Quran explanation
ബഖറഃ [ 1 - 136 ]الْبَقَرَة
Vol. 1 Page 617
﴿الٓمٓ ١ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ٢﴾
അലിഫ്-ലാം-മീം. അതാണ് ഗ്രന്ഥം! സംശയം വേണ്ട; അതിൽ സൂക്ഷ്മത പുലർത്തുന്നവർക്ക് മാർഗ്ഗദർശനമുണ്ട്.
ഖുർആനിലെ 29 അധ്യായങ്ങൾ ആരംഭിച്ചിരിക്കുന്നത് ഇതുപോലുള്ള ബന്ധിക്കപ്പെടാത്ത അക്ഷരങ്ങൾ (مُقَطَّعَات) കൊണ്ടാണ്. അവ അർത്ഥമാക്കുന്നത് എന്താണെന്ന് നബി ﷺ യിൽനിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. സഅ്ദി ﵀ പറയുന്നത് കാണുക: وأما الحروف المقطعة في أوائل السور، فالأسلم فيها السكوت عن التعرض لمعناها من غير مستند شرعي، مع الجزم بأن الله تعالى لم ينزلها عبثا بل لحكمة لا نعلمها [عبد الرحمن السعدي في تيسير الكريم الرحمن في تفسير كلام المنان] [അധ്യായങ്ങളുടെ ആരംഭത്തിലുള്ള പരസ്പര ബന്ധമില്ലാത്ത അക്ഷരങ്ങളുടെ കാര്യമെടുക്കാം. അവയുടെ അർത്ഥം ശർഇയ്യായ അവലംബമില്ലാതെ വിശകലനം ചെയ്യുന്നതിനു പകരം മൗനം പാലിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. എന്നാൽ അവ അല്ലാഹു ഇറക്കിയത് വെറുതെയല്ലെന്നും, നമുക്ക് അറിയാത്ത ചില ഉദ്ദേശ്യങ്ങൾക്കു വേണ്ടി തന്നെയാണെന്നുമുള്ള ദൃഢബോധ്യമുണ്ടായിരിക്കേണ്ടതാണ്.] (സഅ്ദി തഫ്സീറീൽ രേഖപ്പെടുത്തിയത്)
വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇതു സംബന്ധിച്ച് മുകളിൽ പറഞ്ഞതുപോലെ ശരിയായ പക്ഷം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അതിനു മതിയായ പ്രാമുഖ്യമോ ഊന്നലോ നൽകുന്നില്ല. സാമാന്യമായി പറഞ്ഞുപോവുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പം, തെറ്റായ വീക്ഷണങ്ങൾ അനാവശ്യമായ ഊന്നൽ നൽകി വിശദമായി പ്രതിപാദിക്കുകയും ചെയ്തിരി ക്കുന്നു. അതിൽനിന്ന് ഒരു ശരാശരി വായനക്കാരന് തെറ്റും ശരിയും വേർതിരിക്കാൻ കഴിയുകയില്ല. ഏതു സ്വീകരിക്കണം ഏതു തിരസ്കരിക്കണമെന്ന് തീരുമാനിക്കാനാവാതെ ആശയക്കുഴപ്പവും അവ്യക്തതയും അവശേഷിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. ഇത്തരം ഒരു പ്രതിപാദന ശൈലി പല സന്ദർഭങ്ങളിലും ആവർത്തിച്ചു കാണുന്നു. ഇത് സലഫുകളുടെ രീതിയല്ല. വിശദീകരണത്തിനായി വ്യക്തത: അഹ്ലുസ്സുന്നഃയുടെ വ്യതിരിക്തത എന്ന ലേഖനം (പുറം 159) കൂടി വായിക്കുക.
വിശുദ്ധ ഖുർആൻ വിവരണത്തിൽ (പുറം 1/124) ബഖറഃ 2-ാം സൂക്തം വ്യാഖ്യാനിക്കുമ്പോൾ ഈമാനിനെ കുറിച്ച് നടത്തിയ പ്രതിപാദന രീതിയിൽ അപാകം സംഭവിച്ചിട്ടുണ്ട്. അഹ്ലുസ്സുന്നഃയുടെ പണ്ഡിതന്മാർ വസ്തുനിഷ്ഠമായും കൃത്യതയോടെയുമാണ് ഈ വിഷയം അവതരിപ്പിക്കാറുള്ളത്. അതിൽനിന്ന് വ്യത്യസ്തമായി, അപ്രസക്തവും അനാവശ്യവുമായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയതായി കാണുന്നു. മൗലികമായ ഇത്തരം വിഷയങ്ങളെ കുറിച്ച് വായനക്കാർക്ക് കൃത്യവും വ്യക്തവുമായ ധാരണ ലഭിക്കേണ്ടതുണ്ട്. അതിനുവേണ്ടി സലഫുകളുടെ പ്രതിപാദന രീതി തന്നെ പിന്തുടരേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം, ഇവിടെ സംഭവിച്ചതു പോലെ വായനക്കാരിൽ അത് അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കും. ഈമാനിനെ കുറിച്ച് ഭേദപ്പെട്ട ഒരു വിവരണം ഇസ്ലാമിക വിശ്വാസ സംഹിത എന്ന ലേഖനത്തിൽ (പുറം 1/317) ഉൾപ്പെടുത്തിയിട്ടുണ്ട്. അത് വായിക്കുവാൻ താൽപര്യം.
﴿خَتَمَ اللهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ ٧﴾
അവരുടെ ഹൃദയങ്ങൾക്കും കേൾവിക്കും മേൽ അല്ലാഹു മുദ്രവെച്ചിരിക്കുന്നു. അവരുടെ ദൃഷ്ടികൾക്കുമേലും ഒരു ആവരണമുണ്ട്. അവർക്കുള്ളത് കനത്ത ശിക്ഷയാണ്.
അല്ലാഹു ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത് അറബി ഭാഷയിലാണ്. അതിസങ്കീർണ്ണമായ ആശയങ്ങൾ പോലും മനോഹരമായി ആവിഷ്കരിക്കാനും, അവയുടെ സൂക്ഷ്മ തലങ്ങളെ വ്യവഛേദിച്ചു കാണിക്കാനും അറബിക്കുള്ള ഭാഷാശേഷി അസാമാന്യമാണ്. തനതായ അറബി ഭാഷാ ശൈലിയിലാണ് ഖുർആൻ സൂക്തങ്ങളെല്ലാം ഇറക്കപ്പെട്ടിരിക്കുന്നത്. അവയിലെ മുഴുവൻ വാക്കുകളും പ്രയോഗങ്ങളും ബാഹ്യവും യഥാതഥവുമായ അർത്ഥമാണ് ഉൾക്കൊള്ളുന്നത്. അവക്ക് ഗൂഢാർത്ഥങ്ങൾ കൽപിക്കുന്നതും ആലങ്കാരിക പ്രയോഗങ്ങളെന്ന വ്യാജേന ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽനിന്ന് അവയെ തെറ്റിക്കുന്നതും അല്ലാഹുവിന്റെ വചനങ്ങളിൽ കൃത്യവിലോപം കാണിക്കലാണ്.
പിഴച്ച കക്ഷികൾ പല ഖുർആൻ സൂക്തങ്ങളെയും തങ്ങളുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിക്കാൻ വേണ്ടി അവയെ ആലങ്കാരിക പ്രയോഗമായി ചിത്രീകരിക്കാറുണ്ട്. നൂതനമായ പല വാദമുഖങ്ങളും ഇസ്ലാമിലേക്ക് കടത്തിക്കൂട്ടാൻ അവർ ഇതുപോലുള്ള ഭാഷാ സങ്കേതങ്ങളെ സമർത്ഥമായി ഉപയോഗിക്കാറുമുണ്ട്. യഥാർത്ഥത്തിൽ തനതായ അറബി ഭാഷാ പ്രയോഗങ്ങൾ മാത്രമേ ഖുർആനിലുള്ളൂ. അവയിൽ ചിലതിനെ ആലങ്കാരിക പ്രയോഗമായി ചിത്രീകരിക്കുന്നതും, ബാഹ്യവും യഥാതഥവുമായ അർ ത്ഥത്തിൽനിന്ന് അവയെ തെറ്റിക്കുന്നതും കൃത്യവിലോപവും ദുർവ്യാഖ്യാനവുമാണ്. ഇതാണ് സലഫുകളുടെ സമീപനം.
എന്നാൽ, വിശുദ്ധ ഖുർആൻ വിവരണത്തിൽ ബഖറഃ 7-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തിലും മറ്റനേകം സന്ദർഭങ്ങളിലും തനതായ പല ഭാഷാ പ്രയോഗങ്ങളെയും അലങ്കാര പ്രയോഗമായി ചിത്രീകരിക്കുന്നതു കാണാം. ചില പ്രയോഗങ്ങൾക്ക് ബാഹ്യവും യഥാതഥവുമായ അർത്ഥം കൽപിക്കേണ്ടതിനു പകരം മറ്റു ചില വ്യാഖ്യാനങ്ങൾ നൽകുന്നതും കാണാം. ഇത് സച്ചരിതരായ മുൻഗാമികളുടെ രീതിക്ക് വിരുദ്ധവും, സത്യാന്വേഷണ ബുദ്ധിയോടെയുള്ള ഖുർആൻ പഠനത്തിനു നിരക്കാത്ത കാര്യവുമാണ്. കൂടുതൽ അറിയുന്നതിനായി ഭാഷയും പരിഭാഷയും എന്ന ലേഖനം കൂടി കാണുക.
﴿اللهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ ١٥﴾
എന്നാൽ അല്ലാഹു അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില് വിഹരിക്കുവാന് അവരെ അയച്ചു വിടുകയുമാണ് ചെയ്തിരിക്കുന്നത്.
വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം കാണുക:
[(അല്ലാഹു അവരെ പരിഹസിക്കും) എന്നു പറഞ്ഞതിന്റെ താത്പര്യം അവരുടെ പരിഹാസ പ്രവർത്തനങ്ങളുടെ പേരിൽ ശിക്ഷാനടപടി എടുക്കുമെന്നത്രെ.] (വിശുദ്ധ ഖുർആൻ വിവരണം 1/134)
ഇത് ദുർവ്യാഖ്യാനമാണ്. അശ്അരികളാണ് ഇങ്ങനെ പറയാറുള്ളത്. സലഫുകൾ ഈ സൂക്തത്തെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുള്ളത് അതിന്റെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിലാണ്. അല്ലാഹു അവരെ പരിഹസിക്കും എന്നു തന്നെയാണ് അതിന് അവർ നൽകാറുള്ള വ്യാഖ്യാനം.
അശ്അരികളുടെ വാദം പരിഹാസം (اسْتِهْزَاء) എന്നത് അല്ലാഹുവിലേക്ക് ചേർക്കാവുന്ന കാര്യമല്ലെന്നാണ്. പൂർണ്ണതയും സൗന്ദര്യവും ധ്വനിപ്പിക്കുന്ന വിശേഷണമല്ലാത്തതിനാൽ (اسْتِهْزَاء) എന്നതിന് മറ്റൊരർത്ഥം കൽപിക്കേണ്ടതുണ്ട് എന്നവർ ജൽപിക്കുന്നു. അതിനാൽ ശിക്ഷാനടപടി എടുക്കുക എന്ന് അവർ അതിനെ ദുർവ്യാഖ്യാനിക്കുന്നു. ഖുർആൻ സൂക്തങ്ങൾ ഇപ്രകാരം ഓരോരുത്തരും അവരവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിക്കാവതല്ല.
പരിഹാസം (اسْتِهْزَاء) പൂർണ്ണതയും സൗന്ദര്യവും ധ്വനിപ്പിക്കുന്ന വിശേഷണമായിത്തീരുന്ന സന്ദർഭങ്ങളുണ്ട്. അല്ലാത്ത സന്ദർഭങ്ങളുമുണ്ട്. ഉചിതമായ സന്ദർഭത്തിലാണ് 'അല്ലാഹു അവരെ പരിഹസിക്കും' എന്ന പരാമർശം ഖുർആനിൽ വന്നിരിക്കുന്നത്. ഉചിതമല്ലാത്ത സന്ദർഭങ്ങളിലല്ല അത്തരം വിശേഷണങ്ങൾ പറയപ്പെട്ടിരിക്കുന്നതെന്ന കാര്യം വ്യവഛേദിച്ചു മനസ്സിലാക്കേണ്ടതാണ്. ഇക്കാര്യത്തെ കുറിച്ച് ശൈഖ് ഇബ്നു ഉഥൈമീൻ ﵀ നൽകിയ അർത്ഥവത്തായ ഒരു വിശദീകരണം ഇപ്രകാരം വായിക്കാം:
وإذا كانت الصفة كمالاً في حال، ونقصا في حال لم تكن جائزة في حق الله، ولا ممتنعة على سبيل الإطلاق، فلا تُثْبَت له إثباتا مطلقا، ولا تُنْفَى عنه نفيا مطلقا، بل لا بد من التفصيل، فتجوز في الحال التي تكون كمالاً، وتمتنع في الحال التي تكون نقصا، وذلك كالمكر والكيد والخداع ونحوها، فهذه الصفات تكون كمالاً إذا كانت في مقابلة من يعاملون الفاعل بمثلها، لأنها حينئذٍ تدل على أن فاعلها قادر على مقابلة عدوه بمثل فعله، أو أشد، وتكون نقصا في غير هذه الحال، ولهذا لم يذكرها الله تعالى من صفاته على سبيل الإطلاق، وإنما ذكرها في مقابلة من يعاملونه ورسله بمثلها، كقوله تعالى: ﴿وَمَكَرُوا وَمَكَرَ اللهُ وَاللهُ خَيْرُ الْمَاكِرِينَ ٥٤﴿ (آل عمران) وقوله: ﴿إِنَّهُمْ يَكِيدُونَ كَيْداً ١٥ وَأَكِيدُ كَيْداً ١٦﴾ (الطارق)، وقوله: ﴿وَالَّذِينَ كَذَّبُوا بِآياتِنَا سَنَسْتَدْرِجُهُمْ مِنْ حَيْثُ لَا يَعْلَمُونَ ١٨٢ وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ ١٨٣﴾ (الأعراف) وقوله: ﴿إِنَّ الْمُنَافِقِينَ يُخَادِعُونَ اللهَ وَهُوَ خَادِعُهُمْ ١٤٢﴾(النساء) وقوله: ﴾قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ١٤ اللهُ يَسْتَهْزِئُ بِهِمْ.. ١٥﴾ (البقرة).
ولهذا لم يذكر الله أنه خان من خانوه، فقال تعالى: ﴿وَإِنْ يُرِيدُوا خِيَانَتَكَ فَقَدْ خَانُوا اللهَ مِنْ قَبْلُ فَأَمْكَنَ مِنْهُمْ وَاللهُ عَلِيمٌ حَكِيمٌ ٧١﴾ (الأنفال) فقال: فأمكن منهم، ولم يقل: فخانهم، لأن الخيانة خدعة في مقام الائتمان، وهى صفة ذم مطلقا. (ابن عثيمين في القواعد المثلى في صفات الله وأسمائه الحسنى]
[ഒരവസ്ഥയിൽ പൂർണ്ണതയും മറ്റൊരവസ്ഥയിൽ ന്യൂനതയുമായിത്തീരാവുന്ന ഏതൊരു ഗുണവും അല്ലാഹുവിനെ നിരുപാധികം വിശേഷിപ്പിക്കാമെന്നോ, നിരുപാധികം വിശേഷിപ്പിക്കാൻ പാടില്ലെന്നോ പറയാവതല്ല. അത് അല്ലാഹുവിന് നിരുപാധികം സ്ഥിരീകരിക്കാനോ, നിരുപാധികം നിരാകരിക്കാനോ പാടില്ല. മറിച്ച്, അത്തരം ഗുണവിശേഷങ്ങളുടെ കാര്യം വിശദീകരിക്കപ്പെടേണ്ട താണ്. അത് പൂർണ്ണതയായിത്തീരുന്ന അവസ്ഥയിൽ അല്ലാഹുവിന് ചാർത്തുന്നത് അനുവദനീയമായിരിക്കും. ന്യൂനതയായിത്തീ രുന്ന സന്ദർഭത്തിൽ അത് പാടില്ലെന്നും വരും. അതിനുദാഹരണമാണ് مَكْرٌ (സൂത്രം), كَيْدٌ (തന്ത്രം), خِدَاعٌ (കബളിപ്പിക്കൽ) മുതലായവ. ഇവ പൂർണ്ണതയുടെ ഗുണവിശേഷമായിത്തീരുന്നത് സമാനമായത് ചെയ്യുന്നവനോട് തിരിച്ച് ചെയ്യുമ്പോഴാണ്. അപ്പോൾ, അത് അനുവർത്തിക്കുന്നവന് തന്റെ ശത്രുവിനെ അതേ നാണയത്തിൽ തന്നെയോ അതിലും രൂക്ഷമായോ തിരിച്ചടിക്കാൻ സാധിക്കും എന്ന അർത്ഥമാണല്ലോ വരിക. ഈ അവസ്ഥയല്ലാത്തപ്പോൾ അത് ന്യൂനതയായിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ, അല്ലാഹു അവയെ നിരുപാധികം തന്റെ വിശേഷണമായി പറഞ്ഞിട്ടില്ല താനും. അല്ലാഹുവിനോടും അവന്റെ ദൂതരോടും സമാനമായത് ചെയ്യുന്നവർക്കെതിരിലാണ് അത് പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി അല്ലാഹു പറയുന്നത് നോക്കുക: «അവർ സൂത്രം പ്രയോഗിച്ചു; അല്ലാഹുവും സൂത്രം പ്രയോഗിച്ചു. അല്ലാഹു ഏറ്റവും നന്നായി സൂത്രം പ്രയോഗിക്കുന്നവനാകുന്നു». (ആലു ഇംറാൻ 54) «തീർച്ചയായും അവർ വലിയ തന്ത്രം പ്രയോഗിക്കുന്നു. ഞാനും വലിയ തന്ത്രം പ്രയോഗിക്കുന്നു». (ത്വാരിഖ് 15-16) «എന്നാല് നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുന്നവരാകട്ടെ, അവരറിയാത്ത വിധത്തില് അവരെ നാം പടിപടിയായി പിടികൂടുന്നതാണ്. അവര്ക്കു ഞാന് കാലവിളംബം നൽകിയെന്നും വരും. തീര്ച്ചയായും എന്റെ തന്ത്രം സുശക്തമാണ്». (അഅ്റാഫ് 182-183) «തീര്ച്ചയായും കപടവിശ്വാസികള് അല്ലാഹുവിനെ കബളിപ്പിക്കാൻ നോക്കുകയാണ്. യഥാര്ത്ഥത്തില് അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്». (നിസാഅ് 142) «അവർ പറയും: ഞങ്ങള് നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള് വിശ്വാസികളെ പരിഹസിക്കുക മാത്രമായിരുന്നു. യഥാർത്ഥത്തിൽ അല്ലാഹു, അവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്». (ബഖറഃ 14-15)
അതുകൊണ്ടാണ്, 'അവനെ വഞ്ചിച്ചവനെ അവൻ വഞ്ചിച്ചിരിക്കുന്നു' എന്ന് അല്ലാഹു പറയാതിരുന്നത്. അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: «ഇനി നിന്നെ വഞ്ചിക്കാനാണ് അവര് ഉദ്ദേശിക്കുന്നതെങ്കില് മുമ്പ് അവര് അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്. അത് കൊണ്ടാണ് അവന് അവരെ നിങ്ങള്ക്കു കീഴ്പ്പെടുത്തി തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും ജ്ഞാനിയായ അധികാരസ്ഥനുമാകുന്നു». (അൻഫാൽ 71) 'അവൻ അവരെയും വഞ്ചിച്ചിരിക്കുന്നു' എന്നു പറഞ്ഞില്ല. കാരണം خِيَانَة എന്നത് വിശ്വാസ വഞ്ചനയാണ്. അത് നിരുപാധികമായും അധിക്ഷേപാർഹമായ ഒരു ഗുണവിശേഷമാണ്. (ഇബ്നു ഉഥൈമീൻ അൽ ഖവാഇദുൽ മുഥ്ലായിൽ രേഖപ്പെടുത്തിയത്)
ചില വിശേഷണങ്ങൾ ഇങ്ങനെയാണ്. നിരുപാധികമായി അല്ലാഹുവിനെ വിശേഷിപ്പിക്കാവുന്നവയല്ല അവ. എന്നാൽ സോപാധികമായി അവയെ അല്ലാഹുവിന്റെ വിശേഷണമായി പറയുകയുമാവാം. നിരുപാധികമായി അവ അല്ലാഹുവിലേക്ക് ചേർത്തു പറയുമ്പോൾ ഒരു ന്യൂനതയായിത്തീരുമെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ സോപാധികമായി അവനിലേക്ക് ചേർക്കുമ്പോൾ അത് പൂർണ്ണതയുടെയും സൗന്ദര്യത്തിന്റെയും വിശേഷണങ്ങളായിത്തീരുന്നു. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെയും അംഗീകരിക്കാതെയും ഖുർആൻ സൂക്തങ്ങളെ ദുർവ്യാഖ്യാനിക്കുന്ന അശ്അരികളുടെ നിലപാട് നാം തള്ളിക്കളയുക തന്നെ വേണം. വിശദീകരണത്തിനായി അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനം (പുറം 360) കാണുക.
﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ٢١﴾
ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച, നിങ്ങളുടെ റബ്ബിനു മാത്രം നിങ്ങൾ ഇബാദത്ത് ചെയ്യുക.
വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽ കിയ വ്യാഖ്യാനം ഇപ്രകാരമാണ്.
[ഈ വചനങ്ങളിൽ കണ്ടതുപോലെ, ആദ്യം അല്ലാഹുവിന്റെ സൃഷ്ടികർത്തൃത്വവും (خالقية) രക്ഷാകർത്തൃത്വവും (ربوبية) ഉറപ്പിച്ച ശേഷം, ആ അടിസ്ഥാനത്തിൽ അവന്റെ ആരാധ്യത്വവും (ألوهية) - അഥവാ ദൈവത്വവും - സ്ഥാപിക്കുക ഖുർആനിൽ പലപ്പോഴും കാണാവുന്ന ഒരു പതിവാകുന്നു.] (വിശുദ്ധ ഖുർആൻ വിവരണം പുറം 1/140)
തൗഹീദിനെ കുറിച്ചും തൗഹീദിന്റെ വിഭാഗങ്ങളെ കുറിച്ചും സച്ചരിതരായ മുൻഗാമികളുടെ രീതിയിലല്ല ഇവിടെ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. അഹ്ലുസ്സുന്നഃ നൽകാറുള്ള വിവരണം സുവിദിതമാണ്. അല്ലാഹു ഏകനും അതുല്യനുമാണ്. അവന്റെ ഏകത്വത്തിന് മൂന്ന് ഭാഗങ്ങളുണ്ട് - രക്ഷാകർത്തൃത്വത്തിലുള്ള ഏകത്വം (تَوْحِيدُ الرُبُوبِيَّة), ആരാധ്യതയിലുള്ള ഏകത്വം (تَوْحِيدُ الأُلُوهِيَّة), നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വം (تَوْحِيدُ الأَسْمَاءِ وَالصِفَات). സൃഷ്ടികർത്തൃത്വം എന്നത് രക്ഷാർത്തൃത്വത്തിൽ ഉൾപ്പെടുന്ന ഒരു കാര്യം മാത്രമാണ്. ഇവിടെ സൃഷ്ടികർത്തൃത്വം മാത്രമല്ല, സൃഷ്ടികളെ പരിപാലിക്കുക, അവർക്കാവശ്യമായ വിഭവങ്ങൾ നൽകുക പോലുള്ള രക്ഷാകർത്തൃത്വത്തിന്റെ മറ്റു വശങ്ങൾ കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. മുശ്രിക്കുകൾ തത്വത്തിൽ അംഗീകരിച്ചിരുന്ന രക്ഷാകർത്തൃത്വം മുന്നിൽ വെച്ചുകൊണ്ടാണ് അല്ലാഹുവിനെ മാത്രമായി ആരാധിക്കണം എന്ന പരമസത്യം ഇവിടെ ഉന്നയിക്കുന്നത്.
തൗഹീദ് പോലെ മൗലിക പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സലഫുകളുടെ രീതി പിന്തുടർന്നില്ലെങ്കിൽ അത് അവ്യക്തകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കും. ഇവ്വിഷയകമായി കൂടുതൽ അറിയാൻ ഇസ്ലാമിക വിശ്വാസ സംഹിത എന്ന ലേഖനം (പുറം 317) കൂടി വായിക്കുന്നത് പ്രയോജനപ്രദമായിരിക്കും.
കൂടാതെ, ഇതേ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരു സ്ഖലിതം കൂടി സംഭവിച്ചിട്ടുണ്ട്. അല്ലാഹുവിനെ കുറിച്ച് താഴെ കൊടുത്ത വിധത്തിൽ ഒരു പരാമർശം കാണാം:
[അവയുടെ പിന്നിൽ സ്ഥിതി ചെയ്യുന്ന മഹാ അദൃശ്യ ശക്തിയിലേക്കും...] (വിശുദ്ധ ഖുർആൻ വിവരണം പുറം 1/140)
ഇത് അല്ലാഹുവിനെ കുറിച്ച് പറയാൻ പാടില്ലാത്തതാണ്. അവനെ കുറിച്ച് അവൻ തന്നെ തന്റെ ഗ്രന്ഥത്തിലൂടെയോ, തന്റെ ദൂതന്റെ നാവിലൂടെയോ പറഞ്ഞതു മാത്രമേ പറയാൻ പാടുള്ളു. അതാണ് സുരക്ഷിതം. അല്ലാത്ത വർണ്ണനകളെല്ലാം അല്ലാഹുവിന്റെ പേരിൽ വ്യാജം ചമക്കലും ദുരാരോപണവുമാണ്. അത് വളരെ ഗുരുതരമായ പാപമാണ്. മുകളിലെ ഉദ്ധരണിയിൽ പറഞ്ഞതുപോലെ 'മഹാ അദൃശ്യ ശക്തി' എന്ന ഒരു നാമം അവനില്ല. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്, മഹാശക്തിയുള്ളവനാണ്, പ്രബലനാണ്. ഈ അർത്ഥങ്ങൾ ലഭിക്കുന്ന നാമങ്ങൾ ഖുർആനിലുണ്ട്. പക്ഷെ അവൻ ഒരു 'മഹാ അദൃശ്യ ശക്തി'യാണെന്ന് പറയുന്നത് ശരിയല്ല. അവനെ ഒരു അദൃശ്യ ശക്തി എന്നു വിളിക്കുന്നതിനെ സാധൂകരിക്കാവുന്ന രേഖകളൊന്നും പ്രമാണങ്ങളിലില്ല.
ഈ വിഷയത്തിൽ വ്യക്തമായ ഒരു ധാരണ മനസ്സിലാക്കാൻ അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനം കൂടി (പുറം 360) വായിക്കുക.
﴿وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ٣٠﴾
നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം: ഞാൻ ഭൂമിയില് ഒരു ഖലീഫഃയെ നിയോഗിക്കാന് പോകുന്നു. അവര് പറഞ്ഞു: കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിയോഗിക്കുകയാണോ? ഞങ്ങൾ നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ വിശുദ്ധി ഉയർത്തിപ്പിടിക്കുന്നു. നിന്റെ പരിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവന് പറഞ്ഞു: നിങ്ങള്ക്കറിയാത്തത് എനിക്കറിയാം.
മനുഷ്യൻ അല്ലാഹുവിന്റെ സൃഷ്ടി. ഏറെ ആദരണീയൻ. ജിന്നുകളുടെ പിൻഗാമിയായി വരികയും ഭൂമിയിൽ ആധിപത്യം വാഴുകയും ചെയ്തവൻ. നട്ടെല്ലിൽ നിവർന്നു നിൽക്കുന്ന ജീവി. ആലേഖനവിദ്യ പഠിപ്പിക്കപ്പെട്ടവൻ. സാഹിത്യ ഭാഷയിൽ പ്രസംഗിക്കാനും മനോഹരമായ കവിതകൾ രചിക്കാനും കഴിവുള്ളവൻ. കരയിലും കടലിലും വാനിലും വാഹനം ഉപയോഗിക്കുന്നവൻ. ഇഛാസ്വാതന്ത്ര്യവും വരണാധികാരവും നൽകപ്പെട്ടവൻ. സ്വയം നിർമ്മിക്കാനും ആവിഷ്കരിക്കാനും കഴിവുള്ളവൻ. വിശേഷബുദ്ധിയും യുക്തിയും നൽകപ്പെട്ടവൻ. വാഗ്വിചാരകർമ്മങ്ങൾക്ക് സൃഷ്ടിപരവും സംഹാരാത്മകവുമായ അനന്ത സാധ്യതകൾ ചാർത്തപ്പെട്ടവൻ. ആകാശഭൂമികളും മാമലകളും ഏറ്റെടുക്കാതെ ആശങ്കപ്പെട്ടു പിന്മാറിയ അമാനത്ത് ചുമലിലേറ്റിയവൻ, ശബ്ദവും ലിപിയും ഉപയോഗിച്ച് ബൗദ്ധിക നാഗരിക സാംസ്കാരിക വികാസങ്ങളെയും പുരോഗതികളെയും അടുത്ത തലമുറക്ക് കൈമാറുന്നവൻ... ഇങ്ങനെ മനുഷ്യനെ കുറിച്ച് വിശേഷിപ്പിക്കാൻ ഒരു പാട് കാര്യങ്ങളുണ്ട്. സ്രഷ്ടാവായ അല്ലാഹു അവനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദം ഖലീഫഃ എന്നാണ്. മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിൽ അധിവസിപ്പിക്കാൻ ഉദ്ദേശിച്ച സമയത്ത് അല്ലാഹു മലക്കുകളോട് പറഞ്ഞു:
[നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം: ഞാൻ ഭൂമിയില് ഒരു ഖലീഫഃയെ നിയോഗിക്കാന് പോവുകയാണ്. അവര് പറഞ്ഞു: കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ അവിടെ നിയോഗിക്കുന്നത്? ഞങ്ങൾ നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ വിശുദ്ധി ഉയർത്തിപ്പിടിക്കുന്നു. നിന്റെ പരിശുദ്ധി സദാ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവന് പറഞ്ഞു: നിങ്ങള്ക്കറിയാത്തത് എനിക്കറിയാം.] (ബഖറഃ 30)
രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കൾ അവരുടെ രാഷ്ട്രീയ അജണ്ടകൾക്ക് മതപരമായ പിൻബലം കണ്ടെത്താനായി മേൽ സൂക്തത്തെ ദുർവ്യാഖ്യാനിക്കാറുണ്ട്. ഖലീഫഃ എന്ന പദത്തിന് അല്ലാഹുവിന്റെ പ്രതിനിധി എന്നാണ് അവർ തെറ്റായി അർത്ഥകൽപന നടത്താറുള്ളത്. അല്ലാഹുവിന്റെ ഭൂമിയിൽ അല്ലാഹുവിന്റെ ഭരണം നടപ്പിലാക്കാൻ അല്ലാഹു നിശ്ചയിച്ച പ്രതിനിധി എന്നാണ് അവർ മനുഷ്യനെ വിശേഷപ്പിക്കാറുള്ളത്. ഭൂലോകത്ത് അധിവസിക്കുന്ന മനുഷ്യന്റെ പ്രഥമവും പ്രമുഖവുമായ ദൗത്യം അല്ലാഹുവിന്റെ നിയമം നടപ്പിലാക്കലും മതാധിഷ്ഠിതമായ ഭരണം സ്ഥാപിക്കലുമാണെന്ന് അവർ വാദിക്കുന്നു. പ്രമാണങ്ങളുടെ പിൻബലമില്ലാത്ത തെറ്റായ ഈ വാദത്തെ ശരിയായ വിധത്തിൽ ഖണ്ഡിക്കാതെ വായനക്കാരെ കൂടുതൽ ആശയക്കുഴപ്പത്തിൽ തളച്ചിടുന്ന വിധത്തിലാണ് വിശുദ്ധ ഖുർആൻ വിവരണത്തിൽ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. ഉദാഹരണമായി അതിലുള്ള ഒരു പരാമർശം കാണുക:
[(2) അല്ലാഹുവിന്റെ ശാസനകൾക്കു വിധേയരായവർക്കിടയിൽ അദ്ദേഹം അല്ലാഹുവിനു പകരം വിധി കൽപിക്കുന്നതു കൊണ്ട് അദ്ദേഹത്തിന് ഖലീഫ എന്നു പറഞ്ഞതാണ്. ഇബ്നു മസ്ഊദ്, ഇബ്നു അബ്ബാസ്, സൂദ്ദീ (റ) എന്നിവരിൽനിന്നു നിവേദനം ചെയ്യപ്പെട്ടതു ഇതാണ്.] (വിശുദ്ധ ഖുർആൻ വിവരണം പുറം 1/152)
മനുഷ്യൻ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന് വ്യക്തമാക്കുന്ന ഒരു പരാമർശവും ഖുർആനിലോ സ്ഥിരപ്പെട്ട ഹദീസുകളിലോ വന്നിട്ടില്ല.
അതേപോലെ, ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ് ﵃ പോലുള്ള സ്വഹാബിമാരിൽനിന്നോ മറ്റു സച്ചരിതരായ മുൻഗാമികളിൽനിന്നോ മനുഷ്യൻ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന് വ്യക്തമാക്കുന്ന സ്വീകാര്യയോഗ്യമായ വചനങ്ങളൊന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.
സലഫുകളുടെ ചില വചനങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് ഇബ്നു ജരീർ അത്ത്വബരി ﵀ അങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അതുതന്നെയും അദ്ദേഹം മുൻഗണന നൽകിയ അഭിപ്രായമല്ല. ആ അഭിപ്രായമാണ് സ്വഹാബികളുടെ വചനം എന്ന രൂപത്തിൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഉദ്ധരിച്ചിട്ടുള്ളത്.
മനുഷ്യനെ അല്ലാഹുവിന്റെ പ്രതിനിധിയെന്നോ അല്ലാഹുവിന്റെ പിൻഗാമിയെന്നോ വിശേഷിപ്പിക്കുന്നത് കടുത്ത അപരാധവും അസംബന്ധവുമാണ്. കാരണം അല്ലാഹുവിന് ആരെയും തന്റെ പ്രതിനിധിയോ പകരക്കാരനോ ആക്കേണ്ട കാര്യമില്ല. ഒരുത്തന്റെ അഭാവത്തിലാണ് മറ്റൊരാളെ പ്രതിനിധിയാക്കേണ്ടി വരിക. അങ്ങനെ ഒരു അഭാവം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സംഗതമേ അല്ല. അല്ലാഹു പ്രതിനിധിയെയോ പകരക്കാരനെയോ നിശ്ചയിച്ചു എന്നു വാദിക്കുന്നത് അവന്റെ മഹത്വത്തെയും പൂർണ്ണതയെയും ഇകഴ്ത്തലാണ്.
മാത്രമല്ല, മനുഷ്യന് അല്ലാഹുവിനെ പ്രതിനിധീകരിക്കാനുള്ള കഴിവില്ല. അല്ലാഹുവിന്റെ പകരക്കാരനായി നിലകൊള്ളാനും അവന്റെ ഏതെങ്കിലും ഒരു കാര്യം ഏറ്റെടുക്കാനുമുള്ള കഴിവ് ആർക്കും അവൻ നൽകിയിട്ടുമില്ല. ഇക്കാര്യം വിശുദ്ധ ഖുർആൻ വ്യാഖ്യാനത്തിലും പറഞ്ഞു പോയിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം.
[(3) അല്ലാഹു ആരെയെങ്കിലും ഖലീഫയാക്കി എന്നു പറഞ്ഞാൽ, ആ ഖലീഫ സാധാരണ അർത്ഥത്തിൽ അവന്റെ പിൻഗാമിയോ, പ്രതിനിധിയോ ആയിരിക്കുവാൻ നിവൃത്തിയില്ല. കാരണം, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം - ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയതു പോലെ - ഒരർത്ഥത്തിലുള്ള അഭാവവും അവനുണ്ടാകുകയില്ല. അവന്റെ ഏതെങ്കിലും ഒരു അധികാരമോ, പ്രവൃത്തിയോ, ബാധ്യതയോ മറ്റൊരാൾക്ക് വിട്ടുകൊടുക്കുകയോ, ഏൽപിച്ചുകൊടുക്കുകയോ ചെയ്യുന്ന പ്രശ്നവുമില്ല.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/150)
റാഗിബിനെ ഉദ്ധരിച്ചു കൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന കാര്യം വസ്തുതാപരവും പ്രമാണബദ്ധവുമാണ്. പക്ഷെ, ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ് ﵁ പോലുള്ള സ്വഹാബിമാരിൽനിന്ന് മറിച്ച് റിപ്പോർട്ടുകളുണ്ടെന്ന് പറയുമ്പോൾ വായനക്കാർ ആശയക്കുഴപ്പത്തിലാകുന്നു. യഥാർത്ഥത്തിൽ അവരിൽ നിന്ന് അങ്ങനെ വ്യക്തമായ ഒരു പരാമർശം ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഖുർആനിലോ ഹദീസിലോ സലഫുകളുടെ വചനങ്ങളിലോ മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നു എന്ന ആശയത്തിനു സ്ഥിരീകരണമില്ല എന്നതാണ് സത്യം. ഇക്കാര്യം നാം മുകളിൽ വിശദീകരിച്ചുവല്ലോ.
മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നു എന്ന ആശയം അടിസ്ഥാനപരമായി തന്നെ തെറ്റാണ്. ആ ആശയത്തെ നിരാകരിക്കുന്നതിനു പുറമെ, അല്ലാഹുവിന്റെ ഖലീഫഃ (خَلِيفَةُ اللهِ) എന്ന പ്രയോഗത്തെ തന്നെയും സലഫുകൾ നിരാകരിക്കാറുണ്ടായിരുന്നു. ഒരാൾ അബൂ ബക്ർ ﵁ നെ അല്ലാഹുവിന്റെ ഖലീഫ എന്ന് അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്: عَنِ ابْنِ أَبِي مُلَيْكَةَ قَالَ: قِيلَ لِأَبِي بَكْرٍ ﵁: يَا خَلِيفَةَ اللهِ قَالَ: أَنَا خَلِيفَةُ مُحَمَّدٍ ﷺ، وَأَنَا رَاضٍ بِذَلِكَ، يَعْنِي فَكَرِهَ أَنْ يُقَالَ: يَا خَلِيفَةَ اللهِ عَزَّ وَجَلَّ. [الآجري في الشريعة] [ഇബ്നു അബീ മുലൈകഃ നിവേദനം. ഒരാൾ അബൂ ബക്ർ ﵁ നോട് പറയുകയുണ്ടായി. അല്ലാഹുവിന്റെ ഖലീഫാ! അദ്ദേഹം പ്രതികരിച്ചു: ഞാൻ മുഹമ്മദ് ﷺ യുടെ ഖലീഫയാണ്. ഞാൻ അതിൽ തൃപ്തനുമാണ്. അദ്ദേഹം ഉദ്ദേശിച്ചത്, അല്ലാഹുവിന്റെ ഖലീഫഃ (خَلِيفَةُ اللهِ) എന്ന് വിളിക്കുന്നതിനെ അദ്ദേഹം വെറുക്കുന്നു എന്നാണ്.] (ആജുരി ശരീഅഃയിൽ ഉദ്ധരിച്ചത്)
ഇവിടെ അല്ലാഹുവിന്റെ ഖലീഫഃ (خَلِيفَةُ اللهِ) എന്ന പ്രയോഗത്തിൽ മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നു എന്ന ആശയം ഉദ്ദേശിക്കപ്പെട്ടു എന്ന് ഉറപ്പിക്കാൻ നിർവ്വാഹമില്ല. പക്ഷെ, ആ പ്രയോഗം പോലും അബൂ ബക്ർ ﵁ നെ പോലുള്ള സ്വഹാബിമാർ വെറുത്തിരുന്നു എന്ന് സാരം. അതാണ് പ്രഗത്ഭ താബിഈ വര്യനായ ഇബ്നു അബീ മുലൈകഃ ﵀ വിശദീകരിക്കുന്നത്.
മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുക എന്ന ആശയത്തെയും ഖലീഫതുല്ലാഹി (خَلِيفَةُ اللهِ) എന്ന പ്രയോഗത്തെയും സംബന്ധിച്ച് ഇബ്നു തൈമിയ്യഃ ﵀ നൽകുന്ന വിശദീകരണം കാണുക: وَالْخَلِيفَةُ لَا يَكُونُ خَلِيفَةً إِلَّا مَعَ مَغِيبِ الْمُسْتَخْلِفِ أَوْ مَوْتِهِ، فَالنَّبِيُّ ﷺ إِذَا كَانَ بِالْمَدِينَةِ امْتَنَعَ أَنْ يَكُونَ لَهُ خَلِيفَةٌ فِيهَا، كَمَا أَنَّ سَائِرَ مَنِ اسْتَخْلَفَهُ النَّبِيُّ ﷺ لَمَّا رَجَعَ انْقَضَتْ خِلَافَتُهُ، وَكَذَلِكَ سَائِرُ وُلَاةِ الْأُمُورِ إِذَا اسْتَخْلَفَ أَحَدُهُمْ عَلَى مِصْرِهِ فِي مَغِيبِهِ بَطَلَ اسْتِخْلَافُهُ ذَلِكَ إِذَا حَضَرَ الْمُسْتَخْلِفُ، وَلِهَذَا لَا يَصْلُحُ أَنْ يُقَالَ: إِنَّ اللهَ يَسْتَخْلِفُ أَحَدًا عَنْهُ، فَإِنَّهُ حَيٌّ قَيُّومٌ شَهِيدٌ مُدَبِّرٌ لِعِبَادِهِ، مُنَزَّهٌ عَنِ الْمَوْتِ وَالنَّوْمِ وَالْغَيْبَةِ، وَلِهَذَا لَمَّا قَالُوا لِأَبِي بَكْرٍ: يَا خَلِيفَةَ اللهِ قَالَ: لَسْتُ خَلِيفَةَ اللهِ بَلْ خَلِيفَةُ رَسُولِ اللهِ، وَحَسْبِي ذَلِكَ، وَاللهُ تَعَالَى يُوصَفُ بِأَنَّهُ يَخْلُفُ الْعَبْدَ، كَمَا قَالَ ﷺ: «اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الْأَهْلِ»، وَقَالَ فِي حَدِيثِ الدَّجَّالِ: «وَاللهُ خَلِيفَتِي عَلَى كُلِّ مُسْلِمٍ». [ابن تيمية في منهاج السنة النبوية] [പ്രതിനിധിയാക്കുന്നവന്റെ അഭാവത്തിലോ അയാളുടെ മരണത്തിലോ മാത്രമേ പ്രതിനിധിയാക്കപ്പെട്ടവൻ പ്രാതിനിധ്യം വഹിക്കുന്നവനായിത്തീരുകയുള്ളു. നബി ﷺ മദീനയിലുള്ളപ്പോൾ അവിടെ തനിക്ക് ഒരു പ്രതിനിധി ഉണ്ടാകുമായിരുന്നില്ല. നബി ﷺ പ്രതിനിധി ആക്കിയവരുടെയെല്ലാം പ്രാതിനിധ്യം അവിടുന്ന് മടങ്ങി വരുന്നതോടെ അവസാനിക്കുമായിരുന്നു. അതേപോലെ, മറ്റു ഭരണാധികാരികളും അവരുടെ അഭാവത്തിൽ ആരെയെങ്കിലും അവരുടെ പട്ടണത്തിൽ പ്രതിനിധിയാക്കിയാൽ അവർ സന്നിഹിതരാകുമ്പോൾ പ്രാതിനിധ്യം നൽകപ്പെട്ടവരുടെ പ്രാതിനിധ്യം അസാധുവാകുമായിരുന്നു. അതുകൊണ്ടു തന്നെ അല്ലാഹു ആരെയെങ്കിലും തന്റെ പ്രതിനിധിയാക്കി എന്ന് പറയാൻ പാടില്ല. കാരണം അവൻ ജീവത്തായവനും മുഴു സൃഷ്ടിജാലങ്ങളെയും നിലനിർത്തുന്നവനും സദാ സന്നിഹിതനും സൃഷ്ടികളെ നിയന്ത്രിച്ചു പരിപാലിക്കുന്നവനും, മരണം, ഉറക്കം, അഭാവം എന്നിവയിൽനിന്ന് മുക്തനായവനുമാണ്. അതുകൊണ്ടാണ് അവർ അബൂ ബക്ർ ﵁ നെ ഖലീഫതുല്ലാഹ് (خليفة الله) എന്ന് വിളിച്ചപ്പോൾ ഞാൻ അല്ലാഹുവിന്റെ ഖലീഫയല്ല, നബി ﷺ യുടെ ഖലീഫയാണ്, എനിക്ക് അതു മതി എന്നു പറഞ്ഞത്. എന്നാൽ അല്ലാഹുവിനെ അടിയന്റെ കാര്യങ്ങൾ ഏറ്റെടുക്കുന്ന ഖലീഫഃ എന്നു വിശേഷിപ്പിക്കാം. നബി ﷺ പറയുന്നു. «അല്ലാഹുവേ, നീയാണ് യാത്രയിലെ കൂട്ടാളിയും കുടുംബത്തിന്റെ കാര്യം ഏറ്റെടുക്കുന്ന ഖലീഫയും». ദജ്ജാലിനെ കുറിച്ചുള്ള ഹദീസിൽ അവിടുന്ന് പറഞ്ഞു; «അല്ലാഹുവാണ് ഓരോ മുസ്ലിമിന്റെയും കാര്യം ഏറ്റെടുക്കുന്ന എന്റെ ഖലീഫഃ».] (ഇബ്നു തൈമിയ്യഃ, മിൻഹാജുസ്സുന്നഃയിൽ രേഖപ്പെടുത്തിയത്)
ഇമാം അൽബാനി ﵀ പറയുന്നത് കാണുക: وهذه الزيادة خليفة الله ليس لها طريق ثابت، ولا ما يصلح أن يكون شاهدا لها، فهي منكرة كما يفيده كلام الذهبي السابق، ومن نكارتها أنه لا يجوز في الشرع أن يقال: فلان خليفة الله، لما فيه من إيهام ما لا يليق بالله تعالى من النقص والعجز . [الألباني في سلسلة الأحاديث الضعيفة والموضوعة وأثرها السيئ في الأمة] [അല്ലാഹുവിന്റെ പ്രതിനിധി (خَلِيفَةُ اللهِ) എന്ന ഈ അധിക വചനം, അതിന് സ്ഥിരപ്പെട്ട ഒരു പരമ്പരയില്ല. അതിന് ഉപോൽബലകമായി കണക്കാക്കാവുന്ന മറ്റു തെളിവുകളുമില്ല. നേരത്തെ ഉദ്ധരിച്ച ദഹബിയുടെ പരാമർശത്തിലുള്ളതു പോലെ അത് സ്ഥിരപ്പെട്ട ഹദീസിന് വിരുദ്ധമായി വന്നിട്ടുള്ള ദുർബ്ബലമായ (مُنْكَرَة) ഉദ്ധരണിയാണ്. അതിന്റെ ന്യൂനതകളിൽ (نَكَارَة) പെട്ടതാണ് ശർഇൽ ഒരു വ്യക്തിയെ കുറിച്ചും അല്ലാഹുവിന്റെ ഖലീഫഃ എന്നു പറയാൻ പാടില്ല എന്നത്. കാരണം അത് അല്ലാഹുവിന്റെ മഹത്വത്തിനു നിരക്കാത്ത, ന്യൂനതകളും കഴിവുകേടുകളും ദ്യോതിപ്പിക്കുന്നു.] (അൽബാനി, ളഈഫഃയിൽ രേഖപ്പെടുത്തിയിത്)
മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുക എന്ന ആശയം പ്രചരിപ്പിച്ചിരുന്നത് അദ്വൈത വാദികളായ സൂഫികളാണ്. ഇബ്നു തൈമിയ്യഃ ﵀ പറയുന്നു. وَقَدْ ظَنَّ بَعْضُ الْقَائِلِينَ الْغَالِطِينَ كَابْنِ عَرَبِيٍّ أَنَّ الْخَلِيفَةَ هُوَ الْخَلِيفَةُ عَنْ اللهِ مِثْلُ نَائِبِ اللهِ، وَزَعَمُوا أَنَّ هَذَا بِمَعْنَى أَنْ يَكُونَ الْإِنْسَانُ مُسْتَخْلَفًا. [ابن تيمية في الفتاوى الكبرى] [ഇബ്നു അറബിയെ പോലുള്ള ചില തെറ്റായ ചിന്താഗതിക്കാർ കരുതുന്നത് ഖലീഫഃ എന്നാൽ അല്ലാഹുവിന്റെ പകരക്കാരൻ എന്ന അർത്ഥത്തിലുള്ള അല്ലാഹുവിന്റെ പ്രതിനിധി എന്നാണ്. മനുഷ്യനെ ഖലീഫഃയാക്കി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ആശയമാണെന്ന് അവർ വാദിക്കുന്നു.] (ഇബ്നു തൈമിയ്യഃ, അൽഫതാവൽ കുബ്റായിൽ രേഖപ്പെടുത്തിയത്)
എന്നാൽ ചിലർ ഭരണാധികാരിയെ (മനുഷ്യരെ മൊത്തത്തിലല്ല) ഖലീഫതുല്ലാ എന്ന് വിശേഷിപ്പിക്കാറുണ്ട്. ആ പ്രയോഗം പോലും അബൂ ബക്ർ ﵁ നെ പോലുള്ളവർ ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റു ചിലർ അല്ലാഹു മനുഷ്യനു നൽകിയ ആദരവിനെ സൂചിപ്പിക്കാനും ഖലീഫതുല്ലാഹ് എന്ന് പറയാറുണ്ട്. ഇതെല്ലാം അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും മാത്രമാണ്. സൂക്ഷ്മമോ പ്രമാണബദ്ധമോ അല്ല.
ചുരുക്കത്തിൽ, മനുഷ്യൻ അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നു എന്ന ആശയം മൗലികമായി തന്നെ തെറ്റാണ്; അല്ലാഹുവിന്റെ മഹത്വത്തിന് നിരക്കാത്തതും മനുഷ്യന് ഒരിക്കലും സാധിക്കാത്തതുമായ കാര്യമാണ്. ഭൂമുഖത്ത് ജിന്നു വർഗ്ഗത്തിന്റെ പിൻഗാമിയാണ് മനുഷ്യൻ. തലമുറ തലമുറയായി സംസ്കാരം കൈമാറുന്ന വർഗ്ഗമാണ്. ഭൂമിയിൽ ആദരവും ആധിപത്യവും നൽകപ്പെട്ടവനുമാണ്. അല്ലാതെ, ഭൂമിയിൽ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കാനും അവന്റെ ഭരണം സ്ഥാപിക്കാനും നിയുക്തനായ അല്ലാഹുവിന്റെ പ്രതിനിധിയോ പകരക്കാരനോ അല്ല.
﴿قُلْنَا اهْبِطُوا مِنْهَا جَمِيعًا فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ٣٨ وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ النَّارِ ۖهُمْ فِيهَا خَالِدُونَ ٣٩﴾
നാം പറഞ്ഞു: നിങ്ങൾ എല്ലാ വരും അവിടെ നിന്ന് ഇറങ്ങിപ്പോകൂ. ഇനി എന്റെ പക്കല് നിന്നുള്ള മാർഗ്ഗദർശനംനിങ്ങള്ക്ക് വരുമ്പോൾ എന്റെ ആ മാര്ഗ്ഗദര്ശനം ആർ പിന്പറ്റുന്നുവോ അവര്ക്ക് ഭയപ്പെടാനില്ല; അവര് ദുഃഖിക്കേണ്ടി വരികയുമില്ല.
വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തങ്ങളുടെ വ്യാഖ്യാനത്തിലും മറ്റു പലയിടങ്ങളിലും ആവർത്തിക്കപ്പെട്ടിരിക്കുന്ന ഒരു തെറ്റായ രീതിയെ കുറിച്ച് ഉണർത്താതിരിക്കാൻ നിർവ്വാഹമില്ല. കാരണം അത് സലഫുകളുടെ ഖുർആൻ വ്യാഖ്യാന രീതിക്ക് കടകവിരുദ്ധമാണ്. കൂടാതെ, സത്യാന്വേഷിയായ ഒരു ഖുർആൻ പഠിതാവിനെ സംബന്ധിച്ചിടത്തോളം അത് അനഭിലഷണീയവുമാണ്. മതപരമായി അവഗാഹമില്ലാത്ത പലരെയും അത് ആശയക്കുഴപ്പങ്ങളിലേക്ക് തള്ളിവിടാൻ സാധ്യതയുമുണ്ട്.
യുക്തിയും അഭീഷ്ടങ്ങളും പിന്തുടരുന്ന പിഴച്ച കക്ഷികളും നൂതന ചിന്താഗതിക്കാരും ഉയർത്തുന്ന സംശയങ്ങൾ (شبهات) വ്യാഖ്യാന മധ്യെ കൊണ്ടുവരുക. അവരുടെ വാദമുഖങ്ങൾ വിശദമായി സമർത്ഥിക്കുക. പിന്നീട് അതിനെ ഖണ്ഡിക്കാൻ ശ്രമിക്കുക. എന്നാൽ ഖണ്ഡനങ്ങൾ അഹ്ലുസ്സുന്നഃയുടെ രീതിയിലായിരിക്കുകയില്ല. അതിനാൽ ഖണ്ഡനം ദുർബ്ബലമായിപ്പോവുകയും ചെയ്യുന്നു. അതോടുകൂടി വായനക്കാരുടെ മനസ്സിൽ പിഴച്ച കക്ഷികളുടെ വാദമുഖങ്ങളായിരിക്കും വേരുറച്ചിരിക്കുക. ശരിയായ വിധത്തിൽ തെളിയിച്ചു കാണിക്കാനാവാതെ സത്യം നിറം മങ്ങിപ്പോവുകയും ചെയ്യുന്നു.
മുകളിൽ പറഞ്ഞത് സലഫുകളുടെ രീതിയല്ല. അഹ്ലുസ്സുന്നഃയുടെ രീതി, പിഴച്ച കക്ഷികളുടെ വാദമുഖങ്ങൾ പരമാവധി ഉദ്ധരിക്കാതിരിക്കുക എന്നതാണ്. ഒഴിവാക്കാനാവത്ത സാഹചര്യത്തിൽ അവ ഉദ്ധരിക്കേണ്ടി വന്നാൽ തന്നെ അവ വിശദീകരിക്കുകയില്ല. അവയെ കുറിച്ചുള്ള പരാമർശം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഒതുക്കും. അതിനെ ഖണ്ഡിക്കാൻ ബുദ്ധിയുടെയും യുക്തിയുടെയും അഭീഷ്ടങ്ങളുടെയും വഴികൾ അവലംബിക്കുകയില്ല. വഹ്യിൽ സ്ഥിരപ്പെട്ട പ്രമാണരേഖകൾ കൊണ്ട് ഖണ്ഡിക്കും. അത്തരം ഖണ്ഡനങ്ങൾ ശക്തവും ഹൃദയത്തിന്റെ ആഴങ്ങളിൽ ഉറച്ചുനിൽക്കുന്നവയുമായിരിക്കും. അസത്യം വേരോടെ പിഴുതുമാറ്റപ്പെടുകയും സത്യം ഉജ്ജ്വലമായി തെളിഞ്ഞ് നിൽക്കുകയും ചെയ്യും. ഈ രീതി മലയാളത്തിലുള്ള ഇസ്ലാമിക രചനകൾക്ക് അപരിചിതമാണെന്ന് പറഞ്ഞാൽ ഏറെയാവില്ല.
ഇവിടുത്തെ കാര്യം പറയാം. ഖുർആനിനെ യുക്തിയും അഭീഷ്ടങ്ങളും അനുസരിച്ച് വ്യാഖ്യാനിച്ച ചിലരുടെ വാദമുഖങ്ങൾ വ്യാഖ്യാനക്കുറിപ്പിൽ വിശദമായി പ്രതിപാദിച്ചു. വായനക്കാരെ സ്വാധീനിക്കുന്ന വിധത്തിലാണ് അതിന്റെ സമർത്ഥന രീതി എന്നു പറയാം. അത് തെറ്റായ നടപടിയാണ്. പിന്നീട് അതിനെ ഖണ്ഡിക്കാൻ ശ്രമിച്ചു. അഹ്ലുസ്സുന്നഃ അവലംബിക്കുന്ന തെളിവുകളും ഖണ്ഡന രീതികളുമല്ല അതിന് ഉപയോഗിച്ചത്. വഹ്യിൽ സ്ഥിരപ്പെട്ട പ്രമാണരേഖകൾ കൊണ്ടുമല്ല ഖണ്ഡനം നടത്തിയത്. ഖണ്ഡനത്തിന് പല മാർഗ്ഗങ്ങളും അവലംബിച്ചു കാണുന്നു. അതും തെറ്റായ നടപടിയാണ്. മുൻകാലക്കാർക്ക് നൽകപ്പെട്ട ഗ്രന്ഥങ്ങൾ എന്ന നിലയിൽ ബൈബിളിൽ നിന്നും നിർലോഭം ഉദ്ധരണികൾ നിരത്തി. അതും ശരിയായ രീതിയല്ല. പിന്നീട് ബൈബിളിലെ ചില പരാമർശങ്ങളുടെ ഖണ്ഡനത്തിലേക്ക് പോയി. അതിനു വേണ്ടി ബൈബിളിൽനിന്നു തന്നെ വീണ്ടും ഉദ്ധരണികൾ നിരത്തി. അതും ശരിയായ രീതിയല്ല. ഖുർആൻ വ്യാഖ്യാനത്തിന്റെ കാര്യം പോകട്ടെ, പൊതുവിൽ തന്നെ അനാവശ്യവും അപ്രസക്തവുമായ കാര്യങ്ങളാണ് വായനക്കാരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഖുർആൻ വ്യാഖ്യാനത്തിൽ അത് ഒരിക്കലും ഉൾപ്പെടുത്തരുതായിരുന്നു. ഖണ്ഡനത്തിൽ അഹ്ലുസ്സുന്നയുടെ രീതി വിട്ട് റാസിയെ പോലുള്ള അശ്അരികളുടെയും മുഹമ്മദ് അബ്ദുവിനെ പോലുള്ള അഖ്ലാനികളുടെയും സയ്യിദ് ഖുതുബിനെ പോലുള്ള ഇസ്ലാമിസ്റ്റുകളുടെയും സമർത്ഥന രീതികളുമാണ് പിന്തുടർന്നിരിക്കുന്നത്. ഇത് വായനക്കാരെ തെറ്റായ ദിശയിലേക്കാണ് നയിക്കുക. അതമവരിൽ ദൂഷിതമായ ഒരു സംവേദന രീതി വളർത്തും. മാത്രമല്ല വിശുദ്ധ ഖുർആൻ വിവരണം എന്ന ഈ കൃതി അനഭിമതമായ വ്യാഖ്യാന രീതി അവലംബിച്ചിട്ടുള്ള ഇനത്തിൽ എണ്ണപ്പെടാൻ ഇടവരും.
﴿وَآمِنُوا بِمَا أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوا أَوَّلَ كَافِرٍ بِهِ ۖ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا وَإِيَّايَ فَاتَّقُونِ ٤١﴾
നിങ്ങളുടെ പക്കലുള്ളതിനെ സത്യപ്പെടുത്തി കൊണ്ട് ഞാന് അവതരിപ്പിച്ച (ഖുര്ആനില്) നിങ്ങള് വിശ്വസിക്കൂ. അ തിനെ ആദ്യമായി നിഷേധിക്കുന്നവര് നിങ്ങളാകരുത്. തുഛമായ വിലക്ക് എന്റെ വചനങ്ങള് നിങ്ങള് വിൽക്കുകയുമരുത്. എന്നോട് മാത്രം നിങ്ങള് തഖ്വ പുലർത്തുക.
മേൽ സൂക്തം വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണുന്നു:
[അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കപ്പെടേണ്ടതായ അറിവ് ഒരാൾ പഠിച്ചു. ഇഹത്തിൽനിന്നുള്ള വല്ല വിഭവവും അതു മുഖേന നേടുവാനല്ലാതെ അവനത് പഠിച്ചിരുന്നില്ല; എന്നാൽ ഖിയാമത്തു നാളിൽ സ്വർഗ്ഗത്തിന്റെ വാസന അവൻ വാസനിക്കുകയില്ല തന്നെ. (ദാ).] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/167)
ഇത് താഴെ കൊടുത്ത ഹദീസിന്റെ പരിഭാഷയാണ്. عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ ﷺ: مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللهِ عَزَّ وَجَلَّ لَا يَتَعَلَّمُهُ إِلَّا لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا، لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ. [أبو داود في سننه وصححه الألباني] وَجْهُ اللهِ എന്നതിനാണ് അല്ലാഹുവിന്റെ പ്രീതി എന്ന് അർത്ഥം കൊടുത്തിരിക്കുന്നത്. وَجْهُ اللهِ എന്നത് അല്ലാഹുവിന്റെ ഗുണവിശേഷം (صِفَة) ആണ്. അല്ലാഹുവിന്റെ മുഖം എന്നായിരുന്നു അത് പരിഭാഷപ്പെടുത്തേണ്ടിയിരുന്നത്. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെ വ്യാഖ്യാനിക്കാൻ പാടില്ല. وَجْهُ اللهِ എന്ന ഗുണവിശേഷത്തെ അല്ലാഹുവിന്റെ പ്രീതിയാക്കി അവതരിപ്പിച്ചത് ദുർവ്യാഖ്യാനവും തെറ്റുമാണ്. അല്ലാഹുവിന്റെ പ്രീതി എന്ന് അതിനെ വ്യാഖ്യാനിക്കാറുള്ളത് അശ്അരികളാണ്. അശ്അരിയ്യത്തിനെ കുറിച്ച് കൂടുതൽ അറിയാൻ പിഴച്ച കക്ഷികൾ എന്ന ലേഖനവും അല്ലാഹുവിന്റെ നാമങ്ങളെയും ഗുണവിശേഷങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനവും കാണുക.
﴿وَاسْتَعِينُوا بِالصَّبْرِ وَالصَّلَوٰةِ ج وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ٤٥﴾
സഹനവും നമസ്കാരവുമാ യി നിങ്ങൾ അല്ലാഹുവിനോട് സഹായം തേടുക. വിനയാന്വിതരല്ലാത്തവർക്ക് അത്, നമസ്കാരം, ഏറെ പ്രയാസകരമായിരിക്കും.
മേൽ സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയിരിക്കുന്ന പരിഭാഷ ഇപ്രകാരമാണ്:
[ക്ഷമയും, നമസ്കാരവും വഴി നിങ്ങൾ സഹായം തേടിക്കൊള്ളുവിൻ. നിശ്ചയമായും ഇത് വലിയ (ഭാരിച്ച) കാര്യം തന്നെയാകുന്നു, ഭക്തന്മാർക്ക് ഒഴികെ.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/169)
الخَاشِعِين എന്നതിന് ഭക്തന്മാർ എന്ന പരിഭാഷ കൃത്യമല്ല. ആ പദം മറ്റൊരു ആദ്ധ്യാത്മിക വ്യവഹാരത്തിൽനിന്ന് കടമെടുത്തതാണ്. മതിയായ വിശദീകരണമില്ലാതെ ഇത്തരം ശബ്ദാവലികൾ ഉപയോഗിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കും. വിശദീകരണത്തിനായി മുഖവുര, ഭാഗം-3 വായിക്കുക. മാത്രമല്ല خُشُوع എന്ന ഖുർആനിക ശബ്ദം വേണ്ടതുപോലെ പരിചയപ്പെടുത്തിയിട്ടുമില്ല. ഈ ശബ്ദം ഉൾക്കൊള്ളുന്ന അടിസ്ഥാന ആശയങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഅ്ദി ﵀ യെ തന്നെ ഉദ്ധരിക്കാം. والخشوع هو خضوع القلب وطمأنينته، وسكونه لله تعالى، وانكساره بين يديه، ذلا وافتقارا، وإيمانا به وبلقائه. [عبد الرحمن السعدي في تفسيره] [خُشُوع എന്നത് ഹൃദയത്തിന്റെ താഴ്മയും അടക്കവുമാണ്. അല്ലാഹുവിനു വേണ്ടിയുള്ള അതിന്റെ ഒതുക്കമാണ്. പതിത്വത്തോടും ആശ്രിതത്വത്തോടും കൂടി അവന്റെ മുമ്പാകെ അത് തകർന്നിരിക്കുന്ന അവസ്ഥയാണ്. അതു തന്നെ അവനിലുള്ള തികഞ്ഞ വിശ്വാസത്തോടും അവനെ കണ്ടുമുട്ടേണ്ടിവരുമെന്ന ബോധ്യത്തോടും കൂടി.] (സഅ്ദി തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയത്)
വ്യക്തതക്കു വേണ്ടി ഇബ്നുൽ ഖയ്യിം ﵀ യുടെ വിശദീകരണം കൂടി വായിക്കാം: وَالْخُشُوعُ فِي أَصْلِ اللُّغَةِ الِانْخِفَاضُ وَالذُّلُّ وَالسُّكُونُ قَالَ تَعَالَى: ﴿وَخَشَعَتِ الْأَصْوَاتُ لِلرَّحْمَٰنِ.. ١٠٨﴿ (طه) أَيْ سَكَنَتْ وَذَلَّتْ وَخَضَعَتْ، وَمِنْهُ وَصْفُ الْأَرْضِ بِالْخُشُوعِ، وَهُوَ يُبْسُهَا وَانْخِفَاضُهَا وَعَدَمُ ارْتِفَاعِهَا بِالرَّيِّ وَالنَّبَاتِ، قَالَ تَعَالَى: ﴾وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ.. ٣٩﴾ (فصلت)، وَالْخُشُوعُ قِيَامُ الْقَلْبِ بَيْنَ يَدَيِ الرَّبِّ بِالْخُضُوعِ وَالذُّلِّ وَالْجَمْعِيَّةِ عَلَيْهِ، وَقِيلَ: الْخُشُوعُ الِانْقِيَادُ لِلْحَقِّ، وَهَذَا مِنْ مُوجِبَاتِ الْخُشُوعِ، فَمِنْ عَلَامَاتِهِ أَنَّ الْعَبْدَ إِذَا خُولِفَ وَرُدَّ عَلَيْهِ بِالْحَقِّ اسْتَقْبَلَ ذَلِكَ بِالْقَبُولِ وَالِانْقِيَادِ. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين) [خُشُوع എന്നതിന്റെ മൂലാർത്ഥം താഴ്മ, പതിത്വം, ഒതുക്കം എന്നെല്ലാമാണ്. അല്ലാഹു പറയുന്നു: «ശബ്ദങ്ങളെല്ലാം റഹ്മാനായ അല്ലാഹുവിനായി അടങ്ങിക്കഴിഞ്ഞിരിക്കുന്നു». (ത്വാഹാ 108) അഥവാ അത് ഒതുങ്ങുകയും കീഴ്പ്പെടുകയും താഴുകയും ചെയ്തിരിക്കുന്നു. ഇതേ ആശയത്തിലാണ് ഭൂമിയെ ഒതുങ്ങിയത് എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ഭൂമി ഉണങ്ങുകയും താഴുകയും, വെള്ളവും ചെടികളും കൊണ്ട് പൊങ്ങിനിൽക്കാതിരിക്കുകയും ചെയ്യുന്നു എന്നു സാരം. അല്ലാഹു പറയുന്നു: «അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് ഭൂമിയെ നീ അടങ്ങിക്കിടക്കുന്നതായി കാണുന്നു എന്നത്. അതിനു മീതെ നാം വെള്ളം വർഷിച്ചാൽ അത് സടകുടഞ്ഞ് എഴുന്നേൽക്കുകയും വളർന്നു പൊങ്ങുകയും ചെയ്യുന്നു». (ഫുസ്സിലത് 39) خُشُوع എന്നാൽ താഴ്മയോടും പതിത്വത്തോടും കൂടി ഹൃദയം റബ്ബിന്റെ മുന്നിൽ നിൽക്കുകയും അവനിൽ ഏകാഗ്രത പുലർത്തുകയും ചെയ്യുന്ന അവസ്ഥയാണ്. സത്യത്തിന് കീഴ്പ്പെടലാണ് خُشُوع എന്നും പറയപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ അത് خُشُوع ന്റെ അനിവാര്യതകളിൽപെട്ട കാര്യമാണ്. അതിന്റെ അടയാളങ്ങളിൽപെട്ടതാണ് ഒരു അടിയൻ എതിർക്കപ്പെടുകയും സത്യം കൊണ്ട് ഖണ്ഡിക്കപ്പെടുകയും ചെയ്താൽ വണക്കത്തോടും സ്വീകാര്യതയോടും കൂടി അതിനെ അവൻ പുണരും എന്നുള്ളത്.] (ഇബ്നുൽ ഖയ്യിം, മദാരിജുസ്സാലികീൻ എന്ന കൃതിയിൽ രേഖപ്പെടുത്തിയത്)
കൂടാതെ, ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ക്ഷമയെ കുറിച്ച് നൽകിയ വിവരണവും അപൂർണ്ണമാണ്. മനസ്സിനെ തടഞ്ഞുവെക്കുക എന്നതാണ് صَبْرٌ ന്റെ വിവക്ഷ. അത് മൂന്ന് വിധമാണ്.
- അല്ലാഹുവിന് വഴിപ്പെടുന്ന കാര്യങ്ങളിൽ മനസ്സിനെ തടഞ്ഞു നിർത്തുക.
- അല്ലാഹു വിലക്കിയ കാര്യങ്ങളിലേക്ക് പോകാൻ അനുവദിക്കാതെ മനസ്സിനെ നിയന്ത്രിക്കുക.
- അല്ലാഹുവിന്റെ വിധിയെ കുറിച്ച് വിമ്മിട്ടവും വെപ്രാളവും കാണിക്കുന്നതിൽ നിന്ന് മനസ്സിനെ തടഞ്ഞുവെക്കുക.
ഇബ്നുൽ ഖയ്യിം ﵀ ക്ഷമയെ വിശദീകരിക്കുന്നത് കാണുക: فَالصَّبْرُ حَبْسُ النَّفْسِ عَنِ الْجَزَعِ وَالتَّسَخُّطِ، وَحَبْسُ اللِّسَانِ عَنِ الشَّكْوَى، وَحَبْسُ الْجَوَارِحِ عَنِ التَّشْوِيشِ، وَهُوَ ثَلَاثَةُ أَنْوَاعٍ؛ صَبْرٌ عَلَى طَاعَةِ اللهِ، وَصَبْرٌ عَنْ مَعْصِيَةِ اللهِ، وَصَبْرٌ عَلَى امْتِحَانِ اللهِ. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين] [വെപ്രാളവും വിമ്മിട്ടവും കാണിക്കുന്നതിൽ നിന്ന് മനസ്സിനെയും പരാതിപ്പെടുന്നതിൽനിന്ന് നാവിനെയും ക്രമവിരുദ്ധമായ കാര്യങ്ങളിൽനിന്ന് അവയവങ്ങളെയും തടഞ്ഞുവെക്കലാണ് ക്ഷമ. അത് മൂന്നു തരമാണ്. അല്ലാഹുവിന് വഴിപ്പെടുന്ന കാര്യങ്ങളിലുള്ള ക്ഷമ, അല്ലാഹുവിനെ ധിക്കരിക്കുന്നതിൽനിന്നുള്ള ക്ഷമ, അല്ലാഹുവിന്റെ പരീക്ഷണങ്ങളിലുള്ള ക്ഷമ.] (ഇബ്നുൽ ഖയ്യിം, മദാരിജുസ്സാലികീൻ എന്ന കൃതിയിൽ രേഖപ്പെടുത്തിയത്)
﴿وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ ٥٠﴾
കടല് പിളർത്തി നിങ്ങളെ നാം രക്ഷപ്പെടുത്തി കൊണ്ടുപോകുകയും, നിങ്ങള് നോക്കി നിൽക്കെ ഫിര്ഔനിനെയും അനുയായികളെയും നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദർഭം.
മേൽ സൂക്തം വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്ത ഒരു പരാമർശം തെറ്റിദ്ധാരണാജനകമാണ്. അത് ഇപ്രകാരം വായിക്കാം:
[അന്ന് മൂസാ (അ) നോമ്പ് നോറ്റു എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു: 'മൂസായെ സംബന്ധിച്ച് ഞാൻ നിങ്ങളെക്കാൾ അവകാശപ്പെട്ടവനാണ്.' അങ്ങനെ, അന്ന് തിരുമേനി നോമ്പ് പിടിക്കുകയും, അന്ന് നോമ്പ് നോൽക്കുവാൻ കൽപിക്കുകയും ചെയ്തു. (അ; ബു; മു; ന; ജ). ഈ ഹദീസനുസരിച്ചാണ് ആശൂറാ ദിവസം മുസ്ലിംകൾ നോമ്പ് പിടിക്കുന്നത്. അത് നബി (സ) യുടെ സുന്നത്തിൽപെട്ടതാണെന്ന് പൊതുവെ അറിയപ്പെട്ടതുമാണ്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/173-174)
മുഹറം പത്താണ് ആശൂറാഅ്. ജാഹിലിയ്യാ കാലത്തു തന്നെ അറബികൾ ആശൂറാ ദിവസം നോമ്പെടുക്കാറുണ്ടായിരുന്നു. നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നതിനു മുമ്പ്, മക്കയിൽ ജീവിച്ചിരുന്ന കാലത്ത് അവിടുന്ന് ആശൂറാ ദിനം നോമ്പെടുത്തിരുന്നു. മദീനയിൽ വന്ന് ഹിജ്റഃ രണ്ടാം വർഷം റമദാനിൽ നോമ്പ് നിർബന്ധമാക്കിയപ്പോൾ ആശൂറാഇനെ ഒരു ഐഛിക നോമ്പാക്കി മാറ്റി. عَنْ عَائِشَةَ ﵂، قَالَتْ: كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الجَاهِلِيَّةِ، وَكَانَ رَسُولُ اللهِ ﷺ يَصُومُهُ، فَلَمَّا قَدِمَ المَدِينَةَ صَامَهُ، وَأَمَرَ بِصِيَامِهِ، فَلَمَّا فُرِضَ رَمَضَانُ تَرَكَ يَوْمَ عَاشُورَاءَ، فَمَنْ شَاءَ صَامَهُ، وَمَنْ شَاءَ تَرَكَهُ. [البخاري في صحيحه] [ആയിശഃ ﵂ നിവേദനം. അവർ പറയുന്നു: ജാഹിലിയ്യാ കാലത്ത് ഖുറൈശികൾ ആശൂറാ ദിവസം നോമ്പെടുക്കാറുണ്ടായിരുന്നു. നബി ﷺ യും ആ നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. മദീനഃയിൽ വന്നപ്പോൾ അവിടുന്ന് ആ നോമ്പ് അനുഷ്ഠിക്കുകയും അനുഷ്ഠിക്കാൻ കൽപിക്കുകയും ചെയ്തു. പിന്നീട് റമദാൻ നിർബന്ധമാക്കിയപ്പോൾ ആശൂറാ ദിവസം വിട്ടു. അഥവാ നോമ്പെടുക്കാൻ ഉദ്ദേശിച്ചവർ അനുഷ്ഠിക്കുകയും ഉപേക്ഷിക്കാൻ ഉദ്ദേശിച്ചവർ അങ്ങനെയും ചെയ്തു.] (ബുഖാരി, സ്വഹീഹിൽ ഉദ്ധരിച്ചത്)
മദീനയിൽ വരുന്നതു വരെ നബി ﷺ ക്ക് ആശൂറാ നോമ്പിനെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നോ അവിടുന്ന് അത് അനുഷ്ഠി ക്കാറുണ്ടായിരുന്നില്ലെന്നോ അനുവാചകർ തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇത്രയും പറഞ്ഞത്. വിശുദ്ധ ഖുർആൻ വിവരണം വായിക്കുന്ന ചിലരെങ്കിലും അങ്ങനെ തെറ്റിദ്ധരിക്കാനിടയുണ്ട്. മാത്രമല്ല, റമദാൻ മാസത്തെ നോമ്പ് നിർബന്ധമാക്കുന്നതു വരെ മദീനാ നിവാസികളും നബി ﷺ യുടെ കൽപന പ്രകാരം ആശൂറാഇന് വലിയ പ്രാധാന്യം കൽപിച്ചിരുന്നു. താഴെ കൊടുത്തിരിക്കുന്ന ഹദീസ് ശ്രദ്ധിക്കുക: عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ، قَالَتْ: أَرْسَلَ النَّبِيُّ ﷺ غَدَاةَ عَاشُورَاءَ إِلَى قُرَى الأَنْصَارِ: مَنْ أَصْبَحَ مُفْطِرًا، فَلْيُتِمَّ بَقِيَّةَ يَوْمِهِ وَمَنْ أَصْبَحَ صَائِمًا، فَليَصُمْ، قَالَتْ: فَكُنَّا نَصُومُهُ بَعْدُ، وَنُصَوِّمُ صِبْيَانَنَا، وَنَجْعَلُ لَهُمُ اللُّعْبَةَ مِنَ العِهْنِ، فَإِذَا بَكَى أَحَدُهُمْ عَلَى الطَّعَامِ أَعْطَيْنَاهُ ذَاكَ حَتَّى يَكُونَ عِنْدَ الإِفْطَار. [البخاري في صحيحه] [റുബയ്യിഅ് ബിൻത് മുഅവ്വിദ് ﵂ നിവേദനം. ആശൂറാ ദിവസം രാവിലെ നബി ﷺ അൻസാരികളുടെ ഗ്രാമങ്ങളിലേക്ക് ദൂതരെ അയച്ചു. പുലർകാലത്ത് നോമ്പില്ലാത്തവർ അന്നേദിവസം ബാക്കി സമയം വ്രതമനുഷ്ഠിക്കാനും നോമ്പുള്ളവർ നോമ്പ് പൂർത്തീകരിക്കാനും അവിടുന്ന് കൽപിച്ചു. അവർ പറയുന്നു: അതിനു ശേഷം ഞങ്ങൾ ആ നോമ്പ് അനുഷ്ഠിച്ചുപോന്നു. ഞങ്ങളുടെ കുട്ടികളെ കൊണ്ട് നോമ്പ് എടുപ്പിക്കുകയും ചെയ്തു. പരുത്തി കൊണ്ട് അവർക്ക് ഞങ്ങൾ കളിക്കോപ്പുകൾ ഉണ്ടാക്കി വെച്ചിരുന്നു. അവരിൽ ആരെങ്കിലും ഭക്ഷണത്തിനായി കരഞ്ഞാൽ നോമ്പുതുറക്കുന്ന സമയം വരെ അവന് ഞങ്ങൾ ആ കളിക്കോപ്പുകൾ നൽകുമായിരുന്നു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
ജൂതന്മാരും പ്രാധാന്യം കൽപിച്ചിരുന്ന ദിവസമാണ് ആശൂറാഅ്. അന്നേദിവസം അവരും നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. നബി ﷺ മദീനയിലെത്തി കുറേ കഴിഞ്ഞ് അവിടെയുണ്ടായിരുന്ന ജൂതന്മാരുമായി ഇടപഴകിയ ശേഷമാണ് ഈ വസ്തുത അവിടുത്തെ ശ്രദ്ധയിൽ വരുന്നത്. ഇക്കാര്യം ഇമാം ബുഖാരി ﵀ ഉദ്ധരിക്കുന്നത് കാണുക: عَنِ ابْنِ عَبَّاسٍ ﵄، قَالَ: قَدِمَ النَّبِيُّ ﷺ المَدِينَةَ فَرَأَى اليَهُودَ تَصُومُ يَوْمَ عَاشُورَاءَ، فَقَالَ: مَا هَذَا؟، قَالُوا: هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ، فَصَامَهُ مُوسَى، قَالَ: فَأَنَا أَحَقُّ بِمُوسَى مِنْكُمْ، فَصَامَهُ، وَأَمَرَ بِصِيَامِهِ. [البخاري في صحيحه] [ഇബ്നു അബ്ബാസ് ﵄ നിവേദനം. നബി ﷺ മദീനയിൽ വന്നപ്പോൾ ജൂതന്മാർ ആശൂറാ ദിവസം നോമ്പെടുക്കുന്നത് കണ്ടു. അവിടുന്ന് ചോദിച്ചു: ഇതെന്താണു കാര്യം? അവർ പറഞ്ഞു: ഇതൊരു നല്ല ദിവസമാണ്. ഈ ദിവസമാണ് അല്ലാഹു ഇസ്രാഈൽ സന്തതികളെ അവരുടെ ശത്രുക്കളിൽനിന്ന് രക്ഷപ്പെടുത്തിയത്. അതിനാൽ അന്ന് മൂസാ നോമ്പനുഷ്ഠിച്ചു. അവിടുന്ന് പറഞ്ഞു: എന്നാൽ ഞാനാണ് മൂസയോട് നിങ്ങളെക്കാൾ കടപ്പെട്ടവൻ. അങ്ങനെ അവിടുന്ന് ആ ദിവസം നോമ്പെടുത്തു. മറ്റുള്ളവരോട് നോമ്പെടുക്കാൻ കൽപിക്കുകയും ചെയ്തു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
നബി ﷺ നേരത്തെ അനുഷ്ഠിച്ചു പോന്നിരുന്ന ഒരു കാര്യം ജൂതന്മാർ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ അവിടുന്ന് അതിനെ കുറിച്ച് അന്വേഷിച്ചു. അത് മൂസാ നബി ﵇ യുടെ ചര്യയാണെന്ന് പറഞ്ഞപ്പോൾ ജൂതന്മാരെക്കാൾ അദ്ദേഹത്തോട് ആദർശപരമായ കടപ്പാട് തനിക്കുണ്ടെന്ന് അവിടുന്ന് വ്യക്തമാക്കുകയും ചെയ്തു. ആചാരാനുഷ്ഠാനങ്ങളിൽ വ്യതിരിക്തത പുലർത്തുകയെന്നത് അവിടുത്തെ നിലപാടുകളിൽപെട്ടതാണ്. അതുകൊണ്ട് മറ്റൊരു നിർദ്ദേശം കൂടി അവിടുന്ന് മുന്നോട്ടു വെച്ചു. عَنْ عَبْدِ اللهِ بْنِ عَبَّاسٍ ﵄، قَالَ: قَالَ رَسُولُ اللهِ ﷺ: لَئِنْ بَقِيتُ إِلَى قَابِلٍ لَأَصُومَنَّ التَّاسِعَ. [مسلم في صحيحه] [ഇബ്നു അബ്ബാസ് ﵄ നിവേദനം. നബി ﷺ പറയുകയുണ്ടായി: അടുത്ത വർഷം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ താസൂആ (മുഹറം 9) നോമ്പെടുക്കുമായിരുന്നു.] (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
ചുരുക്കത്തിൽ, ജാഹിലിയ്യത്തിൽ തന്നെ ഖുറൈശികൾ അനുഷ്ഠിച്ചിരുന്നതും നബി ﷺ യുടെ വാചികവും കർമ്മപരവുമായ ചര്യകളിൽ സ്ഥിരപ്പെട്ടിട്ടുള്ളതുമായ കാര്യമാണ് ആശൂറാ നോമ്പ്. റമളാനിലെ നോമ്പ് നിർബന്ധമാക്കിയപ്പോൾ അതിനെ ഐഛികമായ നോമ്പായിട്ട് കണക്കാക്കി. പിന്നീട്, ജൂതന്മാരും അന്നേദിവസം നോമ്പ് അനുഷ്ഠിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അനുഷ്ഠാനപരമായ വ്യതിരിക്തതക്കു വേണ്ടി താസൂആ ദിവസം അതിലേക്ക്ചേർക്കാൻ അവിടുന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതാണ് വസ്തുത.
﴿ثُمَّ بَعَثْنَاكُم مِّن بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ ٥٦﴾
പിന്നീട് നിങ്ങളുടെ മരണ ശേഷം നിങ്ങളെ നാം പുനരുജ്ജീവിപ്പിച്ചു; നിങ്ങള് നന്ദി കാണിക്കുന്നവരായേക്കാം.
മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇപ്രകാരം എഴുതിയതായി കാണുന്നു:
[ഇടിത്തീകൊണ്ടും മറ്റുമായി അവർ മരണമടയുകയും, അവർ നിശ്ശേഷം നശിച്ചേക്കുമെന്ന് കരുതപ്പെടുകയും ചെയ്ത ശേഷം അവരുടെ സന്തതികളെ അല്ലാഹു വർദ്ധിപ്പിച്ചു. അവരെ പുനരുദ്ധരിച്ചു. (تفسير المنار).] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/178)
'സലഫീ'ങ്ങളുടെ മാതൃകയനുസരിച്ച് പൗരാണികാദർശത്തിലുള്ള ഒരു സലഫീ തഫ്സീർ' ആയിരിക്കുവാൻ വേണ്ടി രചയിതാക്കൾ ശ്രമിച്ചിട്ടുള്ള ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ ഇത്തരം സ്ഖലിതങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.
സലഫുകളുടെ വ്യാഖ്യാനരീതി ഖുർആനിക സൂക്തങ്ങൾക്ക് ബാഹ്യവും യഥാതഥവുമായ അർത്ഥം മാത്രം നൽകുക എന്നതാണ്. മുകളിൽ കണ്ടതുപോലെ, സൂക്തങ്ങളുടെ ബാഹ്യാർത്ഥം വിട്ട് മറ്റു വ്യാഖ്യാനങ്ങൾ നൽകുക എന്നത് അവരുടെ രീതിയല്ല. അത് ദുർവ്യാഖ്യാനവും അല്ലാഹുവിന്റെ പേരിൽ കള്ളം ചമക്കലുമാണ്.
ഈ സൂക്തത്തിന് ഇബ്നു ജരീർ അത്ത്വബരി ﵀ നൽകിയ അർത്ഥം ഒരു ഉദാഹരണമെന്ന നിലയിൽ താഴെ ചേർക്കാം. يعني بقوله: (ثم بعثناكم) ثم أحييناكم.. يعني بقوله: (من بعد موتكم) ، من بعد موتكم بالصاعقة التي أهلكتكم [أبو جعفر الطبري في جامع البيان] ['പിന്നീട് നിങ്ങളെ നാം പുനരുത്ഥാനത്തിന് വിധേയമാക്കി' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പിന്നീട് നാം നിങ്ങളെ ജീവിപ്പിച്ചു എന്നാണ്... 'നിങ്ങളുടെ മരണ ശേഷം' എന്നതിന്റെ അർത്ഥം നിങ്ങളെ നാമാവശേഷമാക്കിയ ഇടിത്തീയേറ്റ് നിങ്ങൾ മരണപ്പെട്ടതിനു ശേഷം എന്നുമാണ്.] (ഇബ്നു ജരീർ അത്ത്വബരി തഫ്സീറിൽ രേഖപ്പെടുത്തിയത്)
ത്വബരി രേഖപ്പെടുത്തിയതു പോലെ ബാഹ്യവും യഥാതഥവുമായ അർത്ഥമാണ് മേൽ സൂക്തത്തിന് സലഫുകൾ നൽകിപ്പോന്നത്. എന്നിരിക്കെ തെറ്റായ മറ്റു അർത്ഥങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും പോകേണ്ട കാര്യമില്ലായിരുന്നു.
എന്നാൽ വിശുദ്ധ ഖുർആൻ വിവരണത്തിന്റെ രചയിതാക്കൾ മുഹമ്മദ് അബ്ദുവിന്റെ യുക്തിയും അഭിപ്രായവുമാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. ഉദ്ധരിച്ച ആശയമാണെങ്കിൽ പരമാബദ്ധവും. അത് പ്രമാണ രേഖകൾക്ക് നിരക്കുന്ന കാര്യമല്ല. സലഫുകളുടെ വ്യാഖ്യാനങ്ങളുമായോ വ്യാഖ്യാന രീതിയുമായോ യോജിക്കുന്നതുമല്ല. ബുദ്ധിയുടെയും യുക്തിയുടെയും പേരിൽ എഴുന്നള്ളിക്കുന്ന പ്രസ്തുത ആശയം വളരെ വികലവുമാണ്; അതിനെ ബുദ്ധിപരമെന്നോ യുക്തിഭദ്രമെന്നോ വിശേഷിപ്പിക്കാവതല്ല. സത്യാന്വേഷിയായ ഒരു ഖുർആൻ പഠിതാവിന്റെ വൈജ്ഞാനിക തൃഷ്ണകളെ ശമിപ്പിക്കാൻ അതിന് സാധിക്കുകയുമില്ല.
മുഹമ്മദ് അബ്ദുവിന്റെ അഭിപ്രായം സലഫുകൾ പറയാത്തതാണ് എന്നതിലുപരി, പിൽകാലക്കാർക്ക് പോലും ഉൾക്കൊള്ളാൻ കഴിയാത്ത വിധം അബദ്ധവും ശുദ്ധ അംസബന്ധവുമാണ്. അതിനാൽ വിശുദ്ധ ഖുർആൻ വിവരണത്തിന്റെ രചയിതാക്കൾക്കു തന്നെ അതിനെ ഖണ്ഡിക്കേണ്ടതായി വന്നു. പക്ഷെ, അതിനെ ഖണ്ഡിക്കുമ്പോഴും സലഫുകളുടെ രീതി അവർ പിന്തുടർന്നില്ല.
തെറ്റായ ഒരു ആശയത്തെ ഖണ്ഡിക്കാൻ അഹ്ലുസ്സുന്നഃ തെളിവ് ഉദ്ധരിക്കുക പ്രമാണരേഖകളിൽ നിന്നാണ്. വ്യാജവാദികളെ പോലെ തെറ്റായ സ്രോതസ്സുകളെ അവർ ഉദ്ധരിക്കുകയില്ല. കാരണം അത് തെളിവല്ല. തന്നിഷ്ടക്കാർ തെളിവു പിടിക്കാനും സമർത്ഥിക്കാനും അവലംബിക്കുക അവരുടെ ബുദ്ധി, യുക്തി, അഭീഷ്ടങ്ങൾ പോലുള്ളവയായിരിക്കും. അത്തരം രീതികളും അഹ്ലുസ്സുന്നഃ അവലംബിക്കുകയില്ല.
ഇവിടെ മുഹമ്മദ് അബ്ദുവിന്റെ അഭിപ്രായത്തെ ഖണ്ഡിക്കുന്നത് അഹ്ലുസ്സുന്നഃയുടെ രീതി വിട്ട് ബൈബിളിൽനിന്ന് തെളിവ് ഉദ്ധരിച്ചു കൊണ്ടാണ്.
[ബൈബിളിൽ ഇസ്റാഈല്യർ അല്ലാഹുവിനെ കാണുവാൻ ആവശ്യപ്പെട്ടതായി വ്യക്തമാക്കപ്പെട്ടും കാണുന്നില്ല.] (വിശുദ്ധ ഖുർ ആൻ വിവരണം, പുറം 1/179)
അതുകൊണ്ടുമായില്ല. തുടർന്ന് ബൈബിളിന്റെ നിലപാടിനെയും ഖണ്ഡിക്കാൻ മുതിരുകയാണ്. അതിനു വേണ്ടി ഉദ്ധരിക്കുന്നതും ബൈബിളിൽനിന്നുള്ള ചില വാക്യങ്ങൾ തന്നെ!
[അതിനും പുറമെ, ബൈബിളിന്റെ തന്നെ മറ്റൊരു പ്രസ്താവനക്ക് കടക വിരുദ്ധവുമാണിത്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/179)
ഇതത്രയും അനാവശ്യവും അപ്രസക്തവുമായ ചർച്ചകളാണ്. ഈ ചർച്ചകളുടെ ഉള്ളടക്കവും ചർച്ചകളിൽ പിന്തുടർന്ന രീതികളും സലഫുകളുടെ വ്യാഖ്യാന രീതിക്ക് വിരുദ്ധമാണ്. ഇതിലെല്ലാം അഭീഷ്ടക്കാരുടെ രീതികളാണ് പിന്തുടരുന്നത്. ഇതേപോലെ പല സൂക്തങ്ങളുടെയും വ്യാഖ്യാനത്തിൽ അനാവശ്യമായി തന്നിഷ്ടക്കാരുടെ യുക്തിയും അഭിപ്രായങ്ങളും അഭീഷ്ടങ്ങളും ഉയർത്തിക്കൊണ്ടു വരികയും, പിന്നീട് അതിനെ ഖണ്ഡിക്കാൻ മുതിരുകയും ചെയ്യുന്നതു കാണാം. ഇങ്ങനെ ഉയർത്തിക്കൊണ്ടു വരുന്ന തെറ്റായ ആശയങ്ങൾ പലപ്പോഴും അവതരിപ്പിക്കുക ശക്തവും വിശദവുമായ ശൈലിയിലായിരിക്കും. അതിനെ ഖണ്ഡിക്കുമ്പോൾ അഹ്ലുസ്സുന്നഃയുടെ രീതി ഉപേക്ഷിക്കുകയും അതു മൂലം ഖണ്ഡനം ദുർബ്ബലവും അപ്രസക്തവുമായിത്തീരുകയും ചെയ്യും. ഫലത്തിൽ ഒരു ശരാശരി വായനക്കാരന് ഇതിൽനിന്ന് ലഭിക്കുക ഖുർആൻ വ്യാഖ്യാനമല്ല, കടുത്ത ആശയക്കുഴപ്പവും തെറ്റിദ്ധാരണയും മാത്രമായിരിക്കും.
ഇത്തരം ഒരു രീതി കൈക്കൊള്ളാൻ വിശുദ്ധ ഖുർആൻ വിവരണത്തിന്റെ രചയിതാക്കളെ പ്രേരിപ്പിച്ച ഘടകം സയ്യിദ് ഖുത്വ്ബിനോടും മുഹമ്മദ് അബ്ദുവിനോടുമുള്ള അനാവശ്യമായ ആദരവായിരുന്നു. വിശുദ്ധ ഖുർആൻ വിവരണം സലഫുകളുടെ രീതിയിൽനിന്ന് വ്യതിചലിച്ചു പോകുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച രണ്ടു യുക്തി കേന്ദ്രങ്ങൾ തന്നെയായിരുന്നു അവർ. യഥാർത്ഥത്തിൽ ആധുനിക കാലത്തെ ഇസ്ലാമിക വൈജ്ഞാനിക മണ്ഡലത്തെ ഇത്രത്തോളം ദൂഷിതമാക്കിത്തീർത്ത മറ്റു വ്യക്തികൾ വേറെയില്ല. അതുകൊണ്ടു തന്നെ അവരെ കുറിച്ച് ഒരു ലഘുവിവരണം ചേർക്കാതെ ഈ കുറിപ്പ് പൂർണ്ണമാകുകയില്ല.
സയ്യിദ് ഖുത്വ്ബും ഇഖ്വാനിയ്യത്തും
അല്ലാഹു പ്രമാണരേഖകൾ അവതരിപ്പിച്ചു. അവയുടെ വിവരണം അവൻ തന്നെ തന്റെ ദൂതനായ മുഹമ്മദ് നബി ﷺ യെ പഠിപ്പിച്ചു. അവിടുന്ന് പ്രമാണ രേഖകളും അവയുടെ വ്യാഖ്യാനവും തന്റെ അനുചരന്മാർക്ക് എത്തിച്ചുകൊടുത്തു. അവർ അടുത്ത തലമുറയിലേക്കും അവർ തൊട്ടടുത്ത തലമുറയിലേക്കും ഈ വിജ്ഞാനം സത്യസന്ധമായി തന്നെ കൈമാറ്റം ചെയ്തു. പ്രമാണരേഖകളുടെ അർത്ഥവും വിവക്ഷയും വ്യാഖ്യാനവും പ്രയോഗവും നാം സ്വീകരിക്കേണ്ടത് അല്ലാഹു പഠിപ്പിച്ച, മുഹമ്മദ് നബി ﷺ കാണിച്ചുതന്ന, സ്വഹാബത്ത് മനസ്സിലാക്കി അനുവർത്തിച്ച അതേ രൂപത്തിലായിരിക്കണം. അല്ലാതെ, ഓരോരുത്തരും അവരവരുടെ ബുദ്ധിക്കും യുക്തിക്കും നല്ലതെന്നു തോന്നുന്ന വിധത്തിൽ മൂലവാക്യങ്ങളെ വ്യാഖ്യാനിക്കാവതല്ല. ഇങ്ങനെ ബുദ്ധിയും യുക്തിയും അനുസരിച്ച് പ്രമാണ വാക്യങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ഖവാരിജുകളാണ്. പിന്നീട് വന്ന ഖദരികളും ജഹ്മികളും മുഅ്തസിലികളും ഇതേമാർഗ്ഗം പിന്തുടർന്നു. ഇവരുടെ സ്വാധീനത്താൽ അഹ്ലുസ്സുന്നഃയാണെന്ന് അവകാശപ്പെടുന്ന കുല്ലാബികൾ, കർറാമികൾ, അശ്അരികൾ, മാതുരീദികൾ പോലുള്ള വിഭാഗങ്ങളിലും ബുദ്ധിയുടെയും യുക്തിയുടെയും അതിപ്രസരമുണ്ടായി. ഇസ്ലാമിൽ ഉടലെടുത്ത ഏതൊരു നൂതനചിന്താധാരയിലും ഈ പ്രവണത പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിച്ചതായി നമുക്ക് കാണാൻ സാധിക്കും. ഇതിനെ കുറിച്ച് വ്യവഹരിക്കാൻ പൊതുവിൽ അഖ്ലാനിയ്യഃ എന്നാണ് പറയാറുള്ളത്.
മതകാര്യങ്ങളിൽ ബുദ്ധിക്കും യുക്തിക്കും അനർഹമായ സ്ഥാനം നൽകുക, പ്രമാണങ്ങളെക്കാൾ യുക്തിക്ക് പ്രാമുഖ്യം കൽപിക്കുക, ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ നിഷേധിക്കുക, പ്രമാണവാക്യങ്ങൾ യുക്തിക്കനുസൃതമായി വളച്ചൊടിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യുക, വ്യക്തിപരമായ അഭിപ്രായങ്ങളിലും അഭീഷ്ടങ്ങളിലും അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുക, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട ചിരന്തനമൂല്യങ്ങളെ പോലും അവരവരുടെ യുക്തിക്ക് നിരക്കുന്നില്ലെന്ന കാരണത്താൽ ചവിട്ടിമെതിക്കുക ഇതൊക്കെയാണ് ഈ ചിന്താരീതിയുടെ സവിശേഷതകൾ.
ആധുനിക കാലത്ത് അഖ്ലാനിയ്യത്തിനെ പൂർണ്ണാർത്ഥത്തിൽ ഏറ്റെടുത്തത് ഈജിപ്തിലെ ഹസനുൽ ബന്നായും സയ്യിദ് ഖുത്വ്ബും നേതൃത്വം കൊടുത്ത ഇഖ്വാനുൽ മുസ്ലിമൂൻ എന്ന സംഘടനയാണ്. അതിന്റെ ഇന്ത്യൻ പതിപ്പാണ് സയ്യിദ് മൗദൂദി രൂപം കൊടുത്ത ജമാഅത്തെ ഇസ്ലാമി. ഈ രണ്ടു സംഘടനകളും കൊണ്ടും കൊടുത്തും പരസ്പരം പരിപോഷിപ്പിച്ചു കൊണ്ടാണ് ആധുനിക മുസ്ലിം സമൂഹങ്ങളിൽ വേരുറപ്പിച്ചത്. മതപരമായ വിഷയങ്ങളിൽ ശുദ്ധമായ അഖ്ലാനിയ്യഃ ചിന്താഗതി പിന്തുടരുകയും മതരാഷ്ട്രവാദം ആധാരശിലയായി കൊണ്ടുനടക്കുകയും ചെയ്യുന്നവരാണവർ. ഖുത്വ്ബിൻെറയും മൗദൂദിയുടെയും കൃതികൾ ഇക്കാര്യങ്ങൾ സുതരാം വ്യക്തമാക്കുന്നവയാണ്. വിശുദ്ധ ഖുർആൻ വിവരണത്തിന്റെ രചനയിൽ സയ്യിദ് ഖുത്വ്ബിന്റെ കൃതികൾ നിർലോഭം ഉദ്ധരിക്കുകയോ ഉപജീവിക്കുകയോ ചെയ്തിട്ടുണ്ടെന്നത് ഒരു ദുഃഖസത്യമാണ്.
മുഹമ്മദ് അബ്ദുവും ഇസ്വ്ലാഹിയ്യത്തും
ഇതേ കാലയളവിൽ തന്നെ ഈജിപ്തിൽ നവോത്ഥാനത്തിന്റെയും നവീകരണത്തിൻെറയും മറപിടിച്ച് മറ്റൊരു രൂപത്തിൽ അഖ്ലാനിയ്യഃ വീക്ഷണഗതി സ്ഥാപിക്കപ്പെടുന്നുണ്ടായിരുന്നു. ഇഅ്തിസാലും അഖ്ലാനിയ്യത്തും ഖുറൂജും സമം ചേർത്ത് തയ്യാറാക്കിയ ഈ മിശ്രിതം ഇസ്വ്ലാഹിയ്യത്ത് എന്ന പേരിലാണ് അറിയ്യപ്പെടുന്നത്. മുകളിൽ പറഞ്ഞ ചിന്താധാരകളുടെ ഏറ്റവും ഒടുവിലത്തെ രൂപഭേദമാണ് അത്. പക്ഷെ പലരും അതിനെ അഹ്ലുസ്സുന്നഃയുടെ ഭാഗമാണെന്ന് പോലും തെറ്റിദ്ധരിച്ചിട്ടുണ്ട്.
നിഗൂഢ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഇറാനിയൻ വിപ്ലവകാരി ജമാലുദ്ദീൻ അഫ്ഗാനിയുടെ ചിന്താപദ്ധതികളിലും പ്രത്യയശാസ്ത്രങ്ങളിലും ആകൃഷ്ടനായ ഈജിപ്ഷ്യൻ നവീകരണവാദി മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ശിഷ്യനായ സയ്യിദ് റശീദ് റിളയുമാണ് ആധുനിക കാലത്ത് ഇസ്വ്ലാഹിയ്യത്തിന് രൂപം കൊടുക്കുന്നത്. കേരളത്തിലെ ഇസ്വ്ലാഹീ പ്രസ്ഥാനം അതിന്റെ ഒരു താവഴി മാത്രമാണ്. അവർ ഉയർത്തിപ്പിടിച്ച ഇസ്വ്ലാഹിയ്യത്ത് അഖ്ലാനിയ്യത്തിന്റെ പര്യായം മാത്രമാണ്. മുഹമ്മദ് അബ്ദുവിന്റെ താർക്കികവും യുക്തിവാദപരവുമായ ആശയങ്ങൾ ശിഷ്യനായ സയ്യിദ് റശീദ് രിളാ തഫ്സീറുൽ മനാറിലൂടെയും അൽമനാർ മാസികയിലൂടെയും മനോഹരമായ ഭാഷയിൽ അനുവാചർക്ക് കൈമാറിക്കൊണ്ടിരുന്നു. ഇസ്ലാമിലെ വിശ്വാസകാര്യങ്ങളും വഹ്യിലൂടെ മാത്രം ലഭിക്കുന്ന അദൃശ്യമായ വിഷയങ്ങളും അദ്ദേഹം തന്റെ യുക്തിക്കനുസരിച്ച് വ്യാഖ്യാനിച്ചു. യൂറോപ്പിന്റെ സ്വതന്ത്ര ചിന്തയുമായി സംവദിക്കാൻ ഉപയുക്തമായ മാർഗ്ഗം വേറെയില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഉദാഹരണമായി മലക്കുകൾക്ക് അദ്ദേഹം നൽകിയ യുക്തിപരമായ വ്യാഖ്യാനം തന്നെ എടുക്കാം. തഫ്സീറുൽ മനാറിലെ പ്രസ്തുത ഭാഗം മൊഴിമാറ്റം നടത്തി ഇവിടെ ചേർക്കാതിരിക്കുന്നത് അത് സച്ചരിതരായ മുൻഗാമികൾ കാണിച്ചുതന്ന രീതിക്ക് വിരുദ്ധമായതിനാൽ മാത്രമാണ്. ഇത്തരം യുക്തിവാദങ്ങളും അഭീഷ്ടങ്ങളും മനസ്സിൽ സ്ഥാനം പിടിച്ചാൽ അതിനെ പിഴുതുമാറ്റുക പ്രയാസകരമാണ്. പ്രമാണരേഖകളെക്കാൾ ബുദ്ധിക്കും യുക്തിക്കുമാണ് മുഹമ്മദ് അബ്ദു പ്രാമുഖ്യം കൽപിച്ചിരുന്നത് എന്നതിന് സാക്ഷീകരണമായി ഒരു ഉദ്ധരണി മാത്രം നൽകാം. اتفق أهل الملة الإسلامية إلا قليلا ممن لا ينظر إليه على أنه إذا تعارض العقل والنقل أخذ بما دل عليه العقل. [محمدعبده، الإسلام والمسيحية] [പരിഗണനീയരല്ലാത്ത അൽപം ചിലരൊഴികെ, ഇസ്ലാം മതാനുയായികൾ എല്ലാവരും ഏകോപിച്ചിരിക്കുന്നകാര്യം ഇതാണ്, ബുദ്ധി യും പ്രമാണവും തമ്മിൽ എതിരായാൽ ബുദ്ധി നിർദ്ദേശിക്കുന്നതാണ് സ്വീകരിക്കപ്പെടേണ്ടത്.] (മുഹമ്മദ് അബ്ദു, ഇസ്ലാമും ക്രൈസ്തവതയും)
എന്നാൽ, സയ്യിദ് റശീദ് രിളാ അവസാന നാളുകളിൽ സുന്നത്തിന്റെ മാർഗ്ഗത്തിലേക്ക് തിരിഞ്ഞിരുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. അല്ലാഹു അഭിജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്. അവന്റെ നീതിയിലും കാരുണ്യത്തിലുമാണ് സൃഷ്ടികളായ നമ്മുടെ പ്രതീക്ഷ.
ഇസ്വ്ലാഹീ പ്രസ്ഥാനമാണ് വിശുദ്ധ ഖുർആൻ വിവരണത്തിന്റെ പ്രസാധകർ. മുഹമ്മദ് അബ്ദുവും സയ്യിദ് റശീദ് രിളായും നേതൃത്വം കൊടുത്ത അഖ്ലാനീ വീക്ഷണഗതിയുടെ അനുവാചകരാണവർ. പേരിലും പൊരുളിലും പൊരുത്തമുള്ള രണ്ടു പ്രസ്ഥാനങ്ങൾ. രണ്ടിൻെറയും മൗലികമായ ചിന്താരീതി അഖ്ലാനിയ്യത്തു തന്നെ. രണ്ടും അറിയപ്പെടാൻ താൽപര്യപ്പെടുന്നത് ഇസ്വ്ലാഹിയ്യഃ എന്ന പേരിൽ. റശീദ് രിളാ പ്രസിദ്ധീകരിച്ചിരുന്ന അൽമനാർ മാസികയുടെ ഉള്ളടക്കമായിരുന്നു പലപ്പോഴും കെ.എം. മൗലവിയുടെ അൽമുർശിദിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. തഫ്സീറുൽ മനാർ കേരളത്തിലെ ഇസ്വ്ലാഹീ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മുഖ്യ സ്രോതസ്സുകളിലൊന്നാണ്. അതുകൊണ്ടു തന്നെ വിശുദ്ധ ഖുർ ആൻ വിവരണത്തിന്റെ രചനയിൽ അതിന്റെ സ്വാധീനം വളരെ വലുതാണ്.
ചുരുക്കത്തിൽ, വിശുദ്ധ ഖുർആൻ വിവരണത്തിന്റെ പ്രസാധകർ ഈജിപ്തിലെ അഖ്ലാനീ ചിന്താഗതിയുടെ (المدرسة العقلانية) സ്ഥാപകനായ മുഹമ്മദ് അബ്ദുവിന്റെയും ശിഷ്യൻ റശീദ് രിളായുടെയും അനുഭാവികളും സഹചാരികളുമാണ്. അതോടൊപ്പം, വിശുദ്ധ ഖുർആൻ വിവരണത്തിന്റെ രചനയിൽ അഖ്ലാനിയ്യത്തിന്റെ രണ്ടു കൈവഴികളായ ഇഖ്വാനിയ്യത്തും ഇസ്വ്ലാഹിയ്യത്തും പ്രകടമായി തന്നെ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ആയതിനാൽ മാന്യ വായനക്കാർ മതിയായ ജാഗ്രത പുലർത്തണമെന്ന് ഒരിക്കൽ കൂടി ഉണർത്തുന്നു.
﴿وَإِذْ قُلْنَا ادْخُلُوا هَٰذِهِ الْقَرْيَةَ فَكُلُوا مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَّغْفِرْ لَكُمْ خَطَايَاكُمْ ۚ وَسَنَزِيدُ الْمُحْسِنِينَ ٥٨﴾
നാം പറഞ്ഞ സന്ദർഭം: നിങ്ങള് ഈ പട്ടണത്തില് പ്രവേശിക്കുക. അവിടെ നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുക. തലകുനിച്ചു കൊണ്ട് വാതില് കടക്കുകയും പശ്ചാത്താപവചനം ഉരുവിടുകയും ചെയ്യുക. നിങ്ങളുടെ പാപങ്ങള് നാം പൊറുത്തുതരികയും, സുകൃതങ്ങൾ ചെയ്യുന്നവർക്ക് അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് തരുകയും ചെയ്യും.
മേൽ സൂക്തം വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കാണാം:
[هذه القرية (ഈ രാജ്യം) കൊണ്ടുദ്ദേശ്യം ബൈത്തുൽ മുഖദ്ദസാ(*)ണെന്നും, അരീഹാ(**)യാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്... ഇത് മിക്കവാറും ബൈത്തുൽ മുഖദ്ദസിനെ ഉദ്ദേശിച്ചായിരിക്കുവാനാണ് സാധ്യത. അതു കൊണ്ട് പ്രധാന ഖുർആൻ വ്യാഖ്യാതാക്കൾ പലരും ബൈത്തുൽ മുഖദ്ദസാണ് ഇവിടെ ഉദ്ദേശ്യം എന്ന പക്ഷക്കാരാകുന്നു... (അല്ലാഹുവിന്നറിയാം) ഈ വിഷയം ബൈബിളിൽ കാണുന്നില്ല.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/181)
മേൽ വിവരണം വായിക്കുന്ന ഏതൊരു അനുവാചകനും മനസ്സിലാക്കുക, ഖുർആൻ വ്യാഖ്യാനിക്കാനുള്ള ഒരു ഉപാധിയാണ് ബൈബിൾ എന്നാണ്. വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ മുൻഗണന കൽപിക്കാൻ ബൈബിളിലുള്ള പരാമർശങ്ങൾ ഉപയോഗിക്കാമെന്നുമാണ്. വസ്തുത മറിച്ചാണ്:
- ഇന്നു ലഭിക്കുന്ന ബൈബിൾ യഥാർത്ഥ തൗറാത്തും ഇഞ്ചീലുമല്ല.
- യഥാർത്ഥ തൗറാത്തും ഇഞ്ചീലും തന്നെ ഖുർആൻ അവതരിച്ചതോടെ റദ്ദാക്കപ്പെട്ടിരിക്കുന്നു.
- ബൈബിളിനെ മാത്രമല്ല, യഥാർത്ഥ തൗറാത്ത്, ഇഞ്ചീൽ എന്നിവയെപ്പോലും ഖുർആൻ വ്യാഖ്യാനിക്കാനുള്ള സ്രോതസ്സോ ഉപകരണമോ ആയി കാണാവതല്ല.
- ആയതിനാൽ മേൽ വ്യാഖ്യാനം അനുചിതവും സലഫുകളുടെ രീതിക്ക് നിരക്കാത്തതുമാണ്.
തദ്വിഷയകമായി കൂടുതൽ മനസ്സിലാക്കാൻ മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഇസ്ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം (പുറം 92) കാണുക.
﴿وَإِذْ قُلْتُمْ يَا مُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ فَادْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنبِتُ الْأَرْضُ مِن بَقْلِهَا وَقِثَّائِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ الَّذِي هُوَ أَدْنَىٰ بِالَّذِي هُوَ خَيْرٌ ۚ اهْبِطُوا مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاءُوا بِغَضَبٍ مِّنَ اللهِۗ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ الْحَقِّ ۗ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ٦١﴾
ഓ മൂസാ, ഒരേതരം ആഹാരവുമായി ഞങ്ങൾ ഒരിക്കലും ക്ഷമിക്കില്ല. അതിനാല് ഭൂമി വിളയിക്കുന്ന ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങള്ക്ക് ഉല്പാദിപ്പിച്ചു തരുവാന് താങ്കള് താങ്കളുടെ റബ്ബിനോട് പ്രാര്ത്ഥിക്കുക എന്ന് നിങ്ങള് പറഞ്ഞ സന്ദര്ഭം. മൂസാ പറഞ്ഞു: കൂടുതല് ഉത്തമമായത് വിട്ട് തികച്ചും താണതാണോ നിങ്ങള് പകരം ആവശ്യപ്പെടുന്നത്? എന്നാല് നിങ്ങൾ ആ അധിവാസ കേന്ദ്രത്തിൽ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള് ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്ക്കവിടെ കിട്ടും. അവരുടെ മേല് നിന്ദ്യതയും പതിത്വവും അടിച്ചേല്പിക്കപ്പെടുകയും, അവര് അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, നബിമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്; അവര് ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്ത്തിക്കുകയും ചെയ്തതിന്റെ ഫലമായി തന്നെ.
ബഖറഃ 61-ാം സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയിരിക്കുന്ന വ്യാഖ്യാനം കാണുക:
[എന്നാൽ, പ്രവാചകന്മാരെ കൊലപ്പെടുത്തിയിരുന്നതായി പൊതുവിൽ പറഞ്ഞതല്ലാതെ, അങ്ങിനെയുള്ള ഒരു സംഭവവും ഖുർആനിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ല. ബലപ്പെട്ട ഹദീസുകളിലും കാണപ്പെടുന്നില്ല. അതേ സമയത്ത് അവരുടെ കയ്യിൽ നിലവിലുള്ള അവരുടെ വേദപുസ്തകത്തിൽ - ബൈബിളിൽ - അതിനു ഉദാഹരണങ്ങൾ പലതുണ്ടു താനും... ബൈബിളിലെ ചില ഉദാഹരണങ്ങൾ ഇവിടെ ചുരുക്കി ഉദ്ധരിക്കാം:-] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/185)
മതപരമായ കാര്യങ്ങളിൽ നമുക്ക് അവലംബിക്കാവുന്ന സ്രോതസ്സ് വഹ്യ് മാത്രമാണ്. വഹ്യ് രേഖപ്പെട്ടു കിടക്കുന്നത് ഖുർആനിലും സ്ഥിരപ്പെട്ട നബിചര്യയിലുമാണ്. അവ രണ്ടിലും പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ നമുക്ക് ആവശ്യമില്ലാത്ത വിഷയങ്ങളാണ്. നമുക്ക് അത് ആവശ്യമായിരുന്നുവെങ്കിൽ അല്ലാഹു അത് ഒഴിവാക്കുമായിരുന്നില്ല. അവൻ അത് ഒഴിവാക്കിയിട്ടും നാം അത് കണ്ടുപിടിക്കാനും വിശകലനം ചെയ്യാനും മുതിരുന്നത് അവൻ നൽകിയതിൽ തൃപ്തിവരാത്തതു കൊണ്ടാണ്.
അത്തരം സംഭവങ്ങൾ ബൈബിളിൽനിന്ന് ഉദ്ധരിച്ചുകൊണ്ടാണ് മേൽ സൂക്തത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. അത് തീർത്തും തെറ്റും, സലഫുകളുടെ രീതിയോട് നിരക്കാത്തതുമായ കാര്യമാണ്.
തദ്വിഷയകമായി കൂടുതൽ മനസ്സിലാക്കാൻ ഇസ്ലാമിന്റെ പ്രമാണങ്ങൾ, മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഇസ്ലാമിന്റെ സ്രോതസ്സല്ല എന്നീ ലേഖനങ്ങൾ കൂടി കാണുക.
﴿وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُم بِقُوَّةٍ وَاذْكُرُوا مَا فِيهِ لَعَلَّكُمْ تَتَّقُونَ ٦٣﴾
നിങ്ങളോട് നാം കരാര് വാങ്ങി, നിങ്ങള്ക്കു മീതെ പര്വ്വതം ഉയര്ത്തിപ്പിടിച്ചസന്ദര്ഭം: നാം നിങ്ങള്ക്കു നല്കിയത് ബലമായി മുറുകെപ്പിടിക്കുക, അതില് നിര്ദ്ദേശിച്ചത് ഓർമ്മ വെക്കുക; നിങ്ങൾ സൂക്ഷ്മതപാലിക്കുന്നവരായേക്കാം.
മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇപ്രകാരം കാണാം:
[...ബുദ്ധിപരമായി നോക്കുമ്പോൾ അസംഭവ്യം (محال) അല്ലാത്ത ഏതൊരു കാര്യവും സംഭവിക്കുവാൻ സാധ്യതയുണ്ടെന്നും, ബുദ്ധിപരമായി സാധ്യതയുള്ള ഏതൊരു കാര്യവും അല്ലാഹുവിന്റെ കഴിവിൽപെട്ടതാണെന്നും...] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/188)
മനുഷ്യബുദ്ധിക്കും യുക്തിചിന്തനത്തിനുംഅല്ലാഹു നൽകിയ സ്ഥാനമെന്ത്? ബുദ്ധി പ്രയോഗിക്കുന്നതിന് ഇസ്ലാമിലുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്? സത്യത്തിൽ ഇക്കാര്യത്തെ കുറിച്ച് വീണ്ടുവിചാരമില്ലാതെയാണ് വിശുദ്ധ ഖുർആൻ വിവരണത്തിന്റെ രചയിതാക്കൾ മേൽ പരാമർശം നടത്തിയിരിക്കുന്നത്. അശ്അരിയ്യത്തിൻെറയും, മുഹമ്മദ് അബ്ദു-റശീദ് രിളാ, ഖുത്വുബ്-ബന്നാ എന്നീ അച്ചുതണ്ടുകളുടെയും സ്വാധീനമായിരിക്കും അല്ലാഹുവിന്റെ കാര്യത്തിൽ ഇത്തരം പരാമർശങ്ങൾ ആശാസ്യമാണെന്നതിലേക്ക് അവരെ കൊണ്ടെത്തിച്ചത്.
മനുഷ്യൻ, മനുഷ്യബുദ്ധി, യുക്തിചിന്തനം എന്നിവയെല്ലാം അല്ലാഹുവിന്റെ സൃഷ്ടികൾ; അവന്റെ സൃഷ്ടികളിൽ തുലോം ചെറുതെന്ന് വിശേഷിപ്പിക്കാവുന്നവ മാത്രം. അല്ലാഹുവിന്റെ കഴിവുകളെ ബുദ്ധിയുടെ ഭാവനാ പരിധിക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് കടുത്ത അന്യായവും (ظُلْمٌ) കൃത്യവിലോപവും (إِلْحَادٌ) ആണ്. സലഫുകളുടെ രീതിയിൽ രചിക്കാനുദ്ദേശിച്ച ഖുർആൻ വിവരണത്തിൽ മേൽ പരാമർശം കടന്നുകൂടിയത് ഖേദകരമായിപ്പോയി. ഇത്തരം വിഷയങ്ങളിൽ സലഫുകളുടെ രീതി ഇപ്രകാരമാണ്:
• അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ നബി ﷺയുടെ സുന്നത്തിലോ സ്ഥിരപ്പെട്ട കാര്യം നാം സ്ഥിരീകരിക്കുക.
• അവയിൽ നിഷേധിക്കപ്പെട്ട കാര്യങ്ങൾ നാം നിരാകരിക്കുക.
• അവയിൽ പരാമർശിക്കപ്പെടാത്ത കാര്യങ്ങളെ കുറിച്ച് നാം മൗനം പാലിക്കുക.
﴿إِنَّ اللهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾ (നിശ്ചയമായും അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്). ഇവിടെ ബുദ്ധിപരമായി സാധ്യതയുള്ളതെന്നോ ഇല്ലാത്തതെന്നോ ഒരു വേർതിരിവ് നൽകേണ്ടതില്ല. കാരണം, പ്രമാണവാക്യങ്ങളിൽ അത്തരം ഒരു വേർതിരിവില്ല. സലഫുകൾ അങ്ങനെ ഒരു വേർതിരിവ് കൽപിച്ചിട്ടുമില്ല. ഇത്തരം വിഷയങ്ങളിൽ സലഫുകളുടെ രീതി മൗനം അവലംബിക്കലാണ്. അതിനാൽ മാന്യ വായനക്കാർ പ്രസ്തുത പരാമർശത്തെ അസാധുവായി കണക്കാക്കണമെന്ന് ഉണർത്തുന്നു.
[(2) പർവ്വതം ഉയർത്തിയതു ഒരു പ്രകൃതി ദൃഷ്ടാന്തം (آية كونية) ആയിരുന്നുവെന്നതിൽ അൽ ഉസ്താദുൽ ഇമാം (ശൈഖ് അബ്ദ) ഖുർആൻ വ്യാഖ്യാതാക്കളുടെ പക്ഷത്താകുന്നു.] (വിശുദ്ധ ഖുർ ആൻ വിവരണം, പുറം 1/189)
വിശുദ്ധ ഖുർആൻ വിവരണത്തിൽ അഭിനവ അഖ്ലാനീ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മുഹമ്മദ് അബ്ദുവിനെ നിർലോഭം ഉദ്ധരിച്ചതും ഉപജീവിച്ചതും വലിയ വീഴ്ച തന്നെയാണ്. ഇസ്റാഈല്യരുടെ മേൽ പർവ്വതം ഉയർത്തിക്കാണിച്ചത് ഒരു പ്രകൃതി ദൃഷ്ടാന്തമാണെന്ന കാര്യത്തിൽ അദ്ദേഹം ഖുർആൻ വ്യാഖ്യാതാക്കളുടെ പക്ഷത്താണെന്ന് എടുത്തു പറയുന്നതിൽ ഒരു സാംഗത്യവുമില്ല. അദ്ദേഹം അവരുടെ പക്ഷത്തായതു കൊണ്ട് അവരുടെ വാക്കുകളുടെ മൂല്യം ഉയരാൻ പോകുന്നില്ല. മറിച്ചാണെങ്കിൽ, അദ്ദേഹത്തിന്റെ വിയോജിപ്പ് അവരുടെ സ്വീകാര്യത കുറക്കുകയുമില്ല. ഖുർആൻ വ്യാഖ്യാനത്തിൽ യാതൊരു പരിഗണനയും അർഹിക്കാത്ത വ്യക്തിയാണ് മുഹമ്മദ് അബ്ദു. കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ യുക്തി ഇസ്ലാമിന്റെ സ്രോതസല്ല എന്ന ലേഖനം കാണുക.
[അന്ത്യപ്രവാചകരായ മുഹമ്മദ് (സ) തിരുമേനിയുടെ കാലമായപ്പോഴേക്കു മനുഷ്യവർഗ്ഗത്തിന്റെ പക്വപ്രായം ആരംഭിച്ചു കഴിഞ്ഞു. ആ നിലക്ക് തിരുമേനിയുടെ കൈക്ക് – പല അമാനുഷിക ദൃഷ്ടാന്തങ്ങളും വെളിപ്പെട്ടിട്ടുണ്ടെങ്കിൽ പോലും – അവിടുത്തെ പ്രത്യക്ഷ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചതു വിശുദ്ധ ഖുർആനെയാണല്ലോ. ഈ യാഥാർത്ഥ്യം അല്ലാഹു തന്നെ സൂറത്തുൽ ഇസ്രാഇൽ ഇങ്ങനെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. وما منعنا أن نرسل بالآيات إلا تخويفا (സാരം: ദൃഷ്ടാന്തങ്ങളെയും കൊണ്ടു അയക്കുവാൻ നമുക്കു തടസ്സമായതു പൂർവ്വീകന്മാർ അവയെ വ്യാജമാക്കിയതല്ലാതെ മറ്റൊന്നുമല്ല. ഥമൂദ് ഗോത്രത്തിനു കണ്ടറിയത്തക്ക ഒരു ദൃഷ്ടാന്തമായിക്കൊണ്ടും നാം ഒട്ടകത്തെ നൽകി. എന്നിട്ട് അവർ അതിനെ അക്രമിച്ചു കളഞ്ഞു. ഭയപ്പെടുത്തുവാൻ വേണ്ടിയല്ലാതെ ദൃഷ്ടാന്തങ്ങളെയും കൊണ്ട് നാം അയക്കാറില്ല. (ഇസ്രാഅ് 59)] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/190)
ഖുർആൻ പരിഭാഷകളും വിവരണങ്ങളും സാധാരണക്കാരെയാണ് അഭിസംബോധന ചെയ്യുന്നത്. മതപരമായ കാര്യങ്ങളിൽ വ്യക്തതയും അനുഷ്ഠാന വിഷയങ്ങളിൽ (المسائل) തീർപ്പും ലഭിക്കുന്ന വിധത്തിലായിരിക്കണം അവയുടെ പ്രതിപാദന രീതി. മേൽ വ്യാഖ്യാനം ഈ ലക്ഷ്യം നിറവേറ്റുന്നില്ല. കാരണം, വിഷയങ്ങൾ പ്രതിപാദിച്ചിരിക്കുന്നത് യാഥാതഥമായിട്ടല്ല. അപ്രസക്തമായ അഭിപ്രായങ്ങളാണ് നിരത്തിയിരിക്കുന്നത്. അതുമൂലം വായനക്കാർ യാഥാർത്ഥ്യം ഗ്രഹിക്കാനാവാതെ കൂടുതൽ കൂടു തൽ ആശയക്കുഴപ്പത്തിൽ അകപ്പെടുന്നു.
മുൻഗാമികളായ ദൂതന്മാർക്ക് അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങൾ നൽകിയിട്ടുണ്ട്. അക്കാര്യം ഖുർആനിലും നബിചര്യയിലും വിശദമാക്കിയിട്ടുണ്ട്. മുഹമ്മദ് നബി ﷺ ക്കും അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ പ്രാപഞ്ചികവും (كَوْنِيَّة) ആശയപരവും (مَعْنَوِيَّة) ആയ ദൃഷ്ടാന്തങ്ങളുണ്ട്. ഖുർആൻ ഇന്നും ലോകത്ത് അവശേഷിക്കുന്ന ദൃഷ്ടാന്തമാണ്.
ധിക്കാരികളായ അവിശ്വാസികൾ നബിമാരെ കളവാക്കാനും പരിഹസിക്കാനും വേണ്ടി ദൃഷ്ടാന്തങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടാറുണ്ട്. അവർ ആവശ്യപ്പെടുന്നതനുസരിച്ച് അല്ലാഹു ദൃഷ്ടാന്തങ്ങൾ കൊണ്ടുവരികയാണെങ്കിൽ അവർ അതിൽ വിശ്വസിച്ചു കൊള്ളണം. അല്ലാത്ത പക്ഷം അവരെ അല്ലാഹു ഇഹലോകത്തു വെച്ചുതന്നെ ശിക്ഷിക്കും. സൃഷ്ടികളിൽ അവൻ നടപ്പിലാക്കുന്ന ചര്യയാണിത്. അവൻ ഇത്തരം ദൃഷ്ടാന്തങ്ങൾ ഇറക്കുന്നത് ഭീതിയുളവാക്കാനാണ്.
മക്കാ നിവാസികൾ സഫാ മല സ്വർണ്ണമാക്കി മാറ്റാനും അവരുടെ ഭൂമി കൃഷിക്ക് ഉപയുക്തമാകും വിധം ഉർവരമാക്കാനും നബി ﷺ യോട് ആവശ്യപ്പെടുകയുണ്ടായി. അത്തരം ഒരു ദൃഷ്ടാന്തം അല്ലാഹു ഇറക്കി കൊടുത്താൽ പിന്നീടവർക്ക് സാവകാശം നൽകപ്പെടില്ല. ഉടനടി അവരെ ശിക്ഷ പിടികൂടുക തന്നെ ചെയ്യും. അല്ലാഹു തന്റെ സൃഷ്ടികളിൽ നടപ്പിലാക്കുന്ന നടപടിക്രമം അങ്ങനെയാണ്. ഈ വസ്തുതയാണ് സൂറത്തുൽ ഇസ്റാഇലെ 59-ാം സൂക്തത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതിനാൽ നബി ﷺ അവർ ആവശ്യപ്പെട്ട ദൃഷ്ടാന്തം ഇറക്കാൻ അല്ലാഹുവിനോട് അർത്ഥിച്ചില്ല താനും. ഇതാണ് വസ്തുത. പക്ഷെ, ഇക്കാര്യം വിശദീകരിക്കുന്നിടത്ത് അപ്രസക്തമായ കാര്യങ്ങളും അർദ്ധസത്യങ്ങളും നിരത്തി വായനക്കാരെ ആശയക്കുഴപ്പത്തിലാക്കുകയാണ് ചെയ്തിട്ടുള്ളത്. വ്യക്തതയും കൃത്യതയുമാണ് സലഫുകളുടെ മുഖമുദ്ര. സലഫുകളുടെ മാതൃകയനുസരിച്ചുള്ള ഖുർആൻ വിവരണത്തിൽ അത് പ്രകടമാവുക തന്നെ വേണം. അവ്യക്തതകളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാൻ പാടില്ല.
﴿بَلَىٰ مَن كَسَبَ سَيِّئَةً وَأَحَاطَتْ بِهِ خَطِيئَتُهُ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ٨١﴾
യഥാർത്ഥത്തിൽ, ഏതൊരാൾ ശിർക്ക് എന്ന തിന്മ സമ്പാദിക്കുകയും, അവന്റെ ആ പാപവലയത്തിൽ അവൻ അകപ്പെടുകയും ചെയ്തു, എങ്കിൽ അവർ നരകാവകാശികളായിരിക്കും; അവരതില് നിത്യവാസികളുമായിരിക്കും.
മേൽ സൂക്തത്തിനു വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്തിരിക്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്:
[ 'തിന്മ സമ്പാദിക്കുകയും, തെറ്റുകുറ്റം വലയം ചെയ്യുകയും ചെയ്തു' എന്ന വാക്യത്തിൽനിന്ന് ഒരു സംഗതി മനസ്സിലാക്കാവുന്നതാണ്: പാപം ചെയ്യുന്തോറും രക്ഷാമാർഗ്ഗം കുറേശ്ശെ കുറേശ്ശെയായി അടഞ്ഞുപോയിക്കൊണ്ടിരിക്കും. അത് വർദ്ധിച്ചു വർദ്ധിച്ചു വലയം ചെയ്യുന്നതോടു കൂടി രക്ഷാമാർഗ്ഗം നിശ്ശേഷം അടഞ്ഞുപോകുകയും ചെയ്യുന്നു. ഒരു ഹദീസിൽ ഈ സംഗതി നബി (സ) ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: «നിസ്സാരമായി ഗണിക്കപ്പെടുന്ന പാപങ്ങളെ നിങ്ങൾ സൂക്ഷിക്കുവിൻ. കാരണം, അവ മനുഷ്യനിൽ ഒരുമിച്ച് കൂടി അവസാനം അവനെ അത് നാശത്തിലകപ്പെടുത്തുന്നതാണ്». (അഹ്മദ്)] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/203)
ഈ വ്യാഖ്യാനം പ്രസ്തുത വചനത്തിന് സലഫുകൾ നൽകിയ വ്യാഖ്യാനവുമായോ അഹ്ലുസ്സുന്നയുടെ വിശ്വാസ സംഹിതയു മായോ ഒത്തുപോകുന്നതല്ല. പാപം (معصية) കുഫ്റല്ല. പാപം ചെയ്തതു കൊണ്ട് ഒരാൾ അവിശ്വാസിയാകുന്നുമില്ല. വിശ്വാസികളായ പാപികളുടെ പര്യവസാനം അല്ലാഹുവിന്റെ ഹിതമനുസരിച്ചായിരിക്കും. ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കും, ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കും. ശിക്ഷിക്കുകയാണെങ്കിൽ തന്നെ പാപത്തിനനുസരിച്ചുള്ള ശിക്ഷ കഴിഞ്ഞ് അവരെ മോചിപ്പിക്കും. അവർ നരകത്തിൽ ശാശ്വതരായിരിക്കുകയില്ല. ഇതാണ് പാപത്തെയും പാപികളെയും സംബന്ധിച്ചുള്ള അഹ്ലുസ്സുന്നയുടെ വിശ്വാസം.
പല മാർഗ്ഗങ്ങളിലൂടെയാണ് പാപമോചനം ലഭിക്കുന്നത്. അവയിൽ പത്തെണ്ണം ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ ﵀ വിശദീകരിക്കുന്നുണ്ട്. തൗബഃ, ഇസ്തിഗ്ഫാർ, തിന്മകൾ മായ്ചു കളയുന്ന സുകൃതങ്ങൾ, വിശ്വാസികളുടെ പ്രാർത്ഥന, മരണപ്പെട്ടവർക്കു വേണ്ടി നിർവ്വഹിക്കപ്പെടുന്ന ശർഅ് നിർദ്ദേശിച്ച പുണ്യകർമ്മങ്ങൾ, നബി ﷺ യുടെയോ പ്രമാണങ്ങളിൽ പറയപ്പെട്ട മറ്റുള്ളവരുടെയോ ശിപാർശകൾ, ഇഹത്തിൽ അനുഭവിക്കേണ്ടിവരുന്ന പരീക്ഷണങ്ങൾ, ഖബ്റിൽ വെച്ച് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങൾ, അന്ത്യനാളിൽ നേരിടേണ്ടി വരുന്ന ഭയവിഹ്വലതകൾ, അല്ലാഹുവിന്റെ കേവലമായ ഔദാര്യം കൊണ്ട് ലഭിക്കുന്ന പാപമോചനം എന്നിവയാണത്.
ഒരാൾ ചെയ്യുന്ന സുകൃതങ്ങൾ അയാൾ ചെയ്യുന്ന മിക്ക ചെറുപാപങ്ങളെയും മായ്ചുകളയുന്നു. ഇത് അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവുമാണ്. എന്നാൽ പാപങ്ങളെ കുറിച്ച് ഒട്ടും ഗൗനിക്കാതെ കൈയും കണക്കുമില്ലാതെ ചെറുദോഷങ്ങളിൽ മുഴുകുന്നതും അവയിൽ മൂടുറച്ചു പോകുന്നതും വിനാശകരമാണെന്നും പാപമോചനം ലഭിക്കുന്നതിന് വിഘാതമാണെന്നുമാണ് ഇമാം അഹ്മദ് ഉദ്ധരിക്കുന്ന ഹദീസിന്റെ താൽപര്യം.
ആശയ വ്യക്തതക്കായി ഇമാം ത്വബരി ﵀ യുടെ വ്യാഖ്യാനം കൂടി ഉദ്ധരിക്കട്ടെ. وأما السيئة التي ذكرها الله في هذا المكان فإنها الشرك بالله.. والخلود في النار لأهل الكفر بالله دون أهل الإيمان به لتظاهر الأخبار عن رسول الله ﷺ أن أهل الإيمان لا يخلدون فيها وأن الخلود في النار لأهل الكفر بالله دون أهل الإيمان به.. فتأويل الآية إذا؛ من أشرك بالله واقترف ذنوبا جمة فمات عليها قبل الإنابة والتوبة فأولئك أصحاب النار هم مخلدون فيها أبدا. [الطبري في جامع البيان] [അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്ന തിന്മ (السيئة) അത് അല്ലാഹുവിൽ പങ്കുചേർക്കലാണ്... നരകത്തിൽ ശാശ്വതരാവുക എന്നത് അല്ലാഹുവിൽ അവിശ്വസിക്കുന്നവർക്കുള്ളതാണ്; അവനിൽ വിശ്വസിക്കുന്നവർക്കുള്ളതല്ല. കാരണം വിശ്വാസികൾ നരകത്തിൽ ശാശ്വതരാവില്ലെന്നും നരകത്തിൽ ശാശ്വതരാവുക എന്നത് അല്ലാഹുവിൽ വിശ്വസിക്കുന്നവർക്കല്ല, അവനിൽ അവിശ്വസിക്കുന്നവർക്കാണെന്നും നബി ﷺ യിൽനിന്ന് വ്യക്തമായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്... അപ്പോൾ ഇങ്ങനെയായിരിക്കും ഈ സൂക്തത്തിന്റെ വ്യാഖ്യാനം: ആർ അല്ലാഹുവിൽ പങ്കുചേർക്കുകയും, കൂടിയ തോതിൽ പാപങ്ങൾ പ്രവർത്തിക്കുകയും, അതിൽനിന്ന് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നതിനു മുമ്പ് മരണപ്പെടുകയും ചെയ്യുന്നുവോ അവർ നരകാവകാശികളായിരിക്കും. അവർ അതിൽ അറ്റമില്ലാതെ, ശാശ്വതരായി കഴിച്ചുകൂട്ടേണ്ടി വരികയും ചെയ്യും. (ഇബ്നു ജരീർ, തഫ്സീറിൽ രേഖപ്പെടുത്തിയത്)
﴿قُلْ إِن كَانَتْ لَكُمُ الدَّارُ الْآخِرَةُ عِندَ اللَّهِ خَالِصَةً مِّن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ ٩٤﴾
താങ്കൾ ജൂതന്മാരോട് പറയുക: അല്ലാഹുവിങ്കലുള്ള പാരത്രിക ഭവനം ജനങ്ങൾക്കാർക്കും നൽകാതെ നിങ്ങള്ക്കു മാത്രമായി നീക്കിവെച്ചതാണെങ്കിൽ നിങ്ങള് മരിക്കുവാന് കൊതിച്ചുകൊള്ളുക; നിങ്ങൾ സത്യവാന്മാരാണെങ്കിൽ.
ബഖറഃ 94-ാം സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയ വ്യാഖ്യാനത്തിൽ ഇപ്രകാരം കാണുന്നു:
[ 'ഞങ്ങൾ മരിച്ചാൽ നന്നായേനെ' എന്ന് അവർ വായകൊണ്ടു പറയുക എന്നാണുദ്ദേശ്യം. ഖുർആനിന്റെ വാക്കിനോട് കൂടുതൽ യോജിക്കുന്നത് ഇതാണെന്നും, ഇതിനാണ് മുൻഗണന നൽകേണ്ടതെന്നുമാണ് ഇമാം റാസി (റ) പറയുന്നത്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/214)
ഇവിടെ രണ്ടു കാര്യങ്ങൾ പ്രത്യേകം സൂചിപ്പിക്കേണ്ടതായിട്ടുണ്ട്.
ഒന്ന്: വിശുദ്ധ ഖുർആൻ വിവരണത്തിന്റെ രചയിതാക്കളും പ്രസാധകരും പഠിച്ചത് അശ്അരീ സ്രോതസുകളും സാമഗ്രികളും ഉപയോഗിച്ചാണ്. ദീൻ കാര്യത്തിൽ അവർ മിക്കപ്പോഴും അറിഞ്ഞോ അറിയാതെയോ അശ്അരീ ചിന്താഗതിയാണ് പിന്തുടരുന്നത്. അതുകൊണ്ടാണ് അശ്അരികളുടെ ഏറ്റവും പ്രമുഖ പ്രത്യയശാസ്ത്ര വിശാരദനായിരുന്ന റാസിയെ തന്നെ അവർ ഉദ്ധരിക്കുന്നത്. റാസി എഴുതിയ ഖുർആൻ വ്യാഖ്യാനം വിശുദ്ധ ഖുർആൻ വിവരണത്തിന്റെ അവലംബ കൃതികളിൽ ഉൾപ്പെടുത്തിയത് അശ്അരിയ്യത്തുമായി അവർക്കുള്ള ബന്ധത്തിന് മതിയായ തെളിവാണ്. ഞങ്ങളും സലഫിയ്യത്തിലാണെന്ന ഇസ്ലാഹികളുടെ വാദം നിരർത്ഥകമായിത്തീരുന്നതും ഇതുകൊണ്ടാണ്. അധിക വായനക്കായി ഖദരിയ്യഃ; വിധിവിശ്വാസത്തിലുള്ള വിലോപം എന്ന ലേഖനം നിർദ്ദേശിക്കുന്നു.
സലഫുകൾ എന്നതുകൊണ്ട് പ്രഥമമായും പ്രമുഖമായും വിവക്ഷിക്കുന്നത് സ്വഹാബികളെയാണ്. നബി ﷺ യും സ്വഹാബികളും ഏതൊരു മാർഗ്ഗത്തിലായിരുന്നുവോ അതാണ് സലഫിയ്യഃ.സലഫിയ്യത്തുമായി യോജിച്ചു പോകാത്ത അശ്അരിയ്യത്ത് അറിഞ്ഞോ അറിയാതെയോ പിന്തുടരുകയും അതു പഠിപ്പിക്കുന്ന രചനകൾ സലഫീ മാതൃകയിലുള്ളതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് തെറ്റിദ്ധാരണാജനകമാണ്. അതുകൊണ്ടാണ് ഇത്രയും പറയേണ്ടിവന്നത്.
രണ്ട്: 'എങ്കിൽ നിങ്ങൾ മരണം കൊതിക്കുക' എന്നതിനെ ഇബ്നു അബ്ബാസ് ﵄ വ്യാഖ്യാനിച്ചിരിക്കുന്നത് മുബാഹലഃയായിട്ടാണ്. പരലോകവിജയം ജൂതർക്ക് മാത്രം അവകാശപ്പെട്ടതാണെന്നതായിരുന്നു അവരുടെ വാദം. അത് അസത്യവും കാപട്യവുമാണ്. ഈ വാദത്തിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നുവെങ്കിൽ ഞങ്ങൾ നിങ്ങളെ മുബാഹലഃ (ശാപപ്രാർത്ഥന) നടത്താൻ വെല്ലുവിളിക്കുന്നു. മരിക്കാനുള്ള സന്നദ്ധതയും ആഗ്രഹവും എടുത്തു പറഞ്ഞ് പ്രാർത്ഥിക്കാൻ നിങ്ങൾ തയ്യാറാണോ? ഇതാണ് ഈ സൂക്തത്തിന്റെ വിവക്ഷ.
മുകളിൽ പറഞ്ഞ ശരിയായ വ്യാഖ്യാനത്തെ അസ്ഥിരപ്പെടുത്തുകയും പ്രാബല്യമില്ലാത്ത വ്യാഖ്യാനത്തിനു മുൻഗണന നൽകുകയുമാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതിന് തെളിവായി ഉദ്ധരിക്കുന്നത് റാസിയെയും!
﴿وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ١٠٢﴾
സുലൈമാന് നബിയുടെ ആ ധിപത്യത്തെ കുറിച്ച് ഇസ്റാഈല്യർ പിൻപറ്റിയിരുന്നത് പിശാചുക്കൾ പറഞ്ഞു പരത്തിക്കൊണ്ടിരുന്നു കാര്യങ്ങളാണ്. സുലൈമാൻ നബി അവിശ്വസിച്ചിട്ടില്ല; മറിച്ച് ജനങ്ങൾക്ക് സിഹ്ർ പഠിപ്പിച്ചു കൊടുത്തുകൊണ്ട് പിശാചുക്കളാണ് അവിശ്വാസികളായത്. ബാബിലോണിൽ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകൾക്ക് ലഭിച്ചതിനെ പറ്റിയും (പിശാചുക്കൾ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നതാണ് അവർ പിൻപറ്റിയിരുന്നത്). എന്നാൽ ഹാറൂത്തും മാറൂത്തും ഏതൊരാൾക്ക് പഠി പ്പിക്കുമ്പോഴും; ഞങ്ങൾ പരീക്ഷണം മാത്രമാണ്; അതിനാൽ നിങ്ങൾ അവിശ്വാസത്തിൽ അകപ്പെടരുത് എന്ന് അവർ പറഞ്ഞുകൊടുക്കാതിരുന്നിട്ടില്ല. അങ്ങനെ അവരിൽനിന്ന് ഭാര്യാഭർത്താക്കന്മാരെ വേർപിരിക്കാനുള്ള മാരണം ജനങ്ങൾ പഠിച്ചുകൊണ്ടിരുന്നു. എ ന്നാൽ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാൾക്കും ഒരു ദ്രോഹവും ചെയ്യാൻ അവർക്ക് കഴിയില്ല. അവർക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും യാതൊരുപ്രയോജനം ചെയ്യാത്തതുമായ കാര്യമാണ് അവർ പഠിച്ചുകൊണ്ടിരുന്നത്. അത് ആർ വിലക്ക് വാങ്ങുന്നുവോ അവർക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവർ മനസ്സിലാക്കിയ കാര്യമാണ്. ആത്മത്തെ വിറ്റ് അവർ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ; അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ!
വിശുദ്ധ ഖുർആൻ വിവരണത്തിൽ ബഖറഃ 102-ാം സൂക്തത്തിനു വ്യാഖ്യാനം എഴുതിയിരിക്കുന്നത് ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലാണ്. ഒരു ശരാശരി വായനക്കാരന് സിഹ്റിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയും അതിൽനിന്ന് ലഭിക്കുകയില്ല. മറിച്ച്, അവിടെ നൽകിയ വിവരണങ്ങൾ വായനക്കാരെ കൂടുതൽ അങ്കലാപ്പിൽ അകപ്പെടുത്തുകയാണ് ചെയ്യുന്നത്. ആയതിനാൽ മേൽ സൂക്തത്തിലും സമാനമായ മറ്റു പ്രമാണവാക്യങ്ങളിലും പരാമർശിക്കപ്പെട്ടിരിക്കുന്ന സിഹ്റിന്റെ വിവക്ഷയെന്ത്, അതിന്റെ ഇസ്ലാമിക വിധിയെന്ത്, അത് സൃഷ്ടിക്കുന്ന മതപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ എന്തൊക്കെ എന്നതു സംബന്ധിച്ച് ഒരു വിവരണം അനിവാര്യമായിത്തീരുന്നു.
സിഹ്ർ എന്ന പദത്തിന്റെ നിരുക്തം, നിഷ്പാദനം, അർത്ഥവിജ്ഞാനീയം മുതലായ കാര്യങ്ങളെ കുറിച്ചുള്ള ചർച്ചക്ക് ഇവിടെ പ്രസക്തിയില്ല. അതേപോലെ, മേൽ ധാതുവിന്റെ പ്രാഥമികമായ അർത്ഥം, കാലാന്തരത്തിൽ അതിനു വന്നുചേർന്ന അർത്ഥഭേദങ്ങൾ, അതിന്റെ വിവിധങ്ങളായ പ്രയോഗ രീതികൾ തുടങ്ങിയ ഭാഷാ ചർച്ചകളൊന്നും സാധാരണക്കാരായ സത്യാന്വേഷികൾക്ക് ആവശ്യമുള്ള കാര്യങ്ങളുമല്ല.
എന്നാൽ സിഹ്റിനെ കുറിച്ചുള്ള ചർച്ചകളിൽ പൊതുവെ കണ്ടുവരുന്ന തെറ്റായ ചില പ്രവണതകൾ ഇവയാണ്:
- മേൽ സൂക്തത്തിലും സമാനമായ മറ്റു വചനങ്ങളിലും പരാമർശിച്ചിരിക്കുന്ന സിഹ്റിലേക്ക് അതിലുൾപ്പെടാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കുക.
- കാര്യങ്ങൾ കൂട്ടിക്കുഴച്ച് വിഷയം സങ്കീർണ്ണവൽക്കരിക്കുക.
- ഭാഷാപരമായ സാധ്യതകൾ വെച്ച് തങ്ങളുടെ തെറ്റായ അനുമാനങ്ങൾ സമർത്ഥിക്കാൻ ശ്രമിക്കുക.
- ഭാഷാപരമായി മാത്രം സിഹ്ർ എന്ന് പറയാവുന്ന ചില കാര്യങ്ങളുടെ മറവിൽ, പരാമൃഷ്ട സൂക്തത്തിലും സമാനമായ പ്രമാണവാക്യങ്ങളിലും പറഞ്ഞിരിക്കുന്ന സിഹ്റിന്റെ യാഥാർത്ഥ്യത്തെയോ, സ്വാധീനത്തെയോ അല്ലെങ്കിൽ സിഹ്റിനെ തന്നെയോ നിഷേധിക്കുക.
- സിഹ്ർ സ്ഥിരീകരിക്കുന്നത് അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിക്കുക.
- സിഹ്റിനെ നിഷേധിക്കൽ പുരോഗമനവും നവോത്ഥാനവുമാണെന്ന് നടിക്കുക.
കൈവിരുത്, കൺകെട്ടുവിദ്യ, വശീകരണം പോലുള്ള കാര്യങ്ങളെ കുറിച്ച് വ്യവഹരിക്കാൻ അറബി ഭാഷയിൽ സിഹ്ർ എന്ന ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ അത്തരം കാര്യങ്ങളെയും, ബഖറഃ 102-ാം സൂക്തത്തിലും സമാനമായ പ്രമാണവാക്യങ്ങളിലും പറഞ്ഞിരിക്കുന്ന സിഹ്റിനെയും ഒന്നായി കാണാൻ പറ്റില്ല. രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. നാം ഇവിടെ ചർച്ച ചെയ്യുന്നത് ബഖറഃ 102-ാം സൂക്തത്തിൽ പരാമർശിച്ച സിഹ്റിനെ (ആഭിചാര വേല, മാരണം) കുറിച്ചാണ്. അല്ലാതെ, അറബി ഭാഷ യിൽ സിഹ്ർ എന്ന പദം ഏതെല്ലാം കാര്യങ്ങളെ കുറിച്ച് വ്യവഹരിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ ആ വിഷയങ്ങളെ കുറിച്ചെല്ലാമുള്ള ഒരു ഭാഷാ ചർച്ചയല്ല ഇത്.
ഖുർആനിക ശബ്ദാവലികളുടെയെല്ലാം കാര്യം ഇങ്ങനെ തന്നെയാണ്. അവക്കെല്ലാം ഒന്നിലധികം അർത്ഥങ്ങളുണ്ടായിരിക്കും. എന്നാൽ പ്രമാണവാക്യങ്ങളിൽ അത് ഏതർത്ഥത്തിലും വിവക്ഷയിലുമാണോ പ്രയോഗിച്ചിരിക്കുന്നത് അതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. അത് പഠിക്കുന്നതിലേ കാര്യമുള്ളു. കാര്യങ്ങൾ കൂട്ടിക്കുഴക്കുന്നത് ശരിയായ രീതിയല്ല. വിഷയങ്ങൾ വ്യവഛേദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്.
ആദ്യമായി, സലഫുകളിൽപെട്ട പ്രാമാണികരായ മുഫസ്സിറുകൾ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം പരിശോധിക്കാം. അവരുടെ വ്യാഖ്യാനം ഇങ്ങനെ സംഗ്രഹിക്കാം:
സിഹ്ർ അല്ലാഹു ഇറക്കിയ ഒരു ഫിത്നഃ അഥവാ പരീക്ഷണമാണ്. ഹാറൂത്ത്, മാറൂത്ത് എന്നീ മലക്കുകൾ മുഖേന പുരാതന ബാബിലോണിയയിലാണ് അത് ഇറക്കപ്പെട്ടത്. സിഹ്റുമായി വന്ന അവർ, തങ്ങൾ ഒരു ഫിത്നഃയാണെന്നും, സിഹ്ർ മുഖേന നിങ്ങൾ കുഫ്റിലും അവിശ്വാസത്തിലും അകപ്പെടാൻ ഇടവരരുതെന്നും താക്കീത് ചെയ്തതിനു ശേഷമല്ലാതെ ആർക്കും അത് പഠിപ്പിച്ചു കൊടുത്തിരുന്നില്ല. ജനം അവരിൽനിന്ന് പഠിച്ചിരുന്നത് ഇണകളെ തമ്മിൽ തെറ്റിച്ച് വേർപിരിക്കാവുന്ന തരത്തിലുള്ള ക്ഷുദ്രവേലകളായിരുന്നു. മനുഷ്യർക്ക് ഒരു തരത്തിലും ഉപകാരപ്രദമല്ലാത്ത, തീർത്തും വിനാശകരമായ കാര്യങ്ങൾ മാത്രം. അല്ലാഹുവിന്റെ അനുമതി പ്രകാരമേ സിഹ്ർ ബാധിക്കുകയും ഏതെങ്കിലും തരത്തിലുള്ള ദ്രോഹം വരുത്തുകയും ചെയ്യുകയുള്ളു. അത്തരം ക്ഷുദ്ര വേലകൾ അഭ്യസിക്കുന്നതും അഭ്യസിപ്പിക്കുന്നതും, മറ്റൊരാൾക്കെതിരിൽ പ്രയോഗിക്കുന്നതും പ്രയോഗിപ്പിക്കുന്നതും കുഫ്റും പരലോകം നഷ്ടപ്പെടുത്തിക്കളയുന്ന കാര്യവുമാണ്. ഇക്കാര്യത്തെ കുറിച്ച് തികഞ്ഞ അറിവും ബോധ്യവും നേടിയതിനു ശേഷം മാത്രമായിരുന്നു അവർ സിഹ്ർ സ്വായത്തമാക്കിയിരുന്നത്.
എന്നിരുന്നാലും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കൾ സിഹ്ർ അഭ്യസിച്ചു. വൈരനിര്യാതനത്തിനും ഹീനമായ സുഖഭോഗങ്ങൾക്കും വേണ്ടി അവരത് പ്രയോഗിക്കാൻ തുടങ്ങി. ജൂതന്മാർ ഇക്കാര്യത്തിൽ കുറേ കൂടി മുന്നിലായിരുന്നുവെന്നാണ് ചരിത്രം.
സിഹ്ർ എന്ന് പറയുമ്പോൾ സാമാന്യമായി വിവക്ഷിക്കപ്പെടുന്നത് മുകളിൽ പറഞ്ഞ ആഭിചാര ക്രിയകളും ക്ഷുദ്രവേലകളുമാണ്. അതിനെ കുറിച്ചാണ് ഖുർആനിലും സുന്നത്തിലും വിശദീകരിക്കപ്പെട്ടിട്ടുള്ളത്. അത് വൻപാപവും കുഫ്റുമാണ്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ ﵀ പറയുന്നത് കാണുക: فهم يعلمون أن السحر لا ينفع في الآخرة ولا يقرب إلى الله، وأن من اشتراه ما له في الآخرة من خلاق، فإن مبناه على الشرك والكذب والظلم، مقصود صاحبه الظلم والفواحش. [ابن تيمية في كتاب النبوات] [സിഹ്ർ പരലോകത്ത് ഉപകരിക്കുകയില്ല. അത് അല്ലാഹുവിന്റെ സാമീപ്യം നേടിത്തരികയുമില്ല. ആരെങ്കിലും അത് സ്വായത്തമാക്കിയാൽ അവനു പരലോകത്ത് ഒരു വിഹിതവും ഉണ്ടായിരിക്കുകയുമില്ല. ശിർക്കും വ്യാജവും അതിക്രമവുമാണ് അതിന്റെ അടിസ്ഥാനം. അതിന്റെ പ്രയോക്താക്കൾ ലക്ഷ്യമാക്കുന്നത് അക്രമവും നീചവൃത്തികളുമാണ്.] (ഇബ്നു തൈമിയ്യഃ, അന്നുബുവ്വാത്തിൽ രേഖപ്പെടുത്തിയത്)
സിഹ്ർ അഭ്യസിക്കുന്നതും പ്രയോഗിക്കുന്നതും ജോത്സ്യന്മാരാണ്. തങ്ങൾക്ക് അദൃശ്യകാര്യങ്ങൾ അറിയുമെന്ന് അവർ വാദിക്കുകയും, പാമരന്മാർ അത് വിശ്വസിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, ഗൈബ് അറിയുന്നവനായി അല്ലാഹു മാത്രമേ ഉള്ളൂ. ഉപരിലോകങ്ങളിലോ കീഴ്ലോകങ്ങളിലോ ഗൈബ് അറിയുന്നവരായി മറ്റാരുമില്ല. ഇക്കാര്യം നംല് 65-ാം സൂക്തത്തിൽ അല്ലാഹു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഗൈബ് അറിയുമെന്ന് ഒരാൾ വാദിച്ചാൽ അയാൾ ത്വാഗൂത്തും, അത് വിശ്വസിക്കുന്നവർ അല്ലാഹുവിൽ പങ്കുചേർക്കുന്നവരുമാണ്.
ജോത്സ്യന്മാർ അദൃശ്യകാര്യങ്ങൾ അറിയുമെന്ന് അവകാശപ്പെടുന്നതിനു പിന്നിലുള്ള രഹസ്യത്തെ കുറിച്ചും, അവരും ജിന്നുകളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടിനെ സംബന്ധിച്ചും വിശദീകരിക്കുന്ന ഒരു ഹദീസ് കാണുക: عَنْ أَبِي هُرَيْرَةَ، قَالَ: إِنَّ نَبِيَّ اللهِ ﷺ قَالَ: إِذَا قَضَى اللهُ الأَمْرَ فِي السَّمَاءِ، ضَرَبَتِ المَلاَئِكَةُ بِأَجْنِحَتِهَا خُضْعَانًا لِقَوْلِهِ، كَأَنَّهُ سِلْسِلَةٌ عَلَى صَفْوَانٍ، فَإِذَا فُزِّعَ عَنْ قُلُوبِهِمْ قَالُوا: مَاذَا قَالَ رَبُّكُمْ؟ قَالُوا لِلَّذِي قَالَ: الحَقَّ، وَهُوَ العَلِيُّ الكَبِيرُ، فَيَسْمَعُهَا مُسْتَرِقُ السَّمْعِ، وَمُسْتَرِقُ السَّمْعِ هَكَذَا بَعْضُهُ فَوْقَ بَعْضٍ - وَوَصَفَ سُفْيَانُ بِكَفِّهِ فَحَرَفَهَا، وَبَدَّدَ بَيْنَ أَصَابِعِهِ - فَيَسْمَعُ الكَلِمَةَ فَيُلْقِيهَا إِلَى مَنْ تَحْتَهُ، ثُمَّ يُلْقِيهَا الآخَرُ إِلَى مَنْ تَحْتَهُ، حَتَّى يُلْقِيَهَا عَلَى لِسَانِ السَّاحِرِ أَوِ الكَاهِنِ، فَرُبَّمَا أَدْرَكَ الشِّهَابُ قَبْلَ أَنْ يُلْقِيَهَا، وَرُبَّمَا أَلْقَاهَا قَبْلَ أَنْ يُدْرِكَهُ، فَيَكْذِبُ مَعَهَا مِائَةَ كَذْبَةٍ، فَيُقَالُ: أَلَيْسَ قَدْ قَالَ لَنَا يَوْمَ كَذَا وَكَذَا: كَذَا وَكَذَا، فَيُصَدَّقُ بِتِلْكَ الكَلِمَةِ الَّتِي سَمِعَ مِنَ السَّمَاءِ. [الْبُخَارِيُّ فِي صَحِيحِهِ] [അബൂ ഹുറെയ്റഃ ﵁ നിവേദനം. നിശ്ചയമായും നബി ﷺ പറയുകയുണ്ടായി: അല്ലാഹു ഉപരിയിൽ ഒരു കാര്യം ഉത്തരവായാൽ അതിനു വണക്കമായി മലക്കുകൾ ചിറകടിക്കും. അത് (അല്ലാഹുവിന്റെ വചനം അവർ കേൾക്കുന്നത്) മാർദ്ദവമേറിയ പാറപ്പുറത്ത് ഒരു ചങ്ങല വലിക്കുന്നതു പോലെയിരിക്കും. അവരുടെ ഹൃദയത്തിൽ നിന്ന് ഭയം നീങ്ങിക്കഴിയുമ്പോൾ അവർ ചോദിക്കും നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത്? ചോദിച്ചവരോട് അവർ പറയും: പരമസത്യം ! അവൻ അത്യുന്നതനും വലിയവനുമാണ് !! അപ്പോൾ കട്ടുകേൾക്കാനിരിക്കുന്ന (ജിന്ന്) അത് ശ്രവിക്കാനിടവരുന്നു. കട്ടുകേൾക്കുന്നവർ ഇപ്രകാരം ഒരാൾക്കു മീതെ മറ്റൊരാൾ എന്ന നിലയിലായിരിക്കും. (സുഫ്യാൻ തന്റെ കൈപ്പത്തി ചെരിച്ചുപിടിച്ച് വിരലുകൾ അകറ്റിക്കൊണ്ടത് കാണിച്ചു കൊടുത്തു.) അങ്ങനെ അവൻ ഒരു വാക്ക് കേൾക്കുകയും അത് തന്റെ താഴെയുള്ളവന് കൊടുക്കുകയും ചെയ്യുന്നു. പിന്നെ മറ്റെയാൾ തനിക്കു താഴെയുള്ളവന് കൊടുക്കുന്നു. അങ്ങനെ അത് സിഹ്ർ ചെയ്യുന്നവന്റെയോ ജോത്സ്യന്റെയോ നാവിൽ ഇട്ടുകൊടുക്കുന്നു. ചിലപ്പോൾ അത് കൈമാറുന്നതിനു മുമ്പ് തന്നെ ഉൽക്ക അവനെ പിടികൂടിയെന്നു വരും. ചിലപ്പോൾ അത് അവനെ പിടികൂടുന്നതിന് മുമ്പ് തന്നെ ഇട്ടുകൊടുത്തെന്നും വരും. അങ്ങനെ അവൻ (ജോത്സ്യൻ) അതിനോടൊപ്പം നൂറു നുണകൾ കൂട്ടിപ്പറയും. അപ്പോൾ ഒരു സംസാരമുണ്ടാകും: അയാൾ ഇന്നിന്ന ദിവസങ്ങളിൽ ഇന്നിന്ന കാര്യങ്ങൾ നമ്മോട് പറഞ്ഞില്ലേ ! അങ്ങനെ ആകാശത്തുനിന്ന് കേൾക്കാൻ കഴിഞ്ഞ ആ ഒരു വാക്ക് കൊണ്ട് അയാൾ സത്യപ്പെടുത്തപ്പെടും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
മുകളിലുദ്ധരിച്ച ഹദീസ് സിഹ്ർ ചെയ്യുന്ന ജോത്സ്യന്മാരും കട്ടുകേൾക്കുന്ന ജിന്നുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നുകാണിക്കുന്നു. തങ്ങൾക്ക് അദൃശ്യകാര്യങ്ങൾ അറിയാം എന്ന ജോത്സ്യന്മാരുടെ അവകാശവാദത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിത്തരുന്നു. അവർ എങ്ങനെയാണ് പാമരജനങ്ങളെ വിഡ്ഢികളാക്കി കളവു വ്യാപാരം കൊഴുപ്പിക്കുന്നതെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.
സ്വന്തം നിലയിലോ മറ്റുള്ളവർക്കു വേണ്ടിയോ ആണ് ജോത്സ്യന്മാർ ആഭിചാരവേലകൾ നടത്താറുള്ളത്. ശത്രു സംഹാരത്തിനും വൈരനിര്യാതനത്തിനും നീചമായ സുഖഭോഗങ്ങൾക്കും നികൃഷ്ടമായ ഇഛാപൂർത്തീകരണത്തിനും വേണ്ടി അവർ ചെയ്തു കൂട്ടുന്ന ക്രൂരതകളും വൈകൃതങ്ങളും അത്രമേൽ ഭയാനകവും അറപ്പുളവാക്കുന്നതുമാണ്. പരലോകത്ത് യാതൊരു വിഹിതവുമില്ലാത്തവരും ഒരിക്കലും സ്വർഗ്ഗപ്രവേശം ലഭിക്കാത്തവരുമായ അവിശ്വാസികളാണവർ.
സിഹ്റിൽ ശിർക്കും കുഫ്റും ഉൾച്ചേർന്നിരിക്കുന്നു എന്നതിനു പുറമെ അത് ഒരു സാമൂഹിക വിപത്തുകൂടിയാണ്. അതിനാൽ ഇത്തരം ജ്യോത്സ്യന്മാരെ സമീപിക്കുന്നതും അവരോട് കാര്യങ്ങൾ ആരായുന്നതും അത് സത്യപ്പെടുത്തുന്നതും വൻപാപവും കുഫ്റുമായിട്ടാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. നബി ﷺ പറയുന്നത് കാണുക: عن صفية عن بعض أزواج النبي ﷺ عن النبي ﷺ قال: من أتى عرافا فسأله عن شيء لم تقبل له صلاة أربعين ليلة. [مسلم في صحيحه] [സ്വഫിയ്യ ﵂ നിവേദനം. നബി ﷺ യുടെ പത്നിമാരിൽ ഒരാൾ നബി ﷺ യെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു: അവിടുന്നു പറയുകയുണ്ടായി: ആരെങ്കിലും ഒരു ജോത്സ്യനെ സമീപിച്ച് വല്ലതും ആരാഞ്ഞാൽ അവന്റെ നാൽപതു ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.] (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) عن جابر بن عبد الله عن النبي ﷺ قال: من أتى كاهنا فصدقه بما يقول فقد كفر بما أنزل على محمد. [البزار في مسنده وصححه الألباني] [ജാബിർ ബിൻ അബ്ദില്ലാ ﵁ നിവേദനം. നബി ﷺ പറയുന്നു: ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും ജോത്സ്യൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ അയാൾ മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു.] (ബസ്സാർ, മുസ്നദിൽ ഉദ്ധരിച്ചത്)
സത്യാന്വേഷിയായ ഏതൊരാൾക്കും ബഖറഃ 102-ാം സൂക്തത്തിൽ പറഞ്ഞിരിക്കുന്ന സിഹ്റിനെ കുറിച്ച് മനസ്സിലാക്കാൻ മുകളിൽ കൊടുത്ത വിവരണം തന്നെ മതി. എന്നാൽ അഭീഷ്ടങ്ങൾ പിന്തുടരുന്ന ചില തന്നിഷ്ടക്കാരുണ്ട്. അവരെ സത്യം ബോധ്യപ്പെടുത്തുക ദുഷ്കരം തന്നെ. ഇമാം അൽബാനി ﵀ പറയുന്നത് കാണുക: طالب الحق يكفيه دليل، وصاحب الهوى لا يكفيه ألف دليل، الجاهل يُعلّم وصاحب الهوى ليس لنا عليه سبيل. [الألباني] [സത്യാന്വേഷിക്ക് ഒരു തെളിവ് തന്നെ മതിയാകും. തന്നിഷ്ടക്കാരന് ആയിരം തെളിവുകൾ പോലും മതിയാവുകയില്ല. വിവരമില്ലാത്തവനാണെങ്കിൽ അറിവ് പഠിപ്പിച്ചു കൊടുക്കാം. തന്നിഷ്ടക്കാരന്റെ കാര്യത്തിൽ നമുക്ക് ഒരു പോംവഴിയുമില്ല.] (അൽബാനി)
സിഹ്റിന് 'ഹഖീഖത്ത്' ഉണ്ടോ?
മുകളിൽ വിശദീകരിച്ച പ്രമാണബദ്ധമായ യാഥാർത്ഥ്യങ്ങൾ മറികടക്കാൻ കഴിയാതെ വരുമ്പോൾ തന്നിഷ്ടക്കാരായ വ്യാജവാദികൾ നടത്തുന്ന ഒരു ജൽപനമാണ് സിഹ്റിന് 'ഹഖീഖത്ത് ' ഇല്ലെന്ന വാദം. 'ഹഖീഖത്ത് ' എന്നാൽ യാഥാർത്ഥ്യം എന്നാണ് അർത്ഥം. പക്ഷെ, അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. കാരണം, 'ഹഖീഖത്ത് ' ഇല്ലെന്ന ശീർഷകത്തിൽ സിഹ്റ് ബാധിക്കുകയില്ലെന്ന് സമർത്ഥിക്കാനാണ് അവർ പാഴ്ശ്രമം നടത്താറുള്ളത്. സിഹ്ർ ബാധിക്കുകയില്ല, അഥവാ സിഹ്റിന് തഅ്ഥീർ (تَأْثِيرٌ) ഇല്ല എന്നത് വ്യാജവാദികളുടെ മറ്റൊരു ജൽപനമാണ്.
സിഹ്റിന് 'ഹഖീഖത്ത് ' ഉണ്ടോ എന്നത് വിശകലനമർഹിക്കാത്ത ഒരു അനാവശ്യ ചർച്ചയാണ്. നബി ﷺ യോ സലഫുകളോ ഇങ്ങനെ ഒരു വരണ്ട ചർച്ച നടത്തിയത് കാണാനും കഴിയില്ല. ഈ സംശയാലുക്കളുടെ രോഗനിവാരണത്തിനായി ഒരു ഉദ്ധരണി കാണുക: قَالَ الْإِمَامُ الْمَازِرِيُّ ﵀ مَذْهَبُ أَهْلِ السُّنَّةِ وَجُمْهُورِ عُلَمَاءِ الْأُمَّةِ عَلَى إِثْبَاتِ السِّحْرِ وأن له حقيقة كحقيقة غيره من الأشياء الثابتة خِلَافًا لِمَنْ أَنْكَرَ ذَلِكَ وَنَفَى حَقِيقَتَهُ وَأَضَافَ ما يقع منه إلى خيالات باطلة لاحقائق لَهَا. [النووي في شرح مسلم] [ഇമാം മാസിരി ﵀ പറയുന്നു: അഹ്ലുസ്സുന്നഃയും സമുദായത്തിലെ ഭൂരിഭാഗം പണ്ഡിതന്മാരും സിഹ്റിനെ സ്ഥിരീകരിക്കുകയും, സ്ഥിരപ്പെട്ട മറ്റു കാര്യങ്ങൾക്കുള്ള ഹഖീഖത്ത് പോലെ അതിനും ഹഖീഖത്തുണ്ട് എന്നുറപ്പിക്കുകയും ചെയ്യുന്ന പക്ഷത്താണ്. അതിനെ നിഷേധിക്കുകയും അതിന്റെ ഹഖീഖത്ത് നിരാകരിക്കുകയും അങ്ങനെയുള്ള സംഭവങ്ങളെ യാഥാർത്ഥ്യങ്ങളില്ലാത്ത വ്യാജ ഭാവനകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നവർക്ക് എതിരാണ് അവരുടെ നിലപാട്.] (നവവി, ശർഹു മുസ്ലിമിൽ ഉദ്ധരിച്ചത്)
സിഹ്റിൽ വിശ്വസിക്കലും സിഹ്ർ ഉണ്ടെന്ന് വിശ്വസിക്കലും
സിഹ്ർ ഉണ്ടെന്ന് വിശ്വസിച്ചാൽ അത് കുഫ്റാകുമെന്നാണ് ചില വ്യാജവാദികൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. സിഹ്റിന് ഹഖീഖത്ത് (യാഥാർത്ഥ്യം) ഉണ്ടെന്നോ അത് ഫലിക്കുമെന്നോ കരുതുന്നതും അങ്ങനെ തന്നെ. ഈ വ്യാജവാദം ജനങ്ങളിൽ അടിച്ചേൽപിക്കാനാണ് അവർ ശ്രമിക്കുന്നത്. അതിനു വേണ്ടി ചില ഹദീസുകളെ അവർ ദുർവ്യാഖ്യാനിക്കാറുണ്ട്. അതിന്റെ നിജസ്ഥിതി പരിശോധിക്കാം. عن أبي موسى أن النبي ﷺ قال: ثلاثة لا يدخلون الجنة: مدمن خمر وقاطع رحم ومصدق بالسحر.. [أحمد في مسنده وصححه الألباني] [അബൂ മൂസാ ﵁ നിവേദനം. നിശ്ചയമായും നബി ﷺ പറഞ്ഞിരിക്കുന്നു: മൂന്നു വിഭാഗങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല: മുഴുക്കുടിയൻ, കുടുംബ ബന്ധം വിഛേദിക്കുന്നവൻ, സിഹ്ർ സത്യപ്പെടുത്തുന്നവൻ...] (അഹ്മദ്, മുസ്നദിൽ ഉദ്ധരിച്ചത്) لا يدخل الجنة مدمن خمر ولا مؤمن بسحر، ولا قاطع رحم. [الألباني في الصحيحة] [മുഴുക്കുടിയനോ സിഹ്റിൽ വിശ്വസിക്കുന്നവനോ കുടുംബബന്ധം വിഛേദിക്കുന്നവനോ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.] (അൽബാനി സ്വഹീഹയിൽ ഉൾപ്പെടുത്തിയത്)
'സിഹ്ർ സത്യപ്പെടുത്തുക', 'സിഹ്റിൽ വിശ്വസിക്കുക' എന്നീ പരാമർശങ്ങളുടെ ശരിയായ അർത്ഥം അറിയാത്തതോ, അല്ലെങ്കിൽ ബോധപൂർവ്വം വക്രീകരിക്കുന്നതോ ആണ് ഇവർ വഴിതെറ്റാനുള്ള കാരണം. അതിന്റെ ശരിയായ വിവക്ഷയെന്ത് എന്ന് പരിശോധിക്കാം.
സിഹ്ർ ചെയ്യുന്ന വ്യക്തി പറഞ്ഞുകൊടുക്കുന്ന അദൃശ്യകാര്യങ്ങൾ സത്യപ്പെടുത്തുക എന്നതാണ് ഇതിന്റെ ശരിയായ വിവക്ഷ. ഇക്കാര്യം മറ്റു ഹദീസുകളിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ബസ്സാർ, ബൈഹഖി, അബൂ യഅ്ലാ ﵏ എന്നിവർ ഉദ്ധരിച്ച ഹദീസുകളിൽ അത് കാണാം. ജാബിർ ﵁ ൽനിന്നുള്ള രിവായത്ത് മുകളിൽ ഉദ്ധരിച്ചിട്ടുമുണ്ട്. അത് ഇപ്രകാരമാണ്: നബി ﷺ പറയുന്നു: «ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും ജോത്സ്യൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ അയാൾ മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു».
സിഹ്ർ ഉണ്ടെന്നോ, സിഹ്റിന് ഹഖീഖത് ഉണ്ടെന്നോ വിശ്വസിക്കുന്നതല്ല കുഫ്ർ. മറിച്ച്, സിഹ്ർ ചെയ്യുന്ന വ്യക്തി പറഞ്ഞുകൊടുക്കുന്ന അദൃശ്യകാര്യങ്ങൾ സത്യപ്പെടുത്തുന്നതും വിശ്വസിക്കുന്നതുമാണ് കുഫ്ർ. ശൈഖ് ഇബ്നു ഉഥൈമീൻ ﵀ പറയുന്നത് കൂടി കാണുക: والمصدق به هو المصدق بما يخبر به المنجمون، فإذا قال المنجم سيحدث كذا وكذا، وصدق به، فإنه لا يدخل الجنة، لأنه صدق بعلم الغيب لغير الله، قال تعالى: ﴿قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ.. ٦٥﴾ (النمل) [ابن عثيمين في القول المفيد على كتاب التوحيد] [ജോത്സ്യന്മാർ പറഞ്ഞുകൊടുക്കുന്ന കാര്യം സത്യപ്പെടുത്തുന്നവൻ എന്നതാണ് സിഹ്ർ സത്യപ്പെടുത്തുന്നവൻ എന്നതിന്റെ വിവക്ഷ. ഇന്നിന്ന കാര്യങ്ങൾ സംഭവിക്കുമെന്ന് ജോത്സ്യൻ പറഞ്ഞുകൊടുക്കുകയും അത് ഒരാൾ സത്യപ്പെടുത്തുകയും ചെയ്യുന്ന പക്ഷം അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. കാരണം, അദൃശ്യകാര്യങ്ങൾ അല്ലാഹു അല്ലാത്തവർക്കും അറിയാം എന്നാണ് അവൻ സത്യപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു: «പറയുക, ഉപരിലോകങ്ങളിലോ കീഴ്ലോകങ്ങളിലോ ഗൈബ് അറിയുന്ന ആരുമില്ല; അല്ലാഹു ഒഴികെ». (നംല് 65).] (ശൈഖ് ഇബ്നു ഉഥൈമീൻ, അൽ ഖൗലുൽ മുഫീദിൽ രേഖപ്പെടുത്തിയത്)
അഭീഷ്ടങ്ങൾ പിന്തുടരുന്ന തന്നിഷ്ടക്കാർ എങ്ങനെയാണ് കാര്യങ്ങൾ വക്രീകരിക്കുന്നത് എന്നു കൂടി ഇതിൽനിന്നും മാന്യ വായനക്കാർ മനസ്സിലാക്കുമല്ലോ. ജനങ്ങളുടെ വിവേകത്തെയും ശുദ്ധപ്രകൃതിയെയും ദുഷിപ്പിച്ച് അവരെ വഴിതെറ്റിക്കുന്ന ഈ കുടില തന്ത്രങ്ങളെ നാം കരുതിയിരിക്കുക തന്നെ വേണം.
മുഹമ്മദ് നബി ﷺ ക്ക് സിഹ്ർ ബാധിച്ചു
ഭൗതികതയുടെ അതിപ്രസരം കാരണം എല്ലാവരും ഉൽപതിഷ്ണു ചമയാനുള്ള വ്യഗ്രതയിലാണ്. ഇത് മനോരോഗമാണോ എന്നു പോലും ചിലപ്പോൾ തോന്നിപ്പോകും. പുരോഗമനവാദിയാവണമെങ്കിൽ സിഹ്റിനെ നിഷേധിക്കണം. അതിനുവേണ്ടി സിഹ്റിന് 'ഹഖീഖത്ത് ' ഇല്ലെന്നു പറയാം. അപ്പോൾ പിന്നെ, അത് ആരെയും ബാധിക്കുകയില്ലെന്നു വാദിക്കാമല്ലോ. അതുവെച്ചു കൊണ്ട് നബി ﷺ ക്ക് ഒരിക്കലും സിഹ്ർ ബാധിച്ചിട്ടില്ലെന്നും പറയാൻ എളുപ്പമാണ്. അപ്പോൾ ബാധിച്ചു എന്നു പറയുന്ന ഹദീസുകളോ? അത് വ്യാജമാണെന്നു തട്ടിവിടാം. ഇതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.
നബി ﷺ ക്ക് സിഹ്ർ ബാധിക്കുകയില്ല എന്നു സമർത്ഥിക്കാൻ രണ്ട് ഖുർആൻ സൂക്തികളെ ഇവർ ദുർവ്യാഖ്യാനിക്കാറുണ്ട്. അവ താഴെ കൊടുക്കാം. ﴿وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ٤٧﴾ (الإسراء) [അവര് സ്വകാര്യം പറയുന്ന സന്ദര്ഭം ! സിഹ്ർ ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് നിങ്ങള് പിന്തുടരുന്നത് എന്ന് അക്രമികള് പറയുന്ന സന്ദര്ഭം !!] (ഇസ്റാഅ് 47) ﴿وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ٨﴾ (الفرقان) [അക്രമികൾ പറയുന്നത്, സിഹ്ർ ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് നിങ്ങള് പിന്തുടരുന്നത് എന്നാണ്.] (ഫുർഖാൻ 8)
നബി ﷺ യെ കളവാക്കാനും പരിഹസിക്കാനും മക്കാ മുശ്രിക്കുകൾ പറഞ്ഞിരുന്ന ന്യായം ഇതാണ്: സിഹ്ർ ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത്. നബി ﷺ ക്ക് സിഹ്ർ ബാധിച്ചു എന്നു സമ്മതിച്ചാൽ മക്കാ മുശ്രിക്കുകളുടെ ആരോപണം ശരിയാണെന്നു വരില്ലേ? അഭീഷ്ടങ്ങൾ പിന്തുടരുന്ന തന്നിഷ്ടക്കാർ ഇളക്കിവിടുന്ന സംശയമാണിത്.
പ്രത്യക്ഷത്തിൽ ഇതു ശരിയാണെന്നു തോന്നാം. കാര്യം അങ്ങനെയല്ല. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ യഥാർത്ഥത്തിൽ മക്കാ മുശ്രിക്കുകളുടെ ആരോപണം എന്തായിരുന്നു എന്ന് പരിശോധിക്കണം. ﴿وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ إِلَّا أَن قَالُوا أَبَعَثَ اللهُ بَشَرًا رَّسُولًا ٩٤﴾ (الإسراء) [ജനങ്ങള്ക്ക് സന്മാര്ഗം വന്നപ്പോള് അത് വിശ്വസിക്കുന്നതിന് തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെയാണോ ദൂതനായി നിയോഗിച്ചിരിക്കുന്നത് എന്ന അവരുടെ വാക്ക് മാത്രമായിരുന്നു.] (ഇസ്റാഅ് 94)
അല്ലാഹു സന്മാർഗ്ഗവുമായി ദൂതന്മാരെ നിയോഗിക്കുകയാണെങ്കിൽ മനുഷ്യരെയല്ല മലക്കുകളെയാണ് നിയോഗിക്കേണ്ടിയിരുന്നത് എന്നാണ് അവർ വാദിച്ചിരുന്നത്. മനുഷ്യനായ ഒരു ദൂതൻ എന്നത് അവർക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ﴿وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا ٧﴾ (الفرقان) [അവര് പറഞ്ഞു: ഈ ദൂതന് എന്താണിങ്ങനെ? ഇയാള് ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നുവല്ലോ! അദ്ദേഹത്തിന്, തന്റെ കൂടെ മുന്നറിയിപ്പുകാരനായി നിൽക്കാൻ എന്തുകൊണ്ട് ഒരു മലക്കിനെ ഇറക്കിക്കൊടുക്കുന്നില്ല?!] (ഫുർഖാൻ 7)
മുഹമ്മദ് നബി ﷺ മനുഷ്യനായിപ്പോയി എന്നതാണ് അവരുടെ അടിസ്ഥാന പ്രശ്നം. ദൂതനായി അവർ അംഗീകരിക്കുക മലക്കിനെ മാത്രമാണ്. അല്ലാതെ മുഹമ്മദ് നബി ﷺ ക്ക് സിഹ്ർ ബാധിച്ചു എന്നതല്ല അടിസ്ഥാന പ്രശ്നം. അല്ലാഹു അതിന് മറുപടി നൽകുന്നത് കാണുക: ﴿وَلَوْ جَعَلْنَاهُ مَلَكًا لَّجَعَلْنَاهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ ٩﴾ (الأنعام) [ഇനി നാം ഒരു മലക്കിനെ നിശ്ചയിക്കുകയാണെങ്കില് തന്നെ, അദ്ദേഹത്തെ നാം ഒരു പുരുഷരൂപത്തിലാണ് അയക്കുമായിരുന്നത്. അവര് ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില് അപ്പോഴും അവര്ക്ക് നാം സംശയത്തിന് ഇടവരുത്തും.] (അൻആം 9)
എന്തുകൊണ്ടാണ് ഭൂലോകവാസികളിലേക്ക് മലക്കുകളെ നബിമാരായി നിയോഗിക്കാതിരിക്കുന്നത് എന്ന് അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട്. ﴿ قُل لَّوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ السَّمَاءِ مَلَكًا رَّسُولًا ٩٥﴾ (الإسراء) [പറയുക: ഭൂലോകത്തുള്ളത് ശാന്തരായി നടന്നു പോകുന്ന മലക്കുകളായിരുന്നു എങ്കിൽ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.] (ഇസ്റാഅ് 95)
ഭൂലോകവാസികൾ മനുഷ്യരാണ്. മനുഷ്യർക്ക് സവിശേഷമായ പ്രകൃതമാണ് അല്ലാഹു നൽകിയിരിക്കുന്നത്. അവരിലേക്ക് നബിയും റസൂലുമായി നിയോഗിക്കപ്പെടാൻ അനുയോജ്യർ മനുഷ്യർ തന്നെയാണ്, മലക്കുകളല്ല. വസ്തുത ഇങ്ങനെയാണെങ്കിലും മനുഷ്യനായ ഒരു റസൂലിനെ അവർ അംഗീകരിക്കാൻ ഒരുക്കമായിരുന്നില്ല. അല്ലാഹു ദൂതനെ അയക്കുകയാണെങ്കിൽ മലക്കിനെ അയക്കണമായിരുന്നു. മുഹമ്മദ് അങ്ങാടിയിലൂടെ നടക്കുന്നു, ഭക്ഷണം കഴിക്കുന്നു, വിവാഹം ചെയ്യുന്നു, സന്താനങ്ങൾക്ക് ജന്മം നൽകുന്നു, രോഗവും സിഹ്റും ബാധിക്കുന്നു. ഇതെല്ലാം മനുഷ്യർക്ക് പറഞ്ഞതാണല്ലോ. അതിനാൽ മനുഷ്യനായ മുഹമ്മദിനെ നബിയും റസൂലുമായി സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. ഇതായിരുന്നു അവരുടെ വാദം. അല്ലാതെ, മുഹമ്മദിന് സിഹ്ർ ബാധിച്ചിരിക്കുന്നു. അതിനാൽ അദ്ദേഹത്തെ നബിയും റസൂലുമായി സ്വീകരിക്കാൻ പറ്റില്ല എന്നതായിരുന്നില്ല അവർ അടിസ്ഥാന പ്രശ്നമായി ഉന്നയിച്ചിരുന്നത്.
മുഹമ്മദ് നബി ﷺ ഓതിക്കേൾപ്പിക്കുന്ന അനന്യമായ ഖുർ ആൻ സൂക്തങ്ങളെ കുറിച്ചും, അദ്ദേഹം സമർപ്പിച്ചിരുന്ന അനിതരമായ മതമൂല്യങ്ങളെ കുറിച്ചും നിങ്ങൾ എന്ത് പറയുന്നു? അത് മനുഷ്യസാധ്യമായ കാര്യങ്ങളല്ലല്ലോ? അല്ലാഹു നൽകിയതല്ലേ? ഈ ചോദ്യത്തിന് തൽക്കാലം രക്ഷപ്പെടാനായി അവർ പറഞ്ഞിരുന്ന മറുപടിയാണ് അദ്ദേഹത്തിന് സിഹ്ർ ബാധിച്ചിരിക്കുന്നു, അതിന്റെ ഫലമാണിതെല്ലാം എന്നത്. ഖുർആൻ സൂക്തങ്ങൾ സിഹ്ർ ആണെന്നു പ്രസ്താവനയിറക്കിയ വലീദിന് പോലും നന്നായി അറിയാമായിരുന്നു അത് സിഹ്ർ അല്ലെന്ന്.
അറബിഭാഷ അറിയുന്നവർക്ക് മുകളിൽ പറഞ്ഞ വസ്തുത ഭാഷാ പ്രയോഗത്തിൽനിന്നു തന്നെ ഗ്രഹിക്കാൻ കഴിയും. رَجُلًا مَسْحُورًا എന്നത് ഒരു നാമവും (qualified noun) നാമവിശേഷണവും (qualifying adjective) ചേർന്ന സംഘാതമാണ്. ഇതിലെ അടിസ്ഥാനപദം رَجُلًا (മനുഷ്യൻ, പുരുഷൻ) എന്ന നാമമാണ്. അഥവാ നിങ്ങൾ ഒരു മനുഷ്യനെയാണ് പിന്തുടരുന്നത്. എങ്ങനെയാണ് ഒരു മനുഷ്യൻ നബിയും റസൂലുമാവുക ! നബിയും റസൂലും ആകണമെങ്കിൽ മലക്ക് ആയിരിക്കണമല്ലോ. ഇതാണ് അവരുടെ പ്രസ്താവനയുടെ പൊരുൾ. مَسْحُورًا എന്നത് മേൽ നാമത്തെ വിശേഷിപ്പിക്കാനുള്ള വിശേഷണ പദമാണ്. ഒരു ഉദാഹണത്തിലൂടെ കാര്യം വ്യക്തമാക്കാം: നീ ഒരു നീളമുള്ള കുപ്പായം ധരിക്കുക എന്ന് പറഞ്ഞാൽ അതിലെ കുപ്പായം എന്ന നാമത്തെ മാറ്റി നീളമുള്ളതിൽ പിടിച്ച് തൂങ്ങാൻ പറ്റുമോ?
യഥാർത്ഥത്തിൽ സിഹ്ർ ബാധിച്ചവൻ എന്ന വിശേഷണം ഒന്നാമതായി മുഹമ്മദ് മനുഷ്യനാണെന്ന ആശയത്തിനാണ് അടിവരയിടുന്നത്. രണ്ടാമതായി ഖുർആൻ എന്ന മഹാവിസ്മയം അദ്ദേഹം ഓതിക്കേൾപ്പിക്കുന്നത് സിഹ്ർ ബാധിച്ചതിന്റെ ഫലമാണെന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിക്കുന്നത്. ഇവിടെ അടിസ്ഥാന പദമായ رَجُلًا (മനുഷ്യൻ, പുരുഷൻ) എന്ന നാമത്തെ മാറ്റി നിർത്തുകയും, നാമവിശേഷണമായ مَسْحُورًا എന്ന പദത്തെ മാത്രം മുൻനിർത്തി തെറ്റായ ആശയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നത് അഭീഷ്ടവും പക്ഷപാതവുമല്ലെങ്കിൽ കടുത്ത വങ്കത്തമെങ്കിലുമാണ്.
ഇനി നമുക്ക് നബി ﷺ ക്ക് സിഹ്ർ ബാധിച്ചു എന്നു പറയുന്ന ഹദീസിലേക്ക് വരാം. عَنْ عَائِشةَ قَالَتْ: سُحِرَ النَّبِيُّ ﷺ، حَتَّى كَانَ يُخَيَّلُ إِلَيْهِ أَنَّهُ يَفْعَلُ الشَّيْءَ وَمَا يَفْعَلُهُ، حَتَّى كَانَ ذَاتَ يَوْمٍ دَعَا وَدَعَا، ثُمَّ قَالَ: أَشَعَرْتِ أَنَّ اللهَ أَفْتَانِي فِيمَا فِيهِ شِفَائِي، أَتَانِي رَجُلاَنِ: فَقَعَدَ أَحَدُهُمَا عِنْدَ رَأْسِي وَالآخَرُ عِنْدَ رِجْلَيَّ، فَقَالَ أَحَدُهُمَا لِلْآخَرِ مَا وَجَعُ الرَّجُلِ؟ قَالَ: مَطْبُوبٌ، قَالَ: وَمَنْ طَبَّهُ؟ قَالَ لَبِيدُ بْنُ الأَعْصَمِ، قَالَ: فِي مَاذَا، قَالَ: فِي مُشُطٍ وَمُشَاقَةٍ وَجُفِّ طَلْعَةٍ ذَكَرٍ، قَالَ فَأَيْنَ هُوَ؟ قَالَ: فِي بِئْرِ ذَرْوَانَ، فَخَرَجَ إِلَيْهَا النَّبِيُّ ﷺ، ثُمَّ رَجَعَ فَقَالَ لِعَائِشَةَ حِينَ رَجَعَ: نَخْلُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ. فَقُلْتُ اسْتَخْرَجْتَهُ؟ فَقَالَ: لاَ، أَمَّا أَنَا فَقَدْ شَفَانِي اللهُ، وَخَشِيتُ أَنْ يُثِيرَ ذَلِكَ عَلَى النَّاسِ شَرًّا، ثُمَّ دُفِنَتِ البِئْرُ. (البخاري ومسلم في صحيحهما) [ആയിശഃ ﵂ നിവേദനം. നബി ﷺ ക്ക് ആരോ സിഹ്ർ ചെയ്തു. അങ്ങനെ നബി ﷺ ക്ക് അവിടുന്ന് ചെയ്യാത്ത കാര്യം ചെയ്തുവെന്ന് തോന്നുന്ന അവസ്ഥയുണ്ടായി. ഒരു ദിവസം അവിടുന്ന് ആവർത്തിച്ചാവർത്തിച്ച് ദുആ ചെയ്തുകൊണ്ടിരുന്നു. പിന്നീട് പറഞ്ഞു: എനിക്ക് ശമനം ലഭിക്കുന്ന കാര്യത്തിൽ അല്ലാഹുവിന്റെ തീർപ്പ് വന്നിരിക്കുന്നു എന്നത് നീ അറിഞ്ഞോ? എന്റെ അടുക്കൽ രണ്ട് ആളുകൾ വന്നു. ഒരാൾ എന്റെ ശിരസ്സിന് സമീപവും അപരൻ എന്റെ ഇരുകാലുകൾക്കരികിലും ഇരുന്നു.
ഒരാൾ മറ്റെയാളോട് ചോദിച്ചു: ഇദ്ദേഹത്തിന്റെ രോഗമെന്താണ്?
അദ്ദേഹം പറഞ്ഞു: സിഹ്ർ ബാധയാണ്.
അയാൾ തുടർന്നു: ആരാണ് അദ്ദേഹത്തിന് സിഹ്ർ ചെയ്തത്?
അദ്ദേഹം പറഞ്ഞു: ലബീദ് ബിൻ അഅ്സ്വം.
അയാൾ വീണ്ടും ചോദിച്ചു: എന്തിലാണ് ചെയ്തത്?
അദ്ദേഹം പറഞ്ഞു: ചീർപ്പ്, കൊഴിഞ്ഞ മുടി, ഈത്തപ്പനക്കുലയുടെ കൂമ്പാള എന്നിവയിൽ.
അയാൾ തുടർന്നു: അത് എവിടെയാണ്?
അദ്ദേഹം പറഞ്ഞു: ദർവാൻ കിണറ്റിൽ.
അങ്ങനെ നബി ﷺ അവിടേക്ക് പുറപ്പെട്ടു. അൽപം കഴിഞ്ഞ് തിരിച്ചുവരികയും ചെയ്തു. തിരിച്ചുവന്നപ്പോൾ അവിടുന്ന് ആയിശഃ ﵂ യോട് പറഞ്ഞു: അവിടെയുള്ള ഈത്തപ്പനകൾ പിശാചുക്കളുടെ തല പോലെയുണ്ട്.
അപ്പോൾ ഞാൻ ചോദിച്ചു: താങ്കൾ അത് പുറത്തെടുത്തോ? അവിടുന്ന് പറഞ്ഞു: ഇല്ല. എന്തായാലും എനിക്ക് അല്ലാഹു ശമനം നൽകിയല്ലോ. അത് ജനങ്ങൾക്ക് വല്ല തിന്മയും ഇളക്കിവിടുമോ എന്നു ഞാൻ ഭയപ്പെട്ടു. പിന്നീട് ആ കിണർ മൂടപ്പെടുകയും ചെയ്തു.] (ബുഖാരിയും മുസ്ലിമും സ്വഹീഹുകളിൽ ഉദ്ധരിച്ചത്)
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച متفق عليه ആയ ഹദീസാണിത്. ഹദീസ് വിജ്ഞാനീയത്തിൽ സാമാന്യമായ പരിജ്ഞാനമെങ്കിലുമുള്ളവർക്ക് അതിന്റെ സ്വീകാര്യതയെ കുറിച്ച് മറ്റൊരു വാക്ക് ആവശ്യമായി വരില്ല. അറിവുമില്ല, സത്യാന്വേഷണ ബുദ്ധിയുമില്ല; പകരം അഭീഷ്ടങ്ങളും അതിലൂന്നിയ യുക്തിയുമാണ് കൈമുതലെങ്കിൽ അവരെ സത്യം ബോധ്യപ്പെടുത്താൻ നമുക്ക് പോംവഴികളൊന്നുമില്ല.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഒരു ഹദീസ് സ്വീകാര്യമല്ലെന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്?
ഖുർആനിന് എതിരാണെന്ന് ചിലർ ജൽപിക്കാറുണ്ട്. അതിനു വേണ്ടി അവർ ദുർവ്യാഖ്യാനിക്കാറുള്ള ഇസ്റാഅ് 47, ഫുർഖാൻ 8 എന്നീ സൂക്തങ്ങളുടെ ശരിയായ അർത്ഥവും വിവക്ഷയും മുകളിൽ വിശദീകരിച്ചല്ലോ. അതിൽനിന്നും സത്യാന്വേഷികൾക്ക് ബോധ്യമാകും, ഈ വാദം അടിസ്ഥാന രഹിതമാണെന്ന്.
ഈ ഹദീസ് തെളിഞ്ഞ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നാണ് പിന്നീട് അവർക്ക് പറയാനുണ്ടാവുക. ആരുടെ ബുദ്ധിക്കാണ് ഇത് നിരക്കാത്തത്? സലഫുകൾ എന്ന് വിശേഷിപ്പിക്കാറുള്ള ഉത്തമരായ മൂന്ന് തലമുറക്കാരുടെയും, അവരെ പൂർണ്ണാർത്ഥത്തിൽ പിന്തുടരുന്ന അഹ്ലുസ്സുന്നഃക്കാരുടെയും ബുദ്ധി സർവഥാ സ്വീകരിച്ചുപോന്ന വസ്തുതയാണിത്. അവരാരും ഈ ഹദീസിന്റെ കാര്യത്തിൽ യാതൊരുവിധ വിയോജിപ്പും രേഖപ്പെടുത്തിയിട്ടില്ല. അഭീഷ്ടങ്ങൾ പിന്തുടരുന്ന തന്നിഷ്ടക്കാരുടെ ബുദ്ധിയാണെങ്കിൽ ഒന്നേ പറയേണ്ടൂ. ദീനിൽ ഒരു കാര്യം സ്ഥിരീകരിക്കാൻ അവരുടെ തെളിഞ്ഞതോ മറഞ്ഞതോ ആയ ബുദ്ധിക്ക് നിരക്കേണ്ട കാര്യമില്ല.
സിഹ്ർ ബാധിക്കുക എന്നത് മറ്റു രോഗങ്ങൾ ബാധിക്കുന്നതു പോലെ തന്നെ നുബുവ്വത്തിന്റെ പദവിയോട് നിരക്കാത്ത കാര്യമൊന്നുമല്ല. നബിമാർക്ക് രോഗവും സിഹ്റും ബാധിക്കാം. നബി ﷺ ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സിഹ്റും ബാധിച്ചിട്ടുണ്ട്. അയ്യൂബ് നബി ﵇ ന് കടുത്ത രോഗം ബാധിച്ചിട്ടുണ്ട്. മൂസാ ﵇ ന് സിഹ്റ് ബാധിച്ചിട്ടുണ്ട്. ഫിർഔൻ മൂസാ ﵇ നോട് പറഞ്ഞു: «മൂസാ! നിനക്ക് സിഹ്ർ ബാധിച്ചിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്». (ഇസ്റാഅ് 101). നബിമാരുടെ പ്രതിയോഗികൾക്ക് എന്തും ആരോപിക്കാം. അതിൽ കഴമ്പുണ്ടായിരിക്കണമെന്നില്ല. മുഹമ്മദ് നബി ﷺ യെ കുറിച്ച് അവർ ആരോപിച്ചു: «ഈ ദൂതന് എന്താണിങ്ങനെ? ഇയാള് ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നുവല്ലോ» (ഫുർഖാൻ 7) അവരുടെ ആരോപണം നിരാകരിക്കാൻ വേണ്ടി നബി ﷺ ഭക്ഷണം ഉപേക്ഷിക്കണോ? അങ്ങാടിയിൽ പോകാതിരിക്കണോ? ഇവർ എന്തു വങ്കത്തമാണ് എഴുന്നള്ളിക്കുന്നത്! ഇതാണോ ഉൽപതിഷ്ണുക്കളുടെ തെളിഞ്ഞ ബുദ്ധി!!
ഇവരുടെ സംശയങ്ങൾ അവസാനിക്കുകയില്ല. ബുഖാരിയും മുസ്ലിമും رحمهما الله ഉദ്ധരിച്ച ഹദീസാണെങ്കിലും അതിലും ചില പിഴവുകൾ സംഭവിച്ചു കൂടേ, ഇനിയും ഒരു നിരൂപണത്തിനു സാധ്യതയില്ലേ എന്ന് അവർ ചോദിക്കാറുണ്ട്. ഹദീസ് വിജ്ഞാനീയങ്ങളെ കുറിച്ചുള്ള അജ്ഞതയിൽനിന്നേ ഇങ്ങനെ ഒരു സംശയം ഉത്ഭവിക്കുകയുള്ളു. ബുഖാരിയുടെയും മുസ്ലിമിൻെറയും رحمهما الله ഹദീസുകൾ പരിണത പ്രജ്ഞരായ നിരൂപകന്മാർ വേണ്ടത്ര വിശകലനം ചെയ്തിട്ടുള്ളതാണ്. ഈ ഹദീസിനെ വിമർശിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഒരു പഴുത് അവർക്കാർക്കും ചൂണ്ടിക്കാണിക്കാൻ സാധിച്ചിട്ടില്ല. അവർ വിമർശനം ഉന്നയിച്ച ഹദീസുകളുടെ പട്ടികയിൽ ഈ ഹദീസ് ഉൾപ്പെട്ടിട്ടുമില്ല.
അടുത്തത്, നബി ﷺ ക്ക് സിഹ്ർ ബാധിച്ചാൽ അത് പ്രബോധനത്തെ ബാധിക്കുകയില്ലേ എന്ന സംശയമാണ്. നബി ﷺ ക്ക് സിഹ്ർ ബാധിച്ചത് എത്രത്തോളമായിരുന്നു എന്ന് രിവായത്തുകളിൽ വന്നിട്ടുണ്ട്. തന്റെ പത്നിമാരിൽ ചിലരെ സമീപിച്ചെന്ന് നബി ﷺ ക്ക് തോന്നും. യഥാർത്ഥത്തിൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടാവില്ല. ചിലപ്പോൾ ജ്വരപീഡ പോലുള്ള അനുഭവങ്ങളുമുണ്ടാകും. ഇത്രയേ നബി ﷺ ക്ക് ബാധിച്ചിരുന്നുള്ളു. അല്ലാതെ പ്രബോധനത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊന്നും ഉണ്ടായിരുന്നില്ല. മുഹമ്മദ് നബി ﷺ ക്ക് മാത്രമല്ല, മുൻകാല നബിമാർക്കും രോഗവും സിഹ്റും ബാധിച്ചിട്ടുണ്ട്. മൂസാ ﵇ ന് സിഹ്ർ ബാധിച്ച കാര്യം ഖുർആനിലുണ്ട്. ﴿ قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ٦٦ فَأَوْجَسَ فِي نَفْسِهِ خِيفَةً مُّوسَىٰ ٦٧ قُلْنَا لَا تَخَفْ إِنَّكَ أَنتَ الْأَعْلَىٰ ٦٨﴾ [طه] [അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങൾ ഇട്ടുകൊള്ളുക. അപ്പോഴതാ അവരുടെ സിഹ്ർ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. അപ്പോള് മൂസാ നബിക്ക് തന്റെ മനസ്സില് ഭയപ്പാടുണ്ടായി. നാം പറഞ്ഞു: പേടിക്കരുത് ! തീര്ച്ചയായും നീ തന്നെയാണ് കൂടുതല് ഔന്നത്യം നേടുന്നവന്.] (ത്വാഹാ 66-68) ﴿ قَالَ أَلْقُوا ۖ فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجَاءُوا بِسِحْرٍ عَظِيمٍ ١١٦﴾ (الأعراف) [മൂസാ പറഞ്ഞു: നിങ്ങള് ഇട്ടുകൊള്ളുക. അങ്ങനെ അവർ ഇട്ടപ്പോൾ ആളുകളുടെ കണ്ണുകളെ സിഹ്റിൽ അകപ്പെടുത്തുകയും അവരിൽ ഭീതി ജനിപ്പിക്കുകയും ചെയ്തു. വലിയ സിഹ്ർ തന്നെയാണ് അവർ കൊണ്ടുവന്നത്.] (അഅ്റാഫ് 116)
മുഹമ്മദ് നബി ﷺ ക്ക് ബാധിച്ചത്, അവിടുന്ന് ഭാര്യമാരിൽ ചിലരുമായി സംസർഗ്ഗം ചെയ്തു എന്നു തോന്നലാണ്; യഥാർത്ഥത്തിൽ ചെയ്തിട്ടുണ്ടാവില്ല താനും. കൂടാതെ, പനി ബാധിച്ച ശേഷം ഉണ്ടാവാറുള്ളതു പോലെ ചില പീഡകളും അനുഭവപ്പെട്ടിരുന്നു. ഇതൊന്നും പ്രബോധനത്തിനു തടസ്സമാകുന്ന കാര്യങ്ങളല്ലെന്ന് പറയേണ്ടതില്ലല്ലോ.
സമാനമായ കാര്യങ്ങൾ മൂസാ ﵇ ന് ബാധിച്ചത് ഖുർആനിൽ തന്നെ വിശദീകരിച്ചതാണ് നാം മുകളിൽ കൊടുത്തത്. ജോത്സ്യന്മാർ ഇട്ട കയറുകൾ സർപ്പങ്ങളായി അദ്ദേഹത്തിനു തോന്നി. അതു മുഖേന ഭയപ്പാടുണ്ടാവുകയും ചെയ്തു. ഇത് ഖുർആനിൽ തന്നെയാണല്ലോ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുള്ളത്. മാത്രമല്ല, മൂസാ ﵇ ന്റെ പ്രതിയോഗിയായ ഫിർഔനിന്റെ ആരോപണം അദ്ദേഹം സിഹ്റിന്റെ വലയിലാണ് എന്നതായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് സിഹ്ർ ബാധിച്ചു. കയറുകൾ സർപ്പമായി തോന്നി. അതുമൂലം ഭയപ്പാടുണ്ടാവുകയും ചെയ്തു. മുഹമ്മദ് നബിക്കും മൂസാ നബിക്കും ﵉ ബാധിച്ചത് തുല്യമായ കാര്യങ്ങളാണ്. മൂസാ ﵇ ന് ബാധിച്ച കാര്യം ഖുർആനിലും, മുഹമ്മദ് നബി ﷺ ക്ക് ബാധിച്ച കാര്യം ഹദീസിലുമാണ് വന്നിട്ടുള്ളത്. ഹദീസിലുള്ളത് തള്ളുകയാണെങ്കിൽ ഖുർആനിലുള്ളതും തള്ളേണ്ടിവരും. ഖുർആനും ഹദീസും അന്ത്യനാൾ വരെ അവിഭാജ്യമായി നിലനിൽക്കുന്ന വഹ്യാണ്; അവ പരസ്പര പൂരകങ്ങളാണ്. അതിനെ ഒരു ഏകകമായിട്ടാണ് കണക്കാക്കേണ്ടത്. ഹദീസിൽനിന്ന് ഒരു ഭാഗം തള്ളിയാൽ സമാനമായത് ഖുർആനിൽനിന്നും തള്ളേണ്ടിവരും.
സംശയരോഗത്തിന്റെ അലകൾ അടങ്ങാൻ പോകുന്നില്ല; ഇനിയും ബാക്കിയുണ്ട്: അല്ലാഹു പറഞ്ഞിട്ടില്ലേ, 'താങ്കളെ നാം സംരക്ഷിക്കുമെന്ന്?' (وَاللهُ يَعْصِمُكَ مِنَ النَّاسِ.. ٦٧﴿ (المائدة﴾. അതെ, ജനങ്ങളിൽനിന്ന് സംരക്ഷിക്കും എന്നാണ് പറഞ്ഞത്. പ്രബോധന പ്രവർത്തനം പൂർത്തീകരിക്കാൻ വിസമ്മതിക്കുന്ന പ്രതിയോഗികളായ ജനങ്ങളിൽനിന്ന് സംരക്ഷിക്കുമെന്നാണ് അല്ലാഹുവിന്റെ വാഗ്ദാനം. അല്ലാതെ രോഗങ്ങൾ വരില്ല, സിഹ്ർ ബാധിക്കില്ല എന്ന് അതിന് അർത്ഥമില്ല.
കാര്യം ഇത്രത്തോളം വ്യക്തമാണ്. എന്നിരുന്നാലും സംശയം തീരാത്ത ചിലരുണ്ട്. ബുഖാരിയും മുസ്ലിമും رحمهما الله ഉദ്ധരിച്ച ഹദീസാണെങ്കിലും ഇതിന്റെ നിവേദക പരമ്പരയിൽ ഹിശാം എന്ന ഒരു വ്യക്തിയില്ലേ. അദ്ദേഹം സ്വീകാര്യനാണോ? പ്രസ്തുത ഹദീസിനെ കുറിച്ച് മൊത്തത്തിലും, നിവേദക പരമ്പരയിലുള്ള ഹിശാമിനെ കുറിച്ചും ഇബ്നുൽ ഖയ്യിം ﵀ നൽകുന്ന പഴുതടച്ച ഒരു വിശദീകരണമുണ്ട്. അത് കൂടി വായിച്ച് നമുക്ക് ഈ ചർച്ച ഉപസംഹരിക്കാം. وهذا الحديث ثابت عند أهل العلم بالحديث متلقى بالقبول بينهم، لا يختلفون في صحته، وقد اعتاص على كثير من أهل الكلام وغيرهم وأنكروه أشد الإنكار، وقابلوه بالتكذيب، وصنف بعضهم فيه مصنفا مفردا حمل فيه على هشام، وكان غاية ما أحسن القول فيه من قال، غلط واشتبه عليه الأمر ولم يكن من هذا شيء، قال: لأن النبي ﷺ لا يجوز أن يسحر، فإن كونه مسحورا تصديق لقول الكفار ﴿إن تتبعون إلا رجلا مسحورا ٤٧﴿ (الإسراء) قالوا: وهذا كما قال فرعون لموسى عليه السلام: ﴿إني لأظنك يا موسى مسحورا ١٠١﴾ (الإسراء) وقال قوم صالح له: ﴿إنما أنت من المسحرين ١٥٣﴾ (الشعراء) وقال قوم شعيب له: ﴾إنما أنت من المسحرين ١٨٥﴾ (الشعراء) قالوا: فالأنبياء لا يجوز عليهم أن يسحروا، فإن ذلك ينافي حماية الله لهم وعصمتهم من الشياطين، وهذا الذي قاله هؤلاء مردود عند أهل العلم، فإن هشاما من أوثق الناس وأعلمهم، ولم يقدح فيه أحد من الأئمة بما يوجب رد حديثه، فما للمتكلمين ولهذا الشأن؟ وقد رواه غير هشام عن عائشة ﵂، وقد اتفق أصحاب الصحيحين على تصحيح هذا الحديث، ولم يتكلم فيه أحد من أهل الحديث بكلمة واحدة، والقصة مشهورة عند أهل التفسير والسنن والحديث والتاريخ والفقهاء، وهؤلاء أعلم بأحوال رسول الله ﷺ وأيامه من المتكلمين. [ابن القيم في بدائع الفوائد] [ഈ ഹദീസ്, ഹദീസ് വിജ്ഞാനീയങ്ങളിൽ അവഗാഹമുള്ള പണ്ഡിതന്മാരുടെ അടുക്കൽ സ്ഥിരപ്പെട്ടതും അവർക്ക് സ്വീകാര്യയോഗ്യമായിട്ടുള്ളതുമാണ്. അതിന്റെ സ്വീകാര്യതയുടെ കാര്യത്തിൽ ഒരു ഭിന്നതയുമില്ല. വചനശാസ്ത്രത്തിന്റെ (عِلْمُ الْكَلَامِ) ആളുകളിൽ പലർക്കും അതുപോലെ മറ്റുചിലർക്കും ഇത് വഴങ്ങിയിട്ടില്ല. അവരാണ് അതിനെ ശക്തമായി നിഷേധിക്കുകയും, കളവാണെന്നു പറഞ്ഞ് എതിർക്കുകയും ചെയ്തിട്ടുള്ളത്. അവരിൽ ചിലർ തദ്വിഷയകമായി സ്വതന്ത്രമായ ഒരു കൃതി തന്നെ രചിക്കുകയും, അതിൽ ഹിശാമിനെ കടന്നാക്രമിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് അവർക്കതിൽ പരമാവധി പറയാൻ കഴിഞ്ഞിട്ടുള്ളത്, അദ്ദേഹത്തിന് അബദ്ധം പിണയുകയും ആശയക്കുഴപ്പം സംഭവിക്കുകയും ചെയ്തു, അദ്ദേഹം പറയുന്നതു പോലെ ഒന്നും സംഭവിച്ചിട്ടേയില്ല എന്നാണ്. അതിനു കാരണമായി അവർ പറയുന്നത്, നബി ﷺ ക്ക് സിഹ്റ് ബാധിക്കാൻ പാടില്ലെന്നതാണ്. സിഹ്റ് ബാധിച്ചു എന്നു പറയുന്നത്, «നിങ്ങൾ സിഹ്ർ ബാധിച്ച ഒരു മനുഷ്യനെ മാത്രമാണ് പിന്തുടരുന്നത്» (ഇസ്റാഅ് 47) എന്ന അവിശ്വാസികളുടെ വാദം സത്യപ്പെടുത്തലാണ്. അവർ പറയുന്നു: ഇത് ഫിർഔൻ മൂസാ നബി ﵇ യോട് പറഞ്ഞതു പോലെയാണ്: «മൂസാ! നിനക്ക് സിഹ്ർ ബാധിച്ചിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്.» (ഇസ്റാഅ് 101) സ്വാലിഹ് നബി ﵇ യുടെ ജനത അദ്ദേഹത്തോട് പറഞ്ഞു: «തീർച്ചയായും നീ സിഹ്ർ ബാധിച്ചവരിൽപെട്ടവനാണ്.» (ശുഅറാ 153) ശുഐബ് നബി ﵇ യുടെ ജനത അദ്ദേഹത്തോട് പറഞ്ഞു: «തീർച്ചയായും നീ സിഹ്ർ ബാധിച്ചവരിൽപെട്ടവനാണ്.» (ശുഅറാ 185). അവർ പറയുന്നത് നബിമാർക്ക് സിഹ്ർ ബാധിക്കാൻ പാടില്ലെന്നാണ്; ബാധിക്കുമെന്ന് പറയുന്നത് അവർക്ക് അല്ലാഹു നൽകുന്ന പരിരക്ഷയുടെയും പിശാചിൽനിന്നുള്ള സംരക്ഷണത്തിൻെറയും നിരാസമാകും എന്നാണ്. യഥാർത്ഥത്തിൽ അവർ ഉന്നയിച്ച വാദമുഖങ്ങളൊന്നും പണ്ഡിതന്മാരുടെ അടുക്കൽ സ്വീകാര്യമല്ല. ജനങ്ങളിൽ ഏറ്റവും യോഗ്യനും അറിവുള്ള വ്യക്തിയുമാണ് ഹിശാം. തന്റെ ഹദീസ് തള്ളേണ്ട വിധത്തിലുള്ള ഒരു വിമർശനവും അദ്ദേഹത്തെ കുറിച്ച് ഇമാമുകളാരും നടത്തിയിട്ടില്ല. വചനശാസ്ത്രത്തിന്റെ ആളുകൾക്ക് ഇതിൽ (ഹദീസ് നിരൂപണത്തിൽ) എന്തിരിക്കുന്നു കാര്യം?! അവർക്കെന്തറിയാം! ഹിശാം അല്ലാത്ത നിവേദകന്മാർ തന്നെ ഇത് ആയിശഃ ﵂ ൽനിന്നും ഉദ്ധരിച്ചിട്ടുണ്ട്. രണ്ടു സ്വഹീഹു കളുടെ കർത്താക്കളായ ബുഖാരിയും മുസ്ലിമും ഇത് സ്വീകാര്യ യോഗ്യമാണെന്ന കാര്യത്തിൽ യോജിക്കുകയും ചെയ്തിരിക്കുന്നു. ഹദീസ് പണ്ഡിതന്മാരിൽ ഒരാളും ഇതിനെതിരിൽ ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ല. ഈ സംഭവം ഖുർആൻ വ്യാഖ്യാതാക്കൾ, നബിചര്യയിലും ഹദീസിലും അവഗാഹമുള്ള പണ്ഡിതന്മാർ, ചരിത്രകാരന്മാർ, ഫുഖഹാക്കൾ എന്നിവരുടെ അടുക്കലും പ്രസിദ്ധമാണ്. അവരാണ് വചനശാസ്ത്രത്തിന്റെ ആളുകളെക്കാൾ നബി ﷺ യുടെ സ്ഥിതിഗതികളെയും അവിടുത്തെ ജീവിതത്തിലെ സംഭവ വികാസങ്ങളെയും സംബന്ധിച്ച് നന്നായി അറിയുന്നവർ.] (ഇബ്നുൽ ഖയ്യിം, ബദാഇഉൽ ഫവാഇദിൽ രേഖപ്പെടുത്തിയത്)
മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ തന്നെ തെറ്റിദ്ധാരണയുളവാക്കുന്ന മറ്റൊരു ഭാഗമുണ്ട്:
[ഉദ്ദേശിച്ചതു പോലെയുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുവാൻ കഴിവുള്ളവരാണ് മലക്കുകൾ... മതകാര്യങ്ങൾ ചോദിച്ചറിയുന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് കാണിച്ചു തരുവാൻ വേണ്ടി വന്നതായിരുന്നു അദ്ദേഹമെന്നും നബി (സ) പറഞ്ഞതായി മുസ്ലിം (റ) ഉദ്ധരിച്ച ഒരു പ്രസിദ്ധ ഹദീസിലും കാണാം.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/220-221)
ഉദ്ദേശിച്ചതു പോലെയുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുവാൻ കഴിവുള്ളവരാണ് മലക്കുകൾ എന്ന് പറയുമ്പോൾ ആർ ഉദ്ദേശിച്ചതു പോലെ എന്ന കാര്യം വ്യക്തമാക്കേണ്ടതാണ്. അല്ലാഹു ഉദ്ദേശിച്ചതു പോലെ എന്നാണ് അർത്ഥമാക്കുന്നതെങ്കിൽ ശരി തന്നെ. മറിച്ച്, മലക്കുകൾ ഉദ്ദേശിക്കുന്നതു പോലെ എന്നാണ് അർത്ഥമാക്കുന്നതെങ്കിൽ അത് വസ്തുതാപരമല്ലെന്ന് ഉണർത്തുന്നു.
കൂടാതെ, ജിബ്രീൽ ﵇ വന്നത് മതകാര്യങ്ങൾ ചോദിച്ചറിയുന്നത് എങ്ങനെ എന്ന് കാണിച്ചു തരാനല്ല. മതത്തെ കുറിച്ച് പഠിപ്പിക്കാനാണ്. ഇതു സംബന്ധിച്ചുള്ള ഒരു വിശദീകരണം ബഖറഃ 112-ാം സൂക്തത്തിനു നൽകിയ അടിക്കുറിപ്പിൽ കാണാം.
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിലും പതിവുപോലെ ഖുത്വ്ബിനെ ഉദ്ധരിക്കുകയും ഉപജീവിക്കുകയും ചെയ്തിട്ടുണ്ട്. അത് തെറ്റും അനുചിതവുമാണെന്ന് വീണ്ടും ഉണർത്തുന്നു. ഇതു സംബന്ധിച്ചുള്ള അധിക വായനക്ക് യുക്തി ഇസ്ലാമിന്റെ സ്രോതസല്ല എന്ന ലേഖനം കാണുക.
﴿مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ١٠٦﴾
നാം ഒരു സൂക്തവും ഭേദഗതി വരുത്തുകയോ വിസ്മൃതിയിൽ ആഴ്ത്തുകയോ ചെയ്തിട്ടില്ല, അതിനെക്കാൾ ഉത്തമമോ സമാനമോ ആയ മറ്റൊന്ന് പകരം കൊണ്ടുവന്നിട്ടല്ലാതെ. നിനക്കറിഞ്ഞു കൂടേ അല്ലാഹു എല്ലാകാര്യത്തിനും കഴിവുറ്റവനാണെന്ന്?
ബഖറഃ 106-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ നസ്ഖിനെ കുറിച്ച് ഒരു വിവരണം നൽകേണ്ടതായിരുന്നു. നിലവിലുള്ള മറ്റു പരിഭാഷകളിലും വിവരണങ്ങളിലും പ്രസക്തമായ ഒരു വിശദീകരണവും കാണാൻ കഴിയുന്നില്ല.
അല്ലാഹു ഒരു സൂക്തം ഭേദഗതി വരുത്തുകയോ വിസ്മൃതിയിലേക്ക് ആഴ്ത്തുകയോ ചെയ്യുന്ന പക്ഷം അതിനെക്കാൾ ഉത്തമമോ സമാനമോ ആയ മറ്റൊന്ന് പകരം നൽകുന്നു എന്നതാണല്ലോ മേൽ സൂക്തത്തിന്റെ ആകത്തുക.
മാഇദഃ 48-ാം സൂക്തമനുസരിച്ച് പലഘട്ടങ്ങളിലായി ഭൂമുഖത്ത് അധിവസിച്ച ജനവിഭാഗങ്ങൾക്കെല്ലാം അനുയോജ്യമായ നിയമ വ്യവസ്ഥകളും ജീവിതരീതികളും അല്ലാഹു നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. ജീവിത സാഹചര്യങ്ങളിലുള്ള മാറ്റങ്ങൾക്കനുസരിച്ച് നിയമ വ്യവസ്ഥകളിലും ജീവിത ക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുക എന്നത് അല്ലാഹു തന്റെ സൃഷ്ടികൾക്ക് ചെയ്തുകൊടുക്കുന്ന ഒരു അനുഗ്രഹമാണ്.
അവസാനത്തെ നബിയും റസൂലുമാണ് മുഹമ്മദ് ﷺ. അവിടുത്തെ നിയോഗമനത്തിലൂടെ ഇസ്ലാമിന്റെ പൂർത്തീകരണം കൂടി നടക്കുന്നു. മാത്രമല്ല, നബി ﷺ ക്ക് നിയമവ്യവസ്ഥ നൽകിയത് ഒറ്റയടിക്കായിരുന്നില്ല, ക്രമപ്രവൃദ്ധമായിട്ടായിരുന്നു താനും. ഈ സാഹചര്യങ്ങളെല്ലാം തന്നെ നസ്ഖ് (نَسْخٌ) എന്ന പ്രക്രിയയെ അനി വാര്യമാക്കിത്തീർക്കുന്നു.
ഇസ്ലാമിക നിയമ വ്യവസ്ഥയെയും കർമ്മാനുഷ്ഠാനങ്ങളെയും സംബന്ധിച്ചുള്ള ചർച്ചകളിൽ പലപ്പോഴും കടന്നുവരുന്ന ഒരു സാങ്കേതിക സംജ്ഞയാണ് നസ്ഖ്. അതിനാൽ തന്നെ അതിന്റെ വിവക്ഷയെ കുറിച്ച് ലളിതമായ ഒരു വിവരണം ആവശ്യമായി വരുന്നു.
നസ്ഖ് എന്നാൽ ദുർബ്ബലപ്പെടുത്തൽ, റദ്ദുചെയ്യൽ എന്നൊക്കെയാണ് പൊതുവെ പറഞ്ഞുവരാറുള്ള അർത്ഥം. ഭാഷാപരമായി അത് ശരിയാണു താനും. എന്നാൽ അത് നസ്ഖിന്റെ സാങ്കേതികമായ പല അർത്ഥതലങ്ങളെയും സ്പർശിക്കുന്നില്ല എന്നതാണു വസ്തുത.
പൂർവ്വീക സമുദായങ്ങളിൽ പ്രാബല്യത്തിലുണ്ടായിരുന്ന ചില വസ്തുതകളും നിയമങ്ങളും ഇസ്ലാമിന്റെ ആവിർഭാവത്തോടെ തന്നെ തീർത്തും ദുർബ്ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത്തരം ദുർബ്ബലപ്പെടുത്തലുകൾ നസ്ഖിന്റെ വിവക്ഷയിൽ ഉൾപ്പെടുന്നു.
ഇസ്ലാമിന്റെ ആദ്യകാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ചില നിയമങ്ങളും വ്യവസ്ഥകളും പിന്നീട് പൂർണ്ണമായി റദ്ദു ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം റദ്ദു ചെയ്യലുകളും നസ്ഖിന്റെ വിവക്ഷയിൽപെട്ട കാര്യങ്ങളാണ്. നസ്ഖ് എന്നു പറയുമ്പോൾ അധിക പേരും മനസ്സിലാക്കുന്നത് ഈ രണ്ടിനങ്ങൾ മാത്രമാണ്.
ഇസ്ലാമിക ശരീഅത്തിലെ നിയമ വ്യവസ്ഥകൾ ക്രമപ്രവൃദ്ധമായിട്ടാണ് അല്ലാഹു അവതരിപ്പിച്ചതെന്ന കാര്യം നടേ സൂചിപ്പിച്ചുവല്ലോ. ഇത് നിയമ വ്യവസ്ഥയെ നിരവധി ഭേദഗതികളിലൂടെ കടന്നുപോകാൻ നിർബ്ബന്ധിക്കുന്നു. ഉദാഹരണമായി, ആദ്യം സാമാന്യമായ ഒരു നിയമം (عام) അവതരിപ്പിക്കുന്നു. അതുമായി ജനങ്ങൾ ഇണങ്ങിക്കഴിയുമ്പോൾ അതിനെ സവിശേഷവൽക്കരിക്കുന്നു. ആദ്യം അവതരിച്ച സാമാന്യ നിയമം നിലനിൽക്കുമ്പോൾ തന്നെ, അതിൽപ്പെട്ട ചില കാര്യങ്ങൾക്ക് സവിശേഷമായ (خاص) ചില നിയമങ്ങൾ വരുന്നു. സാങ്കേതികമായി പറഞ്ഞാൽ ഇത് ഒരു നിയമ ഭേദഗതിയാണ്. ഇതും നസ്ഖിന്റെ വിവക്ഷയിൽപ്പെടുന്നു. അതേപോലെ, പ്രാഥമിക ഘട്ടത്തിൽ അല്ലാഹു ജനങ്ങൾക്കു പ്രയാസമാവാതിരിക്കാൻ വേണ്ടി നിരുപാധികമായ (مطلق) ഒരു നിയമം അവതരിപ്പിക്കുന്നു. അതുമായി അവർ ഇണങ്ങിക്കഴിയുമ്പോൾ അതിൽ അവൻ ഭേദഗതി വരുത്തുകയും ഉപാധികൾ നിശ്ചയിക്കുകയും (مقيد) ചെയ്യുന്നു. ഇതും നസ്ഖിന്റെ വിവക്ഷയിലുൾപ്പെടുന്നു. മറ്റു ചിലപ്പോൾ നിലവിലുള്ള നിയമങ്ങളിൽ ചില കൂട്ടിച്ചേർക്കലുകളുണ്ടാവുന്നു. മറ്റു ചിലപ്പോൾ നിലവിലുള്ള നിയമങ്ങളിൽപെട്ട ചില ഇനങ്ങളെ ഒഴിവാക്കുന്നു. ഇവയെല്ലാം തന്നെ സാങ്കേതികമായി പറഞ്ഞാൽ നസ്ഖിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്.
ഖുർആൻ വ്യാഖ്യാതക്കൾ, ഹദീസു പണ്ഡിതന്മാർ, ഫുഖഹാക്കൾ തുടങ്ങിയവർ പലപ്പോഴും ഒരു പ്രമാണ വാക്യത്തെ കുറിച്ച് അത് നസ്ഖ് ചെയ്യപ്പെട്ടതാണെന്നു പറയുന്നത് കാണാം. എല്ലായിപ്പോഴും അതിന്റെ വിവക്ഷ ആ വാക്യം ആദ്യന്തം റദ്ദ് ചെയ്യപ്പെട്ടു എന്നോ, അത് പൂർണ്ണമായും ദുർബ്ബലപ്പെടുത്തപ്പെടുകയും കാലഹരണപ്പെട്ടു പോവുകയും ചെയ്തു എന്നോ ആയിക്കൊള്ളണമെന്നില്ല. അപൂർവ്വം ചില സന്ദർഭങ്ങളിൽ മാത്രം അങ്ങനെ ആവുകയും ചെയ്യാം. നസ്ഖ് ചെയ്യപ്പെട്ടത് (مَنْسُوخٌ) എന്നതു കൊണ്ട് മിക്കപ്പോഴും അവർ അർത്ഥമാക്കുന്നത് ആ വാക്യം പ്രാബല്യത്തിലുള്ള അടിസ്ഥാന നിയമമാണെന്നും എന്നാൽ അതിനു ചില ഭേദഗതികൾ പിന്നീട് വന്നിട്ടുണ്ടെന്നുമാണ്. അത്തരം ഭേദഗതികളുടെ സ്വഭാവം നടേ സൂചിപ്പിച്ചിട്ടുണ്ട്.
ഇസ്ലാമിൽ, പൂർണ്ണമായും ദുർബ്ബലപ്പെടുത്തപ്പെടുകയും റദ്ദാക്കപ്പെടുകയും ചെയ്ത വിധികളും വാക്യങ്ങളും നമുക്ക് കാണാം. അതിന് (مَنْسُوخٌ) എന്നും, അതിനെ ദുർബ്ബലപ്പെടുത്തുന്നതായി അറിയിക്കുന്ന വാക്യത്തിന് (نَاسِخٌ) എന്നും പറയുന്നു. നാസിഖ് എപ്പോഴും മൻസൂഖിനു ശേഷം മാത്രമേ വരികയുള്ളു. അവയുടെ കാലഗണന മനസ്സിലാക്കൽ വളരെ പ്രാധാന്യമുള്ള വിഷയമാണ്.
എന്നാൽ പ്രാബല്യത്തിലിരിക്കുന്ന ചില അടിസ്ഥാന വിധികൾക്കോ വാക്യങ്ങൾക്കോ പിന്നീട് ഭേദഗതികൾ വരാം. അത്തരം വിധികൾക്കും വാക്യങ്ങൾക്കും (منسوخ) എന്നു തന്നെയാണ് പറയുക. അതിനു ഭേദഗതി നിർദ്ദേശിക്കുന്ന വാക്യത്തിന് (ناسخ) എന്നും പറയുന്നു. പലപ്പോഴും പണ്ഡിതന്മാരുടെ ഇത്തരം പരാമർശങ്ങൾ നസ്ഖിനെ പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കാത്ത അനുവാചകരിൽ അജീർണ്ണമുളവാക്കുന്നു. അതിനാൽ, നസ്ഖിന് ദുർബ്ബലപ്പെടുത്തൽ, റദ്ദുചെയ്യൽ പോലുള്ള പരിഭാഷകൾക്കു പകരം, പൂർണ്ണമായ റദ്ദു ചെയ്യലിനെയും മറ്റു നിയമ ഭേദഗതികളെയും ഒരു പോലെ ഉൾക്കൊള്ളാവുന്ന മറ്റൊരു സംജ്ഞ കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം മതിയായ വിശദീകരണം നൽകി തെറ്റിദ്ധാരണകൾ ദൂരീകരിക്കുകയെങ്കിലും വേണം.
പരാമൃഷ്ട സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ നസ്ഖിനെ കുറിച്ച് വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്ത കാര്യങ്ങൾ അപൂർണ്ണമാണെന്നും പൗരാണിക പണ്ഡിതന്മാർ നസ്ഖ് എന്നു പറയുമ്പോൾ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്നും മാന്യ വായനക്കാരെ ഉണർത്താനാണ് ഇത്രയും പറഞ്ഞത്.
﴿بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ١١٢﴾
നിശ്ചയം! ഏതൊരാള് ഇഹ്സാനിന്റെ തലത്തോളം ഉയർന്ന് തന്റെ സ്വത്വം സർവഥാ അല്ലാഹുവിന് സമർപ്പിക്കുന്നുവെങ്കിൽ, അവനു തന്റെ റബ്ബിന്റെയടുക്കൽ അതിനനുഗുണമായ പ്രതിഫലം ഉണ്ടായിരിക്കും. അത്തരക്കാര്ക്ക് ഭയപ്പെടാനൊന്നുമില്ല; അവര് ദുഃഖിക്കേണ്ടി വരികയുമില്ല.
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് മാത്രമാണ്. നിങ്ങള് എവിടേക്ക് തിരിഞ്ഞ് (നമസ്കരിച്ചാലും) അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിശാലമായ കഴിവുകളുള്ളവനും സർവ്വജ്ഞനുമാകുന്നു.
﴿وَلِلَّهِ الْمَشْرِقُ وَالْمَغْرِبُج فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِج إِنَّ اللَّهَ وَاسِعٌ عَلِيمٌ ١١٥﴾
വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖാനം തെറ്റിദ്ധാരണാജനകമാണ്. അതിലെ ചില വരികൾ ശ്രദ്ധിക്കുക:
[ഏതെങ്കിലും ഭാഗവുമായോ പ്രദേശവുമായോ അവന് പ്രത്യേകം അടുപ്പവും ബന്ധവുമില്ല... അതിനാൽ, അവനു വേണ്ടി ചെയ്യുന്ന ആരാധനാ കർമ്മങ്ങളിലും പ്രാർത്ഥനകളിലും ഇന്ന ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടായെങ്കിലേ അവന്റെ ആഭിമുഖ്യവും ശ്രദ്ധയും അതിലുണ്ടാവുകയുള്ളൂ എന്നില്ല. അവൻ ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ പരിമിതമായുള്ളവനല്ല... ഒരു പ്രത്യേക ഭാഗം ഖിബ്ലയാക്കി നിശ്ചയിക്കപ്പെടുന്നത് അല്ലാഹു ആ ഭാഗത്തായത് കൊണ്ടോ, ആ ഭാഗത്തോട് അവന് പ്രത്യേക ബന്ധം ഉള്ളതുകൊണ്ടോ അല്ല. സമുദായത്തിന്റെ ഏകീകരണം, സൗകര്യം തുടങ്ങിയ പല ലക്ഷ്യങ്ങളെയും ഉന്നമാക്കിക്കൊണ്ടാണത്... 'അല്ലാഹുവിന്റെ മുഖം (وجه الله)', 'അല്ലാഹുവിന്റെ കൈ (يد الله)' എന്നൊക്കെ ഖുർആനിലോ ഹദീസിലോ പ്രയോഗിച്ചു കാണുമ്പോൾ, അതിനൊന്നും സ്വന്തം വകയായി വ്യാഖ്യാനങ്ങൾ നൽകാതെ, 'വാക്കിന്റെ അർത്ഥം നമുക്ക് അറിയാം - അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് നമുക്ക് അറിഞ്ഞുകൂടാ' എന്നു പറയലാണ് മുൻഗാമി (سلف)കളായ മഹാന്മാരുടെ പതിവ്. അവരതിൽ വിശ്വസിക്കുകയും, യഥാർത്ഥം അല്ലാഹുവിനറിയാമെന്നു വെച്ച് വിട്ടേക്കുകയും ചെയ്യും. പിൻഗാമി (خلف)കളിൽ പലരും സന്ദർഭത്തിനൊത്ത് അവക്ക് ചില വ്യാഖ്യാനം നൽകുകയാണ് പതിവ്. രണ്ടു കൂട്ടരുടെയും ലക്ഷ്യം അല്ലാഹുവിന് സൃഷ്ടികളോട് വല്ല വിധത്തിലും സാമ്യത തോന്നിക്കുന്ന അർത്ഥം ആ വാക്കുകൾക്ക് കൽപിക്കാതിരിക്കുക എന്നുള്ളതത്രെ. കൂടുതൽ സുരക്ഷിതമായ മാർഗ്ഗം മുൻഗാമികളുടേതാണു താനും.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/233-234)
ചില സ്ഥലങ്ങളോടും കാലങ്ങളോടും വ്യക്തികളോടുമെല്ലാം അല്ലാഹുവിന് പ്രത്യേകമായ അടുപ്പവും സ്നേഹവും ഉണ്ടെന്നതാണ് യാഥാർത്ഥ്യം. അതേപോലെ, മറ്റു ചിലതിനോട് വെറുപ്പും കോപവുമുള്ളതായും പറയപ്പെട്ടിട്ടുണ്ട്. താഴെ കൊടുക്കുന്ന ഒരു ഹദീസ് കാണുക: عَنْ أَبِي هُرَيْرَةَ ﵁ قَالَ: قَالَ رَسُولُ اللهِ ﷺ: أَحَبُّ الْبِلَادِ إِلَى اللهِ مَسَاجِدُهَا وَأَبْغَضُ الْبِلَاد إِلَى اللهِ أَسْوَاقُهَا. [مسلم في صحيحه] [അബൂ ഹുറെയ്റഃ ﵁ നിവേദനം. നബി ﷺ പറയുന്നു: ഭൂഭാഗങ്ങളിൽവെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് മസ്ജിദുകളാണ്. ഭൂഭാഗങ്ങളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളത് ചന്തകളുമാണ്.] (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
അവയിൽ തന്നെ മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വാ എന്നിവയുടെ കാര്യം പ്രത്യേകം പറയപ്പെട്ടിട്ടുള്ളതാണ്. അതുപോലെ ചില പ്രത്യേക സമയങ്ങൾ, വ്യക്തികൾ എന്നിവയോടുള്ള അല്ലാഹുവിന്റെ സ്നേഹവും അടുപ്പവും പ്രമാണങ്ങളിൽ വന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിന്റെ കർത്താക്കളും അംഗീകരിക്കുമെന്നതിൽ സംശയമില്ല. എങ്കിലും വായനക്കാർ തെറ്റിദ്ധരിക്കത്തക്ക വിധത്തിലാണ് കാര്യം പറഞ്ഞു പോയിരിക്കുന്നത്. അതിനാൽ ഉണർത്തിയെന്നു മാത്രം.
അല്ലാഹുവിനെ കുറിച്ച് 'അവൻ ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ പരിമിതമായവനല്ല ' എന്ന പരാമർശവും തെറ്റിദ്ധാരണാജനകമാണ്. അല്ലാഹു എവിടെ എന്നത് ദീനിൽ ഏറെ പ്രാധാന്യമുള്ള ചോദ്യമാണ്. അതിനുള്ള ഉത്തരം ഉപരിയിലാണ്, മീതെയാണ് എന്നാണല്ലോ. ഉപരിയിൽ, മീതെ എന്നതും ഒരു ഭാഗമാണ്. അല്ലാഹു ഉപരിയിലാണെന്നതിന് ആയിരത്തിലധികം തെളിവുകളുണ്ടെന്നാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്. ആകയാൽ ആ വസ്തുതക്ക് വിരുദ്ധമാകാവുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.
അല്ലാഹു ഉപരിയിലാണെന്ന് പറയുന്ന ഖുർആൻ സൂക്തങ്ങളെ അശ്അരികൾ ദുർവ്യാഖ്യാനിക്കുകയും, നബിവചനങ്ങളെ കുറിച്ച് അവ വിശ്വാസകാര്യങ്ങൾ സ്ഥിരീകരിക്കാൻ പര്യാപ്ത മല്ലാത്ത വ്യക്തിയധിഷ്ഠിത റിപ്പോർട്ടുകളാണെന്ന് പറഞ്ഞ് തള്ളുകയുമാണ് പതിവ്. മുകളിൽ കൊടുത്തതു പോലുള്ള പരാമർശങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഉണ്ടാവാൻ കാരണം അശ്അരിയ്യഃത്തിന്റെ സ്വാധീനം തന്നെ.
അല്ലാഹുവിന്റെ മുഖം, അല്ലാഹുവിന്റെ കൈ... പോലുള്ള പ്രയോഗങ്ങളെ കുറിച്ച് 'വാക്കിന്റെ അർത്ഥം നമുക്ക് അറിയാം, അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് നമുക്ക് അറിഞ്ഞുകൂടാ' എന്നു പറയലാണ് മുൻഗാമി (سلف) കളായ മഹാന്മാരുടെ പതിവ് എന്ന പരാമർശവും സൂക്ഷ്മമല്ല. അതിന്റെ അർത്ഥം അറിയാം, രൂപം (كيفية) നമുക്ക് അറിയില്ല എന്നതാണ് സലഫുകളുടെ നിലപാട്. യാഥാർത്ഥ്യവും രൂപവും (الحقيقة والكيفية) രണ്ടും രണ്ടു തന്നെയാണ്. യാഥാർത്ഥ്യം നമുക്ക് അറിയില്ല എന്നത് തഫ്വീള് (تَفْوِيضٌ) ആണ്. മുഫവ്വിളഃ വിഭാഗത്തിന്റെ ഈ തെറ്റായ രീതി സലഫുകളുടേതിൽനിന്ന് തീർത്തും വ്യത്യസ്തവുമാണ്. അത് സലഫുകളുടെമേൽ ചാർത്തുക എന്നത് അശ്അരികൾ ചെയ്യാറുള്ള ഒരു തെറ്റായ നടപടിയാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്!
തുടർന്ന്, പിൻഗാമികളിൽ (خلف) പലരും മുഖം, കൈ (وجه، يد) പോലുള്ള സ്വിഫാതുകളെ സന്ദർഭത്തിനൊത്ത് വ്യാഖ്യാനിക്കുകയാണ് പതിവ് എന്നു രേഖപ്പെടുത്തുന്നുണ്ട്. എങ്കിൽ പിന്നെ ആ നിലപാടിനെ നിശിതമായി വിമർശിക്കുകയാണ് ചെയ്യേണ്ടത്. പകരം 'രണ്ടു കൂട്ടരുടെയും ലക്ഷ്യം അല്ലാഹുവിന് സൃഷ്ടികളോട് വല്ല വിധത്തിലും സാമ്യത തോന്നിക്കുന്ന അർത്ഥം ആ വാക്കുകൾക്ക് കൽപിക്കാതിരിക്കുക എന്നുള്ളതത്രെ' എന്നു പറഞ്ഞു കൊണ്ട് അതിനെ വെള്ളപൂശാൻ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വിഫാതുകളെ വ്യാഖ്യാനിക്കുകയും അല്ലാഹുവിനെ നിർഗുണനായി ചിത്രീകരിക്കുകയും (تعطيل) ചെയ്യുന്ന വ്യാജവാദികളുടെയും സലഫുകളുടെയും ലക്ഷ്യം ഒന്നാണ് എന്നു പറഞ്ഞ് അവരെ രക്ഷപ്പെടുത്തുന്നത് ഒട്ടും ശരിയല്ല. ഇതെല്ലാം സലഫിയ്യത്തും അശ്അരിയ്യത്തും തമ്മിലുള്ള വ്യത്യാസം അറിയാത്തതുകൊണ്ടാണെന്നേ പറയാൻ കഴിയൂ. അധിക വായനക്കായി അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനം കാണുക.
അശ്അരികൾ ഉയർത്തിപ്പിടിക്കുന്ന അപകടകരമായ ഒരു വാക്യമുണ്ട്: "മുൻഗാമികളുടെ മാർഗ്ഗമാണ് കൂടുതൽ സുരക്ഷിതം, പിൻഗാമികളുടെ മാർഗ്ഗം കൂടുതൽ വൈജ്ഞാനികവും യുക്തിഭദ്രവും - طريقة السلف أسلم، وطريقة الخلف أعلم وأحكم)". അശ്അരികളുടെ ഏറെ വിഷലിപ്തമായ ഈ വരികളെ തന്നെയാണ് ഗ്രന്ഥകർത്താവ് തന്റെ നിലപാടിനുള്ള നീതീകരണമായി ഇവിടെ കൂട്ടുപിടിച്ചിരിക്കുന്നത്. പ്രസ്തുത വാക്യത്തിൽ അടങ്ങിയിരിക്കുന്ന അപകടം ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ ﵀ തന്നെ വിശദീകരിക്കുന്നത് കാണുക: ولا يجوز أيضًا أن يكون الخالفون أعلم من السالفين كما يقوله بعض الأغبياء ممن لم يقدر قدر السلف، بل ولا عرف الله ورسوله والمؤمنين به حقيقة المعرفة المأمور بها من أن طريقة السلف أسلم وطريقة الخلف أعلم. [ابن تيمية في الفتوى الحموية الكبرى] [പിൻഗാമികൾ മുൻഗാമികളെക്കാൾ അറിവുള്ളവരാണെന്നു വെക്കാൻ പറ്റില്ല. അങ്ങനെ പറയാറുള്ളത് സലഫുകളുടെ മൂല്യം എന്തെന്ന് അറിയാത്ത ചില വിഡ്ഢികളാണ്. എന്നല്ല, മുൻഗാമികളുടെ മാർഗ്ഗമാണ് കൂടുതൽ സുരക്ഷിതം, പിൻഗാമികളുടെ മാർഗ്ഗം കൂടുതൽ വൈജ്ഞാനികവും എന്നു പറയുന്നവർ അല്ലാഹുവിനെയോ അവന്റെ ദൂതനെയോ വിശ്വാസികളെയോ സംബന്ധിച്ച് കൽപിക്കപ്പെട്ട പോലെ യഥാവിധം മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.] (ഇബ്നു തൈമിയ്യഃ അൽഫത്വാ അൽഹമവിയ്യത്തുൽ കുബ്റായിൽ രേഖപ്പെടുത്തിയത്)
ചുരുക്കത്തിൽ, മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ - മറ്റനേകം സന്ദർഭങ്ങളിലെന്ന പോലെ - അശ്അരികളുടെ വിശ്വാസാദർശങ്ങൾ അഹ്ലുസ്സുന്നഃയുടെ വിശ്വാസ കാര്യങ്ങളുമായി കൂട്ടിക്കുഴക്കുകയാണ് ചെയ്തിരിക്കുന്നത്. കലർപ്പില്ലാത്ത സലഫീ മാർഗ്ഗം അതിൽ കാണുന്നില്ല. വിശുദ്ധ ഖുർആൻ വിവരണത്തിൽ സലഫുകൾ എന്നോ സലഫുകളുടെ രീതിയെന്നോ പറയുമ്പോൾ അത് അശ്അരികൾ പറയുന്ന വിവക്ഷ പ്രകാരമാണു താനും. അതിനാൽ ശരിയായ സലഫിയ്യത്ത് അതിൽനിന്ന് വേർതിരിക്കപ്പെടേണ്ടതായി വരുന്നു.
കൂടാതെ, കഅ്ബയിലേക്കുള്ള ഖിബ്ലഃ മാറ്റത്തെ കുറിച്ച് നൽകിയ വിവരണവും സൂക്ഷ്മമല്ല. അപ്രസക്തമോ അനാവശ്യമോ ആയ കുറേ അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും അനിവാര്യമായും പറഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിട്ടുകളയുകയും ചെയ്തിരിക്കുന്നു. ആദ്യമേ മസ്ജിദുൽ അഖ്സ്വായിലേക്ക് തിരിഞ്ഞാണ് നബി ﷺ യും അനുയായികളും നമസ്കരിച്ചിരുന്നത്. മദീനയിൽ ചെന്നപ്പോൾ ജൂതന്മാരെ തൃപ്തിപ്പെടുത്താൻ മസ്ജിദുൽ അഖ്സ്വായിലേക്ക് തിരിഞ്ഞു നമസ്കരിച്ചു എന്നത് വസ്തുതാപരമല്ല. അല്ലാഹുവിന്റെ കൽപന പ്രകാരമല്ലാതെ നബി ﷺ ഒരു കാര്യവും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യില്ല. അതേസമയം, കഅ്ബയിലേക്ക് ഖിബ്ലഃ മാറ്റിക്കിട്ടുക എന്നത് അവിടുത്തെ ഒരു ആഗ്രഹം തന്നെയായിരുന്നു. അതിനുവേണ്ടി അവിടുന്ന് പ്രാർത്ഥിച്ചിരുന്നതുമാണ്. അത് അല്ലാഹു സ്വീകരിക്കുകയും കഅ്ബയിലേക്ക് തിരിയാൻ കൽ പിക്കുകയും ചെയ്തു. ഇതാണ് വസ്തുത. 'സമുദായത്തിന്റെ ഏകീ കരണം, സൗകര്യം തുടങ്ങിയ പല ലക്ഷ്യങ്ങളെയും ഉന്നമാക്കിക്കൊണ്ടാണത് ' എന്നത് മതിയായ വിശദീകരണമല്ല. യഥാർത്ഥത്തിൽ ഖിബ്ല മാറ്റത്തിന്റെ ഫലങ്ങളിൽപെട്ട കാര്യങ്ങളാണവ. അതിന്റെ ലക്ഷ്യം അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട്. അത് ഇപ്രകാരം വായിക്കാം: ﴿وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلَّا لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللهُ وَمَا كَانَ اللهُ لِيُضِيعَ إِيمَانَكُمْ ۚ إِنَّ اللهَ بِالنَّاسِ لَرَءُوفٌ رَّحِيمٌ ١٤٣﴾ (البقرة) [റസൂലിനെ പിന്പറ്റുന്നതാര്, പിന്മാറിക്കളയുന്നതാര് എന്ന് തിരിച്ചറിയാന് വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞുനിന്നിരുന്ന ഭാഗത്തെ നാം ഖിബ്ലയായി നിശ്ചയിച്ചു തന്നിരുന്നത്. അല്ലാഹു നേര്വഴി കാണിച്ചവർക്കൊഴികെ മറ്റെല്ലാവര്ക്കും അത് ഒരു വലിയ പ്രശ്നമായിരിക്കും! നിങ്ങളുടെ വിശ്വാസത്തെ (ഇതുവരെ നിർവ്വഹിച്ച നമസ്കാരങ്ങളെ) അല്ലാഹു പാഴാക്കിക്കളയുകയില്ല. തീര്ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണ ചൊരിയുന്നവനുമാകുന്നു.] (ബഖറഃ 143)
ആർ നബി ﷺ യെ പിന്തുടരുന്നു (اتباع) എന്ന പരിശോധന യാണ് ഖിബ്ല മാറ്റത്തിന്റെ ലക്ഷ്യം. അല്ലാഹു തന്നെ അത് വ്യക്തമാക്കിയ നിലക്ക് അക്കാര്യം വ്യാഖ്യാനത്തിൽ വിട്ടുകളയരുതായിരുന്നു. മാത്രമല്ല, അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനക്ക് സർവഥാ കീഴ്പ്പെടുക എന്നതിലാണ് വിശ്വാസത്തിന്റെ പ്രകാശനം. അല്ലാഹുവിന്റെ കൽപനകൾക്കനുസരിച്ച് പ്രവർത്തിക്കുകയല്ലാതെ മറ്റുള്ളവരുടെ അഭീഷ്ടങ്ങൾക്കു വഴങ്ങുക എന്നത് നബി ﷺ ക്കും അനുവദനീയമല്ല. അല്ലാഹു പറയുന്നു: ﴿وَلَئِنْ أَتَيْتَ الَّذِينَ أُوتُوا الْكِتَابَ بِكُلِّ آيَةٍ مَّا تَبِعُوا قِبْلَتَكَ ۚ وَمَا أَنتَ بِتَابِعٍ قِبْلَتَهُمْۚ وَمَا بَعْضُهُم بِتَابِعٍ قِبْلَةَ بَعْضٍ ۚ وَلَئِنِ اتَّبَعْتَ أَهْوَاءَهُم مِّن بَعْدِ مَا جَاءَكَ مِنَ الْعِلْمِ إِنَّكَ إِذًا لَّمِنَ الظَّالِمِينَ ١٤٥﴾ (البقرة) [സകലമാന ദൃഷ്ടാന്തങ്ങളുമായി ഗ്രന്ഥം നല്കപ്പെട്ടവരെ നീ സമീപിച്ചാലും അവർ നിന്റെ ഖിബ്ലഃ പിന്തുടരുകയില്ല. നീ അവരുടെ ഖിബ്ലഃ പിന്തുടരുന്നവനുമല്ല. അവരില് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ ഖിബ്ല പിന്തുടരാനും പോകുന്നില്ല. ശരിയായ അറിവ് ലഭിച്ച ശേഷം നീ അവരുടെ അഭീഷ്ടങ്ങൾ പിന്പറ്റിയാല് നീ തന്നെയും അതിക്രമകാരികളുടെ കൂട്ടത്തിൽപെട്ടുപോകും.](ബഖറഃ 145)
ഖിബ്ലഃ മാറ്റത്തിൽ മാറ്റുരച്ചു നോക്കിയത് ആർ നബി ﷺ യെ പൂർണ്ണ മനസ്സോടെ പിന്തുടരുന്നു (اتباع) എന്നതാണ്. ഖിബ്ലഃ മാറ്റം ലോകത്തിനു മുന്നിൽ ഇത്തിബാഇന്റെ ഒരു മഹനീയ മാതൃക തന്നെ രചിക്കുകയും ചെയ്തിട്ടുണ്ട്. عَنْ عَبْدِ اللهِ بْنِ عُمَرَ، قَالَ: بَيْنَا النَّاسُ بِقُبَاءٍ فِي صَلاَةِ الصُّبْحِ، إِذْ جَاءَهُمْ آتٍ، فَقَالَ: إِنَّ رَسُولَ اللهِ ﷺ قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ قُرْآنٌ، وَقَدْ أُمِرَ أَنْ يَسْتَقْبِلَ الكَعْبَةَ، فَاسْتَقْبِلُوهَا، وَكَانَتْ وُجُوهُهُمْ إِلَى الشَّامِ، فَاسْتَدَارُوا إِلَى الكَعْبَةِ. [البخاري في صحيحه] [ഇബ്നു ഉമർ ﵁ നിവേദനം. അദ്ദേഹം പറയുന്നു: ജനങ്ങൾ ഖുബാ പള്ളിയിൽ വെച്ച് സുബ്ഹ് നമസ്കരിച്ചുകൊണ്ടിരിക്കെ അവിടേക്ക് ഒരു ആഗതനെത്തി. അദ്ദേഹം പറഞ്ഞു: ഈ രാത്രിയിൽ നബി ﷺ ക്ക് ഖുർആൻ അവതരിച്ചതു പ്രകാരം കഅ്ബയിലേക്ക് തിരിയാൻ കൽപിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ അവിടേക്ക് തിരിയുവീൻ. ശാമിനെ അഭിമുഖീകരിച്ചു നിന്നിരുന്ന അവർ നേരെ കഅ്ബയിലേക്ക് തിരിയുകയും ചെയ്തു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
മുകളിൽ കൊടുത്തിരിക്കുന്ന സൂക്തം പരിഭാഷക്കു വഴങ്ങാത്ത ഒരു വചനമാണ്. അത് വേണ്ടതുപോലെ ഗ്രഹിക്കണമെങ്കിൽ ആദ്യമായി മുഹമ്മദ് നബി ﷺ പ്രബോധനം ചെയ്ത ദീനിന്റെ ഘടനാവിശേഷം മനസ്സിലാക്കേണ്ടതുണ്ട്. അതിനാൽ അതു സംബന്ധിച്ച് ഒരു ലഘുവിവരണം നൽകാം.
അല്ലാഹു മനുഷ്യർക്ക് നൽകിയ മതമാണ് ഇസ്ലാം. അതു തന്നെയായിരുന്നു മുഴുവൻ നബിമാരും പ്രബോധനം ചെയ്തിരുന്ന ദീൻ. മുഹമ്മദ് നബി ﷺ യിലൂടെ അത് പൂർത്തീകരിക്കപ്പെട്ടു. ഇനിമേൽ പൂർത്തീകരിക്കപ്പെട്ട ഇസ്ലാം ദീനല്ലാതെ മറ്റൊന്നും മതമായി അല്ലാഹു സ്വീകരിക്കുകയുമില്ല.
ഇസ്ലാം മതത്തിന്റെ ഘടനാവിശേഷം മലക്ക് ജിബ്രീൽ ﵇ മനുഷ്യരൂപത്തിൽ വന്ന് ചോദ്യോത്തര രീതിയിൽ പഠിപ്പിച്ചതാണ്. പ്രസ്തുത സംഭവം ഇമാം മുസ്ലിം ﵀ തന്റെ സ്വഹീഹീൽ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ പ്രസക്ത ഭാഗം ഇവിടെ ഉദ്ധരിക്കാം: عَنْ ابْنِ عُمَرَ ﵁ قال: حَدَّثَنِي أَبِي عُمَرُ بْنُ الْخَطَّابِ قَالَ: بَيْنَمَا نَحْنُ عِنْدَ رَسُولِ اللهِ ﷺ ذَاتَ يَوْمٍ، إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ ﷺ، فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنِ الْإِسْلَامِ، فَقَالَ رَسُولُ اللهِ ﷺ: الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ ﷺ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلًا، قَالَ: صَدَقْتَ، قَالَ: فَعَجِبْنَا لَهُ يَسْأَلُهُ، وَيُصَدِّقُهُ، قَالَ: فَأَخْبِرْنِي عَنِ الْإِيمَانِ، قَالَ: أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ، قَالَ: صَدَقْتَ، قَالَ: فَأَخْبِرْنِي عَنِ الْإِحْسَانِ، قَالَ: أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ، قَالَ: فَأَخْبِرْنِي عَنِ السَّاعَةِ، قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ، قَالَ: فَأَخْبِرْنِي عَنْ أَمَارَتِهَا، قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ، قَالَ: ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قَالَ لِي: يَا عُمَرُ أَتَدْرِي مَنِ السَّائِلُ؟ قُلْتُ: اللهُ وَرَسُولُهُ أَعْلَمُ، قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ. [مسلم في صحيحه] [ഇബ്നു ഉമർ ﵁ നിവേദനം. എന്റെ പിതാവ് ഉമർ ബിൻ ഖത്താബ് ﵁ ആണ് എനിക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത്. അദ്ദേഹം പറയുന്നു: ഒരു ദിവസം ഞങ്ങൾ നബി ﷺ യുടെ അരികിൽ ഇരിക്കുകയായി രുന്നു. അപ്പോൾ വെളുവെളുത്ത വസ്ത്രവും കറുകറുത്ത രോമവു മായി ഒരാൾ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. യാത്രയുടെ പാടുകളൊന്നും അദ്ദേഹത്തിനുമേൽ കാണാനില്ല. ഞങ്ങളിൽ ഒരാൾക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അടുത്തേക്കിരുന്നു. തന്റെ കാൽമുട്ടുകൾ അവിടുത്തെ കാൽമുട്ടുകളിലേക്ക് ചേർത്തുവെച്ചു. തന്റെ രണ്ടു കൈപ്പത്തികളും അവിടുത്തെ കാൽതുടകളിൽ വെക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: ഓ മുഹമ്മദ് ! ഇസ്ലാമിനെ കുറിച്ച് താങ്കൾ എനിക്കു പറഞ്ഞുതന്നാലും.
അപ്പോൾ നബി ﷺ പറഞ്ഞു: ഇസ്ലാം എന്നാൽ അല്ലാഹു അല്ലാതെ ന്യായമായി ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്നും മഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും നീ സാക്ഷ്യപ്പെടുത്തലാണ്. നമസ്കാരം യഥാവിധം നിലനിർത്തിപ്പോരലും സകാത് നൽകലും റമദാനിൽ നോമ്പെടുക്കലും വഴിയാൽ സാധിക്കുമെങ്കിൽ കഅ്ബാലയത്തിൽ പോയി ഹജ്ജ് നിർവ്വഹിക്കലുമാണ്. അദ്ദേഹം പറഞ്ഞു: താങ്കൾ സത്യമാണ് പറഞ്ഞത്. അപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ആശ്ചര്യം തോന്നി. നബി ﷺ യോട് അദ്ദേഹം ചോദ്യം ഉന്നയിക്കുകയും നബി ﷺ യെ അപ്പാടെ സത്യപ്പെടുത്തുകയും ചെയ്യുന്നു!
അദ്ദേഹം തുടർന്നു: എങ്കിൽ ഈമാനിനെ കുറിച്ച് താങ്കൾ എനിക്ക് പറഞ്ഞുതന്നാലും. അവിടുന്ന് പറഞ്ഞു: നീ അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കലാണ്. അതേപോലെ, ഖദറിലും നീ വിശ്വസിക്കണം, അതു നന്മയാവട്ടെ തിന്മയാവട്ടെ. അപ്പോഴും അദ്ദേഹം പറഞ്ഞു: താങ്കൾ സത്യമാണ് പറഞ്ഞത്.
തുടർന്നു കൊണ്ട് അദ്ദേഹം ചോദിച്ചു: എനിക്ക് ഇഹ്സാനിനെ കുറിച്ച് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു: താങ്കൾ അല്ലാഹുവിനെ നേരിൽ കാണുന്ന പ്രകാരത്തിൽ അവനു മാത്രമായി ഇബാദത്ത് ചെയ്യലാണ്. താങ്കൾ അവനെ കാണുന്നില്ലെങ്കിലും നിശ്ചയമായും അവൻ താങ്കളെ കാണുന്നു.
അനന്തരം അദ്ദേഹം ചോദിച്ചു: എങ്കിൽ അന്ത്യനാളിനെ കുറിച്ച് താങ്കൾ എനിക്ക് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു: ചോദിക്കപ്പെട്ടയാൾ ചോദ്യകർത്താവിനെക്കാൾ അതിനെ കുറിച്ച് അറിവുള്ളവനല്ല. അദ്ദേഹം തുടർന്നു: എങ്കിൽ അതിന്റെ ലക്ഷണങ്ങൾ എനിക്ക് പറഞ്ഞു തന്നാലും. അവിടുന്ന് പ്രതിവചിച്ചു: അടിയാത്തി അവളുടെ ഉടമസ്ഥയെ പ്രസവിക്കലാണ്; ചെരിപ്പു ധരിക്കാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, ആടു മേച്ചുനടക്കുന്ന ഇടയച്ചെക്കന്മാർ ഉത്തുംഗമായ രമ്യഹർമ്യങ്ങൾ മാത്സര്യബുദ്ധിയോടെ പണികഴിപ്പിക്കുന്നത് നീ കാണലാണ്. ഉമർ ﵁ പറയുന്നു: അനന്തരം അദ്ദേഹം സ്ഥലം വിട്ടു. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവിടുന്ന് എന്നോടു ചോദിച്ചു: ഓ ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് താങ്കൾക്ക് അറിയാമോ? ഞാൻ പറഞ്ഞു: സൂക്ഷ്മമായി അറിയാവുന്നത് അല്ലാഹുവിനും അവന്റെ ദൂതനുമാണ്. അവിടുന്ന് പറഞ്ഞു: അത് ജിബ്രീലായിരുന്നു, നിങ്ങൾക്ക് നിങ്ങളുടെ ദീൻ പഠിപ്പിച്ചു തരാനാണ് അദ്ദേഹം വന്നത്. (മുസ്ലിം, സ്വഹീഹിൽ ഉദ്ധരിച്ചത്)
ചോദ്യോത്തര രൂപത്തിൽ ഇസ്ലാം ദീനിന്റെ സവിശേഷമായ ഘടനയാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. പ്രസ്തുത വിവരണമനുസരിച്ച് അല്ലാഹുവിന്റെ ദീനിന് മൂന്ന് തലങ്ങളുണ്ട്.
ഒന്ന്: ഇസ്ലാം. ഇതാണ് ദീനിന്റെ പ്രാഥമിക തലം. ഇത് പ്രത്യക്ഷമായ അഞ്ചു കാര്യങ്ങളിൽ നിലകൊള്ളുന്നു. അവയെ കുറിച്ച് പൊതുവെ ഇസ്ലാം കാര്യങ്ങൾ എന്നു പറയുന്നു.
രണ്ട്: ഈമാൻ; ഇതാണ് ദീനിന്റെ ദ്വിതീയ തലം. വിശ്വാസ കാര്യങ്ങളുടെ ആറു സ്തംഭങ്ങളിലാണ് അത് നിലകൊള്ളുന്നത്. അവ ഇസ്ലാം കാര്യങ്ങൾ പോലെ പ്രത്യക്ഷമായിരിക്കില്ല. കാരണം അറിവും ബോധ്യവും വിശ്വാസവുമായി ബന്ധപ്പെട്ടവയാണ് അവയെല്ലാം.
ഇസ്ലാമിക വ്യവഹാരത്തിൽ മേൽ പറഞ്ഞ രണ്ടു സംജ്ഞ കളുടെയും (ഇസ്ലാം, ഈമാൻ) പ്രയോഗ രീതി എങ്ങനെയാണെന്ന് കൂടി മനസ്സിലാക്കുന്നത് പ്രയോജനകരമായിരിക്കും. അവ രണ്ടും വ്യത്യസ്ത സന്ദർഭങ്ങളിൽ സ്വതന്ത്രമായി ഉപയോഗിക്കുമ്പോൾ രണ്ടിനും ഒരേ വിവക്ഷയായിരിക്കും. അല്ലാഹുവിന്റെ ദീനായ ഇസ്ലാമിനെ മതമായി സ്വീകരിച്ചവൻ എന്നതായിരിക്കും രണ്ടിന്റെയും വിവക്ഷ. രണ്ടും ഒരേ സന്ദർഭത്തിൽ ഒരുമിച്ച് ഉപയോഗിക്കുകയാണെങ്കിൽ അവയുടെ വിവക്ഷ വ്യത്യസ്തമായിരിക്കും. മുകളിൽ വിശദീകരിച്ചതു പോലെ, ദീനിന്റെ പ്രാഥമികവും ദ്വിതീയവുമായ തലങ്ങളെയായിരിക്കും അപ്പോൾ വിവക്ഷിക്കുന്നത്. ഒരുമിച്ച് നിൽക്കുമ്പോൾ വിവക്ഷയിൽ ഭിന്നിച്ചു പോവുകയും, ഭിന്നിച്ചു നിൽക്കുമ്പോൾ വിവക്ഷയിൽ ഒരുമിച്ചു നിൽക്കുകയും ചെയ്യുന്ന ശബ്ദാവലികളിൽപെട്ടതാണ് അവ.
മൂന്ന്: ഇഹ്സാൻ. ഇത് ദീനിന്റെ തൃതീയ തലം. ഇസ്ലാം മതത്തിന്റെ ഘടനാപരമായ ശ്രേണിയിൽ അവസാനത്തേത്. ഇത് പൂർണ്ണതയുടെ തലമാണ്. അല്ലാഹുവിനെ നേർക്കുനേരെ കണ്ണുകൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ഒരാൾ അവന് ഇബാദത്ത് ചെയ്താൽ എങ്ങനെയിരിക്കും?! അതിലപ്പറും ആരാധനയിൽ ഏകാഗ്രതയും പൂർണ്ണതയും പുലർത്തുക സാധ്യമല്ലല്ലോ. ഈ പരിപൂർണ്ണതയിൽ അല്ലാഹുവിനെ ആരാധിക്കുന്നതിനാണ് ഇഹ്സാൻ എന്ന് പറയുന്നത്. ഇത് പറയാൻ എളുപ്പമാണ്; പക്ഷെ നേടിയെടുക്കാൻ വളരെ പ്രയാസവും. ത്യാഗത്തിലൂടെ ഒരാൾക്ക് ഇത് എത്തിപ്പിടിക്കാൻ കഴിഞ്ഞാൽ അയാൾ അല്ലാഹുവിനുള്ള ഉബൂദിയ്യത്ത് നല്ലനിലയിൽ സാക്ഷാൽക്കരിച്ചിരിക്കുന്നു എന്ന് പറയാം. ഇഹ്സാനിനു തന്നെ രണ്ടു വശങ്ങളുണ്ട്:
- അദമ്യമായ അഭിനിവേശത്തോടും ആത്മത്വരയോടും കൂടി അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന അവസ്ഥാ വിശേഷം. (عبادة الشوق والطلب) അതിൽ യാതൊരു വിധ പങ്കത്തിനോ കളങ്കത്തിനോ സ്ഥാനമുണ്ടായിരിക്കുകയില്ല. അത്തരം ഒരു ഇബാദത്തിൽ നിന്ന് ഒരു അടിയന് പിൻവാങ്ങാൻ തോന്നുകയുമില്ല. കാരണം അല്ലാഹുവിനെ നേരിൽ കാണുന്ന മനോനിലയിലാണല്ലോ അദ്ദേഹം.
- ഭയപ്പാടോടു കൂടി ആത്മരക്ഷക്കായി പേടിച്ചോടുന്ന വൻ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന അവസ്ഥ. (عبادة الخوف والهرب). അല്ലാഹു തന്നെ കാണുന്നു എന്ന മനോനിലയിലായിരിക്കും അദ്ദേഹം. അല്ലാഹുവിനെ കുറിച്ചുള്ള അറ്റമില്ലാത്ത ഭയപ്പാടും, അവന്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളിൽനിന്ന് പേടിച്ചോടി അവനിൽ അഭയം തേടിക്കൊണ്ടുള്ള ആരാധനയുമാണത്.
ഇസ്ലാം മതത്തിന്റെ ഈ മൂന്നു തലങ്ങളും മനസ്സിലാക്കിയ ഒരാൾ മേൽ സൂക്തം പാരായണം ചെയ്യുകയും അതിലെ ആശയാവലികൾ പര്യാലോചന നടത്തുകയും ചെയ്യുമ്പോൾ അയാൾക്കു കടന്നുപോകാൻ കഴിയുന്ന അനുഭവ മൂല്യങ്ങൾ വിശദീകരിക്കുക സാധ്യമല്ല !!
«തീർച്ചയായും ഇങ്ങനെയാണു കാര്യം ! ഏതൊരാള് ഇഹ്സാനിന്റെ തലത്തോളം ഉയർന്ന് തന്റെ സ്വത്വം സർവഥാ അല്ലാഹുവിന് സമർപ്പിക്കുന്നുവോ, അവനു തന്റെ റബ്ബിന്റെയടുക്കൽ അതിനനുഗുണമായ പ്രതിഫലം ഉണ്ടായിരിക്കും. അത്തരക്കാര്ക്ക് ഭയപ്പെടാനൊന്നുമില്ല; അവര് ദുഃഖിക്കേണ്ടി വരികയുമില്ല.»
﴿وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ١٢٥﴾
ഓർക്കുക, കഅ്ബയെ നാം ജനങ്ങൾക്ക് ഒരു സങ്കേതവും അഭയസ്ഥാനവുമാക്കി നിശ്ചയിച്ചിരിക്കുന്നു. ഇബ്രാഹീം നിന്നു പ്രാർത്ഥിച്ച സ്ഥാനം നിങ്ങൾ നമസ്കാര സ്ഥലമാക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും നാം കൽപന നൽകി: ത്വവാഫ് ചെയ്യുന്നവര്ക്കും, ഇഅ്തികാഫ് ഇരിക്കുന്നവർക്കും, കുനിഞ്ഞും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നവർക്കും വേണ്ടി എന്റെ ഭവനം നിങ്ങൾ ഇരുവരും ശുദ്ധിയാക്കുക.
വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനത്തിൽ വസ്തുതാപരമായ ചില പിശകുകൾ സംഭവിച്ചിട്ടുണ്ട്.
[പള്ളികളിൽ പ്രവേശിക്കുന്നവർ രണ്ട് റക്അത്ത് 'തഹിയ്യത്ത്' (ഉപചാര നമസ്കാരം) നമസ്കരിക്കുവാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പോലെ, മസ്ജിദുൽ ഹറാം പള്ളിയിൽ പ്രവേശിക്കുന്നവർ അതിൻെറ സ്ഥാനത്ത് ചെയ്യേണ്ടത് ത്വവാഫത്രെ.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/245)
ഈ വിശദീകരണം ശരിയല്ല. മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നവർക്കും മറ്റു പള്ളികളിലേതു പോലെ തന്നെ തഹിയ്യത്ത് നമസ്കാരം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അവിടെ പ്രവേശിക്കുമ്പോഴെല്ലാം ത്വവാഫ് നിയമമാക്കിയിട്ടില്ല. ഒരാൾ കഅ്ബയിൽ ചെന്ന് ത്വവാഫ് ചെയ്യുകയും, തവാഫിൻെറ രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ പിന്നെ അയാൾക്ക് തഹിയ്യത്ത് നമസ്കാരമില്ല. നബി ﷺ അങ്ങനെ ചെയ്തതായി നബിചര്യയിൽ സ്ഥിരപ്പെട്ടിരിക്കുന്നു. ത്വവാഫ് ചെയ്യാൻ ഉദ്ദേശിക്കാത്ത ഒരാൾ മറ്റു പള്ളികളിൽ പ്രവേശിച്ചാലെന്ന പോലെ മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചാലും തഹിയ്യത്ത് നമസ്കരിക്കണം. ഇതാണു യാഥാർത്ഥ്യം.
എന്നാൽ, വിശുദ്ധ ഗേഹത്തിനുള്ള (البيت) തഹിയ്യത്ത് ത്വവാഫാണ് എന്ന് അർത്ഥം വരുന്ന ഒരു റിപ്പോർട്ടുണ്ട്. അതിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് ഹദീസ് നിരൂപകന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം അൽബാനി ﵀ പറയുന്നത് കാണുക: «تحية البيت الطواف» لا أعلم له أصلا، وإن اشتهر على الألسنة. [الألباني في سلسلة الأحاديث الضعيفة والموضوعة] [«വിശുദ്ധ ഗേഹത്തിനുള്ള (البيت) തഹിയ്യത്ത് ത്വവാഫാണ്» എന്നത് നാവുകളിൽ ഏറെ പ്രചാരമുള്ളതാണെങ്കിലും അതിന് യാതൊരു അടിസ്ഥാനവും ഉള്ളതായി എനിക്കറിയില്ല.] (അൽബാനി, സിൽസിലതുൽ അഹാദീസി ള്ളഈഫഃ വൽമൗളൂഅഃയിൽ രേഖപ്പെടുത്തിയത്)
മേൽ സൂക്തത്തിന് മലയാളത്തിലെ ഖുർആൻ വിവരണങ്ങളിൽ നൽകിയിരിക്കുന്ന അർത്ഥവും വ്യാഖ്യാനവും അനുവാചകർക്ക് ആശയ വ്യക്തത നൽകാൻ പര്യാപ്തമല്ല. ഉദാഹരണമായി വിശുദ്ധ ഖുർആൻ വിവരണത്തിലെ പരിഭാഷ കാണുക:
[പറയുക: (അതല്ല,) പക്ഷെ, ഋജുമനസ്കനായിരുന്ന ഇബ്റാഹീമിന്റെ മാർഗ്ഗം. [അതാണ് ഞങ്ങൾ പിൻപറ്റുക]. അദ്ദേഹം 'മുശ്രിക്കു' [ബഹുദൈവ വിശ്വാസി]കളിൽ പെട്ടവനായിരുന്നതുമില്ല.] (വിശുദ്ധ ഖുർആൻ വിരണം, പുറം 1/254)
ഹനീഫ് എന്ന ഖുർആനിക സംജ്ഞയുടെ ശരിയായ വിവക്ഷ പരിഭാഷയിൽ ചോർന്നു പോയിരിക്കുന്നു! ഋജുമനസ്കൻ എന്നത് ഹനീഫ് എന്നതിനു നിർദ്ദേശിക്കാവുന്ന ഒരു സമമൂല്യ ശബ്ദമല്ല. മലയാളഭാഷയുടെ പരിമിതികൾ കാരണം അടിസ്ഥാന ആശയങ്ങൾ വായനക്കാർക്ക് ലഭിക്കാതെ പോകരുതല്ലോ. അതിനുവേണ്ടി അത്തരം സംജ്ഞകളുടെ ആശയമൂല്യങ്ങൾ സ്വതന്ത്രമായി വിവരിക്കാവുന്നതാണ്.
ഇബ്റാഹീം ﵇ നെ കുറിച്ച് പറയുന്ന സന്ദർഭങ്ങളിലാണ് ഈ പദം അധികവും പ്രയോഗിച്ചിട്ടുള്ളത്. അദ്ദേഹം 'ഹനീഫ് ' ആയിരുന്നു, 'ഹനീഫ് ' ആയ നിലയിൽ ഇബ്റാഹീമിന്റെ മാർഗ്ഗം നിങ്ങൾ പിൻപറ്റുക, 'ഹനീഫ് ' ആയിക്കൊണ്ട് എന്റെ മുഖം ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിലേക്ക് തിരിച്ചിരിക്കുന്നു... പോലുള്ള പ്രയോഗങ്ങളിൽ ഹനീഫ് എന്നതു കൊണ്ട് വിവക്ഷിച്ചിരിക്കുന്നതെന്താണ്?
അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന മുഴുവൻ ത്വാഗൂത്തുകളെയും അവർക്ക് സമർപ്പിക്കപ്പെടുന്ന സകലമാന ആരാധനകളെയും അവയെ ആരാധിക്കുന്ന മുഴുവൻ മുശ്രിക്കുകളെയും പൂർണ്ണമായും വർജ്ജിക്കുകയും, ശിർക്കിന്റെ ഭാഗം തന്നെ പരിപൂർണ്ണമായി വിട്ടൊഴിയുകയും ചെയ്യുക. എന്നിട്ട്, അല്ലാഹുവിനെ മാത്രം റബ്ബും ഇലാഹുമായി അംഗീകരിക്കുക. അവനു മാത്രമായി യാതൊരുവിധ കലർപ്പുമില്ലാതെ ഇബാദത്ത് ചെയ്യുക. ഇബാദത്തുകൾ അവൻ നിർദ്ദേശിക്കുന്ന വിധത്തിൽ മാത്രം നിർവ്വഹിക്കുക. ഇത് തൗഹീദിന്റെ പക്ഷം. ഇപ്പറഞ്ഞ തൗഹീദ് പക്ഷത്ത് അചഞ്ചലമായി നിലയിറപ്പിക്കുക. ഈ മാർഗ്ഗത്തിന്റെ പേരാണ് ഹനീഫിയിയ്യഃ.
ഹനീഫിയ്യഃ ഒരു പക്ഷത്തെ, അഥവാ തൗഹീദിന്റെ പക്ഷത്തെ സൂചിപ്പിക്കുന്ന സംജ്ഞയാണ്. സത്യത്തിന്റെയോ അസത്യത്തിന്റെയോ പക്ഷമില്ലാത്ത നിഷ്പക്ഷം എന്ന കപടനാട്യം ഹനീഫിയ്യത്തല്ല. വ്യക്തമായും ശക്തമായും തൗഹീദിനു പക്ഷംപിടിക്കുന്നതാണ് ഈ മാർഗ്ഗം. തൗഹീദിന്റെ പക്ഷത്തു നിൽക്കാത്ത ഒരാൾ സ്വാഭാവികമായും ശിർക്കിന്റെ പക്ഷത്തായിപ്പോവുക തന്നെ ചെയ്യും. കാരണം, ആരാധന മനുഷ്യപ്രകൃതിയുടെ അപ്രതിഹതമായ ഒരു ത്വരയാണ്. അവിടെ ഒരു ശൂന്യത നിലനിൽക്കുകയില്ല. ഒന്നുകിൽ ന്യായമായും ആരാധിക്കപ്പെടേണ്ട അല്ലാഹു. അല്ലെങ്കിൽ, ഏതെങ്കിലും ത്വാഗൂത്ത്. വിഗ്രഹരൂപിയായ ഒരു ത്വാഗൂത്തില്ലെങ്കിൽ അമൂർത്തമായ അഹത്തെയെങ്കിലും അവൻ അനിവാര്യമായും ആരാധിക്കുന്നുണ്ടാകും. ആരാധനയാവാൻ വിളക്കുകത്തിച്ച് പൂജിക്കുകയോ വിനയാന്വിതമതായ സപര്യ നടത്തുകയോ വേണ്ടതില്ല. നിസ്സഹായതകളിൽ, വിഹ്വലതകളിൽ തിരിഞ്ഞുനിൽക്കുന്ന മനസ്സിന്റെ ഭാവങ്ങളിൽ ആരാധനയുടെ നിറച്ചാർത്തു കാണാം. എന്റെ ജീവിതം! എന്റെ നിയമം!! എന്ന അഹങ്കാരത്തിലും സ്ഫുരിക്കുന്നത് മറ്റൊന്നല്ല.
ഒരു മുസ്ലിം ഹനീഫായിരിക്കണം. നിറമോ വർണ്ണമോ ഇല്ലാത്ത നിഷ്പക്ഷം എന്ന കപടനാട്യം അവന്റെ വഴിയല്ല. മറിച്ച് വ്യക്തമായി പരമസത്യമായ തൗഹീദിന്റെ ഭാഗത്തു നിൽക്കാൻ അവൻ ബാധ്യസ്ഥനാണ്. സ്വർഗ്ഗത്തിലേക്കുള്ള വഴിയാണത്. വളരെ വിലപിടിപ്പുള്ള ചരക്കാണ് സ്വർഗ്ഗം. അതിനു നൽകേണ്ടതോ ജീവന്റെ വിലയും.
അവർ പറഞ്ഞു: ജൂതരോ ക്രൈസ്തവരോ ആയിക്കൊള്ളൂ, നിങ്ങൾക്ക് നേർവഴി പ്രാപിക്കാം. പറയുക: അല്ല, ശിർക്കിന്റെ ഭാഗം തീർത്തും വെടിഞ്ഞ്, വ്യക്തമായും തൗഹീദിന്റെ പക്ഷത്ത് നിന്ന ഇബ്റാഹീമിന്റെ മാർഗ്ഗമാണ് ഞങ്ങൾ പിന്തുടരുന്നത്. അദ്ദേഹം മുശ്രിക്കുകളിൽ പെട്ടവനായിരുന്നില്ല.
﴿وَقَالُوا كُونُوا هُودًا أَوْ نَصَارَىٰ تَهْتَدُوا ۗقُلْ بَلْ مِلَّةَ إِبْرَاهِيمَ حَنِيفًاۖ وَمَا كَانَ مِنَ الْمُشْرِكِينَ ١٣٥﴾
﴿قُولُوا آمَنَّا بِاللهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ ١٣٦﴾
മുൻകാല നബിമാരെയും അവർക്കു നൽകപ്പെട്ട ഗ്രന്ഥങ്ങളെയും ഒരു മുസ്ലിം എങ്ങനെ സമീപിക്കണം എന്നതു സംബന്ധിച്ചുള്ള അല്ലാഹുവിന്റെ വ്യക്തമായ കൽപനയാണ് മേൽ സൂക്തത്തിലുള്ളത്. ഇതു സംബന്ധിച്ച് സാമാന്യം ഭേദപ്പെട്ട ഒരു താത്വിക വിശദീകരണമാണ് വിശുദ്ധ ഖുർആൻ വിവരണത്തിലും നൽകിയിരിക്കുന്നത്. അത് താഴെ ഉദ്ധരിക്കാം:
[എന്നാലും അവയിൽ ഖുർആനോട് ശരിക്കും യോജിച്ചുകാണുന്ന ഭാഗം സത്യമെന്ന് വിശ്വസിക്കൽ നിർബന്ധമാണുതാനും. ഖുർആന്റെ പ്രസ്താവനക്ക് വ്യക്തമായും എതിരായി കാണുന്ന ഭാഗം നിരസിക്കുകയല്ലാതെ നിവൃത്തിയുമില്ല. രണ്ടും കൽപിക്കുവാൻ കഴിയാത്ത ഭാഗത്തെപ്പറ്റി - തൗറാത്തും ഇഞ്ചീലും അടങ്ങിയതെന്ന് പറയപ്പെടുന്ന ഇന്നത്തെ ബൈബിളിലെ അധിക ഭാഗവും ഈ വിഭാഗത്തിൽപെട്ടതാണു താനും - മൗനമവലംബിക്കുവാനേ നിവൃത്തിയുള്ളു. അബൂ ഹുറയ്റ (റ) യിൽനിന്ന് ബുഖാരീ (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഹിബ്റു ഭാഷയിൽ നിന്ന് വേദക്കാർ തൗറാത്ത് വായിച്ച് മുസ്ലിംകൾക്ക് അറബി ഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കാറുണ്ടായിരുന്നു. അപ്പോൾ, അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: 'നിങ്ങൾ വേദക്കാരെ സത്യമാക്കുകയും അവരെ വ്യാജമാക്കുകയും ചെയ്യരുത്. അല്ലാഹുവിലും അല്ലാഹു അവതരിപ്പിച്ചതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നുവെന്ന് പറയുകയും ചെയ്യുവിൻ.'] (വിശുദ്ധ ഖുർആൻ വിരണം, പുറം 1/256-257)
മേൽ വിവരണത്തിൽ മുൻഗാമികൾക്ക് നൽകപ്പെട്ട ഗ്രന്ഥങ്ങളുടെ കാര്യത്തിൽ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് നിഷ്കൃഷ്ടമായാണ് വരച്ചുകാണിച്ചിട്ടുള്ളത്. പക്ഷെ, അതിനു വിപരീതമായി വിശുദ്ധ ഖുർആൻ വിവരണത്തിൽ തന്നെ അത്തരം ഗ്രന്ഥങ്ങളിൽനിന്ന് നിർലോഭം ഉദ്ധരിക്കുന്നത് കാണാം.
"രണ്ടും കൽപിക്കുവാൻ കഴിയാത്ത ഭാഗത്തെപ്പറ്റി - തൗറാത്തും ഇഞ്ചീലും അടങ്ങിയതെന്ന് പറയപ്പെടുന്ന ഇന്നത്തെ ബൈബിളിലെ അധിക ഭാഗവും ഈ വിഭാഗത്തിൽപെട്ടതാണു താനും - മൗനമവലംബിക്കുവാനേ നിവൃത്തിയുള്ളു" എന്നതിന്റെ വിവക്ഷ അവർ സംസാരിക്കുമ്പോൾ നിശ്ശബ്ദമായിരിക്കുക എന്നതല്ലല്ലോ. രചനകളിൽ മൗനം പാലിക്കുക എന്നാൽ അത്തരം കാര്യങ്ങൾ ഉദ്ധരിക്കാതെ വിട്ടേക്കലാണ്. ദുഃഖകരമെന്നു പറയട്ടെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ ഈ വസ്തുത താത്വികമായി അംഗീകരിക്കുകയും പ്രയോഗതലത്തിൽ നഗ്നമായി ലംഘിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിലെ പല ഭാഗങ്ങളും ബൈബിൾ കൊണ്ട് എങ്ങനെ ഖുർആൻ വ്യാഖ്യാനിക്കാമെന്ന് കാണിച്ചു തരികയാണോ എന്നുപോലും തോന്നിപ്പോകും. അനുവാചകർ കാര്യങ്ങൾ യഥാവിധം വിലയിരുത്തുമെന്ന് പ്രത്യാശിക്കുന്നു. അധിക വായനക്ക് മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം (പുറം 92) കാണുക.
നിങ്ങൾ പറയുക: അല്ലാഹുവിലും, ഞങ്ങൾക്ക് അവതരിപ്പിച്ചതിലും, ഇബ്റാഹീമിനും ഇ സ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികൾക്കും അവതരിപ്പിക്കപ്പെട്ടതിലും, മൂസാ, ഈസാ എന്നിവർക്ക് നൽകപ്പെട്ടതിലും, മുഴുനബിമാർക്കും അവരുടെ റബ്ബിങ്കൽനിന്നും അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കാണിക്കുകയില്ല. ഞങ്ങൾ അല്ലാഹുവിന് സർവഥാ കീ ഴ്പ്പെട്ടവരാണ്. (136)