Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നിസാഅ്,النِّسَاءُസൂക്തം 129

Vol. 2 Page 971

﴿وَلَن تَسْتَطِيعُوا أَن تَعْدِلُوا بَيْنَ النِّسَاءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا كُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ ۚ وَإِن تُصْلِحُوا وَتَتَّقُوا فَإِنَّ اللهَ كَانَ غَفُورًا رَّحِيمًا 129﴾

എത്രമേൽ വ്യഗ്രത കാണിച്ചാലും ഭാര്യമാർക്കിടയിൽ പൂർണ്ണമായി നീതികാണിക്കാൻ നിങ്ങൾക്കാവില്ല. എന്നാൽ ഒരു പക്ഷത്തേക്ക് മുഴുവനായി നിങ്ങൾ ചാഞ്ഞുപോകരുത്. അപ്പോൾ അപരയെ കെട്ടിയിടപ്പെട്ടവളെ പോലെ നിങ്ങൾ വിട്ടുകളഞ്ഞേക്കും. നിങ്ങൾ ഒത്തുതീർപ്പുണ്ടാക്കുകയും സൂക്ഷ്‌മത കൈക്കൊള്ളുകയും ചെയ്യൂ. എങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണി‌ക്കുന്നവനുമായിരിക്കും. (129)

[ആയിശ (റ) പ്രസ്താവിക്കുന്നു: റസൂൽ (സ) തിരുമേനി അവിടുത്തെ ഭാര്യമാർക്കിടയിൽ ഭാഗിക്കുകയും (ഓരോരുത്തരുടെ അടുക്കൽ താമസിക്കുന്ന ഊഴം കണക്കാക്കുകയും), അതിൽ നീതി പാലിക്കുകയും ചെയ്തിരുന്നു. എന്നിട്ടു പിന്നെയും അവിടുന്നു പറയും: 'അല്ലാഹുവേ, ഇത് എനിക്ക് കഴിയാവുന്ന കാര്യത്തിലുള്ള എന്റെ ഭാഗിക്കലാണ്. അതുകൊണ്ടു നിനക്കു കഴിയുന്നതും, എനിക്കു കഴിയാത്തതുമായ കാര്യത്തിൽ നീ എന്നെ കുറ്റപ്പെടുത്തരുതേ.' (അ., ദാ., ജ., തി., ന.)](വിശുദ്ധ ഖുർആൻ വിവരണം, പുറം 1/747)

വിശുദ്ധ ഖുർആൻ വിവരണത്തിൽ ഉദ്ധരിച്ച മേൽ ഹദീസ് ദുർബ്ബലമാണ്. അതിന്റെ നിവേദക പരമ്പര ആരംഭത്തിൽ മുറിഞ്ഞുപോയിട്ടുള്ളതിനാൽ അത് മുർസലാണ്. ഹാകിം, ദഹബി, ഇബ്‌നു കഥീർ ﵏ എന്നിവർ അത് സ്വഹീഹാണെന്ന് പറഞ്ഞത് വിസ്‌മരിക്കുന്നില്ല. പക്ഷെ, ഹദീസ് നിരൂപകരിൽ കൂടുതൽ സൂക്ഷ്‌മാലുക്കളായ പലരും കാര്യകാരണ സഹിതം അതിന്റെ ദുർബ്ബലത വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യന്റെ കഴിവിൽപെടാത്ത കാര്യങ്ങൾ വിട്ടുവീഴ്‌ചാപരമാണ്. അതിലവർക്ക് മതപരമായ ഉത്തരവാദിത്വം (تَكْلِيفٌ) ഇല്ല. അതിന്റെ പേരിൽ അവർ ചോദ്യംചെയ്യപ്പെടാൻ പോകുന്നുമില്ല. ഇത് ദീനിൽ അറിയപ്പെട്ട കാര്യമാണെന്നിരിക്കെ മേൽ ഹദീസിൽ വന്ന «അല്ലാഹുവേ, ഇത് എനിക്ക് കഴിയാവുന്ന കാര്യത്തിലുള്ള എന്റെ ഭാഗിക്കലാണ്. അതുകൊണ്ടു നിനക്കു കഴിയുന്നതും, എനിക്കു കഴിയാത്തതുമായ കാര്യത്തിൽ നീ എന്നെ കുറ്റപ്പെടുത്തരുതേ.» എന്ന പ്രാർത്ഥനക്ക് ഒട്ടും സാംഗത്യമില്ലെന്ന കാര്യം അമീർ സ്വൻആനി ﵀ സുബുലുസ്സലാം എന്ന കൃതിയിലും വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ, മേൽ ഹദീസിന്റെ നിവേദക പരമ്പര നോക്കിയാലും ഉള്ളടക്കമെടുത്താലും അത് സ്വീകാര്യമല്ലെന്നതാണ് വസ്തുത. വിശദാംശങ്ങൾക്കു വേണ്ടി അൽബാനി ﵀യുടെ ഇർവാഉൽ ഗലീൽ കാണുക.