Quran explanation
ബഖറഃ,الْبَقَرَةസൂക്തം 58
Vol. 1 Page 649
﴿وَإِذْ قُلْنَا ادْخُلُوا هَٰذِهِ الْقَرْيَةَ فَكُلُوا مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَّغْفِرْ لَكُمْ خَطَايَاكُمْ ۚ وَسَنَزِيدُ الْمُحْسِنِينَ ٥٨﴾
നാം പറഞ്ഞ സന്ദർഭം: നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുക. അവിടെ നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുക. തലകുനിച്ചു കൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപവചനം ഉരുവിടുകയും ചെയ്യുക. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സുകൃതങ്ങൾ ചെയ്യുന്നവർക്ക് അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് തരുകയും ചെയ്യും.
മേൽ സൂക്തം വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കാണാം:
[هذه القرية (ഈ രാജ്യം) കൊണ്ടുദ്ദേശ്യം ബൈത്തുൽ മുഖദ്ദസാ(*)ണെന്നും, അരീഹാ(**)യാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്... ഇത് മിക്കവാറും ബൈത്തുൽ മുഖദ്ദസിനെ ഉദ്ദേശിച്ചായിരിക്കുവാനാണ് സാധ്യത. അതു കൊണ്ട് പ്രധാന ഖുർആൻ വ്യാഖ്യാതാക്കൾ പലരും ബൈത്തുൽ മുഖദ്ദസാണ് ഇവിടെ ഉദ്ദേശ്യം എന്ന പക്ഷക്കാരാകുന്നു... (അല്ലാഹുവിന്നറിയാം) ഈ വിഷയം ബൈബിളിൽ കാണുന്നില്ല.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/181)
മേൽ വിവരണം വായിക്കുന്ന ഏതൊരു അനുവാചകനും മനസ്സിലാക്കുക, ഖുർആൻ വ്യാഖ്യാനിക്കാനുള്ള ഒരു ഉപാധിയാണ് ബൈബിൾ എന്നാണ്. വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ മുൻഗണന കൽപിക്കാൻ ബൈബിളിലുള്ള പരാമർശങ്ങൾ ഉപയോഗിക്കാമെന്നുമാണ്. വസ്‌തുത മറിച്ചാണ്:
- ഇന്നു ലഭിക്കുന്ന ബൈബിൾ യഥാർത്ഥ തൗറാത്തും ഇഞ്ചീലുമല്ല.
- യഥാർത്ഥ തൗറാത്തും ഇഞ്ചീലും തന്നെ ഖുർആൻ അവതരിച്ചതോടെ റദ്ദാക്കപ്പെട്ടിരിക്കുന്നു.
- ബൈബിളിനെ മാത്രമല്ല, യഥാർത്ഥ തൗറാത്ത്, ഇഞ്ചീൽ എന്നിവയെപ്പോലും ഖുർആൻ വ്യാഖ്യാനിക്കാനുള്ള സ്രോതസ്സോ ഉപകരണമോ ആയി കാണാവതല്ല.
- ആയതിനാൽ മേൽ വ്യാഖ്യാനം അനുചിതവും സലഫുകളുടെ രീതിക്ക് നിരക്കാത്തതുമാണ്.
തദ്വിഷയകമായി കൂടുതൽ മനസ്സിലാക്കാൻ മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഇസ്‌ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം (പുറം 92) കാണുക.