Quran explanation
ബഖറഃ,الْبَقَرَةُസൂക്തം 157
Vol. 2 Page 754
﴿أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ 157﴾
അവര്ക്ക് അവരുടെ റബ്ബിങ്കൽ നിന്നുള്ള പാപമോചനവും കാരുണ്യവും ഉണ്ടായിരിക്കും. അ വർ തന്നെയാണ് സന്മാർഗ്ഗം പ്രാപിച്ചവരും. (157)
റഹ്മഃ (رَحْمَةٌ) എന്ന ഖുർആനിക ശബ്ദത്തിന്റെ വിവക്ഷ ഇതിനു മുമ്പ് പുറം 1/584-588 ൽ വിശദീകരിച്ചിട്ടുണ്ട്. അതു പോലെ സ്വലാത്ത് (صَلَاةٌ) എന്ന പദത്തിന്റെ ശരിയായ വിവക്ഷയും വിശദീകരിക്കപ്പെടേണ്ടതാണ്. പരിഭാഷകളിൽ അതിന് നൽകിയിരിക്കുന്ന അർത്ഥം അതിന്റെ ശരിയായ വിവക്ഷ വ്യക്തമാക്കാൻ പര്യാപ്തമല്ല. ഉദാഹരണമായി വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്തിരിക്കുന്ന അർത്ഥം ശ്രദ്ധിക്കുക:
[അക്കൂട്ടർ - അവരിൽ അവരുടെ റബ്ബിങ്കൽനിന്നുള്ള അനുഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടർ തന്നെയാണ്, സന്മാർഗ്ഗം പ്രാപിച്ചവരും.] (വിശുദ്ധ ഖുർആൻ വിവരണം 1/275)
യഥാർത്ഥത്തിൽ 'സ്വലാത്ത് ' (صَلَاةٌ) എന്ന പദം ഖുർആനിൽ പ്രയോഗിച്ചിരിക്കുന്നത് പല അർത്ഥങ്ങളിലാണ്. അല്ലാഹുവിന്ന് സമർപ്പിക്കുന്ന നിർബന്ധമോ ഐഛികമോ ആയ നമസ്കാരങ്ങളാണ് അവയിൽ ഒന്നാമത്തേത്.
രണ്ടാമത്തേത്, നബി ﷺ ക്ക് വേണ്ടി മുസ്ലിംകൾ നമസ്കാരത്തിലും നമസ്കാരത്തിനു പുറത്തും നടത്തുന്ന പ്രത്യേക പ്രാർത്ഥനയെ സൂചിപ്പിക്കുന്ന സ്വലാത്ത് ആണ്. ഇത് ഒന്നിലധികം രൂപങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം ഹൃദിസ്ഥമാക്കുകയും സന്ദർഭാനുസാരം അനുയോജ്യമായത് തെരഞ്ഞെടുത്ത് പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് കൂടുതൽ കരണീയം. അവയിൽ ഏറ്റവും പ്രശസ്തമായ ഇബ്റാഹീമീ സ്വലാതിന്റെ ഒരു രൂപം താഴെ കൊടുക്കാം. اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ. [البخاري في صحيحه] [അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്റെ അനുയായികൾക്കും നീ പാപമോചനം നൽകിയ പോലെ, മുഹമ്മദിനും മുഹമ്മദിന്റെ അനുയായികൾക്കും നീ പാപമോചനം നൽകണേ. അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്റെ അനുയായികൾക്കും നീ നിത്യവും സമൃദ്ധവുമായ നന്മയേകിയതു പോലെ മുഹമ്മദിനും മുഹമ്മദിന്റെ അനുയായികൾക്കും നീ നിത്യവും സമൃദ്ധവുമായ നന്മ നൽകണേ.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
മൂന്നാമതായി, സൂറത്തുൽ അഹ്സാബിൽ അല്ലാഹുവും മലക്കുകളും നബി ﷺ ക്ക് സ്വലാത്ത് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിന്റെ വിവക്ഷ സലഫുകളായ മുഫസ്സിറുകൾ തന്നെ വിശദീകരിച്ചിട്ടുള്ളതുമാണ്. അതു സംബന്ധിച്ച് ഇമാം ബുഖാരി ﵀ ഉദ്ധരിക്കുന്ന ഒരു രിവായത്ത് താഴെ കൊടുക്കാം: ﴿إِنَّ اللهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ٥٦﴾ (الأحزاب) قَالَ أَبُو العَالِيَةِ: صَلاَةُ اللهِ، ثَنَاؤُهُ عَلَيْهِ عِنْدَ المَلاَئِكَةِ، وَصَلاَةُ المَلاَئِكَةِ الدُّعَاءُ. [البخاري في صحيحه تعليقا] [«തീര്ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിക്ക് സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും പറയുക» (അഹ്സാബ് 56). അബുൽ ആലിയഃ പറയുന്നു: അല്ലാഹുവിന്റെ സ്വലാത്ത് എന്നാൽ മലക്കുകളുടെ അടുക്കൽ വെച്ച് അദ്ദേഹത്തെ കുറിച്ചുള്ള പുകഴ്ത്തലാണ്. മലക്കുകളുടെ സ്വലാത്ത് എന്നാൽ പ്രാർത്ഥനയുമാണ്.] (ബുഖാരി സ്വഹീഹിൽ مُعَلَّق ആയി, അഥവാ നിവേദക പരമ്പര പറയാതെ ഉദ്ധരിച്ചത്)
നാലാമതായി, ബഖറഃ 157-ാം സൂക്തത്തിലുള്ളതു പോലെ മറ്റുള്ളവർക്കു വേണ്ടിയുള്ള സ്വലാത്തിനെ കുറിച്ച് വന്ന പരാമർശങ്ങളാണ്. അതിന്റെ വിവക്ഷ അവരുടെ പാപമോചനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയാണ്. നബിവചനങ്ങളിൽനിന്നു തന്നെ വ്യക്തമാകുന്നതാണ് ഇക്കാര്യം. അത്തരത്തിലുള്ള ഒരു ഹദീസ് ഉദ്ധരിച്ചു കൊണ്ടാണ് മേൽ സൂക്തം ഇബ്നു ജരീർ ﵀ വ്യാഖ്യാനിച്ചിരിക്കുന്നത്. അതു കൂടി ഇവിടെ ഉദ്ധരിക്കാം: لهم صلوات، يعني مغفرة، وصلوات الله على عباده غفرانه لعباده، كالذي روي عن النبي ﷺ أنه قال: اللهم صل على آل أبي أوفى، يعني اغفر لهم. [أبو جعفر الطبري في جامع البيان] [അവർക്ക് സ്വലാതുകളുണ്ടാവട്ടെ, അഥവാ പാപമോചനമുണ്ടാവട്ടെ. തന്റെ അടിയാറുകൾക്ക് അല്ലാഹു നൽകുന്ന സ്വലാതുകൾ അവർക്ക് നൽകുന്ന പാപമോചനമാണ്. ഇതേ പോലെയാണ് നബി ﷺയിൽനിന്നുള്ള ഉദ്ധരണിയും. അവിടുന്ന് പറഞ്ഞു: «ഇബ്നു അബീ ഔഫാക്കും കുടുംബത്തിനും നീ സ്വലാത്ത് നൽകണേ!» അഥവാ അവർക്ക് നീ പാപമോചനം നൽകണേ!] (ത്വബരി ജാമിഉൽബയാനിൽ ഉദ്ധരിച്ചത്)
ചർച്ചയിലിരിക്കുന്ന മേൽ സൂക്തത്തിൽ അല്ലാഹുവിനോട് ചോദിക്കേണ്ടതും അവൻ നൽകുന്നതുമായ മൂന്ന് മൗലിക വരദാനങ്ങളെ കുറിച്ച് പരാമർശമുണ്ടെന്നതും വായനക്കാരുടെ സവിശേഷ ശ്രദ്ധ പതിയേണ്ട കാര്യമാണ്. മഗ്ഫിറത്ത്, റഹ്മത്ത്, ഹിദായത്ത് എന്നിവായണ് അവ. ക്ഷമാശാലികൾക്ക് മഗ്ഫിറത്ത്, റഹ്മത്ത്, ഹിദായത്ത് എന്നിവയുണ്ടാകും എന്നാണ് മേൽ സൂക്തം പ്രസ്താവിക്കുന്നത്; അത് അങ്ങനെ ഉണ്ടാവട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കുക കൂടി ചെയ്യാം.