Quran explanation
നിസാഅ്,النِّسَاءُസൂക്തം 140
Vol. 2 Page 972
﴿وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ اللهََ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا 140﴾
അല്ലാഹുവിന്റെ വചനങ്ങള്‍ അവിശ്വസിക്കപ്പെടുന്നതും അപഹസിക്കപ്പെടുന്നതും നിങ്ങള്‍ കേൾക്കാൻ ഇടവന്നാൽ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും മുഴുകുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെ ആയിപ്പോകുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. നിശ്ചയമായും അല്ലാഹു കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നടങ്കം നരകത്തില്‍ ഒരുമിച്ചുകൂട്ടുന്നവനാകുന്നു. (140)
അല്ലാഹുവിനെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവൻ അവതരിപ്പിച്ച വചനങ്ങളെയും അവൻ നിയോഗിച്ച ദൂതന്മാരെയും പരിഹസിക്കുകയെന്നത് വൻപാപവും കുഫ്റുമാണ്. അവയെ കളവാക്കുന്ന ഒരു അവിശ്വാസി മാത്രമേ അതിന് മുതിരുകയുള്ളു. തമാശ രൂപത്തിൽ അവയെ പരിഹസിക്കുന്ന കപടന്മാർ വേറെയുമുണ്ട്. എന്നാൽ ഇത്തരം അവിശ്വാസികളുടെയും കപടന്മാരുടെയും കൂടെ വേദികളോ സദസ്സുകളോ പങ്കിടുന്നതും അവരുടെ കൂടെ ഇരിക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നവർ അവരെ പോലെ തന്നെയാണെന്ന പരാമർശം പ്രത്യേകം അടിവരയിട്ടു ശ്രദ്ധിക്കേണ്ടതാണ്. അൻആം അധ്യായത്തിൽ അല്ലാഹു പറയുന്നത് കാണുക: ﴿وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ ٦٨﴾ (الأنعام) [നമ്മുടെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളഞ്ഞാൽ ഓര്‍മ്മ വന്ന ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്.] (അൻആം 68)
തന്നിഷ്ടങ്ങൾ പിന്തുടരുന്ന ബിദഈ കക്ഷികളോട് സലഫുകൾ സ്വീകരിച്ചിരുന്നത് ഇതേ നിലപാടായിരുന്നു.
എന്നാൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഈ വിഷയം ലഘൂകരിക്കുന്ന വിധത്തിലാണ് വിശദീകരിച്ചിട്ടുള്ളത്. മേൽ സൂക്തത്തിന്റെ ഉള്ളടക്കത്തിൽ വന്ന ഗൗരവമോ, സലഫുകൾ ബിദഈ കക്ഷികളോട് പുലർത്തിയിരുന്ന നിലപാടോ അതിൽ പ്രതിഫലിക്കുന്നില്ല. അത്തരം സദസ്സുകളിൽ പറയപ്പെടുന്ന കാര്യങ്ങൾ വീക്ഷിക്കുകയും അത് തുറന്നു കാണിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന വിധത്തിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇത് യുക്തിവാദികളോടും ബിദഈ കക്ഷികളോടും സഹവസിക്കാനും അവരുടെ തെറ്റായ വാദമുഖങ്ങൾ കേൾക്കാനും ദീനിൽ അനുവാദമുണ്ടെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. അവരുമായി ലൗകിക വിഷയങ്ങളിൽ ആവശ്യമായ ഇടപാടുകൾ നടത്താം എന്നതല്ലാതെ അവരിൽനിന്ന് മതപരമായ കാര്യങ്ങളൊന്നും കേൾക്കാനോ ആശയപരമായ കൈമാറ്റങ്ങൾ നടത്താനോ പാടില്ലാത്തതാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൽനിന്നുള്ള ഒരു ഭാഗം കാണുക:
[അതേസമയത്ത് ഇസ്ലാമിന്റെ പ്രമാണങ്ങളെയും സിദ്ധാന്തങ്ങളെയും സംബന്ധിച്ചു അറിവും പരിചയവുമുള്ള വ്യക്തികൾ അവ കഴിവതും വീക്ഷിച്ചും മനസ്സിരുത്തിയും വരേണ്ടതും, അതിനെതിരിൽ സത്യാവസ്ഥ തുറന്നു കാണിക്കുവാൻ ശ്രമിക്കേണ്ടതുമാണു താനും.](വിശുദ്ധ ഖുർആൻ വിവരണം, പുറം 1/753-754)
ഈ സമുദായത്തിലെ അഗ്രേസരനായ പണ്ഡിതൻ ഇബ്നു അബ്ബാസ് ﵄ നൽകുന്ന താക്കീത് നാം ശ്രദ്ധിക്കാതെ പോകരുത്. قال ابن عباس ﵄ : لا تجالسوا أهل الأهواء؛ فإن مجالستهم ممرضة للقلوب. [الآجري في الشريعة] [ഇബ്നു അബ്ബാസ് ﵄ പറയുന്നു: നിങ്ങൾ അഭീഷ്ടങ്ങൾ പിന്തുടരുന്ന ബിദഈ കക്ഷികളോടൊപ്പം ഇരിക്കരുത്. അവരോടൊപ്പമുള്ള ഇരുത്തം ഹൃദയങ്ങളെ രോഗാതുരമാക്കിക്കളയും.] (ആജുരി ശരീഅഃയിൽ ഉദ്ധരിച്ചത്)
ഏറിയ അറിവും കഴിവുമുള്ള മഹാന്മാരായ പണ്ഡിതന്മാർ പോലും അഭീഷ്ടങ്ങൾ പിന്തുടരുന്നവരുമായി ഒരുമിച്ചിരിക്കാനോ ദീനീ വിഷയങ്ങൾ സംവദിക്കാനോ സന്നദ്ധരാകുമായിരുന്നില്ല. അത്തരം അതിസാഹസങ്ങൾ അവരുടെ ദീൻ നശിപ്പിച്ചു കളയുമോ എന്നായിരുന്നു അവർ ഭയപ്പെട്ടിരുന്നത്.
മുഹമ്മദ് ബിൻ സീരീൻ ﵀ താബിഉകളിൽ അഗ്രേസരനായ പണ്ഡിതനാണ്. ഇസ്ലാമിന്റെ പ്രമാണങ്ങളിൽ ഏറിയ അറിവും പരിചയവുമുള്ള അദ്ദേഹം ബിദ്അത്തുകാരോട് കൈക്കൊണ്ട നിലപാട് എന്തായിരുന്നു എന്ന് കാണുക: قال حبيب بن أبي الزبرقان ﵀: كان محمد بن سيرين إذا سمع كلمة من صاحب بدعة وضع إصبعيه في أذنيه، ثم قال: لا يحل لي أن أكلمه حتى يقوم من مجلسه. [ابن بطة العكبري في الإبانة] [ഹബീബ് ബിൻ അബിസ്സബർഖാൻ ﵀ പറയുന്നു: മുഹമ്മദ് ബിൻ സീരീൻ ﵀ ഒരു ബിദ്അത്തുകാരനിൽനിന്ന് എന്തെങ്കിലുമൊരു വാക്ക് കേട്ടാൽ തന്റെ ഇരു ചെവികളിലും വിരൽ വെക്കുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു: അവൻ തന്റെ സദസ്സിൽനിന്ന് എഴുന്നേറ്റു പോകുന്നതുവരെ എനിക്ക് അവനോട് സംസാരിക്കാൻ പാടുള്ളതല്ല.] (ഇബ്നു ബത്ത്വഃ അൽ ഇബാനഃയിൽ ഉദ്ധരിച്ചത്) قال سلام بن أبي مطيع ﵀: أن رجلا من أصحاب الأهواء قال لأيوب السختياني: يا أبا بكر، أسألك عن كلمة، قال أيوب - وجعل يشير بإصبعه - : ولا نصف كلمة. [ابن الجعد في مسنده] [സല്ലാം ബിൻ അബീ മുത്വീഅ് ﵀ പറയുന്നു: ബിദ്അത്തുകാരിൽപെട്ട ഒരാൾ അയ്യൂബ് അസ്സുഖ്തിയാനി ﵀യോട് പറയുകയുണ്ടായി: അല്ലയോ അബൂബക്കർ, ഞാൻ നിങ്ങളോട് ഒരു വാക്ക് ചോദിക്കട്ടെ... അയ്യൂബ് ﵀ തന്റെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു: അര വാക്കു പോലും അരുത്.] (ഇബ്നുൽ ജഅ്ദ് മുസ്നദിൽ ഉദ്ധരിച്ചത്) قال أحمد بن حنبل ﵀ في رسالته إلى مسدد: ولا تشاور صاحب بدعة في دينك، ولا ترافقه في سفرك. [ابن مفلح في الآداب الشرعية] [അഹ്മദ് ബിൻ ഹൻബൽ മുസദ്ദദിനു رحمهما الله എഴുതിയ രിസാലഃയിൽ ഇപ്രകാരം പറയുന്നു: മതകാര്യത്തിൽ ഒരു ബിദ്അത്തുകാരനോടും നീ കൂടിയാലോചിക്കരുത്. അവനെ നീ യാത്രയിൽ കൂടെക്കൂട്ടുകയും അരുത്.] (ഇബ്നു മുഫ്ലിഹ് അൽആദാബുശ്ശർഇയ്യഃയിൽ ഉദ്ധരിച്ചത്) عَنْ أَبِي قِلَابَةَ، قَالَ: لَا تُجَالِسُوهُمْ وَلَا تُخَالِطُوهُمْ، فَإِنِّي لَا آمَنُ أَنْ يَغْمِسُوكُمْ فِي ضَلَالَتِهِمْ، وَيُلْبِسُوا عَلَيْكُمْ كَثِيرًا مِمَّا تَعْرِفُونَ. [اللالكائي في شرح أصول اعتقاد أهل السنة والجماعة] [അബൂ ഖിലാബഃ ﵀ പറയുന്നു: നിങ്ങൾ അവരുടെ കൂടെയിരിക്കുകയോ ഒന്നായി ഇടപഴകുകയോ ചെയ്യരുത്. കാരണം, അവരുടെ വഴികേടുകളിൽ അവർ നിങ്ങളെ മുക്കിക്കളയുകയോ, നിങ്ങൾ നന്മയായി കാണുന്ന പലകാര്യങ്ങളിലും അവർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്തേക്കാം. ഇക്കാര്യത്തിൽ എനിക്ക് നിർഭയത്വം തോന്നുന്നില്ല.] (ലാലകാഈ ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ലിസ്സുന്നത്തി വൽ ജമാഅഃയിൽ രേഖപ്പെടുത്തിയത്) قَالَ مَالِكُ بْنُ أَنَسٍ: مَهْمَا تَلَاعَبْتَ بِهِ مِنْ شَيْءٍ فَلَا تَلَاعَبَنَّ بِأَمْرِ دِينِكَ. [اللالكائي في شرح أصول اعتقاد أهل السنة والجماعة] [മാലിക് ബിൻ അനസ് ﵀ പറയുന്നു: നീ എന്തുമായി എങ്ങനെയൊക്കെ കളിച്ചാലും നിന്റെ ദീനുമായി ഒരിക്കലും കളിക്കരുത്.] (ലാലകാഈ ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ലിസ്സുന്നത്തി വൽ ജമാഅഃയിൽ രേഖപ്പെടുത്തിയത്)
അഭീഷ്ടങ്ങൾ പിന്തുടരുന്ന ബിദ്അത്തിന്റെ കക്ഷികളുമായി മതപരമായ കാര്യങ്ങളിൽ ബന്ധം പുലർത്തിയിരുന്നവരാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ട ചരിത്രമില്ല. ചില ഉദാഹരണങ്ങൾ കാണുക:
ഹദീസ് വിജ്ഞാനീയങ്ങളിൽ ഇമാമായിരുന്ന അബ്ദുൽ റസാഖ് ബിൻ ഹമ്മാമിന്റെ കാര്യമെടുക്കുക. ശീഈ പക്ഷപാതിയായിരുന്ന ജഅ്ഫർ ബിൻ സുലൈമാൻ അൽ ദബ്ഇയുടെ ഇബാദത്തും പരിത്യാഗവും കണ്ട് അദ്ദേഹം വഞ്ചിതനായി. അദ്ദേഹവുമായുള്ള സഹവാസവും കൂട്ടുകെട്ടും മൂലം അബ്ദുൽ റസാഖ് തന്നെ ശിആയിസത്തിന്റെ വലയിൽ വീണുപോവുകയാണുണ്ടായത്.
അതേപോലെ തന്നെ അബൂ ദർ അൽ ഹർവിയുടെ കാര്യമെടുക്കാം. സ്വഹീഹുൽ ബുഖാരി മൂന്ന് ശൈഖുമാരിൽനിന്ന് നിവേദനം ചെയ്ത, ഹദീസ് വിജ്ഞാനീയങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. പക്ഷെ, അശ്അരീ ചിന്താഗതിക്കാരനായ ബാഖില്ലാനിയെ കുറിച്ച് ഇമാം ദാറഖുത്വ്നി നടത്തിയ ഒരു പ്രശംസയിൽ അദ്ദേഹം വഞ്ചിതനാവുകയും അശ്അരികളുടെ വലയിൽപെട്ടുപോവുകയും ചെയ്തു. പിന്നീട് അശ്അരിയ്യത്തിന്റെ പ്രചാരകനുമായി. വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അശ്അരിയ്യത്ത് വ്യാപിച്ചതു തന്നെ അദ്ദേഹം മുഖേനയാണ്. അവിടങ്ങളിലുള്ളവർ അദ്ദേഹത്തെ സന്ദർശിക്കാൻ വരികയും അദ്ദേഹവുമായി അടുത്തിടപഴകുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോഴെല്ലാം അശ്അരീ ചിന്താധാര അദ്ദേഹം അവരിൽ കുത്തിവെക്കുമായിരുന്നു. അതിനു മുമ്പ് അവർക്ക് സലഫുകളുടെ മാർഗ്ഗമല്ലാതെ മറ്റൊന്നും അറിയുമായിരുന്നില്ല. അങ്ങനെ അദ്ദേഹമാണ് ആ ദുഷിച്ച മാർഗ്ഗം അവർക്ക് ആദ്യമായി കാണിച്ചുകൊടുക്കുന്നത്.
വർത്തമാനകാല യാഥാർത്ഥ്യങ്ങളിലേക്കും സംഭവ വികാസങ്ങളിലേക്കും കണ്ണോടിക്കുമ്പോൾ മനസ്സ് കൂടുതൽ അസ്വസ്ഥമാകുന്നു. ബിദ്അത്തുകാരെ സത്യം ബോധ്യപ്പെടുത്താൻ വേണ്ടി സംവാദ വൈദഗ്ധ്യവുമായി രംഗത്തു വന്ന പലരുടെയും സ്ഥിതിയെന്താണ്? അവരവരുടെ ദീൻ സംരക്ഷിക്കാൻ കഴിയാതെ അഭീഷ്ടങ്ങളുടെ കുത്തൊഴുക്കിൽ എത്തും പിടിയും കിട്ടാതെ ചവറുകൾക്കൊപ്പം അവരും ഒഴുകിപ്പോയില്ലേ? രക്ഷക്കും സമാധാനത്തിനും വേണ്ടി നാം അല്ലാഹുവിനോട് കേഴുക. അവനു മാത്രമേ നമ്മെ രക്ഷിക്കാനാകൂ.