Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നിസാഅ്,النِّسَاءُസൂക്തം 83

Vol. 2 Page 938

﴿وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا ٨٣﴾

സമാധാനവുമായോ (യുദ്ധ)ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്കെത്തിയാൽ അത് അവർ പ്രചരിപ്പിക്കുകയായി. റസൂലിനും അവരിലെ കൈകാര്യകർത്താക്കൾക്കും അത് വിട്ടിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽനിന്നും വസ്തുതകൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ളവർ അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയെടുക്കുമായിരുന്നു. നിങ്ങളുടെമേൽ അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ അൽപം ചിലരൊഴികെ എല്ലാവരും പിശാചിനെ പിൻപറ്റിപ്പോകുമായിരുന്നു. (83)

ഒരു മുസ്‌ലിമിനെ ബാധിക്കുന്ന സകലമാന പ്രശ്‌നങ്ങൾക്കുമുള്ള വിധി ഖുർആനിലും സുന്നത്തിലുമാണുള്ളത്. തനിക്കറിയാത്ത കാര്യങ്ങൾ പണ്ഡിതന്മാരോടാണ് ചോദിക്കേണ്ടത്. റബ്ബാനികളായ മുതിർന്ന പണ്ഡിതന്മാരോടാണ് മതപരമായ കാര്യങ്ങൾ ചോദിച്ചു പഠിക്കേണ്ടത്. ബിദ്അത്തുകളുമായി നടക്കുന്ന അൽപന്മാരായ എളമക്കാരിൽനിന്ന് ദീൻ പഠിക്കുകയോ മതപരമായ വിധികൾ ചോദിക്കുകയോ ചെയ്യാവതല്ല. വിശദാംശങ്ങൾക്കു വേണ്ടി അറിവിന്റെ ആധികാരികത എന്ന ലേഖനം (പുറം 1/143) കാണുക.

എന്നാൽ മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന ഗൗരവതരമായ കാലിക പ്രശ്‌നങ്ങളുടെ വിധിയും അവക്കുള്ള പരിഹാരവും അന്വേഷിക്കേണ്ടത് أُولو الأمر എന്ന് അല്ലാഹു വിശേഷിപ്പിച്ച കൈകാര്യകർത്താക്കളോട് മാത്രമാണ്. മേൽ സൂക്തം അവതരിച്ചതു തന്നെ അത്തരം ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. അത് താഴെ കൊടുക്കുന്നു. عَنْ عُمَرَ بْنِ الْخَطَّابِ ﵁ قَالَ: لَمَّا اعْتَزَلَ نَبِيُّ اللهِ ﷺ نِسَاءَهُ، قَالَ: دَخَلْتُ الْمَسْجِدَ، فَإِذَا النَّاسُ يَنْكُتُونَ بِالْحَصَى، وَيَقُولُونَ: طَلَّقَ رَسُولُ اللهِ ﷺ نِسَاءَهُ، وَذَلِكَ قَبْلَ أَنْ يُؤْمَرْنَ بِالْحِجَابِ، فَقَالَ عُمَرُ، فَقُلْتُ: لَأَعْلَمَنَّ ذَلِكَ الْيَوْمَ، قَالَ: فَدَخَلْتُ عَلَى عَائِشَةَ، فَقُلْتُ: يَا بِنْتَ أَبِي بَكْرٍ، أَقَدْ بَلَغَ مِنْ شَأْنِكِ أَنْ تُؤْذِي رَسُولَ اللهِ ﷺ، فَقَالَتْ: مَا لِي وَمَا لَكَ يَا ابْنَ الْخَطَّابِ، عَلَيْكَ بِعَيْبَتِكَ، قَالَ فَدَخَلْتُ عَلَى حَفْصَةَ بِنْتِ عُمَرَ، فَقُلْتُ لَهَا: يَا حَفْصَةُ، أَقَدْ بَلَغَ مِنْ شَأْنِكِ أَنْ تُؤْذِي رَسُولَ اللهِ ﷺ؟ وَاللهِ، لَقَدْ عَلِمْتِ أَنَّ رَسُولَ اللهِ ﷺ لَا يُحِبُّكِ، وَلَوْلَا أَنَا لَطَلَّقَكِ رَسُولُ اللهِ ﷺ، فَبَكَتْ أَشَدَّ الْبُكَاءِ، فَقُلْتُ لَهَا: أَيْنَ رَسُولُ اللهِ ﷺ؟ قَالَتْ: هُوَ فِي خِزَانَتِهِ فِي الْمَشْرُبَةِ، فَدَخَلْتُ، فَإِذَا أَنَا بِرَبَاحٍ غُلَامِ رَسُولِ اللهِ ﷺ، قَاعِدًا عَلَى أُسْكُفَّةِ الْمَشْرُبَةِ، مُدَلٍّ رِجْلَيْهِ عَلَى نَقِيرٍ مِنْ خَشَبٍ - وَهُوَ جِذْعٌ يَرْقَى عَلَيْهِ رَسُولُ اللهِ ﷺ وَيَنْحَدِرُ - فَنَادَيْتُ: يَا رَبَاحُ، اسْتَأْذِنْ لِي عِنْدَكَ عَلَى رَسُولِ اللهِ ﷺ، فَنَظَرَ رَبَاحٌ إِلَى الْغُرْفَةِ، ثُمَّ نَظَرَ إِلَيَّ، فَلَمْ يَقُلْ شَيْئًا، ثُمَّ قُلْتُ: يَا رَبَاحُ، اسْتَأْذِنْ لِي عِنْدَكَ عَلَى رَسُولِ اللهِ ﷺ، فَنَظَرَ رَبَاحٌ إِلَى الْغُرْفَةِ، ثُمَّ نَظَرَ إِلَيَّ، فَلَمْ يَقُلْ شَيْئًا، ثُمَّ رَفَعْتُ صَوْتِي، فَقُلْتُ: يَا رَبَاحُ، اسْتَأْذِنْ لِي عِنْدَكَ عَلَى رَسُولِ اللهِ ﷺ، فَإِنِّي أَظُنُّ أَنَّ رَسُولَ اللهِ ﷺ ظَنَّ أَنِّي جِئْتُ مِنْ أَجْلِ حَفْصَةَ، وَاللهِ، لَئِنْ أَمَرَنِي رَسُولُ اللهِ ﷺ بِضَرْبِ عُنُقِهَا، لَأَضْرِبَنَّ عُنُقَهَا، وَرَفَعْتُ صَوْتِي، فَأَوْمَأَ إِلَيَّ أَنِ ارْقَهْ، فَدَخَلْتُ عَلَى رَسُولِ اللهِ ﷺ وَهُوَ مُضْطَجِعٌ عَلَى حَصِيرٍ، فَجَلَسْتُ، فَأَدْنَى عَلَيْهِ إِزَارَهُ وَلَيْسَ عَلَيْهِ غَيْرُهُ، وَإِذَا الْحَصِيرُ قَدْ أَثَّرَ فِي جَنْبِهِ، فَنَظَرْتُ بِبَصَرِي فِي خِزَانَةِ رَسُولِ اللهِ ﷺ، فَإِذَا أَنَا بِقَبْضَةٍ مِنْ شَعِيرٍ نَحْوِ الصَّاعِ، وَمِثْلِهَا قَرَظًا فِي نَاحِيَةِ الْغُرْفَةِ، وَإِذَا أَفِيقٌ مُعَلَّقٌ، قَالَ: فَابْتَدَرَتْ عَيْنَايَ، قَالَ: مَا يُبْكِيكَ يَا ابْنَ الْخَطَّابِ، قُلْتُ: يَا نَبِيَّ اللهِ، وَمَا لِي لَا أَبْكِي وَهَذَا الْحَصِيرُ قَدْ أَثَّرَ فِي جَنْبِكَ، وَهَذِهِ خِزَانَتُكَ لَا أَرَى فِيهَا إِلَّا مَا أَرَى، وَذَاكَ قَيْصَرُ وَكِسْرَى فِي الثِّمَارِ وَالْأَنْهَارِ، وَأَنْتَ رَسُولُ اللهِ ﷺ وَصَفْوَتُهُ، وَهَذِهِ خِزَانَتُكَ، فَقَالَ: يَا ابْنَ الْخَطَّابِ، أَلَا تَرْضَى أَنْ تَكُونَ لَنَا الْآخِرَةُ وَلَهُمُ الدُّنْيَا؟ قُلْتُ: بَلَى، قَالَ: وَدَخَلْتُ عَلَيْهِ حِينَ دَخَلْتُ، وَأَنَا أَرَى فِي وَجْهِهِ الْغَضَبَ، فَقُلْتُ: يَا رَسُولَ اللهِ، مَا يَشُقُّ عَلَيْكَ مِنْ شَأْنِ النِّسَاءِ؟ فَإِنْ كُنْتَ طَلَّقْتَهُنَّ، فَإِنَّ اللهَ مَعَكَ، وَمَلَائِكَتَهُ، وَجِبْرِيلَ، وَمِيكَائِيلَ، وَأَنَا، وَأَبُو بَكْرٍ، وَالْمُؤْمِنُونَ مَعَكَ، وَقَلَّمَا تَكَلَّمْتُ وَأَحْمَدُ اللهَ بِكَلَامٍ، إِلَّا رَجَوْتُ أَنْ يَكُونَ اللهُ يُصَدِّقُ قَوْلِي الَّذِي أَقُولُ، وَنَزَلَتْ هَذِهِ الْآيَةُ آيَةُ التَّخْيِيرِ: ﴿ عَسَى رَبُّهُ إِنْ طَلَّقَكُنَّ أَنْ يُبْدِلَهُ أَزْوَاجًا خَيْرًا مِنْكُنَّ... 5﴿ (التحريم) ﴿ وَإِنْ تَظَاهَرَا عَلَيْهِ فَإِنَّ اللهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ 4﴾ (التحريم) وَكَانَتْ عَائِشَةُ بِنْتُ أَبِي بَكْرٍ، وَحَفْصَةُ تَظَاهَرَانِ عَلَى سَائِرِ نِسَاءِ النَّبِيِّ ﷺ، فَقُلْتُ: يَا رَسُولَ اللهِ أَطَلَّقْتَهُنَّ؟ قَالَ: لَا، قُلْتُ: يَا رَسُولَ اللهِ، إِنِّي دَخَلْتُ الْمَسْجِدَ وَالْمُسْلِمُونَ يَنْكُتُونَ بِالْحَصَى، يَقُولُونَ: طَلَّقَ رَسُولُ اللهِ ﷺ نِسَاءَهُ، أَفَأَنْزِلُ، فَأُخْبِرَهُمْ أَنَّكَ لَمْ تُطَلِّقْهُنَّ، قَالَ: نَعَمْ، إِنْ شِئْتَ، فَلَمْ أَزَلْ أُحَدِّثُهُ حَتَّى تَحَسَّرَ الْغَضَبُ عَنْ وَجْهِهِ، وَحَتَّى كَشَرَ فَضَحِكَ، وَكَانَ مِنْ أَحْسَنِ النَّاسِ ثَغْرًا، ثُمَّ نَزَلَ نَبِيُّ اللهِ ﷺ، وَنَزَلْتُ، فَنَزَلْتُ أَتَشَبَّثُ بِالْجِذْعِ، وَنَزَلَ رَسُولُ اللهِ ﷺ كَأَنَّمَا يَمْشِي عَلَى الْأَرْضِ مَا يَمَسُّهُ بِيَدِهِ، فَقُلْتُ: يَا رَسُولَ اللهِ إِنَّمَا كُنْتَ فِي الْغُرْفَةِ تِسْعَةً وَعِشْرِينَ، قَالَ: إِنَّ الشَّهْرَ يَكُونُ تِسْعًا وَعِشْرِينَ، فَقُمْتُ عَلَى بَابِ الْمَسْجِدِ، فَنَادَيْتُ بِأَعْلَى صَوْتِي، لَمْ يُطَلِّقْ رَسُولُ اللهِ ﷺ نِسَاءَهُ، وَنَزَلَتْ هَذِهِ الْآيَةُ: ﴾وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ... 83﴾ (النساء) فَكُنْتُ أَنَا اسْتَنْبَطْتُ ذَلِكَ الْأَمْرَ، وَأَنْزَلَ اللهُ عَزَّ وَجَلَّ آيَةَ التَّخْيِيرِ. [مسلم في صحيحه] [ഉമർ ﵁ നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ തന്റെ പത്നിമാരെ വെടിഞ്ഞ് മാറിനിന്നിരുന്ന വേളയിൽ ഒരിക്കൽ ഞാൻ പള്ളിയിൽ പോവുകയുണ്ടായി. അപ്പോഴതാ ജനങ്ങൾ ദുഃഖ ഭാരത്താൽ മണ്ണിലേക്ക് കല്ലുകൾ എറിഞ്ഞുകൊണ്ടിരിക്കുന്നു. അവർ പറയുന്നു: നബി ﷺ തന്റെ ഭാര്യമാരെ വിവാഹമോചനം ചെയ്‌തിരിക്കുന്നു. ഇത് ഹിജാബിന്റെ വിധികൾ പാലിക്കാനുള്ള കൽപന അവർക്ക് ലഭിക്കുന്നതിനു മുമ്പായിരുന്നു.

അദ്ദേഹം തുടരുന്നു: ഞാൻ പറഞ്ഞു, ഇന്ന് ഞാൻ ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കുക തന്നെ ചെയ്യും.

അദ്ദേഹം പറയുന്നു: അങ്ങനെ ഞാൻ ആയിശഃ ﵂യുടെ അടുക്കൽ പ്രവേശിച്ചു. എന്നിട്ട് പറഞ്ഞു: അബൂ ബക്കറിന്റെ മകളേ, അല്ലാഹുവിന്റെ റസൂലിനെ ഉപദ്രവിക്കാൻ മാത്രം നിങ്ങൾ മുതിർന്നോ?

അവർ പറഞ്ഞു: ഞാനും നിങ്ങളും തമ്മിൽ എന്തു കാര്യം? നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിക്കൊള്ളുക.

അദ്ദേഹം പറയുന്നു: അങ്ങനെ ഞാൻ തന്റെ പുത്രിയായ ഹഫ്‌സഃ﵂യുടെ അടുക്കൽ പോയി. എന്നിട്ട് പറഞ്ഞു: അല്ലയോ ഹഫ്‌സാ, അല്ലാഹുവിന്റെ റസൂലിനെ ഉപദ്രവിക്കാൻ മാത്രം നീ മുതിർന്നോ? അല്ലാഹു തന്നെ സത്യം! നബി ﷺ നിന്നെ ഇഷ്ടപ്പെടുന്നില്ല എന്നത് നിനക്ക് അറിയാവുന്ന കാര്യമാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ അവിടുന്ന് നിന്നെ വിവാഹമോചനം ചെയ്‌തിട്ടുണ്ടാകുമായിരുന്നു. അപ്പോൾ അവർ അതീവ ദൈന്യതയോടെ കരയാൻ തുടങ്ങി.

അപ്പോൾ ഞാൻ അവരോട് ചോദിച്ചു: നബി ﷺ എവിടെയാണ്?

അവർ പറഞ്ഞു: അവിടുന്ന് തട്ടിൻപുറത്തുണ്ട്, തന്റെ സാധനങ്ങൾ സൂക്ഷിക്കുന്ന കലവറയിൽ.

അപ്പോൾ ഞാൻ അവിടേക്ക് ചെന്നു. അങ്ങനെ നബി ﷺയുടെ പരിചാരകനായ റബാഹിന്റെ അടുത്തെത്തി. അദ്ദേഹം തട്ടിൻപുറത്തേക്കുള്ള വാതിലിന്റെ താഴത്തെ പടിയിൽ ഇരുന്ന്, കേറാനും ഇറങ്ങാനും ഉപയോഗിക്കുന്ന ഈത്തപ്പനത്തടിയുടെ ഒരു പടിയിലേക്ക് കാലുകൾ തൂക്കിയിട്ടിരിക്കുന്നു.

അങ്ങനെ ഞാൻ വിളിച്ചു പറഞ്ഞു: റബാഹ്, നിന്റെയടുക്കൽ റസൂലുണ്ടല്ലോ, എനിക്ക് അദ്ദേഹത്തിന്റെയടുക്കലേക്ക് വരാൻ അനുവാദം ചോദിക്കൂ...

അദ്ദേഹം മുറിക്കകത്തേക്ക് നോക്കി. പിന്നെ എന്റെയടുത്തേക്ക് തിരിഞ്ഞു. പക്ഷെ, ഒന്നും പറഞ്ഞില്ല.

ഞാൻ വീണ്ടും പറഞ്ഞു: റബാഹ്, നിന്റെയടുക്കൽ റസൂലുണ്ടല്ലോ, എനിക്ക് അദ്ദേഹത്തിന്റെയടുക്കലേക്ക് വരാൻ അനുവാദം ചോദിക്കൂ...

അദ്ദേഹം വീണ്ടും മുറിക്കകത്തേക്ക് നോക്കി. പിന്നെ എന്റെയടുത്തേക്ക് തിരിഞ്ഞു. എങ്കിലും ഒന്നും പറഞ്ഞില്ല.

അങ്ങനെ ഞാൻ ഒന്നു കൂടെ ശബ്ദമുയർത്തി: റബാഹ്, നിന്റെയടുക്കൽ റസൂലുണ്ടല്ലോ, എനിക്ക് അദ്ദേഹത്തിന്റെയടുക്കലേക്ക് വരാൻ അനുവാദം ചോദിക്കൂ. ഞാൻ കരുതുന്നത്, ഹഫ്‌സയുടെ കാര്യത്തിനു വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നതെന്ന് നബി ﷺ വിചാരിച്ചിട്ടുണ്ടാകും. അല്ലാഹു തന്നെ സത്യം! നബി ﷺ അവരുടെ കഴുത്തു വെട്ടാൻ എന്നോട് കൽപിച്ചാൽ ഞാൻ അവരുടെ കഴുത്ത് വെട്ടുക തന്നെ ചെയ്യും - ഞാൻ ശബ്ദമുയർത്തി.

അപ്പോൾ കേറിവരാൻ അദ്ദേഹം ആംഗ്യം കാണിച്ചു. അങ്ങനെ ഞാൻ നബി ﷺയുടെ അടുക്കലേക്ക് ചെന്നു. അവിടുന്ന് ഒരു പായയിൽ ചെരിഞ്ഞു കിടക്കുകയായിരുന്നു. ഞാൻ അവിടെ ഇരിക്കുകയും അവിടുന്ന് തന്റെ ഉടുമുണ്ട് തിരുദേഹത്തോട് ചേർത്തുവെക്കുകയും ചെയ്‌തു. അദ്ദേഹത്തിനു മേൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴതാ പായ അവിടുത്തെ പാർശ്വഭാഗത്ത് പാടുകൾ വീഴ്‌ത്തിയിരിക്കുന്നു. അനന്തരം നബി ﷺയുടെ നിലവറയിലൂടെ ഞാൻ എന്റെ കണ്ണുകൾ പായിച്ചു. അപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് ഏതാണ്ട് ഒരു സ്വാഅ് ഗോതമ്പും, ഒരു മൂലയിൽ ഏതാണ്ട് അത്ര തന്നെ ഊറക്കിടാനുള്ള ഇലയും ഉണ്ടായിരുന്നു. കൂടാതെ ഊറക്കിടാത്ത ഒരു തുകൽ അവിടെ തൂക്കിയിട്ടിട്ടുമുണ്ട്.

അദ്ദേഹം പറയുന്നു: അപ്പോൾ എന്റെ രണ്ടു കണ്ണുകളും കണ്ണീർ പൊഴിക്കാൻ തുടങ്ങി.

അതു കണ്ട് നബി ﷺ ചോദിച്ചു: ഖത്താബിന്റെ മകനേ, നിന്നെ കരയിപ്പിച്ച കാര്യമെന്താണ്?

ഞാൻ പഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ എങ്ങനെ കരയാതിരിക്കും!? ഈ പായ അങ്ങയുടെ പാർശ്വഭാഗത്ത് പാടുകൾ വീഴ്‌ത്തിയിരിക്കുന്നു. അങ്ങയുടെ കലവറയിൽ ഞാൻ ഈ കാണുന്നതല്ലേയുള്ളു!? കണ്ടില്ലേ, ഖുസ്റുമാരും സീസർമാരും കഴിച്ചു കൂട്ടുന്നത് സമൃദ്ധിയുടെ അരുവികളിലും കായ്‌കനികളിലുമാണ്. അങ്ങ് അല്ലാഹുവിന്റെ ദൂതനും വരേണ്യനുമല്ലേ. എന്നിരിക്കെ അങ്ങയുടെ കലവറയാണിത് !!

അവിടുന്ന് പറഞ്ഞു: ഖത്താബിന്റെ മകനേ, നമുക്ക് പരലോകവും അവർക്ക് ഇഹലോകവും ആകുന്നത് നിനക്ക് പൊരുത്തമല്ലേ? ഞാൻ പറഞ്ഞു, അതെ.

ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോൾ അവിടുത്തെ മുഖത്ത് എനിക്ക് കോപം പ്രകടമായി കാണാമായിരുന്നു.

ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, പത്നിമാരുടെ കാര്യത്തിൽ താങ്കളെ വിഷമിപ്പിക്കുന്നതെന്താണ്? താങ്കൾ അവരെ വിവാഹ മോചനം ചെയ്യുന്ന പക്ഷം നിശ്ചയമായും അല്ലാഹു താങ്കളുടെ കൂടെയുണ്ടായിരിക്കും, അവന്റെ മലക്കുകളും ജിബ്‌രീലും മീക്കാഈലും ഞാനും അബൂബക്കറും വിശ്വാസികളും താങ്കളോടൊപ്പമുണ്ടായിരിക്കും. അല്ലാഹുവിന് സ്തുതി! ഞാൻ ഒരു കാര്യം സംസാരിക്കുമ്പോൾ എന്റെ ആ വാക്ക് അല്ലാഹു സത്യപ്പെടുത്തുമെന്ന് പ്രത്യാശിച്ചു കൊണ്ടല്ലാതെ ഞാൻ സംസാരിക്കുക വളരെ വിരളമാണ്. അങ്ങനെ ഈ സൂക്തം അവതരിക്കുകയുണ്ടായി. «നിങ്ങളെ അവിടുന്ന് വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് തന്റെ റബ്ബ് പകരം നല്‍കിയേക്കാം.» (തഹ്‌രീം 5) «ഇനി നിങ്ങള്‍ ഇരുവരും റസൂലിനെതിരില്‍ പരസ്‌പരം സഹകാരികളായി മുന്നേറാനാണ് ഉദ്ദേശമെങ്കിൽ തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്റെ രക്ഷാധികാരി. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്‌.» (തഹ്‌രീം 4)

അബൂബക്കറിന്റെ മകൾ ആയിശഃയും ഉമറിന്റെ മകൾ ഹഫ്‌സഃയും അവിടുത്തെ മറ്റു ഭാര്യമാർക്കെതിരിൽ സഹകാരികളായി നീങ്ങുകയായിരുന്നു.

അങ്ങനെ ഞാൻ നബി ﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അങ്ങ് അവരെ വിവാഹ മോചനം ചെയ്‌തോ?

അവിടുന്ന് പറഞ്ഞു: ഇല്ല.

ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ പള്ളിയിൽ ചെന്നപ്പോൾ മുസ്‌ലിംകൾ ദുഃഖഭാരത്താൽ കല്ലുകൾ മണ്ണിലേക്ക് എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നിട്ട് പറയുന്നു: നബി ﷺ തന്റെ ഭാര്യമാരെ വിവാഹമോചനം നടത്തിയിരിക്കുന്നു. ഞാൻ താഴെയിറങ്ങി, അങ്ങ് അവരെ വിവാഹമോചനം ചെയ്‌തിട്ടില്ലെന്ന് അവരെ അറിയിക്കട്ടെയോ?

അവിടുന്ന് പറഞ്ഞു: അതെ, താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ...

അങ്ങനെ അവിടുത്തെ തിരുമുഖത്തുനിന്ന് കോപം നീങ്ങുന്നതുവരെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു കൊണ്ടേയിരുന്നു. അവിടുന്ന് തന്റെ പല്ലുകൾ കാണിച്ച് ചിരിക്കുന്നതുവരെയും സംസാരിച്ചു. അദ്ദേഹം ജനങ്ങളിൽ ഏറ്റവും നല്ല മുൻപല്ലുകളുള്ളവനായിരുന്നു.

അനന്തരം നബി ﷺ താഴെയിറങ്ങി, ഞാനും കൂടെയിറങ്ങി.

ഞാൻ ഇറങ്ങിയത് ഈത്തപ്പനത്തടിയിൽ പിടിച്ചുകൊണ്ടായിരുന്നു. റസൂലുല്ലാഹ് ഇറങ്ങിയത് തന്റെ കൈകൊണ്ട് ഒന്നും പിടിക്കാതെ ഭൂമിയിലൂടെ നടക്കുന്നതു പോലെയായിരുന്നു.

ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അങ്ങ് 29 ദിവസമല്ലേ ഭാര്യമാരെ വെടിഞ്ഞ് മുറിയിൽ കഴിച്ചുകൂട്ടിയത്?

അവിടുന്ന് പറഞ്ഞു: മാസം 29 ദിവസമായിരിക്കും.

അങ്ങനെ ഞാൻ പള്ളിയുടെ വാതിലിൽ നിന്നുകൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: നബി ﷺ അവിടുത്തെ പത്നിമാരെ വിവാഹമോചനം ചെയ്‌തിട്ടില്ല. അങ്ങനെ ഈ സൂക്തം അവതരിക്കുകയും ചെയ്‌തു. «സമാധാനവുമായോ (യുദ്ധ)ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്കെത്തിയാൽ അതവർ പ്രചരിപ്പിക്കുകയായി. റസൂലിനും അവരിലെ കൈകാര്യകർത്താക്കൾക്കും അത് വിട്ടിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽനിന്നും വസ്തുതകൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ളവർ അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയെടുക്കുമായിരുന്നു.» (നിസാഅ് 83)

ഞാനായിരുന്നു അക്കാര്യത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവന്നത്. അങ്ങനെ അല്ലാഹു آيَةُ التَّخْيِيرِ (അഹ്സാബ് 28, 29) അവതരിപ്പിക്കുകയും ചെയ്‌തു.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

മേൽ സംഭവത്തിൽ സൂചിപ്പിച്ചതു പോലുള്ള വലിയ പ്രശ്‌നങ്ങൾ കൈകാര്യകർത്താക്കളിലേക്ക് മടക്കണം. അവരുടെ കൂട്ടത്തിൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിവുള്ളവർ അതിന്റെ യാഥാർത്ഥ്യവും വിധിയും പരിഹാരവും കണ്ടെത്തും. അല്ലാതെ, തന്നിഷ്ടം പിന്തുടരുന്ന അൽപന്മാരും അവിവേകികളുമായ ചെറുപ്പക്കാരോടല്ല അവയെ കുറിച്ച് അന്വേഷിക്കേണ്ടത്. അധിക വായനക്ക് ഉപന്യാസങ്ങൾ എന്ന വിഭാഗത്തിലെ അറിവിന്റെ ആധികാരികത എന്ന ലേഖനം (പുറം 1/143) കാണുക.

തഹിയ്യത്ത് (التَّحِيَّة) എന്നതിനെയാണ് മുകളിൽ അഭിവാദ്യം എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. സമൂഹമായി ജീവിക്കുന്ന മനുഷ്യർ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അന്യോന്യം അഭിവാദ്യം ചെയ്യുന്നവരാണ്. കണ്ടുമുട്ടുമ്പോഴുള്ള പരസ്‌പര ബഹുമാനവും സന്തോഷവും അഭ്യുദയകാംക്ഷയുമാണ് അഭിവാദ്യത്തിലൂടെ പ്രകടിപ്പിക്കുന്നത്.

ഏറ്റവും പരിഷ്‌കൃതരും സംസ്‌കൃതചിത്തരുമായ ഒരു സമൂഹമെന്ന നിലയിൽ തഹിയ്യത്തിനെ കുറിച്ചുള്ള മുസ്‌ലിംകളുടെ വിഭാവന എങ്ങനെയായിരിക്കണമെന്നും, ഒരു സാമൂഹ്യ മര്യാദ എന്നതിലപ്പുറം മതപരമായ ഒരു കർത്തവ്യമെന്ന നിലയിൽ കൂടി അത് എങ്ങനെ അനുവർത്തിക്കപ്പെടണമെന്നും പ്രമാണങ്ങളിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അത്തരം വചനങ്ങളിലൊന്നാണ് മുകളിലുദ്ധരിച്ച സൂറത്തുന്നിസാഇലെ 86-ാം സൂക്തം. അതിനു വിശദീകരണം നൽകിക്കൊണ്ട് ശൈഖ് സഅ്ദി ﵀ പറയുന്നത് കാണുക: التحية؛ هي اللفظ الصادر من أحد المتلاقيين على وجه الإكرام والدعاء، وما يقترن بذلك اللفظ من البشاشة ونحوها، وأعلى أنواع التحية ما ورد به الشرع، من السلام ابتداء وردًّا. [السعدي في تيسير الكريم الرحمن] [പരസ്‌പരം കണ്ടുമുട്ടുന്ന രണ്ടുപേരിൽ ഒരാൾ ആദരവോടെയും പ്രാർത്ഥനയോടെയും പറയുന്ന വചനവും, അതോടൊപ്പമുണ്ടാകുന്ന ഹർഷം പോലുള്ള വൈകാരികതകളുമാണ് തഹിയ്യത്ത്. ശർഅ് നിർദ്ദേശിച്ചിട്ടുള്ള സലാം പറയലും മടക്കലുമാണ് അഭിവാദ്യങ്ങളുടെ ഇനങ്ങളിൽ ഏറ്റവും ഉന്നതം.] (സഅ്ദി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

തഹിയ്യത്ത് എന്ന അറബി ശബ്ദം ധ്വനിപ്പിക്കുന്ന അടിസ്ഥാന ആശയം ദീർഘായുസ്സ് നേരുക എന്നതാണ്. എന്നാൽ നമസ്‌കാരത്തിൽ അല്ലാഹുവിന് തഹിയ്യത്ത് പറയുമ്പോൾ അവിടെ അർത്ഥമാക്കുന്നത് രക്ഷ, സമാധാനം, ആധിപത്യം, അനന്തത (السَلَامُ وَالْمُلْكُ وَالْبَقَاءُ) പോലുള്ള എല്ലാ നല്ലകാര്യങ്ങളും അല്ലാഹുവിന്നാകുന്നു എന്നത്രെ.

പരസ്‌പരം തഹിയ്യത്ത് കൈമാറാൻ സലാം (سَلَامٌ) എന്ന പദം ഉപയോഗിക്കാനാണ് മുസ്‌ലിംകൾ കൽപിക്കപ്പെട്ടിരിക്കുന്നത്. മുഹമ്മദ് നബി ﷺക്ക് മാത്രമല്ല, മുൻഗാമികൾക്കും തഹിയ്യത്തിനു വേണ്ടി നിർദ്ദേശിക്കപ്പെട്ടിരുന്നത് ഈ പദം തന്നെയാണ്. അല്ലാഹുവിന്റെ ഉൽകൃഷ്ടമായ നാമങ്ങളിലൊന്നാണ് അസ്സലാം (السلام). രക്ഷ, സമാധാനം എന്നെല്ലാമാണ് അതിന്റെ ഭാഷാർത്ഥം. താഴെ കൊടുക്കുന്ന ഹദീസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. عَنْ عَبْدِ اللهِ بنِ مسْعُودِ ﵁ قال: كُنَّا نُصَلِّي خَلْفَ النَّبِيِّ ﷺ فَنَقُولُ: السَّلاَمُ عَلَى اللهِ فَقَالَ النَّبِيُّ ﷺ: إِنَّ اللهَ هُوَ السَّلاَمُ، وَلَكِنْ قُولُوا: التَّحِيَّاتُ للهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلَهَ إِلَّا اللهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. [البخاري في صحيحه] [ഇബ്‌നു മസ്ഊദ് ﵁ നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ നബി ﷺയുടെ പിറകിൽ വെച്ച് നമസ്‌കരിക്കുമ്പോൾ അല്ലാഹുവിന്റെ മേൽ സലാം ഉണ്ടായിരിക്കട്ടെ എന്ന് പറയാറുണ്ടായിരുന്നു.

അപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയമായും അല്ലാഹു, അവൻ തന്നെയാണ് സലാം. അതിനാൽ നിങ്ങൾ ഇപ്രകാരം പറയുക: തഹിയ്യത്തുകളെല്ലാം അല്ലാഹുവിനാകുന്നു; അപ്രകാരം തന്നെ എല്ലാ പ്രാർത്ഥനകളും സദ്‌വചനങ്ങളും...

നബി ﷺയുടെ മേൽ സലാം ഉണ്ടായിരിക്കട്ടെ; പുറമെ അല്ലാഹുവിന്റെ റഹ്‌മത്തുകളും അവന്റെ ബറകത്തുകളും...

ഞങ്ങളുടെമേൽ സലാം ഉണ്ടായിരിക്കട്ടെ; അതു പോലെ അല്ലാഹുവിന്റെ നല്ലവരായ എല്ലാ അടിയാറുകളുടെ മേലും...

ഞാൻ സാക്ഷ്യം വഹിക്കുന്നു: അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.](ബുഖാരി സ്വഹീഹീൽ ഉദ്ധരിച്ചത്)

അങ്ങോട്ട് തഹിയ്യത്ത് പറയാൻ ഇസ്‌ലാം നിർദ്ദേശിച്ചിരിക്കുന്ന വചനം സലാം എന്നുള്ളതാണെങ്കിലും, ശർഅ് വിലക്കാത്ത മറ്റു വചനങ്ങളുപയോഗിച്ച് ആരെങ്കിലും അഭിവാദ്യം ചെയ്യുന്ന പക്ഷം അത് സ്വീകരിച്ച് പ്രത്യഭിവാദ്യം ചെയ്യണമെന്നതും മേൽ സൂക്തത്തിന്റെ താൽപര്യത്തിൽപെട്ടതാണ്. എന്നാൽ ഇതര മതസ്ഥർ അഭിവാദ്യം ചെയ്യാൻ ഉപയോഗിക്കുന്ന ശബ്ദങ്ങളും വചനങ്ങളും അവിശ്വാസം വ്യജ്ഞിപ്പിക്കുന്നവയാണെങ്കിൽ അവ ഒഴിവാക്കേണ്ടതു തന്നെയാണ്. ശൈഖ് സഅ്ദി ﵀ പറയുന്നത് കാണുക: ويدخل في رد التحية كل تحية اعتادها الناس وهي غير محظورة شرعًا، فإنه مأمور بردّها وبأحسن منها. [السعدي في تيسير الكريم الرحمن] [ജനങ്ങൾ ശീലിച്ച, എന്നാൽ ശർഅ് വിലക്കിയിട്ടില്ലാത്ത അഭിവാദ്യങ്ങളെല്ലാം തിരിച്ചു നൽകേണ്ട തഹിയ്യത്തിന്റെ പരിധിയിൽപെടുന്നു. അതു തന്നെയോ അതിനെക്കാൾ ഉത്തമമായതോ മടക്കാൻ ഒരു മുസ്‌ലിം കൽപിക്കപ്പെട്ടിരിക്കുന്നു.] (സഅ്ദി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ഇസ്‌ലാം നിർദ്ദേശിക്കുന്ന, സമാനതകളില്ലാത്ത അഭിവാദ്യവചനമാണ് സലാം (السَلَامُ عَلَيْكُمْ). ഈ സദ്‌വചനത്തിനു കീഴിൽ അടുക്കിവെച്ചിരിക്കുന്ന ആശയങ്ങളുടെ അടരുകൾ വർണ്ണനാതീതമാണ്. പരസ്‌പരം കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഹർഷാരവങ്ങളും മറ്റു വൈകാരികാനുഭവങ്ങളുമാണ് അതിലൂടെ പ്രാഥമികമായി ആവിഷ്‌കരിക്കപ്പെടുന്നത്. എന്നാൽ അത് കേവലമായ ഒരു ശബ്ദമോ അർത്ഥശൂന്യമായ ഒരു വചനമോ അല്ല. മറിച്ച്, പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിനോടുള്ള അതിവിനീതമായ ഒരു പ്രാർത്ഥനയാണത്. താങ്കളിൽ രക്ഷയും സമാധാനവും വർഷിക്കട്ടെ എന്ന പ്രാർത്ഥന! ആ പ്രാർത്ഥനക്ക് ഉപയോഗിച്ചിരിക്കുന്നതോ അല്ലാഹുവിന്റെ ഉൽകൃഷ്ടവും മനോഹരവുമായ ഒരു നാമവും - അസ്സലാം! ഹൃദയത്തിൽ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷമോ പകയോ അസംതൃപ്‌തിയോ കുടികൊള്ളുന്നുണ്ടെങ്കിൽ അതിനെ ഉരുക്കിക്കളയാൻ പര്യാപ്‌തമായ വചനം. മനസ്സ് അതിനെ ഒരു പ്രാർത്ഥനയായി ഏറ്റെടുക്കുമ്പോൾ നാവ് അതിനെ ഊഷ്‌മളമായ ഒരഭിവാദ്യമായി പ്രകാശിപ്പിക്കുന്നു. എന്റെയും നിന്റെയും റബ്ബായ അല്ലാഹു നിനക്കുമേൽ രക്ഷയും സമാധാനവും വർഷിക്കട്ടെ എന്ന് മുഖത്തു നോക്കി, കൈപിടിച്ച് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയെ അപരൻ ഏതു വിധേനയായിരിക്കും സ്വീകരിക്കുക എന്നു സങ്കൽപിച്ചു നോക്കൂ. കെട്ടുറപ്പുള്ള ഒരു സമൂഹ നിർമ്മിതിക്ക് അത് എത്രത്തോളം സഹായകമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. നബി ﷺ പറയുന്നത് കാണുക: عن أنس قال: قال النبي ﷺ إن السلام اسم من أسماء الله تعالى، وضعه الله في الأرض، فأفشوا السلام بينكم. [البخاري في الأدب المفرد وحسنه الألباني] [അനസ് ﵁ നിവേദനം. നബി ﷺ പറയുന്നു: നിശ്ചയമായും 'അസ്സലാം' അല്ലാഹുവിന്റെ നാമങ്ങളിൽപെട്ട ഒരു നാമമാണ് - അത് ഭൂലോകത്ത് അല്ലാഹു വിന്യസിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക.] (ബുഖാരി അൽ അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്)

ഭൂലോകത്ത് സമാധാനം വിളയാടണം. അതിനു വേണ്ടി അല്ലാഹു അവന്റെ ഉൽകൃഷ്ട നാമങ്ങളിലൊന്ന് ഇവിടെ വിന്യസിച്ചിരിക്കുന്നു. അതാണ് സലാം. അത് വിശ്വാസികളായ അവന്റെ അടിയാറുകൾ മനുഷ്യർക്കിടയിൽ പരമാവധി വ്യാപിപ്പിക്കണം എന്നതാണ് അല്ലാഹുവിന്റെ താൽപര്യം. രക്ഷയുടെയും സമാധാനത്തിന്റെയും വചനമാണത്. മനുഷ്യർക്കിടയിൽ പരസ്‌പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും കണ്ണികൾ ഊട്ടിയുറപ്പിക്കുന്ന അഭിവാദ്യവചനം. അല്ലാഹുവിന്റെ നാമമായ അസ്സലാം ആവർത്തിച്ചു കൊണ്ടുള്ള ഈ പ്രാർത്ഥന ഹൃദയങ്ങളിൽ വിശ്വാസം ഉളവാക്കുകയും ഈമാൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ മുന്നിലേ സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുകയുള്ളു എന്ന സത്യം കൂടി അതിലേക്ക് നാം കൂട്ടിവായിക്കുക. عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ ﷺ: لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ. [مسلم في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറയുന്നു: വിശ്വാസികളാകുന്നതുവരെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവില്ല. പരസ്‌പരം സ്‌നേഹിക്കുന്നതുവരെ നിങ്ങൾക്ക് വിശ്വാസികളാകാനുമാവില്ല. പരസ്‌പരം സ്‌നേഹിക്കുന്നവരായിത്തീരാൻ ചെയ്യേണ്ട ഒരു കാര്യം ഞാൻ നിങ്ങൾക്കു പറഞ്ഞു തരട്ടെയോ? നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

സലാം പറയുന്നതു സംബന്ധിച്ചുള്ള ചില മര്യാദകൾ ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവയെ കുറിച്ച് സാമാന്യമായ ഒരു വിവരണം കൂടി നൽകാം. عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ ﷺ: يُسَلِّمُ الرَّاكِبُ عَلَى المَاشِي، وَالمَاشِي عَلَى القَاعِدِ، وَالقَلِيلُ عَلَى الكَثِيرِ. [البخاري في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറയുന്നു: വാഹനത്തിലുള്ളവൻ കാൽനടക്കാരനോടും കാൽനടക്കാരൻ ഇരിക്കുന്നവനോടും ചെറുസംഘം വലിയ സംഘത്തോടും സലാം പറയണം.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) عن جابر قال: يسلم الراكب على الماشي والماشي على القاعد، والماشيان أيهما يبدأ بالسلام فهو أفضل. [البخاري في الأدب المفرد وصححه الألباني موقوفا ومرفوعا] [ജാബിർ ﵁ പറയുന്നു: വാഹനത്തിലുള്ളവൻ കാൽനടക്കാരനോടും കാൽനടക്കാരൻ ഇരിക്കുന്നവനോടും സലാം പറയണം. (പരസ്‌പരം കണ്ടുമുട്ടുന്നത്) കാൽനടക്കാരായ രണ്ടു പേരാണെങ്കിൽ അവരിൽ ആരാണോ സലാം തുടങ്ങുന്നത് അവനാണ് കൂടുതൽ ശ്രേഷ്ഠൻ.] (ബുഖാരി അൽ അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്)

പരസ്‌പരം കണ്ടുമുട്ടുമ്പോൾ ആദ്യം സലാം പറയേണ്ടത് ആരാണ്? മുകളിൽ പറഞ്ഞ രണ്ടു ഹദീസുകളും അക്കാര്യമാണ് വ്യക്തമാക്കുന്നത്. ഇത്തരം മര്യാദകൾ പാലിക്കുന്നതിലൂടെ വൈയക്തിക സംഘർഷങ്ങൾ (ego clashes) ഒഴിവാക്കാനും പരസ്‌പര ധാരണയുടെ കണ്ണികൾ ഊട്ടിയുറപ്പിക്കാനും കഴിയുന്നു. عن أبي هريرة، أن رجلا مرَّ على رسول الله ﷺ وهو في مجلس فقال: السلام عليكم، فقال: عشر حسنات، فمر رجل آخر فقال: السلام عليكم ورحمة الله، فقال: عشرون حسنة، فمر رجل آخر فقال: السلام عليكم ورحمة الله وبركاته، فقال: ثلاثون حسنة، فقام رجل من المجلس ولم يسلم، فقال رسول الله ﷺ: ما أوشك ما نسي صاحبكم! إذا جاء أحدكم المجلس فليسلم، فإن بدا له أن يجلس فليجلس، وإذا قام فليسلم، ما الأولى بأحق من الآخرة. [البخاري في الأدب المفرد وصححه الألباني] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ ഒരു സദസ്സിലിരിക്കെ തന്റെ അരികിലൂടെ ഒരാൾ നടന്നു പോവുകയും അസ്സലാമു അലൈകും എന്ന് പറയുകയും ചെയ്‌തു. അവിടുന്ന് പറഞ്ഞു: പത്തു നന്മകൾ! (എഴുതപ്പെട്ടു). പിന്നീട് മറ്റൊരാൾ നടന്നു പോവുകയും അസ്സലാമു അലൈകും വ റഹ്‌മത്തുല്ലാഹ് എന്ന് പറയുകയും ചെയ്‌തു. അവിടുന്ന് പറഞ്ഞു: ഇരുപത് നന്മകൾ!! അനന്തരം മറ്റൊരാൾ നടന്നു പോവുകയും അസ്സലാമു അലൈകും വ റഹ്‌മത്തുല്ലാഹി വ ബറകാത്തുഹൂ എന്നു പറയുകയും ചെയ്‌തു. അപ്പോൾ അവിടുന്ന് പറഞ്ഞു: മുപ്പത് നന്മകൾ!!! ശേഷം ഒരാൾ സലാം പറയാതെ സദസ്സിൽനിന്ന് എഴുന്നേറ്റു പോയി. അപ്പോൾ നബി ﷺ പറഞ്ഞു: എത്ര പെട്ടന്നാണ് നിങ്ങളുടെ കൂട്ടുകാരൻ കാര്യങ്ങൾ മറന്നു പോയത്! നിങ്ങളിലൊരാൾ സദസ്സിലേക്ക് കേറിവന്നാൽ അവൻ സലാം പറയട്ടെ. ഇരിക്കണമെന്ന് തോന്നിയാൽ അവൻ ഇരിക്കട്ടെ. അനന്തരം അവൻ എഴുന്നേറ്റു പോവുകയാണെങ്കിൽ അപ്പോഴും സലാം പറയട്ടെ. ആദ്യത്തേത് അവസാനത്തേതിനെക്കാൾ കൂടുതൽ തരപ്പെട്ടതല്ല.] (ബുഖാരി അൽ അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്)

മേൽ ഹദീസ് നൽകുന്ന പാഠങ്ങൾ ഇവയാണ്: സലാം പറയുമ്പോൾ സലാമിനു (السلام عليكم) പുറമെ മറ്റു ചില പദങ്ങളും ഉപയോഗിക്കാം. അത്തരം സദ്‌വചനങ്ങൾ അധികരിപ്പിച്ച് അഭിവാദ്യവും പ്രാർത്ഥനയും അർത്ഥപൂർണ്ണമാക്കുന്നത് കൂടുതൽ പുണ്യകരമാണ്. പിരിഞ്ഞു പോകുമ്പോഴും സലാം പറയണം. അത് കണ്ടുമുട്ടുമ്പോൾ പറയുന്ന സലാമിനെക്കാൾ ഒട്ടും അപ്രധാനമല്ല.

ആരുടെയൊക്കെ മനോഹിതത്തിന് എതിരായാലും പറയുന്നത് സത്യമായിരിക്കണം. സത്യം മറച്ചുപിടിക്കാൻ പാടില്ല താനും. അതു കൊണ്ട് പറയട്ടെ, ശർഇൽ പരസ്‌ത്രീകളോട് സലാം പറയുന്നത് കുറ്റകരമല്ല. അങ്ങനെ ഒരു വിലക്ക് എവിടെയും വന്നിട്ടുമില്ല. വൃദ്ധകളോട് സലാം പറയുന്നതിൽ തെറ്റില്ലെന്ന് എല്ലാവരും പറയുന്നു. യുവതികളോട് സലാം പറയുന്നതിനെ കുറിച്ചാണ് ചിലർക്ക് സംശയം. എന്നാൽ യുവതികളോട് സലാം പറയുന്നതിന് പ്രത്യേകമായ ഒരു വിലക്ക് എവിടെയും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഫിത്‌നഃ സൂക്ഷിക്കണം എന്നത് പൊതുവായ കാര്യമാണ്. അതിനെ സലാമുമായി ബന്ധിപ്പിക്കുന്നതിൽ സാംഗത്യമില്ല. കൂടാതെ, നബി ﷺ അവരോട് സലാം പറഞ്ഞ സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് താനും. عَنْ أَسْمَاءَ ابْنَةِ يَزِيدَ، قَالَتْ: «مَرَّ عَلَيْنَا النَّبِيُّ ﷺ فِي نِسْوَةٍ فَسَلَّمَ عَلَيْنَا» [أبو داود في سننه وصححه الألباني] [യസീദിന്റെ പുത്രി അസ്‌മാഅ് ﵂ നിവേദനം. അവർ പറയുന്നു: നബി ﷺ ഒരിക്കൽ ഞങ്ങൾ ഒരു കൂട്ടം സ്‌ത്രീകളുടെ അരികിലൂടെ നടന്നുപോയി. അപ്പോൾ അവിടുന്ന് ഞങ്ങളോട് സലാം പറഞ്ഞു.] (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

പള്ളിയിൽ പ്രവേശിക്കുമ്പോൾ സലാം പറയേണ്ടത് എങ്ങനെയാണ്? അവിടെ പലതരം ഇബാദത്തുകളിൽ മുഴുകിയിരിക്കുന്ന ആളുകളുണ്ടായിരിക്കും. അവരോട് മൊത്തത്തിൽ സലാം പറയുക എന്ന രീതി സ്ഥിരപ്പെട്ട നബിവചനങ്ങളിലോ ക്രോഡീകരിക്കപ്പെട്ട നബിചരിതങ്ങളിലോ കാണാൻ കഴിയുന്നില്ല.

പള്ളിയിൽ പ്രവേശിക്കുന്ന വ്യക്തി ആദ്യം ചെയ്യേണ്ടത് രണ്ടു റക്അത്ത് തഹിയ്യത്ത് നമസ്‌കരിക്കുകയാണ്. ശേഷം ഏതെങ്കിലും സദസ്സുകളിലേക്ക് കടന്നു ചെല്ലുകയോ ആരെയെങ്കിലും അഭിമുഖീകരിക്കുകയോ ചെയ്യുകയാണെങ്കിൽ അവരോട് സലാം പറയുകയുമാണ് വേണ്ടത്. ഇതാണ് നബി ﷺയുടെയും സലഫുകളുടെയും രീതി. അല്ലാതെ മറ്റു ഇബാദത്തുകളിൽ മുഴുകിയിരിക്കുന്ന ആളുകളെ അതിൽനിന്നു ശ്രദ്ധതിരിച്ചു കളയുന്ന തരത്തിൽ, എല്ലാവരോടുമായി ഉച്ചത്തിൽ സലാം പറയുന്നത് ശരിയായ നടപടിയല്ല. യഥാർത്ഥത്തിൽ അത് മറ്റു ആരാധനകളിൽ മുഴുകിയിരിക്കുന്ന ആളുകളെ ശല്യപ്പെടുത്തലാണ്. അതിനു സലഫുകളുടെ മാതൃകയുമില്ല. താഴെ കൊടുക്കുന്ന ഹദീസ് കൂടി കാണുക: عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ ﷺ دَخَلَ المَسْجِدَ فَدَخَلَ رَجُلٌ، فَصَلَّى، فَسَلَّمَ عَلَى النَّبِيِّ ﷺ، فَرَدَّ وَقَالَ: «ارْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ» فَرَجَعَ يُصَلِّي كَمَا صَلَّى، ثُمَّ جَاءَ، فَسَلَّمَ عَلَى النَّبِيِّ ﷺ، فَقَالَ: «ارْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ» ثَلاَثًا، فَقَالَ: وَالَّذِي بَعَثَكَ بِالحَقِّ مَا أُحْسِنُ غَيْرَهُ، فَعَلِّمْنِي، فَقَالَ: «إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ القُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، وَافْعَلْ ذَلِكَ فِي صَلاَتِكَ كُلِّهَا» [البخاري في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ ഒരിക്കൽ പള്ളിയിൽ കേറി. അപ്പോൾ ഒരാൾ വരികയും (തഹിയ്യത്ത്) നമസ്‌കരിച്ച് നബി ﷺയോട് സലാം പറയുകയും ചെയ്‌തു. അവിടുന്ന് സലാം മടക്കിയിട്ട് അദ്ദേഹത്തോട് പറഞ്ഞു: താങ്കൾ തിരിച്ചുപോയി നമസ്‌കരിക്കൂ, താങ്കൾ (ശരിയാംവണ്ണം) നമസ്‌കരിച്ചിട്ടില്ല. അദ്ദേഹം തിരിച്ചുപോയി. ആദ്യം നമസ്‌കരിച്ച പോലെ നമസ്‌കരിച്ചു. എന്നിട്ട് മടങ്ങിവന്ന് നബി ﷺക്ക് പിന്നെയും സലാം പറഞ്ഞു. അപ്പോഴും അവിടുന്ന്പറഞ്ഞു: താങ്കൾ തിരിച്ചുപോയി നമസ്‌കരിക്കൂ, താങ്കൾ (ശരിയാംവണ്ണം) നമസ്‌കരിച്ചിട്ടില്ല. അങ്ങനെ മൂന്നുതവണ ആവർത്തിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: താങ്കളെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണ! ഇങ്ങനെയല്ലാതെ എനിക്ക് ചെയ്യാനറിയില്ല. അതിനാൽ അങ്ങ് എനിക്ക് പഠിപ്പിച്ചു തന്നാലും. അപ്പോൾ അവിടുന്ന് പറഞ്ഞു: താങ്കൾ നമസ്‌കരിക്കാൻ നിന്നാൽ തക്ബീർ ചൊല്ലുക. പിന്നീട് ഖുർ
ആൻ താങ്കൾക്ക് വശമുള്ളതിൽനിന്നും സാധിക്കുന്നത് പാരായണം ചെയ്യുക. പിന്നീട് റുകൂഇൽ അടക്കം വരുന്നതുവരെ കഴിച്ചുകൂട്ടുക. പിന്നീട് ഉയർന്ന് അടക്കം വരുന്നതുവരെ വടിവൊത്ത് നിൽക്കുക. പിന്നീട് സുജൂദ് ചെയ്‌ത് അടക്കം വരുന്നതുവരെ സുജൂദിൽ കിടക്കുക. പിന്നീട് ഉയർന്ന് അടക്കം വരുന്നതുവരെ ഇരിക്കുക. താങ്കളുടെ എല്ലാ നമസ്‌കാരത്തിലും ഇപ്രകാരം ചെയ്‌തുകൊള്ളുക.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇവിടെ, ആ വ്യക്തി പള്ളിയിൽ കേറിയ മാത്രയിൽ ആദ്യം ചെയ്യുന്നത് അവിടെ സന്നിഹിതരായിരുന്ന നബി ﷺക്കോ മറ്റു സ്വഹാബിമാർക്കോ, മൊത്തത്തിലോ പ്രത്യേകമായോ, സലാം പറയുകയല്ല. മറിച്ച്, നേരെ തഹിയ്യത്ത് നമസ്‌കരിക്കുകയും, പിന്നീട് നബി ﷺയുടെ അടുത്തേക്ക് വന്ന് സലാം പറയുകയുമാണ് ചെയ്യുന്നത്. ഇതാണ് സ്വഹാബിമാർ പിന്തുടർന്നിരുന്ന രീതി. അതിൽ വല്ല അപാകവും ഉണ്ടായിരുന്നുവെങ്കിൽ അവിടുന്ന് അപ്പോൾ തന്നെ അത് തിരുത്തുമായിരുന്നു. എന്നല്ല, നമസ്‌കാരത്തിലുള്ള അദ്ദേഹത്തിന്റെ പിഴവ് ചൂണ്ടിക്കാണിച്ച് തിരുത്തിയ നബി ﷺ ഫലത്തിൽ അത് അംഗീകരിക്കുകയാണ് ചെയ്‌തിട്ടുള്ളത്.

പള്ളിയിൽ ആരാധനയിൽ മുഴുകിയവരുടെ കാര്യം പോകട്ടെ, വീട്ടിൽ ഉറങ്ങുന്നവരെ പോലും ഉണർത്താതെ, ഉദ്ദേശിച്ചവരെ മാത്രം കേൾപ്പിക്കുന്ന വിധമാണ് നബി ﷺ സലാം പറഞ്ഞിരുന്നത്. താഴെ കൊടുക്കുന്ന ഹദീസ് കാണുക: عن المقداد بن الأسود قال: كان النبيﷺ يجيْ من الليل فيسلم تسليما لا يوقظ نائما ويسمع اليقظان. [البخاري في الأدب المفرد وصححه الألباني] [മിഖ്‌ദാദ് ബിൻ അൽ അസ്‌വദ് ﵁ നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ ചിലപ്പോൾ രാത്രിയിൽ കേറിവരാറുണ്ടായിരുന്നു. അപ്പോൾ ഉറങ്ങുന്നവനെ ഉണർത്താതെ, ഉണർന്നിരിക്കുന്നവനെ കേൾപ്പിക്കുന്ന വിധത്തിലായിരുന്നു സലാം ചൊല്ലിയിരുന്നത്.] (ബുഖാരി അൽ അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്)

ശ്രദ്ധിക്കുക! ഉറങ്ങുന്നവർ ഉണരാനിടവരാതെ, ഉണർന്നിരിക്കുന്നവർ കേൾക്കത്തക്ക വിധം, പതിഞ്ഞ സ്വരത്തിലാണ് അവിടുന്ന് രാത്രിയിൽ വീട്ടിലേക്ക് കേറിവരുമ്പോൾ സലാം ചൊല്ലിയിരുന്നത്. അപ്പോൾ പള്ളിയിൽ നമസ്‌കാരത്തിലോ മറ്റു ആരാധനകളിലോ മുഴുകിയവരെ മൊത്തത്തിൽ ശ്രദ്ധതിരിക്കുന്ന വിധത്തിൽ സലാം പറയുന്നത് കരണീയമല്ലെന്ന കാര്യം ഇതിൽനിന്ന് മനസ്സിലാക്കാമല്ലോ.

എന്നാൽ നമസ്‌കരിക്കുന്ന വ്യക്തിയെ സമീപിക്കുന്ന ഒരാൾക്ക് അദ്ദേഹത്തിന് സലാം പറയാം. അത് മടക്കുന്നതിന് പ്രത്യേക രീതിയുമുണ്ട്. അക്കാര്യം സുന്നത്തിൽ വന്നിട്ടുള്ളതുമാണ്. അത് എങ്ങനെയാണെന്നു കൂടി പരിശോധിക്കാം: عَنْ صُهَيْبٍ، أَنَّهُ قَالَ: مَرَرْتُ بِرَسُولِ اللهِ ﷺ وَهُوَ يُصَلِّي، فَسَلَّمْتُ عَلَيْهِ، فَرَدَّ إِشَارَةً، قَالَ: وَلَا أَعْلَمُهُ إِلَّا قَالَ إِشَارَةً بِأُصْبُعِهِ. [أبو داود في سننه وصححه الألباني] [സുഹൈബ് ﵁ നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ നമസ്‌കരിച്ചു കൊണ്ടിരിക്കെ ഞാൻ അരികിലൂടെ നടന്നു പോയി. അപ്പോൾ അദ്ദേഹത്തിന് സലാം പറഞ്ഞു. അവിടുന്ന് ആംഗ്യത്തിലൂടെ പ്രത്യഭിവാദ്യം ചെയ്‌തു. ഹദീസ് നിവേദകരിലൊരാളായ ഖുതൈബഃ പറയുന്നു: "അവിടുന്ന് തന്റെ വിരൽ കൊണ്ടുള്ള ആംഗ്യത്തിലൂടെ" എന്ന് പറഞ്ഞതായിട്ടേ എനിക്ക് അതിനെ കുറിച്ച് അറിയുകയുള്ളു.] (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

നമസ്‌കരിക്കുന്ന ഒരാളെ സമീപിക്കുകയാണെങ്കിൽ അയാളോട് സലാം പറയുന്നതും, സലാം പറഞ്ഞാൽ കൈവിരൽ കൊണ്ടുള്ള ആംഗ്യത്തിലൂടെ അദ്ദേഹം പ്രത്യഭിവാദ്യം ചെയ്യുന്നതും നബിചര്യയിൽ പെട്ടതാണെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ജനങ്ങളുടെ അവഗണന നിമിത്തം എടുത്തുപോയ നല്ല ചര്യകളിൽപെട്ടതാണ് ഇക്കാര്യം. അത് ജീവിപ്പിക്കാൻ സുന്നത്തിനെ സ്‌നേഹിക്കുന്നവർ മാത്രമേ ഉള്ളു എന്നു കൂടി ഉണർത്തുകയാണ്.

ജൂതന്മാർ അഭിവാദ്യം ചെയ്‌തിരുന്ന രീതി സദ്‌വചനങ്ങളൊന്നും ഉരിയാടാതെ, വെറുതെ കൈവീശിക്കാണിക്കുക എന്നതായിരുന്നു. ഇക്കാര്യം ഹദീസുകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. عن جابر قال: أن رسول الله ﷺ قال: لا تسلموا تسليم اليهود والنصارى، فإن تسليمهم بالأكف والرؤوس والإشارة. [النسائي في السنن الكبرى وفي عمل اليوم والليلة، والديلمي، وأثبته الألباني في الصحيحة] [ജാബിർ ﵁ നിവേദനം. നബി ﷺ പറയുന്നു: നിങ്ങൾ ജൂതരും ക്രൈസ്‌തവരും സലാം പറയുന്ന പോലെ സലാം പറയരുത്. അവരുടെ സലാം കൈപ്പത്തിയും ശിരസും ആംഗ്യവും കൊണ്ടുള്ളതാണ്.] (നസാഇയും ദയ്‌ലമിയും ഉദ്ധരിച്ചത്)

അഥവാ, സദ്‌വചനങ്ങളോ പ്രാർത്ഥനയോ കൂടാതെ, വെറുതെ കൈവീശിക്കാണിക്കുന്ന രീതിയാണ് അവർ പിന്തുടർന്നിരുന്നത്. മതപരവും സാംസ്‌കാരികവുമായ ഇത്തരം വിഷയങ്ങളിൽ അവരുമായി താദാത്മ്യം പുലർത്താതിരിക്കുക എന്നത് ഇസ്‌ലാമിന്റെ താൽപര്യമാണ്. എന്നാൽ സലാം പറഞ്ഞു കൊണ്ട് കൈവീശിക്കാണിക്കുക എന്നത് അവരുടേതിൽനിന്ന് വ്യത്യസ്തമാണ്. ആയതിനാൽ അതിനു തെറ്റു പറയപ്പെട്ടിട്ടില്ല. താഴെ കൊടുക്കുന്ന ഹദീസ് ശ്രദ്ധിക്കുക: وقالت أسماء: ألوى النبي ﷺ بيده إلى النساء بالسلام [البخاري في الأدب المفرد وصححه الألباني] [അസ്‌മാഅ് ﵂ നിവേദനം. അവർ പറയുന്നു: നബി ﷺ സ്‌ത്രീകളുടെ നേരെ സലാം പറഞ്ഞുകൊണ്ട് കൈവീശിക്കാണിച്ചു.] (ബുഖാരി അൽ അദബുൽ മുഫ്റദിൽ ഉദ്ധരിച്ചത്)

ഇതര സമുദായങ്ങളുമായി സഹവസിക്കുമ്പോൾ ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ പുലർത്തണമെന്ന് ദീൻ കണിശമായി നിർദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായി അവരെ അഭിവാദ്യം ചെയ്യുന്നത് സംബന്ധിച്ചും ചില നിർദ്ദേശങ്ങൾ ഹദീസിൽ കാണാം.

അമുസ്‌ലിംകൾ തന്നെ രണ്ടു തരക്കാരായിരിക്കും എന്നത് നാം പ്രത്യേകം ഓർക്കേണ്ടതാണ്. ഒരു വിഭാഗം മുസ്‌ലിംകളുമായി സന്ധിയിലും സമാധാനത്തിലും സഹവസിക്കുന്നവർ. മറ്റൊരു വിഭാഗം കുടിലതകളും കുത്സിതങ്ങളുമായി നടക്കുകയും ചതിപ്രയോഗങ്ങൾക്ക് അവസരം പാർത്തിരിക്കുകയും ചെയ്യുന്നവർ.

മുസ്‌ലിംകളുമായി സന്ധിയിലും സമാധാനത്തിലും പുലരുന്ന അമുസ്‌ലിംകൾ അഭിവാദ്യം ചെയ്‌താൽ ചർച്ചയിലിരിക്കുന്ന ഖുർആൻ സൂക്തത്തിൽ പറഞ്ഞതു പോലെ, അതു തന്നെയോ അതിനെക്കാൾ ഉത്തമമായതോ ഉപയോഗിച്ച് പ്രത്യഭിവാദ്യം ചെയ്യണം. നീതീകരിക്കാവുന്ന കാരണങ്ങളോ സാഹചര്യങ്ങളോ ഉണ്ടെങ്കിൽ അവരെ അങ്ങോട്ട് ആദ്യം അഭിവാദ്യം ചെയ്യാമെന്നും സലഫുകളിൽ പലരും പറഞ്ഞിട്ടുണ്ട്.

അതേ സമയം‌, രണ്ടാമതു പറഞ്ഞ വിഭാഗവുമായി ഇടപഴകുമ്പോൾ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള കരുതലും ജാഗ്രതയും ഒരു വിശ്വാസിക്ക് ആവശ്യമാണ്. മനസ്സിന്റെ ജാലകങ്ങൾ തുറന്നിടുന്ന ഇത്തരം ഘട്ടങ്ങളിൽ അൽപം സൂക്ഷ്‌മത പാലിക്കണമെന്നു തന്നെയാണ് നബി ﷺ തന്റ അനുയായികളോട് അനുശാസിച്ചിരിക്കുന്നത്. ശത്രുതയും കുടിലതയുമായി നടക്കുന്ന അമുസ്‌ലിംകൾ സംശയകരമായ വാക്കുകളോ ദ്വയാർത്ഥ പ്രയോഗങ്ങളോ നടത്തുകയാണെങ്കിൽ അതുതന്നെ നിനക്കും എന്ന് പ്രതികരിക്കാനാണ് ഒരു മുസ്‌ലിം കൽപിക്കപ്പെട്ടിരിക്കുന്നത്. സലാം എന്ന സദ്‌വചനത്തെ പോലും 'സാം' (السَّامُ) അഥവാ നാശം എന്നാക്കി വക്രീകരിക്കുന്നവരാണ് അവർ. ഇത്തരക്കാരോട് എങ്ങനെ പ്രതിവർത്തിക്കണമെന്നത് നബി ﷺ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒന്നാമതായി അവർക്ക് അങ്ങോട്ട് സലാം തുടങ്ങാതിരിക്കുക. അവിടുന്ന് പറയുന്നത് കാണുക: عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ ﷺ قَالَ: لَا تَبْدَءُوا الْيَهُودَ وَلَا النَّصَارَى بِالسَّلَامِ. [مسلم في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം നബി ﷺ പറയുന്നു: ജൂതന്മാരോടും ക്രൈസ്‌തവരോടും നിങ്ങൾ അങ്ങോട്ട് സലാം തുടങ്ങരുത്.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

രണ്ടാമതായി, അവർ ഇങ്ങോട്ട് അഭിവാദ്യം ചെയ്‌താൽ 'നിനക്കും' എന്ന് മാത്രം പറയുക. അവർ നല്ലത് ഉദ്ദേശിച്ച്, നല്ലതു പറഞ്ഞാൽ അതുതന്നെ അവർക്ക് തിരിച്ചു ലഭിക്കുന്നു. മറിച്ചാണെങ്കിൽ അവരുടെ കുത്സിതങ്ങൾ ബൂമറാങ് കണക്കെ അവർക്കു തന്നെ തിരിച്ചടിക്കുന്നു. നബി ﷺ പറയുന്നത് കാണുക: عَنْ أَنَسِ بْنِ مَالِكٍ ﵁، قَالَ: قَالَ النَّبِيُّ ﷺ: إِذَا سَلَّمَ عَلَيْكُمْ أَهْلُ الكِتَابِ فَقُولُوا: وَعَلَيْكُمْ. [البخاري في صحيحه] [അനസ് ﵁ നിവേദനം. നബി ﷺ പറയുന്നു: ഗ്രന്ഥാവകാശികൾ നിങ്ങളോട് സലാം പറഞ്ഞാൽ, നിങ്ങൾ തിരിച്ചു പറയേണ്ടത് 'നിങ്ങൾക്കും' എന്നാണ്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

സമൂഹത്തിൽ പ്രബലമായി നിലകൊള്ളുന്ന മറ്റൊരു തെറ്റിദ്ധാരണ ഭക്ഷണം കഴിക്കുമ്പോൾ സലാം പറയാനോ മടക്കാനോ പാടില്ലെന്നതാണ്. മാത്രമല്ല, ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് പോലും മതപരമായി വിലക്കപ്പെട്ടതാണെന്ന ധാരണയും ചിലർക്കുണ്ട്. അത് രണ്ടും തെറ്റിദ്ധാരണ മാത്രമാണ്. രണ്ടിനും ശർഇൽ ഒരു വിലക്കും വന്നിട്ടില്ല.

അതേ പോലെ, പലർക്കും വ്യക്തതയില്ലാത്ത വിഷയമാണ് ശുചിമുറിയിലായിരിക്കുമ്പോൾ സംസാരിക്കുക, സലാം പറയുക, സലാം മടക്കുക എന്നുള്ളത്. മലമൂത്രവിസർജ്ജനം ചെയ്യുമ്പോൾ പരസ്‌പരം നഗ്നത നോക്കിക്കൊണ്ട് സംസാരിച്ചിരിക്കുന്നത് വിലക്കപ്പെട്ടതാണ്. നഗ്നത കാണാതെയുള്ള വെറും സംസാരം വിലക്കപ്പെട്ടതല്ല താനും. അതേ പ്രകാരം, മലമൂത്ര വിസർജ്ജനം നടത്തിക്കൊണ്ടിരിക്കുമ്പോൾ മറ്റൊരാളോട് സലാം പറയാൻ പാടില്ല. ഒരാൾ ഇങ്ങോട്ട് സലാം പറഞ്ഞാൽ അത് മടക്കുകയുമരുത്. താഴെ കൊടുക്കുന്ന സംഭവം ഇക്കാര്യം വ്യക്തമാക്കുന്നു. عَنِ الْمُهَاجِرِ بْنِ قُنْفُذٍ، أَنَّهُ أَتَى النَّبِيَّ ﷺ وَهُوَ يَبُولُ فَسَلَّمَ عَلَيْهِ، فَلَمْ يَرُدَّ عَلَيْهِ حَتَّى تَوَضَّأَ، ثُمَّ اعْتَذَرَ إِلَيْهِ فَقَالَ: إِنِّي كَرِهْتُ أَنْ أَذْكُرَ اللهَ عَزَّ وَجَلَّ إِلَّا عَلَى طُهْرٍ أَوْ قَالَ: عَلَى طَهَارَةٍ . [أبو داود في سننه وصححه الألباني] [മുഹാജിർ ബിൻ ഖുൻഫുദ് ﵁ നിവേദനം. മൂത്രിച്ചുകൊണ്ടിരിക്കെ നബി ﷺ യുടെ അടുക്കൽ ചെന്ന് മുഹാജിർ സലാം പറഞ്ഞു. അവിടുന്ന് വുളൂ ചെയ്യുന്നതു വരെ സലാം മടക്കിയില്ല. അങ്ങനെ അദ്ദേഹത്തോട് ഒഴികഴിവ് രേഖപ്പെടുത്തിക്കൊണ്ട് അവിടുന്ന് പറഞ്ഞു: അല്ലാഹുവിനുള്ള ദിക്ർ ശുദ്ധിയോടു കൂടിയല്ലാതെ, അല്ലെങ്കിൽ ശുചിത്വത്തോടു കൂടിയല്ലാതെ, ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.] (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

മലമൂത്രവിസർജ്ജനം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ സലാം പറയാനോ മടക്കാനോ മറ്റു ദിക്റുകൾ ചൊല്ലാനോ പാടില്ല. അതുകൊണ്ടാണ് നബി ﷺ അദ്ദേഹത്തിനു സലാം മടക്കാതിരുന്നത്. വുളൂ ചെയ്‌ത ശേഷമാണ് നബി ﷺ സലാം മടക്കിയത്. അതിൽനിന്ന് ശുചിത്വമില്ലാത്ത സമയത്ത് സലാം പറയാനോ, മടക്കാനോ മറ്റു ദിക്റുകൾ ചൊല്ലാനോ പാടില്ല, വുളൂ ചെയ്‌ത ശേഷമേ അത് പാടുള്ളു എന്ന് തെറ്റിദ്ധരിക്കുകയുമരുത്. അത്തരം ഒരാശയം ആ ഹദീസ് പ്രദാനം ചെയ്യുന്നില്ല. മഹാന്മാരായ പണ്ഡിതന്മാർ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. قَالَ أَبُو حَاتِمٍ: فِي هَذَا الْخَبَرِ بَيَانٌ وَاضِحٌ أَنَّ كَرَاهِيَةَ الْمُصْطَفَى ﷺ ذِكْرَ اللهِ إِلَّا عَلَى طَهَارَةٍ كَانَ ذَلِكَ لِأَنَّ الذِّكْرَ عَلَى طَهَارَةٍ أَفْضَلُ لَا أَنَّ ذِكْرَ الْمَرْءِ رَبَّهُ عَلَى غَيْرِ الطَّهَارَةِ غَيْرُ جَائِزٍ لِأَنَّهُ ﷺ كَانَ يَذْكُرُ اللهَ عَلَى أحيانه [الألباني في التعليقات الحسان على صحيح ابن حبان] [അബൂ ﵀ ഹാതിം പറയുന്നു: ഈ ഹദീസിൽ വ്യക്തമായ ഒരു വിശദീകരണമുണ്ട്: ശുചിത്വത്തോടു കൂടിയല്ലാതെ അല്ലാഹുവിനെ സ്‌മരിക്കുന്നത് നബി ﷺ ഇഷ്ടപ്പെടാതിരുന്നത്, ശുചിത്വത്തോടെ സ്‌മരിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠം എന്നതു കൊണ്ടാണ്. അല്ലാതെ, ശുചിത്വമില്ലാതെ ഒരാൾക്കും തന്റെ റബ്ബിനെ സ്‌മരിക്കാൻ പാടില്ല എന്നതു കൊണ്ടല്ല. കാരണം, നബി ﷺ തന്നെ തന്റെ മുഴുസന്ദർഭങ്ങളിലും അല്ലാഹുവിനെ സ്‌മരിക്കാറുണ്ടായിരുന്നു.] (അൽബാനി അത്തഅ്‌ലീഖാതുൽ ഹിസാനിൽ ഉദ്ധരിച്ചത്)

ശുചിത്വം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നബി ﷺ അല്ലാഹുവിനെ സ്‌മരിക്കാറുണ്ടായിരുന്നു എന്ന കാര്യം വ്യക്തമാക്കുന്ന ഹദീസ് തന്നെ കാണുക: عَنْ عَائِشَةَ، قَالَتْ: كَانَ النَّبِيُّ ﷺ يَذْكُرُ اللهَ عَلَى كُلِّ أَحْيَانِهِ. [مسلم في صحيحه] [ആയിശഃ ﵂ നിവേദനം. അവർ പറയുന്നു: നബി ﷺ തന്റെ എല്ലാ അവസ്ഥാന്തരങ്ങളിലും അല്ലാഹുവിനെ സ്‌മരിക്കാറുണ്ടായിരുന്നു.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

ചുരുക്കത്തിൽ, മലമൂത്ര വിസർജ്ജനം ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് സലാം പറയാനോ, മടക്കാനോ, മറ്റു ദിക്റുകൾ ചൊല്ലാനോ പാടില്ലാത്തത്. ഒരാൾ ഏതെങ്കിലും കാരണത്താൽ അശുദ്ധിയിലായി. ആ ഘട്ടത്തിൽ സലാം പറയുന്നതിനോ മടക്കുന്നതിനോ മറ്റു ദിക്റുകൾ ചൊല്ലുന്നതിനോ വിലക്കില്ല. എന്നാൽ ശുചിത്വത്തോടു കൂടി അല്ലാഹുവിനെ സ്‌മരിക്കുന്നതാണ് കൂടുതൽ ഉത്തമം.

ശാരീരികമായ ശുചിത്വത്തെക്കാൾ പ്രധാനം മനസ്സിന്റെ വിശുദ്ധിയാണ്. യഥാർത്ഥത്തിൽ മനസ്സുകളെ വിമലീകരിക്കാനുള്ള സദ്‌വചനമാണ് സലാം. ആ വചനത്തെ പോലും കളങ്കപ്പെടുത്തുന്ന വിധമാണ് പലരും സലാം പറയുന്നതും പറയാതിരിക്കുന്നതും. പാർട്ടിയടിസ്ഥാനത്തിലോ ഗ്രൂപ് നോക്കിയോ അഭിവാദ്യമർപ്പിക്കുകയും സലാം പറയുകയും ചെയ്യുന്ന രീതിയാണ് ഇന്ന് സാർവ്വത്രികമായി കണ്ടുവരുന്നത്. മനുഷ്യർ എത്തിനിൽക്കുന്ന ധർമ്മച്യുതിയുടെ ആഴമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. എല്ലാവിധ സങ്കുചിതത്വങ്ങളും ഭേദിച്ച് മനസ്സിന്റെ വിശാല വിഹായുസ്സിലേക്ക് കടന്നു ചെല്ലാനുള്ള മന്ത്രമാണ് സലാം. അതിനെപ്പോലും ഇവ്വിധം സങ്കുചിതവൽക്കരിക്കുന്നത് എന്തു മാത്രം സങ്കടകരമല്ല! നബി ﷺ പറയുന്നത് കാണുക: عَنْ عَبْدِ اللهِ بْنِ عَمْرٍو ﵄، أَنَّ رَجُلًا سَأَلَ النَّبِيَّ ﷺ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ. [البخاري في صحيحه] [അബ്ദുല്ലാഹ് ബിൻ അംറ് ﵄ നിവേദനം. അദ്ദേഹം പറയുന്നു: ഒരാൾ നബി ﷺ യോട് ചോദിച്ചു: ഇസ്‌ലാമിക അനുഷ്ഠാനങ്ങളിൽ ഏറ്റവും ഗുണകരമായ കാര്യമേതാണ്? അവിടുന്ന് പറഞ്ഞു: നീ അഗതികൾക്ക് ഭക്ഷണം നൽകലും അറിയുന്നവർക്കും അറിയാത്തവർക്കും സലാം പറയലുമാണ്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

പാർട്ടി നോക്കാതെ, ഗ്രൂപ് നോക്കാതെ, സകലമാന സങ്കുചിതത്വങ്ങളും മറികടന്ന് മനസ്സു തുറന്നു പറയട്ടെ: സലാം... അല്ലാഹു ഭൂലോകത്ത് വിന്യസിച്ച അവന്റെ ഉൽകൃഷ്ടമായ നാമം. അത് ഉരുവിടുക. സഹജീവികൾക്ക് രക്ഷയും സമാധാനവും നേരുക. അടഞ്ഞ മനസ്സുകൾ തുറക്കട്ടെ. എങ്ങും സലാം വഴിഞ്ഞൊഴുകട്ടെ. നബി ﷺ പറയുന്നത് കാണുക: عن أبي هريرة، عن النبي ﷺ قال: أعجز الناس من عجز عن الدعاء، وأبخل الناس من بخل بالسلام. [عبد الغني المقدسي في كتاب الدعاء وأورده الألباني في الصحيحة] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറഞ്ഞു: പ്രാർത്ഥിക്കാൻ കഴിയാത്തവനാണ് ജനങ്ങളിൽ ഏറ്റവും ദുർബ്ബലൻ. സലാം പറയാതെ പിശുക്ക് കാണിക്കുന്നവനാണ് ജനങ്ങളിൽ ഏറ്റവും വലിയ ലുബ്‌ധൻ.] (അബ്ദുൽ ഗനി അൽ മഖ്‌ദസി കിതാബുദ്ദുആയിൽ ഉദ്ധരിച്ചത്)