Skip to the text
Quran Vivaranam

107 sections in book mode

Quran explanation

യുസുഫ്,يُوسُفُസൂക്തം 108

Vol. 2 Page 1159

﴿قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّٰهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّٰهِ وَمَا أَنَا مِنَ الْمُشْرِكِينَ ١٠٨﴾

പറയൂ, ഇതാണ് എന്റെ മാർഗ്ഗം: വഹ്‌യിൽനിന്ന് ലഭിക്കുന്ന ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ഞാനും എന്നെ പിൻപറ്റിയവരും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. അല്ലാഹുവിന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവനെ ഞാൻ വാഴ്‌ത്തുന്നു. അവനോട് പങ്കുചേര്‍ക്കുന്നവരിൽപെട്ടവനല്ല ഞാൻ. (108)

മേൽ സൂക്തത്തിനു വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയ വിശദീകരണം അപര്യാപ്‌തമായി തോന്നുന്നു. അതിൽനിന്നുള്ള ഒരു ഭാഗം താഴെ ചേർക്കാം.

[അന്ധമായ നിലക്കോ, വസ്‌തുനിഷ്ഠമല്ലാത്ത വിധത്തിലോ ഒന്നുമല്ല – ശരിക്കും മനസ്സിലാക്കാവുന്ന തെളിവും രേഖയും മുമ്പില്‍വെച്ചുകൊണ്ടു തന്നെയാണു – ഞാനും എന്നില്‍ വിശ്വസിച്ചു പിന്‍പറ്റിക്കൊണ്ടിരിക്കുന്ന സത്യവിശ്വാസികളും ഈ മാര്‍ഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് എന്നു സാരം.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1574)

അഹ്‌ലുസ്സുന്നഃയുടെ ആധാരങ്ങൾ വേണ്ട പോലെ മനസ്സിലാക്കിയിട്ടില്ലാത്ത അനുവാചകരിൽ ഇത്തരം സന്ദിഗ്ധമായ പരാമർശങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുകയേ ഉള്ളു. അനുവാചകരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് അവയെ യഥേഷ്ടം വളച്ചൊടിക്കാനും സാധിക്കും. ആകയാൽ കുറച്ചു കൂടി ഖണ്ഡിതവും ദുർവ്യാഖ്യാനങ്ങൾക്ക് പഴുത് നൽകാത്തതുമായ ഭാഷയിൽ ചില കാര്യങ്ങൾ കൂടി ഇവിടെ പറയേണ്ടതുണ്ട്. വായനക്കാർക്ക് അത് ഏറെ ഉപകാരപ്രദമായിരിക്കും എന്ന് കരുതുന്നു.

ആദ്യം വേണ്ടത് മതപരമായ അറിവു നേടുകയാണ്. തുടർന്ന്, നേടിയ അറിവ് പ്രാവർത്തികമാക്കുക. ശേഷം അറിയുകയും പ്രയോഗവത്ക്കരിക്കുകയും ചെയ്‌ത കാര്യങ്ങളിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുക. ഈ മൂന്നു കാര്യങ്ങളിലും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രയാസങ്ങളും ഉപദ്രവങ്ങളും സഹിക്കുക. ഇസ്‌ലാമിക ജീവിതക്രമം പ്രമാണബദ്ധമായി ചിട്ടപ്പെടുത്തുകയാണെങ്കിൽ ഇങ്ങനെയാണ് ചെയ്യേണ്ടത്. സൂറത്തുൽ അസ്വ്‌ർ നൽകുന്ന ഏറ്റവും വലിയ പാഠവും ഇതു തന്നെ. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഖുർആനിൽ അല്ലാഹു നിർദ്ദേശിച്ച ഈ ജീവിതക്രമമല്ല ഇന്ന് അധികപേരും പിന്തുടരുന്നത്.

മൂല്യക്രമങ്ങൾ അട്ടിമറിക്കപ്പെടുകയും സമസ്‌ത മൂല്യങ്ങളും കുഴാമറിഞ്ഞു കിടക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ന് ഒരാൾ ദീനിൽ താൽപര്യം കാണിച്ചു തുടങ്ങുന്നതുതന്നെ ദഅ്‌വത്ത് നടത്തിക്കൊണ്ടാണ്. ആദ്യം ശരിയായ അറിവു നേടണം. നേടിയ അറിവുകൾ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരണം. ഈ മാർഗ്ഗത്തിൽ ക്ഷമയും സഹനവും അവലംബിക്കണം. ഇത്യാദി കാര്യങ്ങളെ കുറിച്ചൊന്നും മിക്കവരും കേൾക്കുക പോലും ചെയ്‌തിട്ടില്ല. ഇസ്‌ലാം ദീനിനെ കുറിച്ച് ഒരു മുസ്‌ലിം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു പോലും ധാരണയില്ലാത്ത വിവരദോഷികളാണ് ഇന്ന് വലിയ പ്രബോധകരായി വിലസുന്നത്. ആയതിനാൽ, എന്താണ് ദഅ്‌വത്ത് (الدعوة إلى الله), ആരാണ് ദഅ്‌വത്ത് ചെയ്യേണ്ടത്, എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ദഅ്‌വത്ത് നടത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒരു ലഘുവിവരണം നൽകാം.

ഇസ്‌ലാമിനെ കുറിച്ച് ജനങ്ങൾക്ക് പ്രാഥമികമായ ധാരണ നൽകുക. തുടർന്ന് മതപരമായ വിഷയങ്ങൾ ക്രമപ്രവൃദ്ധമായി പഠിപ്പിച്ചു കൊടുക്കുക. അവ മനുഷ്യരുടെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് വിവർത്തനം ചെയ്യാനാവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും മാതൃക കാണിച്ചു കൊടുക്കുകയും ചെയ്യുക. ഇതാണ് ദഅ്‌വത്തു കൊണ്ട് സാമാന്യമായി വിവക്ഷിക്കുന്നത്.

അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന ഒരു പ്രബോധകൻ ഇസ്‌ലാമിനെ കുറിച്ച് ആദ്യമായി അവർക്ക് പറഞ്ഞു കൊടുക്കേണ്ടത് എന്താണ്? ഇക്കാര്യം താത്വികമായും പ്രായോഗികമായും നമ്മെ പഠിപ്പിക്കുന്ന ആധാര രേഖയാണ് ഹദീസു ജിബ്‌രീൽ.

ജനങ്ങളെ ദീൻ പഠിപ്പിക്കാൻ വേണ്ടി ജിബ്‌രീൽ ﵇ മനുഷ്യരൂപത്തിൽ നബി ﷺയുടെ സദസ്സിൽ വരുന്നു. ജനങ്ങൾക്ക് അല്ലാഹുവിന്റെ ദീൻ ചോദ്യോത്തര രീതിയിൽ പഠിപ്പിച്ച് കൊടുക്കുന്നു. അതിനു വേണ്ടി ദീനിന്റെ സമസ്‌ത തലങ്ങളെയും സ്‌പർശിക്കുന്ന ഏതാനും ചോദ്യങ്ങൾ നബി ﷺയോട് ചോദിക്കുന്നു: എന്താണ് ഇസ്‌ലാം? എന്താണ് ഈമാൻ? എന്താണ് ഇഹ്സാൻ? എപ്പോഴാണ് അന്ത്യനാൾ? അന്ത്യനാളിന്റെ അടയാളങ്ങൾ എന്തൊക്കെ? സൂക്ഷ്‌മ വിശകലനം നടത്തിയാൽ ഈ ചോദ്യോത്തരങ്ങളിൽ ഇസ്‌ലാം ദീൻ സമഗ്രമായി ദർശനം ചെയ്യപ്പെട്ടിരിക്കുന്നത് കാണാം. ഇതു തന്നെയാണ് ഏതൊരു പ്രബോധകനും ഇസ്‌ലാമിനെ കുറിച്ച് പ്രാഥമിക ധാരണ നൽകാൻ അനുവാചകരുടെ മുന്നിൽ അവതരിപ്പിക്കേണ്ടതും.

ഇസ്‌ലാമിനെ കുറിച്ച് മുകളിൽ പറഞ്ഞതു പോലുള്ള പ്രാഥമിക ധാരണ ലഭിക്കുന്ന വ്യക്തി സത്യസന്ധനും, തന്റെ ശുദ്ധപ്രകൃതി കളങ്കപ്പെടുത്താത്തവനുമാണെങ്കിൽ ഈ പരമസത്യം പരിഗ്രഹിക്കാതെ പോവില്ല. പിന്നീടുള്ള തുടർ പഠനത്തിനു അദ്ദേഹം തന്നെ നിർബന്ധബുദ്ധി കാണിക്കും. യോഗ്യരായ പണ്ഡിതന്മാരെ കണ്ടെത്തി അവരിൽ നിന്ന് അറിവ് നേടുകയും അവരുടെ ഉപദേശ നിർദ്ദേശങ്ങളനുസരിച്ച് തന്റെ ഇസ്‌ലാമിക ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യും. അല്ലാത്തവർ അഭീഷ്ടങ്ങൾക്ക് മുൻഗണന നൽകി പിശാചിന്റെ കാൽപ്പാടുകൾക്കു പിറകിൽ വ്യതിചലിച്ചു പോയെന്നും വരാം.

അഭീഷ്ടങ്ങൾ പരിവർജ്ജിച്ച് സത്യം പരിഗ്രഹിച്ച ഒരു സത്യാന്വേഷി തന്റെ തുടർ പഠനം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം? അതിലേക്ക് വെളിച്ചം വീശുന്ന ഒരു മഹനീയ സംഭവം ചുവടെ ചേർക്കാം: عَنْ جُنْدُبِ بْنِ عَبْدِ اللهِ قَالَ: كُنَّا مَعَ النَّبِيِّ ﷺ وَنَحْنُ فِتْيَانٌ حَزَاوِرَةٌ، فَتَعَلَّمْنَا الْإِيمَانَ قَبْلَ أَنْ نَتَعَلَّمَ الْقُرْآنَ، ثُمَّ تَعَلَّمْنَا الْقُرْآنَ، فَازْدَدْنَا بِهِ إِيمَانًا. [ابن ماجه في سننه وصححه الألباني] [ജുൻദുബ് ബിൻ അബ്‌ദില്ലാ ﵁ നിവേദനം. അദ്ദേഹം പറയുന്നു. ഞങ്ങൾ (ദീൻ പഠിക്കാൻ) നബി ﷺയോടൊപ്പം സഹവസിക്കുകയുണ്ടായി. അന്ന് ഞങ്ങൾ സമപ്രായക്കാരായ യുവാക്കളായിരുന്നു. അങ്ങനെ ഖുർആൻ പഠിക്കുന്നതിനു മുമ്പേ ഞങ്ങൾ ഈമാനിനെ കുറിച്ച് പഠിച്ചു. പിന്നെയാണ് ഞങ്ങൾ ഖുർആൻ പഠിച്ചത്. അപ്പോൾ അതുമുഖേന ഞങ്ങളുടെ ഈമാൻ വർദ്ധിക്കുകയും ചെയ്‌തു.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

ആദ്യം പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടത് അഹ്‌ലുസ്സുന്നഃയുടെ വിശ്വാസപരമായ ആധാരങ്ങളാണ്. ശരിയായ സ്രോതസ്സുകളിൽനിന്ന് മാത്രം അവ സ്വീകരിക്കപ്പെടണം. യോഗ്യരും വിശ്വസനീയരുമായ വ്യക്തികളിലൂടെ മാത്രം അത് കൈമാറ്റം ചെയ്യപ്പെടണം. ഇത്തരം ആധാരങ്ങൾ ഉറപ്പിച്ചു കഴിഞ്ഞതിനു ശേഷമായിരിക്കണം ഖുർആൻ പഠനം ആരംഭിക്കേണ്ടത്. അറിവും അറിവിന്റെ പ്രയോഗവും ഒരുമിച്ച് അഭ്യസിക്കണം. അങ്ങനെ വിശ്വാസത്തെ പുഷ്ടിപ്പെടുത്തണം. ഇതാണ് ശരിയായ തുടർ പഠന രീതി.

ജനങ്ങൾക്ക് നന്മ ഓതിപ്പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപകരാണ് പ്രബോധകന്മാർ. അവർ പിന്തുടരേണ്ട ശൈലി പോലും ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവരോട് 'റബ്ബാനികളായി' വർത്തിക്കണമെന്നാണ് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നത്. സ്വഹാബികളിലെ ഏറ്റവും പ്രമുഖനായ ഖുർആൻ വ്യാഖ്യാതാവ് ഇബ്‌നു അബ്ബാസ് ﵄ 'റബ്ബാനികൾ' എന്നതിനു നൽകിയ വ്യാഖ്യാനം ഇമാം ബുഖാരി ﵀ ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക: وَقَالَ ابْنُ عَبَّاسٍ: ﴿كُونُوا رَبَّانِيِّينَ.. 79﴾ (آلُ عِمْرَانَ) حُلَمَاءَ فُقَهَاءَ، وَيُقَالُ: الرَّبَّانِيُّ الَّذِي يُرَبِّي النَّاسَ بِصِغَارِ العِلْمِ قَبْلَ كِبَارِهِ. [الْبُخَارِيُّ فِي صَحِيحِهِ مُعَلَّقًا] [ഇബ്‌നു അബ്ബാസ് ﵄ പറയുന്നു: «നിങ്ങൾ റബ്ബാനികളാവുക..» (ആലു ഇംറാൻ 79) അഥവാ വിവേകമതികളായ പണ്ഡിതന്മാർ ആവുക. ബൃഹത്തായ അറിവുകൾ നൽകുന്നതിനു മുമ്പ് ചെറിയ അറിവുകൾ പകർന്നു കൊടുത്ത് ജനങ്ങളെ വളർത്തിക്കൊണ്ടുവരുന്നവൻ ആരോ അവനെയാണ് റബ്ബാനി എന്ന് പറയുന്നത്.] (ബുഖാരി സ്വഹീഹിൽ നിവേദക പരമ്പര പറയാതെ ഉദ്ധരിച്ചത്)

മാതൃകായോഗ്യരായ പ്രാമാണിക പണ്ഡിതന്മാർ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുമ്പോൾ ആദ്യമായി അവർക്ക് ദീനിനെ കുറിച്ചുള്ള പ്രാഥമിക ധാരണ നൽകുന്നു, ബൃഹത്തായ വിജ്ഞാനങ്ങൾ കൈമാറുന്നതിനു മുമ്പ് ചെറിയ ചെറിയ അറിവുകൾ പകർന്നു കൊടുക്കുന്നു, ക്രമപ്രവൃദ്ധമായി ദീനീ വിജ്ഞാനം അഭ്യസിപ്പിക്കുന്നു. നബി ﷺ സ്വഹാബത്തിനെ വളർത്തിക്കൊണ്ടുവന്ന മാതൃകയിൽ കാരുണ്യപൂർവ്വം സദുപദേശം നൽകി ദീനിൽ ഉറപ്പിച്ച് നിർത്തുന്നു. ഇതു തന്നെയാണ് താഴെ പറയുന്ന ഖുർആൻ സൂക്തത്തിന്റെ വിവക്ഷയും. ﴿ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينََ ١٢٥﴾ (النحل) [ഹിക്മത്തും സാരോപദേശവുമായി നീ നിന്റെ റബ്ബിന്റെ മാർഗ്ഗത്തിലേക്ക് പ്രബോധനം ചെയ്യുക. ഏറ്റവും ഉത്തമമായത് (വഹ്‌യ്) ഉപയോഗിച്ച് നീ അവരുമായി സംവദിക്കുക. തീര്‍ച്ചയായും നിന്റെ റബ്ബ് അവന്റെ മാർഗ്ഗം വിട്ട് പിഴച്ചു പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവൻ നേർമാർഗ്ഗം പ്രാപിച്ചവരെപ്പറ്റിയും ഏറ്റവും സൂക്ഷ്മമായി അറിയുന്നവനാകുന്നു.] (നഹ്ൽ 125)

അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുക (الدعوة إلى الله) എന്നത് നബിമാരുടെ ദൗത്യമാണ്. അതിന് സവിശേഷമായ ഒരു രീതിയുണ്ട്; അല്ലാഹു അവരോട് അനുശാസിച്ച പ്രയോഗ രീതി. അതിനാണ് ഹിക്മഃ എന്ന് പറയുന്നത്. പ്രബോധനം നടത്തുന്ന നബിമാരും അവരുടെ അനന്തരവന്മാരായ പണ്ഡിതന്മാരും അത് കൃത്യമായി പിന്തുടരാൻ ബാധ്യസ്ഥരാണ്. അത് ഉപേക്ഷിച്ച് നൂതനമായ രീതികൾ പിന്തുടരാൻ ഒരാൾക്കും അവകാശമില്ല.

ഇപ്രകാരം ശരിയായ രൂപത്തിൽ ദഅ്‌വത്ത് നടത്തേണ്ടത് ആരാണ്? പണ്ഡിതന്മാരെന്നോ പാമരന്മാരെന്നോ വ്യത്യാസമില്ലാതെ എല്ലാ ഓരോ മുസ്‌ലിമിന്റെയും വ്യക്തിഗതമായ ബാധ്യതയാണോ ദഅ്‌വത്ത്? ഇക്കാര്യത്തിലും സമൂഹത്തിൽ ഇന്ന് വലിയ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. അതിനാൽ അനുവാചകർ ഇതു സംബന്ധിച്ചുള്ള വസ്തുതകൾ വേർതിരിച്ചു തന്നെ മനസ്സിലാക്കേണ്ടതാണ്.

മനുഷ്യരാശിയിലേക്ക് നിയുക്തരായ നബിമാരുടെ ഉത്തരവാദിത്തമാണ് ദഅ്‌വത്ത്. അവരാണ് അല്ലാഹുവിന്റെ ദീൻ അവന്റെ അടിയാറുകളിലേക്ക് വിനിമയം ചെയ്യാനും അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കാനും കല്പിക്കപ്പെട്ടവർ. അല്ലാഹു പറയുന്നു: ﴿يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللهُُ يَعْصِمُكَ مِنَ النَّاسِ ۗ إِنَّ اللهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ٦٧﴾ (المائدة) [ഓ റസൂൽ, താങ്കളുടെ റബ്ബിങ്കൽനിന്ന് താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കൾ പ്രബോധനം ചെയ്യുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കൾ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ലെന്നു വരും. ജനങ്ങളില്‍ നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കും. സത്യനിഷേധികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല തന്നെ.] (മാഇദഃ 67)

നബിമാർ മാത്രമല്ല അവരുടെ അനന്തരവന്മാരും ഈ ചുമതല ഏൽപിക്കപ്പെട്ടവരാണ്. ചർച്ചയിലിരിക്കുന്ന സൂക്തത്തിലെ «ഞാനും എന്നെ പിൻപറ്റിയവരും..» എന്ന പരാമർശം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരാണ് നബിമാരുടെ അനന്തരവന്മാർ? നബിമാർ കൊണ്ടുവന്ന അറിവും ദീനും അനന്തരമെടുത്ത പണ്ഡിതന്മാരല്ലാതെ മറ്റാരുമല്ല അവർ. നബി ﷺ പറയുന്നത് കാണുക: «وَإِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ وَإِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا وَإِنَّمَا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ» [أخرجه الترمذي وحسنه الألباني] [നിശ്ചയമായും പണ്ഡിതന്മാരാണ് നബിമാരുടെ അനന്തരവന്മാർ. നബിമാർ സ്വർണ്ണ നാണയമോ വെള്ളിക്കാശോ അല്ല അനന്തരം നൽകിയിട്ടുള്ളത്. അവർ അനന്തരം നൽകിയത് അറിവു മാത്രമാണ്. ആരെങ്കിലും അത് സ്വീകരിച്ചാൽ സമൃദ്ധമായ ഒരു വിഹിതം തന്നെയാണ് അവൻ കൈപ്പറ്റിയിരിക്കുന്നത്.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

നബിമാരിൽനിന്ന് അറിവ് അനന്തരമെടുത്ത പണ്ഡിതന്മാരാണ് അവരുടെ അഭാവത്തിൽ അവർ വഹിച്ചിരുന്ന ചുമതല നിർവ്വഹിക്കേണ്ടത്. പണ്ഡിതന്മാർ അറിവിന്റെ വാഹകരാണ്. അറിവ് മറ്റുള്ളവർക്ക് വിനിമയം ചെയ്യേണ്ടതും അത് പ്രാവർത്തികമാക്കുന്നതിന് മാതൃകയായി നിലക്കൊള്ളേണ്ടതും അവരാണ്. അല്ലാതെ, പ്രബോധനം ചെയ്യേണ്ടത് അറിവില്ലാത്ത പാമര ജനങ്ങളല്ല. അവർ പ്രബോധിതരും സ്വീകർത്താക്കളുമാണ്.

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും സ്ഥാപിത താൽപര്യങ്ങൾക്കും വേണ്ടി മതമൂല്യങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും ദുർവ്യാഖ്യാനിക്കുന്നവർ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന തെറ്റായ ഒരു സങ്കൽപമുണ്ട്: പ്രബോധകന്മാർ വേറെ, പണ്ഡിതന്മാർ വേറെ എന്നതത്രെ അത്. പ്രബോധകന്മാർ പണ്ഡിതന്മാരായിരിക്കേണ്ടതില്ലെന്നതാണ് അവരുടെ വാദം. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ദീനിൽ അപനിർമ്മിതി നടത്താനും അത് ജനങ്ങളിൽ പ്രചരിപ്പിക്കാനും പശ്ചാത്തലമൊരുക്കുക എന്ന ഗൂഢലക്ഷ്യമാണ് ഈ വാദത്തിനു പിന്നിലുള്ളത്. യഥാർത്ഥത്തിൽ പണ്ഡിതന്മാരെ മാത്രമേ നബി ﷺ പ്രബോധനത്തിന് നിശ്ചയിച്ചിട്ടുള്ളു. മതിയായ അറിവില്ലാത്തവരെ അവിടുന്ന് പ്രബോധനത്തിന് നിയോഗിച്ച ഒരു സംഭവം പോലും ഇസ്‌ലാമിക ചരിത്രത്തിലില്ല.

വഴിയറിയാതെ, ദിശയറിയാതെ ജീവിതവീഥിയിൽ അലഞ്ഞുതിരിയുന്നവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്നത് അവന്റെ മാർഗ്ഗത്തെ കുറിച്ച് വ്യക്തമായി അറിയുന്ന നബിമാരുടെയും പണ്ഡിതന്മാരുടെയും കടമയാണ്. അല്ലാതെ, അറിവുള്ളവരെന്നോ അറിവില്ലാത്തവരെന്നോ വ്യത്യാസമില്ലാതെ എല്ലാ ഓരോ മുസ്‌ലിമിന്റെയും വ്യക്തിഗതമായ ബാധ്യതയായി അത് നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം സൂറത്തു ആലു ഇംറാനിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ﴿وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ ١٠٤﴾ (آل عمران) [നന്മയിലേക്ക് ക്ഷണിക്കുകയും, നിയമം അനുശാസിക്കുന്ന കാര്യങ്ങൾ കല്‍പിക്കുകയും, നിയമവിരുദ്ധമായത് വിലക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളില്‍ നിന്ന് ഉണ്ടായിത്തീരട്ടെ. അവർ തന്നെയാണ് വിജയികള്‍.] (ആലു ഇംറാൻ 104)

മേൽ സൂക്തത്തിൽ പ്രതിപാദിച്ച കാര്യങ്ങൾ ദഅ്‌വത്തിന്റെ പരിധിയിൽപെട്ടവ ആയതിനാൽ അത് നിർവ്വഹിക്കാൻ മുസ്‌ലിംകളിൽനിന്നുള്ള ഒരു വിഭാഗം ഉയർന്നു വരണം എന്നാണ് പറഞ്ഞിരിക്കുന്നത്. ശ്രദ്ധിക്കുക! അതിനെ പരിഗണിച്ചിരിക്കുന്നത് ഒരു സാമൂഹ്യ ബാധ്യത (فَرْضُ كِفَايَةٍ) ആയിട്ടാണ്. മേൽ സൂക്തത്തിൽ പറഞ്ഞ കാര്യങ്ങൾ നിറവേറ്റുന്ന ഒരു വിഭാഗം മുസ്‌ലിംകളിൽനിന്നും ഉയർന്നു വന്നാൽ അവർക്ക് വിജയിക്കാനാകും; അവർ മുഖേന മുസ്‌ലിം സമുദായത്തിന് മൊത്തമായി രക്ഷപ്പെടാനും സാധിക്കും. അല്ലാതെ, പണ്ഡിതന്മാരും പാമരന്മാരുമെല്ലാം ഒരു പോലെ നിർവ്വഹിക്കേണ്ട വ്യക്തിഗതമായ ഒരു ബാധ്യത (فَرْضُ عَيْنٍ) ആയിട്ട് അതിനെ കണക്കാക്കിയിട്ടില്ല. ഈ വസ്തുതക്ക് അടിവരയിടുന്ന മറ്റൊരു സൂക്തം കൂടി ഇവിടെ ഉദ്ധരിക്കാം: ﴿وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَائِفَةٌ لِّيَتَفَقَّهُوا فِي الدِّينِ وَلِيُنذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونََ ١٢٢﴾ (التوبة) [വിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിനു പുറപ്പെടാവതല്ല. അവരിൽ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘത്തിന് യുദ്ധത്തിന് പുറപ്പെട്ടു കൂടേ? എങ്കില്‍ അവശേഷിക്കുന്നവർക്ക് മതകാര്യങ്ങളില്‍ അറിവു നേടുകയും, തങ്ങളുടെ ആളുകള്‍ തങ്ങളുടെ അടുത്തേക്ക് തിരിച്ചുവരുമ്പോൾ അവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്യാമല്ലോ. അവര്‍ ജാഗ്രത പാലിച്ചേക്കാം.] (തൗബഃ 122)

മതകാര്യങ്ങളിൽ അവഗാഹം നേടാനും അത് പ്രബോധനം ചെയ്യാനും മുസ്‌ലിം സമുദായത്തിൽ ഒരു വിഭാഗം എന്നും ഉണ്ടായിരിക്കണം. അത് മുസ്‌ലിംകളുടെമേൽ ഒരു സാമൂഹ്യ ബാധ്യതയാണ്; വ്യക്തിഗതമായ ബാധ്യതയല്ല. ഇതാണ് വസ്തുത. എന്നാൽ പണ്ഡിതന്മാർ വേറെ, പ്രബോധകർ വേറെ എന്നു ജൽപിക്കുന്നവരും ശർഇയ്യായ അറിവ് നേടാത്തവർക്കും പ്രബോധനം കടമയാണെന്ന് വാദിക്കുന്നവരും ഈ മൗലിക യാഥാർത്ഥ്യത്തെ യാതൊരു അടിസ്ഥാനവുമില്ലാതെ നിഷേധിക്കുകയാണ് ചെയ്യുന്നത്.

രക്ഷിതാക്കളോ മുതിർന്ന വ്യക്തികളോ കുട്ടികളോടും മറ്റും നമസ്‌കാരം പോലുള്ള നല്ല കാര്യങ്ങൾ കല്പിക്കുന്നതും തിന്മ വിലക്കുന്നതും ദഅ്‌വത്തല്ലേ? തഖ്‌വഃ കൈക്കൊള്ളാൻ പരസ്‌പരം ഉപദേശിക്കുന്നത് ദഅ്‌വത്തല്ലേ? ഇതെല്ലാം വ്യക്തിഗതമായ ബാധ്യതയല്ലേ? ഇങ്ങനെയുള്ള കാര്യങ്ങൾ ഉയർത്തിക്കാണിച്ച് ചിലർ ഇക്കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കാറുണ്ട്. യഥാർത്ഥത്തിൽ അവയൊന്നും സാങ്കേതികമായ അർത്ഥത്തിലുള്ള പ്രബോധനത്തിന്റെ (الدعوة إلى الله) വിവക്ഷയിൽ ഉൾപ്പെടില്ല എന്നത് അത് ഉന്നയിക്കുന്നവർക്കു തന്നെ അറിയാവുന്നതാണ്. അത്തരം കാര്യങ്ങൾ മുൻനിർത്തി പ്രബോധനം (الدعوة إلى الله) വ്യക്തിഗതമായ ബാധ്യത (فَرْضُ عَيْنٍ) ആണെന്ന് പറയാനുമാവില്ല. സച്ചരിതരായ മുൻഗാമികളോ അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാരോ അങ്ങനെ വിശദീകരിച്ചിട്ടുമില്ല. മറിച്ച്, മുസ്‌ലിംകൾ പരസ്‌പരം നിറവേറ്റേണ്ട ചില മര്യാദകളും ബാധ്യതകളും മാത്രമായിട്ടാണ് അവ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.

പ്രബോധനം ഓരോ മുസ്‌ലിമിന്റെയും വ്യക്തിഗതമായ ബാധ്യതയാണെന്ന് വാദിക്കാറുള്ള ചില തൽപര കക്ഷികൾ അതിന് ഉന്നയിക്കാറുള്ള തെളിവ് ഇമാം ബുഖാരി ﵀ ഉദ്ധരിച്ച ഒരു ഹദീസാണ്. അതിന്റെ നിജസ്ഥിതി കൂടി നമുക്ക് വിശകലനം ചെയ്യാം. عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنَّ النَّبِيَّ ﷺ قَالَ: «بَلِّغُوا عَنِّي وَلَوْ آيَةً..» [البخاري في صحيحه] [അബ്ദുല്ലാഹ് ബിൻ അംറ് ബ്‌നുൽ ആസ്വ് ﵁ നിവേദനം. തീർച്ചയായും നബി ﷺ പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നിൽ നിന്നും ഒരായത്തുപോലും എത്തിച്ചു കൊടുക്കുക..] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

പ്രബോധനം ഓരോ മുസ്‌ലിമിന്റെയും വ്യക്തിഗതമായ ബാധ്യതയാണെന്ന മുൻവിധിയിൽ ഈ വചനം വായിക്കുമ്പോൾ ചിലരെങ്കിലും ഇത് ഓരോ വ്യക്തിയോടും പ്രബോധനം ചെയ്യാനുള്ള കല്പന യാണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്. വാസ്‌തവം മറിച്ചാണ്. ഇത് ഖുർആനിക സൂക്തങ്ങളും നബിവചനങ്ങളും നിവേദനം ചെയ്യാനുള്ള കല്പന മാത്രമാണ്. നിവേദനവും (رِوَايَةٌ) പ്രബോധനവും (الدَّعْوَةُ إِلَى اللهِ) രണ്ടും രണ്ടു തന്നെയാണ്. മേൽ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്‌നു ഹജർ ﵀ ഇക്കാര്യം ഉദ്ധരണികൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് കാണുക: قَالَ الْمُعَافَى النَّهْرَوَانِيُّ فِي كِتَابِ الْجَلِيسِ لَهُ: ...فِي الْحَدِيثِ وَلَوْ آيَةً أَيْ وَاحِدَةً لِيُسَارِعَ كُلُّ سَامِعٍ إِلَى تَبْلِيغِ مَا وَقَعَ لَهُ مِنَ الْآيِ وَلَوْ قَلَّ لِيَتَّصِلَ بِذَلِكَ نَقْلُ جَمِيعِ مَا جَاءَ بِهِ ﷺ. اهـ كَلَامُهُ. [ابن حجر في فتح الباري] [മുആഫാ അന്നഹ്റുവാനി തന്റെ അൽ ജലീസ് എന്ന കൃതിയിൽ പറയുന്നു: ഹദീസിലുള്ളത് وَلَوْ آيَةَ അഥവാ ഒരെണ്ണമെങ്കിലും എന്നാണ്. കേട്ടവരെല്ലാം തനിക്കു കിട്ടിയത് എത്ര കുറഞ്ഞതാണെങ്കിലും അത് എത്തിക്കാൻ ധിറുതി കാണിക്കാനും അതു മുഖേന അവിടുന്ന് കൊണ്ടു വന്ന മുഴുകാര്യങ്ങളുടെയും നിവേദനം ഇടമുറിയാതെ തുടർന്നു പോകാനും വേണ്ടിയാണത്.] (ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയത്)

«എന്നിൽനിന്നും ഒരായത്ത് പോലും നിങ്ങൾ എത്തിച്ചു കൊടുക്കുക» എന്ന നബിവചനത്തിന്റെ ശരിയായ അർത്ഥവും വിവക്ഷയും പലർക്കുമറിയില്ല. ശരിയായ വിശദീകരണമില്ലാതെ ഈ നബിവചനം ഉദ്ധരിക്കുന്നതാണ് തെറ്റിദ്ധാരണയുടെ അടിസ്ഥാനം. ഇവിടെ പറയുന്ന ആയത്തിന്റെ (آيَةً) അർത്ഥം ഖുർആൻ സൂക്തം എന്നല്ല. മറിച്ച്, അവിടുന്ന് പ്രബോധനം ചെയ്‌ത കാര്യം 'പൂർണ്ണമായി, മൊത്തമായി, ഒന്നൊഴിയാതെ' എത്തിച്ചു കൊടുക്കുക എന്നതാണ്. ഖുർആനും ഹദീസും പൂർണ്ണമായി, അതിലെ ഒരംശവും ഒഴിവാക്കാതെ റിപ്പോർട്ടുചെയ്യുന്ന കാര്യമാണ് ഇതിൽ പരാമർശിക്കുന്നത്. ഇമാം അൽബാനി ﵀ നൽകുന്ന ഒരു വിശദീകരണം കൂടി കാണുക:

أي: جملة، سواء كانت من الكتاب أو السنة، في النهاية: ومعنى الآية من كتاب الله جماعة حروف وكلمات من قولهم: خرج القوم بآيتهم، أي بجماعتهم، لم يدعوا وراءهم شيئا، والآية في غير هذه العلامة، قال بعضهم في شرح الحديث أي علامة تتميم ومبالغة، أي ولو كان المبلغ فعلا أو إشارة بنحو يدٍ أو أصبع، فإنه يجب تبليغه حفظا للشريعة. [الألباني في تعليقه على كتاب العلم لأبي خيثمة]

[«بَلِّغُوا عَنِّي وَلَوْ آيَةً» «എന്നിൽനിന്നും നിങ്ങൾ എത്തിച്ചു കൊടുക്കുക, ഒരായത്ത് പോലും!» അഥവാ മൊത്തമായി എത്തിച്ചു കൊടുക്കുക, അത് ഖുർആനിലുള്ളതോ സുന്നത്തിലുള്ളതോ ആവട്ടെ എന്നു താൽപര്യം. ഇബ്‌നുൽ അഥീറിന്റെ അന്നിഹായഃ എന്ന ഹദീസ് നിഘണ്ടുവിലുള്ളത് ഇപ്രകാരമാണ്: "അല്ലാഹുവിന്റെ ഗ്രന്ഥത്തിൽനിന്നുള്ള ആയത്ത് എന്നതിന്റെ അർത്ഥം അതിലെ മൊത്തം അക്ഷരങ്ങളും വാക്കുകളുമാണ്. ഇത്, 'ജനം അവരുടെ ആയത്തോടെ പുറപ്പെട്ടു', അഥവാ അവർ മൊത്തം പുറപ്പെട്ടു, പിറകിൽ ഒന്നും വിട്ടേച്ചില്ല എന്ന അറബികളുടെ പ്രയോഗത്തിൽപെട്ടതാണ്. ആയത്ത് എന്നതിന് ഇതല്ലാത്ത ഒരു അർത്ഥമുള്ളത് അടയാളം എന്നുള്ളതാണ്. അതിനാൽ മേൽ ഹദീസിന്റെ വിശദീകരണമായി ചിലർ പറഞ്ഞിട്ടുള്ളത് അടയാളങ്ങൾ പോലും എത്തിക്കുക എന്നാണ്. അത് റിപ്പോർട്ടു ചെയ്യുന്നതിലെ പൂർണ്ണതയെയും അതിശയോക്തിയെയുമാണ് കുറിക്കുന്നത്. അഥവാ എത്തിച്ചു കൊടുക്കുന്ന സന്ദേശം ഒരു പ്രവൃത്തിയോ, കൈയോ വിരലോ പോലുള്ളതു കൊണ്ടുള്ള ആംഗ്യമോ ആവാം. കാരണം, ശരീഅത്തിന്റെ സംരക്ഷണത്തിനായി അവ പോലും എത്തിച്ചു കൊടുക്കൽ നിർബന്ധമാണെന്നു സാരം.] (അൽബാനി അബൂ ഖൈഥമഃയുടെ കിതാബുൽ ഇൽമിനു നൽകിയ അടിക്കുറിപ്പിൽനിന്ന്)

ഇവിടെ പറയുന്ന ആയത്തും ഖുർആൻ സൂക്തവും രണ്ടാണ്. രണ്ടും രണ്ടായി മനസ്സിലാക്കാനുള്ള വകതിരിവില്ലാത്തവർ ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം. ولذلك يقول ابن حزم: لو سكت الجاهل لقل الخلاف. [شرح كتاب الإبانة من أصول الديانة] [അതു കൊണ്ടാണ് ഇബ്‌നും ഹസം പറയുന്നത്, വിവരമില്ലാത്തവൻ മൗനം പാലിച്ചിരുന്നുവെങ്കിൽ ഭിന്നത കുറയുമായിരുന്നു എന്ന്.] (ഉദ്ധരണം: ഇബ്‌നു ബത്ത്വഃയുടെ അൽ ഇബാനഃയുടെ വിശദീകരണത്തിൽ നിന്ന്)

നബിമാരായിരുന്നാലും അവരെ അനന്തരമെടുക്കുന്ന പണ്ഡിതന്മാരായിരുന്നാലും അവരെല്ലാം പ്രബോധനം ചെയ്യേണ്ടത് അല്ലാഹുവിലേക്കാണ്. ചർച്ചയിലിരിക്കുന്ന സൂക്തത്തിൽ അല്ലാഹു പറഞ്ഞ ﴿قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّٰهِ ۚ..﴾ എന്നതിന്റെ താൽപര്യം പ്രബോധനം അല്ലാഹുവിലേക്ക് മാത്രമായിരിക്കണം, മറ്റാരിലേക്കുമോ മറ്റെന്തെങ്കിലും ലക്ഷ്യത്തിനു വേണ്ടിയോ ആയിരിക്കാൻ പാടില്ലെന്നതാണ്. ദഅ്‌വത്ത് ആദ്യന്തം അല്ലാഹുവിലേക്കാണ്, അവന്റെ ഏകത്വത്തിലേക്കാണ്, അവന്റെ മാത്രം ആരാധ്യതയിലേക്കാണ്, അവനു പങ്കുകാരെ നിശ്ചയിക്കാൻ പാടില്ലെന്ന പരമസത്യത്തിലേക്കാണ്, അവനു പുറമെ ആരാധിക്കപ്പെടുന്ന സകലമാന ദൈവങ്ങളെയും അവർക്ക് സമർപ്പിക്കപ്പെടുന്ന ആരാധനാ കർമ്മങ്ങളെയും അവരെ ആരാധിക്കുന്ന മുശ്‌രിക്കുകളെയും വെടിയണമെന്ന വസ്തുതയിലേക്കാണ്, അല്ലാഹുവിനെ ആരാധിക്കേണ്ടത് അവന്റെ ദൂതന്മാർ മുഖേന അവൻ പഠിപ്പിച്ച രൂപത്തിൽ മാത്രമാണെന്ന മൗലിക സത്യത്തിലേക്കാണ്. ഇതാണ് അല്ലാഹു ഇറക്കിയ സന്ദേശത്തിന്റെ ആകത്തുക. അല്ലാതെ ഒരാൾക്കും തന്നിലേക്കോ തന്റെ യുക്തി നിർദ്ദേശിക്കുന്ന കാര്യങ്ങളിലേക്കോ, താനിഷ്ടപ്പെടുന്ന മറ്റു വ്യക്തികളിലേക്കോ ത്വരീഖത്തുകളിലേക്കോ മദ്ഹബുകളിലേക്കോ സംഘടനകളിലേക്കോ കേന്ദ്രങ്ങളിലേക്കോ ജനങ്ങളെ ക്ഷണിക്കാൻ അവകാശമില്ല.

പ്രബോധകന്മാർ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കേണ്ടത് ബസ്വീറത്തിന്റെ (بَصِيرَةٌ) അടിസ്ഥാനത്തിലായിരിക്കണം. ഇതാണ് ചർച്ചയിലിരിക്കുന്ന സൂക്തത്തിൽ അനുശാസിച്ചിരിക്കുന്ന മറ്റൊരു കാര്യം. എന്താണ് ബസ്വീറഃ (بَصِيرَةٌ)? ഉൾക്കാഴ്‌ച എന്നോ ശരിക്കും മനസ്സിലാക്കാവുന്ന തെളിവ് അല്ലെങ്കിൽ രേഖ എന്നോ വിശേഷിപ്പിച്ചാൽ ശരാശരി വായനക്കാർക്ക് കാര്യം വേർതിരിച്ച് മനസ്സിലാക്കാനാവില്ല.

ഉൾക്കാഴ്‌ച എന്നത് ആരുടെയോ അന്തഃകരണത്തിൽ ഉദിക്കുന്ന ബോധമോ പ്രജ്ഞയിൽ തെളിയുന്ന ബോധ്യമോ ആവാം. യഥാർത്ഥത്തിൽ ഇത്തരം ആത്മനിഷ്ഠാപരമായ കാര്യങ്ങളെയല്ല ബസ്വീറഃ കൊണ്ട് വിവക്ഷിക്കുന്നത്.

അതേ പോലെ, ശരിക്കും മനസ്സിലാക്കാവുന്ന തെളിവ് അല്ലെങ്കിൽ രേഖ എന്ന വിശദീകരണവും വായനക്കാരെ ആശയക്കുഴപ്പത്തിലാക്കുകയേ ഉള്ളു. ഇത്തരം വിശേഷണങ്ങൾ വായിക്കുമ്പോൾ ആദ്യമായി അവരുടെ മനസ്സുകളിലേക്ക് കടന്നു വരിക ശാസ്‌ത്രീയമോ അനുഭവമാത്രമായതോ (empirical) ആയ തെളിവുകളും രേഖകളുമായിരിക്കും.

യഥാർത്ഥത്തിൽ ബസ്വീറഃ എന്നതിന്റെ വിവക്ഷ, വഹ്‌യിലൂടെ അല്ലാഹു അവതരിപ്പിച്ചു തന്ന രേഖകളും തെളിവുകളും അറിവുകളുമാണ്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നബി ﷺയും അവിടുത്തെ അനന്തരവന്മാരായ പണ്ഡിതരും ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചത്. അതാണ് നബി ﷺയുടെ മാർഗ്ഗം. അവിടുന്ന് പിന്തുടർന്ന മാർഗ്ഗമേ സ്വർഗ്ഗത്തിലെത്തിക്കുകയുള്ളു. മറ്റെല്ലാം നമ്മെ ലക്ഷ്യത്തിൽനിന്ന് ചിതറിച്ചു കളയുകയേ ചെയ്യൂ. ഇക്കാര്യം അസന്ദിഗ്ധമായി തന്നെ പറയേണ്ടത് അനിവാര്യമാണ്.

ബസ്വീറഃ എന്നതിന് നൽകപ്പെട്ട വ്യാഖ്യാനം കൂടി പരിശോധിക്കുന്നത് സമുചിതമായിരിക്കും. സഅ്ദി ﵀ പറയുന്നത് കാണുക: أي: على علم ويقين من غير شك ولا امتراء ولا مرية. [السعدي في تيسير الكريم الرحمٰن في تفسير كلام المنان] [അഥവാ അറിവിന്റെയും ദൃഢവിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ, ലവലേശം സംശയമോ സന്ദേഹമോ ശങ്കയോ കൂടാതെ.] (സഅ്ദി തന്റെ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

അല്ലാഹു വഹ്‌യിലൂടെ അവതരിപ്പിച്ച ആത്യന്തികമായ അറിവ്, അതിൽനിന്ന് രൂപപ്പെട്ട സാന്ദ്രസ്‌നിഗ്ദ്ധമായ വിശ്വാസം, അതു ഘനീഭവിച്ച യഖീൻ അതാണ് ബസ്വീറഃ. അവിടെ സന്ദേഹങ്ങൾക്കൊട്ടും ഇടമില്ല. ഇക്കാര്യം തന്നെ ഇബ്‌നു കഥീർ ﵀യും ആവർത്തിക്കുന്നുണ്ട്: وهي الدعوة إلى شهادة أن لا إله إلا الله وحده لا شريك له، يدعو إلى الله بها على بصيرة من ذلك، ويقين وبرهان ، هو وكل من اتبعه. [ابن كثير في تفسيره] [ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി ഏകനായ, ഒരു പങ്കുകാരനുമില്ലാത്ത അല്ലാഹു അല്ലാതെ ആരുമില്ല എന്ന സത്യസാക്ഷ്യത്തിലേക്കുള്ള പ്രബോധനമാണത്. അതുമായി വ്യക്തമായ അറിവിന്റെയും ദൃഢബോധ്യത്തിന്റെയും രേഖയുടെയും അടിസ്ഥാനത്തിൽ അവിടുന്ന് അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു – നബി ﷺയും തന്നെ പിൻപറ്റിയവരെല്ലാവരും.] (ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

വഹ്‌യിൽനിന്ന് ലഭിച്ച അറിവിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിൽ മാത്രമേ അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കാവൂ. യുക്തിയുടെയോ ശാസ്‌ത്രത്തിന്റെയോ അഭീഷ്ടങ്ങളുടെയോ അഭിപ്രായങ്ങളുടെയോ അടിസ്ഥാനത്തിൽ പ്രബോധനം ചെയ്യുന്നത് പാടില്ലാത്ത കാര്യമാണ്. ഇസ്‌ലാമിന്റെ പ്രമാണരേഖകൾ മാത്രമേ തെളിവായി ഗണിക്കാൻ പാടുള്ളു. അവയിൽനിന്ന് മാത്രമേ ആത്യന്തികമായ സത്യം കണ്ടെത്താനാവുകയുള്ളു. മറ്റെല്ലാം ഊഹങ്ങളും അർദ്ധസത്യങ്ങളുമായിരിക്കും. ഇപ്രകാരം അറിവിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിൽ അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്നതാണ് മുഹമ്മദ് നബി ﷺയുടെ മാർഗ്ഗം. തന്റെ അനന്തരവന്മാരായ പണ്ഡിതന്മാരും ഇതേ മാർഗ്ഗം തന്നെയാണ് പിന്തുടരേണ്ടത്. അറിവിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലല്ലാതെ പ്രബോധനം ചെയ്യുന്നവർ വിവരദോഷികളാണ്. നബി ﷺ പറയുന്നത് കാണുക: عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ العَاصِ قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: إِنَّ اللهَ لَا يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلَكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا، فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا [البخاري في صحيحه] [അബ്ദുല്ലാഹ് ബിൻ അംറ് ബ്‌നുൽ ആസ്വ് ﵁ നിവേദനം. നബി ﷺ പറയുന്നു: അല്ലാഹു അറിവ് പിടിച്ചെടുക്കുന്നത് മനുഷ്യരിൽനിന്ന് അറിവ് ഊരിയെടുത്തുകൊണ്ടല്ല. മറിച്ച്, പണ്ഡിതന്മാരുടെ തിരോധാനത്തിലൂടെയാണ് അവൻ അറിവ് പിടിച്ചെടുക്കുന്നത്. അങ്ങനെ ഒരു പണ്ഡിതനെയും അവശേഷിപ്പിക്കാത്ത സ്ഥിതിയെത്തിയാൽ ജനങ്ങൾ നേതാക്കളായി സ്വീകരിക്കുക വിവരദോഷികളെയാണ്. അവർ ചോദിക്കപ്പെടുകയും, അറിവില്ലാതെ അവർ മതവിധി നൽകുകയും ചെയ്യും. അങ്ങനെ അവർ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

അഹ്‌ലുസ്സുന്നഃയുടെ അനിതരമായ ഒരു സവിശേഷതയാണ് മതവിഷയങ്ങളിലുള്ള വ്യക്തത. അവർ സത്യാസത്യങ്ങൾ വിവേചിക്കുകയും വസ്തുതകൾ വ്യവഛേദിച്ച് വിശദീകരിക്കുകയും ചെയ്യുന്നു. എന്നാൽ അവ്യക്തതകളും ആശയക്കുഴപ്പങ്ങളുമാണ് പിഴച്ച കക്ഷികളുടെ മുഖമുദ്ര. അവർ സത്യാസത്യങ്ങൾ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അല്ലാഹുവിലേക്കുള്ള ദഅ്‌വത്ത് പോലെ ഏറെ മൗലികവും പരിപാവനവുമായ വിഷയങ്ങളിൽ നമുക്ക് പൂർണ്ണമായ വ്യക്തത അനിവാര്യമാണ്. അതിനാൽ ചർച്ചയിലിരിക്കുന്ന സൂക്തം തദ്‌വിഷയത്തെ സമഗ്രമായി വിലയിരുത്താനും അതിന്റെ നാനാവശങ്ങളും തെളിവോടെ വകതിരിച്ച് മനസ്സിലാക്കാനും ഉതകുന്ന വിധത്തിൽ തന്നെ വിശദീകരിക്കപ്പെടേണ്ടതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ തിരുത്താനും ഇസ്‌ലാമിന്റെ ശരിയായ ആശയങ്ങളും വിഭാവനകളും ഊട്ടിയുറപ്പിക്കാനും ഉപയുക്തമായ വിധത്തിൽ തന്നെ കാര്യങ്ങൾ വിവരിക്കേണ്ടതാണ്.

അധിക വായനക്കായി അറിവിന്റെ ആധികാരികത എന്ന ലേഖനം (പുറം 1/143) കൂടി കാണുക.