Skip to the text
Quran Vivaranam

55 sections in book mode

Quran explanation

ബഖറഃ,الْبَقَرَةസൂക്തം 15

Vol. 1 Page 620

﴿اللهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ ١٥﴾

എന്നാൽ അല്ലാഹു അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചു വിടുകയുമാണ് ചെയ്‌തിരിക്കുന്നത്.

വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം കാണുക:

[(അല്ലാഹു അവരെ പരിഹസിക്കും) എന്നു പറഞ്ഞതിന്റെ താത്പര്യം അവരുടെ പരിഹാസ പ്രവർത്തനങ്ങളുടെ പേരിൽ ശിക്ഷാനടപടി എടുക്കുമെന്നത്രെ.] (വിശുദ്ധ ഖുർആൻ വിവരണം 1/134)

ഇത് ദുർവ്യാഖ്യാനമാണ്. അശ്അരികളാണ് ഇങ്ങനെ പറയാറുള്ളത്. സലഫുകൾ ഈ സൂക്തത്തെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുള്ളത് അതിന്റെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിലാണ്. അല്ലാഹു അവരെ പരിഹസിക്കും എന്നു തന്നെയാണ് അതിന് അവർ നൽകാറുള്ള വ്യാഖ്യാനം.

അശ്അരികളുടെ വാദം പരിഹാസം (اسْتِهْزَاء) എന്നത് അല്ലാഹുവിലേക്ക് ചേർക്കാവുന്ന കാര്യമല്ലെന്നാണ്. പൂർണ്ണതയും സൗന്ദര്യവും ധ്വനിപ്പിക്കുന്ന വിശേഷണമല്ലാത്തതിനാൽ (اسْتِهْزَاء) എന്നതിന് മറ്റൊരർത്ഥം കൽപിക്കേണ്ടതുണ്ട് എന്നവർ ജൽപിക്കുന്നു. അതിനാൽ ശിക്ഷാനടപടി എടുക്കുക എന്ന് അവർ അതിനെ ദുർവ്യാഖ്യാനിക്കുന്നു. ഖുർആൻ സൂക്തങ്ങൾ ഇപ്രകാരം ഓരോരുത്തരും അവരവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിക്കാവതല്ല.

പരിഹാസം (اسْتِهْزَاء) പൂർണ്ണതയും സൗന്ദര്യവും ധ്വനിപ്പിക്കുന്ന വിശേഷണമായിത്തീരുന്ന സന്ദർഭങ്ങളുണ്ട്. അല്ലാത്ത സന്ദർഭങ്ങളുമുണ്ട്. ഉചിതമായ സന്ദർഭത്തിലാണ് 'അല്ലാഹു അവരെ പരിഹസിക്കും' എന്ന പരാമർശം ഖുർആനിൽ വന്നിരിക്കുന്നത്. ഉചിതമല്ലാത്ത സന്ദർഭങ്ങളിലല്ല അത്തരം വിശേഷണങ്ങൾ പറയപ്പെട്ടിരിക്കുന്നതെന്ന കാര്യം വ്യവഛേദിച്ചു മനസ്സിലാക്കേണ്ടതാണ്. ഇക്കാര്യത്തെ കുറിച്ച് ശൈഖ് ഇബ്‌നു ഉഥൈമീൻ ﵀ നൽകിയ അർത്ഥവത്തായ ഒരു വിശദീകരണം ഇപ്രകാരം വായിക്കാം:

وإذا كانت الصفة كمالاً في حال، ونقصا في حال لم تكن جائزة في حق الله، ولا ممتنعة على سبيل الإطلاق، فلا تُثْبَت له إثباتا مطلقا، ولا تُنْفَى عنه نفيا مطلقا، بل لا بد من التفصيل، فتجوز في الحال التي تكون كمالاً، وتمتنع في الحال التي تكون نقصا، وذلك كالمكر والكيد والخداع ونحوها، فهذه الصفات تكون كمالاً إذا كانت في مقابلة من يعاملون الفاعل بمثلها، لأنها حينئذٍ تدل على أن فاعلها قادر على مقابلة عدوه بمثل فعله، أو أشد، وتكون نقصا في غير هذه الحال، ولهذا لم يذكرها الله تعالى من صفاته على سبيل الإطلاق، وإنما ذكرها في مقابلة من يعاملونه ورسله بمثلها، كقوله تعالى: ﴿وَمَكَرُوا وَمَكَرَ اللهُ وَاللهُ خَيْرُ الْمَاكِرِينَ ٥٤﴿ (آل عمران) وقوله: ﴿إِنَّهُمْ يَكِيدُونَ كَيْداً ١٥ وَأَكِيدُ كَيْداً ١٦﴾ (الطارق)، وقوله: ﴿وَالَّذِينَ كَذَّبُوا بِآياتِنَا سَنَسْتَدْرِجُهُمْ مِنْ حَيْثُ لَا يَعْلَمُونَ ١٨٢ وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ ١٨٣﴾ (الأعراف) وقوله: ﴿إِنَّ الْمُنَافِقِينَ يُخَادِعُونَ اللهَ وَهُوَ خَادِعُهُمْ ١٤٢﴾(النساء) وقوله: ﴾قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ١٤ اللهُ يَسْتَهْزِئُ بِهِمْ.. ١٥﴾ (البقرة).

ولهذا لم يذكر الله أنه خان من خانوه، فقال تعالى: ﴿وَإِنْ يُرِيدُوا خِيَانَتَكَ فَقَدْ خَانُوا اللهَ مِنْ قَبْلُ فَأَمْكَنَ مِنْهُمْ وَاللهُ عَلِيمٌ حَكِيمٌ ٧١﴾ (الأنفال) فقال: فأمكن منهم، ولم يقل: فخانهم، لأن الخيانة خدعة في مقام الائتمان، وهى صفة ذم مطلقا. (ابن عثيمين في القواعد المثلى في صفات الله وأسمائه الحسنى]

[ഒരവസ്ഥയിൽ പൂർണ്ണതയും മറ്റൊരവസ്ഥയിൽ ന്യൂനതയുമായിത്തീരാവുന്ന ഏതൊരു ഗുണവും അല്ലാഹുവിനെ നിരുപാധികം വിശേഷിപ്പിക്കാമെന്നോ, നിരുപാധികം വിശേഷിപ്പിക്കാൻ പാടില്ലെന്നോ പറയാവതല്ല. അത് അല്ലാഹുവിന് നിരുപാധികം സ്ഥിരീകരിക്കാനോ, നിരുപാധികം നിരാകരിക്കാനോ പാടില്ല. മറിച്ച്, അത്തരം ഗുണവിശേഷങ്ങളുടെ കാര്യം വിശദീകരിക്കപ്പെടേണ്ട താണ്. അത് പൂർണ്ണതയായിത്തീരുന്ന അവസ്ഥയിൽ അല്ലാഹുവിന് ചാർത്തുന്നത് അനുവദനീയമായിരിക്കും. ന്യൂനതയായിത്തീ രുന്ന സന്ദർഭത്തിൽ അത് പാടില്ലെന്നും വരും. അതിനുദാഹരണമാണ് مَكْرٌ (സൂത്രം), كَيْدٌ (തന്ത്രം), خِدَاعٌ (കബളിപ്പിക്കൽ) മുതലായവ. ഇവ പൂർണ്ണതയുടെ ഗുണവിശേഷമായിത്തീരുന്നത് സമാനമായത് ചെയ്യുന്നവനോട് തിരിച്ച് ചെയ്യുമ്പോഴാണ്. അപ്പോൾ, അത് അനുവർത്തിക്കുന്നവന് തന്റെ ശത്രുവിനെ അതേ നാണയത്തിൽ തന്നെയോ അതിലും രൂക്ഷമായോ തിരിച്ചടിക്കാൻ സാധിക്കും എന്ന അർത്ഥമാണല്ലോ വരിക. ഈ അവസ്ഥയല്ലാത്തപ്പോൾ അത് ന്യൂനതയായിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ, അല്ലാഹു അവയെ നിരുപാധികം തന്റെ വിശേഷണമായി പറഞ്ഞിട്ടില്ല താനും. അല്ലാഹുവിനോടും അവന്റെ ദൂതരോടും സമാനമായത് ചെയ്യുന്നവർക്കെതിരിലാണ് അത് പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി അല്ലാഹു പറയുന്നത് നോക്കുക: «അവർ സൂത്രം പ്രയോഗിച്ചു; അല്ലാഹുവും സൂത്രം പ്രയോഗിച്ചു. അല്ലാഹു ഏറ്റവും നന്നായി സൂത്രം പ്രയോഗിക്കുന്നവനാകുന്നു». (ആലു ഇംറാൻ 54) «തീർച്ചയായും അവർ വലിയ തന്ത്രം പ്രയോഗിക്കുന്നു. ഞാനും വലിയ തന്ത്രം പ്രയോഗിക്കുന്നു». (ത്വാരിഖ് 15-16) «എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുന്നവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്‌. അവര്‍ക്കു ഞാന്‍ കാലവിളംബം നൽകിയെന്നും വരും. തീര്‍ച്ചയായും എന്റെ തന്ത്രം സുശക്തമാണ്‌». (അഅ്റാഫ് 182-183) «തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവിനെ കബളിപ്പിക്കാൻ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്‌». (നിസാഅ് 142) «അവർ പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ വിശ്വാസികളെ പരിഹസിക്കുക മാത്രമായിരുന്നു. യഥാർത്ഥത്തിൽ അല്ലാഹു, അവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്». (ബഖറഃ 14-15)

അതുകൊണ്ടാണ്, 'അവനെ വഞ്ചിച്ചവനെ അവൻ വഞ്ചിച്ചിരിക്കുന്നു' എന്ന് അല്ലാഹു പറയാതിരുന്നത്. അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: «ഇനി നിന്നെ വഞ്ചിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുമ്പ് അവര്‍ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്‌. അത് കൊണ്ടാണ് അവന്‍ അവരെ നിങ്ങള്‍ക്കു കീഴ്‌പ്പെടുത്തി തന്നത്‌. അല്ലാഹു എല്ലാം അറിയുന്നവനും ജ്ഞാനിയായ അധികാരസ്ഥനുമാകുന്നു». (അൻഫാൽ 71) 'അവൻ അവരെയും വഞ്ചിച്ചിരിക്കുന്നു' എന്നു പറഞ്ഞില്ല. കാരണം خِيَانَة എന്നത് വിശ്വാസ വഞ്ചനയാണ്. അത് നിരുപാധികമായും അധിക്ഷേപാർഹമായ ഒരു ഗുണവിശേഷമാണ്. (ഇബ്‌നു ഉഥൈമീൻ അൽ ഖവാഇദുൽ മുഥ്‌ലായിൽ രേഖപ്പെടുത്തിയത്)

ചില വിശേഷണങ്ങൾ ഇങ്ങനെയാണ്. നിരുപാധികമായി അല്ലാഹുവിനെ വിശേഷിപ്പിക്കാവുന്നവയല്ല അവ. എന്നാൽ സോപാധികമായി അവയെ അല്ലാഹുവിന്റെ വിശേഷണമായി പറയുകയുമാവാം. നിരുപാധികമായി അവ അല്ലാഹുവിലേക്ക് ചേർത്തു പറയുമ്പോൾ ഒരു ന്യൂനതയായിത്തീരുമെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ സോപാധികമായി അവനിലേക്ക് ചേർക്കുമ്പോൾ അത് പൂർണ്ണതയുടെയും സൗന്ദര്യത്തിന്റെയും വിശേഷണങ്ങളായിത്തീരുന്നു. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെയും അംഗീകരിക്കാതെയും ഖുർആൻ സൂക്തങ്ങളെ ദുർവ്യാഖ്യാനിക്കുന്ന അശ്അരികളുടെ നിലപാട് നാം തള്ളിക്കളയുക തന്നെ വേണം. വിശദീകരണത്തിനായി അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനം (പുറം 360) കാണുക.