Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നഹ്ൽ,النَّحْلُസൂക്തം 98

Vol. 2 Page 1232

﴿فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ ٩٨﴾

നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് കാവൽ തേടുക. (98)

അല്ലാഹുവിലേക്കുള്ള യാത്രയിൽ ബഹുമുഖമായ വെല്ലുവിളികളാണ് മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നത്. അതിലൊന്ന് മനുഷ്യാസ്‌തിത്വത്തിൽ തന്നെ നിഹിതമായിട്ടുള്ള ദുഷ്ടതയാണ്. അല്ലാഹു പറയുന്നു: ﴿وَنَفْسٍ وَمَا سَوَّاهَا ٧ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ٨﴾ (الشمس) [മനുഷ്യാസ്തിത്വവും അതിനെ സംവിധാനിച്ച രീതിയും തന്നെ സത്യം! അങ്ങനെ അതിന്റെ ദുഷ്ടതയും സൂക്ഷ്‌മതയും അവനതിനു ബോധനം നൽകുകയും ചെയ്‌തു.] (ശംസ് 7-8)

സൂക്ഷ്‌മത പുലർത്താനും നന്മ ചെയ്യാനുമുള്ള വാസന പോലെ, ദുഷ്ടത കാണിക്കാനും അപഥ സഞ്ചാരം നടത്താനുമുള്ള പൈശാചിക വാസനയും മനുഷ്യ പ്രകൃതിയിൽ നിലീനമായി കിടപ്പുണ്ട് എന്ന കാര്യം മേൽ സൂക്തങ്ങൾ സുതരാം വ്യക്തമാക്കുന്നു. താഴെ പറയുന്ന സൂക്തം കൂടി കാണുക: ﴿وَمَآ أُبَرِّئُ نَفْسِىٓ إِنَّ ٱلنَّفْسَ لَأَمَّارَةٌ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ٥٣﴾ (يوسف) [ഞാൻ എന്റെ ആത്മത്തെ തീർത്തും കുറ്റം ചെയ്യാത്തതായി പ്രഖ്യാപിക്കുന്നില്ല. തീർച്ചയായും തിന്മക്ക് ഏറെ പ്രേരിപ്പിക്കുന്നതാണ് മനസ്സ്; എന്റെ റബ്ബ് കരുണ ചെയ്‌തവയൊഴികെ. നിശ്ചയമായും എന്റെ റബ്ബ് അത്യധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു.] (യൂസുഫ് 53)

മനുഷ്യൻ നേരിടേണ്ടി വരുന്ന മറ്റൊന്ന് തന്റെ അസ്തിത്വത്തിനു പുറത്തുള്ള, ബാഹ്യ ശത്രുവായ പിശാച് ഉയർത്തുന്ന വെല്ലുവിളികളാണ്. അവൻ കടുത്ത വഞ്ചകനാണ്; ഏതു വിധേനയെങ്കിലും മനുഷ്യനെ മുടിക്കുമെന്നതാണ് അവന്റെ ശപഥം. അല്ലാഹു പറയുന്നു: ﴿قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ ٣٩﴾ (الحجر) [അവന്‍ ഇബ്‌ലീസ് പറഞ്ഞു: എന്റെ റബ്ബേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ ധിക്കാരം അലങ്കാരമായി കാണിച്ചുകൊടുക്കുകയും, അവരെ മുഴുവന‍ും ഞാന്‍ വഴിപിഴപ്പിക്കുകയും ചെയ്യും, തീർച്ച.] (ഹിജ്ർ 39)

അവൻ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തു കൂടെയും ഇടതു ഭാഗത്തു കൂടെയും മനുഷ്യനെ സമീപിക്കും. പിശാചിന് അവന്റെ വലിയ ലക്ഷ്യങ്ങളിലേക്ക് മനുഷ്യനെ എത്തിക്കാനായില്ലെങ്കിലും പിടിവിടാതെ നാശത്തിന്റെ കുഴിയിലേക്ക് അവനെ വലിച്ചിറക്കാൻ അന്ത്യശ്വാസം വരെ പരമാവധി അവൻ ശ്രമിച്ചു കൊണ്ടിരിക്കും. അകമേ തിന്മക്ക് പ്രേരിപ്പിക്കുന്ന ഒരു മനസ്സും പുറമേ കൊടിയ വഞ്ചകനായ വർഗ്ഗശത്രുവും. അവ രണ്ടിനും മധ്യെ ജീവിക്കുന്ന മനുഷ്യൻ അതീവ ജാഗ്രതയും സൂക്ഷ്‌മതയും പുലർത്തിയില്ലെങ്കിൽ കാര്യം കൈവിട്ടു പോകും, തീർച്ച.

മനുഷ്യൻ നിത്യജീവിതത്തിൽ പിശാചിനെതിരെ കൈക്കൊള്ളേണ്ട ജാഗ്രതയിൽ പെട്ടതാണ് അവന്റെ തിന്മകളിൽനിന്ന് അല്ലാഹുവിനോട് കാവൽ തേടുക എന്നത്. ഇതിന് അറബിയിൽ ഇസ്‌തിആദഃ (اسْتِعَاذَةٌ) എന്നാണ് പറയുക. അതിന്റെ വിവക്ഷ ഇമാം ത്വബരി ﵀ തന്നെ വിശദീകരിക്കുന്നത് കാണുക: قال أبو جعفر: والاستعاذة: الاستجارة، وتأويل قول القائل: ﴿أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ﴾ أستجيرُ بالله - دون غيره من سائر خلقه - من الشيطان أن يضرَّني في ديني، أو يصدَّني عن حق يلزَمُني لرَبي. [الطبري في جامع البيان] [അബൂ ജഅ്ഫർ അത്ത്വബരി ﵀ പറയുന്നു: ഇസ്‌തിആദഃ എന്നാൽ കാവൽ തേടലാണ്. أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ എന്നൊരാൾ പറയുമ്പോൾ ആ വചനം കൊണ്ട് വിവക്ഷിക്കുന്നത് ഇപ്രകാരമാണ്: അല്ലാഹുവിന്റെ സൃഷ്ടികളിൽപെട്ട ആരോടുമല്ലാതെ, അല്ലാഹുവിനോട് മാത്രമായി ഞാൻ കാവൽ ചോദിക്കുന്നു - പിശാച് ദീൻ കാര്യത്തിൽ എന്നെ ഉപദ്രവിക്കുകയോ, അല്ലെങ്കിൽ എന്റെ റബ്ബിനോടുള്ള നിർബന്ധമായ കടമ നിറവേറ്റുന്നത് തടയുകയോ ചെയ്യുന്നതിൽ നിന്ന്.] (ത്വബരി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ഇസ്‌തിആദഃ ചെയ്യാനുള്ള കല്പന ഖുർആനിലും നബിചര്യയിലും ആവർത്തിക്കപ്പെട്ടിട്ടുള്ളതാണ്. ഇസ്‌തിആദഃ ഉൾപ്പെടെയുള്ള പ്രാർത്ഥനാ വചനങ്ങളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട പൊതുതത്വം, അവ സ്വന്തമായി രൂപപ്പെടുത്തുന്നതിനു പകരം പ്രമാണങ്ങളിൽ വന്നത് അതേ പടി പിന്തുടരുക എന്നുള്ളതാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇതു സംബന്ധിച്ച് വന്ന വിശദീകരണം സൂക്ഷ്മമാണെന്നു തോന്നുന്നില്ല. ഉദാഹരണമായി അതിൽനിന്നുള്ള ഒരു ഭാഗം താഴെ ഉദ്ധരിക്കാം:

[രക്ഷതേടല്‍ ഇന്നിന്ന വാക്കുകളില്‍ തന്നെ ആയിരിക്കണമെന്നില്ലെങ്കിലും, നബി(സ)യുടെ സുന്നത്തില്‍നിന്നു കൂടുതല്‍ സുപരിചിതമായി അറിയപ്പെടുന്ന വാചകം أعوذ بالله من الشيطان الرجيم (ആട്ടപ്പെട്ട പിശാചില്‍നിന്നു ഞാന്‍ അല്ലാഹുവിനോടു ശരണം തേടുന്നു) എന്നാകുന്നു.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 3/1767)

പിശാചിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടാനുള്ള ഇസ്‌തിആദഃയുടെ വിവിധ രൂപങ്ങളും സന്ദർഭങ്ങളും ഖുർആനിലും ഹദീസിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌തിആദഃ നടത്തേണ്ട സവിശേഷ സന്ദർഭങ്ങൾ പലതാണ്. അവയിൽ ചിലത് താഴെ കൊടുക്കാം.

1. നമസ്‌കാരത്തിൽ ഫാതിഹഃ ഓതുന്നതിന് മുമ്പ്

2. ഖുർആൻ പാരായണം ചെയ്യുന്നതിന് മുമ്പ്

3. പിശാചിന്റെ ദുഷ്‌പ്രേരണയോ മറ്റോ ബാധിക്കുമ്പോൾ

4. കോപം കീഴടക്കുമ്പോൾ

മേൽ സന്ദർഭങ്ങളിലും അല്ലാത്തപ്പോഴും ഇസ്‌തിആദഃ നടത്താനുള്ള കല്പന ശർഇൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ചർച്ചയിലിരിക്കുന്ന നഹ്ൽ അധ്യായത്തിലെ 98-ാം സൂക്തത്തിനു പുറമെ മറ്റു ചില സൂക്തങ്ങളിലും ഇസ്‌തിആദഃ നടത്താനുള്ള ആജ്ഞ കാണാം. അവ ഏതെന്നു കൂടി പരിശോധിക്കാം: ﴿وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ۚ إِنَّهُ سَمِيعٌ عَلِيمٌ ٢٠٠﴾ (الأعراف) [പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവിനോട് കാവൽ തേടുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.] (അഅ്റാഫ് 200) ﴿وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ۖ إِنَّهُ هُوَ السَّمِيعُ الْعَلِيمُ ٣٦﴾ (فصلت) [പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണക്കും നീ വിധേയനാകുന്ന പക്ഷം അല്ലാഹുവിനോട് നീ കാവൽ തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.] (ഫുസ്‌സ്വിലത് 36) ﴿وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ٩٧ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ٩٨﴾ (المؤمنون) [പറയുക: എന്റെ റബ്ബേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷ തേടുന്നു. അവര്‍ എന്റെ അടുക്കൽ സന്നിഹിതരാകുന്നതിൽ നിന്നും എന്റെ റബ്ബേ, ഞാന്‍ നിന്നോട് കാവൽ തേടുന്നു.] (മുഅ്മിനൂൻ 97-98)

മേൽ സൂക്തങ്ങളിൽ പരാമർശിക്കപ്പെട്ട പൈശാചിക ബാധകളെ കുറിച്ച് വ്യാഖ്യാതാക്കൾ നൽകുന്ന വിശദീകരണം കൂടി പരിശോധിക്കാം: قال ابن عباس نزعاتهم، وقال الحسن: وساوسهم، وقال مجاهد: نفخهم ونفثهم [البغوي في معالم التنزيل] [ഇബ്‌നു അബ്ബാസ് ﵂ പറഞ്ഞത് അവർ ഉണർത്തുന്ന പൈശാചിക വികാരങ്ങൾ എന്നാണ്. ഹസനുൽ ബസ്വ്‌രി ﵀ പറഞ്ഞത് അവരുണ്ടാക്കുന്ന ഒഴിയാബാധകൾ, അല്ലെങ്കിൽ അലട്ടുന്ന ചിന്തകൾ എന്നാണ്. മുജാഹിദ് ﵀ പറഞ്ഞത് അവരുടെ വീരസ്യവും ഗീതികളും എന്നാണ്.] (ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്)

അല്ലാഹു പറയുന്നു: ﴿إِنَّ الَّذِينَ يُجَادِلُونَ فِي آيَاتِ اللهِ بِغَيْرِ سُلْطَانٍ أَتَاهُمْ إِن فِي صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَالِغِيهِ فَاسْتَعِذْ بِاللهِ ۖ إِنَّهُ هُوَ السَّمِيعُ الْبَصِيرُ ٥٦﴾ (غافر) [തങ്ങള്‍ക്ക് വന്നുകിട്ടിയ യാതൊരു പ്രമാണരേഖയുടെയും അടിസ്ഥാനത്തിലല്ലാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവർ, അവരുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. എന്നാൽ അതിലേക്ക് അവർ എത്തുകയേ ഇല്ല. അതിനാൽ നീ അല്ലാഹുവോട് കാവൽ തേടുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും.] (ഗാഫിർ 56)

മുകളിൽ കൊടുത്ത ഖുർആൻ സൂക്തങ്ങളിൽ ഇസ്‌തിആദഃ നടത്താനുള്ള പൊതുവായ കല്പനകളാണുള്ളത്. എന്നാൽ സവിശേഷ സന്ദർഭങ്ങളിൽ നടത്തേണ്ട ഇസ്‌തിആദഃയുടെ രൂപം സുന്നത്തിലാണ് വിശദീകരിക്കുക. നമസ്‌കാരത്തിൽ ഫാതിഹഃ ഓതുന്നതിനു മുമ്പ് ഇസ്‌തിആദഃ ചൊല്ലേണ്ട രൂപം ഹദീസിൽ വന്നതിനെ കുറിച്ച് ഇമാം അൽബാനി ﵀ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ ആകത്തുക, അധിക സന്ദർഭങ്ങളിലും നബി ﷺ നമസ്‌കാരത്തിൽ ഇസ്‌തിആദഃ നടത്തിയത് ഇപ്രകാരമാണ്: أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ، مِنْ هَمْزِهِ ونَفْخِهِ ونَفْثِهِ. [ശപിക്കപ്പെട്ട പിശാചിൽനിന്ന്, അവനുണ്ടാക്കുന്ന ഭ്രാന്തിൽനിന്ന്, അവനുണ്ടാക്കുന്ന അഹങ്കാരത്തിൽ നിന്ന്, അവന്റെ ഗീതികളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു.]

മറ്റു ചില രിവായത്തുകളിൽ السَّمِيعِ الْعَلِيمِ (എല്ലാം കേൾക്കുന്നവനും അറിയുന്നവനുമായ) എന്നു കൂടി കാണുന്നുണ്ട്. ആകയാൽ സുന്നത്തിനോട് ചേർന്നു നിൽക്കുന്ന നടപടി ചിലപ്പോഴൊക്കെ ഇപ്രകാരം ചൊല്ലുന്നതായിരിക്കും: أَعُوذُ بِاللهِ السَّمِيعِ الْعَلِيمِ، مِنَ الشَّيْطَانِ الرَّجِيمِ، مِنْ هَمْزِهِ ونَفْخِهِ ونَفْثِهِ. അനുവാചകരുടെ ബോധ്യത്തിനു വേണ്ടി ഇതു സംബന്ധിച്ച് ഇമാം അൽബാനി ﵀ പറഞ്ഞ വാക്കുകൾ തന്നെ ഇവിടെ ഉദ്ധരിക്കാം: وبالجملة؛ فالاستعاذة من هذه الأشياء الثلاثة الشيطانية صحيح ثابت بمجموع هذه الطرق، وزيادة: "السميع العليم" ثابتة أيضاً في حديث أبي سعيد بإسناد حسن - كما سبق - فينبغي أن يؤتى بها أحياناً، وبه قال أحمد في مسائل ابن هانئ (١/٥١)، وأما الاقتصار على (أعوذ بالله من الشيطان الرجيم)؛ فلم نجد في ذلك حديثاً. [الألباني في أصل صفة صلاة النبي ﷺ] [ചുരുക്കത്തിൽ ഈ മൂന്ന് പൈശാചിക കാര്യങ്ങളിൽ നിന്നും കാവൽ ചോദിക്കുക എന്നത് ഈ കൈവഴികളിലൂടെ സ്ഥിരപ്പെട്ടതും അത് സ്വീകാര്യയോഗ്യവുമാണ്. السَّمِيعِ الْعَلِيمِ (എല്ലാം കേൾക്കുന്നവനും അറിയുന്നവനുമായ) എന്നതും - നടേ സൂചിപ്പിച്ച പ്രകാരം - അബൂ സഈദ് ﵁ൽനിന്നുള്ള ഭേദപ്പെട്ട നിവേദക പരമ്പരയിലൂടെ സ്ഥിരപ്പെട്ട് വന്നിരിക്കുന്നു. അതിനാൽ അതും ചിലപ്പോഴൊക്കെ ചൊല്ലേണ്ടതാണ്. ഇബ്‌നു ഹാനിഇന്റെ മസാഇലിലുള്ളതനുസരിച്ച് (1/51) അപ്രകാരമാണ് ഇമാം അഹ്‌മദ് ﵀യും പറഞ്ഞിട്ടുള്ളത്. എന്നാൽ (أعوذ بالله من الشيطان الرجيم) എന്നതിൽ പരിമിതപ്പെടുത്തുന്ന ഒരു ഹദീസും നാം കണ്ടിട്ടില്ല.] (അൽബാനി, അസ്വ്‌ലു സ്വിഫതി സ്വലാതിന്നബിയ്യി ﷺ)

വളരെ സൂക്ഷ്‌മതയോടെ മാത്രമേ ഖുർആനിനെ സമീപിക്കാൻ പാടുള്ളു. നമസ്‌കാരത്തിലാണെങ്കിലും അല്ലെങ്കിലും ഖുർആൻ പാരായണം ചെയ്യുമ്പോൾ മുൻവിധികളും പക്ഷപാതങ്ങളും മാറ്റിവെക്കേണ്ടതാണ്. ഹൃദയ വിശുദ്ധിയോടെയല്ലാതെ അതിനെ സമീപിക്കാവതല്ല. സൂക്ഷ്‌മത പുലർത്തുന്നവർക്കു മാത്രമാണ് അത് മാർഗ്ഗദർശകമായി വർത്തിക്കുക. ഉദ്ദേശ്യശുദ്ധിയില്ലാത്തവർക്ക് അതുതന്നെ വഴികേടിനു കാരണമായിത്തീരുകയും ചെയ്യും. അതിനാൽ നമസ്‌കാരത്തിലല്ലാത്തപ്പോഴും ഖുർആൻ പാരായണം ചെയ്യുകയാണെങ്കിൽ ഇസ്‌തിആദഃ ചൊല്ലണം. നമസ്‌കാരത്തിൽ ഇസ്‌തിആദഃ ചൊല്ലേണ്ട രൂപം നാം മുകളിൽ വിശദീകരിച്ചു. നമസ്‌കാരത്തിലല്ലാതെ ഖുർആൻ പാരായണം ചെയ്യുമ്പോൾ ഇസ്‌തിആദഃ ചൊല്ലാനുള്ള വാക്കുകൾ പ്രത്യേകമായി ഹദീസുകളിൽ വന്നതായി നാം കണ്ടിട്ടില്ല. ചർച്ചയിലിരിക്കുന്ന സൂക്തത്തിലും, ഇസ്‌തിആദഃ ചൊല്ലാൻ കല്പിക്കുന്ന പൊതുവായ മറ്റു പ്രമാണ രേഖകളുടെ അടിസ്ഥാനത്തിലും أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيم എന്നു ചൊല്ലണമെന്നാണ് മദ്ഹബിന്റെ ഇമാമുകളടക്കമുള്ള ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

പിശാചിന്റെ വല്ല വിധേനയുമുള്ള ബാധകളോ, ദുഷ്‌പ്രേരണകളോ സംബന്ധിച്ച് ആശങ്കയുള്ളപ്പോൾ ഇസ്‌തിആദഃ നടത്താനുള്ള രൂപവും ഹദീസുകളിലുണ്ട്. അവയിലൊന്ന് താഴെ കൊടുക്കാം: «إذا أويت إلى فراشك فقل: أعوذ بكلمات الله التامة، من غضبه وعقابه، ومن شر عباده، ومن همزات الشياطين، وأن يحضرون» [الألباني في الصحيحة] [നബി ﷺ പറയുന്നു, ഉറങ്ങാനായി നീ നിന്റെ ശയ്യയിൽ എത്തിയാൽ ഇപ്രകാരം പ്രാർത്ഥിക്കുക: അല്ലാഹുവിന്റെ സമ്പൂർണ്ണമായ വചനങ്ങൾ കൊണ്ട് ഞാൻ കാവൽ തേടുന്നു - അവന്റെ കോപത്തിൽ നിന്ന്, അവന്റെ ശിക്ഷയിൽ നിന്ന്, അവന്റെ സൃഷ്ടികളുടെ തിന്മയിൽ നിന്ന്, പിശാചുക്കളുണ്ടാക്കുന്ന ഭ്രാന്തമായ അവസ്ഥയിൽ നിന്ന്, അവർ എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽനിന്ന്.] (അൽബാനി സ്വഹീഹഃയിൽ ഉദ്ധരിച്ചത്)

ചുരുക്കത്തിൽ, ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുക എന്നത് മനുഷ്യന്റെ ഐഹിക ജീവിതത്തിൽ ഒരു ഘട്ടത്തിലും - ഇണയോടൊപ്പം മൈഥുനം നടത്തുന്ന സ്വകാര്യ നിമിഷങ്ങളിൽ പോലും - ഒഴിവാക്കാനാവാത്ത കാര്യമാണ്. നബി ﷺ പറയുന്നത് കാണുക: عَنْ ابْنِ عَبَّاسٍ ﵂، عَنِ النَّبِيِّ ﷺ قَالَ: أَمَا إِنَّ أَحَدَكُمْ إِذَا أَتَى أَهْلَهُ، وَقَالَ: بِسْمِ اللهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا، فَرُزِقَا وَلَدًا لَمْ يَضُرَّهُ الشَّيْطَانُ. [البخاري في صحيحه] [ഇബ്‌നു അബ്ബാസ് ﵂ നിവേദനം. നബി ﷺ പറയുന്നു: നിങ്ങളിലൊരാൾ തന്റെ ഇണയെ സമീപിക്കുകയാണെങ്കിൽ بِسْمِ اللهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا (അല്ലാഹുവിന്റെ നാമം കൊണ്ട്, അല്ലാഹുവേ! ഞങ്ങളിൽനിന്ന് നീ പിശാചിനെ അകറ്റി നിർത്തേണമേ, ഞങ്ങൾക്ക് നീ നൽകിയതിൽ നിന്നും നീ പിശാചിനെ അകറ്റി നിർത്തേണമേ!) എന്ന് ഉച്ചരിക്കുന്ന പക്ഷം അതിൽ അവർ ഇരുവർക്കും ഒരു സന്താനം നൽകപ്പെട്ടാൽ പിശാചിന് അവനെ ഉപദ്രവമേല്പിക്കാനാവില്ല. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്).

ചിലപ്പോൾ പിശാച് തീവ്രമായ കോപം ജനിപ്പിച്ച് മനുഷ്യന്റെ സമനില തെറ്റിച്ചെന്നുവരും. അത്തരം സന്ദർഭങ്ങളിൽ ഇസ്‌തിആദഃ നടത്താനാണ് നബി ﷺ കല്പിച്ചിരിക്കുന്നത്. അത് സാക്ഷ്യപ്പെടുത്തുന്ന ഒരു സംഭവം താഴെ ഉദ്ധരിക്കാം: عَنْ سُلَيْمَانَ بْنِ صُرَدٍ قَالَ: اسْتَبَّ رَجُلَانِ عِنْدَ النَّبِيِّ ﷺ وَنَحْنُ عِنْدَهُ جُلُوسٌ، وَأَحَدُهُمَا يَسُبُّ صَاحِبَهُ، مُغْضَبًا قَدِ احْمَرَّ وَجْهُهُ، فَقَالَ النَّبِيُّ ﷺ: إِنِّي لَأَعْلَمُ كَلِمَةً، لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدُ، لَوْ قَالَ: أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ، فَقَالُوا لِلرَّجُلِ: أَلَا تَسْمَعُ مَا يَقُولُ النَّبِيُّ ﷺ؟ قَالَ: إِنِّي لَسْتُ بِمَجْنُونٍ. [البخاري في صحيحه] [സുലൈമാൻ ബിൻ സ്വുറദ് ﵁ നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ നബി ﷺയുടെ അരികിൽ ഇരിക്കവെ രണ്ടു പേർ പരസ് പരം ചീത്തവിളിച്ചു. ഒരാൾ കുപിതനായി തന്റെ കൂട്ടാളിയെ ചീത്ത വിളിക്കുകയും അയാളുടെ മുഖം ചുവന്നു പോവുകയും ചെയ്‌തിരിക്കുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: «എനിക്ക് ഒരു വചനം അറിയാം. അത് അയാൾ ഉരുവിട്ടിരുന്നുവെങ്കിൽ അയാൾക്ക് അനുഭവിക്കുന്നത് പോയിപ്പോകുമായിരുന്നു. അയാൾ أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ എന്ന് പറഞ്ഞിരുന്നുവെങ്കിൽ..» അപ്പോൾ അവർ അദ്ദേഹത്തോട് ചോദിച്ചു: നബി ﷺപറയുന്നത് നീ കേൾക്കുന്നില്ലേ? ഞാനൊരു ഭ്രാന്തനല്ലല്ല്ലോ എന്നാണ് അപ്പോൾ അയാൾ മറുപടി പറഞ്ഞത്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇപ്രകാരം സവിശേഷമായ സന്ദർഭങ്ങളിൽ ഇസ്‌തിആദഃ നടത്താൻ പ്രത്യേക വചനങ്ങൾ തന്നെ നബിചര്യയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവ തന്നെയും അല്ലാത്തപ്പോൾ ഇസ്‌തിആദഃയുടെ സാമാന്യ രൂപവുമാണ് ചൊല്ലേണ്ടത്.

എന്നാൽ ഖുർആൻ സൂക്തങ്ങൾ ദിക്റുകളായി ചൊല്ലുമ്പോഴോ അവ തെളിവിനു വേണ്ടി സംസാര മധ്യെ ഉദ്ധരിക്കുമ്പോഴോ ഇസ്‌തിആദഃ നടത്താറുണ്ടായിരുന്നില്ല. അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രബോധനം നടത്തുന്ന പ്രാസംഗികന്മാർ ഇതു പോലുള്ള സന്ദർഭങ്ങളിൽ വകതിരിവില്ലാതെ ഇസ്‌തിആദഃ ചൊല്ലുന്നത് കാണാം. അത് തെറ്റായ നടപടിയാണെന്ന് ഉണർത്തുന്നു. അതേ പോലെ, ചിലർ കോട്ടുവായ് വിടുന്ന സമയത്ത് പതിവായി ഇസ്‌തിആദഃ ചൊല്ലുന്നത് കാണാം. കോട്ടുവായ് പിശാചിൽനിന്നുള്ളതാണെന്ന് പറയുന്ന ചില ഹദീസുകളുണ്ട്. അതു പോലെ കോട്ടുവായ് വരുന്ന സമയത്ത് വായക്കു മീതെ കൈവെച്ച് അത് തടുക്കാൻ പറയുന്ന ഹദീസുകളുമുണ്ട്. എന്നാൽ കോട്ടുവായ് വരുന്ന സമയത്തെല്ലാം ഇസ്‌തിആദഃ നടത്താനുള്ള കല്പന ഹദീസിൽ സ്ഥിരപ്പെട്ടിട്ടില്ല.

ചുരുക്കത്തിൽ, അല്ലാഹുവിന്റെ ഉൽകൃഷ്ടമായ നാമങ്ങൾ, അവന്റെ സമ്പൂർണ്ണമായ വചനങ്ങൾ, ഇസ്‌തിആദഃ നടത്താൻ വേണ്ടി പഠിപ്പിച്ചിട്ടുള്ള വചനങ്ങൾ പോലുള്ളവയിലൂടെ അവന്റെ സംരക്ഷണം തേടുകയും പിശാചിനെ സദാ അകറ്റി നിർത്തുകയും ചെയ്യുകയല്ലാതെ ഒരു വിശ്വാസിയുടെ മുന്നിൽ മറ്റു പോംവഴികളില്ല. ദീനിൽ അനുശാസിക്കപ്പെട്ടിരിക്കുന്ന ഇത്തരം കാര്യങ്ങളിൽ വീഴ്‌ച വരുത്തുന്നവർ അതിന്റെ തിക്തഫലം ഇവിടെ വെച്ചു തന്നെ അനുഭവിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നതാണ്. പിശാചിനെ ശത്രുവായി കാണുകയും അവനെ സൂക്ഷിക്കേണ്ട പ്രകാരം സൂക്ഷിക്കുകയും ചെയ്യുകയല്ലാതെ അവനെ ഭയപ്പെടേണ്ട കാര്യമില്ല. ഒരു വിശ്വാസി ഭയപ്പെടേണ്ടത് അല്ലാഹുവിനെയാണ്, പിശാചിനെയല്ല. അല്ലാഹുവിന്റെ സമ്പൂർണ്ണമായ വചനങ്ങളെ മറികടക്കാൻ കഴിവുള്ള ഒരു ജിന്നിനെയോ പിശാചിനെയോ അല്ലാഹു സൃഷ്ടിച്ചിട്ടുമില്ല. അല്ലാഹുവിന്റെ മാത്രം ആരാധ്യത അംഗീകരിച്ച് ജീവിക്കുന്ന സൂക്ഷ്‌മാലുക്കളായ അടിയാറുകളുടെ മേൽ പിശാചിന് അല്ലാഹു ആധിപത്യം നൽകുകയുമില്ല. തൗഹീദ് അംഗീകരിക്കുകയും വിധിവിശ്വാസം ഉൾക്കൊള്ളുകയും എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും അവൻ അനുശാസിക്കുന്ന കാര്യകാരണങ്ങൾ അനുവർത്തിക്കുകയും ചെയ്യുന്ന വിശ്വാസികൾക്ക് ജീവിതം സമാധാനപൂർണ്ണമായിരിക്കും. അല്ലാത്തവരെ സംബംന്ധിച്ചിടത്തോളം ഏതൊരനക്കവും ജിന്നുബാധയായിരിക്കും. അവരുടെ ജീവിതത്തെ അവർ തന്നെ ദുരിതക്കയങ്ങളിലേക്ക് കൂടുതൽ കൂടുതൽ തള്ളിവിടുകയാണ് ചെയ്യുന്നത്.