Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ആലു ഇംറാൻ,آلُ عِمْرَانَസൂക്തം 39

Vol. 2 Page 870

﴿فَنَادَتْهُ الْمَلَـٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ اللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّـٰلِحِينَ 39﴾

അങ്ങനെ അദ്ദേഹം മിഹ്റാബിൽ നിന്നുകൊണ്ട് നമസ്‌കരിക്കുമ്പോൾ മലക്കുകൾ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: അല്ലാഹു താങ്കൾക്ക് യഹ്‌യയെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നു - അല്ലാഹുവിങ്കൽനിന്നുള്ള ഒരു വചനത്തെ സത്യപ്പെടുത്തുന്നവനായി, നായകനായി, ആത്മനിയന്ത്രണമുള്ളവനായി, നബിയായി, സദ്‌വൃത്തരിൽപെട്ടവനായി. (39)

[അവിടുന്ന് ഐഹിക ജീവിതത്തിന് വിലകൽപിച്ചിരുന്നതുമില്ല.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/490)

മേൽ സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയിരിക്കുന്ന വ്യാഖ്യാനത്തിലെ ഒരു ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അത് അനുവാചകരിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉളവാക്കിയേക്കാമെന്നതിനാൽ ഒരു ലഘുവിശദീകരണം താഴെ കൊടുക്കാം.

ലൗകികതയോടുള്ള ഒരു വിശ്വാസിയുടെ സമീപനം നിർവ്വചിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ, ഒട്ടും കൂടുകയോ കുറയുകയോ ചെയ്യാത്ത, പ്രമാണബദ്ധമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ അത് ഐഹിക ജീവിതത്തെ മാത്രമല്ല, പരലോക വിജയത്തെയും നശിപ്പിച്ചുകളയും.

ലൗകികതക്ക് അല്ലാഹു കൽപിക്കുന്ന ഒരു മൂല്യമുണ്ട്. എന്നാൽ ഭൂലോകത്ത് ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ ലൗകികതക്ക് കൽപിക്കണമെന്ന് അല്ലാഹു അനുശാസിക്കുന്ന മൂല്യമൊന്നു വേറെയുമുണ്ട്. രണ്ടും വേർതിരിച്ചു കാണേണ്ടതാണ്.

ഒന്നുകിൽ മനുഷ്യർക്ക് ഭൗതിക പ്രമത്തതയിൽ മുഴുകാം. സ്വർണ്ണനാണയങ്ങൾക്കും വെള്ളിക്കാശുകൾക്കും അടിമപ്പെടാം. അങ്ങനെയെങ്കിൽ അവൻ ഉബൂദിയ്യത്തിൽ തന്നെ വീഴ്‌ച വരുത്തിയവനായിത്തീരും.

അല്ലെങ്കിൽ, ദുനിയാവിനെ വെറുക്കാം. ലൗകികതയോട് വിരോധം പുലർത്താം. അല്ലാഹു അനുവദിച്ച ജീവിത സുഖങ്ങൾ വെടിഞ്ഞ് സർവസംഗപരിത്യാഗിയായി നടക്കാം. ഭ്രാന്തന്മാരെപ്പോലെയോ ഭിക്ഷാംദേഹികളെപ്പോലെയോ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിൽനിന്ന് ഓടിയൊളിച്ച് അലഞ്ഞു നടക്കാം.

ഇത് രണ്ടുമല്ല ഇസ്‌ലാം നിർദ്ദേശിക്കുന്ന മാർഗ്ഗം. അല്ലാഹു ലൗകികതക്ക് നൽകുന്ന വിലയെന്ത് എന്ന് ആദ്യം പരിശോധിക്കാം. നബി ﷺ പറയുന്നു: عَنْ سَهْلِ بْنِ سَعْدٍ قَالَ: قَالَ رَسُولُ اللَّهِ ﷺ: لَوْ كَانَتِ الدُّنْيَا تَعْدِلُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ مَا سَقَى كَافِرًا مِنْهَا شُرْبَةً. [أَحْمدُ وَالتِّرْمِذِيُّ وَابْن مَاجَه وَصَحَّحَهُ الْأَلْبَانِي] [സഹ്ൽ ബിൻ സഅ്ദ് ﵁ നിവേദനം. നബി ﷺ പറയുന്നു: അല്ലാഹുവിന്റെ അടുക്കൽ ദുനിയാവ് ഒരു കൊതുകിൻ ചിറകിനെങ്കിലും സമമായിരുന്നുവെങ്കിൽ ഒരു അവിശ്വാസിയെയും അതിൽനിന്ന് ഒരു മുറുക്ക് പോലും അവൻ കുടിപ്പിക്കുമായിരുന്നില്ല.] (അഹ്‌മദ് മുസ്‌നദിലും തിർമുദി, ഇബ്‌നു മാജഃ സുനനുകളിലും ഉദ്ധരിച്ചത്)

മുകളിൽ പറഞ്ഞത് ലൗകികതക്ക് അല്ലാഹു കൽപിക്കുന്ന വിലയാണ്. 'عِنْدَ اللَّهِ - അല്ലാഹുവിന്റെ അടുക്കൽ' എന്ന പ്രയോഗം അതാണ് അർത്ഥമാക്കുന്നത്. അല്ലാതെ മനുഷ്യർ കൽപിക്കേണ്ട വിലയല്ല ഇവിടെ പറഞ്ഞിരിക്കുന്നത്.

അല്ലാഹു നിശ്ചയിച്ച അവധിവരെ മനുഷ്യർക്കു തങ്ങാനുള്ള താൽക്കാലിക സങ്കേതമാണ് ദുനിയാവ്. അവിടെ ജീവിത സന്ധാരണത്തിനാവശ്യമായ വിഭവങ്ങൾ അവൻ ഒരുക്കിയിരിക്കുന്നു. ഭൂമുഖത്ത് നിശ്ചിതകാലം വരെ ജീവിതം അനുവദിച്ചത് പരീക്ഷണാർത്ഥമാണ്. ദുനിയാവിനെ പാടെ ത്യജിച്ചും അവഗണിച്ചും മുന്നോട്ടു പോകാൻ അല്ലാഹു നിർദ്ദേശിച്ചിട്ടില്ല. ലൗകികതയോടുള്ള അത്തരം നിഷേധാത്മകമായ സമീപനം പാരത്രിക ജീവിതത്തിനു വേണ്ട പാഥേയമൊരുക്കുന്നതിന് സഹായകരമാവുകയുമില്ല. ലൗകിക ജീവിതത്തിന്റെ നട്ടെല്ലാണ് സമ്പത്ത്. അതിനെ നിലനിൽപിനുള്ള ആധാരമായിട്ടാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. വിവേകമില്ലാത്തവരുടെ കൈകളിൽ അത് ഏൽപിക്കരുതെന്നും അവൻ കൽപിക്കുന്നു: ﴿وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللهُ لَكُمْ قِيَامًا وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا 5﴾ (النِّسَاءُ) [അല്ലാഹു നിങ്ങളുടെ നിലനിൽപ്പിനായി നിശ്ചയിച്ച നിങ്ങളുടെ സ്വത്തുക്കള്‍ വിവേകമില്ലാത്തവര്‍ക്ക് കൈമാറരുത്. അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്‌ത്രവും നല്‍കുകയും, അവരോട് ന്യായമായ വാക്ക് പറയുകയും ചെയ്യുക.] (നിസാഅ് 5)

സ്വത്ത് ലൗകിക ജീവിതത്തിന്റെ ആധാരമാണ്. അതിനെയാണ് നിലനിൽപ് എന്ന് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. അത് കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്‌മത പുലർത്തണം. അതിനെ പരിത്യജിക്കുകയോ അവഗണിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യരുത് എന്നതാണ് മേൽ സൂക്തത്തിൽ പറഞ്ഞിരിക്കുന്നത്. ലൗകിക ജീവിതത്തോടുള്ള ഒരു മുസ്‌ലിമിന്റെ സമീപനം ഉരുത്തിരിയേണ്ടത് ഇത്തരം വചനങ്ങളിൽനിന്നാണ്.

ലൗകിക വിഭവങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നത് അടിസ്ഥാനപരമായും അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നവർക്ക് വേണ്ടിയാണ്. ദുനിയാവ് പരീക്ഷണാർത്ഥം ഒരുക്കപ്പെട്ട താൽക്കാലിക സങ്കേതമായതിനാലും, ലൗകികതക്ക് അല്ലാഹുവിങ്കൽ ഒരു കൊതുകിൻ ചിറകിന്റെ വിലപോലും ഇല്ലാത്തതിനാലും അവിശ്വാസികൾക്കും അതിൽനിന്ന് മുടക്കമില്ലാതെ നൽകുന്നു എന്നതാണ് സത്യം. ﴿قُلْ مَنْ حَرَّمَ زِينَةَ اللهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ ۚ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ ۗ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ 32﴾ (الْأَعْرَافُ) [പറയുക: അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉണ്ടാക്കിവെച്ചിട്ടുള്ള അലങ്കാര വസ്‌തുക്കളും വിശിഷ്ടമായ വിഭവങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്‌; അന്ത്യനാളില്‍ അവര്‍ക്കുമാത്രമായിട്ടുള്ളതും. അപ്രകാരമാണ് നാം ഗ്രാഹ്യമുള്ള ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വിവരിച്ചുകൊടുക്കുന്നത്.] (അഅ്റാഫ് 32)

ധനത്തെയും ലൗകിക ജീവിതത്തിലെ വിശിഷ്ടമായ വസ്‌തുക്കളെയും പാടെ ത്യജിക്കേണ്ടതില്ല. അത് വിശ്വാസികൾക്ക് വിലക്കപ്പെട്ടതല്ല. അത് മറ്റാരെയോ ഉദ്ദേശിച്ചുണ്ടാക്കിയതാണെന്ന് തെറ്റിദ്ധരിക്കേണ്ടതുമില്ല. വെറുക്കപ്പെടേണ്ട ഒന്നായി ധനത്തെ കാണുന്നത് ശരിയല്ല. സമ്പാദ്യവും വിനിയോഗവും അല്ലാഹുവിന്റെ കൽപന പ്രകാരമാണെങ്കിൽ അത് വിശിഷ്ടമാണ്. നബി ﷺ പറയുന്നത് കാണുക: عن عمرو بن العاص عن النبي ﷺ قال: نعم المال الصالح للرجل الصالح. [أحمد في مسنده وصححه الألباني] [അംറ് ബിൻ ആസ്വ് ﵁ നിവേദനം. നബി ﷺ പറയുന്നു: നല്ല ധനം നല്ലവനായ ഒരു വ്യക്തിക്ക് എത്ര ഭൂഷണമാണ്!] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

ജീവിച്ചിരിക്കെ സ്വർഗ്ഗം ലഭിക്കുമെന്ന് മുൻകൂട്ടി അറിയിപ്പു ലഭിച്ച പത്തു പേരാണ് നബി ﷺ യുടെ അനുചരന്മാരിൽ ഏറ്റവും ശ്രേഷ്ഠർ. അവരൊന്നും ഭിക്ഷുക്കളോ ഫഖീറുകളോ ആയിരുന്നില്ല. മറിച്ച്, സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരായിരുന്നു. എന്നല്ല, അവർ സ്വന്തം സമ്പാദ്യം കൊണ്ട് ജീവിച്ചവരും മറ്റുള്ളവരെ സഹായിച്ചവരും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധാരാളമായി വ്യയം ചെയ്‌തവരുമായിരുന്നു. അവർ ധനം നെഞ്ചേറ്റിയില്ല, കൈയിൽ വെക്കുക മാത്രമാണ് ചെയ്തത്. അതിനാൽ ധനം അവരെ കീഴ്‌പ്പെടുത്തിയില്ല, ധനം തങ്ങളുടെ ഐഹികവും പാരത്രികവുമായ നന്മക്കു വേണ്ടി ചെലവഴിക്കാൻ അവർക്കു സാധിച്ചു.

ഇവിടെ സ്‌മർത്തവ്യമായ മറ്റൊരു വിഷയം, زُهْدٌ അഥവാ വിരക്തി എന്നത് ഇന്ന് സമൂഹത്തിൽ ഏറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന കാര്യമാണെന്നുള്ളതാണ്. യഥാർത്ഥത്തിൽ അത് ഏറെ പ്രശംസനീയമായ ഒരാശയമാണെങ്കിലും പലരും അതിനെ ഇന്ന് തെറ്റായി മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്. വിരക്തി അടിസ്ഥാനപരമായി ഒരു മാനസികാവസ്ഥയാണ്. ധനവും ധനവിനിമയവുമല്ല അതിന്റെ മാനദണ്ഡം. സമ്പന്നൻ തന്നെ വിരക്തനും പരിത്യാഗിയുമാകാം; ഇല്ലാത്തവൻ അത്യാഗ്രഹിയുമാകാം. ചുവടെ ചേർക്കുന്നത് ഇബ്‌നുൽ ഖയ്യിം ﵀ നൽകുന്ന ഒരു വിശദീകരണമാണ്. സംശയങ്ങൾ ദൂരീകരിക്കാൻ അത് പര്യാപ്‌തമാകുമെന്ന് കരുതുന്നു. فَمَتَى كَانَ الْمَالُ فِي يَدِكَ وَلَيْسَ فِي قَلْبِكَ لَمْ يَضُرَّكَ وَلَوْ كَثُرَ، وَمَتَى كَانَ فِي قَلْبِكَ ضَرَّكَ وَلَوْ لَمْ يَكُنْ فِي يَدِكَ مِنْهُ شَيْءٌ، قِيلَ لِلْإِمَامِ أَحْمَدَ: أَيَكُونُ الرَّجُلُ زَاهِدًا، وَمَعَهُ أَلْفُ دِينَارٍ؟ قَالَ: نَعَمْ عَلَى شَرِيطَةِ أَلَّا يَفْرَحَ إِذَا زَادَتْ وَلَا يَحْزَنَ إِذَا نَقَصَتْ، وَلِهَذَا كَانَ الصَّحَابَةُ أَزْهَدَ الْأُمَّةِ مَعَ مَا بِأَيْدِيهِمْ مِنَ الْأَمْوَالِ، وَقِيلَ لِسُفْيَانَ الثَّوْرِيِّ: أَيَكُونُ ذُو الْمَالِ زَاهِدًا؟ قَالَ: نَعَمْ إِنْ كَانَ إِذَا زِيدَ فِي مَالِهِ شَكَرَ، وَإِنْ نَقَصَ شَكَرَ وَصَبَرَ. [ابْنُ الْقَيِّمِ فِي مَدَارِجِ السَّالِكِينَ] [ധനം നിന്റെ ഹൃദയത്തിലേറാതെ എപ്പോൾ കൈയിൽ ഒതുങ്ങി നിൽക്കുന്നുവോ അതെത്ര പെരുകിയാലും നിനക്ക് ദോഷം ചെയ്യില്ല. ധനമൊട്ടും നിന്റെ കൈവശമില്ലെങ്കിലും എപ്പോഴത് നിന്റെ ഹൃദയത്തിലേറിയോ അപ്പോഴത് നിനക്ക് ദോഷം വരുത്തുകയും ചെയ്യും. ഇമാം അഹ്‌മദ് ﵀യോട് ചോദിക്കപ്പെടുകയുണ്ടായി: ആയിരം സ്വർണ്ണനാണയങ്ങൾ കൈവശമുള്ളവൻ ഭൗതികതയോട് വിരക്തിയുള്ളവനാകുമോ? അദ്ദേഹം പറഞ്ഞു: അതെ, വർദ്ധിച്ചാൽ ആഹ്ലാദിക്കുകയോ കുറഞ്ഞാൽ ദുഃഖിക്കുകയോ ചെയ്യില്ലെങ്കിൽ. അതു കൊണ്ടാണ് അവരുടെ കൈകളിൽ ധാരാളം സമ്പത്തുണ്ടായിരിക്കെ തന്നെ സ്വഹാബികൾ ഈ സമുദായത്തിലെ ഏറ്റവും വിരക്തിയുള്ളവരായത്. സുഫ്‌യാൻ അൽ ഥൗരി ﵀യോട് ചോദിക്കപ്പെടുകയുണ്ടായി: സമ്പന്നൻ വിരക്തിയുള്ളവനാകുമോ? അദ്ദേഹം പറഞ്ഞു: അതെ, സ്വത്ത് വർദ്ധിക്കുമ്പോൾ നന്ദി കാണിക്കുകയും കുറയുമ്പോൾ നന്ദിയും ക്ഷമയും കൈക്കൊള്ളുകയും ചെയ്യുന്നുവെങ്കിൽ.] (ഇബ്‌നുൽ ഖയ്യിം മദാരിജുസ്സാലികീനിൽ രേഖപ്പെടുത്തിയത്)

ഇബ്‌നുൽ ഖയ്യിം ﵀യുടെ വീക്ഷണത്തിൽ വിരക്തിയെ കുറിച്ചുള്ള ഏറ്റവും നല്ല വിവരണം ഇപ്രകാരമാണ്: لَيْسَ الزُّهْدُ فِي الدُّنْيَا بِتَحْرِيمِ الْحَلَالِ، وَلَا إِضَاعَةِ الْمَالِ، وَلَكِنْ أَنْ تَكُونَ بِمَا فِي يَدِ اللهِ أَوْثَقُ مِنْكَ بِمَا فِي يَدِكَ، وَأَنْ تَكُونَ فِي ثَوَابِ الْمُصِيبَةِ - إِذَا أُصِبْتَ بِهَا - أَرْغَبُ مِنْكَ فِيهَا لَوْ لَمْ تُصِبْكَ. [ابْنُ الْقَيِّمِ فِي مَدَارِجِ السَّالِكِينَ] [ഭൗതികതയോടുള്ള വിരക്തി എന്നാൽ ഹലാലായതിനെ ഹറാമാക്കലോ കൈയിൽ കിട്ടിയ സമ്പത്ത് പാഴാക്കിക്കളയലോ അല്ല. മറിച്ച്, നിന്റെ കൈവശമുള്ളതിനെക്കാൾ ആത്മവിശ്വാസം അല്ലാഹുവിങ്കലുള്ളതിൽ ആയിരിക്കുക; വിപത്ത് ബാധിക്കാതിരിക്കുന്നതിനെക്കാൾ നിനക്ക് താൽപര്യം ബാധിച്ചാലുള്ള പ്രതിഫലത്തിലായിരിക്കുക - അതാണു വിരക്തി.] (ഇബ്‌നുൽ ഖയ്യിം മദാരിജുസ്സാലികീനിൽ രേഖപ്പെടുത്തിയത്)

ഇന്ന് വിരക്തിയെന്നാൽ സമ്പത്തിനോടും സമ്പന്നരോടുമുള്ള വിരോധവും പുഛവും അസൂയയുമാണ്. ആത്മപീഡാനുഭവങ്ങളിൽ സംതൃപ്‌തിയടയുക, ജീവിത യാഥാർത്ഥ്യങ്ങളിൽനിന്നും ഉത്തരവാദിത്വങ്ങളിൽനിന്നും ഒളിച്ചോടുക എന്നതൊക്കെയാണ് വിരക്തിയുടെ ലക്ഷണമായി പ്രകടിപ്പിക്കുന്നത്. എന്നാൽ ശരിയായ മാർഗ്ഗത്തിലുള്ള ധനസമ്പാദനവും വിനിയോഗവും വിരക്തിക്ക് എതിരല്ല. ഒരു വിശ്വാസിക്ക് ഹലാലായ ധനം ഏറെ ഭൂഷണമാണെന്നതാണ് സത്യം. നബി ﷺ പറയുന്നത് കാണുക: عن يسار بن عبد الله الجهني قال: كنا في مجلس، فجاء النبي ﷺ وعلى رأسه أثر ماء، فقال له بعضنا: نراك اليوم طيب النفس، فقال: «أجل، والحمد لله» ثم أفاض القوم في ذكر الغنى، فقال ﷺ: «لا بأس بالغنى لمن اتقى، والصحة لمن اتقى خير من الغنى، وطيب النفس من النعيم» [ابن ماجه في سننه وصححه الألباني] [യസാർ ബിൻ അബ്ദില്ല ﵁ നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ ഒരു സദസ്സിലിരിക്കുമ്പോൾ നബി ﷺ തലയിൽ ഈറനണിഞ്ഞതിന്റെ അടയാളവുമായി അവിടെ വന്നു. ഞങ്ങളിൽ ഒരാൾ പറഞ്ഞു: അങ്ങയെ ഞങ്ങൾ ഇന്ന് ഉദാത്തമായ മനോനിലയിലാണല്ലോ കാണുന്നത്! അവിടുന്ന് പറഞ്ഞു: അതെ, അല്ലാഹുവിന്ന് സ്തുതി. പിന്നെ ജനങ്ങൾ സമ്പത്തിനെ കുറിച്ച് പലതും സംസാരിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: തഖ്‌വ പുലർത്തുന്നവർക്ക് സമ്പത്തുണ്ടാകുന്നതിൽ കുഴപ്പമില്ല. ആരോഗ്യമാണ് തഖ്‌വ പുലർത്തുന്നവർക്ക് സമ്പത്തിനെക്കാൾ ഉത്തമം. നല്ല മനോനില സ്വർഗ്ഗീയാനന്ദത്തിൽ പെട്ടതാണ്.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

ചുരുക്കത്തിൽ, ലൗകികത വെറുക്കപ്പെട്ടതോ വിലക്കപ്പെട്ടതോ അല്ല. ലൗകിക ജീവിതത്തിന്റെ ആധാരമായ ധനം സൂക്ഷ്‌മതയോടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും വേണം എന്നു മാത്രം. സൂക്ഷ്‌മത പുലർത്തുന്ന ഒരാൾക്ക് നല്ല സമ്പാദ്യം ഭൂഷണമാണ്. ഇവിടുത്തെ വിശിഷ്ട വസ്‌തുക്കൾ അടിസ്ഥാനപരമായി വിശ്വാസികളെ ഉദ്ദേശിച്ചു കൊണ്ട് ഒരുക്കിയതുമാണ്. ലൗകികത ആർജ്ജിക്കുന്നതിലും വ്യയം ചെയ്യുന്നതിലും അല്ലാഹുവിന്റെ കൽപനകൾ പാലിക്കുകയും വിലക്കുകൾ മാനിക്കുകയും ചെയ്യണം. ബ്രഹ്മചര്യം, പൗരോഹിത്യം, ലൗകിക പരിത്യാഗം പോലുള്ള അധമവും പതിതവുമായ ശൈലികൾ ഇസ്‌ലാമിന്റെ വഴിയല്ല. മിതത്വത്തിന്റെ മധ്യമ വഴിയിലൂടെയാണ് ഒരു മുസ്‌ലിം മുന്നോട്ടു പോകേണ്ടത്.