Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നിസാഅ്,النِّسَاءُസൂക്തം 43

Vol. 2 Page 900

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا 43﴾

വിശ്വാസികളേ, നിങ്ങൾ ലഹരിബാധിച്ച നിലയിൽ, നിങ്ങൾക്ക് പറയുന്നതെന്തെന്ന ബോധമുണ്ടാകുന്നതു വരെ, നിങ്ങൾ നമസ്‌കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ ജനാബത്തുകാരായിരിക്കുമ്പോള്‍ കുളിച്ച് ശുദ്ധിയാകുന്നതു വരെയും. നിങ്ങള്‍ വഴി കടന്ന് പോകുന്ന നിലയിലല്ലാതെ (പള്ളിയിൽ തങ്ങരുത്). നിങ്ങള്‍ രോഗികളോ യാത്രയിലോ ആയാൽ, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്‌ത്രീകളുമായി സംസർഗം നടത്തുകയോ ചെയ്‌താൽ, നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ഭൂമിയുടെ നല്ല പ്രതലം കരുതിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു. (43)

[ചുരുക്കിപ്പറഞ്ഞാൽ, കുളിച്ച് ശുദ്ധിയാകുംമുമ്പ് ജനാബത്തുകാരനു വല്ല ആവശ്യവും നേരിട്ടാൽ പള്ളിയിൽ തങ്ങിനിൽക്കാതെ കടന്നുപോകാവുന്നതാണ്. ആർത്തവമുള്ള സ്‌ത്രീകളുടെ വിധിയും ഇതു പോലെത്തന്നെ. പള്ളിയിൽ വൃത്തികേടാകുമെന്നു ഭയപ്പെടാത്തപ്പോൾ അവർക്കു വിരോധമില്ലെന്നും ചിലർക്കഭിപ്രായമുണ്ട്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/670)

വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ പ്രസ്‌താവന വിശദീകരിക്കേണ്ടതാണ്. അല്ലെങ്കിൽ അത് വായനക്കാരിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. ജനാബത്തുകാരൻ പള്ളിയിൽ തങ്ങുന്നത് വിലക്കപ്പെട്ടിട്ടുണ്ട്. ആവശ്യമാണെങ്കിൽ മുറിച്ചു കടന്നു പോകാം. എന്നാൽ ദിക്റുകൾ ചൊല്ലുന്നത് വിലക്കപ്പെട്ടിട്ടില്ല. നബി ﷺ ജനാബത്തുകാരനായിരിക്കുമ്പോഴും അല്ലാത്തപ്പോഴും സദാ അല്ലാഹുവിനെ സ്‌മരിക്കാറുണ്ടായിരുന്നു എന്നാണ് ഹദീസുകളിലുള്ളത്. ഖുർആൻ പാരായണം ചെയ്യുന്നത് അനഭിലഷണീയം (كَرَاهَةٌ) ആണ്; ഹറാമാണെന്നതിന് മതിയായ രേഖകളില്ല. ജനാബത്തുകാരൻ ഉറങ്ങുന്നതിനു മുമ്പ് സ്വകാര്യ ഭാഗങ്ങൾ കഴുകി വുളൂ ചെയ്യുന്നത് പ്രബലമായ സുന്നത്താണ്. നബി ﷺ ജനാബത്തുകാരനായതിനു ശേഷം ഉറങ്ങാനോ രണ്ടാമതൊന്നു കൂടി ഭാര്യയെ സമീപിക്കാനോ, ഭക്ഷണപാനീയങ്ങൾ കഴിക്കാനോ ഉദ്ദേശിച്ചാൽ വുളൂ ചെയ്യാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.

എപ്പോൾ വേണമെങ്കിലും കുളിച്ച് ശുദ്ധിവരുത്താൻ കഴിയുന്ന വലിയ അശുദ്ധിയാണ് ജനാബത്ത്. എന്നാൽ ആർത്തവം അങ്ങനെയല്ല. ആർത്തവത്തെ കുറിച്ച് ഖുർആനിൽ പ്രയോഗിച്ചത് أَذًى എന്നാണ്. അതിന്റെ ഭാഷാർത്ഥം ക്ഷതം, മുറിവ്, ബുദ്ധിമുട്ട്, ഉപദ്രവം എന്നൊക്കെയാണ്. ഖുർആൻ പഠിതാക്കളുടെ സവിശേഷ ശ്രദ്ധയർഹിക്കുന്നതാണ് ഈ പ്രയോഗം. അത് അല്ലാഹു സ്‌ത്രീകൾക്ക് നിശ്ചയിച്ച ഒരു ജൈവിക വിശേഷമാണ്. ആർത്തവഘട്ടം സ്വാഭാവികമായി അവസാനിക്കുകയല്ലാതെ ജനാബത്ത് പോലെ എപ്പോൾ വേണമെങ്കിലും കുളിച്ച് ശുദ്ധിയാകാവുന്ന കാര്യമല്ലല്ലോ. അതിനാൽ ജനാബത്തുകാരനും ആർത്തവകാരിയും തമ്മിൽ താരതമ്യമില്ല.

ആർത്തവകാരികൾക്ക് മുകളിൽ പറഞ്ഞ ഒരു വിലക്കും പ്രമാണരേഖകളിൽ സ്ഥിരപ്പെട്ടിട്ടില്ല. അവരുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ ബഖറഃ : 222 ൽ പരാമർശിച്ചിട്ടുണ്ട്.

വിശുദ്ധ ഖുർആൻ വിവരണത്തിലെ തയമ്മുമിനെ കുറിച്ചുള്ള വിശദീകരണവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. അതിൽനിന്നു ഒരു ഭാഗം ചുവടെ ചേർക്കുന്നു:

[ചുരുക്കത്തിൽ, മണ്ണല്ലാത്ത വസ്‌തുക്കളെക്കൊണ്ടു തയമ്മും ചെയ്‌താൽ ശരിയാവുകയില്ലെന്നു തീർത്തു പറയുക സാധ്യമല്ലെങ്കിലും, മണ്ണു കൊണ്ടായിരിക്കുന്നതാണു കൂടുതൽ നല്ലതെന്നുള്ളതിൽ സംശയമില്ല.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/672)

കർമ്മപരമായ മറ്റു പ്രശ്‌നങ്ങളിലെന്ന പോലെ തയമ്മുമിന്റെ കാര്യത്തിലും സംശയം ബാക്കി നിർത്തിയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ശാഫിഈ മദ്ഹബിലും മറ്റും പറയപ്പെട്ടിരിക്കുന്ന, മണലോ കുമ്മായമോ കലരാത്ത, പ്രത്യേകം തയ്യാറാക്കി വെച്ച ശുദ്ധമായ പൊടിമണ്ണാണ് തയമ്മുമിന് ഉപയോഗിക്കേണ്ടത് എന്ന ധാരണയെ ശക്തിപ്പെടുത്തുന്നതാണ് മുകളിൽ കൊടുത്ത പരാമർശം. ലളിതമായി പറഞ്ഞാൽ, അല്ലാഹുവിന്റെ കൽപന ﴿فَتَيَمَّمُوا صَعِيدًا طَيِّبًا﴾ എന്നാണ്. അതിന്റെ അർത്ഥം 'ഭൂമിയുടെ നല്ല പ്രതലം കരുതിക്കൊള്ളുക' എന്നും. ഇവിടെ ഉപയോഗിച്ച صَعِيد എന്ന പദം ഒന്നിലധികം അർത്ഥങ്ങൾക്കു വേണ്ടി പ്രയോഗിക്കുന്ന مُشْتَرَكٌ ആയ പദമാണ്. മണ്ണ്, കല്ല്, 
മണൽ, മരം ഇങ്ങനെ ഭൗമോപരിതലത്തിലുള്ള ഏതിനെയും ഉദ്ദേശിക്കാവുന്ന പദമാണത്. അപ്പോൾ ഇവിടെ ഏതിനെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് മറ്റു തെളിവുകൾ വെച്ചുകൊണ്ട് നിജപ്പെടുത്തേണ്ടിവരും. അതിനു സഹായകമായ ഒരു ഹദീസ് ഇമാം മുസ്‌ലിം ﵀ ഉദ്ധരിച്ചിരിക്കുന്നു. അത് ഇപ്രകാരമാണ്: عَنْ حُذَيْفَةَ، قَالَ: قَالَ رَسُولُ اللهِ ﷺ: فُضِّلْنَا عَلَى النَّاسِ بِثَلَاثٍ: جُعِلَتْ صُفُوفُنَا كَصُفُوفِ الْمَلَائِكَةِ، وَجُعِلَتْ لَنَا الْأَرْضُ كُلُّهَا مَسْجِدًا، وَجُعِلَتْ تُرْبَتُهَا لَنَا طَهُورًا، إِذَا لَمْ نَجِدِ الْمَاءَ. [مسلم في صحيحه] [ഹുദൈഫഃ ﵁ നിവേദനം. നബി ﷺ പറയുന്നു: മറ്റു ജനപദങ്ങളെ അപേക്ഷിച്ച് മൂന്ന് കാര്യങ്ങൾ കൊണ്ട് നമുക്ക് ശ്രേഷ്ഠത കൽപിക്കപ്പെട്ടിരിക്കുന്നു. മലക്കുകളുടെ വരികളെപ്പോലെയാക്കിയിരിക്കുന്നു നമസ്‌കരിക്കാൻ നിൽക്കുന്ന നമ്മുടെ വരികൾ. ഭൂമി മുഴുവനും നമുക്ക് നമസ്‌കരിക്കാനുള്ള സ്ഥലമാക്കിത്തന്നിരിക്കുന്നു. വെള്ളം ലഭിക്കാതായാൽ അതിലെ മണ്ണ് നമുക്ക് ശുദ്ധീകരണോപാധിയാക്കി നിശ്ചയിച്ചിരിക്കുന്നു.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

അപ്പോൾ ഭൂമിയുടെ صَعِيدٌ طَيِّبٌ (നല്ല പ്രതലം) എന്നതിന്റെ വിവക്ഷ അതിലെ تُرْبَةٌ (മണ്ണ്) ആണെന്ന് സ്ഥിരപ്പെട്ടു. ഇനി تُرْبَةٌ എന്നതിന്റെ അർത്ഥപരിധിയിൽ ഏതെല്ലാം ഉൾപ്പെടും, ഏതെല്ലാം ഉൾപ്പെടില്ല എന്നതു കൂടി നമുക്ക് പരിശോധിക്കേണ്ടതായി വരുന്നു.

ഭൂമിയിൽ നാം ചവിട്ടി നടക്കുന്നത് മണ്ണിലൂടെയാണ്. അതിൽ കല്ലും മണലും കുമ്മായവും എല്ലാം കലർന്നിട്ടുണ്ടാകും. അതിനാണ് ഹദീസിൽ تُرْبَةٌ (മണ്ണ്) എന്ന് പറഞ്ഞിരിക്കുന്നത്. അതാണ് നബി ﷺ തയമ്മുമിന് വേണ്ടി ഉപയോഗിച്ചിരുന്നത്. എന്നാൽ ചില മദ്ഹബ് പക്ഷപാതികളായ ഫുഖഹാക്കൾ പറയുന്നതു പോലെ, മണലോ കുമ്മായമോ ഒന്നും കലരാത്ത ശുദ്ധമായ പൊടിമണ്ണാണ് അതിന്റെ വിവക്ഷയെന്ന് പറയാൻ ന്യായമായ തെളിവുകളൊന്നുമില്ല. അത്തരം ഒരു സവിശേഷമായ മണ്ണ് നബി ﷺ തയമ്മുമിന് വേണ്ടി പ്രത്യേകം കരുതി വെച്ചിരുന്നതായി ഹദീസുകളിലെവിടെയും പരാമർശമില്ല. നബി ﷺ അവിടുത്തെ യാത്രകളിലും മറ്റും തയമ്മുമിനു വേണ്ടി അത്തരം ഒരു മണ്ണ് കൂടെ കരുതിയിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. അവിടുത്തെ മാർഗ്ഗദർശനമാണ് ഏറ്റവും ഉത്തമം. അതു നാം പിന്തുടരുക; മറ്റു വ്യാഖ്യാനങ്ങളിലേക്ക് പോകാതിരിക്കുക. അവിടുന്ന് കാണിച്ചു തന്ന രൂപത്തിൽ മാത്രം നാം അല്ലാഹുവിന് ഇബാദത്ത് ചെയ്യുക.

എന്നാൽ, ഭൂമുഖത്ത് നാം ചവിട്ടി നടക്കുന്ന സാധാരണ മണ്ണ് പോലും ലഭ്യമല്ലാത്ത ചില സാഹചര്യങ്ങളിലൂടെ നമുക്ക് കടന്നു പോകേണ്ടി വരാം. കപ്പൽ-വിമാന യാത്രകൾ ഉദാഹരണം. അത്തരം സന്ദർഭങ്ങളെ നിർബന്ധിതാവസ്ഥയായി (حَالَةٌ اضْطِرَارِيَّةٌ) കണക്കാക്കുകയും ഭൗമോപരിതലത്തിൽ ലഭ്യമായിട്ടുള്ള ഏത് വസ്‌തു ഉപയോഗിച്ചും തയമ്മും ചെയ്യുകയുമാവാം. അതിനെ കൂടി ഉൾക്കൊള്ളാവുന്നതാണ് ﴿صَعِيدًا طَيِّبًا﴾ 'നല്ല പ്രതലം' എന്ന ഖുർആനിക പ്രയോഗം. اللهُ أعْلَمُ

വെള്ളം ഉപയോഗിക്കാൻ കഴിയാതായാൽ ചെറുതും വലുതുമായ അശുദ്ധികളിൽനിന്ന് ശുദ്ധിവരുത്താൻ തയമ്മും ചെയ്യാം. തയമ്മുമിന്റെ രൂപം ഇപ്രകാരമാണ്:

  1. ആദ്യം രണ്ടു കൈപ്പത്തികളും കൊണ്ട് മണ്ണിൽ അടിക്കുക.
  2. പിന്നീട് കൈപ്പത്തികളിൽ ഊതുകയോ തട്ടുകയോ ചെയ്യുക.
  3. ശേഷം രണ്ടു കൈപ്പത്തിയും കൊണ്ട് ഒരുതവണ മുഖം തടവുക.
  4. അനന്തരം ഇടതു കൈപ്പത്തി കൊണ്ട് വലതു കൈപ്പത്തിയുടെ പിൻഭാഗം ഒരു തവണ തടവുക.
  5. അതു പോലെ, വലതു കൈപ്പത്തി കൊണ്ട് ഇടതു കൈപ്പത്തിയുടെ പിൻഭാഗവും ഒരു തവണ തടവുക.

ഇതിനുള്ള തെളിവ് ഇമാം മുസ്‌ലിം ﵀ തന്റെ സ്വഹീഹിൽ ഉദ്ധരിച്ചിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം: عَنْ سَعِيدِ بْنِ عَبْدِ الرَّحْمَنِ بْنِ أَبْزَى، عَنْ أَبِيهِ، أَنَّ رَجُلًا أَتَى عُمَرَ، فَقَالَ: إِنِّي أَجْنَبْتُ فَلَمْ أَجِدْ مَاءً فَقَالَ: لَا تُصَلِّ، فَقَالَ عَمَّارٌ: أَمَا تَذْكُرُ يَا أَمِيرَ الْمُؤْمِنِينَ، إِذْ أَنَا وَأَنْتَ فِي سَرِيَّةٍ فَأَجْنَبْنَا فَلَمْ نَجِدْ مَاءً، فَأَمَّا أَنْتَ فَلَمْ تُصَلِّ، وَأَمَّا أَنَا فَتَمَعَّكْتُ فِي التُّرَابِ وَصَلَّيْتُ، فَقَالَ النَّبِيُّ ﷺ: إِنَّمَا كَانَ يَكْفِيكَ أَنْ تَضْرِبَ بِيَدَيْكَ الْأَرْضَ، ثُمَّ تَنْفُخَ، ثُمَّ تَمْسَحَ بِهِمَا وَجْهَكَ، وَكَفَّيْكَ. [مسلم في صحيحه] [അബ്ദുറഹ്‌മാൻ ബിൻ അബ്‌സാ ﵀ നിവേദനം. ഒരാൾ ഉമർ ﵁ വിനെ സമീപിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ഞാൻ ജനാബത്തുകാരനായി. എനിക്കാണെങ്കിൽ വെള്ളം കിട്ടിയതുമില്ല. ഉമർ ﵁ പറഞ്ഞു: നീ നമസ്‌കരിക്കേണ്ടതില്ല. അപ്പോൾ അമ്മാർ ﵁ പറഞ്ഞു: അമീറുൽ മുഅ്മിനീൻ, താങ്കൾ ഓർക്കുന്നില്ലേ? താങ്കളും ഞാനും ഒരു നിയുക്ത സൈന്യത്തിൽ പോകുമ്പോൾ നമുക്ക് ജനാബത്തുണ്ടായി. നമുക്ക് വെള്ളം കിട്ടിയില്ല. അപ്പോൾ താങ്കൾ നമസ്‌കരിച്ചില്ല. ഞാൻ മണ്ണിൽ കിടന്നുരുണ്ടു. എന്നിട്ട് നമസ്‌കരിക്കുകയും ചെയ്‌തു. അങ്ങനെ നബി ﷺ അതിനെ കുറിച്ച് പറഞ്ഞത്, നീ രണ്ടു കൈപ്പത്തികളും കൊണ്ട് മണ്ണിൽ അടിക്കുകയും എന്നിട്ട് അതിൽ ഊതുകയും പിന്നീട് രണ്ടു കൈപ്പത്തിയും കൊണ്ട് മുഖവും രണ്ടു കൈപ്പത്തികളും തടവുകയും ചെയ്‌തിരുന്നുവെങ്കിൽ അത് മതിയാകുമായിരുന്നു എന്നാണ്.](മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)