Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ഹൂദ്,هُودٌസൂക്തം 118-119

Vol. 2 Page 1152

﴿وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ ١١٨ إِلَّا مَن رَّحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ ١١٩﴾

നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ, അവര്‍ - നിന്റെ റബ്ബ് കരുണ ചെയ്‌തവരൊഴികെ - ഭിന്നിച്ചു കൊണ്ടേയിരിക്കുകയാണ്; അതിനു വേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്‌. ജിന്ന് മനുഷ്യ വിഭാഗങ്ങളെ കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും എന്ന നിന്റെ റബ്ബിന്റെ വചനം പൂർത്തിയായിരിക്കുന്നു. (118-119)

മനുഷ്യന്റെ സൃഷ്ടിപ്പ്, വിധിനിർണ്ണയം, ഭാഗഥേയം തുടങ്ങിയ മൗലിക പ്രാധാന്യമുള്ള കാര്യങ്ങൾ ഖുർആനിൽ ആവർത്തിച്ചു പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളാണ്. അവയെ കുറിച്ച് സലഫുകളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതും അവരുടെ വ്യാഖ്യാന രീതികളോട് യോജിച്ചു പോകുന്നതുമായ വിശദീകരണങ്ങളാണ് അഹ്‌ലുസ്സുന്നഃയുടെ കൃതികളിൽ ഇടം പിടിക്കേണ്ടത്. സന്ദർഭവശാൽ മലയാള വായനക്കാർക്ക് അത്തരം മൗലികമായ രചനകൾ ഏറെയൊന്നും ലഭിച്ചിട്ടില്ല. അശ്അരികളുടെയും അഖ്‌ലാനികളുടെയും വികലമായ വീക്ഷണങ്ങളാണ് മിക്കപ്പോഴും അഹ്‌ലുസ്സുന്നഃയുടേതെന്ന പേരിൽ അവർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടാറുള്ളത്. അത് വായിക്കുന്നവർ തങ്ങൾക്ക് ആശയ വ്യക്തത ലഭിക്കുമെന്ന് പ്രത്യാശിക്കേണ്ടതില്ല. അവ ആശയക്കുഴപ്പങ്ങളുടെയും അവ്യക്തതകളുടെയും നൂലാമാലകൾ കൊണ്ട് നിറക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യം ഒന്നിലധികം സന്ദർഭങ്ങളിൽ ഇതിനകം വിശദീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അത്തരം പരാമർശങ്ങൾക്കു നേരെ കണ്ണടക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നതിനാൽ ഒരു ലഘുവിവരണം ഇവിടെയും നൽകുന്നതായിരിക്കും ഉചിതം. മാന്യവായനക്കാർക്ക് ആവർത്തന വിരസത തോന്നാതിരിക്കട്ടെ. വിശുദ്ധ ഖുർആൻ വിവരണത്തിൽനിന്ന് താഴെ കൊടുക്കുന്ന ഭാഗം ശ്രദ്ധിക്കുക:

[കൂടുതല്‍ വ്യക്തമായി തോന്നുന്നതും, അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചു വരുന്നതുമായ മൂന്നാമത്തെ അഭിപ്രായം ഭിന്നാഭിപ്രായത്തിനു വേണ്ടി മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നുവെന്നാകുന്നു. മനുഷ്യരെ സൃഷ്‌ടിച്ചതിന്‍റെ ലക്ഷ്യവും യുക്തിയും ഭിന്നിപ്പാണെന്നല്ല ഇതിന്റെഅര്‍ത്ഥം. മനുഷ്യരുടെ കലാശം ഭിന്നിപ്പിലാണു എത്തിച്ചേരുന്നതു എന്നത്രെ അര്‍ത്ഥം.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1505)

സ്വതന്ത്രമായി ഇച്‌ഛിക്കാനും ആവിഷ്‌കരിക്കാനും ഇഷ്ടാനുസാരം തെരഞ്ഞെടുക്കാനും വരിക്കാനുമുള്ള കഴിവ് നൽകിക്കൊണ്ടാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത്. പരീക്ഷണാർത്ഥമാണ് അവനു ഭൂമുഖത്ത് ഒരു ജീവിതം സംവിധാനിച്ചു കൊടുത്തത്. ഒറ്റ സമുദായമായിട്ടാണ് അവരുടെ തുടക്കം. പിന്നീട് പിശാചിന് വഴിപ്പെടുകയും തങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗിക്കുകയും ചെയ്‌തുകൊണ്ട് അവർ ഭിന്നിച്ചു. അത് ഭൂമുഖത്തുള്ള അവരുടെ ജീവിത നിയോഗത്തിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ പ്രാപഞ്ചികവും വിധിനിർണ്ണയപരവുമായ ഹിതമാണ്. മേൽ സൂക്തത്തിനു നൽകപ്പെട്ട വ്യത്യസ്‌തവ്യാഖ്യാനങ്ങളിൽനിന്ന് ഇബ്‌നു ജരീർ അത്ത്വബരി ﵀ മുൻഗണന നൽകി ശരിവെച്ച പക്ഷം ഇതാണ്: മനുഷ്യർ രണ്ടു വിഭാഗമായിത്തീരുക എന്നത് അവന്റെ സൃഷ്ടിപരവും പ്രാപഞ്ചികവുമായ ഹിതത്തിന്റെ ഭാഗമാണ്. അവരിൽ ഭിന്നിക്കാതെ കാരുണ്യത്തിനർഹരായിത്തീരുന്ന വിഭാഗവും, ഭിന്നിച്ചു കാരുണ്യത്തിനര്‍ഹരല്ലാതായിത്തീരുന്ന വിഭാഗവുമുണ്ടായിരിക്കും. ഇതു തന്നെയാണ് ശരിയായ വ്യാഖ്യാനം. പക്ഷെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ എല്ലാം കൂടി കൂട്ടിക്കുഴക്കുകയും, അവസാനം അശ്അരികളുടെ പക്ഷത്തിനു മുൻഗണന നൽകുകയുമാണ് ചെയ്‌തിരിക്കുന്നത്. ശൈഖ് സഅ്ദി ﵀യുടെ ഏതാനും വരികൾ ഇവിടെ പകർത്തുന്നത് ഫലപ്രദമായിരിക്കും. قَوله: ﴿وَلِذَلِكَ خَلَقَهُمْ ْ﴾ أي: اقتضت حكمته، أنه خلقهم، ليكون منهم السعداء والأشقياء، والمتفقون والمختلفون، والفريق الذين هدى الله، والفريق الذين حقت عليهم الضلالة، ليتبين للعباد، عدله وحكمته، وليظهر ما كمن في الطباع البشرية من الخير والشر، ولتقوم سوق الجهاد والعبادات التي لا تتم ولا تستقيم إلا بالامتحان والابتلاء. [السعدي في تيسير الكريم الرحمن] [«അതിനു വേണ്ടിയാണ് അവൻ അവരെ സൃഷ്ടിച്ചിരിക്കുന്നത്»: അതായത് മനുഷ്യരിൽ സൗഭാഗ്യവാന്മാരും ദൗർഭാഗ്യവാന്മാരും ഒന്നിക്കുന്നവരും ഭിന്നിക്കുന്നവരും അല്ലാഹുവിന്റെ സന്മാർഗ്ഗം ലഭിച്ചവരും വഴികേട് ഉറപ്പായവരും ഉണ്ടായിരിക്കുക എന്നത് അവന്റെ ഹിക്മത്തിന്റെ താൽപര്യമാണ്. അതിലൂടെ അല്ലാഹുവിന്റെ നീതിയും സോദ്ദേശ്യപരതയും അടിയാറുകൾക്ക് വ്യക്തമാകണം, മനുഷ്യ പ്രകൃതിയിൽ ഗുപ്‌തമായി കിടക്കുന്ന നന്മയും തിന്മയും പ്രകാശിതമാകണം, പരീക്ഷണത്തിലൂടെയും പരിശോധനയിലൂടെയും മാത്രം ശരിയാംവണ്ണം നിറവേറ്റപ്പെടുന്ന ജിഹാദിന്റെയും ഇബാദത്തിന്റെയും കമ്പോളങ്ങൾ നിലനിൽക്കണം.] (സഅ്ദി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

അധിക വായനക്കായി അൻആം 148-ാം സൂക്തത്തിന്റെ വിശദീകരണം കാണുക.