Quran explanation
ഹൂദ്,هُودٌസൂക്തം 112
Vol. 2 Page 1138
﴿فَاسْتَقِمْ كَمٰآ أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا ۚ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ ١١٢﴾
അതിനാൽ, താങ്കളോട് കല്പിക്കപ്പട്ട പ്രകാരം താങ്കളും താങ്കളോടൊപ്പം സത്യത്തിലേക്ക് മടങ്ങിയവരും നേർമാര്ഗ്ഗത്തില് നിലകൊള്ളുക. നിങ്ങള് പരിധി ലംഘിക്കരുത്. തീര്ച്ചയായും അവന് നിങ്ങള് പ്രവര്ത്തിക്കുന്നതെല്ലാം കാണുന്നവനാണ്. (112)
മേൽ സൂക്തത്തിൽ നബി ﷺയോട് അല്ലാഹു കല്പിക്കുന്നത് 'ഇസ്തിഖാമത്ത് ' കൈകൊള്ളാനാണ്; അതു തന്നെ അവൻ നിർദ്ദേശിക്കുന്ന പ്രകാരത്തിൽ. അല്ലാതെ, ഓരോരുത്തരും ഇഛിക്കുന്ന വിധത്തിലല്ല. ഇസ്ലാമിലെ ഏറെ സവിശേഷമായ ഒരു സംജ്ഞയാണ് ഇസ്തിഖാമഃ. ആദ്യമായി അതിന്റെ പ്രാധാന്യം മനസ്സിലാക്കാനുതകുന്ന ഒരു നബിവചനം താഴെ ഉദ്ധരിക്കാം: عَنْ سُفْيَانَ بْنِ عَبْدِ اللهِ الثَّقَفِيِّ، قَالَ: قُلْتُ: يَا رَسُولَ اللَّهِ! قُلْ لِي فِي الإِسْلَامِ قَوْلًا، لَا أَسْأَلُ عَنْهُ أَحَدًا بَعْدَكَ، قَالَ: «قُلْ آمَنْتُ بِاللهِ فَاسْتَقِمْ» [مسلم في صحيحه] [സുഫ്യാൻ ബിൻ അബ്ദില്ലാ അൽ ഥഖഫി ﵁ നിവേദനം. അദ്ദേഹം പറയുന്നു, ഞാൻ നബി ﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇസ്ലാമിനെ കുറിച്ച് എനിക്ക് ഒരു വചനം പറഞ്ഞു തരൂ - താങ്കൾക്ക് ശേഷം അതിനെ കുറിച്ച് എനിക്ക് ആരോടും ചോദിക്കേണ്ടി വരരുത്. അവിടുന്ന് പറഞ്ഞു: ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പ്രഖ്യാപിക്കുക. എന്നിട്ട് ഇസ്തിഖാമത്ത് പുലർത്തുകയും ചെയ്യുക.] (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ഒരാളുടെ ഇസ്ലാമിക ജീവിതത്തെ രണ്ടു കാര്യങ്ങളിൽ സംഗ്രഹിച്ചിരിക്കുകയാണിവിടെ - ഈമാനിലും ഇസ്തിഖാമത്തിലും.
ചർച്ചയിലിരിക്കുന്ന മേൽ സൂക്തത്തിലെ فَاسْتَقِمْ എന്ന പരാമർശവും كَمَا أُمِرْتَ എന്ന പ്രയോഗവും സവിശേഷ ശ്രദ്ധയർഹിക്കുന്നു. ആദ്യം ഇസ്തിഖാമത്തിനെ കുറിച്ച് തന്നെ വിശദീകരിക്കാം. ഇതേ പദം ഇതേ അർത്ഥത്തിൽ ഒന്നിലധികം സന്ദർഭങ്ങളിൽ ഖുർആനിൽ തന്നെ പ്രയോഗിച്ചിട്ടുണ്ട്. ഫുസ്സ്വിലത്ത് 30, അഹ്ഖാഫ് 13, ജിന്ന് 16 പോലുള്ള സൂക്തങ്ങൾ ഉദാഹരണം. എന്നാൽ ഈ ആശയത്തെ കുറിച്ച് വ്യവഹരിക്കാൻ ഹദീസുകളിൽ സദാദ് (سَدَادٌ) എന്ന മറ്റൊരു പദമാണ് പ്രയോഗിച്ചിരിക്കുന്നത്. ഇബ്നുൽ ഖയ്യിം ﵀ പറയുന്നത് കാണുക: وَالْمَطْلُوبُ مِنَ الْعَبْدِ الِاسْتِقَامَةُ، وَهِيَ السَّدَادُ، فَإِنْ لَمْ يَقْدِرْ عَلَيْهَا فَالْمُقَارَبَةُ، فَإِنْ نَزَلَ عَنْهَا فَالتَّفْرِيطُ وَالْإِضَاعَةُ، كَمَا فِي صَحِيحِ مُسْلِمٍ مِنْ حَدِيثِ أَبِي هُرَيْرَةَ ﵁ عَنِ النَّبِيِّ ﷺَ قَالَ: «سَدِّدُوا وَقَارِبُوا، وَاعْلَمُوا أَنَّهُ لَنْ يَنْجُوَ أَحَدٌ مِنْكُمْ بِعَمَلِهِ، قَالُوا: وَلَا أَنْتَ يَا رَسُولَ اللَّهِ؟ قَالَ: وَلَا أَنَا، إِلَّا أَنْ يَتَغَمَّدَنِيَ اللَّهُ بِرَحْمَةٍ مِنْهُ وَفَضْلٍ» فَجَمَعَ فِي هَذَا الْحَدِيثِ مَقَامَاتِ الدِّينِ كُلَّهَا، فَأَمَرَ بِالِاسْتِقَامَةِ، وَهِيَ السَّدَادُ وَالْإِصَابَةُ فِي النِّيَّاتِ وَالْأَقْوَالِ وَالْأَعْمَالِ. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين] [ഒരു അടിമയിൽനിന്നും അല്ലാഹു താൽപര്യപ്പെടുന്നത് ഇസ്തിഖാമത്ത് (اسْتِقَامَةٌ) പുലർത്തുകയെന്നതാണ്; അതു തന്നെയാണ് സദാദ് (سَدَادٌ). അതിന് അവനു സാധ്യമായില്ലെങ്കിൽ അതിന്റെ സമീപത്തെങ്കിലും എത്തുക. അതാണ് മുഖാറബഃ (مُقَارَبَةٌ). അതിലും താഴേക്ക് പോകുന്നത് അലംഭാവവും പാഴാക്കലുമായിരിക്കും. അപ്രകാരമാണ് ഇമാം മുസ്ലിം ﵀ അബൂ ഹുറയ്റഃ ﵁ൽനിന്ന് ഉദ്ധരിക്കുന്ന ഹദീസിലുള്ളത്. നബി ﷺ പറയുന്നു: «നിങ്ങൾ ലക്ഷ്യപ്രാപ്തിക്ക് ഉതകുന്ന മാർഗ്ഗം സ്വീകരിക്കുക, അല്ലെങ്കിൽ അതിന് അടുത്തെത്താനെങ്കിലും ശ്രമിക്കുക. അറിയുക! നിങ്ങളിൽ ഒരാളും തന്റെ കർമ്മം കൊണ്ട് രക്ഷപ്പെടുകയില്ല». അവർ ചോദിച്ചു: താങ്കൾ പോലും രക്ഷപ്പെടില്ലേ? അവിടുന്ന് പറഞ്ഞു: ഞാൻ പോലും - അല്ലാഹു അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് എന്നെ വലയം ചെയ്താലല്ലാതെ».
ഈ ഹദീസിൽ ദീനിന്റെ മുഴു സ്ഥാനങ്ങളും ഒരുമിച്ചു കൂട്ടിയിരിക്കുന്നു. ആദ്യം ഇസ്തിഖാമത്ത് കൈക്കൊള്ളാൻ ആജ്ഞാപിച്ചു. അതിന്റെ വിവക്ഷ ഒരാളുടെ ഉദ്ദേശ്യങ്ങൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവ അവയുടെ ലക്ഷ്യത്തിലെത്തലും, മുഴുകാര്യങ്ങളിലും മിതത്വം പാലിക്കലുമാണ്.] (ഇബ്നുൽ ഖയ്യിം മദാരിജുസ്സാലികീനിൽ രേഖപ്പെടുത്തിയത്)
ഇസ്തിഖാമത്തായാലും സദാദായാലും തത്തുല്യമായ മലയാള പദം കണ്ടെത്തി പരിഭാഷപ്പെടുത്തുക ദുഷ്കരമാണ്. അതിനാൽ അവ ഉൾക്കൊള്ളുന്ന അടിസ്ഥാന ആശയങ്ങൾ വിശദീകരിക്കാനേ നിവൃത്തിയുള്ളു.
ഒരു വ്യക്തി ഇസ്തിഖാമത്ത് കൈക്കൊണ്ടു, അല്ലെങ്കിൽ സദാദ് പുലർത്തി എന്ന് പറയണമെങ്കിൽ അയാളുടെ വാഗ്വിചാരകർമ്മങ്ങൾ മുഴുവനും തന്റെ ജീവിത ലക്ഷ്യം സഫലീകരിക്കാൻ ഉതകുന്നതും കുറിക്ക് കൊള്ളുന്നവയുമായിരിക്കണം. അവ ഒട്ടുമേ വക്രതയില്ലാത്തവയും ഋജുവുമായിരിക്കണം. അവ സുസ്ഥിരവും പിഴക്കാത്തവയുമായിരിക്കണം. പരിപാകവും മിതത്വവും അവയുടെ മുഖമുദ്രയായിരിക്കുകയും വേണം.
മേൽ ആശയങ്ങളിലേക്ക് വെളിച്ചം വീശുകയും അവയെ ശരിവെക്കുകയും ചെയ്യുന്ന നബിവചനങ്ങൾ ധാരാളമുണ്ട്. അവയിൽ ചിലത് താഴെ കൊടുക്കാം. ആദ്യമായി നബി ﷺ അലി ﵁വിന് പഠിപ്പിച്ചു കൊടുത്ത പ്രാർത്ഥനാ വാക്യങ്ങൾ കാണാം: قُلِ: اللَّهُمَّ اهْدِنِي وَسَدِّدْنِي، وَاذْكُرْ بالهُدَى هِدَايَتَكَ الطَّرِيقَ، وَالسَّدَادِ سَدَادَ السَّهْمِ. [مسلم في صحيحه عن علي﵁] [നീ പറയുക: (اللَّهُمَّ اهْدِنِي وَسَدِّدْنِي) 'അല്ലാഹുവേ, നീ എന്നെ നേർവഴി ചേർക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യണേ.' ഹുദാ (هُدَى) എന്ന ശബ്ദം കൊണ്ട് നീ ഓർക്കേണ്ടത് ശരിയായ വഴി കണ്ടെത്തുന്ന കാര്യമാണ്; സദാദ് (سَدَادٌ) കൊണ്ട് അമ്പ് ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതും.] (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
നബിചരിതങ്ങളിൽ പോലും മേൽ ആശയം സാധൂകരിക്കുന്ന പരാമർശങ്ങൾ കാണാം. ഉദാഹരണമായി, ഇബ്നുൽ ഖയ്യിം ﵀ നബി ﷺ ഉപയോഗിച്ചിരുന്ന സാമഗ്രികളെ കുറിച്ച് പറയുന്ന ഭാഗം ശ്രദ്ധിക്കുക. അവിടുന്ന് ആറ് വില്ലുകൾ ഉപയോഗിച്ചിരുന്ന കാര്യം ഉണർത്തിയ ശേഷം ഇപ്രകാരം തുടരുന്നു: وَكَانَتْ لَهُ قَوْسٌ تُسَمَّى السَّدَادَ [ابن القيم في زاد المعاد] [നബി ﷺക്ക് സദാദ് എന്ന് പേരുള്ള ഒരു വില്ലും ഉണ്ടായിരുന്നു. (അതിൽ വെച്ച് അസ്ത്രം പ്രയോഗിച്ചാൽ ലക്ഷ്യം തെറ്റില്ലെന്ന് ധ്വനി)] (ഇബ്നുൽ ഖയ്യിം സാദുൽ മആദിൽ രേഖപ്പെടുത്തിയത്)
ഒരു വിശ്വാസിക്ക് ഇസ്തിഖാമത്ത് അല്ലെങ്കിൽ സദാദ് വേണം എന്ന് പറയുമ്പോൾ അതു കൊണ്ട് അർത്ഥമാക്കുന്നത്, ഒന്നാമതായി അദ്ദേഹത്തിന്റെ വിശ്വാസം സുദൃഢമായിരിക്കണം എന്നാണ്. അതുപോലെ, തന്റെ നിലപാടുകളും പ്രവർത്തനങ്ങളും പരിപക്വവും സുസ്ഥിരവുമായിരിക്കണം; അവ പിഴക്കാത്തവയുമായിരിക്കണം എന്നാണ്. നബി ﷺ പറയുന്നത് കാണുക: عَنْ رِفَاعَةَ بْنِ عَرَابَةَ الْجُهَنِيِّ ﵁ عن النبي ﷺ قال: والذي نفْسُ محمدٍ بيدِهِ، ما من عبدٍ يؤمِنُ ثُمَّ يسدِّدُ إلَّا سُلِكَ به في الجنَّةِ. [الألباني في صحيح الجامع] [രിഫാഅഃ ബിൻ അറാബഃ അൽജുഹനി ﵁ നിവേദനം. നബി ﷺപറയുന്നു: എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം. സത്യവിശ്വാസം ഉൾക്കൊള്ളുകയും പിന്നീട് സദാദ് പുലർത്തുകയും ചെയ്യുന്ന ഏതൊരടിമയും അതുമുഖേന സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കില്ല.] (അൽബാനി സ്വഹീഹുൽ ജാമിഇൽ ഉൾപ്പെടുത്തിയത്)
ഇസ്തിഖാമത്ത് അല്ലെങ്കിൽ സദാദ് പ്രതിഫലിപ്പിക്കേണ്ടത് ആക്ഷേപത്തിന് ഇടം നൽകാത്ത, കൂടുകയോ കുറയുകയോ ചെയ്യാത്ത, തീവ്രതയോ ജീർണ്ണതയോ ബാധിക്കാത്ത നിലപാടുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ്. അബൂ ബക്ർ ﵁ നൽകിയ ഒരു മറുപടി ഈ വശം സുതരാം വ്യക്തമാക്കുന്നു. وسُئل عَنِ الإزَار فَقَالَ: «سَدِّدْ وقارِب» أَي اعَملْ بِهِ شَيْئًا لَا تُعاب عَلَى فِعْله، فَلَا تُفْرِط فِي إرْساله وَلَا تَشْمِيره. [ابن الأثير في النهاية في غريب الحديث] [അബൂ ബക്ർ ﵁നോട് ഉടുമുണ്ടിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞത്, നീ സദാദും മുഖാറബഃയും പാലിക്കുക എന്നാണ്. അഥവാ നീ സ്വീകരിക്കേണ്ടത്, യാതൊന്ന് ചെയ്തതിന്റെ പേരിൽ നീ ആക്ഷേപിക്കപ്പെടുകയില്ലയോ അതാണ്. അതിനാൽ ഉടുമുണ്ട് നീ അമിതമായി ഇറക്കിയുടുക്കുകയോ അധികമായി കേറ്റിവെക്കുകയോ ചെയ്യരുത്.] (ഇബ്നുൽ അഥീർ | അന്നിഹായ ഫീ ഗരീബിൽ ഹദീസ്)
ചുരുക്കത്തിൽ, മേൽ സൂക്തത്തിൽ പറഞ്ഞിരിക്കുന്ന ഇസ്തിഖാമത്ത് തന്നെയാണ് ഈ ഹദീസുകളിൽ പറഞ്ഞിരിക്കുന്ന സദാദ്. അവയുടെ പ്രായോഗിക രൂപം ഇബ്നു റജബ് ﵀ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്. അതു കൂടി വായിക്കുക: التسديد: هو إصابة الغرض المقصود، وأصله من تسديد السهم إذا أصاب الغرض المرمى إليه ولم يخطه، والمقاربة: أن يقارب الغرض وإن لم يصبه؛ لكن يكون مجتهدا على الإصابة، فيصيب تارة ويقارب تارة أخرى، أو تكون المقاربة لمن عجز عن الإصابة كما قال تعالى: ﴿فاتقوا الله ما استطعتم ١٦﴾ (التغابن) وقال النبي ﷺ: إذا أمرتكم بأمر فأتوا منه ما استطعتم. [ابن رجب في فتح الباري] [ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് കൊള്ളിക്കുന്നതിനാണ് തസ്ദീദ് (تَسْدِيدٌ) എന്ന് പറയുക. تَسْدِيدُ السَّهْمِ (അസ്ത്രം ലക്ഷ്യത്തിൽ കൊള്ളിക്കുക) എന്നതാണ് അടിസ്ഥാന പ്രയോഗം. അഥവാ ഉദ്ദേശിച്ച ലക്ഷ്യത്തിൽ അമ്പ് പതിച്ചു; അതിനപ്പുറത്തേക്ക് പോയില്ലെന്നു സാരം. ലക്ഷ്യത്തിൽ പതിച്ചില്ലെങ്കിലും അതിന്റെ അടുത്ത് എത്തുന്നതിനാണ് മുഖാറബഃ (مُقَارَبَةٌ) എന്നു പറയുന്നത്. പക്ഷെ, അയാൾ അത് ലക്ഷ്യത്തിൽ കൊള്ളിക്കാൻ കിണഞ്ഞു ശ്രമിക്കുന്നവനായിരിക്കണം. ചിലപ്പോൾ അത് ലക്ഷ്യത്തിൽ കൊള്ളുകയും ചിലപ്പോൾ ലക്ഷ്യത്തിനടുത്ത് മാത്രം എത്തുകയും ചെയ്തേക്കാം. അല്ലെങ്കിൽ മുഖാറബഃ (مُقَارَبَةٌ) എന്നത് ലക്ഷ്യത്തിൽ കൊള്ളിക്കാൻ കഴിയാത്തവർക്കുള്ള സാധ്യതയുമാകാം. അല്ലാഹു പറഞ്ഞതു പോലെ, «നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക» (തഗാബുൻ 16). നബി ﷺ പറയുന്നു: «ഞാൻ ഒരു കാര്യം നിങ്ങളോട് കല്പിച്ചാൽ അതിൽനിന്ന് നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങൾ നിർവ്വഹിക്കുക».] (ഇബ്നു റജബ് ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയത്)
ചുരുക്കത്തിൽ, സത്യവിശ്വാസം ഉൾക്കൊണ്ട ഒരു വ്യക്തി തന്റെ ജീവിതത്തിലുടനീളം ഇസ്തിഖാമത്ത് പുലർത്തണം. ഇസ്തിഖാമത്ത് തന്നെയാണ് ഹദീസുകളിൽ പരാമർശിക്കപ്പെട്ട സദാദ്. അതിന്റെ വിവക്ഷ വിശ്വാസ ദാർഢ്യത്തോടൊപ്പം ഒരാൾ തന്റെ വാഗ്വിചാരകർമ്മങ്ങളെ ലക്ഷ്യപ്രാപ്തിക്ക് ഉതകും വിധം ചിട്ടപ്പെടുത്തുക എന്നുള്ളതാണ്. തന്റെ നിലപാടുകളിലും പ്രവർത്തനങ്ങളിലും അത് പ്രതിഫലിക്കണം. അഥവാ അവ വക്രതയില്ലാതെ ഋജുവായിത്തീരണം, പിഴക്കാത്തതും സുസ്ഥിരവുമായിരിക്കണം, മിതവും പരിപക്വവുമായിരിക്കണം എന്നു സാരം.
ചുരുക്കത്തിൽ തൗഹീദ് അംഗീകരിക്കുന്ന ഒരു വ്യക്തി 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന സാക്ഷ്യവചനം പ്രഖ്യാപിക്കുന്നതിലൂടെ ശിർക്കെന്ന മഹാ അപരാധത്തിന്റെ അടിത്തറ പൊളിച്ചെറിയുന്നു. പാപമോചനത്തിനു വേണ്ടിയുള്ള ഇസ്തിഗ്ഫാർ അവശേഷിക്കുന്ന മറ്റു പാപങ്ങൾക്കുള്ള പരിഹാരമായി വർത്തിക്കുന്നു. ഇസ്തിഖാമത്ത് അവനെയും കൊണ്ട് അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് ഉയരുന്നു. അതു കൊണ്ടാണ് ഇസ്തിഖാമത്ത് മിക്കപ്പോഴും ഈമാനിന്റെയും ഇസ്തിഗ്ഫാറിന്റെയും കൂടെ ചേർത്തു പറയുന്നത്. ഉദാഹരണമായി അല്ലാഹു പറയുന്നത് കാണുക: ﴿قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَٱسْتَقِيمُوٓا إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَ ٧﴾ (فصلت) [പറയുക: ഞാനും നിങ്ങളെ പോലുള്ള ഒരു മനുഷ്യൻ മാത്രമാണ് - ന്യായമായും നിങ്ങൾ ആരാധിക്കേണ്ടവൻ ഒരേ ഒരു ആരാധ്യൻ മാത്രമാണ് എന്ന ബോധനം ലഭിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് ഇസ്തിഖാമത്തോടെ മുന്നേറുക, അവനോട് പാപമോചനത്തിന് യാചിക്കുകയും ചെയ്യുക. നരകത്തിൽ ഭീകരമായ സ്ഥാനമാണ് മുശ്രിക്കുകൾക്കുണ്ടായിരിക്കുക.] (ഫുസ്സ്വിലത് 7)
മുകളിൽ വർണ്ണിച്ച ഇസ്തിഖാമത്ത് ഓരോരുത്തനും താൻ ഇഛിക്കുന്ന വിധത്തിലല്ല നടപ്പിലാക്കേണ്ടത്. മറിച്ച്, അല്ലാഹു നിശ്ചയിച്ച വിധത്തിൽ മാത്രമായിരിക്കണം. അതാണ് ﴿كَمَا أُمِرْت﴾ എന്ന ഭാഗംനിർദ്ദേശിക്കുന്നത്. അല്ലാഹുവിനെ സൂക്ഷിക്കുന്നതും അവനു ഇബാദത്ത് ചെയ്യുന്നതും അവൻ കല്പിച്ച വിധത്തിലല്ലാതെ, മനുഷ്യർ ഉദ്ദേശിക്കുന്ന പ്രകാരത്തിലാണെങ്കിൽ അതിനാണ് ദീനിൽ ബിദ്അത്ത് അഥവാ അപനിർമ്മിതി എന്ന് പറയുന്നത്.
അല്ലാഹുവിന്റെ ദീൻ അവൻ തന്നെ പൂർത്തീകരിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അല്ലാഹു പറയുന്നു: ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًاۚ... ٣﴾ (المائدة) [ഇന്നേ ദിവസം നിങ്ങളുടെ ദീൻ നിങ്ങൾക്ക് ഞാൻ പൂർത്തീകരിച്ച് തരുകയും എന്റെ അനുഗ്രഹം നിങ്ങളുടെമേൽ ഞാൻ സമ്പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു.] (മാഇദഃ 3)
അല്ലാഹു പൂർത്തീകരിച്ച അവന്റെ ദീനിൽ, പുണ്യമെന്നു കരുതി സൃഷ്ടികളാരെങ്കിലും നൂതനമായി വല്ലതും കൂട്ടിച്ചേർത്താൽ അതിനാണ് ബിദ്അത്ത് എന്ന് പറയുന്നത്. ഇമാം ശാത്വബി ﵀ ബിദ്അത്തിനെ നിർവ്വചിക്കുന്നത് കാണുക: الْبِدْعَةُ: طَرِيقَةٌ فِي الدِّينِ مُخْتَرَعَةٌ، تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا مَا يُقْصَدُ بِالطَّرِيقَةِ الشَّرْعِيَّةِ. [الشاطبي في الاعتصام] [ശർഇയ്യായ രീതിയോട് കിടപിടിക്കും വിധം ദീനിൽ നിർമ്മിക്കുന്ന നൂതന രീതിയാണ് ബിദ്അത്ത്. ശർഇയായ രീതി കൊണ്ട് ഉദ്ദേശിക്കുന്നതെന്തോ അതു തന്നെയായിരിക്കും അത് അനുവർത്തിക്കുന്നതിലൂടെയും ഉദ്ദേശിക്കുക.] (ശാത്വബി കിതാബുൽ ഇഅ്തിസ്വാമിൽ രേഖപ്പെടുത്തിയത്)
അല്ലാഹുവിന് സമർപ്പിക്കുന്ന ഏതൊരു ആരാധനയും സ്വീകാര്യയോഗ്യമായ ഒരു പ്രമാണരേഖയെ അവലംബിച്ചുള്ളതായിരിക്കണം. അല്ലെങ്കിൽ അത് ബിദ്അത്തായിത്തീരും. ആരാധനാ കർമ്മങ്ങൾ സ്ഥിരീകരിക്കുന്നതിന് ഇസ്ലാമിൽ സവിശേഷമായ ഒരു രീതിയുണ്ട്. സാമാന്യമായ തെളിവ് (الدَّلِيلُ العَامُّ) കൊണ്ട് ഒരു ആരാധനയുടെ അടിസ്ഥാന വശം (أَصْلُ الْعِبَادَةِ) മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. ഉദാഹരണമായി﴿وَأَقِيمُوا الصَّلَاةَ.. ٤٣﴾ (البقرة) എന്ന വചനം കൊണ്ട് നമസ്കാരം എന്ന ഒരു ആരാധനാ കർമ്മം ഇസ്ലാമിലുണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിക്കും. എന്നാൽ നമസ്കാരം എന്ന ആ ആരാധനയുടെ രൂപവും വിശദാംശങ്ങളും സ്ഥിരീകരിക്കാൻ സവിശേഷമായ തെളിവ് (الدَّلِيلُ الْخَاصُّ) തന്നെ വേണം.
ഒരു ആരാധനയുടെ അടിസ്ഥാനം തന്നെ ഇസ്ലാമിലുണ്ടെന്ന് തെളിയിക്കാനാവശ്യമായ തെളിവ് പാളിയാൽ അത് തനിച്ച നിരപേക്ഷ ബിദ്അത്ത് (بِدْعَةٌ حَقِيقِيَّةٌ) ആയിത്തീരും. ആരാധനയുടെ വിശദാംശങ്ങളും രൂപങ്ങളും സംബന്ധിച്ചുള്ള തെളിവുകളിലാണ് പാളിച്ച സംഭവിച്ചതെങ്കിൽ അത് ആപേക്ഷിക ബിദ്അത്തും (بِدْعَةٌ إِضَافِيَّةٌ) ആയിത്തീരും.
ഇമാം ശാത്വബി ﵀ ബിദ്അത്തിനു നൽകിയ മേൽ നിർവ്വചനം സമഗ്രവും സമീകൃതവുമാണ്. അതിന് പൗരാണികരുടെ ശൈലിയും പാണ്ഡിത്യത്തിന്റെ ഗഹനതയുമുണ്ട് എന്ന് പറയാതെ വയ്യ. കൂടുതൽ ലളിതവും ആധുനികവുമായ ശൈലിയിൽ പലരും അതിനെ പുനരാഖ്യാനം ചെയ്തിട്ടുള്ളത് താഴെ കൊടുക്കാം.
كل ما أُحدث بقصد التعبد لله - عز وجل - ولم يقم عليه دليل، أصلاً أو وصفاً
[ഒരു ആരാധനയുടെ അടിസ്ഥാനത്തെ തന്നെ സ്ഥിരീകരിക്കാനാവശ്യമായതോ, അല്ലെങ്കിൽ അതിന്റെ വിശദാംശങ്ങളെയോ രൂപങ്ങളെയോ സ്ഥിരീകരിക്കാനാവശ്യമായതോ ആയ തെളിവില്ലാതെ അല്ലാഹുവിന് കീഴ്പ്പെടുക എന്ന ഉദ്ദേശ്യത്തോടു കൂടി ദീനിൽ നൂതനമായി നിർമ്മിക്കപ്പെടുന്ന കാര്യമാണ് ബിദ്അത്ത്.]
ബിദ്അത്തിന്റെ നിർവ്വചനത്തിന് ഇവിടെ (أصلاً أو وصفاً) എന്ന അധിക വിശേഷണം ചേർത്തിരിക്കുന്നത് അതിന് കൂടുതൽ ആശയ വ്യക്തതയും ഭദ്രതയും ലഭിക്കാൻ വേണ്ടിയാണ്. അത് ചേർക്കാതെ തന്നെ നിർവ്വചനം പൂർണ്ണമാണെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ നിരപേക്ഷമായ ബിദ്അത്തുകളെയും (بِدْعَةٌ حَقِيقِيَّةٌ) ആപേക്ഷികമായ ബിദ്അത്തുകളെയും (بِدْعَةٌ إِضَافِيَّةٌ) വ്യവഛേദിച്ചു കാണിക്കാനും അവ രണ്ടിനെയും ഒരു പോലെ നിർവ്വചന പരിധിയിൽ ഉൾപ്പെടുത്താനും അത് ആവശ്യമാണ് താനും.
ദീനിൽ അപനിർമ്മിതികൾ ഉണ്ടാക്കുന്നവർ മിക്കപ്പോഴും ഏതെങ്കിലും തരത്തിലുള്ള തെളിവുകളിൽ കടിച്ചു തൂങ്ങുക സ്വാഭാവികമാണ്. തങ്ങൾ ശരീഅത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നില്ല, ശർഇന് അനുസൃതമായി മാത്രമേ പ്രവർത്തിക്കുന്നുള്ളു എന്ന് വരുത്തിത്തീർക്കേണ്ടത് അവരുടെ ആവശ്യമാണ്. തെളിവിന്റെ മുഖംമൂടിയണിഞ്ഞ് മാത്രമേ അവർക്ക് രംഗത്ത് വരാനും പാമരജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും സാധിക്കുകയുള്ളു.
ബിദ്അത്തുകാർ മിക്കപ്പോഴും അവലംബിക്കുന്നത് ദീനിൽ തെളിവായി പരിഗണിക്കാത്ത കാര്യങ്ങളെയായിരിക്കും. ആരോ കണ്ട സ്വപ്നം, ആർക്കോ ഉണ്ടായ അനുഭവം, വ്യാജസിദ്ധന്മാരുടെ വെളിപാടുകൾ, ഉപദേശങ്ങൾ മുതലായവ ഉദാഹരണം.
അല്ലെങ്കിൽ, സ്വീകാര്യയോഗ്യമല്ലാത്ത ഉദ്ധരണികൾ, വിദൂരമായ വ്യാഖ്യാന സാധ്യതകൾ, ഒറ്റപ്പെട്ട അഭിപ്രായങ്ങൾ പോലുള്ള ദുർബ്ബലമായ ചില കച്ചിത്തുരുമ്പുകളിലായിരിക്കും അവർ കടിച്ചു തൂങ്ങുക.
അതുമല്ലെങ്കിൽ സാമാന്യമായ തെളിവുകളുടെ മറവിൽ നിർമ്മിക്കപ്പെടുന്ന നൂതനമായ രീതികളും ശൈലികളുമായിരിക്കും അവർ കൊണ്ടുനടക്കുന്നത്. ഇത്തരം ആപേക്ഷിക ബിദ്അത്തുകൾ പാമര ജനങ്ങളെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കും.
ഉദാഹരണമായി, അല്ലാഹുവിനുള്ള ദിക്ർ ദീനിലുള്ളതാണ്. ദിക്ർ ചൊല്ലാൻ ഹൽഖഃ ഉണ്ടാക്കുക എന്ന പുതിയ രീതി ദീനിലില്ലാത്തതാണ്; അത് ബിദ്അത്താണ്.
നബി ﷺയെ സ്നേഹിക്കുക എന്നത് ദീനിലുള്ളതാണ്. നബി ﷺയെ സ്നേഹിക്കാൻ മൗലിദ് കഴിക്കുക എന്ന നൂതന രീതി പിന്നീട് കടത്തിക്കൂട്ടിയതാണ്; അത് ബിദ്അത്തുമാണ്.
ദഅ്വത്ത് ദീനിലുള്ളതാണ്. ദഅ്വത്ത് നടത്താൻ സംഘടനയുണ്ടാക്കുക എന്നത് ദീനിലില്ലാത്ത പുതിയ കണ്ടുപിടുത്തമാണ്; അതു കൊണ്ടു തന്നെ അത് ബിദ്അത്തുമാണ്.
ഒരു കാര്യം നബി ﷺ അനുഷ്ഠിച്ച് കാണിച്ചു തന്നിട്ടുണ്ടെങ്കിൽ ആ പ്രവർത്തനം സുന്നത്താണ് (سُنَّةٌ فِعْلِيَّة). അതു പോലെ, ഒരു കാര്യം ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും അവിടുന്ന് വർജ്ജിച്ചിട്ടുണ്ടെങ്കിൽ ആ പരിവർജ്ജനവും (سُنَّةٌ تَرْكِيَّة) സുന്നത്താണ്. ഇതിന് അഭിമുഖമായി, നബി ﷺ ചെയ്തു കാണിച്ച ഒരു കാര്യം പുണ്യമാണെന്നു കരുതി വർജ്ജിക്കുന്നത് ബിദ്അത്തായിത്തീരും. അതേ പോലെ, അവിടുന്ന് ഉപേക്ഷിച്ച കാര്യം പുണ്യമാണെന്നു കരുതി ചെയ്താൽ അതും ബിദ്അത്തു തന്നെ. ആരാധന, ആരാധനയുടെ രൂപഭാവങ്ങൾ, ഇടപാടുകൾ, പതിവു ചര്യകൾ, സമ്പ്രദായങ്ങൾ ഇവയിലെല്ലാം ബിദ്അത്ത് കടന്നുവരാവുന്നതാണ്. അല്ലാഹുവിന് വഴിപ്പെടാനായി, പുണ്യമാണെന്ന് കരുതിക്കൊണ്ട് യാതൊന്ന് പ്രവർത്തിക്കുന്നതിനും ഉപേക്ഷിക്കുന്നതിനും പ്രമാണരേഖ അല്ലെങ്കിൽ നബി ﷺയുടെ മാതൃക അനിവാര്യമാണെന്നു സാരം. അല്ലാത്ത പക്ഷം അത് ബിദ്അത്തായിത്തീരും.
അല്ലാഹു ദീൻ പൂർത്തീകരിച്ച് തന്നതിനു ശേഷം ആരെങ്കിലും നൂതനമായ വല്ലതും അതിലേക്ക് കൂട്ടിച്ചേർക്കുകയും അത് പുണ്യമാണെന്ന് കരുതുകയും ചെയ്യുന്ന പക്ഷം അവൻ ഉയർത്തുന്നത് അതീവ ഗുരുതരമായ ആരോപണങ്ങളാണ്. എത്രത്തോളം മാരകമായ പാതകമാണ് തങ്ങൾ ചെയ്യുന്നത് എന്ന് ബിദ്അത്തുകാർ ഓർമ്മ വെക്കാൻ വേണ്ടി അവയിൽ ചിലത് താഴെ കൊടുക്കാം.
1. അല്ലാഹുവിന്റെ ദീനിൽ മതവിധികളും നിയമങ്ങളും നിർമ്മിക്കാൻ തനിക്ക് അവകാശമുണ്ടെന്നാണ് ഒരു ബിദ്അത്തുകാരൻ വരുത്തിത്തീർക്കുന്നത്. അത് അല്ലാഹുവിന് സമന്മാരെയും പങ്കാളികളെയും നിശ്ചയിക്കുന്ന ശിർക്കിലാണ് എത്തിപ്പെടുക. അല്ലാഹു ചോദിക്കുന്നു: ﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللهُ ۚ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ ۗ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ٢١﴾ (الشُّورىٰ) [അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി നിശ്ചയിച്ചു കൊടുക്കുന്ന വല്ല പങ്കാളികളും അവര്ക്കുണ്ടോ? വിധിനിർണ്ണയത്തിന്റെ വചനമില്ലായിരുന്നുവെങ്കിൽ അവര്ക്കിടയില് തീർപ്പ് ഉടനടി നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. തീര്ച്ചയായും അക്രമികൾക്ക് വേദനയേറിയ ശിക്ഷയാണുള്ളത്.] (ശൂറാ 21)
2. അല്ലാഹുവിന്റെ അമീനായ ദൂതൻ മുഹമ്മദ് നബി ﷺതന്റെ ദൗത്യനിർവ്വഹണത്തിൽ വഞ്ചന കാണിച്ചു എന്നാണ് ഒരു ബിദ്അത്തുകാരൻ വരുത്തിത്തീർക്കുന്നത്. അല്ലാഹു ദീൻ പൂർത്തീകരിച്ചു കൊടുത്തിട്ട് അത് മുഴുവനായി ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാതെ ചിലത് മറച്ചുവെച്ചു. അതു കൊണ്ടാണ് അതിലേക്ക് നൂതനമായ കാര്യങ്ങൾ ചേർക്കേണ്ടി വരുന്നത്. നബി ﷺയെ കുറിച്ച് ഉന്നയിക്കാവുന്ന ഏറ്റവും കടുത്ത ആരോപണമത്രെ ഇത്. ഇമാം മാലിക് ﵀ പറയുന്നത് കാണുക: قال ابن الماجشون: سمعت مالكا يقول: مَن ابتدع في الإسلام بدعة يراها حسنة فقد زعم أنَّ محمداً خان الرسالة؛ لأنَّ الله يقول: الْيَوْمَ أَكْمَلْتُ لَكُمْ دِينَكُم فما لَم يكن يومئذ ديناً فلا يكون اليوم ديناً. [الاعتصام للشاطبي] [ഇബ്നുൽ മാജിശൂൻ പറയുന്നു, ഇമാം മാലിക് ﵀ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ആരെങ്കിലും ഇസ്ലാമിൽ നൂതനമായ ഒരു അപനിർമ്മിതി നടത്തുകയും അതിനെ പുണ്യമായി കാണുകയും ചെയ്യുന്നുവെങ്കിൽ മുഹമ്മദ് നബി ﷺ തന്റെ ദൗത്യനിർവ്വഹണത്തിൽ വഞ്ചന കാണിച്ചു എന്നാണയാൾ വാദിക്കുന്നത്. കാരണം അല്ലാഹു പറയുന്നു: «ഇന്നേ ദിവസം നിങ്ങളുടെ ദീൻ ഞാൻ നിങ്ങൾക്ക് പൂർത്തീകരിച്ചു തന്നിരിക്കുന്നു». അന്ന് ദീൻ അല്ലാത്ത ഒരു കാര്യവും ഇന്ന് ദീനായിരിക്കാൻ നിർവ്വാഹമില്ല.] (ശാത്വബി ഇഅ്ത്വിസ്വാമിൽ ഉദ്ധരിച്ചത്)
3. ബിദ്അത്തുകാർ സത്യദീനിന്റെ പരിശുദ്ധി തകർത്ത് അതിനെ കളങ്കപ്പെടുത്തുകയും ദുഷിപ്പിക്കുകയും ചെയ്യുന്നു. അന്ത്യനാൾവരെയുള്ള ജനതതികൾക്ക് ദീനായി അല്ലാഹു തൃപ്തിപ്പെട്ട ഇസ്ലാമിൽ അവരവരുടെ അഭീഷ്ടമനുസരിച്ച് ഭേദഗതികൾ കൊണ്ടുവരുകയും മാറ്റത്തിരുത്തലുകൾ വരുത്തുകയും ചെയ്യുകയാണവർ. അന്ത്യനാളിൽ ഹൗളുൽ കൗഥറിൽനിന്ന് പാനം ചെയ്യാൻ പോലും അനുവദിക്കാതെ അവരെ ആട്ടിയകറ്റും എന്നുള്ളതാണ് അതിന്റെ ഫലം. നബി ﷺ പറയുന്നത് കാണുക: عَنْ أَنَسٍ، عَنِ النَّبِيِّ ﷺ قَالَ: «لَيَرِدَنَّ عَلَيَّ نَاسٌ مِنْ أَصْحَابِي الْحَوْضَ، حَتَّى عَرَفْتُهُمُ اخْتُلِجُوا دُونِي، فَأَقُولُ: أصيحابي؟ فَيَقُولُ: لَا تَدْرِي مَا أَحْدَثُوا بَعْدَكَ» [البخاري في صحيحه] [അനസ് ﵁ നിവേദനം. നബി ﷺ പറയുന്നു: എന്റെ അനുയായികളിൽ പെട്ട ഒരു പറ്റം ആളുകൾ ഹൗളിനരികിൽ വെച്ച് എന്നെ സമീപിക്കുക തന്നെ ചെയ്യും. ഞാൻ അവരെ തിരിച്ചറിയുമ്പോഴേക്കും അവരെ എന്റെയടുക്കൽനിന്നും പിടിച്ചു മാറ്റപ്പെടും. എന്റെ കൊച്ചനുചരന്മാർ എന്ന് ഞാൻ അപ്പോൾ പറയും. അപ്പോൾ എന്നോട് പറയുക, നിന്റെ കാലശേഷം അവർ എന്തെല്ലാം നൂതന കാര്യങ്ങളാണ് ഉണ്ടാക്കിയതെന്ന് നിനക്കറിയില്ല എന്നായിരിക്കും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
ഇമാം മുസ്ലിം ﵀യുടെ രിവായത്തിൽ, «എന്റെ കാലശേഷം മാറ്റത്തിരുത്തലുകൾ വരുത്തിയവർ ദൂരേ, ദൂരേ! എന്ന് ഞാൻ അപ്പോൾ പറയും» എന്നു കൂടിയുണ്ട്.
അവിടുന്ന് ഇപ്രകാരം കൂടി പറഞ്ഞു: عَنْ عَائِشَةَ ﵂ قَالَتْ: قَالَ رَسُولُ اللَّهِ ﷺ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ» [البخاري في صحيحه] [ആയിശഃ ﵂ നിവേദനം. നബി ﷺ പറയുന്നു: നമ്മുടെ ഇക്കാര്യത്തിൽ അതിലില്ലാത്തത് ആരെങ്കിലും നൂതനമായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
4. അഭീഷ്ടങ്ങളും അപനിർമ്മിതികളും സമുദായത്തെ ഭിന്നിപ്പിക്കും. മുസ്ലിം സമുദായത്തിൽ ഇതഃപര്യന്തം സംഭവിച്ചിട്ടുള്ള ഭിന്നതകൾക്കു കാരണം ബിദ്അത്തുകളല്ലാതെ മറ്റൊന്നുമല്ല. ബിദ്അത്തുകളുടെ കൂടെപ്പിറപ്പാണ് ഭിന്നത. അവയുടെ അനിവാര്യ ഫലമാണ് മതത്തിന്റെ പേരിലുള്ള കക്ഷിത്വവും ചേരിതിരിവും. ഇക്കാര്യം നബി ﷺ തന്നെ ഉണർത്തിയിട്ടുള്ളതുമാണ്.
عن أبي عامر الهوزني، أنه حج مع معاوية ﵁ فسمعه يقول: قام فينا رسول الله ﷺ يوما فذكر: «أن أهل الكتاب قبلكم تفرقوا على اثنتين وسبعين فرقة في الأهواء، ألا ! وإن هذه الأمة ستفترق على ثلاث وسبعين فرقة في الأهواء، كلها في النار؛ إلا واحدة، وهي الجماعة، ألا ! وإنه يخرج في أمتي قوم يهوون هوى، يتجارى بهم ذلك الهوى كما يتجارى الكلب بصاحبه، لا يدع منه عرقا ولا مفصلا إلا دخله» [ابن أبي عاصم في السنة وصححه الألباني]
[അബൂ ആമിർ അൽഹൗസനി നിവേദനം. അദ്ദേഹം മുആവിയഃ ﵁ ന്റെ കൂടെ ഹജ്ജ് നിർവ്വഹിക്കുകയുണ്ടായി. അപ്പോൾ മുആവിയഃ ﵁ ഇപ്രകാരം പറയുന്നത് കേട്ടു: ഒരിക്കൽ നബി ﷺ ഞങ്ങളുടെ മുന്നിൽ എഴുന്നേറ്റുനിന്നു. എന്നിട്ട് പറഞ്ഞു: നിങ്ങളുടെ മുമ്പുള്ള ഗ്രന്ഥാവകാശികൾ അഭീഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് എഴുപത്തിരണ്ടു കക്ഷികളായി പിരിഞ്ഞത്. അറിയുക! ഈ സമുദായവും അഭീഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ എഴുപത്തി മൂന്ന് കക്ഷികളായിത്തീരും. അവരൊക്കെയും നരകത്തിലായിരിക്കും, ഒന്നൊഴികെ. അവരാണ് അൽജമാഅഃ. അറിയുക! ഈ സമുദായത്തിൽ അഭീഷ്ടങ്ങൾ വെച്ചുപുലർത്തുന്ന ഒരു കൂട്ടർ വരാനിരിക്കുന്നു. പേവിഷം ബാധിച്ചവനിൽ അതു പരക്കുന്നതുപോലെ ആ അഭീഷ്ടങ്ങൾ അവരിൽ പടർന്നുപിടിക്കും. അത് കടന്നുചെല്ലാത്ത ഒരു സിരയോ സന്ധിയോ അവനിൽ അവശേഷിക്കുകയില്ല.] (ഇബ്നു അബീ ആസിം സുന്നഃയിൽ ഉദ്ധരിച്ചത്)
ബിദ്അത്തുകൾ അല്ലാഹുവിന്റെ ദീൻ കളങ്കപ്പെടുത്തുകയും സമുദായത്തെ ഭിന്നിപ്പിക്കുകയും ചെയ്യുമെന്നതിനാൽ നബി ﷺഅതിനെ കുറിച്ച് നിരന്തരം താക്കീത് ചെയ്തുകൊണ്ടിരുന്നു. സമൂഹത്തിൽ അപനിർമ്മിതിയുടെയും കൃതിപ്പിന്റെയും ഒരു നാമ്പുപോലും പ്രത്യക്ഷപ്പെടുകയോ, ആരെങ്കിലും ബിദ്അത്തുകളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യാത്ത കാലത്തായിരുന്നു അത് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. തന്റെ അനുചരന്മാരെ അഭിസംബോധന ചെയ്യുമ്പോഴെല്ലാം ആമുഖമായി അവിടുന്ന് ഇപ്രകാരം പറഞ്ഞുകൊണ്ടേയിരുന്നു: «وَشَرُّ الْأُمُورِ مُحْدَثَاتُهَا، وَكُلُّ بِدْعَةٍ ضَلَالَةٌ» [مسلم في صحيحه] [തീർച്ചയായും നൂതനനിർമ്മിതികളാണ് ഏറ്റവും ദോഷകരമായ കാര്യം. മാതൃകയില്ലാത്ത എല്ലാ അപനിർമ്മിതികളും വഴികേടാണ്.](മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
5. ബിദ്അത്തുകാർക്ക് അല്ലാഹു തൗബഃ തടഞ്ഞിരിക്കുന്നു. അവർ സന്മാർഗ്ഗത്തിലേക്ക് മടങ്ങാനുള്ള സാധ്യതയില്ല. കാരണം, തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് തെറ്റല്ല, പുണ്യമാണെന്ന് കരുതുന്നവർ അതിൽനിന്ന് എങ്ങനെ മടങ്ങാനാണ്? നബി ﷺ പറയുന്നത് കാണുക: عن أنس، عن النبي ﷺَ قال: «إن اللَّه احتجز التوبة عن صاحب بدعة» [الطبراني في الأوسط وصححه الألباني] [അനസ് ﵁ നിവേദനം. നബി ﷺ പറയുന്നു: നിശ്ചയമായും അല്ലാഹു ബിദ്അത്തുകാരനിൽനിന്നും തൗബഃ തടഞ്ഞ് വെച്ചിരിക്കുന്നു.] (ത്വബറാനി ഔസത്വിൽ ഉദ്ധരിച്ചത്)
അഭീഷ്ടങ്ങളും അപനിർമ്മിതികളുമായി നടക്കുന്നവർക്ക് അല്ലാഹു തൗബഃ മുടക്കിയിരിക്കുന്നു എന്നു പറഞ്ഞതിന്റെ വിവക്ഷ എന്താണ്? ഇമാം അഹ്മദ് ﵀യോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി കാണുക: فقال أحمد: لا يوفق ولا ييسر صاحب بدعة لتوبة. [الجامع لعلوم الإمام أحمد] [അപ്പോൾ ഇമാം അഹ്മദ് ﵀ പറഞ്ഞു: ബിദ്അത്തുകാരന് തൗബഃക്കുള്ള തൗഫീഖ് ലഭിക്കുകയോ, മടക്കം അവന് സുഗമമാക്കപ്പെടുകയോ ഇല്ല.] (അൽജാമിഅ് ലി ഉലൂമിൽ ഇമാം അഹ്മദ്)
അതു കൊണ്ടു തന്നെ ഇബ്ലീസിന് ധിക്കാരങ്ങളെക്കാൾ പ്രിയം ബിദ്അത്തുകളോടാണ്. സുഫ്യാൻ അൽഥൗരി ﵀ പറയുന്നു: عَنْ يَحْيَى بْنِ الْيَمَانِ، قَالَ: سَمِعْتُ سُفْيَانَ الثَّوْرِيَّ يَقُولُ: «الْبِدْعَةُ أَحَبُّ إِلَى إِبْلِيسَ مِنَ الْمَعْصِيَةِ، وَالْمَعْصِيَةُ يُتَابُ مِنْهَا، وَالْبِدْعَةُ لَا يُتَابُ مِنْهَا» [اللالكائي في شرح أصول اعتقاد أهل السنة والجماعة] [യഹ്യാ ബിൻ അൽ യമാൻ പറയുന്നു, സുഫ്യാൻ അൽഥൗരി ﵀ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ധിക്കാരത്തെക്കാൾ ഇബ്ലീസിനു പ്രിയം ബിദ്അത്തിനോടാണ്. ധിക്കാരത്തിൽനിന്ന് പശ്ചാത്തപിച്ചു മടങ്ങാം. എന്നാൽ ബിദ്അത്തുകളിൽനിന്ന് പശ്ചാത്തപിച്ചു മടങ്ങുകയില്ലല്ലോ.] (അല്ലാലകാഈ | ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ലിസ്സുന്നത്തി വൽ ജമാഅഃ)
അതിനാൽ ഒരു അടിയൻ ചെയ്യേണ്ടത് ആദ്യമായി സത്യവിശ്വാസം ഉൾക്കൊള്ളുക. വിശ്വാസത്തിൽ ദാർഢ്യം കൈവരിക്കുക. ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഉതകുന്ന വിധം ഇസ്തിഖാമത്തിലും സദാ ദിലും ഉറച്ചു നിൽക്കുക. ദീനിൽ അപനിർമ്മിതികളോ നൂതന കാര്യങ്ങളോ ഉണ്ടാക്കാതെ അല്ലാഹു കല്പിച്ച, അവന്റെ ദൂതനായ മുഹമ്മദ് നബി ﷺ അറിയിച്ചു തന്ന പ്രകാരത്തിൽ മാത്രം അവനെ സൂക്ഷിച്ച്, അവന് ഇബാദത്ത് ചെയ്ത് ജീവിക്കുക. നൈമിഷികമായ ഐഹിക ജീവിതത്തിലെ പരീക്ഷണങ്ങളിൽ വിജയിച്ച് നിത്യസൗഭാഗ്യം കരസ്ഥമാക്കുക. അതിന് അല്ലാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകട്ടെ, ആമീൻ.