Quran explanation
ഇസ്റാഅ്,الْإِسْرَاءِസൂക്തം 00
Vol. 2 Page 1264
ഖുർആനിലെ 17-ാമത്തെ അധ്യായമായ ഇസ്റാഅ് ഹിജ്റഃക്കു മുമ്പ് അവതരിച്ച മക്കിയ്യഃ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അല്ലാഹു മുഹമ്മദ് നബി ﷺക്ക് നല്കിയ ആദരവിന്റെ പാരമ്യത്തെ കുറിക്കുന്നതാണ് ആ പേര്. ഒരു രാവിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽനിന്ന് ബുറാഖ് എന്ന വാഹനപ്പുറത്ത് ജിബ്‌രീലിനൊപ്പം ഫലസ്‌തീനിലെ മസ്‌ജിദുൽ അഖ്സ്വാ വരെയും, അവിടെ നിന്ന് അതേ രാവിൽ മിഅ്റാജിലേറി ഏഴാനാകാശത്തിലെ ബയ്‌തുൽ മഅ്മൂർ വരെയും, ലഭ്യമായ അറിവു വെച്ച് ഒരു സൃഷ്ടിക്ക് എത്തിപ്പെടാവുന്ന അവസാനസ്ഥാനമായ, പേന നീങ്ങുന്ന ശബ്ദം കേൾക്കുന്ന സിദ്റത്തുൽ മുൻതഹാ വരെയും മുഹമ്മദ് നബി ﷺയെ കൊണ്ട് നിശാപ്രയാണവും ആകാശാരോഹണവും ചെയ്യിച്ച് അതേ രാവ് പുലരും മുമ്പ് മക്കയിലെ മസ്ജിദുൽ ഹറാമിൽ തന്നെ തിരിച്ചെത്തിക്കുകയും ചെയ്‌ത ആ മഹാ സംഭവത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നതു തന്നെ.
ബറകത്തുകളുടെ വിളനിലമായ മസ്ജിദുൽ അഖ്സ്വാ, അതിന്റെ ഭൗതികവും ആത്മീയവുമായ പരിസരങ്ങൾ, മൂസാ ﵇ന്റെയും ഇസ്റാഈല്യരുടെയും സംഭവ ബഹുളമായ ചരിത്ര മുഹൂർത്തങ്ങൾ, മനുഷ്യന്റെ കർമ്മഫലങ്ങൾ, കടമകൾ, സാമൂഹിക ബന്ധങ്ങൾ, ആത്മീയവും സാമൂഹികവുമായ തിന്മകൾ, സാരോപദേശങ്ങൾ, വിചാരണ, ശിക്ഷാരക്ഷകൾ, സ്വർഗ്ഗനരകങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളാണ് ഈ അധ്യായത്തിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങൾ.