Quran explanation
യൂസുഫ്,يُوسُفُസൂക്തം 05
Vol. 2 Page 1158
﴿قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ٥﴾
അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞോമനേ, നീ കണ്ട സ്വപ്നം നിന്റെ സഹോദരന്മാരോട് നീ വിവരിക്കരുത്. അവര്‍ നിനക്കെതിരെ വല്ല കുതന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു. (5)
[ഇവര്‍ രണ്ടാളും ഒരു മാതാവില്‍ നിന്നുള്ളവരായിരുന്നുവെന്നും, ഇവര്‍ രണ്ടാളോടും – പ്രത്യേകിച്ചും യൂസുഫിനോടു - പിതാവിനു കൂടുതല്‍ വാത്സല്യമുണ്ടായിരുന്നുവെന്നും, അതുകൊണ്ടു മൂത്ത പുത്രന്മാര്ക്ക് അവരുടെ നേരെ അനിഷ്ടം തോന്നിയിരുന്നുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നു. ബൈബിളിലും അപ്രകാരം കാണാം.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1513)
ഖുർആനിലോ ഖുർആൻ വ്യാഖ്യാനങ്ങളിലോ പറഞ്ഞ കാര്യങ്ങൾ ബൈബിളിലുണ്ടെങ്കിൽ നേരെ അതിലേക്ക് എടുത്തുചാടി ഉദ്ധരിക്കാൻ തുനിയുന്ന പ്രവണതയാണ് സലഫുകളുടെ മാതൃകയിലുള്ള ഖുർആൻ വ്യാഖ്യാനമായി ദർശനം ചെയ്ത വിശുദ്ധ ഖുർആൻ വിവരണത്തിൽ കാണുന്നത്. ഒരു നിലയിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിത്. ഇതിനു മുമ്പ് പല തവണ സൂചിപ്പിച്ചതു പോലെ, മുസ്ലിം ബഹുജനങ്ങൾക്ക് ഖുർആൻ സൂക്തങ്ങൾ വിവരിച്ചു കൊടുക്കാൻ വേണ്ടി ബൈബിളിനെ കൂട്ടുപിടിക്കുന്ന ഈ രീതി സലഫുകളുടെ മാർഗ്ഗത്തിനു വിരുദ്ധമാണ്. ഖുർആനിനെ ബൈബിളുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. ബൈബിളിനോടുള്ള ഭക്ത്യാദരവുകൾ ഇവ്വിധം അതിരു വിടുന്നത് തീർത്തും അപലപനീയമാണ്. ഖുർആനിൽ നിന്ന് വെളിച്ചം തേടുന്ന സാധാരണക്കാരുടെ ഹൃദയങ്ങൾ ബൈബിൾ കഥകൾ കേൾപ്പിച്ച് ദുഷിപ്പിക്കാതിരിക്കുക. അവർ ശുദ്ധപ്രകൃതിയിലും ഹൃദയവിശുദ്ധിയിലും ജീവിച്ചു മരിച്ചു പോകട്ടെ.
ബൈബിൾ ഉപയോഗിച്ച് ഖുർആൻ വ്യാഖ്യാനിക്കുന്നത് സലഫുകളുടെ രീതിയല്ല. പൂർവ്വഗ്രന്ഥങ്ങൾ നമ്മുടെ സ്രോതസ്സുമല്ല. വിശദാംശങ്ങൾക്ക് മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം (പുറം 1/92) കാണുക.