنُ تَيْمِيَةَ فِي مَجْمُوعِ فَتَاوِيهِ] [അപ്പോൾ അല്ലാഹുവിന്റെ ഗ്രന്ഥത്തിലും നബി ﷺയുടെ വചനങ്ങളിലുമുള്ള ഏതൊരു പദവും അതിന്റെ ആശയം വ്യക്തമാക്കാനുതകുന്ന വൈശേഷികോപാധികളോടു കൂടിയാണ് പ്രയോഗിച്ചിരിക്കുന്നത്. അതിൽ ഒന്നും ആലങ്കാരികമല്ല; മറിച്ച് എല്ലാം യഥാതഥമാണ്. പിൽക്കാലക്കാരായ പലരും ഖുർആനിൽ ആലങ്കാരിക പ്രയോഗങ്ങളുണ്ടെന്ന് വാദിക്കുകയും അതിന് തെളിവായി ചില കാര്യങ്ങൾ ഉദ്ധരിക്കുകയും ചെയ്‌തപ്പോൾ അവരുടെ എല്ലാ വാദമുഖങ്ങളെയും മറുപക്ഷം ഖണ്ഡിക്കുകയുമുണ്ടായി.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

ചുരുക്കത്തിൽ, ഖുർആനിലോ നബിചര്യയിലോ പരാമർശിക്കപ്പെട്ടിരിക്കുന്ന ശബ്ദാവലികളൊന്നും തന്നെ ആലങ്കാരികമല്ല, യഥാതഥമാണ്. ബാഹ്യവും യഥാതഥവുമായ അർത്ഥത്തിലാണ് അവയെല്ലാം പ്രയോഗിച്ചിരിക്കുന്നത്. അവക്ക് ഇസ്‌ലാമിക വ്യവഹാരത്തിലുള്ള സവിശേഷമായ അർത്ഥം മനസ്സിലാക്കാനുതകുന്ന ഉപാധികളോടു കൂടിയല്ലാതെ അവയൊന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നതാണ് വസ്തുത.