Quran explanation
തൗബഃ,التَّوْبَةُസൂക്തം 17
Vol. 2 Page 1094
﴿مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا مَسَاجِدَ اللهِ شَاهِدِينَ عَلَىٰ أَنفُسِهِم بِالْكُفْرِ ۚ أُولَٰئِكَ حَبِطَتْ أَعْمَالُهُمْ وَفِي النَّارِ هُمْ خَالِدُونَ ١٧﴾
സ്വന്തത്തിനെതിരിൽ സത്യനിഷേധം സാക്ഷ്യപ്പെടുത്തുന്നവരായിരിക്കെ മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ മസ്ജിദുകൾ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്മ്മങ്ങള് നിഷ്ഫലമായിപ്പോയിരിക്കുന്നു. നരകത്തില് അവര് നിത്യവാസികളായിരിക്കുകയും ചെയ്യും. (17)
വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം പ്രത്യക്ഷത്തിൽ നിർദ്ദോഷകരമെന്ന് തോന്നാമെങ്കിലും അതിൽ വലിയ അപകടം പതിയിരിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ വിവരണത്തിന്റെ ആദരണീയരായ രചയിതാക്കൾ അത്തരം ഒരു ചതിക്കുഴിയെ കുറിച്ച് ബോധവാന്മാരായിരുന്നു എന്ന് കരുതാൻ തരമില്ല. ഏതായിരുന്നാലും അത് ചൂണ്ടിക്കാണിക്കാതെ പോകുന്നത് വൈജ്ഞാനികമായ സത്യസന്ധതയില്ലായ്മയും അനുവാചകരോട് കാണിക്കുന്ന അനീതിയുമായിരിക്കും. അതിൽപെട്ട ഒരു ഭാഗം താഴെ ഉദ്ധരിക്കാം:
['ഞങ്ങളുടെ നന്മകളെ നിങ്ങൾ മൂടിവെക്കുകയും, തിന്മകളെ നിങ്ങൾ എടുത്തു പറയുകയും ചെയ്യുന്നു'വെന്നു അവർക്കു ആക്ഷേപം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പ്രസ്തുത നന്മകളെ സമ്മതിച്ചുകൊണ്ടുതന്നെ, അതിനുള്ള മറുപടിയാണു ഈ വചനങ്ങളിലും അടുത്ത ചില വചനങ്ങളിലും കാണുന്നത്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1281)
അമ്പിയാക്കളുടെ പ്രബോധനത്തിന് ഉദാത്തമായ ലക്ഷ്യങ്ങളും മാർഗ്ഗങ്ങളുമുണ്ട്. അവ നിർണ്ണയിച്ചിരിക്കുന്നത് അല്ലാഹുവാണ്. അഭിനവ ഖവാരിജുകൾ അവ അടിമുടി പൊളിച്ചെഴുതുകയും ഇസ്ലാമിന് നൂതനമായി ഒരു രാഷ്ട്രീയ വ്യാഖ്യാനം ചമക്കുകയുമാണ് ചെയ്തത്. ഇസ്ലാമിന്റെ പ്രബോധനവും പ്രചാരവും ഇതര സമൂഹങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയതോടെ അറബി ഭാഷക്കുണ്ടായ അപചയം മൂലം റബ്ബ്, ഇലാഹ്, ഇബാദത്ത്, ദീൻ പോലുള്ള ഖുർആനിലെ മൗലികമായ സാങ്കേതിക ശബ്ദങ്ങൾ പോലും ആദ്യതലമുറക്കു ശേഷം വന്നവർക്ക് ശരിയായ അർത്ഥത്തിലും വിവക്ഷയിലും മനസ്സിലാക്കാൻ കഴിയാതെ പോയെന്നും പീന്നീട് അത് വീണ്ടെടുക്കാനായത് ഖുതുബ്-മൗദൂദി അച്ചുതണ്ടിനാണെന്നുമാണ് അവരുടെ ജൽപനം. അവരുടെ വാദമുഖങ്ങളുടെ ആകത്തുക ഇതാണ്:
അല്ലാഹുവിന്റെ ഭൂമിയിൽ അവനു നഷ്ടപ്പെട്ടുപോയ അധികാരം പുനസ്ഥാപിക്കുകയാണ് ഭൂമിയിൽ അവന്റെ പ്രതിനിധിയായി വന്ന മനുഷ്യന്റെ പ്രഥമവും പ്രമുഖവുമായ കടമ. നിലവിൽ അധികാരം കൈയാളുന്ന വ്യവസ്ഥിതി ഏതായിരുന്നാലും അവയൊക്കെ ത്വാഗൂത്തുകളാണ്. അവയെ തകിടം മറിച്ച് തൽസ്ഥാനത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാതെ ഒരു മുസൽമാനും അടങ്ങിയിരിക്കാനാവില്ല. മാനവ ചരിത്രത്തിൽ ഇതഃപര്യന്തം വന്നുപോയ മുഴുവൻ നബിമാരുടെയും ദൗത്യം അതായിരുന്നു; അവരുടെ പ്രബോധനത്തിനു മറ്റൊരു ലക്ഷ്യമുണ്ടായിരുന്നില്ല. അവരെല്ലാം ലോകത്തു വന്നതു തന്നെ ഇഖാമത്തുദ്ദീനിനു വേണ്ടിയാണ്. നിലവിലുള്ള വ്യവസ്ഥിതികൾ തകിടം മറിച്ച് തൽസ്ഥാനത്ത് ഇസ്ലാമിക ഭരണം പ്രതിസ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. ഇതാണ് മൗലികമായ കാര്യം; മറ്റെല്ലാം ശാഖാപരവും നിസ്സാരവും. അടിസ്ഥാനപരമായ ഈ ലക്ഷ്യ സാക്ഷാത്കാരത്തിന്റെ മാർഗ്ഗത്തിൽ അടവു നയങ്ങളും നീക്കുപോക്കുകളുമായി ഏതറ്റം വരെയും പോകാവുന്നതാണ്. അത് ആശയാദർശങ്ങളുടെ വിശുദ്ധി ഏതളവോളം ചോർത്തിക്കളഞ്ഞാലും ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കാനുണ്ടാകും. അല്ലാഹു അനുശാസിക്കുന്ന സകലമാന വിശ്വാസങ്ങളും ആരാധനകളും, ഇസ്ലാം ഉയർത്തിക്കാണിക്കുന്ന സമസ്ത മൂല്യങ്ങളും വിഭാവനകളും, മതവിജ്ഞാന രംഗത്ത് പ്രയോഗിക്കപ്പെടുന്ന തത്ത്വങ്ങളും സങ്കേതങ്ങളും എല്ലാം തന്നെ ഇതിനനുഗുണമായി ആവശ്യാനുസാരം പുനർനിർവ്വചിക്കുകയും പുനഃസംരചിക്കുകയും ചെയ്യേണ്ടതാണ്. ഇവ്വിധം ഇസ്ലാമിന്റെ ആധാരശിലകളെ ഇളക്കി പ്രതിഷ്ഠിക്കാതെ, പ്രമാണരേഖകൾ കാലത്തിനൊത്ത് പുനർവായന നടത്താതെ അഭിനവ യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കാൻ മുസ്ലിംകൾ പ്രാപ്തരാവില്ല. ഇതാണ് അവരുടെ കാഴ്ചപ്പാട്.
ഒരു ഇസ്ലാമിസ്റ്റ് വാചാടോപം മാത്രമായി ഇതിനെ കാണാവതല്ല. കാരണം, ആധുനിക കാലത്ത് അറബിയിലോ ഇതര ഭാഷകളിലോ ആവിഷ്കരിക്കപ്പെട്ട അഹ്ലുസ്സുന്നഃയുടേതല്ലാത്ത രചനകളിലും സംഭാഷണങ്ങളിലും ഇതിന്റെ സ്വാധീനം വ്യത്യസ്ത തോതുകളിൽ കാണാൻ കഴിയും. അത് ഇസ്ലാമിന്റെ ആശയാദർശങ്ങളുടെ ഭദ്രതക്ക് ഭീഷണി ഉയർത്തുകയും വൈജ്ഞാനിക മൂല്യങ്ങളെ ഏറെ ദുഷിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് വസ്തുത. വിശുദ്ധ ഖുർആൻ വിവരണത്തിന്റെ അവലംബങ്ങളിൽ ഖുതുബിന്റെ കൃതികൾ ഉൾപ്പെട്ടതും, മേൽ സൂക്തത്തിനു കീഴിൽ മുകളിൽ ഉദ്ധരിച്ച വിശദീകരണം കടന്നുകൂടിയതും അതിനുള്ള ഒരു ഉദാഹരണം മാത്രമാണ്.
പ്രത്യക്ഷത്തിൽ നിർദ്ദോഷകരമായി തോന്നാവുന്നതാണ് മേൽ വിശദീകരണം. അഭിനവ ഖവാരിജുകളായ ഇസ്ലാമിസ്റ്റുകൾക്ക് തങ്ങളുടെ അജണ്ട സുഗമമായി നടപ്പിലാക്കാനുള്ള പശ്ചാത്തല സംവിധാനങ്ങളിലൊന്നിന്റെ സ്ഫൂർത്തീകരണമാണ് യഥാർത്ഥത്തിൽ ഇത്. ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ വേണം. സത്യത്തിന്റെ ബലത്തിലല്ല, ആൾബലത്തിൽ മാത്രമേ അത് നടക്കുകയുള്ളു. അതിനാൽ സത്യത്തിന്റെ കക്ഷി മാത്രം പോരാ, അതിൽനിന്ന് വിഘടിച്ചു പോയ പിഴച്ച കക്ഷികളെയും കൂടെ കൂട്ടണം. അതിനുള്ള നയപരമായ കുതന്ത്രമാണ് ഇസ്ലാമിസ്റ്റുകളുടെ فِقْهُ الْمُوَازَنَاتِ അഥവാ തുലന തത്ത്വം!
യഥാർത്ഥത്തിൽ കർമ്മപരമായ കാര്യങ്ങളുടെ വിധി നിർണ്ണയിക്കുമ്പോൾ അവയുടെ ഗുണപരവും ദോഷകരവുമായ വശങ്ങൾ തുലനം ചെയ്ത് മുൻഗണനാക്രമങ്ങൾ നിശ്ചയിക്കുന്ന പ്രക്രിയയാണ് فِقْهُ الْمُوَازَنَاتِ. ദോഷവശങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക, സാധ്യമല്ലെങ്കിൽ ലഘൂകരിക്കുക, ഗുണപരമായ വശങ്ങൾ പൂർണ്ണമായി സാക്ഷാത്കരിക്കുക, സാധ്യമല്ലെങ്കിൽ പരമാവധി സഫലീകരിക്കുക പോലുള്ള മുൻഗണനാക്രമങ്ങൾ വിധിനിർണ്ണയത്തിൽ പരിഗണിക്കപ്പെടേണ്ട ഘടകങ്ങളാണ്. ഈ തത്ത്വത്തെ അധികാര രാഷ്ട്രീയത്തിനു വേണ്ടി ഇസ്ലാമിസ്റ്റുകൾ പുനർനിർവ്വചിച്ചു. ഖവാരിജുകളുടെ എന്നത്തെയും നീറുന്ന പ്രശ്നം നീതിയാണല്ലോ. അഭിനവ ഖവാരിജുകളുടെ തുലാസിൽ നീതി പുലരണമെങ്കിൽ പ്രതിയോഗികളെ വിമർശിക്കുമ്പോൾ എത്രത്തോളം അവരുടെ തിന്മകൾ എടുത്തു കാണിക്കുന്നുവോ അത്ര തന്നെ അവരുടെ നന്മകളും വിസ്തരിക്കണം; അല്ലെങ്കിൽ നീതി പുലരുകയില്ല. അവരുടെ പക്ഷമനുസരിച്ച് ഇതാണ് فِقْهُ الْمُوَازَنَاتِ അഥവാ തുലന തത്ത്വം. അധികാര രാഷ്ട്രീയത്തിനു വേണ്ടി സത്യാസത്യങ്ങൾ പരിഗണിക്കാതെ ആൾബലം വർദ്ധിപ്പിക്കാനാണ് ഇസ്ലാമിസ്റ്റുകൾ ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്. ഇതൊരു തത്ത്വമല്ല, ഇതിനൊരു മൂല്യവുമില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ വില കുറഞ്ഞ അടവുനയങ്ങളിലൊന്നായി മാത്രമേ ഇതിനെ വിലയിരുത്താനാവൂ. ഇതിന് പ്രമാണങ്ങളുടെ പിന്തുണയുണ്ടെന്നു വരുത്തിത്തീർക്കുന്നത് ഏറെ ലജ്ജാകരം തന്നെ.
സത്യത്തിന്റെ ശത്രുക്കളുടെ ദോഷവശങ്ങൾ എടുത്തുകാട്ടി അവരെ കുറിച്ച് ജാഗ്രത പുലർത്താൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകുമ്പോൾ തത്തുല്യമായ അളവിൽ അവരുടെ നന്മയും ഉയർത്തിക്കാണിക്കണം എന്നു വരുന്നതോടുകൂടി അതിന്റെ വീര്യം ചോർന്നു പോകുന്നു. മതപരമായ കാര്യങ്ങളിൽ സത്യാസത്യങ്ങൾ തമ്മിലുള്ള മാറ്റുരക്കൽ ഒരു കടങ്കഥയായിത്തീരുന്നു. ഇസ്ലാമിന്റെ ആശയ ഭദ്രതക്കും ആദർശ വിശുദ്ധിക്കും അവശ്യം കൈക്കൊള്ളേണ്ട ഒരു നടപടി ആത്മാവ് നഷ്ടപ്പെട്ട് അതു തന്നെ ഒരു ഭീഷണിയായി സ്വയം ഉയർന്നുവരുന്നു. അവിശ്വാസികളെയും അഭീഷ്ടക്കാരെയും വ്യംഗ്യന്തരേണ മഹത്വവത്കരിക്കുന്ന നടപടിയാണത്. അവർ വമിക്കുന്ന കാളകൂട വിഷങ്ങളിൽ മറ്റുള്ളവർ വീണുപോകാൻ മാത്രമേ അത് ഉപകരിക്കുകയുള്ളു. അധിക വായനക്കായി നിസാഅ് 140-ാം സൂക്തത്തിന്റെ വിശദീകരണം കൂടി കാണുക.
ഇസ്ലാമിസ്റ്റുകളുടെ فِقْهُ الْمُوَازَنَاتِ നെ പിന്തുണക്കുന്ന യാതൊരു ഉള്ളടക്കമോ ധ്വനിയോ തൗബഃ 17-ാം സൂക്തത്തിലില്ല. അത് സലഫുകളുടെ മാർഗ്ഗവുമല്ല. എന്നാൽ വിമർശനങ്ങളിൽ പാലിക്കേണ്ട ഇസ്ലാമിക മര്യാദയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ ഉദാത്ത മാതൃകകൾ ചരിത്രത്താളുകളിലുണ്ട്. അതു കൂടി പരിശോധിക്കാവുന്നതേയുള്ളു.
ഖുത്വുബോ മൗദൂദിയോ ഖർളാവിയോ അല്ല അഹ്ലുസ്സുന്നഃയുടെ സ്രോതസ്സ്. അവരൊന്നും സലഫുകളിൽ പെട്ടവരല്ല, നമുക്ക് മാതൃകയോ അവലംബിക്കാവുന്ന പണ്ഡിതന്മാരോ അല്ല. എന്നാൽ ഇമാം അഹ്മദ് ﵀ സലഫുകളിൽപെട്ട അഗ്രേസരനായ പണ്ഡിതനാണ്, ഇമാമാണ്. അദ്ദേഹത്തിന്റെ നിലപാട് കാണൂ.
അലി ബിൻ അബീ ഖാലിദ് വയോധികനായ തന്റെ അയൽവാസിയെയും കൂട്ടി ഇമാം അഹ്മദ് ﵀യുടെ അടുക്കൽ വരുന്നു. ആ അയൽവാസി ബിദ്അത്തുകാരനായ ഹാരിസ് അൽ മുഹാസിബിയുടെ അടുത്തു പോകുകയും അയാളിൽനിന്ന് ദീൻ കേൾക്കുകയും ചെയ്യുന്നവനാണ്. മുഹാസിബിയുടെ പുറംപൂച്ചിൽ വഞ്ചിതനായ വയോധികനോട് ഇമാം അഹ്മദ് ﵀ അയാളുടെ ഗുണദോഷങ്ങൾ നുള്ളിയൊപ്പിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, ദീനിന്റെ പരിശുദ്ധി സംരക്ഷിക്കാനാവശ്യമായ വിധം അദ്ദേഹത്തെ തൊലിയുരിച്ച് കാണിക്കുകയാണ് ചെയ്യുന്നത്. فقال له الشيخ: يا أبا عَبْد اللَّه، يروي الحديث، ساكن خاشع، من قصته ومن قصته، فغضب أَبُو عَبْدِ اللَّهِ، وجعل يقول: لا يغرك خشوعه ولينه، ويقول: لا تغتر بتنكيس رأسه، فإنه رجل سوء، ذاك لا يعرفه إلا من قد خبره، لا تكلمه، ولا كرامة له، كل من حدث بأحاديث رَسُول اللهِ ﷺ وكان مبتدعا تجلس إليه، لا، ولا كرامة ولا نعمى عين، وجعل يقول ذاك ذاك. [ابن أبي يعلى في طبقات الحنابلة] [ആ വയോധികൻ അപ്പോൾ ഇമാം അഹ്മദ് ﵀യോട് പറഞ്ഞു: അല്ലയോ അബൂ അബ്ദില്ലാഹ്, അദ്ദേഹം ഹദീസ് ഉദ്ധരിക്കുന്നവനാണ്, അദ്ദേഹം ശാന്തനാണ്, അദ്ദേഹം അടങ്ങിയൊതുങ്ങിക്കഴിയുന്നവനാണ്, അദ്ദേഹം അങ്ങനെയാണ്, ഇങ്ങനെയാണ്..
അപ്പോൾ അബൂ അബ്ദില്ലാ അഹ്മദ് ബിൻ ഹൻബൽ ﵀ കോപത്തോടെ പറയാൻ തുടങ്ങി: അയാളുടെ വിനയവും സൗമ്യഭാവവും കണ്ട് താങ്കൾ വഞ്ചിതനാകരുത്.
ഇമാം അഹ്മദ് ﵀ തുടരുന്നു: അയാൾ തലതാഴ്ത്തിയിരിക്കുന്നത് കണ്ട് താങ്കൾ വഞ്ചിതനാകരുത്. തീർച്ചയായും അയാൾ ദുഷിച്ച വ്യക്തിയാണ്. അയാളെ പരീക്ഷിച്ച ഒരാൾക്കല്ലാതെ അത് അറിയാൻ കഴിയില്ല. അയാളോട് താങ്കൾ സംവദിക്കാൻ പോകരുത്. അയാൾക്ക് ഒട്ടും അന്തസ്സില്ല. നബി ﷺയുടെ ഹദീസ് ഉദ്ധരിക്കുന്ന ഏതൊരുത്തന്റെയും കൂടെ, അവൻ ദീനിൽ അപനിർമ്മിതി നടത്തുന്നവനാണെങ്കിൽ, താങ്കൾ പോയി ഇരിക്കുകയാണോ? അരുത്, അവർക്ക് ഒരു അന്തസ്സോ നയനാനന്ദമോ ഇല്ലാതിരിക്കട്ടെ. അദ്ദേഹം അത്, അതു തന്നെ ആവർത്തിക്കാൻ തുടങ്ങി.] (ഇബ്നു അബീ യഅ്ലാ ത്വബഖാത്തുൽ ഹനാബിലഃയിൽ ഉദ്ധരിച്ചത്)
വിമർശിക്കുമ്പോൾ ദോഷം പറയുന്നുവെങ്കിൽ അത്ര തന്നെ ഗുണവും പറയണമെന്ന തത്ത്വമെവിടെ? ബിദ്അത്തുകാരുടെ പൊള്ളയായ അന്തസ്സിനല്ല, ഇസ്ലാമിന്റെ പരിപാവനമായ ആശയ വിശുദ്ധിക്കാണു വില.
അതേ സമയം, അഹ്ലുസ്സുന്നഃയിൽപെട്ട ഒരു മാന്യനു പിഴവു സംഭവിച്ചാൽ ആ പിഴവിൽ അദ്ദേഹത്തെ ന്യായീകരിക്കുകയോ പിന്തുണക്കുകയോ പിൻപറ്റുകയോ ചെയ്യാവതല്ല. അദ്ദേഹത്തിന്റെ പിഴവ് ഉചിതമായ രൂപത്തിൽ തിരുത്തേണ്ടതും വിമർശിക്കേണ്ടതുമാണ്. പക്ഷെ, അദ്ദേഹത്തിന്റെ മാന്യത പിച്ചിച്ചീന്താൻ പാടില്ല; അതിന് അർഹിക്കുന്ന വിലകല്പിക്കുകയും അത് ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടതാണ്. കാരണം, അദ്ദേഹം അഹ്ലുസ്സുന്നഃയുടെ മൻഹജിൽനിന്ന് വ്യതിചലിച്ചിട്ടില്ല; അദ്ദേഹത്തിനു മസ്അലയിൽ പിഴവു സംഭവിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഉദാഹരണമായി, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ ﵀യുടെ ചില ഫത്വകളിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കു തന്നെ വിയോജിപ്പുണ്ടായിട്ടുണ്ട്. പക്ഷെ, വിമർശനത്തിന്റെയും വിയോജിപ്പിന്റെയും ഉന്നതമായ മര്യാദയാണ് ഇമാം ദഹബി ﵀യെ പോലുള്ളവർ നമുക്ക് കാണിച്ചു തരുന്നത്: وقد انفرد بفتاوى نيل من عرضه لأجلها، وهي مغمورة في بحر علمه، فالله تعالى يسامحه ويرضى عنه، فما رأيت مثله، وكل أحد من الأمة فيؤخذ من قوله ويترك؛ فكان ماذا؟ [شمس الدين الذهبي في تذكرة الحفاظ] [അദ്ദേഹം പുറപ്പെടുവിച്ച ഒറ്റപ്പെട്ട ചില ഫത്വകൾ കാരണം തന്റെ അഭിമാനത്തിന് നേരെ കാര്യമായ കൈയേറ്റങ്ങളുമുണ്ടായി. ആ ഫത്വകളാണെങ്കിൽ അദ്ദേഹത്തിന്റെ അറിവിന്റെ മഹാസാഗരത്തിൽ തിരിച്ചറിയാനാവാത്ത വിധം മുങ്ങിപ്പോയവയാണ്. അല്ലാഹു അദ്ദേഹത്തോട് പൊറുക്കുകയും പൊരുത്തമേകി തൃപ്തിപ്പെടുകയും ചെയ്യട്ടെ. അദ്ദേഹത്തെ പോലെ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ഈ സമുദായത്തിൽപെട്ട ഏതൊരാളുടെ വാക്കുകളിലും തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടായിരിക്കില്ലേ. പിന്നെന്താ?!!] (ദഹബി തദ്കിറത്തുൽ ഹുഫ്ഫാളിൽ രേഖപ്പെടുത്തിയത്)
ഏതൊരു കാര്യത്തിന്റെയും മതവിധി നിർണ്ണയിക്കുമ്പോൾ ഗുണപരവും ദോഷകരവുമായ വശങ്ങൾ വിശകലനം ചെയ്ത് മുൻഗണനാക്രമങ്ങൾ നിശ്ചയിക്കാനുള്ള തത്ത്വമാണ് فِقْهُ الْمُوَازَنَاتِ. അധികാര ലബ്ധിക്കു വേണ്ടി പിഴച്ച കക്ഷികളെ കൂടെക്കൂട്ടാനുള്ള അടവു നയമായിട്ടാണ് അതിനെ രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കൾ ദുർവ്യാഖ്യാനിച്ചത്. അതിലൂടെ നന്മ കല്പിക്കുക, തിന്മ വിലക്കുക എന്ന അടിസ്ഥാന തത്ത്വം തന്നെ പൊളിച്ചടുക്കുകയും അതിന്റെ ആത്മാവ് ചോർത്തിക്കളയുകയും ചെയ്തു. ഒരാളുടെ തിന്മ ചൂണ്ടിക്കാണിക്കണമെങ്കിൽ അതേ അളവിൽ അയാളുടെ നന്മകളും എടുത്തു പറയണമെന്ന വ്യവസ്ഥ ഇസ്ലാമിക ശരീഅത്തിന് പരിചയമില്ലാത്ത കാര്യമാണ്. ഇതെല്ലാം നൂതനമായ അപനിർമ്മിതികളാണ്. അധികാര ലബ്ധിക്കു വേണ്ടിയുള്ള വിലകുറഞ്ഞ തട്ടിപ്പുകൾ മാത്രമാണ്. അതിൽ അവർ ഒട്ടും ആത്മാർത്ഥത കാണിക്കാറുമില്ല. ഉദാഹരണായി, അവർ അഹ്ലുസ്സുന്നഃയെ വിമർശിക്കുന്ന കാര്യമെടുക്കാം. അഹ്ലുസ്സുന്നഃയെ വിമർശിക്കുമ്പോൾ ഒരു ഇസ്ലാമിസ്റ്റും ഇന്നേ വരെ ഈ വക വ്യവസ്ഥകളോ മര്യാദകളോ പാലിച്ചുകണ്ടിട്ടില്ല. അവരുടെ ചെറിയ വീഴ്ചകൾ പോലും പർവ്വതീകരിക്കുകയാണ് ചെയ്യാറുള്ളത്. അവരുടെ ഒരു നന്മ പോലും കാണാനുള്ള സൗമനസ്യമോ ഹൃദയവിശാലതയോ അവർ കാണിക്കാറില്ലെന്നതാണു സത്യം.
എന്നാൽ ഇസ്ലാമിക മര്യാദകൾ പാലിച്ചുകൊണ്ടുള്ള വിമർശനത്തിന്റെ വ്യത്യസ്തമായ രണ്ടു മാതൃകകൾ മുകളിൽ കൊടുത്തിട്ടുണ്ട്. സത്യാന്വേഷികൾക്ക് അതിൽ മതിയായ ഗുണപാഠമുണ്ട്.