Skip to the text
Quran Vivaranam

107 sections in book mode

Quran explanation

അൻആം,الْأَنْعَامُസൂക്തം 121

Vol. 2 Page 1018

﴿وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ ١٢١﴾

അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാതെ അറുത്തതിൽ നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങള്‍ മുശ്‌രിക്കുകളായിപ്പോകും. (121)

[എന്നാൽ ഇമാം ശാഫിഈ (റ) യുടെയും മറ്റു ചിലരുടെയും അഭിപ്രായം അറുക്കുമ്പോൾ ബിസ്മി ചൊല്ലണമെന്നു നിർബ്ബന്ധമില്ല - അതു വേണ്ടപ്പെട്ട കാര്യവും നല്ലതുമാണെന്നേയുള്ളു - എന്നാകുന്നു. അല്ലാഹുവിന്റെ നാമം പറയപ്പെടാതെ അറുത്തതു (ما لم يذكر اسم الله عليه) എന്ന വാക്കിന്റെ താൽപര്യം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടതു (ما أهل لغير الله به) എന്നത്രെ അവരുടെ അഭിപ്രായം. താഴെ 145-ാം വചനത്തിൽ, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടതിനെപ്പറ്റിയാണു 'തോന്നിയവാസം' (فسق) എന്നു വിശേഷിപ്പിച്ചിരിക്കുന്നതു. അതു പോലെ, ആ വിശേഷണം (وإنه لفسق എന്നുള്ളതു) ഇവിടെയും അതിനെ ഉദ്ദേശിച്ചാണു - അല്ലാഹുവിന്റെ പേരു പറയാതെ അറുത്തതിനെ ഉദ്ദേശിച്ചല്ല - എന്നും അവർ പറയുന്നു. കൂടാതെ, ആയിശാ (റ) യുടെ ഒരു ഹദീസും ഇതിനു തെളിവായി ഉദ്ധരിക്കപ്പെടുന്നു. അതിങ്ങനെയാണു; ചില ആളുകൾ റസൂൽ (സ) തിരുമേനിയോട് പറഞ്ഞു: 'അടുത്ത കാലത്തു ഇസ്‌ലാമിൽ വന്ന ചില ജനങ്ങൾ ഞങ്ങളുടെ അടുക്കൽ മാംസവും കൊണ്ടുവരുന്നു. അതിൽ അല്ലാഹുവിന്റെ നാമം പറയപ്പെട്ടിരിക്കുമോ ഇല്ലേ (ബിസ്‌മി ചൊല്ലിയിരിക്കുമോ ഇല്ലേ) എന്ന് ഞങ്ങൾക്ക് അറിയുകയില്ല. (ഇത് ഞങ്ങൾക്ക് ഭക്ഷിക്കാമോ)' തിരുമേനി ഉത്തരം പറഞ്ഞു: 'നിങ്ങൾ അതിൽ അല്ലാഹുവിന്റെ നാമം പറഞ്ഞു (ബിസ്‌മി ചൊല്ലി) ഭക്ഷിച്ചു കൊള്ളുവിൻ.' (ബുഖാരീ)

അപ്പോൾ, അറുക്കുമ്പോൾ ബിസ്‌മി ചൊല്ലൽ നിർബന്ധമുണ്ടെങ്കിൽ, അതിന്റെ സൂക്ഷ്മാവസ്ഥ അന്വേഷിക്കാതെ അതു ഭക്ഷിക്കുവാൻ നബി (സ) അനുവാദം കൊടുക്കുമായിരുന്നില്ല. അവിശ്വാസികൾ അവരുടെ വിഗ്രഹങ്ങളുടെയും മറ്റും പേരുകൾ പറഞ്ഞുകൊണ്ടു മാത്രം അറുക്കുകയും, അതിനെ ന്യായീകരിക്കുകയും ചെയ്യുന്നവരായിരുന്നതു കൊണ്ടാണ് അല്ലാഹുവിന്റെ നാമത്തിൽ അറുക്കുന്നതിനെപ്പറ്റി ഇത്രയും ശക്തിയായ ഭാഷയിൽ പ്രസ്താവിക്കുവാൻ കാരണം. അല്ലാഹുവിൽ വിശ്വസിക്കുന്ന സത്യവിശ്വാസികൾ അറുക്കുമ്പോഴും അല്ലാഹുവിന്റെ നാമം പറഞ്ഞു (ബിസ്‌മി ചൊല്ലിക്കൊണ്ടു) അറുത്താലേ ഭക്ഷിക്കുവാൻ പാടുള്ളുവെന്ന് അതിൽനിന്ന് മനസ്സിലാക്കിക്കൂടാ എന്നൊക്കെയാണ് ഈ അഭിപ്രായത്തിനു ന്യായീകരണം. മൂന്നാമതു ഒരു അഭിപ്രായം ഇതാണു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, അവർ മറന്നു കൊണ്ടു ബിസ്മി വിട്ടുകളഞ്ഞാൽ വിരോധമില്ല. കൽപിച്ചു കൂട്ടി വിട്ടുകളഞ്ഞാൽ അത് നിഷിദ്ധമായിരിക്കും. ഇതു ഇമാം അബൂഹനീഫഃ (റ) യുടെയും മറ്റു ചില മഹാന്മാരുടെയും അഭിപ്രായമാകുന്നു. ഇതിന്റെ മുമ്പു പറഞ്ഞ അഭിപ്രായത്തെക്കാൾ യുക്തമായിത്തോന്നുന്നതു ഇതാകുന്നു. الله أعلم] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1023)

പൊതുവെ ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ ഏതാണു പ്രബലമെന്നു നിർണ്ണയിക്കുകയോ അതിനുള്ള തെളിവുകൾ പറയുകയോ ചെയ്യാതെ വിട്ടുകളയുകയാണ് വിശുദ്ധ ഖുർആൻ വിവരണത്തിൽ ചെയ്യാറുള്ളത്. അത് വായനക്കാരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. എന്നാൽ ഈ വിഷയത്തിൽ മൂന്നാമത്തെ അഭിപ്രായമായി കൊടുത്ത, ഇമാം അബൂ ഹനീഫഃ ﵀യുടെ പക്ഷത്തിനാണ് മുൻഗണന കൽപിച്ചിരിക്കുന്നത്. അതു ശരിയല്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. കൂടാതെ, അതിനു പ്രാമുഖ്യം കൽപിക്കാനുള്ള തെളിവ് യുക്തമായിത്തോന്നുന്നു എന്നു മാത്രമാണ്. അതു ശരിയായ നിലപാടോ സലഫുകളുടെ രീതികളോട് ചേർന്നുനിൽക്കുന്നതോ അല്ല. ഭിന്നാഭിപ്രായങ്ങളിൽ ഒന്നിന് മുൻഗണന കൽപിക്കേണ്ടത് യുക്തിയുടെയും തോന്നലിന്റെയും അടിസ്ഥാനത്തിലല്ല. മറിച്ച്, അടിസ്ഥാനപരവും ഉപോൽബലകവുമായ തെളിവുകളും അവയുടെ ബലാബലവുമാണ് അതിന് പരിഗണിക്കേണ്ടത്.

ഒരു മുസ്‌ലിം അറവ് നടത്തുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കൽ നിർബന്ധമാണ്. കാരണം, ചർച്ചയിലിരിക്കുന്ന സൂക്തത്തിലും മറ്റു ചില സൂക്തങ്ങളിലും സ്ഥിരപ്പെട്ട നബിചര്യയിലും അറവു സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കാനുള്ള കൽപനയുണ്ട്. കൽപന വ്യക്തമായും കുറിക്കുന്നത് നിർബന്ധത്തെയാണ്.

എന്നാൽ ഒരാൾ അറവു സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കാൻ മറന്നാൽ അത് വിട്ടുവീഴ്‌ചാപരമായ കാര്യമായിട്ടാണ് പരിഗണിക്കുക. അല്ലാഹു പറയുന്നു: ﴿ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا... ٢٨٦﴾ (البقرة) [ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്‌തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ...] (ബഖറഃ 286)

മറവി വിട്ടുവീഴ്‌ച ചെയ്യപ്പെടുമെന്ന് നബി ﷺയും വ്യക്തമാക്കിയിട്ടുണ്ട്. അവിടുന്ന് പറയുന്നു: عَنِ ابْنِ عَبَّاسٍ ﵄، قَالَ: قَالَ رَسُولُ اللهِ ﷺ: تَجَاوَزَ اللهُ عَنْ أُمَّتِي الْخَطَأَ، وَالنِّسْيَانَ، وَمَا اسْتُكْرِهُوا عَلَيْهِ. [الحاكم في مستدركه وصححه الألباني] [ഇബ്‌നു അബ്ബാസ് ﵄ നിവേദനം. നബി ﷺ പറയുന്നു: അല്ലാഹു എന്റെ സമുദായത്തിന് അബദ്ധവും മറവിയും നിർബന്ധിതാവസ്ഥയിൽ ചെയ്‌ത കാര്യങ്ങളും വിട്ടുവീഴ്‌ച ചെയ്‌തുകൊടുത്തിരിക്കുന്നു.] (ഹാകിം മുസ്‌തദ്റകിൽ ഉദ്ധരിച്ചത്)

അറവു സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കാൻ മറന്നു പോയത്, അഹ്‌ലുൽ കിതാബ് അറുത്തത്, വേട്ടമൃഗങ്ങൾ പിടിച്ചു കൊണ്ടുവന്നത് ഇവയുടെമേൽ അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെട്ടിട്ടുണ്ടായിരിക്കില്ല. പക്ഷെ, അവ ഭക്ഷിക്കുന്നത് അല്ലാഹു നമുക്ക് അനുവദിച്ച് തന്നിട്ടുള്ളതാണ്. അത്തരം മാംസം ഭക്ഷിക്കുന്ന സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കേണ്ടത് അനിവാര്യമാണ് താനും. പരാമൃഷ്ട സൂക്തത്തിന്റെ വിവക്ഷ അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തത് ഭക്ഷിക്കരുത് എന്നാണ്. ഇവ്വിഷയകമായി ഇമാം ശാഫിഈ ﵀ മുന്നോട്ടു വെക്കുന്ന തെളിവുകളും ന്യായങ്ങളും പ്രസക്തമാണ്. അറവു സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കാത്തതു ഭക്ഷിക്കാം, അത് ഒഴിവാക്കപ്പെടേണ്ടതല്ല എന്ന അദ്ദേഹത്തിന്റെ പക്ഷം ശരിവെക്കുന്നതാണ് താഴെ കൊടുക്കുന്ന ഹദീസ്. عَنْ عَائِشَةَ، قَالَتْ: قَالُوا: يَا رَسُولَ اللهِ إِنَّ هَا هُنَا أَقْوَامًا حَدِيثٌ عَهْدُهُمْ بِشِرْكٍ، يَأْتُونَا بِلُحْمَانٍ لاَ نَدْرِي يَذْكُرُونَ اسْمَ اللهِ عَلَيْهَا أَمْ لاَ، قَالَ: اذْكُرُوا أَنْتُمُ اسْمَ اللهِ وَكُلُوا. [البخاي في صحيحه] [ആയിശഃ ﵂ നിവേദനം. അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇവിടെ അടുത്തിടെ ഇസ്‌ലാമിലേക്ക് വന്ന കുറേ ആളുകളുണ്ട്. അവർ ഞങ്ങൾക്ക് മാംസം കൊണ്ടുവന്ന് തരാറുമുണ്ട്. അവയെ അറുക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നു ഞങ്ങൾക്കു തിട്ടമില്ല. അവിടുന്ന് പ്രതിവചിച്ചു: നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും, അത് നിങ്ങൾ ഭക്ഷിക്കുകയും ചെയ്‌തുകൊള്ളുക.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

പ്രമാണ വാക്യങ്ങളെ വർത്തമാനകാല യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കുക എന്നത് പണ്ഡിതന്മാരുടെ ധർമ്മമാണല്ലോ. അതിനാൽ ഇവിടെ മൂന്നു കാര്യം പ്രത്യേക പരാമർശമർഹിക്കുന്നു. ഒന്നാമത്തേത്, ഇക്കാലത്തെ ജൂതക്രൈസ്‌തവർ അറവ് നടത്തിയാൽ നമുക്കത് ഭക്ഷിക്കാമോ എന്നതാണ്. ഭക്ഷിക്കാം എന്നല്ലാതെ മറിച്ചു പറയാൻ തക്കതായ തെളിവുകളില്ല. അതിനെതിരിൽ ഉന്നയിച്ചേക്കാവുന്ന ന്യായവാദങ്ങൾ തെളിവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാവുന്നവയല്ല. അവരെ കുറിച്ചുള്ള ആക്ഷേപങ്ങളിൽ ഏറ്റവും വലുത് അന്നും ഇന്നും ഒരേ കാര്യമാണ്: അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്ന ദുരാരോപണം; ഈസാ ﵇ അല്ലാഹുവിന്റെ പുത്രനാണെന്ന കള്ളവാദം. ഇതിനെക്കാൾ വലിയൊരാക്ഷേപം ഇന്നും അവർക്കെതിരിൽ ഉന്നയിക്കാനാവില്ല. ഈ ആക്ഷേപം നിലനിൽക്കുമ്പോൾ തന്നെയാണ് അല്ലാഹു അവരിലെ പതിവ്രതകളായ സ്‌ത്രീ ജനങ്ങളെ വിവാഹം കഴിക്കാമെന്നും അവർ അറവ് നടത്തിയത് നിങ്ങൾക്ക് ഭക്ഷിക്കാമെന്നും മാഇദഃ 5-ാം സൂക്തത്തിലൂടെ അറിയിച്ചത്.

രണ്ടാമത്തേത്, മതത്തെ ഛിന്നഭിന്നമാക്കി കക്ഷിതിരിഞ്ഞ ഭിന്നിപ്പിന്റെയും ഛിദ്രതയുടെയും ക്ഷുദ്രശക്തികൾ ഗ്രൂപ് നോക്കി മാംസാഹാരം കഴിക്കുന്ന വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അന്യമതസ്ഥരായ ജൂത-ക്രൈസ്‌തവർക്കോ, മനുഷ്യരുടെ കാര്യം പോകട്ടെ, വേട്ടപ്പട്ടികൾക്കോ അല്ലാഹു നൽകിയ സ്ഥാനം പോലും ഒരു ശരാശരി മുസ്‌ലിമിന് വകവെച്ചു കൊടുക്കാത്ത കക്ഷിത്വത്തിന് ഇന്നു നൽകപ്പെടുന്ന വിശേഷണം ആദർശവിശുദ്ധിയെന്നാണ്. കക്ഷിത്വത്തിന്റെ മാരകമായ പേവിഷ ബാധിച്ചവർ മുസ്‌ലിംകൾ അറുത്തത് ഭക്ഷിക്കില്ല; അവർ അവരുടെ സ്വന്തം കോഴിക്കടയിൽനിന്ന് വാങ്ങി അറവ് നടത്തിയാൽ അതുമാത്രം ഹലാൽ! മറ്റെല്ലാം ഹറാം ചിക്കൻ!! അവർ കാണിക്കുന്ന ഈ കക്ഷിത്വം ആദർശബോധവും!!! ഒരു ഹദീസ് മാത്രം ഉദ്ധരിക്കാം. അഭീഷ്ടം പിന്തുടരുന്നവർക്ക് ആയിരം കിട്ടിയാലും മതിയാവില്ലെന്നറിയാം. പക്ഷെ, സത്യാന്വേഷികൾക്ക് ഒന്നു മതിയാകുമല്ലോ. عن أنس بن مالك ﵁ قال: قال رسول الله ﷺ: من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته. [البخاري في صحيحه] [അനസ് ﵁ നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: ആർ നമ്മുടെ നമസ്‌കാരം അതേപോലെ നിർവ്വഹിക്കുകയും, നമ്മുടെ ഖിബ്‌ലഃയിലേക്ക് തിരിയുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവോ അവൻ അല്ലാഹുവിന്റെയും റസൂലിന്റെയും പരിരക്ഷയുള്ള മുസ്‌ലിമാണ്. അവനു നൽകിയ പരിരക്ഷയുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനോട് ലംഘനം കാണിക്കരുത്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മുസ്‌ലിം ഐക്യത്തെ കുറിച്ചുള്ള വിശാലവും പ്രമാണബദ്ധവുമായ കാഴ്‌ചപ്പാട് പോകട്ടെ, അഹ്‌ലുൽ ഖിബ്‌ലഃ എന്ന അടിസ്ഥാനപരമായ ഇസ്‌ലാമിക വിഭാവനയെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത റുവൈബിളഃമാർ വാഴുന്ന സ്ഥലകാലങ്ങളിലൂടെയാണ് നമുക്ക് സഞ്ചരിക്കാനുള്ളത്. وَاللهُ الْمُسْتَعَانُ

മമൂന്നാമതായി പറയാനുള്ളത്, മാംസാഹാരത്തിന്റെ കാര്യത്തിലും മറ്റും ഇന്ന് കൊട്ടിഘോഷിക്കുന്ന ഹലാൽ സാക്ഷ്യപത്രങ്ങളെയും ശരീഅഃ കംപ്ലയൻസിനെയും സംബന്ധിച്ചാണ്. അവയിലൊന്നും ബന്ധപ്പെട്ട മതനിയമങ്ങളല്ല ദീക്ഷിക്കപ്പെടുന്നത്. ആരോഗ്യം, ശുചിത്വം പോലുള്ള കാര്യങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങളുടെ പരിപാലനമാണ് അവയിലുള്ളത്. ഹലാൽ സ്റ്റിക്കറിൽ എല്ലാം തീർന്നു എന്ന് ധരിക്കേണ്ടതില്ലെന്നു സാരം.

ഒന്നിലും നിഷ്ഠയില്ലാത്ത കുത്തഴിഞ്ഞ സമീപനമോ, സൂക്ഷ്‌മതയുടെ പൊയ്‌മുഖമണിഞ്ഞ കക്ഷിത്വത്തിന്റെ സങ്കുചിതത്വങ്ങളോ ഒരു മുസ്‌ലിമിന്റെ മാർഗ്ഗമല്ല. രണ്ടിനും മധ്യെ, വ്യക്തവും വിശാലവുമായ ഋജുവായ രാജവീഥിയിലാണ് നബി ﷺ നമ്മെ വിട്ടേച്ചു പോയിരിക്കുന്നത്. അതിൽനിന്ന് വ്യതിചലിക്കാതിരിക്കാനുള്ള ജാഗ്രത നമ്മുടേതാണ്. അല്ലാഹു തുണക്കട്ടെ, ആമീൻ.