Skip to the text
Quran Vivaranam

107 sections in book mode

Quran explanation

യൂസുഫ്,يُوسُفَസൂക്തം 00

Vol. 2 Page 1155

ഖുർആൻ അല്ലാഹുവിന്റെ വചനം. അതിന്റെ സാഹിതീയ സവിശേഷതകൾ അവർണ്ണനീയം. ചരിത്രം, ജീവചരിത്രം, പ്രവാചക ചരിതം പോലുള്ള വൈജ്ഞാനിക സാഹിത്യങ്ങൾ ഖുർആനിന്റെ ഉള്ളടക്കങ്ങളിലുണ്ട്. അതിലെ വിധിവിലക്കുകൾ നീതിപൂർവ്വകവും വൃത്താന്തങ്ങൾ സത്യസന്ധവുമാണ്. അതിന്റെ ആഖ്യാന ശൈലി അനിതരവും കുറ്റമറ്റതുമാണ്. ചില നബിമാരുടെ ചരിത്രം പലയിടങ്ങളിലായി ആവർത്തിക്കപ്പെട്ടപ്പോൾ യൂസുഫ് ﵇ന്റെ ചരിതം ഒരിടത്ത് മുഴുവനായി വിശദീകരിച്ചിരിക്കുകയാണ്. പ്രസ്തുത ആഖ്യാനത്തെ സമ്പൂർണ്ണമെന്നും കുറ്റമറ്റതെന്നുമാണ് വിശേഷിപ്പിക്കുന്നത്. അത്തരം ഒരു ശൈലീ വിശേഷത്തെ കുറിച്ച് സൃഷ്ടികൾക്ക് വഴങ്ങാത്തത് എന്നു മാത്രമേ പറയാനാവൂ. വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ എരിയുന്ന നെരിപ്പോടുകളിലൂടെ കടന്നു പോയി, ഒരു സങ്കടക്കടൽ നീന്തിക്കേറി, മാനവ നാഗരികതകളുടെയും സംസ്‌കൃതികളുടെയും ഉത്തുംഗ പദവിയിലിരിക്കുമ്പോൾ ഒരു നെടുവീർപ്പോടെ അദ്ദേഹം അല്ലാഹുവിനോട് കെഞ്ചുന്ന ഒരു പ്രാർത്ഥനയുണ്ട്:

«എന്റെ റബ്ബേ, നീ എനിക്ക് അധികാരത്തില്‍ നിന്നൊരംശം നല്‍കി, സ്വപ്‌ന വ്യാഖ്യാനത്തില്‍ നിന്ന് ചിലത് എനിക്ക് പഠിപ്പിച്ചുതന്നു. ആകാശഭൂമികളുടെ സ്രഷ്ടാവായിട്ടുള്ളവനേ, നീയാണ് ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ!»

പിതൃവാത്സല്യത്തിന്റെ പരിലാളനയിൽ, അസൂയയുടെ അഗ്നികുണ്ഠത്തിൽ, അധമവികാരങ്ങളുടെ പരീക്ഷണശാലകളിൽ, ജയിലിന്റെ ഇരുട്ടറകളിൽ, അധികാരത്തിന്റെ ഇടനാഴികളിൽ, വിജയത്തിന്റെ സോപാനങ്ങളിൽ തൗഹീദിന്റെയും തഖ്ദീറിന്റെയും ദൃഢവിശ്വാസം എങ്ങനെ മുറുകെപ്പിടിക്കാം, എങ്ങനെ പ്രബോധനം ചെയ്യാം എന്ന മഹത്തായ ഗുണപാഠമാണ് ഹിജ്റഃക്കു മുമ്പ് മക്കയിൽ അവതരിച്ച സൂറത്തു യുസുഫ് നമുക്ക് നൽകുന്നത്.

അതിമനോഹരമായ ഈ അധ്യായം വ്യാഖ്യാനിക്കാൻ വിശുദ്ധ ഖുർആൻ വിവരണത്തിൽ ബൈബിളിനെ കൂട്ടുപിടിച്ചത് തെറ്റായിപ്പോയി. അതിലെ ചില പരാമർശങ്ങൾ സലഫുകളുടെ വ്യാഖ്യാനങ്ങളുമായി ഒത്തുപോകുന്നവയല്ല. ഉദാഹരണത്തിന് ഒരു ഭാഗം താഴെ ഉദ്ധരിക്കാം:

[12. സൂറത്തു - യൂസുഫ്

ഈ ചരിത്രം മുന്‍വേദ ഗ്രന്ഥത്തില്‍ – അഥവാ തൗറാത്തില്‍ - ഉള്ളതായി അവസാനത്തെ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ ബൈബിളിലും (ഉല്‍പത്തി: അദ്ധ്യായം 37-50) അതു സവിസ്തരം കാണാവുന്നതുമാണ്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1510)

യൂസുഫ് നബി ﵇ന്റെ ചരിത്രം ഖുർആനിൽ മാത്രമല്ല മുൻകാലക്കാർക്കു നൽകപ്പെട്ട ഗ്രന്ഥത്തിലും വിവരിക്കപ്പെട്ടിട്ടുണ്ട്. ജീവിത യാഥാർത്ഥ്യങ്ങളുടെ നേർ പകർപ്പാണവയെല്ലാം. അല്ലാതെ, അവയൊന്നും ആർക്കെങ്കിലും ചമച്ചുണ്ടാക്കാവുന്ന കള്ളക്കഥകളല്ല. അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളെല്ലാം അവന്റെ വഹ്‌യാണ്. അവ പരസ്‌പര പൂരകങ്ങളും അന്യോന്യം സത്യപ്പെടുത്തുന്നവയുമാണ്. ഈ വസ്തുത ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സൂറത്തു യൂസുഫ് അവസാനിപ്പിക്കുന്നത്. «അതിനു മുമ്പുള്ളതിനെ അഥവാ പൂർവ്വഗ്രന്ഥത്തെ ശരിവെക്കുന്ന» (تَصْدِيقَ الَّذِي بَيْنَ يَدَيْهِ) എന്ന പരാമർശം മുൻനിർത്തി നേരെ ബൈബിളിലേക്കും, സത്യാസത്യങ്ങൾ കൂടിക്കുഴഞ്ഞു കിടക്കുന്ന അതിലെ ആഖ്യാനങ്ങളിലേക്കും എടുത്തു ചാടുന്നത് അവിവേകമാണ്. സലഫുകളുടെ മാതൃകയിലുള്ള ഖുർആൻ വ്യാഖ്യാനത്തിൽ ഒരു നിലയിലും ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണത്. സാധാരണക്കാരായ മുസ്‌ലിം ബഹുജനങ്ങൾക്ക് ഖുർആൻ സൂക്തങ്ങൾ വിവരിച്ചു കൊടുക്കാൻ വേണ്ടി വിശുദ്ധ ഖുർആൻ വിവരണത്തിൽ അനവസരത്തിൽ പോലും ബൈബിളിനെ കൂട്ടുപിടിക്കുന്ന രീതി യഥാർത്ഥത്തിൽ നിരാശ ഉളവാക്കുന്നതാണ്. മതതാരതമ്യവും ബൈബിൾ വിമർശനവും വഴിമാറിയൊഴുകുന്നുവോ എന്ന തോന്നലാണ് അതുണ്ടാക്കുന്നത്. ബൈബിളിനോടുള്ള ഭക്തിയനുരാഗങ്ങൾ ശുദ്ധപ്രകൃതിയിൽ തുടരുന്ന സാമാന്യ മുസ്‌ലിം മനസ്സുകളെ കോരിക്കുടിപ്പിക്കാൻ മുതിരുകയാണോ എന്നു തോന്നിപ്പോവുകയാണ്. ബുദ്ധിയുടെയും യുക്തിയുടെയും അഭീഷ്ടങ്ങളുടെയും അഭിപ്രായങ്ങളുടെയും പിന്നാലെ പോയവരാരും രക്ഷപ്പെട്ട ചരിത്രമില്ല. മതമൂല്യങ്ങളെയും ഇസ്‌ലാമിന്റെ ആശയാവലികളെയും അവയുടെ ആദിവിശുദ്ധിയിൽ പിന്തുടരുകയും നിലനിർത്തുകയും ചെയ്യുകയാണു വേണ്ടത്. യുക്തിയുടെയും തർക്കശാസ്‌ത്രത്തിന്റെയും വഴി തെരഞ്ഞെടുത്ത, ഇതര മതങ്ങളും പ്രത്യയശാസ്‌ത്രങ്ങളുമായി ഇസ്‌ലാമിനെ കൂട്ടിക്കുഴക്കാൻ ശ്രമിച്ച വൻമരങ്ങൾ തലകുത്തി വീഴുന്നതാണ് നാം കാണുന്നത്. അശ്അരിയ്യത്തിന്റെ ദുർഘട പാതകളെല്ലാം താണ്ടിക്കടന്ന ഇമാമുൽ ഹറമൈൻ, അബുൽ മആലി അൽജുവൈനി ഏറ്റവും ഒടുവിൽ മരണശയ്യയിൽ വെച്ച് പ്രഖ്യാപിച്ചത് ഇപ്രകാരമാണ്: قال أبو المعالي الجويني: اشهدوا على أني قد رجعت عن كل مقالة تخالف السنة، وأني أموت على ما يموت عليه عجائز نيسابور. [الذهبي في سير أعلام النبلاء] [നിങ്ങൾ സാക്ഷി! സുന്നത്തിനോട് വിയോജിക്കുന്ന സകലമാന വാദമുഖങ്ങളിൽനിന്നും ഞാൻ ഇതാ മടങ്ങിയിരിക്കുന്നു. നൈസാപൂരിലെ സർവ്വസാധാരണക്കാരികളായ ഉമ്മാമമാർ മരണപ്പെടുന്നത് ഏതൊരു വിശ്വാസത്തിലാണോ അതിലാണ് ഞാൻ മരിച്ചു പോകുന്നത്.] (ദഹബി സിയറു അഅ്‌ലാമിന്നുബലായിൽ രേഖപ്പെടുത്തിയത്)

ബൈബിളും ഗീതയും എന്തെന്നു കേട്ടുകേൾവി പോലുമില്ലാത്ത നിരപരാധികളായ മുസ്‌ലിം ബഹുജനങ്ങളെ വെറുതെ വിട്ടേക്കുക. അവരുടെ ഹൃദയങ്ങൾ ബൈബിൾ കഥകൾ കേൾപ്പിച്ച് മലിനീകരിക്കാതിരിക്കുക. അവർ ശുദ്ധപ്രകൃതിയിലും ഹൃദയവിശുദ്ധിയിലും മരിച്ചു പോകട്ടെ.

ഖുർആൻ വ്യാഖ്യാനത്തിന് ബൈബിൾ ഉപയോഗിക്കുന്നത് സലഫുകളുടെ രീതിയല്ല. പൂർവ്വഗ്രന്ഥങ്ങൾ നമ്മുടെ സ്രോതസ്സുമല്ല. വിശദാംശങ്ങൾക്കു വേണ്ടി മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്‌ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം (പുറം 1/92) കാണുക.