Skip to the text
Quran Vivaranam

107 sections in book mode

Quran explanation

മാഇദഃ,الْمَائِدَةِസൂക്തം 6

Vol. 2 Page 988

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚوَإِن كُنتُمْ جُنُبًا فَاطَّهَّرُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ اللهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ 6﴾

വിശ്വാസികളേ, നിങ്ങള്‍ നമസ്‌കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും, നെരിയാണിവരെ ഇരു കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ വലിയ അശുദ്ധിയുള്ളവരാണെങ്കിൽ കുളിച്ച്‌ ശുദ്ധിയാകുക. നിങ്ങളിൽ ആരെങ്കിലും രോഗികളോ യാത്രയിലോ ആകുമ്പോൾ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ സ്‌ത്രീകളുമായി സംസര്‍ഗ്ഗം നടത്തുകയോ ചെയ്‌തിട്ട് വെള്ളം കിട്ടാതെ വരികയാണെങ്കിൽ ഭൂമിയുടെ ശുദ്ധമായ പ്രതലം ഉപയോഗിച്ച് തയമ്മും ചെയ്യുക. അഥവാ അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ട് വരുത്തണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. മറിച്ച്, നിങ്ങളെ ശുദ്ധീകരിക്കാനും തന്റെ അനുഗ്രഹം നിങ്ങളുടെമേൽ പൂര്‍ത്തീകരിക്കാനുമാണ് അവൻ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ നന്ദിയുള്ളവരായേക്കുമല്ലോ. (6)

[എന്നാലും അതോടു കൂടി ഓരോ നമസ്‌കാരത്തിനും പ്രത്യേകം പ്രത്യേകം വുള്വു പുതുക്കുന്നതു നല്ലതാണെന്നും നബിചര്യയിൽനിന്നു അറിയപ്പെട്ടിട്ടുള്ളതാകുന്നു.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/843)

വിശുദ്ധ ഖുർആൻ വിവരണത്തിൽ വന്ന മേൽ പരാമർശം വിശദീകരിക്കപ്പെടേണ്ടതുണ്ട്. നവവി ﵀യെ പോലുള്ള ചിലർ ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാര്യം വിസ്‌മരിക്കുന്നില്ല. എന്നിരുന്നാലും ഓരോ നമസ്‌കാരത്തിനും പ്രത്യേകമായി വുളൂ പുതുക്കുന്നത് സുന്നത്താണെന്ന് പറയാൻ മാത്രം വ്യക്തമായ തെളിവുകളില്ല. ഇതു സംബന്ധിച്ച് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ പറയുന്നത് കൂടി കാണുക: وَكَذَلِكَ هُوَ ﷺ قَدْ ثَبَتَ عَنْهُ فِي الصَّحِيحَيْنِ مِنْ حَدِيثِ ابْنِ عَبَّاسٍ وَعَائِشَةَ وَغَيْرِهِمْ أَنَّهُ كَانَ يَتَوَضَّأُ لِصَلَاةِ اللَّيْلِ، فَيُصَلِّي بِهِ الْفَجْر، مَعَ أَنَّهُ كَانَ يَنَامُ حَتَّى يَغُطَّ، وَيَقُولُ: تَنَامُ عَيْنَايَ وَلَا يَنَامُ قَلْبِي، فَهَذَا أَمْرٌ مِنْ أَصَحِّ مَا يَكُونُ أَنَّهُ كَانَ يَنَامُ ثُمَّ يُصَلِّي بِذَلِكَ الْوُضُوءِ الَّذِي تَوَضَّأَ لِلنَّافِلَةِ يُصَلِّي بِهِ الْفَرِيضَةَ، فَكَيْفَ يُقَالُ إنَّهُ كَانَ يَتَوَضَّأُ لِكُلِّ صَلَاةٍ؟ وَقَدْ ثَبَتَ عَنْهُ فِي الصَّحِيحِ أَنَّهُ ﷺ صَلَّى الظُّهْرَ، ثُمَّ قَدِمَ عَلَيْهِ وَفْدُ عَبْدِ الْقَيْسِ فَاشْتَغَلَ بِهِمْ عَنْ الرَّكْعَتَيْنِ بَعْدَ الظُّهْرِ حَتَّى صَلَّى الْعَصْرَ وَلَمْ يُحْدِثْ وُضُوءًا، وَكَانَ يُصَلِّي تَارَةً الْفَرِيضَةَ ثُمَّ النَّافِلَةَ، وَتَارَةً النَّافِلَةَ ثُمَّ الْفَرِيضَةَ، وَتَارَةً فَرِيضَةً ثُمَّ فَرِيضَةً، كُلُّ ذَلِكَ بِوُضُوءٍ وَاحِدٍ، وَكَذَلِكَ الْمُسْلِمُونَ صَلَّوْا خَلْفَهُ فِي رَمَضَانَ بِاللَّيْلِ بِوُضُوءٍ وَاحِدٍ مَرَّاتٍ مُتَعَدِّدَةً، وَكَانَ الْمُسْلِمُونَ عَلَى عَهْدِهِ يَتَوَضَّئونَ ثُمَّ يُصَلُّونَ مَا لَمْ يُحْدِثُوا كَمَا جَاءَتْ بِذَلِكَ الْأَحَادِيثُ الصَّحِيحَةُ، وَلَمْ يُنْقَلْ عَنْهُ - لَا بِإِسْنَادٍ صَحِيحٍ وَلَا ضَعِيفٍ، أَنَّهُ أَمَرَهُمْ بِالْوُضُوءِ لِكُلِّ صَلَاةٍ، فَالْقَوْلُ بِاسْتِحْبَابِ هَذَا يَحْتَاجُ إلَى دَلِيلٍ. [ابن تيمية في مجموع فتاويه] [അപ്രകാരം, നബി ﷺയിൽനിന്ന് ഇബ്‌നു അബ്ബാസ്, ആയിശഃ പോലുള്ളവർ ﵃ നിവേദനം ചെയ്തതായി ബുഖാരിയുടെയും മുസ്‌ലിമിന്റെയും സ്വഹീഹുകളിൽ സ്ഥിരപ്പെട്ടിരിക്കുന്നത് അവിടുന്ന് രാത്രി നമസ്‌കാരത്തിനായി എടുത്ത അതേ വുളൂ കൊണ്ട് സുബ്ഹ് നമസ്‌കരിക്കാറുണ്ടായിരുന്നു എന്നാണ്. മാത്രമല്ല, അവിടുന്ന് തല കുനിച്ച് ഉറങ്ങുക പോലും ചെയ്യാറുണ്ടായിരുന്നു. എന്റെ രണ്ടു കണ്ണുകളും ഉറങ്ങുന്നുവെങ്കിലും എന്റെ മനസ്സ് ഉറങ്ങുന്നില്ല എന്നായിരുന്നു അവിടുന്ന് പറഞ്ഞിരുന്നത്. ഇത് ശരിവെക്കുന്നത് അവിടുന്ന് ഐഛികമായ നമസ്‌കാരത്തിനു വേണ്ടി ചെയ്‌ത വുളൂ കൊണ്ട് ചെറുതായി ഉറങ്ങിയ ശേഷവും നിർബന്ധ നമസ്‌കാരം നിർവ്വഹിക്കുമായിരുന്നു എന്നാണ്. പിന്നെ എങ്ങനെയാണ് അവിടുന്ന് ഒരോ നമസ്‌കാരത്തിനും പ്രത്യേകം വുളൂ ചെയ്യാറുണ്ടായിരുന്നു എന്നു പറയുക?! ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചതനുസരിച്ച്, നബി ﷺ ളുഹ്ർ നമസ്‌കരിച്ചയുടനെ അബ്ദുൽ ഖൈസിൽ നിന്നുള്ള ഒരു സംഘം അദ്ദേഹത്തിന്റെ അരികിൽ വന്നു. അവരുമായി തിരക്കിലായതിനാൽ അദ്ദേഹത്തിന് ളുഹ്റിനു ശേഷമുള്ള രണ്ടു റക്അത്തുകൾ നമസ്‌കരിക്കാനായില്ല. പിന്നീട് അവിടുന്ന് വുളൂ പുതുക്കാതെ തന്നെ അസ്വ്‌ർ നമസ്‌കരിക്കുകയും ചെയ്‌തു. അവിടുന്ന് ഒരു വുളൂ കൊണ്ട് ചിലപ്പോൾ ഒരു നിർബന്ധ നമസ്‌കാരവും പിന്നീട് ഒരു ഐഛിക നമസ്‌കാരവും നിർവ്വഹിക്കും. മറ്റു ചിലപ്പോൾ ഒരു ഐഛിക നമസ്‌കാരവും പിന്നീട് ഒരു നിർബന്ധ നമസ്‌കാരവും നിർവ്വഹിക്കും. മറ്റു ചിലപ്പോൾ ഒരു നിർബന്ധ നമസ്‌കാരവും പിന്നീട് മറ്റൊരു നിർബന്ധ നമസ്‌കാരവും നിർവ്വഹിക്കും. അതേ പോലെ, റമളാനിന്റെ രാവിൽ നബി ﷺക്കു പിന്നിൽ മുസ്‌ലിംകൾ ഒരു വുളൂ കൊണ്ട് പല തവണ നമസ്‌കരിക്കാറുണ്ടായിരുന്നു. നബി ﷺയുടെ കാലത്ത് മുസ്‌ലിംകൾ ഒരിക്കൽ വുളൂ ചെയ്‌താൽ അത് മുറിയുന്നതു വരെ നമസ്‌കരിക്കാറുണ്ടായിരുന്നതായി സ്വഹീഹായ ഹദീസുകളിൽ വന്നിരിക്കുന്നു. ഓരോ നമസ്‌കാരത്തിനും പ്രത്യേകം വുളൂ ചെയ്യാൻ നബി ﷺ അവരോട് കൽപിച്ചതായി സ്വീകാര്യ യോഗ്യമോ ദുർബ്ബലമോ ആയ സനദുമായി ഒരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ആയതിനാൽ അത് അഭിലഷണീയമാണെന്നു പറയാൻ തെളിവ് ആവശ്യമാണ്.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

ആദ്യകാലത്ത് നബി ﷺ ഓരോ നമസ്‌കാരത്തിനും വുളൂ ചെയ്‌തിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്. മക്കാ വിജയത്തോടനുബന്ധിച്ച് അവിടുന്ന് ഒരേ വുളൂ കൊണ്ട് ഒന്നിലധികം നമസ്‌കാരങ്ങൾ നിർവ്വഹിക്കുകയും, അതിനെ തുടർന്ന് വുളൂ മുറിയാത്തിടത്തോളം പുതുക്കേണ്ടതില്ലെന്ന് സ്വഹാബികൾ മനസ്സിലാക്കുകയും ചെയ്തതായിട്ടാണ് ഹദീസുകളിൽ നിന്ന് ഗ്രഹിക്കാൻ സാധിക്കുക. عَنْ عَمْرِو بْنِ عَامِرٍ، عَنْ أَنَسِ بْنِ مَالِكٍ، قَالَ: كَانَ النَّبِيُّ ﷺ يَتَوَضَّأُ عِنْدَ كُلِّ صَلاَةٍ، قُلْتُ: كَيْفَ كُنْتُمْ تَصْنَعُونَ؟ قَالَ: يُجْزِئُ أَحَدَنَا الوُضُوءُ مَا لَمْ يُحْدِثْ. [البخاري في صحيحه] [അംറു ബിൻ ആമിർ ﵀ നിവേദനം. അനസ് ﵁ പറയുന്നു: നബി ﷺഓരോ നമസ്‌കാരത്തിനും വുളൂ ചെയ്യാറുണ്ടായിരുന്നു. അപ്പോൾ അംറു ബിൻ ആമിർ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങൾ എങ്ങനെയാണ് ചെയ്യാറുണ്ടായിരുന്നത്? അദ്ദേഹം പറഞ്ഞു: ഞങ്ങളിൽപെട്ട ഒരാൾ അശുദ്ധി ബാധിക്കാത്തിടത്തോളം ഒരു വുളൂ കൊണ്ട് മതിയാക്കുമായിരുന്നു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

അതേപോലെ, ഒരാൾ സദാ സമയവും വുളൂഇൽ തുടരണം എന്ന ഒരു നിർദ്ദേശവും നബി ﷺനൽകിയതായി ഹദീസിൽ വന്നിട്ടില്ല. അത് എല്ലാവർക്കും പിന്തുടരാൻ കഴിയാത്ത, പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ശർഇന്റെ നിയമാവലികൾ ലളിതമായിരിക്കുക എന്നതാണല്ലോ അടിസ്ഥാന തത്ത്വം. ഒരാൾ വുളൂ ചെയ്യുമ്പോൾ ആ വുളൂ കൊണ്ട് അല്ലാഹു നിശ്ചയിച്ച നമസ്‌കാരം പോലുള്ള നിർബ്ബന്ധമോ ഐഛികമോ ആയ ഇബാദത്ത് നിർവ്വഹിക്കുക എന്നതാണ് ലക്ഷ്യമായി കാണേണ്ടത്. അത്തരം അനിതരവും ശ്രേഷ്ഠവുമായ ഒരു നടപടി നബി ﷺ പ്രശംസിച്ചത് ഹദീസിൽ വന്നിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം:

روى البخاري ومسلم عن أبي هريرة ﵁ أن النبي ﷺ قال لبلال ﵁ عند صلاة الفجر: يا بلال! حدثني بأرجى عمل عملته في الإسلام، فإني سمعت دف نعليك بين يدي في الجنة، قال: ما عملت عملا أرجى عندي: أني لم أتطهر طهورا في ساعة ليل أو نهار إلا صليت بذلك الطهور ما كتب لي أن أصلي.

وعند الترمذي أن بلالا ﵁ قال: ما أذنت قط إلا صليت ركعتين، وما أصابني حدث قط إلا توضأت عندها ورأيت أن لله علي ركعتين. [الألباني في صحيح سنن الترمذي]

[അബൂ ഹുറയ്റഃ ﵁ നിവേദനം. അദ്ദേഹം പറയുന്നു: പ്രഭാത നമസ്‌കാര സമയത്ത് നബി ﷺ ബിലാൽ ﵁നോട് ചോദിച്ചു: ബിലാൽ, പറയൂ: ഇസ്‌ലാമിൽ താങ്കൾ ചെയ്‌ത ഏറ്റവും പ്രതീക്ഷാ നിർഭരമായ കർമ്മം ഏതാണ്? സ്വർഗ്ഗത്തിൽ, എന്റെ മുന്നിൽ താങ്കളുടെ ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടുവല്ലോ! അദ്ദേഹം പറഞ്ഞു: രാപ്പകലുകളിൽ ഏതൊരു സമയത്ത് ശുദ്ധിവരുത്തിയാലും, ആ വുളൂ കൊണ്ട് ഞാൻ നമസ്‌കരിക്കാതിരുന്നിട്ടില്ല - എനിക്ക് എഴുതപ്പെട്ട അത്രയും ഞാൻ നമസ്‌കരിക്കും. അതിനെക്കാൾ പ്രതീക്ഷ നിറഞ്ഞ വേറെ ഒരു കർമ്മവും ഞാൻ ചെയ്‌തിട്ടില്ല.] (ബുഖാരിയും മുസ്‌ലിമും സ്വഹീഹിൽ ഉദ്ധരിച്ചത്)

[ബിലാൽ ﵁ പറയുന്നു: ഞാൻ ബാങ്ക് വിളിച്ചാൽ രണ്ടു രക്അത്ത് നമസ്‌കരിക്കാത്ത സ്ഥിതി ഒട്ടുമുണ്ടായിട്ടില്ല. എനിക്ക് ചെറിയ അശുദ്ധി ബാധിച്ചാൽ ഉടനെ വുളൂ ചെയ്യാത്ത ഒരവസ്ഥയും തീരെയില്ല. അപ്പോൾ പിന്നെ, അല്ലാഹുവിന് വേണ്ടി രണ്ടു റക്അത്ത് നമസ്‌കരിക്കൽ എന്റെമേൽ കടമയായി ഞാൻ കാണുകയും ചെയ്‌തിരുന്നു.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

ചുരുക്കത്തിൽ, ഓരോ നമസ്‌കാരത്തിനും പ്രത്യേകം വുളൂ പുതുക്കൽ സുന്നത്താണന്ന് പറയാൻ മാത്രം വ്യക്തവും ശക്തവുമായ തെളിവുകൾ നബചര്യയിലില്ല. ഇനി, വുളൂഇന്റെ രൂപം ഹദീസുകളിൽ വന്നത് എപ്രകാരമാണെന്ന് പരിശോധിക്കാം: عَنْ حُمْرَانَ، رَأَيْتُ عُثْمَانَ ﵁، تَوَضَّأَ فَأَفْرَغَ عَلَى يَدَيْهِ ثَلاَثًا، ثُمَّ تَمَضْمَضَ وَاسْتَنْثَرَ، ثُمَّ غَسَلَ وَجْهَهُ ثَلاَثًا، ثُمَّ غَسَلَ يَدَهُ اليُمْنَى إِلَى الِمرْفَقِ ثَلاَثًا، ثُمَّ غَسَلَ يَدَهُ اليُسْرَى إِلَى المِرْفقِ ثَلاَثًا، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ غَسَلَ رِجْلَهُ اليُمْنَى ثَلاَثًا، ثُمَّ اليُسْرَى ثَلاَثًا، ثُمَّ قَالَ: رَأَيْتُ رَسُولَ اللهِ ﷺ تَوَضَّأَ نَحْوَ وُضُوئِي هَذَا. [البخاري في صحيحه] [ഉസ്‌മാൻ ﵁ന്റെ പരിചാരകനായിരുന്ന ഹുംറാൻ നിവേദനം. അദ്ദേഹം പറയുന്നു: ഉസ്‌മാൻ ﵁ വുളൂ ചെയ്യുന്നത് ഞാൻ കണ്ടു. അദ്ദേഹം തന്റെ ഇരുകൈകളിലേക്കും വെള്ളം ഒഴിച്ച് മൂന്ന് തവണ കഴുകി. പിന്നീട് കൊപ്പിളിക്കുകയും മൂക്കിൽ വെള്ളം കേറ്റി ചീറ്റിക്കളയുകയും ചെയ്‌തു. പിന്നീട് മൂന്ന് തവണ മുഖം കഴുകി. പിന്നീട് വലതു കൈ മുട്ടുൾപ്പെടെ മൂന്നു തവണ കഴുകി. അനന്തരം ഇടതു കൈയും മുട്ടുൾപ്പെടെ മൂന്നു തവണ കഴുകി. പിന്നീട് തന്റെ തല തടവി. പിന്നീട് വലതു കാൽ മൂന്നു തവണ കഴുകി. ശേഷം ഇടതു കാലും മൂന്നു തവണ കഴുകി. എന്നിട്ട് അദ്ദേഹം പറഞ്ഞു: നബി ﷺ ഇപ്രകാരം വുളൂ ചെയ്തതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

വുളൂ ചെയ്യുമ്പോൾ ചില ഭാഗങ്ങൾ കഴുകുകയും ചില ഭാഗങ്ങൾ തടവുകയുമാണ് ചെയ്യേണ്ടത്. കഴുകുന്നത് മൂന്ന് തവണയാണെങ്കിൽ തടവുന്നത് ഒരു തവണ മാത്രമാണ്. തലയും ചെവികളുമാണ് തടവേണ്ടത്. അതിന്റെ പ്രായോഗിക രൂപം ഹദീസിലാണ് വിശദീകരിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആൻ വിവരണത്തിൽ അത്തരം ഹദീസുകൾ കൂടി ഉദ്ധരിക്കണമായിരുന്നു. എന്നാൽ നബിചര്യയനുസരിച്ച് അത് വിശദീകരിക്കുന്നതിനു പകരം പണ്ഡിതാഭിപ്രായങ്ങൾ ഉദ്ധരിക്കാനാണ് അതിൽ ശ്രമിച്ചിട്ടുള്ളത്. ഉദാഹരണമായി അതിൽനിന്നുള്ള ഒരു ഭാഗം കാണുക:

[തലയുടെ എത്ര ഭാഗം തടവണം എന്നു ആയത്തിൽ വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ട് മുഴുവൻ ഭാഗവും തടവൽ നിർബന്ധമാണെന്നും, കുറച്ചു ഭാഗം തടവിയാൽ മതിയാകുമെന്നും പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമുണ്ട്. മുഴുവൻ തടവുകയാണു നല്ലതെന്നുള്ളതിൽ പക്ഷാന്തരമില്ല താനും. (വിശദവിവരങ്ങൾക്കു ഹദീസു ഗ്രന്ഥങ്ങളും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും ആശ്രയിക്കേണ്ടതാകുന്നു.)] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/844)

മേൽ പ്രസ്‌താവന തെറ്റിദ്ധാരണാജനകമാണ്. അനുഷ്ഠാന കർമ്മങ്ങളുടെ വിശദാംശങ്ങൾ പലപ്പോഴും ഖുർആൻ സൂക്തങ്ങളിൽ വ്യക്തമായി പ്രസ്‌താവിക്കാറില്ല. മിക്കപ്പോഴും നബിചര്യയിലാണ് അത്തരം കാര്യങ്ങൾ വിശദീകരിക്കാറുള്ളത്. ആയതിനാൽ ആയത്തിൽ പറഞ്ഞിട്ടില്ലെന്ന ന്യായം പറഞ്ഞ് ഇത്തരം കാര്യങ്ങൾ തള്ളിക്കളയുന്നത് ശരിയല്ല. നബിചര്യയിൽ വന്നത് കൂടി പരിശോധിക്കുക തന്നെ വേണം. عَنْ ‌عَبْدِ اللهِ بْنِ زَيْدٍ، قَالَ: ثُمَّ مَسَحَ رَأْسَهُ بِيَدَيْهِ، فَأَقْبَلَ بِهِمَا وَأَدْبَر، ‌بَدَأَ ‌بِمُقَدَّمِ ‌رَأْسِهِ حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا إِلَى الْمَكَانِ الَّذِي بَدَأَ مِنْهُ، ثُمَّ غَسَلَ رِجْلَيْهِ. [البخاري في صحيحه] [അബ്ദുല്ലാ ബിൻ സൈദ് ﵁ നിവേദനം. «...പിന്നീട് രണ്ടു കൈകൾകൊണ്ട് അദ്ദേഹം തന്റെ തല മുന്നോട്ടും പിന്നോട്ടുമായി തടവി. അഥവാ തലയുടെ മുൻഭാഗത്തു നിന്ന് തുടങ്ങി ഇരു കൈകളും പിരടി വരെ കൊണ്ടുപോയി. പിന്നീട് അവ രണ്ടും തുടങ്ങിയ സ്ഥാനത്തേക്ക് തന്നെ മടക്കുകയും ചെയ്‌തു. പിന്നീട് രണ്ടു കാലുകളും കഴുകി.»] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മേൽ ഹദീസിൽ പറഞ്ഞതിന്റെ പ്രായോഗിക രൂപം, തലയുടെ മുൻഭാഗത്തുനിന്ന് പിരടി വരെയും, അവിടെ നിന്ന് വീണ്ടും മുൻഭാഗം വരെയും രണ്ടു കൈപ്പത്തിയുടെയും വിരലുകൾ ചേർത്തു പിടിച്ച്, വിരലുകളുടെയും കൈപ്പത്തിയുടെയും ഉൾഭാഗം നടത്തുക എന്നതാണ്. ഇരു കൈകളിലെയും വിരലുകളിലും കൈപ്പത്തിയുടെ ഉൾഭാഗത്തുമുള്ള നനവാണ് തടവുമ്പോൾ തലയിൽ ചേരുന്നത്.

മുകളിൽ പറഞ്ഞതു പോലെയാണ് തല തടവേണ്ടത്. അതാണ് നബിചര്യ. പരാമൃഷ്ട സൂക്തത്തിൽ പറഞ്ഞ بِرُءُوسِكُم എന്ന ഭാഷാ പ്രയോഗം മുൻനിർത്തി ഇമാം ശാഫിഈ ﵀ പോലുള്ളവർ തലയിൽനിന്നുള്ള ചെറിയ ഒരുഭാഗം മാത്രം തടവിയാൽ മതിയാകും എന്ന് പറഞ്ഞത് തികച്ചും സാങ്കേതികമാണ്.

ചെവി തടവുന്ന കാര്യം തല തടവുന്നതിൽ തന്നെ ഉൾപ്പെടും. മുൻഗാമികളായ മുഹദ്ദിസുകളും ഫുഖഹാക്കളും അതിനെ അങ്ങനെയാണ് കണ്ടിരുന്നത്. അതു കൊണ്ടാണ് വുളൂഇനെ കുറിച്ചുള്ള വിവരണത്തിൽ രണ്ടും ഒരുമിച്ച് പറയുന്നത്. എന്നാൽ വിശദമായി പ്രതിപാദിക്കുന്ന സന്ദർഭങ്ങളിൽ അത് വേറെ തന്നെ എടുത്തു പറയുകയും ചെയ്യും. ഒരു ഉദാഹരണം കാണുക: عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ ﷺ مَسَحَ بِرَأْسِهِ وَأُذُنَيْهِ، ظَاهِرِهِمَا وَبَاطِنِهِمَا. [الترمذي وأبو داود في سننهما وصححه الألباني] [ഇബ്‌നു അബ്ബാസ് ﵄ നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ തന്റെ തലയും, ഇരു ചെവികളുടെ പുറവും അകവും തടവുകയും ചെയ്‌തു.] (തിർമുദി, അബൂ ദാവൂദ് സുനനുകളിൽ ഉദ്ധരിച്ചത്)

അതിന്റെ പ്രായോഗിക രൂപം നസാഈ ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസിലുണ്ട്. عَنِ ابْنِ عَبَّاسٍ، قَالَ: «...ثُمَّ مَسَحَ بِرَأْسِهِ وَأُذُنَيْهِ بَاطِنِهِمَا بِالسَّبَّاحَتَيْنِ وَظَاهِرِهِمَا بِإِبْهَامَيْهِ...» [النسائي في السنن الكبرى، وصححه الألباني] [ഇബ്‌നു അബ്ബാസ് ﵄ നിവേദനം. അദ്ദേഹം പറയുന്നു: പിന്നീട് അവിടുന്ന് തന്റെ തല തടവി. രണ്ടു ചെവികളുടെയും ഉൾഭാഗം ചൂണ്ടുവിരൽ കൊണ്ടും പുറം തള്ളവിരൽ കൊണ്ടും തടവി.] (നസാഈ സുനനുൽ കുബ്റായിൽ ഉദ്ധരിച്ചത്)

നബി ﷺ പതിവായി ചെയ്യാറുള്ള കാര്യമാണ് വുളൂ എടുത്തതിനു ശേഷമുള്ള ദുആ. അതു സംബന്ധിച്ച് വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്:

[വുളൂ കഴിഞ്ഞ ശേഷം اللهم اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ (അല്ലാഹുവേ, എന്നെ നീ പശ്ചാത്തപിച്ചു മടങ്ങുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ, എന്നെ ശുദ്ധിയായവരുടെ കൂട്ടത്തിലും ഉൾപ്പെടുത്തേണമേ!) എന്നു പ്രാർത്ഥിക്കുവാൻ നബി (സ) പ്രോത്സാഹിപ്പിച്ചിട്ടുള്ളതും (തി) സ്മരണീയമാകുന്നു.] (വിശുദ്ധ ഖുർആൻ വിവരണം പുറം 1/844)

വുളൂഇന് ശേഷമുള്ള പ്രാർത്ഥനയുടെ പൂർണ്ണരൂപം ഇവിടെ ഉദ്ധരിച്ചിട്ടില്ല. അതിന്റെ പ്രസക്തമായ ആദ്യഭാഗം വിട്ടുകളഞ്ഞത് വായനക്കാരിൽ തെറ്റിദ്ധാരണ ഉളവാക്കിയേക്കാം. അത് പൂർണ്ണമായി താഴെ കൊടുക്കാം. عَنْ عُمَرَ بْنِ الخَطَّابِ، قَالَ: قَالَ رَسُولُ اللهِ ﷺ: مَنْ تَوَضَّأَ فَأَحْسَنَ الوُضُوءَ ثُمَّ قَالَ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا ‌عَبْدُهُ ‌وَرَسُولُهُ، ‌اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ المُتَطَهِّرِينَ، فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ. [الترمذي في سننه وصححه الألباني] [ഉമർ ബിൻ ഖത്ത്വാബ് ﵁ നിവേദനം. നബി ﷺ പറയുന്നു: ഒരാൾ കുറ്റമറ്റ രൂപത്തിൽ വുളൂ ചെയ്‌തു. എന്നിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ തരപ്പെട്ടവനായി ആരുമില്ല. അവൻ ഏകനാണ്, അവനൊരു പങ്കാളിയുമില്ല എന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, എന്നെ നീ പശ്ചാത്തപിക്കുന്നവരിലും ശുദ്ധിയാർജ്ജിക്കുന്നവരിലും ഉൾപ്പെടുത്തണേ," എങ്കിൽ സ്വർഗ്ഗത്തിന്റെ എട്ടു വാതിലുകൾ അവനു വേണ്ടി തുറക്കപ്പെടും. അവൻ ഉദ്ദേശിക്കുന്നതിലൂടെ അവനു പ്രവേശിക്കാം.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

കൂടാതെ, വുളൂഇനു ശേഷം പ്രാർത്ഥിക്കാൻ ഹദീസിൽ വന്നിരിക്കുന്ന മറ്റൊരു ദുആ കൂടി ഉദ്ധരിക്കാം: عَن أبي سعيد عَن النَّبِي ﷺ قَالَ: من تَوَضَّأ فَقَالَ سُبْحَانَكَ اللَّهُمَّ وَبِحَمْدِك أشهد أَن لَا إِلَٰه إِلَّا أَنْت أستغفرك وَأَتُوب إِلَيْك، كتب فِي رقٍّ، ثمَّ طبع بِطَابع، فَلم يكسر إِلَى يَوْم الْقِيَامَة. [النسائي في عمل اليوم والليلة وصححه الألباني] [അബൂ സഈദ് ﵁ നിവേദനം. നബി ﷺ പറയുന്നു: ഏതൊരാൾ വുളൂ ചെയ്യുകയും അനന്തരം ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്‌തു: "അല്ലാഹുവേ, നിന്റെ സ്തോത്രങ്ങൾ പ്രകീർത്തിക്കുന്നതോടൊപ്പം നിന്റെ വിശുദ്ധിയെ ഞാൻ ഉയർത്തിപ്പിടിക്കുന്നു. നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി ആരുമില്ല. ഞാൻ നിന്നോട് പാപമോചനത്തിനായി കേഴുന്നു, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു," എങ്കിൽ അതൊരു തുകലിൽ എഴുതി സീൽ വെക്കപ്പെടും. അന്ത്യനാൾ വരെ അത് പൊട്ടിക്കപ്പെടുകയുമില്ല.](നസാഈ അമലുൽ യൗമി വല്ലൈലഃയിൽ ഉദ്ധരിച്ചത്)

വുളൂഇനു ശേഷമുള്ള ദുആയുമായി ബന്ധപ്പെട്ട് കുറേ നൂതനമായ കാര്യങ്ങൾ സമൂഹത്തിൽ പ്രചാരത്തിലുണ്ട്. നബി ﷺയിൽനിന്ന് ഉദ്ധരിക്കപ്പെടാത്ത പ്രാർത്ഥനാവചനങ്ങൾ ഉരുവിടുക, വുളൂഇനു ശേഷമുള്ള പ്രാർത്ഥനയിൽ കൈകൾ ഉയർത്തുക, ഖിബ്‌ലക്ക് അഭിമുഖമായി നിൽക്കുക പോലുള്ളവ ഉദാഹരണം. നബി ﷺ സ്ഥിരമായി ചെയ്‌തു കാണിച്ച ഒരു കർമ്മം അതേ രൂപത്തിൽ പകർത്തുകയല്ലാതെ അതിലേക്ക് ഓരോരുത്തർക്കും നല്ലതെന്നു തോന്നുന്ന കാര്യങ്ങൾ കൂട്ടിച്ചേർത്താൽ അത് ബിദ്അത്തായി മാറും. ബിദ്അത്തുകൾ വിശ്വാസപരമോ കർമ്മപരമോ ആവട്ടെ, അവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉളവാക്കുക. അവ ദീനിന്റെ വിശുദ്ധി തകർക്കുകയും സമുദായത്തെ ഭിന്നിപ്പിക്കുകയും സത്യത്തിലേക്ക് മടങ്ങിവരാനുള്ള വാതിൽ അടക്കുകയും തൗബഃക്കുള്ള തൗഫീഖ് നിഷേധിക്കുകയും ചെയ്യുന്നു. അതിനാൽ ദീനിൽ നൂതനമായ കാര്യങ്ങൾ കടത്തിക്കൂട്ടുന്നത് സൂക്ഷിക്കണമെന്ന് മാന്യ വായനക്കാരെ സഗൗരവം ഉണർത്തുന്നു.

വെള്ളം ലഭ്യമല്ലാതാവുകയോ ഉപയോഗിക്കാൻ പാടില്ലാതാവുകയോ ചെയ്‌താൽ ചെറിയ അശുദ്ധി നീക്കാനുള്ള വുളൂഇനു പകരമായും വലിയ അശുദ്ധി നീക്കാനുള്ള കുളിക്ക് പകരമായും തയമ്മും ചെയ്യുകയാണ് വേണ്ടത്. വുളൂഇന്റെ ഭാഗത്ത് എവിടെയെങ്കിലും വെള്ളം ചേർക്കാൻ പറ്റാത്ത സ്ഥിതിവിശേഷം ഉണ്ടായാലും തയമ്മും ചെയ്യുകയാണ് വേണ്ടത്. വുളൂഇന്റെ മറ്റു ഭാഗങ്ങൾ കഴുകി വെള്ളം ചേർക്കാൻ പറ്റാത്ത ഭാഗത്ത് തടവുന്നതിനെ കുറിച്ച് വന്ന ഹദീസ് സ്വീകാര്യയോഗ്യമല്ല. തയമ്മുമിന്റെ രൂപം മനസ്സിലാക്കാൻ നിസാഅ് 43-ാം സൂക്തത്തിന്റെ വിശദീകരണം കാണുക.

സൂറത്തുൽ മാഇദഃ ഹിജ്റഃക്കു ശേഷം അവതരിച്ച മദനിയ്യഃ വിഭാഗത്തിൽപെട്ട അധ്യായമാണ്. സുപ്രധാനമായ പല വിധിവിലക്കുകളും ഈ അധ്യായത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ദീനിന്റെ പൂർത്തീകരണം സംബന്ധിച്ചുള്ള വിളംബരവും ഇതിൽ തന്നെയാണുള്ളത്.