Skip to the text
Quran Vivaranam

107 sections in book mode

Quran explanation

അൻആം,الْأَنْعَامِസൂക്തം 00

Vol. 2 Page 1004

സർവ്വലോകങ്ങളുടെയും ലോകരുടെയും റബ്ബും ഇലാഹുമായ അല്ലാഹു. വിളിച്ചുതേടാൻ ഉൽകൃഷ്ടമായ നാമങ്ങളുള്ളവൻ. പ്രകീർത്തിക്കാൻ ഉന്നതമായ ഗുണവിശേഷങ്ങളുള്ളവൻ. അവനെ അറിയാൻ ആത്മാക്കളിലും ദിഗന്തങ്ങളിലും ദൃഷ്ടാന്തങ്ങൾ സ്ഥാപിച്ചവൻ. അനുഭവിക്കാൻ എങ്ങും എവിടെയും അനുഗ്രഹങ്ങളും അപദാനങ്ങളുമുള്ളവൻ. അവനെ കുറിച്ച് വർണ്ണിക്കാൻ നാമാളല്ല. അല്ലാഹുവേ, നിന്നെ വർണ്ണിക്കാൻ അടിയാന്മാരായ ഞങ്ങൾ അശക്തരാണ്. നീ നിന്നെ പ്രകീർത്തിച്ചത് എങ്ങനെയാണോ അങ്ങനെയാണു നീ. ദൂതന്മാരുടെ നാവിലൂടെ ലഭിച്ച വിവരണങ്ങളും വർണ്ണനകളും ഞങ്ങൾ നെഞ്ചേറ്റുന്നു. അതിലൂടെ നിന്നെ ഞങ്ങൾ അറിയുന്നു. ആ അറിവ് ഞങ്ങളെ നിന്നിലേക്ക് അടുപ്പിക്കുന്നു. അത് നിന്നോടുള്ള സ്‌നേഹം വർദ്ധിപ്പിക്കുന്നു; നിന്നിലുള്ള പ്രതീക്ഷയും നിന്നെക്കുറിച്ചുള്ള ഭയവും പെരുപ്പിക്കുന്നു. നീയാണു വലിയവൻ.

സ്‌തുതി സ്‌തോത്രങ്ങളുടെ അധ്യായമാണ് അൻആം. ഏതാനും സൂക്തങ്ങളൊഴികെ മറ്റെല്ലാം മക്കയിൽ ഒരുമിച്ചവതരിച്ചു. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് പോലുള്ള അപദാനങ്ങളും മഹാകൃത്യങ്ങളും ചൂണ്ടിക്കാണിച്ച് അവനെ പ്രകീർത്തിച്ചു കൊണ്ടാണ് അത് ആരംഭിച്ചിരിക്കുന്നത്. ജനപദങ്ങളുടെ ഉത്ഥാനപതനങ്ങളും അവയുടെ കാര്യകാരണങ്ങളും നേർക്കാഴ്‌ച കണക്കെ വരച്ചു കാണിക്കുന്നു. മരണം ഒരു അനിഷേധ്യമായ അനുഭവമായും, പരലോകം ഒരു അനിവാര്യ യാഥാർത്ഥ്യമായും മുന്നിൽ തെളിയുന്നു. എല്ലാം അവന്റെ മുൻനിർണ്ണയം. അവന്റെ അധീശത്വത്തിന്റെ വിളംബരം.