Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നഹ്ൽ,النَّحْلُസൂക്തം 69

Vol. 2 Page 1226

﴿ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ٦٩﴾

എന്നിട്ട് എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിക്കുക. അങ്ങനെ നിന്റെ റബ്ബ് കീഴ്‌പ്പെടുത്തി തന്ന സുഖദ പാതകളില്‍ നീ പ്രവേശിക്കുക. അവയുടെ ഉദരങ്ങളില്‍ നിന്ന് ഭിന്ന വര്‍ണ്ണങ്ങളോടു കൂടിയ ഒരു പാനീയം പുറത്ത് വരുന്നു. മനുഷ്യർക്കതിൽ രോഗശമനമുണ്ട്‌. നിശ്ചയമായും അതിൽ ചിന്തിക്കുന്ന ജനതക്ക് ദൃഷ്ടാന്തമുണ്ട്‌. (69)

തേനീച്ചയും തേനും ഒരു ദൃഷ്ടാന്തമാണ്. ഇത്തരം പ്രകൃതിപരമായ നിരവധി ദൃഷ്ടാന്തങ്ങൾ അല്ലാഹു ഖുർആനിൽ വേറെയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവയെ കുറിച്ചെല്ലാം ചിന്തിക്കാൻ നമ്മോട് ആഹ്വാനം നടത്തുകയും ചെയ്‌തിട്ടുണ്ട്. നിരീക്ഷണ പാടവവും വിശകലന ബുദ്ധിയുമുള്ള മനുഷ്യർക്ക് വലിയ ഗുണപാഠങ്ങളാണ് അവയിൽനിന്ന് ലഭിക്കാനുള്ളത്.

അർപ്പണബോധത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമാണ് തേനീച്ച. അല്ലാഹു ഒരുക്കിക്കൊടുത്ത വഴികളിലൂടെ, അവന്റെ പ്രകൃതിപരമായ മാർഗ്ഗ ദർശനങ്ങൾ സ്വീകരിച്ച്, ഒട്ടുമേ വഴിതെറ്റാതെ, ദിഗ്ഭ്രംശം സംഭവിക്കാതെ, ഉയർന്ന സാമൂഹിക ബോധത്തോടെ, റാണിയുടെ കീഴിൽ വ്യവസ്ഥാപിതമായും അനുസരണയോടെയും കർമ്മനിരതമാകുന്ന ആ ജീവിതം നമുക്കുള്ള ഒരു വല്ലാത്ത കുറിമാനം തന്നെയാണ് ! അവ എല്ലാ വിധ ഫലങ്ങളിൽ നിന്നും മധുവും പൂമ്പൊടിയും ഭക്ഷിക്കുകയും അവയുടെ ഉദരങ്ങളിൽ നിന്ന് - കൃത്യമായി പറഞ്ഞാൽ ഉദരത്തിന്റെ അറകളിൽ നിന്ന് - നിറത്തിലും രുചിയിലും ഗുണത്തിലും വ്യത്യസ്തത പുലർത്തുന്ന തേൻ പുറത്ത് വരുകയും ചെയ്യുന്നു. അത് ശേഖരിച്ചു വെക്കുന്നതിന് മെഴുകു കൊണ്ട് ജ്യാമിതീയമായ കണിശതകളോടെ സമഷഡ്ഭുജാകൃതിയിലുള്ള അറകളോട് കൂടിയ കൂട് നിർമ്മിക്കുന്നു. ഏറ്റവും കുറഞ്ഞ ചെലവില്‍, ഒട്ടും സ്ഥലം പാഴാക്കാതെ, ഏറ്റവും കൂടുതല്‍ വിസ്‌തീര്‍ണ്ണം ലഭിക്കുന്നത് സമഷഡ്ഭുജത്തിനാണ്. അതുകൊണ്ടാണ് തേനീച്ചകള്‍ അവയുടെ കൂടിന്റെ അറകള്‍ സമഷഡ്ഭുജാകൃതിയില്‍ നിര്‍മ്മിക്കുന്നതെന്നു സാരം. തേനീച്ചയുടെ ശരീര ഘടന, അവയുടെ സാമൂഹ്യ ജീവിതം, ഭക്ഷണം തേടിയുള്ള യാത്ര, റാണിയുമായും അവ പരസ്‌പരവും നടത്തുന്ന ആശയ വിനിമയം, തേനീച്ചക്കൂടിന്റെ നിർമ്മിതി, പ്രത്യുൽപാദനവും വംശവർദ്ധനവും, തേനിന്റെ ഉൽപാദനം, അതിലെ പോഷക ഘടകങ്ങളും ഔഷധ മൂല്യങ്ങളും തുടങ്ങി പ്രകൃതി നിരീക്ഷകർക്ക് തീരാത്ത കൗതുകങ്ങളും ഗുണപാഠങ്ങളുമാണ് ഈ ദൃഷ്ടാന്തം കാഴ്‌ച വെക്കുന്നത്.

തേനിന്റെ ഔഷധമൂല്യം വഹ്‌യിൽ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു; വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശാസ്‌ത്രം ഇനി അത് പരീക്ഷിച്ചു തെളിയിക്കേണ്ടതില്ല. തേൻ ഒരു രോഗശമനോപാധി മാത്രമാണ്. യഥാർത്ഥത്തിൽ രോഗശമനം നൽകുന്നവൻ അല്ലാഹുവാണ്. ചികിത്സിക്കുന്ന ഡോക്ടർമാരോ, നൽകപ്പെടുന്ന ശുശ്രൂഷകളോ, സേവിക്കുന്ന മരുന്നുകളോ ശമനം നൽകുന്നില്ല. അവയെല്ലാം അല്ലാഹു ശമനം നൽകാൻ നിശ്ചയിച്ച കാരണങ്ങളിൽ ചിലതു മാത്രമാണ്. രോഗശമനത്തെ അതിന്റെ ദാതാവായ അല്ലാഹുവിലേക്ക് ചേർക്കാതെ, അതിനു നിശ്ചയിച്ച കാരണങ്ങളിലേക്കും ഉപാധികളിലേക്കും ചേർത്തു പറയുന്നത് അല്ലാഹുവിനോട് കാണിക്കുന്ന നന്ദി കേടാണ്. അത് ചെറിയ ശിർക്കിന്റെ ഗണത്തിലാണ് ഉൾപ്പെടുക എന്ന കാര്യം മാന്യ വായനക്കാർ പ്രത്യേകം ഓർമ്മ വെക്കുന്നത് നന്നായിരിക്കും.

മേൽ സൂക്തം ഭാഷാ പഠിതാക്കൾക്കും വലിയ കൗതുകമാണ് കാഴ്‌ചവെക്കുന്നത്. കാരണം, അത് അറബി ഭാഷയുടെ ആവിഷ്‌കാര ശേഷി അത്രമേൽ അനാവരണം ചെയ്യുന്നു. അതിസൂക്ഷ്മമായ അർത്ഥ ഭേദങ്ങൾ പോലും വ്യവഛേദിച്ചു കാണിക്കാനുള്ള അറബി ഭാഷയുടെ കഴിവിനുള്ള ഉത്തമോദാഹരണം തന്നെയാണത്. പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന അറബിയിലെ പദരൂപഭേദങ്ങൾ വരുത്തുന്ന ആശയപരമായ വ്യക്തതയും കണിശതയും മറ്റൊരു ഭാഷയിലും കാണുക സാധ്യമല്ല. ഏകവചനം, ദ്വിവചനം, ബഹുവചനം, പുല്ലിംഗം, സ്‌ത്രീലിംഗം, പ്രഥമപുരുഷൻ, മധ്യമപരുഷൻ, ഉത്തമ പുരുഷൻ പോലുള്ള അർത്ഥഭേദങ്ങൾ കുറിക്കാൻ അറബിയിൽ പ്രത്യേകം പ്രത്യേകം പദപ്രരൂപങ്ങളുണ്ട്. മാമലകളിൽ, വനാന്തരങ്ങളിൽ, വൃക്ഷശിഖരങ്ങളിൽ, പാറക്കെട്ടുകളിൽ, എടുപ്പുകളുടെ മേൽക്കൂരകളിൽ എല്ലാം അവ കൂടുകെട്ടുന്നത്, ദിഗ്ഭ്രമമില്ലാതെ വിദൂരതകളിൽ നിശ്ചിത ദൗത്യം നിറവേറ്റി കൂട്ടിലേക്ക് തിരിച്ചു വരുന്നത്, കാടുകളിലും നാടുകളിലും പരന്നു കിടക്കുന്ന നാനാ വിധ ഫലങ്ങളിൽ നിന്നും തേൻ ഉൽപാദിപ്പിക്കാനാവശ്യമായ വസ്‌തുക്കൾ ഭക്ഷിക്കുന്നത് ഒന്നും തന്നെ ആൺ ഈച്ചകളല്ല, പെൺ ഈച്ചകളാണെന്നത് ഖുർആൻ പഠിതാക്കൾ മനസ്സിലാക്കുന്നത് ശാസ്‌ത്ര ഗവേഷണത്തിൽനിന്നല്ല, ഖുർആനിന്റെ ഭാഷയിൽ നിന്നാണ്. اتَّخِذِي - كُلِي - فَاسْلُكِي എന്നീ സ്‌ത്രീലിംഗ പദപ്രരൂപങ്ങൾ അതാണ് അർത്ഥമാക്കുന്നത്. വിവിധ ഫലങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടു വരുന്നത് അതേ രൂപത്തിൽ നമുക്ക് തേനായി ലഭിക്കുന്നില്ല. മറിച്ച് പെൺ ഈച്ചകളുടെ ഉദരത്തിന്റെ വിവിധ അറകളിൽ നടക്കുന്ന സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് നാം ഉപയോഗിക്കുന്ന തേൻ ഉൽപാദിപ്പിക്കപ്പെടുന്നത്. بُطُونِهَا എന്ന പ്രയോഗം ഒരു പെൺ ഈച്ചയുടെ ശരീരത്തിൽ കാണുന്ന ഉദരത്തിന്റെ വിവിധ അറകളിലേക്കാണ് സൂചന നൽകുന്നത്. അറബി ഭാഷാ പരിജ്ഞാനം കൊണ്ടു തന്നെ ഇക്കാര്യം മനസ്സിലാക്കിയെടുക്കാവുന്നതേയുള്ളു. ഇങ്ങനെ തേനീച്ചയെ കുറിച്ചുള്ള ഖുർആനിക പരാമർശങ്ങൾ വിസ്‌മയങ്ങളുടെ ഒരു കലവറയായി നിലകൊള്ളുന്നു. ഖുർആൻ അല്ലാഹുവിന്റെ വചനമാണെന്നും മുഹമ്മദ് നബി ﷺക്ക് നല്കപ്പെട്ട മുഅ്ജിസത്താണെന്നും മനസ്സിലാക്കാൻ നിഷ്‌പക്ഷമതിയായ ഒരു സത്യാന്വേഷിക്ക് ഇതിൽപരം മറ്റു തെളിവുകൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

തേനിന്റെ ഔഷധമൂല്യത്തെ കുറിച്ചും ഈ സൂക്തത്തിൽ പരാമർശമുണ്ട്. നബി ﷺയെ സമീപിച്ചു കൊണ്ട് ഒരാൾ തന്റെ സഹോദരനു വയറിളക്കം ബാധിച്ച കാര്യം ഉണർത്തുകയും അവിടുന്ന് തേൻ നൽകാൻ നിർദ്ദേശിക്കുകയും ചെയ്‌ത സംഭവം വിശുദ്ധ ഖുർആൻ വിവരണത്തിലും (പുറം 3/1744) ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ, ഔഷധങ്ങൾ ഏതായിരുന്നാലും ഉദ്ദിഷ്ട ഫലം സിദ്ധിക്കണമെങ്കിൽ അവ കൃത്യമായ വീര്യത്തിലും അളവുകളിലും നൽകേണ്ടതുണ്ടെന്ന കാര്യം ഇതിൽനിന്ന് ഉപലബ്‌ധമാകുന്നുണ്ടെന്ന കാര്യവും ചില പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തേനിന്റെ ഔഷധ ഗുണങ്ങളും മറ്റും അവിടെ സവിസ്‌തരം പ്രതിപാദിച്ചു എങ്കിലും പ്രസ്തുത സംഭവം അനുവാചകർക്ക് നൽകുന്ന മൗലിക പ്രാധാന്യമുള്ള മതധർമ്മപരമായ പാഠങ്ങളെ കുറിച്ചൊന്നും അവിടെ പരാമർശിച്ചു കാണുന്നില്ല. അത് കൂടി പ്രതിപാദിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.

മേൽ സംഭവം നൽകുന്ന ഏറ്റവും വലിയ പാഠം ഒരു അടിമ അല്ലാഹുവിന്റെ കല്പനകൾക്ക് സർവഥാ കീഴ്‌പ്പെടുകയും അവൻ നൽകുന്ന വൃത്താന്തങ്ങൾ പൂർണ്ണമായി സത്യപ്പെടുത്തുകയും ചെയ്യണമെന്നതാണ്. തേനിൽ മനുഷ്യർക്ക് ശമനമുണ്ടെന്ന് അല്ലാഹു പറയുന്നു. എന്നാൽ മുന്ന് തവണ തേൻ കൊടുത്തിട്ടും ഒരാൾക്ക് ശമനമുണ്ടാകുന്നില്ല. മറിച്ച് രോഗം മൂർഛിക്കുകയാണ് ചെയ്യുന്നത്. അക്കാര്യം നബി ﷺയെ അറിയിക്കുമ്പോൾ അവിടുന്ന് പറയുന്നത്, അല്ലാഹു പറഞ്ഞത് സത്യമാണ്; താങ്കളുടെ സഹോദരന്റെ ഉദരമാണ് കള്ളത്തരം കാണിക്കുന്നത് എന്നാണ്. അങ്ങനെ നാലാം തവണയും അദ്ദേഹത്തിന് തേൻ കൊടുക്കാൻ പറയുകയും അത് സേവിച്ചപ്പോൾ അദ്ദേഹത്തിന് അല്ലാഹു ശമനം നൽകുകയും ചെയ്യുന്നു. ഇത് അറിയിക്കുന്നത് ഒരാളുടെ വൈയക്തികമായ അനുഭവങ്ങൾ വഹ്‌യിൽനിന്ന് ലഭിച്ച അറിവിന് എതിരായാൽ പോലും സന്ദേഹ ലേശമന്യെ അത് സത്യപ്പെടുത്തുകയും അതിനു കീഴ്‌പ്പെടുകയും ചെയ്യണമെന്നാണ്. ഇതിലൂടെ ഏതു പരിതഃസ്ഥിതിയിലും അല്ലാഹുവിന്റെ വൃത്താന്തങ്ങൾ സത്യപ്പെടുത്തുന്നതിനും ശാസനകൾക്ക് കീഴ്‌പ്പെടുന്നതിനുമുള്ള മഹിതമായ ഒരു മാതൃകയാണ് നബി ﷺയും സ്വഹാബത്തും രചിക്കുന്നത്.

അധിക വായനക്കായി പ്രമാണങ്ങൾക്ക് സർവഥാ കീഴ്‌പ്പെടുക (പുറം 1/69) എന്ന ലേഖനം കാണുക.