Quran explanation
ബഖറഃ,الْبَقَرَةُസൂക്തം 173
Vol. 2 Page 765
﴿إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللهَ غَفُورٌ رَّحِيمٌ ١٧٣﴾
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളു. ഇനി ആരെങ്കിലും നിഷിദ്ധമാക്കപ്പെട്ടതിനോട് താൽപര്യം കാണിക്കാതെയും പരിധി ലംഘിക്കാതെയും അത് ഭക്ഷിക്കാൻ നിർബന്ധിതനായാൽ അവന്റെമേൽ കുറ്റമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (173)
വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു വ്യാഖ്യാനമായി അപ്രസക്തമായ കുറേ അഭിപ്രായങ്ങൾ നിരത്തുകയാണ് ചെയ്തിരിക്കുന്നത്. മാത്രമല്ല, അവയിൽ ഏതാണ് സ്വീകരിക്കേണ്ടത്, ഏതാണ് തള്ളേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുമില്ല. ഖുർആൻ സൂക്തങ്ങൾ വിശദീകരിക്കുമ്പോഴും, മതപരമായ കാര്യങ്ങൾ വിവരിക്കുമ്പോഴും അനിവാര്യ സാഹചര്യങ്ങളിൽ മാത്രമേ അഭിപ്രായവ്യത്യാസങ്ങൾ ഉദ്ധരിക്കാൻ പാടുള്ളു. അങ്ങനെ ഉദ്ധരിക്കേണ്ടി വന്നാൽ ഏത് സ്വീകരിക്കണം, ഏതു തള്ളണം എന്നു വ്യക്തമാക്കേണ്ടതുമാണ്. വ്യത്യസ്ത അഭിപ്രായങ്ങളിൽ ഒന്നിനു മുൻഗണന നൽകുമ്പോൾ അതിനുള്ള കാരണം വിശദീകരിക്കുകയും വേണം. അല്ലാത്തപക്ഷം വായനക്കാർ ആശയക്കുഴപ്പത്തിലാവുകയേ ഉള്ളു. താഴെ കൊടുക്കുന്ന ഭാഗം ശ്രദ്ധിക്കുക:
[ഇസ്ലാമിക ഭരണകൂടത്തിനെതിരിൽ രാജ്യദ്രോഹം നടത്തുക, കൊള്ളയും കവർച്ചയും നടത്തുക മുതലായ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് നിമിത്തമാണ് നിർബന്ധിതാവസ്ഥ നേരിട്ടതെങ്കിൽ, ഈ ആനുകൂല്യം അങ്ങിനെയുള്ളവർക്ക് ബാധകമാകുന്നതല്ലെന്ന് ഈ ഉപാധികളെ വ്യാഖ്യാനിച്ചുകൊണ്ട് ചില മഹാന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ, ഇത്തരം അക്രമ പ്രവർത്തനങ്ങൾ തെറ്റായതു കൊണ്ട് ഒരാൾ അയാളുടെ ജീവനെ പട്ടിണിയിട്ട് കൊല്ലുക എന്ന തെറ്റ് ഇല്ലാതാകുന്നു, അതുകൊണ്ട് നിർബന്ധിതാവസ്ഥയിലുള്ള ഈ ആനുകൂല്യം അവർക്കും ബാധകം തന്നെയാണെന്നുമാണ് ഇബ്നു ജരീർ മുതലായവരുടെ അഭിപ്രായം.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/293)
'ചില മഹാന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു' എന്ന പരാമർശം പല കാരണങ്ങളാലും ആക്ഷേപാർഹമാണ്.
- ആരാണ് ഈ മഹാന്മാർ എന്നു വ്യക്തമാക്കേണ്ടതാണ്; അതുണ്ടായിട്ടില്ല. ദീനീ കാര്യങ്ങൾ വിനിമയം ചെയ്യുന്നവരുടെ പേര് വെളിപ്പെടുത്തണം എന്നതാണ് അടിസ്ഥാന തത്വം.
- പേര് വെളിപ്പെടുത്തുന്ന മുറക്ക് അവരുടെ വിശ്വാസ്യത പരിശോധിക്കേണ്ടതും വിമർശനാത്മകമായി വിലയിരുത്തേണ്ടതുമാണ്. അതിന് ഇവിടെ സാഹചര്യമില്ല.
- യോഗ്യരായ ആളുകളാണെങ്കിൽ തന്നെ അവരുടെ അഭിപ്രായം സ്വന്തം നിലയിൽ തെളിവാകുകയില്ല. അതിനെ സാധൂകരിക്കുന്ന പ്രമാണ രേഖ ഉദ്ധരിക്കാൻ സാധിക്കണം. അത് ഈ വിഷയത്തിൽ അസാധ്യമാണു താനും.
- ഇവിടെ ചൂണ്ടിക്കാണിച്ച അഭിപ്രായം, അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതു കൊണ്ടാണ് നിർബന്ധിതാവസ്ഥ സംജാതമായത് എങ്കിൽ അത്തരക്കാർക്ക് മേൽ സൂക്തത്തിൽ പറഞ്ഞ ഇളവ് ലഭിക്കുകയില്ല എന്നാണ്. ഇങ്ങനെ ഒരു നിബന്ധന ഖുർആനിലോ നബിചര്യയിലോ സലഫുകളുടെ നടപടിക്രമങ്ങളിലോ ഇല്ലാത്തതാണ്. ആകയാൽ ഈ അഭിപ്രായം തള്ളിക്കളയേണ്ടതാണ്.
ഇത്തരം അപ്രസക്തമായ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നതുതന്നെ അനുചിതമാണ്. കൂടാതെ, അവതരണത്തിൽ അതിനു പ്രഥമസ്ഥാനം നൽകുകയും ചെയ്തിരിക്കുന്നു. ഇബ്നു ജരീറുത്ത്വബരി ﵀യും മറ്റുപലരും ചൂണ്ടിക്കാണിച്ചതു പോലെ, നിർബന്ധിതാവസ്ഥയുടെ ഇളവ് എല്ലാവർക്കും ബാധകമാണ്. അല്ലെന്ന് വാദിക്കുന്നവർ അതിനു രേഖ ഹാജരാക്കേണ്ടി വരും. അങ്ങനെ ഒരു രേഖ ഇല്ലെന്നതാണ് യാഥാർത്ഥ്യം.
കൂടാതെ, ഇവിടെ ശരിയായ പക്ഷം ഇബ്നു ജരീറുത്ത്വബരി ﵀ ചൂണ്ടിക്കാണിച്ച കാര്യമാണ്. പക്ഷെ, അത് രണ്ടാമത്തെ ഒരു അഭിപ്രായം മാത്രമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പതിവു ശൈലിയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിരത്തി, അവയിൽ ഏതാണ് ശരി എന്ന് നിർണ്ണയിക്കാതെ പോവുകയും ചെയ്തിരിക്കുന്നു. ഇത് നടേ വ്യക്തമാക്കിയതു പോലെ സലഫുകളുടെ രീതിയുമായി ഒത്തുപോകുന്നതല്ല. വായനക്കാർക്ക് ഒരു തീരുമാനത്തിലെത്താൻ കഴിയാത്ത, വിഷയങ്ങളിൽ വ്യക്ത വരുത്താത്ത ഇത്തരം വ്യാഖ്യാനങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിന്റെ അനുവാചകരിൽ തന്നെ വലിയ തോതിൽ ആശയക്കുഴപ്പവും അങ്കലാപ്പും സൃഷ്ടിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.