Quran explanation
ബഖറഃ,الْبَقَرَةസൂക്തം 136
Vol. 1 Page 699
﴿قُولُوا آمَنَّا بِاللهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ ١٣٦﴾
നിങ്ങൾ പറയുക: അല്ലാഹുവിലും, ഞങ്ങൾക്ക് അവതരിപ്പിച്ചതിലും, ഇബ്റാഹീമിനും ഇ സ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികൾക്കും അവതരിപ്പിക്കപ്പെട്ടതിലും, മൂസാ, ഈസാ എന്നിവർക്ക് നൽകപ്പെട്ടതിലും, മുഴുനബിമാർക്കും അവരുടെ റബ്ബിങ്കൽനിന്നും അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കാണിക്കുകയില്ല. ഞങ്ങൾ അല്ലാഹുവിന് സർവഥാ കീ ഴ്പ്പെട്ടവരാണ്. (136)
മുൻകാല നബിമാരെയും അവർക്കു നൽകപ്പെട്ട ഗ്രന്ഥങ്ങളെയും ഒരു മുസ്ലിം എങ്ങനെ സമീപിക്കണം എന്നതു സംബന്ധിച്ചുള്ള അല്ലാഹുവിന്റെ വ്യക്തമായ കൽപനയാണ് മേൽ സൂക്തത്തിലുള്ളത്. ഇതു സംബന്ധിച്ച് സാമാന്യം ഭേദപ്പെട്ട ഒരു താത്വിക വിശദീകരണമാണ് വിശുദ്ധ ഖുർആൻ വിവരണത്തിലും നൽകിയിരിക്കുന്നത്. അത് താഴെ ഉദ്ധരിക്കാം:
[എന്നാലും അവയിൽ ഖുർആനോട് ശരിക്കും യോജിച്ചുകാണുന്ന ഭാഗം സത്യമെന്ന് വിശ്വസിക്കൽ നിർബന്ധമാണുതാനും. ഖുർആന്റെ പ്രസ്താവനക്ക് വ്യക്തമായും എതിരായി കാണുന്ന ഭാഗം നിരസിക്കുകയല്ലാതെ നിവൃത്തിയുമില്ല. രണ്ടും കൽപിക്കുവാൻ കഴിയാത്ത ഭാഗത്തെപ്പറ്റി - തൗറാത്തും ഇഞ്ചീലും അടങ്ങിയതെന്ന് പറയപ്പെടുന്ന ഇന്നത്തെ ബൈബിളിലെ അധിക ഭാഗവും ഈ വിഭാഗത്തിൽപെട്ടതാണു താനും - മൗനമവലംബിക്കുവാനേ നിവൃത്തിയുള്ളു. അബൂ ഹുറയ്റ (റ) യിൽനിന്ന് ബുഖാരീ (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഹിബ്റു ഭാഷയിൽ നിന്ന് വേദക്കാർ തൗറാത്ത് വായിച്ച് മുസ്ലിംകൾക്ക് അറബി ഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കാറുണ്ടായിരുന്നു. അപ്പോൾ, അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: 'നിങ്ങൾ വേദക്കാരെ സത്യമാക്കുകയും അവരെ വ്യാജമാക്കുകയും ചെയ്യരുത്. അല്ലാഹുവിലും അല്ലാഹു അവതരിപ്പിച്ചതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നുവെന്ന് പറയുകയും ചെയ്യുവിൻ.'] (വിശുദ്ധ ഖുർആൻ വിരണം, പുറം 1/256-257)
മേൽ വിവരണത്തിൽ മുൻഗാമികൾക്ക് നൽകപ്പെട്ട ഗ്രന്ഥങ്ങളുടെ കാര്യത്തിൽ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് നിഷ്കൃഷ്ടമായാണ് വരച്ചുകാണിച്ചിട്ടുള്ളത്. പക്ഷെ, അതിനു വിപരീതമായി വിശുദ്ധ ഖുർആൻ വിവരണത്തിൽ തന്നെ അത്തരം ഗ്രന്ഥങ്ങളിൽനിന്ന് നിർലോഭം ഉദ്ധരിക്കുന്നത് കാണാം.
"രണ്ടും കൽപിക്കുവാൻ കഴിയാത്ത ഭാഗത്തെപ്പറ്റി - തൗറാത്തും ഇഞ്ചീലും അടങ്ങിയതെന്ന് പറയപ്പെടുന്ന ഇന്നത്തെ ബൈബിളിലെ അധിക ഭാഗവും ഈ വിഭാഗത്തിൽപെട്ടതാണു താനും - മൗനമവലംബിക്കുവാനേ നിവൃത്തിയുള്ളു" എന്നതിന്റെ വിവക്ഷ അവർ സംസാരിക്കുമ്പോൾ നിശ്ശബ്ദമായിരിക്കുക എന്നതല്ലല്ലോ. രചനകളിൽ മൗനം പാലിക്കുക എന്നാൽ അത്തരം കാര്യങ്ങൾ ഉദ്ധരിക്കാതെ വിട്ടേക്കലാണ്. ദുഃഖകരമെന്നു പറയട്ടെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ ഈ വസ്തുത താത്വികമായി അംഗീകരിക്കുകയും പ്രയോഗതലത്തിൽ നഗ്നമായി ലംഘിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിലെ പല ഭാഗങ്ങളും ബൈബിൾ കൊണ്ട് എങ്ങനെ ഖുർആൻ വ്യാഖ്യാനിക്കാമെന്ന് കാണിച്ചു തരികയാണോ എന്നുപോലും തോന്നിപ്പോകും. അനുവാചകർ കാര്യങ്ങൾ യഥാവിധം വിലയിരുത്തുമെന്ന് പ്രത്യാശിക്കുന്നു. അധിക വായനക്ക് മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം (പുറം 92) കാണുക.