Skip to the text
Quran Vivaranam

107 sections in book mode

Essay 1

ഹിജ്ർ - ജിന്നും ശൈത്വാനും

Vol. 2 Page 1189

സൂറത്തുൽ ഹിജ്‌ർ : വ്യാഖ്യാനക്കുറിപ്പ്‌

ജിന്നും ശൈത്വാനും

വിശുദ്ധ ഖുർആൻ വിവരണത്തിൽ സൂറത്തുൽ ഹിജ്റിന് ഒരു വ്യാഖ്യാനക്കുറിപ്പ് നൽകിയിട്ടുണ്ട്. ജിന്നും ശൈത്വാനുമാണ് അതിലെ പ്രതിപാദ്യം. സച്ചരിതരായ സലഫുകളുടെ വിശ്വാസങ്ങളുമായോ രീതികളുമായോ ഒത്തുപോകാത്ത പല പരാമർശങ്ങളും അതിലടങ്ങിയിരിക്കുന്നു. ജിന്നിനെയും ശൈത്വാനെയും സംബന്ധിച്ച് ചില അഖ്‌ലാനികൾ ഉന്നയിക്കുന്ന തെറ്റായ വാദമുഖങ്ങൾ ഖണ്ഡിക്കുന്നതിനു വേണ്ടി പിഴച്ച കക്ഷികളുടെ സ്രോതസ്സുകൾ അവലംബിക്കുകയും അവരുടെ രീതികൾ കടമെടുക്കുകയുമാണ് അതിൽ ചെയ്‌തിരിക്കുന്നത്. തദ്വിഷയകമായി അനുവാചകരെ ഉണർത്തേണ്ട സുപ്രധാനമായ കാര്യങ്ങൾ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്.

ആരാണ് ജിന്ന്?

അല്ലാഹുവിന്റെ ഒരു സൃഷ്ടി വർഗ്ഗമാണ് ജിന്ന്. അവർ മറഞ്ഞ ലോകത്താണ് വ്യവഹരിക്കുന്നത്. അതിനാൽ നമുക്കവരെ തനതു രൂപത്തിൽ കാണുക സാധ്യമല്ല. എന്നാൽ അവർ മനുഷ്യരെ ഇങ്ങോട്ട് കാണുകയും ചെയ്യും. അല്ലാഹു പറയുന്നത് കാണുക: ﴿يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا ۗ إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْۗ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ 27﴾ (الأعراف) [മനുഷ്യമക്കളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കിയ പോലെ നിങ്ങളെയും കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗുഹ്യസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുത്തി കാണിക്കാനായി അവൻ അവരെ വസ്‌ത്രാക്ഷേപം ചെയ്യുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വർഗ്ഗവും നിങ്ങള്‍ക്ക് അവരെ അങ്ങോട്ട് കാണാൻ കഴിയാത്ത വിധം നിങ്ങളെ ഇങ്ങോട്ട് കണ്ടുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ആ പിശാചുക്കളെ അവിശ്വാസികൾക്കാണ് നാം ഉറ്റമിത്രങ്ങളാക്കി നിശ്ചയിച്ചിരിക്കുന്നത്.] (അഅ്റാഫ് 27)

ഇബ്‌ലീസ് ജിന്നു വർഗ്ഗത്തിന്റെ പിതാവ്

മനുഷ്യർക്ക് മുമ്പു തന്നെ അല്ലാഹു ജിന്നുകളെ സൃഷ്ടിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക: ﴿وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ 27﴾ (الحجر) [അതിനു മുമ്പ് കത്തിയാളുന്ന തീജ്വാലയില്‍ നിന്ന് നാം ജിന്നിനെ സൃഷ്ടിച്ചു.] (ഹിജ്ർ 27)

മേൽ സൂക്തത്തിനു നൽകപ്പെട്ട വ്യാഖ്യാനം കൂടി കാണുക: ﴿وَالْجَانَّ﴿ وهو: أبو الجن أي: إبليس ﴿خَلَقْنَاهُ مِنْ قَبْلُ﴾ خلق آدم ﴾مِنْ نَارِ السَّمُومِ﴾ أي: من النار الشديدة الحرارة. [السعدي في تيسير الكريم الرحمن في تفسير كلام المنان] [«وَالْجَانّ - വൽ ജാന്ന» എന്നതു കൊണ്ട് വിവക്ഷിക്കുന്നത് ജിന്നുകളുടെ പിതാവായ ഇബ്‌ലീസിനെ. «خَلَقْنَاهُ مِنْ قَبْل - അവനെ നാം ഇതിനു മുമ്പ് സൃഷ്ടിച്ചിരിക്കുന്നു» അഥവാ ആദമിനെ സൃഷ്ടിക്കുന്നതിനു മുമ്പ്. «مِنْ نَارِ السَّمُومِ - തീജ്ജ്വാലയിൽനിന്നും» അഥവാ ചൂട് കഠിനമായ അഗ്നിയിൽനിന്നും.] (സഅ്ദി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ഇബ്‌ലീസ് മലക്കായിരുന്നു എന്നൊരു പക്ഷമുണ്ട്. അത് ശരിയല്ല; മറിച്ച് അവൻ ജിന്നു വർഗ്ഗത്തിൽ പെട്ടവനാണ്. ഇക്കാര്യം അല്ലാഹു തന്നെ അസന്ദിഗ്ധമായി പ്രസ്‌താവിച്ചിട്ടുണ്ട്. ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلًا ٥٠﴾ (الكهف) [മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം അർപ്പിക്കുക എന്ന് നാം പറഞ്ഞ സന്ദര്‍ഭം. ഇബ്‌ലീസ് ഒഴികെ, അവരെല്ലാം പ്രണാമം അർപ്പിച്ചു. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്റെ റബ്ബിന്റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. അക്രമികള്‍ക്ക് പകരം കിട്ടിയത് എത്ര ചീത്ത!] (കഹ്ഫ് 50)

ഇനി, മലക്കുകളെയും ജിന്നുകളെയും മനുഷ്യരെയും അല്ലാഹു സൃഷ്ടിച്ചത് സംബന്ധിച്ച് നബി ﷺനൽകുന്ന വിശദീകരണം കൂടി വായിക്കുക: عَنْ عَائِشَةَ، قَالَتْ: قَالَ رَسُولُ اللَّهِ ﷺ: «خلقت الملائكة من نور، وخلق الجان من مارج من نار، وخلق آدم مما وصف لكم» [مسلم في صحيحه] [ആയിശഃ ﵂ നിവേദനം. നബി ﷺ പറയുന്നു: മലക്കുകൾ പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജിന്ന് (ഇബ്‌ലീസ്) കത്തിജ്ജ്വലിക്കുന്ന അഗ്നിയിൽനിന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങൾക്ക് വർണ്ണിച്ചു തന്നതിൽ (കളിമണ്ണിന്റ സത്ത്) നിന്നും.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

മുകളിൽ ഉദ്ധരിച്ച പ്രമാണവാക്യങ്ങളും അവക്ക് സലഫുകൾ നൽകിയ വ്യാഖ്യാനവും താഴെ പറയുന്ന മൂന്നു വസ്തുതകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

  1. ജിന്നു വർഗ്ഗം ആദമിനു മുമ്പു തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
  2. അഗ്നിയിൽ നിന്നാണ് അവരെ സൃഷ്ടിച്ചിരിക്കുന്നത്.
  3. ഇബ്‌ലീസ് ജിന്നു വർഗ്ഗത്തിന്റെ പിതാവാണ്.

മനുഷ്യരുടെ പ്രഖ്യാപിത വർഗ്ഗശത്രു

മാത്രമല്ല, അവർ മനുഷ്യരുടെ പ്രഖ്യാപിത ശത്രുക്കളുമാണ്. ആദം കാരണമാണ് ഇബ്‌ലീസ് ശപിക്കപ്പെട്ടതും സ്വർഗ്ഗത്തിൽനിന്ന് നിഷ്‌കാസിതനായതും. അതിനാൽ ആദം സന്തതികളിൽ മഹാഭൂരിഭാഗത്തെയും എങ്ങനെയെങ്കിലും പിഴപ്പിക്കുമെന്ന് ശപഥം ചെയ്‌തിറങ്ങിയ വർഗ്ഗശത്രുവാണവൻ. അല്ലാഹു പറയുന്നത് കാണുക: ﴿وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ ۚ إِنَّ الشَّيْطَانَ كَانَ لِلْإِنسَانِ عَدُوًّا مُّبِينًا 53﴾ (الإسراء) [നീ എന്റെ ദാസന്‍മാരോട് പറയുക: അവർ ഏറ്റവും നല്ലതു പറയട്ടെ. നിശ്ചയമായും പിശാച് അവര്‍ക്കിടയില്‍ തിന്മ ഇളക്കിവിട്ടുകൊണ്ടിരിക്കും. തീർച്ചയായും മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ് പിശാച്.] (ഇസ്റാഅ് 53)

അതിനാൽ ഇബ്‌ലീസിനെയും അവന്റെ സന്തതികളെയും സൂക്ഷിക്കണമെന്നും, അവരെ എപ്പോഴും ഏറ്റവും വലിയ ശത്രുവായി തന്നെ കണക്കാക്കണമെന്നും അല്ലാഹു ഉണർത്തുന്നു. ﴿إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ 6﴾ (فاطر) [തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ കക്ഷികളെ ക്ഷണിക്കുന്നത് അവർ നരകാവകാശികളിൽ ഉൾപ്പെടുന്നതിനു വേണ്ടിയാണ്.] (ഫാത്വിർ 6)

ശൈത്വാൻ എന്നാൽ

ശൈത്വാൻ (شَيْطَان) എന്നത് അറബിയിലെ ഒരു വിശേഷണ പദമാണ്. ആദ്യമായി അതിന്റെ ഭാഷാർത്ഥം പരിശോധിക്കാം: وكلُّ عاتٍ مُتَمَرِّدٍ من إنْسٍ أَو جِنٍّ أَو دابَّةٍ. [الفيروزابادي في القاموس المحيط] [മനുഷ്യരിലോ ജിന്നിലോ മൃഗങ്ങളിലോ പെട്ട ഏതൊരു ദുരഹങ്കാരിയായ ധിക്കാരിയും ശൈത്വാനാണ്.] (ഫൈറൂസാബാദി തന്റെ അൽ ഖാമൂസ് അൽ മുഹീത്വിൽ രേഖപ്പെടുത്തിയത്)

എല്ലാവിധ പൈശാചികതകളുടെയും മൂർത്തീഭാവമാണ് ഇബ്‌ലീസ്. അഹങ്കരിക്കുക, മറ്റുള്ളവരെ അവമതിക്കുക, സ്രഷ്ടാവായ അല്ലാഹുവിനെ ധിക്കരിക്കുക, ദുശ്ശാഠ്യം കാണിക്കുക, യുക്തിക്കും ബുദ്ധിക്കും മുൻഗണന നൽകുക, അഭീഷ്ടങ്ങളിൽ അഭിരമിക്കുക, പോലുള്ള രൗദ്രമായ പൈശാചിക ഭാവങ്ങൾക്ക് ഉടമയാണവൻ. അതിനാൽ ഖുർആൻ സൂക്തങ്ങളിലും നബിവചനങ്ങളിലും മിക്കപ്പോഴും ഇബ്‌ലീസിനെ കുറിച്ച് വ്യവഹരിക്കാൻ ശൈത്വാൻ എന്ന ശബ്ദം ഉപയോഗിക്കുന്നതു കാണാം. അതേ സമയം, ജിന്നുകളിൽ മാത്രമല്ല മനുഷ്യരിലും പിശാചുക്കളുണ്ടെന്ന കാര്യം ഖുർആനിൽ അടിവരയിടുന്നുണ്ട്. ഉദാഹരണമായി അല്ലാഹു പറയുന്നത് കാണുക: ﴿وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا ۚ وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ١١٢﴾ (الْأَنْعَامُ) [അപ്രകാരം ഏതൊരു നബിക്കും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളായി നിശ്ചയിച്ചിട്ടുണ്ട്. അവര്‍ അന്യോന്യം വഞ്ചനാത്മകമായ ഭംഗിവാക്കുകള്‍ ദുര്‍ബോധനം ചെയ്‌തുകൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ ചമക്കുന്ന കള്ളങ്ങളുമായി അവരെ നീ വിട്ടേക്കുക.] (അൻആം 112)

മനുഷ്യ മനസ്സുകളിൽ ദുർബോധനം നടത്തി അതിവേഗം പിൻവാങ്ങുന്ന പിശാചുക്കളുടെ തിന്മയിൽനിന്ന് അല്ലാഹുവിനോട് കാവൽ തേടാൻ വേണ്ടി പഠിപ്പിച്ച സൂറത്തുന്നാസിലും ഇക്കാര്യം അടിവരയിടുന്നുണ്ട്. ജിന്നിലും മനുഷ്യരിലും പെട്ട ﴿مِنَ الْجِنَّةِ وَالنَّاسِ﴾ പിശാചുക്കളുടെ തിന്മയിൽനിന്ന് കാവൽ ചോദിക്കാനാണ് അവിടെയും പറഞ്ഞിട്ടുള്ളത്.

ആദമിന്റെ സൃഷ്ടിപ്പ്

മനുഷ്യനും മുമ്പ് സൃഷ്ടിക്കപ്പെട്ട ഇബ്‌ലീസിന് മലക്കുകളുടെ കൂടെ അല്ലാഹുവിന്റെ സവിധത്തിൽ ചെല്ലാൻ അനുവാദമുണ്ടായിരുന്നു എന്നാണ് ഖുർആൻ സൂക്തങ്ങളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെയിരിക്കെ അല്ലാഹു മലക്കുകളോട് പറയുന്നു: ﴿وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ٣٠﴾ (البقرة) [നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം: ഞാൻ ഭൂമിയില്‍ ഒരു ഖലീഫഃയെ നിയോഗിക്കാന്‍ പോകുന്നു. അവര്‍ പറഞ്ഞു: കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിയോഗിക്കുകയാണോ‌? ഞങ്ങൾ നിന്നെ സ്‌തുതിക്കുന്നതോടൊപ്പം നിന്റെ വിശുദ്ധി ഉയർത്തിപ്പിടിക്കുന്നു. നിന്റെ പരിശുദ്ധി വാഴ്‌ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവന്‍ പറഞ്ഞു: നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം.] (ബഖറഃ 30)

ഈ സൂക്തത്തിൽ പരാമർശിക്കുന്ന ഖലീഫഃ എന്ന പദത്തിന്റെ വിവക്ഷ മനസ്സിലാക്കാൻ ഇതേ സൂക്തത്തിനു സൂറത്തുൽ ബഖറഃയിൽ നൽകിയ വിശദീകരണം (പുറം 1/626) നോക്കാവുന്നതാണ്.

ആദമിന് സുജൂദ് ചെയ്യാനുള്ള കൽപനയും

ഇബ്‌ലീസിന്റെ ധിക്കാരവും

അല്ലാഹു അവന്റെ ഇരു കൈകൾ കൊണ്ടും ആദമിനെ സൃഷ്ടിച്ചു. എന്നിട്ട് അവൻ മലക്കുകളോട് പറഞ്ഞു: ﴿فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ ٢٩ فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ ٣٠ إِلَّا إِبْلِيسَ أَبَىٰ أَن يَكُونَ مَعَ السَّاجِدِينَ ٣١﴾ (الحجر) [അങ്ങനെ അവന്റെ സൃഷ്ടിപ്പ് നാം പൂർത്തീകരിക്കുകയും, അവനില്‍ ഞാന്‍ നൽകുന്ന പ്രാണാത്മാവ് നിവേശിപ്പിക്കുകയും ചെയ്‌താല്‍ അവനു നിങ്ങൾ പ്രണാമത്തിൽ വീഴുക. അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണാമം അർപ്പിച്ചു; ഇബ്‌ലീസ് ഒഴികെ. അവൻ പ്രണമിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ വിസമ്മതിച്ചു.] (ഹിജ്ർ 29-31)

മലക്കുകളോട് സുജൂദ് ചെയ്യാൻ കല്പിച്ചത് എങ്ങനെയാണ് ഇബ്‌ലീസിന് ബാധകമാകുക എന്ന് ചിലർ ചിന്തിച്ചേക്കാം. അല്ലെങ്കിൽ, അതിൽനിന്ന് അവൻ മലക്കായിരുന്നു എന്ന് അനുമാനിക്കുന്നവരുമുണ്ടായിരിക്കാം. രണ്ടും അസംഗതമാണ്. കാരണം, ആദമിന് സുജൂദ് ചെയ്യാൻ ഇബ്‌ലീസിനോട് അല്ലാഹു പ്രത്യേകമായി തന്നെ ആജ്ഞാപിക്കുന്നുണ്ട്. അല്ലാഹു പറയുന്നത് കാണുക: ﴿قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ ١٢﴾ (الأعراف) [അല്ലാഹു ചോദിച്ചു: ഞാന്‍ നിന്നോട് കല്പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്തായിരുന്നു തടസ്സം? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ ഉത്തമനാണ്. നീ എന്നെ സൃഷ്ടിച്ചത് അഗ്നിയില്‍ നിന്നാണ്; അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.] (അഅ്റാഫ് 12)

﴿إِذْ أَمَرْتُكَ﴾ «നിന്നോട് ഞാൻ കല്പിച്ചപ്പോൾ» എന്ന പരാമർശം സുജൂദ് ചെയ്യാനുള്ള കല്പന മലക്കുകളോട് മാത്രമായിരുന്നില്ല; ഇബ്‌ലീസിനോട് കൂടിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. താഴെ കൊടുക്കുന്ന മറ്റു സൂക്തങ്ങളും ഇക്കാര്യം അടിവരയിടുന്നതാണ്. ﴿قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ ٧٥﴾ (ص) [അല്ലാഹു ചോദിച്ചു: ഓ ഇബ്‌ലീസ് ! എന്റെ ഇരു കൈകൾ കൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയവനെ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചുവോ, അതല്ല നീ ഔദ്ധത്യം കാണിക്കുന്നവരിൽ പെട്ടുവോ?] (സ്വാദ് 75)

അല്ലാഹു ഇബ്‌ലീസിനോട് നേരിട്ടു നൽകിയ കല്പന അവൻ അനുസരിച്ചില്ല. അവൻ അഹങ്കരിക്കുകയും ധിക്കരിക്കുകയുമാണ് ചെയ്തത്. അല്ലാഹു പറയുന്നത് കാണുക: ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا ٦١﴾ (الْإِسْرَاءُ) [നിങ്ങള്‍ ആദമിന് പ്രണാമം അർപ്പിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം! അപ്പോള്‍ അവരെല്ലാം പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം അർപ്പിക്കുകയോ?] (ഇസ്റാഅ് 61)

അനുവാചകരുടെ സവിശേഷ ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങൾ മേൽ സൂക്തങ്ങളിലുണ്ട്: 'ഞാൻ അവനെക്കാൾ മുന്തിയവൻ', 'ഞാൻ അഗ്നിയാൽ സൃഷ്ടിക്കപ്പെട്ടവൻ' പോലുള്ള പരാമർശങ്ങൾ ഇബ്‌ലീസിന്റെ അഹങ്കാരത്തെ സൂചിപ്പിക്കുന്നു. 'അവൻ മണ്ണിനാൽ സൃഷ്ടിക്കപ്പെട്ടവൻ' എന്ന പരാമർശത്തിലൂടെ ആദമിനോടുള്ള അവന്റെ അവമതിപ്പ് വ്യക്തമാക്കുകയും അദ്ദേഹത്തെ ഇകഴ്‌ത്തുകയും ചെയ്യുന്നു. 'നീ മണ്ണു കൊണ്ട് സൃഷ്ടിച്ചവന് ഞാൻ സുജൂദ് ചെയ്യുകയോ?' എന്ന ചോദ്യം അവന്റെ ധിക്കാരത്തെയും ഔദ്ധത്യത്തെയും, സ്രഷ്ടാവായ അല്ലാഹുവിന്റെ കല്പനയെക്കാൾ തന്റെ യുക്തിക്കും ബുദ്ധിക്കും നൽകുന്ന മുൻഗണനയെയും കുറിക്കുന്നു. താൻ സൃഷ്ടിക്കപ്പെട്ട അഗ്നി എന്ന ധാതു ആദം സൃഷ്ടിക്കപ്പെട്ട മണ്ണ് എന്ന ധാതുവിനെക്കാൾ മുന്തിയതാണെന്ന യുക്തിചിന്തയാണ് അവന്റെ ഔദ്ധത്യബോധത്തിനും ധിക്കാരത്തിനും ആധാരം.

അഭിശപ്‌തനായ ഇബ്‌ലീസ് അകറ്റപ്പെടുന്നു

ഇവയൊന്നും തന്നെ അല്ലാഹുവിൽ വിശ്വസിക്കുന്ന എളിയവനായ ഒരു ദാസന് ചേർന്നതല്ല. ഒരു വിനീതനായ വിശ്വാസി അല്ലാഹുവിന്റെ കല്പനക്കു മുന്നിൽ സർവഥാ കീഴ്‌പ്പെടാൻ കടപ്പെട്ടവനാണ്. അതു കൊണ്ടു തന്നെ അല്ലാഹു ഇബ്‌ലീസിനെ ശപിക്കുകയും അവന്റെ സവിധത്തിൽനിന്ന് അകറ്റുകയും സ്വർഗ്ഗലോകത്തു നിന്ന് ഇറക്കിവിടുകയും ചെയ്യുന്നു. അല്ലാഹു പറയുന്നത് കാണുക: ﴿قَالَ فَاهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَاخْرُجْ إِنَّكَ مِنَ الصَّاغِرِينَ ١٣﴾ (الأعراف) [അല്ലാഹു പറഞ്ഞു: നീ അവിടെ നിന്ന് ഇറങ്ങിപ്പോവുക. നിനക്ക് അവിടെ വെച്ച് അഹങ്കരിക്കാനവകാശമില്ല. അതിനാൽ നീ പുറത്ത് കടക്കൂ; നിശ്ചയമായും നീ നിന്ദ്യരിൽ അകപ്പെട്ടിരിക്കുന്നു.] (അഅ്റാഫ് 13)

അഹങ്കാരം കൊണ്ട് ആന്ധ്യം ബാധിച്ചവർക്ക് വസ്തുതകൾ നേരാംവണ്ണം ദർശിക്കാനാവില്ലല്ലോ. തന്റെ നാശത്തിനു കാരണം ആദമാണ്, അതിനാൽ അദ്ദേഹത്തോടുള്ള പക തീർത്തേ അടങ്ങൂ എന്ന് അവൻ ശപഥം ചെയ്യുന്നു. അങ്ങനെ ആപ്പിലായ ഇബ്‌ലീസ് ആദമിനോടും ആദം സന്തതികളോടുമുള്ള പക തീർക്കാൻ തനിക്ക് പുനരുത്ഥാന നാൾ വരെ സാവകാശം നൽകണമെന്ന് അല്ലാഹുവിനോട് അപേക്ഷിക്കുന്നു: ﴿قَالَ أَنظِرْنِي إِلَىٰ يَوْمِ يُبْعَثُونَ ١٤ قَالَ إِنَّكَ مِنَ الْمُنظَرِينَ ١٥ قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ ١٦ ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ ١٧﴾ (الأعراف) [ഇബ്‌ലീസ് പറഞ്ഞു: പുനരുത്ഥാന നാൾ വരെ എനിക്കു നീ സാവകാശം നൽകണം. അല്ലാഹു പ്രതിവചിച്ചു: തീർച്ചയായും നീ സാവകാശം നൽകപ്പെട്ടവരുടെ കൂട്ടത്തിലാണ്. അവൻ പറഞ്ഞു: നീ എന്നെ പിഴപ്പിച്ചതിനാൽ അവരെ നിന്റെ നേരായ മാർഗ്ഗത്തിൽ നിന്ന് തെറ്റിക്കാൻ വേണ്ടി ഞാൻ ഒരുങ്ങിയിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.] (അഅ്റാഫ് 14-17)

ഇബ്‌ലീസ് അല്ലാഹുവിനോട് സാവകാശം ചോദിച്ചത് പുനരുത്ഥാനം വരെ. അല്ലാഹു അനുവദിച്ചത് നിശ്ചിത സമയം വരെ; അഥവാ ലോകാവസാനം വരെ മാത്രം. അല്ലാഹു പറയുന്നു: ﴿قَالَ فَإِنَّكَ مِنَ الْمُنظَرِينَ ٣٧ إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ ٣٨﴾ (الحجر) [നിശ്ചയമായും നീ സാവകാശം നൽകപ്പെട്ടവരുടെ കൂട്ടത്തിലാണ്; അറിയപ്പെട്ട ആ സമയം വന്നെത്തുന്ന ദിവസം വരെ.] (ഹിജ്ർ 37-38)

മേൽ സൂക്തം വ്യാഖ്യാനിച്ചു കൊണ്ട് ബഗവി ﵀ തന്റെ തഫ്‌സീറിൽ രേഖപ്പെടുത്തിയത്, ഇബ്‌ലീസിന് അല്ലാഹു നൽകിയ സാവകാശം സൃഷ്ടികളെല്ലാം നശിക്കുന്ന ഒന്നാമത്തെ ഊത്ത് വരെ എന്നാണ്. എന്നാൽ പുനരുത്ഥാനം പിന്നെയും എത്രയോ കഴിഞ്ഞ് രണ്ടാമത്തെ ഊത്തിലാണ്. ബഗവി ﵀യുടെ വാക്കുകൾ ശ്രദ്ധിക്കുക: أي: الوقت الذي يموت فيه الخلائق، وهو النفخة الأولى. [البغوي في معالم التنزيل] [അഥവാ സൃഷ്ടികളെല്ലാം മരണപ്പെടുന്ന ആ സമയം. അത് ഒന്നാമത്തെ ഊത്തിലാണ്.] (ബഗവി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

അല്ലാഹു അവന് അപ്രകാരം സാവകാശം നൽകിയത് അവന്റെസ്വീകാര്യതയോ ആദരവോ മുൻനിർത്തിയല്ല. മറിച്ച്, അല്ലാഹുവിന്റെ വിശാലമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമാണത്. സഅ്ദി ﵀യുടെ വാക്കുകളിൽ തന്നെ അക്കാര്യം വിശദീകരിക്കാം: وليس إجابة الله لدعائه كرامة في حقه وإنما ذلك امتحان وابتلاء من الله له وللعباد ليتبين الصادق الذي يطيع مولاه دون عدوه ممن ليس كذلك، ولذلك حذرنا منه غاية التحذير، وشرح لنا ما يريده منا. [السعدي في تيسير الكريم الرحمن في تفسير كلام المنان] [അല്ലാഹു ഇബ്‌ലീസിന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകിയത് അവനുള്ള ആദരവായിട്ടല്ല. മറിച്ച്, അത് അവനെയും ഇതര അടിയന്മാരെയും പരീക്ഷിക്കാനും പരിശോധിക്കാനുമാണ്. തന്റെ ശത്രുവിനെ വിട്ട് തന്റെ രക്ഷിതാവിനെ അനുസരിക്കുന്ന സത്യസന്ധനായ വ്യക്തി അങ്ങനെയല്ലാത്തവരിൽനിന്ന് വേർതിരിഞ്ഞു വ്യക്തമാകുന്നതിനു വേണ്ടിയാണത്. അതു കൊണ്ടു തന്നെ ഇബ്‌ലീസിനെ കുറിച്ച് അങ്ങേയറ്റത്തെ താക്കീതാണ് അല്ലാഹു നമുക്ക് നൽകിയിരിക്കുന്നത്. ഇബ്‌ലീസ് എന്താണ് നമ്മിൽനിന്ന് ഉദ്ദേശിക്കുന്നതെന്ന് അല്ലാഹു നമുക്ക് വിശദീകരിച്ച് തരുകയും ചെയ്‌തിരിക്കുന്നു.] (സഅ്ദി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ഇബ്‌ലീസിനെ കുറിച്ചുള്ള താക്കീത്

ഇബ്‌ലീസിനെ കുറിച്ച് സമയാസമയങ്ങളിൽ അല്ലാഹു മനുഷ്യനു വ്യക്തമായ താക്കീത് നൽകിയിട്ടുള്ളതാണ്. ആദമിനെയും ഹവ്വാഇനെയും ﵉ സ്വർഗ്ഗത്തിൽ അധിവസിപ്പിക്കുമ്പോൾ തന്നെ അവനെ കുറിച്ച് അല്ലാഹു അവരെ താക്കീത് ചെയ്‌തിരുന്നു. എന്നിട്ടും ആദം അല്ലാഹുവിനോട് നടത്തിയ ഉടമ്പടി മറക്കുകയും ഇബ്‌ലീസിന്റെ ദുഷ്‌പ്രേരണക്ക് വഴങ്ങി അല്ലാഹുവിനെ ധിക്കരിക്കുകയും ചെയ്യുകയാണുണ്ടായത്. അല്ലാഹു പറയുന്നത് കാണുക: ﴿وَلَقَدْ عَهِدْنَا إِلَىٰ آدَمَ مِن قَبْلُ فَنَسِيَ وَلَمْ نَجِدْ لَهُ عَزْمًا ١١٥﴾ (طه) [മുമ്പു തന്നെ നാം ആദമിനോട് ഒരു കരാര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ അദ്ദേഹം അത് മറന്നുകളഞ്ഞു. അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുള്ളതായി നാം കണ്ടില്ല.] (ത്വാഹാ 115)

അവന്റെ ദുഷ്‌പ്രേരണക്ക് വശംവദരായി അവർ വിലക്കപ്പെട്ട വൃക്ഷത്തിൽനിന്ന് ഭക്ഷിച്ചപ്പോൾ സ്വർഗ്ഗത്തിൽനിന്ന് അവരെ ഇറക്കിവിടുകയും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണെന്ന കാര്യം വീണ്ടും ഉണർത്തുകയും ചെയ്‌തു. അല്ലാഹു പറയുന്നത് കാണുക: ﴿فَدَلَّاهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ ۖ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ ٢٢﴾ (الأعراف) [അങ്ങനെ വഞ്ചനയിലൂടെ അവന്‍ അവരെ ഇരുവരെയും വീഴ്‌ത്തിക്കളഞ്ഞു. അവര്‍ രണ്ടു പേരും ആ വൃക്ഷത്തില്‍ നിന്ന് രുചിച്ചതോടെ അവര്‍ക്ക് അവരുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിപ്പിടിച്ച് അവര്‍ ഇരുവരും അത് പൊത്തിപ്പിടിക്കാൻ തുടങ്ങി. അവരുടെ റബ്ബ് അവരെ രണ്ടു പേരെയും വിളിച്ചു കൊണ്ട് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടുണ്ടായിരുന്നില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ? (അഅ്റാഫ് 22)

അതേ പോലെ, യൂസുഫ് ﵇ താൻ കണ്ട ഒരു സ്വപ്‌നത്തെ കുറിച്ച് പിതാവായ യഅ്ഖൂബ് ﵇നോട് പറഞ്ഞപ്പോൾ അക്കാര്യം തന്റെ സഹോദരന്മാരോട് വെളിപ്പെടുത്തരുതെന്ന് ഉപദേശിക്കുന്നുണ്ട്. കാരണം മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായ പിശാച് അവർക്കിടയിൽ കുതന്ത്രങ്ങൾ മെനയുമെന്ന് അദ്ദേഹം താക്കീത് ചെയ്യുന്നു. അല്ലാഹു പറയുന്നത് കാണുക: ﴿قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌَ ٥﴾ (يوسف) [യഅ്ഖൂബ് ﵇ പുത്രനായ യൂസുഫ് ﵇നോട് പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നത്തെ കുറിച്ച് നീ നിന്റെ സഹോദരന്മാരോട് വിവരിക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു.] (യൂസുഫ് 5)

സമാനമായ മറ്റൊരു സംഭവം കാണുക. കോപ്റ്റിക് വർഗ്ഗത്തിൽപെട്ട ഒരാളുമായുണ്ടായ കലഹത്തിൽ ഇസ്‌റാഈല്യരിൽപെട്ട വ്യക്തി മൂസാ ﵇യുടെ സഹായം തേടി. സന്ദർഭവശാൽ മൂസാ ﵇യുടെ അടിയേറ്റ് കോപ്റ്റിക് വർഗ്ഗത്തിൽപെട്ട ആ വ്യക്തി കൊല്ലപ്പെട്ടു. അതിനെ കുറിച്ച് മൂസാ ﵇ തന്നെ വിശേഷിപ്പിക്കുന്നത് കാണുക: ﴿قَالَ هَٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ ١٥﴾ (القصص) [മൂസാ ﵇ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍പെട്ടതാകുന്നു. അവന്‍ വഴിപിഴപ്പിക്കുന്ന പ്രത്യക്ഷമായ ശത്രു തന്നെയാകുന്നു. (ഖസ്വസ്വ് 15)

ഇങ്ങനെ പിശാച് മനുഷ്യന്റെ പ്രഖ്യാപിത ശത്രുവാണെന്ന് തിരിച്ചറിയുകയും അവനെക്കുറിച്ച് താക്കീത് നൽകുകയും ചെയ്യാത്ത ഒരു നബിയും മാനവ ചരിത്രത്തിൽ കഴിഞ്ഞുപോയിട്ടില്ല. ഇനി, പിശാചിനെ കുറിച്ച് അല്ലാഹു തന്റെ അടിയാറുകൾക്ക് മൊത്തമായി നൽകുന്ന താക്കീത് കൂടി വായിക്കുക: ﴿وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ ۚ إِنَّ الشَّيْطَانَ كَانَ لِلْإِنْسَانِ عَدُوًّا مُّبِينًا ٥٣﴾ (الْإِسْرَاءُ) [നീ എന്റെ അടിയാറുകളോട് പറയേണ്ടത്, അവര്‍ ഏറ്റവും നല്ലത് പറയട്ടെ എന്നാണ്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ വൈരാഗ്യം ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.] (ഇസ്റാഅ് 53)

ഇബ്‌ലീസിന്റെ ദുഷ്ടലാക്കുകൾ

ഇബ്‌ലീസിന് മനുഷ്യനോടുള്ള പകയും ശത്രുതയും വർണ്ണനാതീതമാണ്. ഒരു വിശ്വാസി അവസാന ശ്വാസം വരെയും അവനെ കരുതിയിരിക്കണം. അവന്റെ പദ്ധതികളും പ്രവർത്തന രീതികളും അത്രമേൽ കുടിലമാണ്. താഴെ കൊടുക്കുന്ന നബിവചനം അതിലേക്കാണ് വെളിച്ചം വീശുന്നത്. عَنْ جَابِرٍ، قَالَ: قَالَ رَسُولُ اللهِ ﷺ: إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ، ثُمَّ يَبْعَثُ سَرَايَاهُ، فَأَدْنَاهُمْ مِنْهُ مَنْزِلَةً أَعْظَمُهُمْ فِتْنَةً، يَجِيءُ أَحَدُهُمْ، فَيَقُولُ: فَعَلْتُ كَذَا وَكَذَا، فَيَقُولُ: مَا صَنَعْتَ شَيْئًا، قَالَ: وَيَجِيءُ أَحَدُهُمْ، فَيَقُولُ: مَا تَرَكْتُهُ حَتَّى فَرَّقْتُ بَيْنَهُ وَبَيْنَ أَهْلِهِ، قَالَ: فَيُدْنِيهِ مِنْهُ - أَوْ قَالَ: فَيَلْتَزِمُهُ - وَيَقُولُ: نِعْمَ أَنْتَ أَنْتَ. [أحمد في مسنده وصححه الألباني] [ജാബിർ ﵁ നിവേദനം. നബി ﷺ പറയുന്നു: ഇബ്‌ലീസ് വെള്ളത്തിനു മീതെ തന്റെ സിംഹാസനം സ്ഥാപിക്കുകയും ശേഷം തന്റെ സൈനികരെ നിയോഗിച്ചയക്കുകയും ചെയ്യും. അവരിൽ ഏറ്റവും വലിയ കുഴപ്പകാരിയായിരിക്കും ഇബ്‌ലീസിനോട് ഏറ്റവും അടുത്തവൻ. അവരിൽ ഒരാൾ വന്നിട്ട് പറയും, ഞാൻ ഇന്നയിന്ന കൃത്യങ്ങളെല്ലാം ചെയ്‌തു വെച്ചിട്ടുണ്ട്. അപ്പോൾ അവൻ പറയും: നീ ചെയ്തത് ഒന്നുമേ അല്ല.

അവിടുന്ന് പറയുന്നു: അങ്ങനെ അവരിൽ ഒരുവൻ വന്നിട്ട് പറയും: ഞാൻ അവനെയും അവന്റെ ഇണയെയും തമ്മിൽ തെറ്റിച്ച് വേർപിരിക്കുന്നതു വരെ അവനെ വിടാതെ പിന്തുടർന്നു.

അവിടുന്ന് തുടരുന്നു: അപ്പോൾ ഇബ്‌ലീസ് അവനെ തന്നിലേക്ക് അടുപ്പിക്കും. അല്ലെങ്കിൽ അവനെ ആശ്ലേഷിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ട് അവനോട് പറയും: നീ തന്നെ, നീയെത്ര നല്ലവൻ!] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

മേൽ ഹദീസ് എത്ര വലിയ പാഠമാണ് നമുക്ക് നൽകുന്നത് ! ഇബ്‌ലീസിനു തന്റെ ലക്ഷ്യങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ട്. അവനു കൃത്യമായ മുൻഗണനാ ക്രമങ്ങളുമുണ്ട്. അവ ഓരോന്നും ഒന്നിനു പിറകെ മറ്റൊന്നായി അവൻ പ്രയോഗിക്കുക തന്നെ ചെയ്യും. അവൻ സ്ഥിരോത്സാഹിയാണ്; ഒരിക്കലും മടുത്ത് പിൻമാറുന്ന പ്രശ്‌നമില്ല. ഒരോ മനുഷ്യനെയും അവന്റെ അന്ത്യശ്വാസം വരെ അവൻ വിടാതെ പിന്തുടരും. അങ്ങനെ അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം പിശാചിനെ തന്നെ ആരാധിക്കാൻ അവൻ മനുഷ്യനെ നിർബന്ധിക്കും. അതിനു സാധിച്ചില്ലെങ്കിൽ അല്ലാഹുവിൽ ഏതെങ്കിലും വിധേന മറ്റാരെയെങ്കിലും പങ്കുചേർക്കുന്നതിന് അവനെ നിർബന്ധിക്കും. അതിനും സാധിച്ചില്ലെങ്കിൽ മനുഷ്യൻ തന്റെ യുക്തിയും അഭീഷ്ടങ്ങളും പിന്തുടർന്ന് മതത്തിൽ അപനിർമ്മിതികളുണ്ടാക്കി അല്ലാഹുവിന്റെ ദീൻ കളങ്കപ്പെടുത്താനും അവന്റെ അടിയാറുകളെ പരസ്‌പരം ഭിന്നിപ്പിക്കാനും അവനെ നിർബന്ധിക്കും. അതിനും സാധിച്ചില്ലെങ്കിൽ ദേഹേച്‌ഛകളും കുറ്റവാസനകളും ഇളക്കിവിട്ട് അതിലവനെ കുഴിച്ചുമൂടും. അതിനും സാധിച്ചില്ലെങ്കിൽ, അവനെയും അവന്റെ ഇണയെയും തമ്മിൽ തെറ്റിച്ച് വേർപിരിക്കാൻ ശ്രമിക്കും. അത് അവന്റെ അവസാനത്തെ അടവ്. അതിന്റെ പ്രത്യാഘാതം തന്നെ ഒരു മനുഷ്യന് താങ്ങാവുന്നതിലപ്പുറമാണ്. കുടുംബം തകരുകയും വീട്ടിനകത്ത് സമാധാനം നഷ്ടപ്പെടുകയും ചെയ്‌താൽ അവന്റെ ജീവിതം മൊത്തമായി തന്നെ താളം തെറ്റുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു വേള അത് തന്റെ ജീവിത ലക്ഷ്യം തന്നെ വിസ്‌മരിക്കാനും നിരാശയുടെയും പരാജയബോധത്തിന്റെയും പടുകുഴിയിൽ വീണ് എരിഞ്ഞടങ്ങാനും കാരണമായിത്തീരുകയും ചെയ്‌തേക്കാം. അതിനാലാണ് പിശാചിന്റെ കെണികളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും അവനെ സദാ ശത്രുവായി തന്നെ കണക്കാക്കണമെന്നും അല്ലാഹു ഉണർത്തുന്നത്: ﴿إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ ٦﴾ (فاطر) [തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. നരകാവകാശികളിൽ ഉൾപ്പെടുന്നതിനു വേണ്ടി മാത്രമാണ് അവന്‍ തന്റെ കക്ഷികളെ ക്ഷണിക്കുന്നത്.] (ഫാത്വിർ 6)

ഇവിടെ അനുവാചകരുടെ സവിശേഷ ശ്രദ്ധ പതിയേണ്ട അതിപ്രധാനമായ ചില വസ്തുതകളുണ്ട്. ജിന്നുകളിൽ നല്ലവർ ഉണ്ടാകാമെങ്കിലും ആരാണ് നല്ലവർ, ആരാണു കെട്ടവർ എന്ന് നമുക്ക് തിരിച്ചറിയാനാവില്ല. അവർ ഏതെങ്കിലും വിധേന മനുഷ്യരുമായി സംവദിക്കാൻ ഇടവരികയാണെങ്കിൽ തന്നെ അവരെ വിശ്വാസത്തിലെടുക്കാൻ പാടില്ല. അവർ അക്രമകാരികളായ ചതിയന്മാരും കൊടിയ വഞ്ചകരുമാണ്. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാനോ അതിനനുസരിച്ച് പ്രവർത്തിക്കാനോ പാടില്ലാത്തതാണ്. അവരുമായി ചങ്ങാത്തം സ്ഥാപിക്കാനോ എന്തെങ്കിലും കാര്യസാധ്യത്തിന് അവരുടെ സഹായം തേടാനോ പാടില്ല. മനുഷ്യർക്ക് കാര്യ സാധ്യത്തിനുള്ള കാരണമായി അവരെ അല്ലാഹു നിശ്ചയിച്ചിട്ടില്ലാത്ത നിലക്ക് അവരോട് ഭൗതികമോ ഭൗതികേതരമോ ആയ കാര്യങ്ങളിൽ സഹായാർത്ഥന നടത്തുന്നത് അതതിന്റെ സ്വഭാവമനുസരിച്ച് ശിർക്കിന്റെ ഏതെങ്കിലും ഒരിനത്തിലാണ് ഉൾപ്പെടുക.

പിശാച് വഞ്ചിക്കുമെന്നും അവൻ മനുഷ്യന്റെ പ്രഖ്യാപിത വർഗ്ഗശത്രുവാണെന്നും സ്വർഗ്ഗത്തിൽ വെച്ച് ആദമിനെ ബോധ്യപ്പെടുത്തിയ ശേഷം നേരത്തെ മലക്കുകളെ അറിയിച്ച പ്രകാരം അവരെ ഭൂലോകത്തേക്ക് ഇറക്കി വിട്ടു. ﴿فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ ٣٦﴾ (البقرة) [എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും ഏതൊന്നിലായിരുന്നുവോ അതിൽ നിന്ന് അവരെ പുറത്താക്കുകയും ചെയ്‌തു. നാം പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകുക. നിങ്ങളില്‍ ചിലര്‍ മറ്റു ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലത്തേക്ക് വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.] (ബഖറഃ 36)

ആദമും ഇബ്‌ലീസും

അപ്പോൾ ആദമിന് ﵇ പിശാച് തന്നെ ഭംഗിവാക്ക് പറഞ്ഞ് വഞ്ചിച്ചതാണെന്ന കാര്യം ബോധ്യമായി. ഇബ്‌ലീസ് ഉണർത്തിവിട്ട ദേഹേച്‌ഛക്ക് താൻ കീഴ്‌പ്പെട്ടതിലും അല്ലാഹുവിനെ ധിക്കരിച്ച് അവന്റെ വിലക്ക് ലംഘിച്ചതിലും ആദം ﵇നു പശ്ചാത്താപം തോന്നി. അങ്ങനെ പശ്ചാത്തപിച്ചു മടങ്ങാനുള്ള വചനം അല്ലാഹുവിൽനിന്ന് തന്നെ സ്വീകരിച്ചു. അല്ലാഹു പറയുന്നത് കാണുക: ﴿فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ ٣٧﴾ (البقرة) [അനന്തരം ആദം തന്റെ റബ്ബിങ്കൽനിന്ന് പശ്ചാത്തപിക്കാനുള്ള ചില വചനങ്ങള്‍ സ്വീകരിച്ചു. അങ്ങനെ അദ്ദേഹത്തിനു അവൻ പാപമോചനം നൽകി. തീർച്ചയായും അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്.] (ബഖറഃ 37)

ഇമാം ഹാകിം ﵀ തന്റെ മുസ്‌തദ്റകിൽ ഉദ്ധരിച്ച ഒരു ദുർബ്ബല രിവായത്തിനെ കുറിച്ച് സാന്ദർഭികമായി ഇവിടെ പരാമർശിക്കാതെ പോകുന്നത് അനുചിതമായിരിക്കും. അത് ഇപ്രകാരം വായിക്കാം: عَنْ عُمَرَ بْنِ الْخَطَّابِ ﵁، قَالَ: قَالَ رَسُولُ اللهِ ﷺ: لَمَّا اقْتَرَفَ آدَمُ الْخَطِيئَةَ قَالَ: يَا رَبِّ أَسْأَلُكَ بِحَقِّ مُحَمَّدٍ لَمَا غَفَرْتَ لِي، فَقَالَ اللهُ: يَا آدَمُ، وَكَيْفَ عَرَفْتَ مُحَمَّدًا وَلَمْ أَخْلُقْهُ؟ قَالَ: يَا رَبِّ، لِأَنَّكَ لَمَّا خَلَقْتَنِي بِيَدِكَ وَنَفَخْتَ فِيَّ مِنْ رُوحِكَ رَفَعْتُ رَأْسِي فَرَأَيْتُ عَلَىَ قَوَائِمِ الْعَرْشِ مَكْتُوبًا لَا إِلَٰهَ إِلَّا اللهُ مُحَمَّدٌ رَسُولُ اللهِ، فَعَلِمْتُ أَنَّكَ لَمْ تُضِفْ إِلَى اسْمِكَ إِلَّا أَحَبَّ الْخَلْقِ إِلَيْكَ، فَقَالَ اللهُ: صَدَقْتَ يَا آدَمُ، إِنَّهُ لَأَحَبُّ الْخَلْقِ إِلَيَّ ادْعُنِي بِحَقِّهِ فَقَدْ غَفَرْتُ لَكَ وَلَوْلَا مُحَمَّدٌ مَا خَلَقْتُكَ. [الحاكم في مستدركه] [ഉമർ ബിൻ ഖത്ത്വാബ് ﵁ നിവേദനം. നബി ﷺ പറയുന്നു: ആദം ﵇ പാപം ചെയ്‌തപ്പോൾ ഇപ്രകാരം പറഞ്ഞു: എന്റെ റബ്ബേ, മുഹമ്മദ് നബി ﷺയുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് യാചിക്കുന്നു, നീ എന്നോട് പൊറിക്കില്ലയോ. അപ്പോൾ അല്ലാഹു ചോദിച്ചു: ആദമേ, മുഹമ്മദിനെ ഞാൻ സൃഷ്ടിക്കുക പോലും ചെയ്‌തിട്ടില്ലാതിരിക്കെ നിനക്ക് എങ്ങനെ അദ്ദേഹത്തെ അറിയാൻ കഴിഞ്ഞു? അപ്പോൾ ആദം പറഞ്ഞു: നീ നിന്റെ കൈ കൊണ്ട് എന്നെ സൃഷ്ടിക്കുകയും എന്നിൽ ആത്മാവിനെ നിവേശിപ്പിക്കുകയും ചെയ്‌തപ്പോൾ ഞാൻ എന്റെ തല ഉയർത്തി നോക്കി. അപ്പോൾ അർശിന്റെ തൂണുകളിൽ 'ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദു റസൂലുള്ളാഹ് ' എന്ന് ആലേഖനം ചെയ്‌തിരിക്കുന്നത് ഞാൻ കണ്ടു. നിന്റെ പേരിനൊപ്പം നിനക്ക് ഏറ്റവും പ്രിയപ്പെട്ട സൃഷ്ടിയുടെ പേരല്ലാതെ നീ ചേർക്കുകയില്ലെന്ന് ഞാൻ മനസ്സിലാക്കി. അപ്പോൾ അല്ലാഹു പറഞ്ഞു: ആദം, നീ പറഞ്ഞത് സത്യം. നിശ്ചയമായും അദ്ദേഹം തന്നെയാണ് സൃഷ്ടികളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നീ എന്നോട് ദുആ ചെയ്യുക. എങ്കിൽ ഞാൻ നിനക്ക് പൊറുത്തു തരിക തന്നെ ചെയ്യും. മുഹമ്മദ് ഇല്ലായിരുന്നുവെങ്കിൽ താങ്കളെ ഞാൻ സൃഷ്ടിക്കുമായിരുന്നില്ല.] (ഹാകിം മുസ്‌തദ്റകിൽ ഉദ്ധരിച്ചത്)

മേൽ രിവായത്ത് ഒട്ടുമേ സ്വീകാര്യയോഗ്യമല്ല. അത് കൃതിപ്പുകാർ ചമച്ചുണ്ടാക്കിയ കള്ള രിവായത്താണ്. ഇക്കാര്യം പൗരാണികരും ആധുനികരുമായ ഹദീസ് നിരൂപകന്മാർ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇമാം ദഹബി ﵀ തന്നെ മുസ്‌തദ്റകിന്റെ തൽഖീസ്വിൽ അത് കള്ളഹദീസാണെന്ന് (مَوْضُوعٌ) രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനികനായ ഇമാം അൽബാനി ﵀യും ഇത് കള്ള ഹദീസാണെന്ന് തന്റെ വിവിധ കൃതികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സവിശദമായ ഒരു ചർച്ച തന്നെ അദ്ദേഹത്തിന്റെ سِلْسِلَةُ الأحاديثِ الضَّعِيفَةِ എന്ന കൃതിയുടെ ഒന്നാം വാള്യത്തിൽ കാണാൻ സാധിക്കും.

മാത്രമല്ല, ഈ രിവായത്ത് ഖുർആനിന്റ വ്യക്തമായ പരാമർശത്തിന് കടക വിരുദ്ധമാണു താനും. നടേ ഉദ്ധരിച്ച ബഖറഃ 37-ാം സൂക്തത്തിൽ അല്ലാഹു പറയുന്നത്, ആദം തന്റെ റബ്ബിങ്കൽനിന്നാണ് തനിക്ക് പശ്ചാത്തപിക്കാനുള്ള വചനങ്ങള്‍ പഠിച്ചതെന്നും അതു മുഖേന പശ്ചാത്തപിച്ചപ്പോൾ അല്ലാഹു അത് സ്വീകരിച്ചു എന്നുമാണ്. അല്ലാതെ അല്ലാഹു ആദമിൽ ﵇ ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോൾ അദ്ദേഹം തല ഉയർത്തി നോക്കുകയും അപ്പോൾ അർശിന്റെ തൂണുകളിൽ ആലേഖനം ചെയ്തതിൽനിന്ന് ഗവേഷണം ചെയ്‌തു കണ്ടുപിടിച്ചതൊന്നുമല്ല പശ്ചാത്താപ വചനങ്ങൾ. ഇബ്‌ലീസിനെ പോലെ ബുദ്ധിയുടെയും യുക്തിയുടെയും അനാവശ്യമായ പ്രയോഗങ്ങൾ നടത്തുന്ന ഒരു അഹങ്കാരിയുമല്ല അദ്ദേഹം. അത് ഇബ്‌ലീസും ആദമും തമ്മിലുള്ള അടിസ്ഥാനപരമായ വൈജാത്യമാണു താനും. സുഫ്‌യാൻ ﵀ പറയുന്നത് കാണുക:

قال سفيان بن عيينة ﵀: من كانت معصيته فِي الشهوة فارج لَهُ التوبة، فإن آدم ﵇ عصى مشتهيا فغفر لَهُ، فإذا كانت معصيته فِي كبر فاخش عَلَى صاحبه اللعنة، فإن إبليس عصى مستكبرا فلعن. [الحافظ المزي في تهذيب الكمال في أسماء الرجال]

[സുഫ്‌യാൻ ബിൻ ഉയയ്‌നഃ ﵀ പറയുന്നു: ഏതൊരാളുടെ ധിക്കാരം ദേഹേച്‌ഛ മൂലമാണോ അവനു പശ്ചാത്താപം ഉണ്ടാകുമെന്ന് നിനക്ക് പ്രതീക്ഷിക്കാം. ആദം ﵇ ദേഹേച്‌ഛ മൂലമാണ് ധിക്കാരം പ്രവർത്തിച്ചത്. അതിനാൽ അദ്ദേഹത്തിന് പൊറുത്തു കിട്ടി. ഏതൊരുവൻ അഹങ്കാരം മൂലമാണോ ധിക്കരിക്കുന്നത് അവനുമേൽ നീ ശാപം ഭയപ്പെടുക. കാരണം, ഇബ്‌ലീസ് അഹങ്കാരം മൂലമാണ് ധിക്കാരം പ്രവർത്തിച്ചത്. അങ്ങനെ അവൻ ശപിക്കപ്പെട്ടു.] (ഹാഫിളുൽ മിസ്സി തന്റെ തഹ്ദീബുൽ കമാലിൽ ഉദ്ധരിച്ചത്)

ഇബ്‌ലീസിന്റെ മാർഗ്ഗം പിന്തുടർന്ന് സ്വയം അഹങ്കരിക്കുകയും അഭീഷ്ടങ്ങൾക്കനുസരിച്ച് ദീനിൽ അപനിർമ്മിതികൾ ഉണ്ടാക്കുകയും ചെയ്യുന്ന ഒരാളും പശ്ചാത്തപിക്കുമെന്ന പ്രതീക്ഷ വേണ്ട. തെറ്റു (مَعْصِيَة) ചെയ്‌ത ഒരു വ്യക്തിയാണെങ്കിൽ അയാൾക്ക് കുറ്റബോധമുണ്ടാകും. അയാൾ പശ്ചാത്തപിക്കുകയും ചെയ്യും. എന്നാൽ ബിദ്അത്ത് ചെയ്യുന്ന വ്യക്തിക്ക് കുറ്റബോധമുണ്ടാവില്ല. ഇബ്‌ലീസ് അയാൾക്ക് അതിനെ നല്ലതാണെന്ന് തോന്നിച്ചു കൊടുക്കുകയും ചെയ്യും. അതിനാൽ അയാളുടെ മടക്കം പ്രതീക്ഷിക്കേണ്ടതില്ല. താഴെ കൊടുക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക: حَدَّثَنَا يَحْيَى بْنُ الْيَمَانِ ، قَالَ: سَمِعْتُ سُفْيَانَ الثَّوْرِيَّ يَقُولُ: الْبِدْعَةُ ‌أَحَبُّ ‌إِلَى ‌إِبْلِيسَ مِنَ الْمَعْصِيَةِ ، وَالْمَعْصِيَةُ يُتَابُ مِنْهَا ، وَالْبِدْعَةُ لَا يُتَابُ مِنْهَا. [اللالكائي في شرح أصول اعتقاد أهل السنة والجماعة] [യഹ്‌യാ ബിൻ അൽ യമാൻ പറയുന്നു, ഇമാം സുഫ്‌യാൻ അൽ ഥൗരി ﵀ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ഇബ്‌ലീസിന് തെറ്റിനെക്കാൾ (مَعْصِيَة) പ്രിയം ബിദ്അത്തിനോടാണ്. തെറ്റിൽനിന്ന് പശ്ചാത്തപിച്ച് മടങ്ങിയേക്കാം; എന്നാൽ ബിദ്അത്തിൽ നിന്ന് മടക്കമില്ലല്ലോ.] (അല്ലാലകാഈ | ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്‌ലിസ്സുന്നത്തി വൽ ജമാഅഃ)

ഒരേ സ്വർഗ്ഗം തന്നെ

ആദമിനെയും ഹവ്വാഇനെയും ﵉ അല്ലാഹു താമസിപ്പിച്ച സ്വർഗ്ഗവും അന്ത്യനാളിൽ വിശ്വാസികൾക്ക് പ്രതിഫലമായി നൽകുന്ന സ്വർഗ്ഗവും ഒന്നു തന്നെയാണോ? അതോ രണ്ടും വേറെയാണോ? ഇക്കാര്യത്തിൽ അഹ്‌ലുസ്സുന്നഃയുടെ വിശ്വാസമെന്താണ്?

ഉപരിയിലുള്ള ശാശ്വതമായ സ്വർഗ്ഗത്തിലാണ് (جَنَّةُ الْخُلْدِ) ആദമിനെയും ഹവ്വാഇനെയും ﵉ അല്ലാഹു താമസിപ്പിച്ചത്. അതേ സ്വർഗ്ഗം തന്നെയാണ് അന്ത്യനാളിൽ വിശ്വാസികൾക്ക് പ്രതിഫലമായി നൽകപ്പെടുക. സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞവയാണ്. അവ ഇപ്പോൾ നിലനിൽക്കുന്നവയുമാണ്. ഇതാണ് അഹ്‌ലുസ്സുന്നഃയുടെ വിശ്വാസം.

സ്വർഗ്ഗനരകങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു, അവ രണ്ടും ഇപ്പോൾ നിലനിൽക്കുന്നവയാണ് എന്നതിന് ഖുർആനിലും സുന്നത്തിലും നിരവധി തെളിവുകളുണ്ട്. ഉദാഹരണമായി, സ്വർഗ്ഗത്തെ കുറിച്ചും നരകത്തെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക: ﴿أُعِدَّتْ لِلْمُتَّقِينَ ١٣٣﴾ (آل عمران) [അത് (സ്വർഗ്ഗം) വിശ്വാസികൾക്ക് വേണ്ടി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.] (ആലു ഇംറാൻ 133) ﴿أُعِدَّتْ لِلْكَافِرِينَ ٢٤﴾ (البقرة) [അത് (നരകം) അവിശ്വാസികൾക്ക് വേണ്ടി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.] (ബഖറഃ 24)

ഇസ്‌റാഇന്റെ വേളയിൽ നബി ﷺക്ക് സ്വർഗ്ഗം കാണിച്ചു കൊടുത്തതിനെ കുറിച്ച് ഹദീസുകളിൽ വിവരിക്കുന്നുണ്ട്. «ثم دخلت الجنة فإذا هي جنابذ اللؤلؤ، وإذا ترابها المسك» [مسلم في صحيحه] [പിന്നീട് ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അപ്പോഴത് മുത്തിന്റെ കമാനങ്ങളാണ് ! അവിടുത്തെ മണ്ണ് കസ്‌തൂരിയും!] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

അല്ലാഹു സൃഷ്ടിച്ചുവെച്ച, ഇപ്പോൾ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളെ കുറിച്ചാണല്ലോ മേൽ പ്രമാണവാക്യങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. ആദമിനെയും ഹവ്വാഇനെയും ﵉ അല്ലാഹു താമസിപ്പിച്ച സ്വർഗ്ഗവും അന്ത്യനാളിൽ വിശ്വാസികൾക്ക് നൽകപ്പെടുന്ന സ്വർഗ്ഗവും ഒന്നു തന്നെയാണെന്നതിനുള്ള തെളിവ് കാണുക: عَنْ حُذَيْفَةَ، قَالَ رَسُولُ اللهِ ﷺ:يَجْمَعُ اللهُ تَبَارَكَ وَتَعَالَى النَّاسَ، فَيَقُومُ الْمُؤْمِنُونَ حَتَّى تُزْلَفَ لَهُمُ الْجَنَّةُ، فَيَأْتُونَ آدَمَ فَيَقُولُونَ: يَا أَبَانَا اسْتَفْتِحْ لَنَا الْجَنَّةَ، فَيَقُولُ: وَهَلْ أَخْرَجَكُمْ مِنَ الْجَنَّةِ إِلَّا خَطِيئَةُ أَبِيكُمْ آدَمَ! لَسْتُ بِصَاحِبِ ذَلِكَ.. [مُسْلِمٌ فِي صَحِيحِهِ] [ഹുദൈഫഃ ﵁ നിവേദനം. നബി ﷺ പറയുന്നു: അല്ലാഹു ജനങ്ങളെ ഒരുമിച്ചുകൂട്ടും. അപ്പോൾ സ്വർഗ്ഗം അടുത്ത് കിട്ടുന്നതു വരെ വിശ്വാസികൾ അവിടെ നിലകൊള്ളും. അങ്ങനെ (സ്വർഗ്ഗം അടുത്ത് കിട്ടിക്കഴിഞ്ഞാൽ) അവർ ആദം ﵇നെ സമീപിച്ചു കൊണ്ട് പറയും: ഞങ്ങളുടെ പിതാവേ, ഞങ്ങൾക്ക് സ്വർഗ്ഗം തുറന്നു തരാൻ ആവശ്യപ്പെട്ടാലും. അപ്പോൾ അദ്ദേഹം പറയും: നിങ്ങളുടെ പിതാവായ ആദം ചെയ്‌ത തെറ്റു കൊണ്ടല്ലാതെ നിങ്ങളെ സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കപ്പെട്ടിട്ടില്ലല്ലോ! അതിനു ഞാൻ ആളല്ല...] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

താൻ ചെയ്‌തു പോയ ഒരു പാപത്തിന്റെ പേരിലാണ് മനുഷ്യ വർഗ്ഗം സ്വർഗ്ഗത്തിൽനിന്നു പുറത്തായത്. അതിനാൽ ആ സ്വർഗ്ഗം തുറക്കാൻ ആവശ്യപ്പെടാൻ തനിക്കാവില്ല എന്നു ധ്വനി. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ ഇതു സംബന്ധിച്ചുള്ള അഹ്‌ലുസ്സുന്നഃയുടെ വിശ്വാസം എന്തെന്നു വ്യക്തമാക്കുന്നത് കാണുക: الْجَنَّةُ الَّتِي أَسْكَنَهَا آدَمَ وَزَوْجَتَهُ ، عِنْدَ سَلَفِ الْأُمَّةِ وَأَهْلِ السُّنَّةِ وَالْجَمَاعَةِ؛ هِيَ جَنَّةُ الْخُلْدِ. [ابن تيمية في مجموع فتاويه] [ഈ സമുദായത്തിലെ സച്ചരിതരായ മുൻഗാമികളുടെയും അഹ്‌ലുസ്സുന്നഃ വൽ ജമാഅഃയുടെയും അടുക്കലുള്ള വിശ്വാസം ആദമിനെയും തന്റെ ഇണയെയും അല്ലാഹു അധിവസിപ്പിച്ച സ്വർഗ്ഗം, അതു തന്നെയാണ് (വിശ്വാസികൾക്ക് നൽകാനുള്ള) ശാശ്വതമായ സ്വർഗ്ഗവും എന്നാണ്.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

ജിന്ന്, ഇബ്‌ലീസ്, ശൈത്വാൻ, ആദം, മനുഷ്യർ എന്നീ ശീർഷകങ്ങളെ കുറിച്ച് ഒരു ശരാശരി വായനക്കാരനുണ്ടായിരിക്കേണ്ട അടിസ്ഥാന ധാരണകൾ മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയ വ്യാഖ്യാനക്കുറിപ്പിൽ പലതരം സ്‌ഖലിതങ്ങൾ കാണുന്നുണ്ട്. അവ ഓരോന്നും ചൂണ്ടിക്കാണിക്കാനും വിശദീകരിക്കാനും ഉദ്യമിക്കുന്നില്ല. മറിച്ച്, അനിവാര്യമായും സൂചിപ്പിക്കേണ്ട ചിലതു മാത്രം താഴെ കൊടുക്കാം.

[3. മനുഷ്യരില്‍ ദുഷിച്ചവര്‍ക്കും – ഇതരജീവികളില്‍ ദുഷിച്ചവര്‍ക്കുതന്നെയും – ശൈത്ത്വാന്‍ എന്നു പറയപ്പെടും. ഇതു ഒരു ഉപമാലങ്കാര പ്രയോഗമാണുതാനും.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1680)

[ജിന്നുവര്‍ഗ്ഗത്തില്‍ ദുഷിച്ച വിഭാഗക്കാര്‍ക്കാണ് ശൈത്ത്വാന്‍ എന്ന പേര്‍ സാക്ഷാല്‍ പറയപ്പെടുന്നതെങ്കിലും മനുഷ്യരില്‍ ദുഷിച്ച ആളുകള്‍ക്കും ഈ പേര്‍ ഉപമാരൂപത്തില്‍ പറയാറുണ്ടെന്നു മുമ്പു നാം ചൂണ്ടിക്കാട്ടുകയുണ്ടായി.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1683)

വിശുദ്ധ ഖുർആൻ വിവരണത്തിലെ 'ഇതു ഒരു ഉപമാലങ്കാര പ്രയോഗമാണുതാനും' എന്നതിനെ ഒരു തെറ്റായ പരാമർശമായിട്ടേ വിലയിരുത്താൻ കഴിയൂ. ശൈത്വാൻ എന്ന ഖുർആനിക പ്രയോഗം യഥാതഥമല്ല, ആലങ്കാരികമാണ് എന്നാണ് ഉദ്ദേശിച്ചതെങ്കിൽ അത് വസ്തുതകൾക്ക് നിരക്കാത്തതാണ്. ഖുർആനിൽ യഥാതഥമായിട്ടാണ് കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. ഖുർആനിൽ ഉപമകളുണ്ട്; അവയൊക്കെയും യഥാതഥമായിട്ടുള്ള വിവരണങ്ങളാണ്. ഖുർആനിക പ്രയോഗങ്ങളെ ആലങ്കാരിക പ്രയോഗങ്ങളാക്കി വ്യാഖ്യാനിക്കാറുള്ളത് പിഴച്ച കക്ഷികളാണ്. ദുർവ്യാഖ്യാനങ്ങളിലൂടെ തങ്ങളുടെ തെറ്റായ വാദങ്ങൾ സമർത്ഥിക്കാനാണ് ആലങ്കാരിക പ്രയോഗം എന്ന ഭാഷാ സങ്കേതത്തെ അവർ ഉപയോഗിക്കാറുള്ളത്. ഇതു സംബന്ധിച്ചുള്ള വിശദീകരണം ബഖറഃ 7-ാം സൂക്തം (പുറം 1/619), നിസാഅ് 32-ാം സൂക്തം (പുറം 2/897) എന്നിവക്കു കീഴിൽ നൽകിയിട്ടുണ്ട്. വായനക്കാർ അവ കൂടി പരിശോധിക്കാൻ താൽപര്യം.

ഭാഷയിൽ രണ്ടു തരം അലങ്കാരങ്ങളുണ്ട്; അർത്ഥാലങ്കാരങ്ങളും ശബ്ദാലങ്കാരങ്ങളും. അർത്ഥാലങ്കാരങ്ങളിൽപെട്ടതാണ് ഉപമാലങ്കാരം. ഇവിടെ ശൈത്വാൻ എന്നതിനെ ഒരു ഉപമാലങ്കാരമാണെന്ന് പറയുന്നത് നിലവിലുള്ള ഭാഷാനിയമങ്ങളുമായോ അലങ്കാരശാസ്‌ത്രവുമായോ ഒത്തു പോകുന്നുമില്ല. വിശദാംശങ്ങൾക്കു വേണ്ടി ഭാഷയും പരിഭാഷയും എന്ന ലേഖനം (പുറം 2/1271) കാണുക. ചുരുക്കത്തിൽ മേൽ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ആശയക്കുഴപ്പം സൃഷ്ടിക്കാൻ മാത്രമേ ഉതകുകയുള്ളു എന്നും പറയേണ്ടിയിരിക്കുന്നു.

വിശുദ്ധ ഖുർആൻ വിവരണത്തിന്റെ രചയിതാക്കൾ തുടക്കത്തിൽ ദർശനം ചെയ്‌തിട്ടുള്ളത് അത് സലഫുകളുടെ രീതിയിലുള്ള ഒരു തഫ്‌സീർ ആയിരിക്കണമെന്നാണ്. മത കാര്യങ്ങളിൽ ബുദ്ധിയുടെയും യുക്തിയുടെയും സ്ഥാനമെന്തെന്ന് ചിലപ്പോഴൊക്കെ അതിൽ വ്യക്തമാക്കാറുമുണ്ട്. താഴെ കൊടുക്കുന്ന ഉദ്ധരണി അതിനുള്ള ഉദാഹരണമാണ്:

[ഈ തുറയില്‍ നമുക്കുള്ള അവലംബം ബുദ്ധിയോ, യുക്തിയോ, ശാസ്ത്രമോ അല്ലെന്നും, ഖുര്‍ആനും ഹദീഥുമാണെന്നും പറയേണ്ടതില്ല. യുക്തിക്കെതിരായോ, ബുദ്ധിക്കു വിപരീതമായോ അതില്‍ ഒന്നും തന്നെ ഇല്ലതാനും.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1686)

പ്രയോഗ തലത്തിൽ ഈ ശരിയായ നിലപാട് ചിലപ്പോഴെല്ലാം ലംഘിക്കപ്പെടുന്നതായി കാണാം. അതു കൊണ്ടാണ്, അതിന്റെ രചന പൂർത്തീകരിച്ചപ്പോൾ സലഫുകളുടെ രീതിക്ക് വിരുദ്ധമായ ഒരു പാട് കാര്യങ്ങൾ അതിൽ കടന്നുകൂടിയതായി നമുക്ക് കാണാൻ സാധിക്കുന്നത്.

ജിന്ന്, ഇബ്‌ലീസ്, ശൈത്വാൻ പോലുള്ള വിഷയങ്ങളെ യുക്തിയുടെയും ശാസ്‌ത്രത്തിന്റെയും അടിസ്ഥാനത്തിൽ സമീപിച്ച ചില പ്രാദേശിക അഖ്‌ലാനീ മൗലവിമാരെ ഖണ്ഡിക്കുന്നതിനു വേണ്ടി അവരെക്കാളും അപകടകാരികളായ പല പിഴച്ച കക്ഷികളെയും കൂട്ടുപിടിക്കുന്നതായിട്ടാണ് ഈ വ്യാഖ്യാനക്കുറിപ്പിൽ നാം കാണുന്നത്. ഉദാഹരണമായി താഴെ കൊടുക്കുന്ന ഭാഗം ശ്രദ്ധിക്കുക:

['മുഅ്ത്തസിലീ' നേതാവായ അബ്ദുല്‍ജബ്ബാര്‍ പറയുന്നു: 'ജിന്നുകള്‍ ഉണ്ടെന്നുള്ളതിനു തെളിവ് മതപ്രമാണങ്ങളാണ് – ബുദ്ധിയല്ല. കാരണം, ജിന്ന് ദൃശ്യവസ്തുവല്ല. അതുകൊണ്ടാണതില്‍ അഭിപ്രായഭിന്നിപ്പുണ്ടായത്. പക്ഷേ, നമുക്ക് അനിവാര്യമായി അറിയുവാന്‍ സാധിച്ചിട്ടുണ്ട്, മതത്തില്‍ അവരുടെ അസ്തിത്വത്തെ നബി (സ) അംഗീകരിച്ചിട്ടുണ്ടെന്നു. ഇതു തെളിയിക്കുവാന്‍ സമയം ചിലവഴിക്കേണ്ടതില്ല. കാരണം, അത്രയും പ്രസിദ്ധമായതാണത്.'] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1684)

ജിന്ന്, ഇബ്‌ലീസ്, ശൈത്വാൻ പോലുള്ള വിഷയങ്ങൾ പ്രതിപാദിക്കുമ്പോൾ ബൗദ്ധിക-യൗക്തിക-താർക്കിക രീതികളാണ് വിശുദ്ധ ഖുർആൻ വിവരണത്തിൽ പിന്തുടർന്നിരിക്കുന്നത്. ഇത്തരം തെറ്റായ രീതികളുടെ ആചാര്യന്മാരായ ദാർശനികരെയും വചനശാസ്‌ത്ര പടുക്കളെയും മുഅ്തസിലികളെയുമെല്ലാം അതിനു വേണ്ടി കൂട്ടുപിടിക്കുകയും അവരുടെ ഉദ്ധരണികൾ നിർലോഭം നിരത്തുകയും ചെയ്‌തിരിക്കുന്നു. അതേ സമയം, അഹ്‌ലുസ്സുന്നഃയുടെ ആധികാരികമായ സ്രോതസ്സുകളെയോ പണ്ഡിതന്മാരെയോ അവലംബിക്കുകയോ സച്ചരിതരായ സലഫുകളെയോ മഹാന്മാരായ ഇമാമുകളെയോ ഉദ്ധരിക്കുകയോ ചെയ്‌തിട്ടില്ല താനും. പിഴച്ച കക്ഷികളെ അവലംബിക്കുന്നതും അവരുടെ വാദമുഖങ്ങൾ ഉപജീവിക്കുന്നതും നീതീകരിക്കാനാവാത്ത പിഴവാണ്. മാത്രമല്ല, ഇസ്‌ലാമിക് ഫിലോസഫി എന്ന നൂതന നിർമ്മിതിയെ അതിലൂടെ വെള്ളപൂശുക കൂടി ചെയ്‌തിട്ടുണ്ട്. സലഫുകൾക്കിടയിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ് ഈ രീതി. വചനശാസ്‌ത്രവും ഇസ്‌ലാമിക് ഫിലോസഫിയുമൊക്കെ നിർമ്മ‌ത വാദത്തെ (زَنْدَقَةٌ) പ്രോത്സാഹിപ്പിക്കുന്നു എന്നുള്ളതാണ് സത്യം. അഹ്‌ലുസ്സുന്നഃയിൽപെട്ട പൗരാണിക പണ്ഡിതന്മാർ അതിനെ നഖശിഖാന്തം എതിർത്തു പോന്നിട്ടുള്ളതാണ്. ഇസ്‌ലാമിന്റെ വ്യാപനം ഭൂഖണ്ഡങ്ങൾ ഭേദിച്ച് മുന്നേറുകയും റോമൻ-പേർഷ്യൻ-യവന-ഭാരതീയ ദർശനങ്ങളുമായി, മതത്തിൽ മതിയായ അവഗാഹം നേടിയിട്ടില്ലാത്ത പുതിയ തലമുറ കൂടിക്കലരുകയും സംവദിക്കുകയും ചെയ്‌തപ്പോഴുണ്ടായ ബൗദ്ധിക വ്യായാമങ്ങളുടെ പാർശ്വഫലമാണ് ഇസ്‌ലാമിക് ഫിലോസഫിയും വചനശാസ്‌ത്രവും. ചിന്താപരമായ കലർപ്പുകളുടെയും മത-മൂല്യ നിരാസങ്ങളുടെയും കലവറയായിട്ടു മാത്രമേ അവയെ കാണാൻ കഴിയൂ. കൂടുതൽ വ്യക്തതക്കായി മാന്യ വായനക്കാർ ബഖറഃ 210-ാം സൂക്തത്തിനു നൽകിയ വിശദീകരണം (പുറം 2/796) കൂടി കാണാൻ താൽപര്യപ്പെടുന്നു.

കൂടാതെ, കഴിഞ്ഞ ശതകത്തിൽ ഈജിപ്‌തിൽ ആവിർഭവിച്ച ആധുനിക അഖ്‌ലാനീ പ്രസ്ഥാനത്തിന്റെ സ്ഥാപകരും പ്രയോക്താക്കളുമായ മുഹമ്മദ് അബ്ദു, റശീദ് രിളാ, മറാഗി പോലുള്ളവരെയും, ശാസ്‌ത്രത്തെയും തത്ത്വചിന്തകളെയും അടിസ്ഥാനമാക്കി ഇസ്‌ലാം മതസംഹിതകളെ പുനർവ്യാഖ്യാനിക്കാൻ ശ്രമിച്ച നവീകരണവാദിയായ മുഹമ്മദ് ഫരീദ് വജ്ദിയെപ്പോലുള്ളവരെയും ഇതിൽ യഥേഷ്ടം ഉദ്ധരിക്കുകയും, അവരുടെ രചനകളെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. ഉദാഹരണത്തിനായി അവയിൽനിന്നുള്ള ചില ഭാഗങ്ങൾ താഴെ ഉദ്ധരിക്കാം.

[ആധുനിക ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങളിൽ വളരെ പ്രസിദ്ധി നേടിയതും, പണ്ഡിതലോകത്ത് കുറേ കാലം കോളിളക്കം ഉണ്ടാക്കിയതുമാണു തഫ്‌സീറുൽ‍മനാർ (تفسير المنار). അതിൽ അല്ലാമാ റഷീദ് റിദ്വാ (السيد رشيد رضا) സൂ: സ്വാഫ്ഫാത്തിൽ‍വെച്ച് ജിന്നുകളെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യേ പറയുന്നു:] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1685)

[വേണ്ടാ, പുരോഗമനത്തിന്റെയും, ശാസ്‌ത്രത്തിന്റെയും നൂറ്റാണ്ടായ ഈ ഇരുപതാം നൂറ്റാണ്ടിൽ വിരചിതമായ എല്ലാ പ്രധാന ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ കർത്താക്കളും, പ്രഗത്ഭരായ മതപണ്‌ഡിതൻമാരും ഇതിൽനിന്നു ഒഴിവല്ല. ഉദാഹരണമായി, അല്ലാമാ അഹ്‌മദു മുസതഫൽ മറാഗീയുടെ തഫ്‌സീർ, മുഹമ്മദ് ഫരീദ് വജ്‌ദിയുടെ സ്വഫ്‌വത്തുൽ ഇർഫാൻ, സയ്യിദ് റശീദ് റിള്വായുടെ തഫ്‌സീറുൽ മനാർ, മൗലാനാ, അബുൽകലാം ആസാദിന്റെ തുർജമാനുൽ ഖുർആൻ (ഉർദു), സയ്യിദ് ഖുത്ത്ബിന്റെ 'ഫീള്വിലാലിൽ ഖുർആൻ,' ശൈഖ് അലീ ത്വൻത്വാവിയുടെ തഫ്‌സീറുൽ ജവാഹിർ, അല്ലാമാ യൂസുഫ് അലിയുടെ പരിഭാഷ (ഇംഗ്‌ളീഷ്) മുതലായ പലതും പരിശോധിച്ചാൽ ഈ വാസ്‌തവം മനസ്സിലാകും. ഇവരാരും പഴഞ്ചന്മാരായതുകൊണ്ടോ, ചിന്താശൂന്യരായതുകൊണ്ടോ, അനുകരണശീലരായതുകൊണ്ടോ ആണതെന്ന് ഇവരെപ്പറ്റി അല്പമെങ്കിലും അറിയുന്നവരാരും സംശയിക്കുകയില്ല.] (വിശുദ്ധ ഖുർആൻ വിവരണം 2/1696)

['ഇരുപതാം നൂറ്റാണ്ടിന്റെ വിജ്ഞാനകോശം' (دائرة معارف القرن العشرين) എന്ന എൻസൈക്ലോപീഡിയയുടെ കർ‍ത്താവാണ് ഫരീദു വജ്‌ദി (محمد فريد الوجدي).F 20 വാള്യം വരുന്ന ആ മഹൽ ഗ്രന്ഥം ക്രി. 1936 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ – ചെറുതെങ്കിലും – വിലയേറിയ ഒരു തഫ്‌സീറാണ് 'സ്വഫ്‌വത്തുൽ ഇർ‍ഫാൻ‍ ' (صفوة العرفان).] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1685)

യുക്തിവിചാരം, തത്വചിന്ത, ശാസ്‌ത്രം പോലുള്ളവ മനുഷ്യബുദ്ധിയുടെ ഉപോത്പന്നങ്ങളാണ്. അവയെല്ലാം ആപേക്ഷികങ്ങളും, ആത്യന്തിക യാഥാർത്ഥ്യങ്ങൾ പ്രദാനം ചെയ്യാൻ കഴിവില്ലാത്തവയുമാണ്. അത്തരം ശേഷികളും സങ്കേതങ്ങളും മതം മനസ്സിലാക്കാനോ ഖുർആൻ വ്യാഖ്യാനിക്കാനോ ഉപയോഗിക്കാവുന്ന സ്രോതസ്സുകളോ സാമഗ്രികളോ അല്ല. എന്നാൽ അവയാണ് ആധുനിക അഖ്‌ലാനി പ്രസ്ഥാനത്തിന്റെ മൂലധനം. വഹ്‌യിലൂടെ ലഭിച്ച പ്രമാണരേഖകളെ ശരിയാം വണ്ണം വായിക്കാനും മാറിവരുന്ന ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് അവയെ വിവർത്തനം ചെയ്യാനുമുള്ള വിവേകം, അഥവാ നബി ﷺയും സച്ചരിതരായ സലഫുകളും കാണിച്ച മാർഗ്ഗം നിഷ്‌കൃഷ്ടമായി പിന്തുടരാനുള്ള പക്വത അതാണ് അഖ്‌ലാനികൾക്ക് ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാതെ പോയ അമൂല്യ നിധി. അധിക വായനക്കു വേണ്ടി ബഖറഃ 56-ാം സൂക്തത്തിനു നൽകിയ വിശദീകരണം (പുറം 1/642) കാണുക.

വിശുദ്ധ ഖുർആൻ വിവരണത്തിൽ ഉപജീവിച്ചിരിക്കുന്ന അഖ്‌ലാനീ ചിന്തകന്മാരുടെയും രചയിതാക്കളുടെയും വിവേകശൂന്യമായ ചിന്താഗതികളെയും രീതികളെയും കുറിച്ച് ഇമാം അൽബാനി ﵀ പറയുന്നത് കൂടി കാണുക: ومنهم من يشاركنا في النقمة على هؤلاء المدعين للمهدوية، ولكنه يبادر إلى إنكار الأحاديث الصحيحة الواردة في خروج المهدي في آخر الزمان، ويدعي بكل جرأة أنها موضوعة وخرافة!! ويسفه أحلام العلماء الذين قالوا بصحتها، يزعم أنه بذلك يقطع دابر أولئك المدعين الأشرار! وما علم هذا وأمثاله أن هذا الأسلوب قد يؤدي بهم إلى إنكار أحاديث نزول عيسى عليه الصلاة والسلام أيضا، مع كونها متواترة! وهذا ما وقع لبعضهم، كالأستاذ فريد وجدي والشيخ رشيد رضا، وغيرهما، فهل يؤدي ذلك بهم إلى إنكار ألوهية الرب سبحانه وتعالى لأن بعض البشر ادعوها كما هو معلوم؟! نسأل الله السلامة من فتن أولئك المدعين، وهؤلاء المنكرين للأحاديث الصحيحة الثابتة عن سيد المرسلين، عليه أفضل الصلاة وأتم التسليم. [الألباني في الصحيحة] [മഹ്ദിയാണെന്ന അവകാശവാദവുമായി രംഗത്തു വരാറുള്ള വ്യാജന്മാരെ എതിർക്കുന്നതിൽ നമ്മോടൊപ്പം പങ്കുചേരുന്ന ചിലർ അവരുടെ കൂട്ടത്തിലുണ്ട്. അവസാന കാലം മഹ്ദിയുടെ ആഗമനം ഉണ്ടാകും എന്നതിനെ കുറിച്ച് വന്ന സ്വഹീഹായ ഹദീസുകൾ, പക്ഷെ അവർ നിഷേധിക്കാൻ ധിറുതി കാണിക്കും. അവയെല്ലാം കൃതിപ്പുകളും അന്ധവിശ്വാസങ്ങളുമാണെന്ന് വാദിക്കാനുള്ള അവരുടെ ധൈര്യം അപാരം തന്നെ! അവ സ്വീകാര്യയോഗ്യമാണെന്നു പറഞ്ഞ പണ്ഡിതന്മാരെ അവർ വിഡ്‌ഢികളും ബുദ്ധിശൂന്യരുമാക്കി മുദ്രയടിക്കും. അതു മുഖേന ദുഷ്ടന്മാരായ വ്യാജ മഹ്ദികളെ തീർത്തുകളയുകയാണെന്നാണ് അവരുടെ വാദം. ഈ രീതി ഈസാ ﵇ന്റെ ആഗമനത്തെ കുറിച്ച് വന്ന ഹദീസുകളെയും, അവ മുതവാതിർ ആയിരിക്കെ തന്നെ, നിഷേധിക്കുന്നതിലേക്കാണ് അവരെ കൊണ്ടെത്തിക്കുക എന്നത് അവരും സമാന ചിന്താഗതിക്കാരും മനസ്സിലാക്കുന്നതേയില്ല. ഉസ്‌താദ് ഫരീദ് വജ്ദി, ശൈഖ് റശീദ് രിളാ പോലുള്ള ചിലർക്ക് സംഭവിച്ചത് ഇതാണ്. ഏവർക്കും അറിയാവുന്ന പോലെ, ചില മനുഷ്യർ തങ്ങൾക്ക് ദിവ്യത്വമുണ്ടെന്ന് വാദിക്കുന്നു. അത് അല്ലാഹുവിന്റെ മാത്രം ആരാധ്യത നിഷേധിക്കുന്നതിലേക്ക് അവരെ കൊണ്ടെത്തിക്കുമോ ആവോ?! അത്തരം വ്യാജ മഹ്ദികളുടെ ഫിത്‌നഃകളിൽനിന്ന്, ദൂതന്മാരുടെ നായകനായ മുഹമ്മദ് നബി ﷺയിൽനിന്ന് സ്ഥിരപ്പെട്ടു വന്ന സ്വഹീഹായ ഹദീസുകൾ തള്ളിക്കളയുന്ന ഹദീസ് നിഷേധികളുടെ ഫിത്‌നഃകളിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടുക നാം. നബി ﷺയുടെ മേൽ ഏറ്റവും ഉദാത്തമായ സ്വലാത്തും സമ്പൂർണ്ണമായ സലാമും ഉണ്ടായിരിക്കട്ടെ.] (അൽബാനി സ്വഹീഹഃയിൽ രേഖപ്പെടുത്തിയത്)

മുഹമ്മദ് ഫരീദ് വജ്ദി ഹദീസ് വിജ്ഞാനീയങ്ങളിൽ അവഗാഹമുള്ള വ്യക്തിയല്ല. തന്റെ അറിവിന്റെ മേഖലയിൽ പെടാത്ത കാര്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്ക് ഒരു വിലയും കല്പിക്കേണ്ടതുമില്ല. ഇതാണ് സത്യം. ശൈഖ് ഹമൂദ് അത്തുവൈജിരി﵀യുടെ വാക്കുകൾ ശ്രദ്ധിക്കുക: وأيضًا فإن محمد فريد وجدي مؤرخ وثقافي، وليس من علماء الحديث وأهل الجرح والتعديل، فلا يلتفت إلى كلامه فيما ليس من اختصاصه. (حمود بن عبد الله التويجري - كتاب الاحتجاج بالأثر على من أنكر المهدي المنتظر) [കൂടാതെ, മുഹമ്മദ് ഫരീദ് വജ്ദി ഒരു ചരിത്രകാരനും സാംസ്‌കാരിക നായകനുമാണ്. അദ്ദേഹം ഹദീസ് പണ്ഡിതന്മാരിലോ ഹദീസ് നിരൂപകരിലോ പെട്ടവനല്ല. തന്റെ അറിവിന്റെ മേഖലയിൽ പെടാത്ത കാര്യങ്ങളിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഗൗനിക്കേണ്ടതില്ല.] (ഹമൂദ് അബ്ദുല്ലാ അത്തുവൈജിരി മഹ്ദിയെ നിഷേധിക്കുന്നവർക്ക് പ്രമാണരേഖകൾ കൊണ്ടുള്ള മറുപടി എന്ന കൃതിയിൽ രേഖപ്പെടുത്തിയത്)

അതു പോലെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ ഉദ്ധരിച്ചിരിക്കുന്ന മറ്റൊരാൾ ഡോ. നജ്ജാറാണ്. ശറഈ വിജ്ഞാനങ്ങളിൽ അവഗാഹമില്ലാത്ത, ബുദ്ധിക്കും യുക്തിക്കും മുൻഗണന നൽകുന്ന, പ്രമാണവാക്യങ്ങൾ യുക്തിയനുസരിച്ച് വ്യാഖ്യാനിക്കണമെന്ന് പറയുന്ന, മുതവാതിറല്ലാത്ത ഹദീസുകളൊന്നും സ്വീകരിക്കാത്ത വ്യക്തിയാണദ്ദേഹം. തന്റെ 'ഖസ്വസ്വുൽ അൻബിയാ' രണ്ടാം പതിപ്പിന്റെ പ്രാരംഭത്തിൽ തന്നെ അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത് കാണുക:

١- أن العقل ركن المعتقدات الأول: فما أوجبه كان واجبا، وما أحاله كان محالا، وما أجازه كان جائزا.

٢- أن الخبر الوارد عن المعصوم إذا كان قطعي الثبوت والدلالة فهو حجة قاطعة على ما تضمنه، وذلك يشتمل شيئين: الكتاب الكريم، والخبر المتواتر.

٣- إذا عارض الخبر العقل وجب تأويل الخبر بما يزيل هذا التعارض.

٤- الخبر إذا كان رواته آحادا فلا يصلح أن يكون دليلا على ثبوت الأمور الاعتقادية، لأن الأمور الاعتقادية الغرض منها القطع، والخبر الظني الثبوت أو الدلالة لا يفيد القطع. [عبد الوهاب النجار في قصص الأنبياء، الطبعة الثانية، ص ١١]

  1. ബുദ്ധിയാണ് വിശ്വാസ സംഹിതകളുടെ ആധാരം. ബുദ്ധി അനിവാര്യമായി കാണുന്നത് അനിവാര്യവും, അസംഭവ്യമായി കാണുന്നത് അസംഭവ്യവും, അനുവദനീയമെന്ന് വെക്കുന്നത് അനുവദനീയവുമായിരിക്കും.
  2. പാപസുരക്ഷിതനായ റസൂലിൽനിന്ന് ലഭിക്കുന്ന വൃത്താന്തം ആശയപരമായും നിവേദന കാര്യത്തിലും ഖണ്ഡിതമാണെങ്കിൽ അതുൾക്കൊള്ളുന്ന വിഷയത്തിന് അത് ഖണ്ഡിതമായ തെളിവായിരിക്കും. അവ രണ്ടു കാര്യങ്ങളെ ഉൾക്കൊള്ളുന്നു: ഖുർആനിനെയും മുതവാതിറായ ഹദീസിനെയും.
  3. യുക്തിക്ക് വിരുദ്ധമായി ഹദീസ് വന്നാൽ ആ വൈരുദ്ധ്യം അവസാനിപ്പിക്കും വിധം ആ വചനത്തെ വ്യാഖ്യാനിക്കൽ നിർബന്ധമാണ്.
  4. വ്യക്തിയധിഷ്ഠിതമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ് വിശ്വാസകാര്യങ്ങൾ സ്ഥിരപ്പെടുത്താനുള്ള തെളിവാക്കാൻ കൊള്ളില്ല. കാരണം വിശ്വാസ സംഹിത ലക്ഷ്യമാക്കുന്നത് ഖണ്ഡിതമായ കാര്യങ്ങളെയാണ്. നിവേദന സംബന്ധമായോ ആശയപരമായോ ഖണ്ഡിതമല്ലാത്ത ഹദീസ് ഖണ്ഡിതമായ ഒരു കാര്യത്തെ ബോധിപ്പിക്കില്ല. (അബ്ദുൽ വഹാബ് അൽ നജ്ജാർ ഖസ്വസ്വുൽ അൻബിയാഇൽ രേഖപ്പെടുത്തിയത്)

ചുരുക്കത്തിൽ, വിശുദ്ധ ഖുർആൻ വിവരണത്തിലെ ജിന്നും ശൈത്വാനും എന്ന ശീർഷകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അത്ര കൃത്യവും വ്യക്തവുമല്ല. അഹ്‌ലുസ്സുന്നഃ അറിവും ദീനും സ്വീകരിക്കാനുപയോഗിക്കുന്ന സ്രോതസ്സുകൾക്ക് പുറത്തു നിന്നും നിരവധി കാര്യങ്ങൾ അതിൽ നിരത്തിയിട്ടുണ്ട്. പല തരം പിഴച്ച കക്ഷികളെയും നിർലോഭം ഉദ്ധരിക്കുകയും ഉപജീവിക്കുകയും ചെയ്‌തിട്ടുണ്ട്. ഒരു വ്യാജവാദത്തെ ഖണ്ഡിക്കാൻ മറ്റൊരു വ്യാജവാദം ഉന്നയിക്കുന്ന രീതിയാണ് അതിൽ പിന്തുടർന്നിരിക്കുന്നത്. സലഫുകളുടെ മാർഗ്ഗത്തിന് അന്യമാണ് ഈ രീതി; കക്ഷിത്വത്തിന്റെ വക്താക്കളാണ് അത് പിന്തുടരുന്നത്. കൂടാതെ, ചർച്ചയിലിരിക്കുന്ന വിഷയം സുതരാം വ്യക്തമാക്കാൻ ആവശ്യമായ പ്രമാണരേഖകൾ, സച്ചരിതരായ സലഫുകളുടെ വാക്കുകൾ, അഹ്‌ലുസ്സുന്നഃയുടെ ഇമാമുകളും പണ്ഡിതന്മാരും നൽകിയ വിശദീകരണങ്ങൾ ഇവയൊന്നും അതിൽ മുറ പ്രകാരം ഉദ്ധരിച്ചിട്ടുമില്ല. കുറേയധികം അഖ്‌ലാനികളുടെ യുക്തികളും താർക്കിക വിശദീകരണങ്ങളുമാണ് അതിലെ മുഖ്യ പ്രതിപാദ്യം. തത്വചിന്തയും ശാസ്‌ത്രവുമാണ് പിൻബലം. എല്ലാം കൂടി കൂട്ടിക്കുഴച്ച് വിഷയം സങ്കീർണ്ണവത്ക്കരിച്ചിരിക്കുന്നു. മറഞ്ഞ ലോകത്തെ കുറിച്ചുള്ള ഏതൊരു വിശദീകരണത്തിനും വഹ്‌യിനെ മാത്രം അവലംബിക്കുകയും സച്ചരിതരായ സലഫുകളുടെ ധാരണയെ അടിസ്ഥാനമാക്കുകയും ചെയ്യേണ്ടതാണ്. മറ്റെല്ലാം അനാവശ്യവും നിരർത്ഥകവുമായ വാചകക്കസർത്തുകൾ മാത്രമായിരിക്കും.

തന്നിഷ്ടങ്ങൾ പിന്തുടരുകയും അഭീഷ്ടങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്ന അഹങ്കാരികൾക്ക് അവരുടെ കൂട്ടാളികളായ പിശാചുക്കൾ നൽകുന്ന ചില ദുർബോധനങ്ങളുണ്ട്. അത് അവരെയും അവരുടെ പരിസരങ്ങളെയും ഒരുപോലെ ദുഷിപ്പിക്കുന്നു. അത്തരം ദുർബോധനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

ജിന്ന് ശൈത്വാൻ എന്നതൊക്കെ മനുഷ്യൻ ബൗദ്ധിക വികാസം നേടുന്നതിനു മുമ്പുള്ള അജ്ഞാത കാലത്തെ വിശേഷങ്ങളാണ്. വിദ്യുച്‌ഛക്തിയും സേർച്ച് ലൈറ്റുമുള്ള ശാസ്‌ത്രയുഗത്തിൽ ഇത്തരം മൂഢസങ്കൽപങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും യാതൊരു സ്ഥാനവുമില്ല. ജിന്നുകളെന്നും പിശാചുക്കളെന്നും പറയാവുന്ന പ്രത്യേക സൃഷ്ടികളില്ല; മനുഷ്യരിൽ തന്നെയുള്ള പൈശാചിക ഭാവങ്ങൾ മാത്രമേയുള്ളു. അതിനാൽ ജിന്നുബാധയെന്നതിന് യാതൊരടിസ്ഥാനവുമില്ല. മനുഷ്യനെ ബാധിക്കുകയോ ഉപദ്രവിക്കുകയോ രോഗമുണ്ടാക്കുകയോ ചെയ്യുന്ന ഒരു ജിന്നോ പിശാചോ ഇല്ല. എല്ലാം മനുഷ്യ മനസ്സിലുണ്ടാകുന്ന വസ്‌വാസുകൾ മാത്രം! മറിച്ച്, മനുഷ്യനെ ഉപദ്രവിക്കുന്ന ജിന്നോ പിശാചോ ഉണ്ടെങ്കിൽ, ഞാൻ വെല്ലുവിളിക്കുന്നു, എന്നെ ബാധയേൽപിക്കൂ!!

അഹങ്കാരം കൊണ്ട് ആന്ധ്യം ബാധിക്കുകയും, ഭൗതികതയുടെ അതിപ്രസരത്തിൽ സമനില നഷ്ടപ്പെടുകയും ചെയ്‌തവർ കണ്ടറിയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അത്തരക്കർ അല്ലാഹുവിന്റെ ശിക്ഷ അനുഭവിച്ചേ പഠിക്കൂ. അല്ലാഹു പറയുന്നത് കാണുക: ﴿يَعْلَمُونَ ظَاهِرًا مِّنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ ٧﴾ (الروم) [ഐഹികജീവിതത്തിന്റെ പുറംപൂച്ച് മാത്രമേ അവർക്കറിയൂ. പരലോകത്തെപ്പറ്റിയാകട്ടെ അവര്‍ തികഞ്ഞ അശ്രദ്ധയില്‍ തന്നെയാകുന്നു.] (റൂം 7)

വിനയവും വിശ്വാസവുമുള്ള സത്യാന്വേഷികളായ പഠിതാക്കൾക്കു വേണ്ടി ചില വസ്തുതകൾ താഴെ കൊടുക്കാം:

മനുഷ്യർക്കു മുമ്പ് അഗ്നിയിൽനിന്ന് സൃഷ്ടിക്കപ്പെട്ട വർഗ്ഗമാണ് ജിന്ന് എന്ന കാര്യം അവിതർക്കിതമായ ഒരു യാഥാർത്ഥ്യമാണ്. ഇക്കാര്യം നടേ പരാമർശിച്ച പ്രമാണവചനങ്ങളിൽ നിന്ന് വ്യക്തവുമാണ്. അവർ മനുഷ്യരെ ശാരീരികമായി ഉപദ്രവിക്കുമോ? ബാധയും രോഗവും ഉണ്ടാക്കുമോ? ഇതിനാണ് ഇനി ഉത്തരം കണ്ടെത്തേണ്ടത്. അല്ലാഹു പറയുന്നത് കാണുക: ﴿الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ٢٧٥﴾ (البقرة) [പിശാച് ബാധയാൽ വീഴുന്നവൻ എഴുന്നേല്‍ക്കാൻ നോക്കുന്നതു പോലെയല്ലാതെ പലിശ തിന്നുന്നവർക്ക് എഴുന്നേറ്റു നിൽക്കാനാവില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമാണത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്‌തിട്ടുള്ളത്‌. ആർ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് അതിൽനിന്ന് വിരമിക്കുന്നുവോ അവന്‍ മുമ്പ് വാങ്ങിച്ചത് അവനുള്ളത് തന്നെയായിരിക്കും. അവന്റെ കാര്യം അല്ലാഹുവിലേക്ക് മടക്കപ്പെടും. ഇനി ആരെങ്കിലും അതിലേക്കു തന്നെ മടങ്ങുന്നുവോ അവരത്രെ നരകാവകാശികള്‍; അവരതില്‍ നിത്യവാസികളായി കഴിച്ചുകൂട്ടേണ്ടി വരും.] (ബഖറഃ 275)

മനുഷ്യർക്ക് ജിന്നുബാധയേൽക്കും എന്നതിനുള്ള വ്യക്തമായ തെളിവാണ് മേൽ സൂക്തം. മഹാന്മാരായ പണ്ഡിതന്മാരും, ഇബ്‌നു ജരീർ, ബഗവി, ഇബ്‌നു കഥീർ, ഖുർത്വുബി ﵏ പോലുള്ള ഖുർആൻ വ്യാഖ്യാതാക്കളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജിന്ന് മനുഷ്യരിൽ പ്രവേശിക്കുകയും അയാളുടെ നാവിലൂടെ സംസാരിക്കുകയും ചെയ്യുമെന്ന് ഇബ്‌നു തൈമിയ്യഃയും ﵁ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പണ്ഡിതലോകത്ത് സമവായമുള്ള കാര്യമായിട്ടാണ് (إِجْمَاعٌ) അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അഹ്‌ലുസ്സുന്നഃക്കിടയിൽ ഏകാഭിപ്രായമാണുള്ളതെന്ന് ഇമാം‌അബുൽ ഹസനുൽ അശ്അരി ﵀യും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചിലർ നിഷേധിക്കുന്നുണ്ടല്ലോ എന്ന് ഇമാം അഹ്‌മദിനോട് പുത്രൻ അബ്ദുല്ലാഹ് رحمهما الله ഉണർത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് അവർ പറയുന്നത് കള്ളമാണ്, ജിന്ന് മനുഷ്യന്റെ നാവിലൂടെ സംസാരിക്കുക കൂടി ചെയ്യുമെന്നാണ്.

പിശാചിന്റെ ഇടപെടലുകളെ സംബന്ധിച്ച് വന്ന ഒരു ഹദീസ് കൂടി താഴെ കൊടുക്കാം: عَنْ صَفِيَّةَ بِنْتِ حُيَيٍّ قَالَتْ: كَانَ رَسُولُ اللَّهِ ﷺ مُعْتَكِفًا فَأَتَيْتُهُ أَزُورُهُ لَيْلًا، فَحَدَّثْتُهُ ثُمَّ قُمْتُ فَانْقَلَبْتُ، فَقَامَ مَعِي لِيَقْلِبَنِي، وَكَانَ مَسْكَنُهَا فِي دَارِ أُسَامَةَ بْنِ زَيْدٍ، فَمَرَّ رَجُلَانِ مِنْ الْأَنْصَارِ، فَلَمَّا رَأَيَا النَّبِيَّ ﷺ أَسْرَعَا، فَقَالَ النَّبِيُّ ﷺ: (عَلَى رِسْلِكُمَا، إِنَّهَا صَفِيَّةُ بِنْتُ حُيَيٍّ). فَقَالَا: سُبْحَانَ اللَّهِ يَا رَسُولَ اللَّهِ، قَالَ: (إِنَّ الشَّيْطَانَ يَجْرِي مِنَ الْإِنْسَانِ مَجْرَى الدَّمِ، وَإِنِّي خَشِيتُ أَنْ يَقْذِفَ فِي قُلُوبِكُمَا سُوءًا، أَوْ قَالَ: شَيْئًا). [البخاري في صحيحه] [നബി ﷺയുടെ പത്നി സ്വഫിയ്യഃ ബിൻതു ഹുയയ്യ് ﵂ നിവേദനം. അവർ പറയുന്നു: നബി ﷺ ഇഅ്തികാഫിലായിരുന്നപ്പോൾ ഞാൻ രാത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കാനായി ചെന്നു. അങ്ങനെ കുറച്ചു സമയം അദ്ദേഹത്തോടൊപ്പം സംസാരിച്ച ശേഷം എഴുന്നേറ്റ് തിരിച്ചുപോന്നു. അപ്പോൾ എന്നെ തിരിച്ചയക്കാനായി അവിടുന്ന് എന്റെ കൂടെ എഴുന്നേറ്റുവന്നു - അന്ന് സ്വഫിയ്യഃ ﵂യുടെ താമസം ഉസാമ ബിൻ സൈദ് ﵁ന്റെ വീട്ടിലായിരുന്നു - ആ സമയത്ത് അൻസ്വാരികളിൽപെട്ട രണ്ടു പേർ അതു വഴി നടന്നു പോയി. അവർ നബി ﷺയെ കണ്ടപ്പോൾ ധൃതിപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: «നിങ്ങൾ സാവകാശം കാണിക്കൂ. എന്റെ കൂടെയുള്ളത് സ്വഫിയ്യഃ ബിൻത് ഹുയയ്യാണ്.» അവർ ഇരുവരും പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സുബ്ഹാനല്ലാഹ്..! (ഞങ്ങൾക്ക് ഒരു തെറ്റിദ്ധാരണയുമില്ലെന്ന് ധ്വനി) അവിടുന്ന് പറഞ്ഞു: «പിശാച് മനുഷ്യനിൽ രക്തമോടുന്നിടത്തെല്ലാം ഒഴുകി നടക്കും. അവൻ നിങ്ങൾ രണ്ടു പേരുടെയും ഹൃദയത്തിൽ വല്ല ദോഷചിന്തയും, അല്ലെങ്കിൽ വല്ലതും, ഇട്ടേക്കും എന്നു ഞാൻ ഭയപ്പെടുന്നു.»] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മേൽ ഹദീസിന്റെ അടിസ്ഥാനത്തിൽ പിശാച് മനുഷ്യ മനസ്സിൽ ദോഷചിന്തകൾ ഉണർത്തുകയോ വസ്‌വാസ് ഉണ്ടാക്കുകയോ ചെയ്യുമെന്നത് അവിതർക്കിതമായ കാര്യമാണ്. എന്നാൽ «അവൻ മനുഷ്യനിൽ രക്തമോടുന്നിടത്തെല്ലാം ഒഴുകി നടക്കും» എന്ന ഭാഗം തൽപര കക്ഷികൾ അതിന്റെ യഥാതഥമായ അർത്ഥത്തിൽ സ്വീകരിക്കില്ല. മറിച്ച്, അതിനെ വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കുകയാണ് ചെയ്യാറുള്ളത്. നവവി ﵀ മേൽ ഹദീസിനു നൽകിയിട്ടുള്ള വിശദീകരണം താഴെ കൊടുക്കാം: (إِنَّ الشَّيْطَانَ يَجْرِي مِنَ الْإِنْسَانِ مَجْرَى الدَّمِ) قَالَ الْقَاضِي وَغَيْرُهُ قِيلَ هُوَ عَلَى ظَاهِرِهِ وَأَنَّ اللَّهَ تَعَالَى جَعَلَ لَهُ قُوَّةً وَقُدْرَةً عَلَى الْجَرْيِ فِي بَاطِنِ الْإِنْسَانِ مَجَارِي دَمِهِ. [النووي في شرحه على صحيح مسلم] [«പിശാച് മനുഷ്യനിൽ രക്തമോടുന്നിടത്തെല്ലാം ഒഴുകി നടക്കും» : ഖാദി ഇയാദും മറ്റും പറഞ്ഞത് ഇങ്ങനെയാണ്: അതിന്റെ ബാഹ്യാർത്ഥത്തിലാണ് അത് പറയപ്പെട്ടിരിക്കുന്നത്. അല്ലാഹു പിശാചിന് മനുഷ്യന്റെ അന്തരാളങ്ങളിൽ, രക്തം പ്രവഹിക്കുന്നിടത്തെല്ലാം ഒഴുകിനടക്കാനുള്ള ശക്തിയും ശേഷിയും നൽകിയിരിക്കുന്നു.] (നവവി ശർഹു മുസ്‌ലിമിൽ രേഖപ്പെടുത്തിയത്)

കൂടാതെ, നബി ﷺയുടെ കാലത്തും പിന്നീടും മനുഷ്യർക്ക് പിശാച് ബാധയുണ്ടായിട്ടുള്ളതും അതു മുഖേന പലതരം രോഗങ്ങളും ദുരിതങ്ങളും പിടിപെട്ടിട്ടുള്ളതും ശർഅ് അനുശാസിച്ചിട്ടുള്ള റുഖ്‌യഃ (പ്രാർത്ഥന) യിലൂടെയും ചികിത്സയിലൂടെയും അതിനു ശമനം ലഭിച്ചിട്ടുള്ളതും രേഖകളിൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്. ഇത്തരം അവസ്ഥകൾ പിടിപെടാതിരിക്കാനുള്ള മുൻകരുതലായി ദുആകളും റുഖ്‌യകളും പതിവാക്കാൻ നബി ﷺ അനുശാസിച്ചിട്ടുള്ളതുമാണ്. വിസ്‌താര ഭയത്താൽ അനുബന്ധമായ കാര്യങ്ങളും ഉപോൽബലകമായ തെളിവുകളും ഉദ്ധരിക്കുന്നില്ല.

മുഅ്തസിലികളും അവരുടെ വാലായി നിലകൊള്ളുന്ന പിഴച്ച കക്ഷികളും മാത്രമാണ് ഇക്കാര്യം നിഷേധിക്കുന്നത്. അവരാണ് പൊള്ളയായ വെല്ലുവിളികളുമായി ജനങ്ങളെ വഴിപിഴപ്പിക്കുന്നതും. അങ്ങനെ ബാധിക്കുമെങ്കിൽ എന്നെ ബാധിപ്പിക്കൂ എന്നതു പോലുള്ള വെല്ലുവിളികൾ പ്രബോധന രംഗത്ത് ഒട്ടും പുതുമയുള്ള കാര്യമല്ല. അച്ചടക്കമില്ലാത്ത ഇസ്റാഈല്യർ മൂസാ ﵇നോട് അല്ലാഹുവിനെ കാണിച്ചു കൊടുക്കാൻ പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ടല്ലോ. അതിനെക്കാൾ വലുതല്ലല്ലോ ഇത്.

അധിക വായനക്ക് യുക്തി ഇസ്‌ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം (പുറം 1/112) കൂടി കാണുക.