Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ബഖറഃ,الْبَقَرَةُസൂക്തം 256

Vol. 2 Page 850

﴿لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللهُ سَمِيعٌ عَلِيمٌ ٢٥٦﴾

ദീനിന്റെ കാര്യത്തിൽ നിർബന്ധിക്കേണ്ടി വരില്ല. കാരണം ദുർമാർഗ്ഗത്തിൽനിന്ന് സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഏതൊരാൾ വ്യാജദൈവങ്ങളിൽ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വാസമർപ്പിക്കുകയും ചെയ്‌തിരിക്കുന്നുവോ അവൻ മുറുകെ പിടിച്ചിരിക്കുന്നത് ബലിഷ്‌ഠമായ പാശമാണ്; അത് പൊട്ടിപ്പോകുന്ന പ്രശ്‌നമേയില്ല. അല്ലാഹു എല്ലാം കേൾക്കുന്നവനും അഭിജ്ഞനുമാകുന്നു. (256)

വളരെയേറെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുള്ള ഒരു സൂക്തമാണിത്. ഇതിന്റെ വിവക്ഷയായി പലരും മനസ്സിലാക്കിയിട്ടുള്ളത് ഇപ്രകാരമാണ്: സത്യം ആശ്ലേഷിക്കാൻ വേണ്ടി ആരെയും നിർബന്ധിക്കാൻ പാടില്ല, അതാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മതസൗഹാർദ്ദത്തിന്റെ പൊരുൾ, അതിനുള്ള തെളിവാണ് ഈ സൂക്തം, ഒരാൾ സത്യദീൻ സ്വീകരിച്ചാൽ തന്നെ മതപരമായ കാര്യങ്ങൾ അനുവർത്തിക്കുന്നതിൽ അദ്ദേഹത്തെ നിർബന്ധിക്കാൻ പാടില്ല, അവിശ്വാസം ഉൾക്കൊള്ളേണ്ടവർക്ക് അങ്ങനെയും വിശ്വാസം ഉൾക്കൊള്ളേണ്ടവർക്ക് അങ്ങനെയും ആവാം, മതകാര്യങ്ങളിൽ കണിശത പുലർത്തേണ്ടവർക്ക് അങ്ങനെയും അല്ലാത്തവർക്ക് മറിച്ചും ആവാം.

ഇത്തരം തെറ്റിദ്ധാരണകൾ തിരുത്താനോ, ഈ സൂക്തം സലഫുകൾ എങ്ങനെയാണ് മനസ്സിലാക്കുകയും വ്യാഖ്യാനിച്ചു തരികയും ചെയ്തതെന്ന് വിശദീകരിക്കാനോ ഉള്ള ഒരു ശ്രമം വിശുദ്ധ ഖുർആൻ വിവരണത്തിൽ പോലും കാണുന്നില്ല. അതിൽനിന്നുള്ള ഒരു ഭാഗം ചുവടെ കൊടുക്കാം:

[അതു കൊണ്ട് ആരെയും നിർബന്ധിക്കേണ്ടുന്ന ആവശ്യമില്ല. വേണമെന്നുള്ളവർക്ക് വിശ്വസിക്കാം, വേണമെന്നുള്ളവർക്ക് അവിശ്വസിക്കുകയും ചെയ്യാം, (فمن شاء فليؤمن ومن شاء فليكفر... 18:29) രണ്ടിനും അവർക്ക് സ്വാതന്ത്ര്യമുണ്ട്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/406)

യഥാർത്ഥത്തിൽ മേൽ സൂക്തം സലഫുകൾ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്‌തിട്ടുള്ളത് യുദ്ധം നിയമമാക്കുന്നതിനു മുമ്പുള്ള പശ്ചാത്തലത്തിൽ വെച്ചുകൊണ്ടാണ്. ഇതു സംബന്ധമായി സലഫുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ട വ്യാഖ്യാനങ്ങളുടെ ആകത്തുക ഇങ്ങനെ സംഗ്രഹിക്കാം:

മുഹമ്മദ് നബി ﷺ ഇസ്‌ലാം ദീനുമായി നിയുക്തനായി. ഇഹപര സൗഭാഗ്യത്തിലേക്കുള്ള വഴി സംശയങ്ങൾ ഒന്നുമേ അവശേഷിപ്പിക്കാതെ അവിടുന്ന് വ്യക്തമാക്കി കൊടുത്തു. അല്ലാഹു നൽകിയ തനതു പ്രകൃതി (فِطْرَةٌ) മലീമസമാക്കാത്ത ഏതൊരാൾക്കും യാതൊരു നിർബന്ധവുമില്ലാതെ തന്നെ അത് സ്വീകരിക്കാൻ സാധിക്കും. അതിനാൽ ഇസ്‌ലാം ആശ്ലേഷിക്കുന്ന കാര്യത്തിൽ നിർബന്ധിക്കേണ്ടതില്ല.

ശിർക്കാണ് ഏറ്റവും വലിയ കുഴപ്പം (فِتْنَةٌ); അതിനെക്കാൾ വലിയ കുഴപ്പം വേറെയില്ല. അതാണ് ഏറ്റവും കൊടിയ അക്രമം; അതിനെക്കാൾ വലിയ അക്രമം വേറെയില്ല. പ്രപഞ്ചത്തിന്റെ നിയതമായ വ്യവസ്ഥക്കു തന്നെ വിരുദ്ധമാണത്. സ്രഷ്ടാവായ അല്ലാഹുവിനെയും അവന്റെ ശാസനകളെയും അത് വെല്ലുവിളിക്കുന്നു. താൻ മാത്രം ആരാധിക്കപ്പെടാനുള്ള അല്ലാഹുവിന്റെ അവകാശത്തെയും, തങ്ങളുടെ റബ്ബും ഇലാഹുമായ അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള സൃഷ്ടികളുടെ അവകാശത്തെയും ഒരേ സമയം അത് ചോദ്യം ചെയ്യുന്നു. ഭൂലോകത്ത് സമാനതകളില്ലാത്ത കുഴപ്പങ്ങൾക്കും പീഡനങ്ങൾക്കും അത് കാരണമായിത്തീരുന്നു.

ശിർക്കിനെയും അതിനോടനുബന്ധിച്ചുണ്ടാകുന്ന കുഴപ്പങ്ങളെയും ചെറുക്കാൻ പിന്നീട് അല്ലാഹു യുദ്ധം നിയമമാക്കി. യുദ്ധം നിയമമാക്കിക്കൊണ്ട് പിന്നീട് അവതരിപ്പിക്കപ്പെട്ട സൂക്തങ്ങൾ ബഖറഃ 256-ാം സൂക്തത്തിന് ഒരു വിശദീകരണവും ഭേദഗതിയുമായിട്ടാണ് സലഫുകൾ മനസ്സിലാക്കുന്നത്. മുസ്‌ലിംകൾക്ക് കഴിവുണ്ടെങ്കിൽ ശിർക്കിനെയും അത് ഉയർത്തുന്ന കുഴപ്പങ്ങളെയും പ്രതിരോധിക്കാൻ എല്ലാ വിഭാഗം മുശ്‌രിക്കുകളോടും വ്യവസ്ഥാപിതമായ മാർഗ്ഗത്തിൽ യുദ്ധം ചെയ്യൽ നിയമമായി. അതിൽപിന്നെ യുദ്ധം ചെയ്യേണ്ട സാഹചര്യം വന്നാൽ ﴿لَا إِكْرَاهَ فِي الدِينِ﴾ - «മതത്തിൽ നിർബന്ധമില്ല» എന്ന സൂക്തം മുൻനിർത്തി യുദ്ധത്തെ അസാധുവായി കാണാൻ പാടില്ല. ബഖറഃ 193-ാം സൂക്തത്തിനു നൽകിയ അടിക്കുറിപ്പ് കൂടി കാണുക.

അല്ലാഹു ഇറക്കിയ മുൻകാല ഗ്രന്ഥങ്ങളുടെ അവകാശികളും മജൂസികളും ജിസ്‌യ നൽകുന്ന പക്ഷം അവരോട് യുദ്ധം പാടില്ല. അവർ ശിർക്ക് ചെയ്യുന്നുണ്ടെങ്കിലും ജിസ്‌യഃ നൽകാൻ സന്നദ്ധരാകുന്നതോടെ അനുബന്ധമായ കുഴപ്പങ്ങളിൽനിന്നെല്ലാം പിൻവാങ്ങാനും വിനീതരായി കീഴൊതുങ്ങാനും തങ്ങൾ തയ്യാറാണെന്ന് സമ്മതിക്കുകയാണ്.

എന്നാൽ വിശുദ്ധ ഖുർആൻ വിവരണത്തിലെ ('വേണമെന്നുള്ളവർക്ക് വിശ്വസിക്കാം, വേണമെന്നുള്ളവർക്ക് അവിശ്വസിക്കുകയും ചെയ്യാം'. 18:29 (فمن شاء فليؤمن ومن شاء فليكفر) രണ്ടിനും അവർക്ക് സ്വാതന്ത്ര്യമുണ്ട്.) എന്ന വിശദീകരണം ശരിയായില്ല. കഹ്ഫ് 29-ാം സൂക്തത്തിൽ, വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ഏതുമാകാം എന്നല്ല ധ്വനിപ്പിക്കുന്നത്. മറിച്ച്, മനുഷ്യന് നൽകപ്പെട്ട വരണാധികാരവും ഇഛാസ്വാതന്ത്ര്യവും ദുരുപയോഗം ചെയ്‌താൽ കടുത്ത നരകശിക്ഷ അവനെ കാത്തിരിപ്പുണ്ട് എന്ന താക്കീതും ഭീഷണിയുമാണത്. ഈ സൂക്തത്തെ കുറിച്ച് ഇബ്‌നു കഥീർ ﵀ പറയുന്നത് കാണുക: هذا من باب التهديد والوعيد الشديد. [ابن كثير في تفسير القرآن العظيم] [ഇത് കടുത്ത ഭീഷണിയുടെയും താക്കീതിന്റെയും ഇനത്തിൽപെട്ടതാണ്.] (ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ശൈഖ് സഅ്ദി ﵀ നൽകിയ വിശദീകരണം കൂടി വായിക്കാം: وليس في قوله: ﴿فمن شاء فليؤمن ومن شاء فليكفر﴾ الإذن في كلا الأمرين، وإنما ذلك تهديد ووعيد لمن اختار الكفر بعد البيان التام، كما ليس فيها ترك قتال الكافرين. [عبد الرحمن بن ناصر السعدي في تيسير الكريم الرحمن] [«അതിനാൽ ഉദ്ദേശിച്ചവൻ വിശ്വസിക്കട്ടെ, ഉദ്ദേശിച്ചവൻ അവിശ്വസിക്കട്ടെ» എന്ന സൂക്തത്തിൽ രണ്ടിനുമുള്ള അനുവാദമല്ല ഉള്ളത്. മറിച്ച്, കാര്യങ്ങൾ പൂർണ്ണമായും വിവരിച്ചു തന്നതിനു ശേഷം അവിശ്വാസം തെരഞ്ഞെടുക്കുന്നവർക്കുള്ള ശക്തമായ ഭീഷണിയും താക്കീതും മാത്രമാണത്. അതേപോലെ, അവിശ്വാസികളോടുള്ള യുദ്ധം ഒഴിവാക്കാമെന്നും അതിലില്ല.] (സഅ്ദി തയ്‌സീറുൽ കരീമിർ റഹ്‌മാനിൽ രേഖപ്പെടുത്തിയത്)

അൾട്രാ സെക്യുലരിസ്റ്റുകളുടെയും അമിത സ്വാതന്ത്ര്യം ആഘോഷിക്കാനിറങ്ങിയ മൂല്യനിരാസകരുടെയും അരുചേരാൻ വേണ്ടി ചില മുസ്‌ലിം എഴുത്തുകാരും പ്രാസംഗികരും മുകളിൽ പറഞ്ഞ രണ്ടു സൂക്തങ്ങളെയും ദുർവ്യാഖ്യാനിക്കാറുണ്ട്. മതം വേണോ വേണ്ടേ, ഏതു മതം വേണം, ഒരാൾ ഇസ്‌ലാം ആശ്ലേഷിച്ചാൽ തന്നെ മതപരമായ കാര്യങ്ങൾ അനുവർത്തിക്കുന്ന കാര്യത്തിൽ നിർബന്ധിക്കാമോ മുതലായ വിഷയങ്ങളിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ സാധൂകരിക്കാനാണ് അത്തരക്കാർ ഈ സൂക്തങ്ങളെ ദുർവ്യാഖ്യാനിക്കാറുള്ളത്. സത്യത്തിൽ, അത് അവർക്കുള്ള ശക്തമായ താക്കീത് മാത്രമാണ്.

വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇതു വിശദീകരിക്കുമ്പോൾ പാകപ്പിഴകൾ സംഭവിച്ചത് തഫ്‌സീറുൽ മനാറിനെ ഉപജീവിച്ചതുകൊണ്ടാണ്. അതിലുള്ളത് മുഹമ്മദ് അബ്‌ദു മുന്നോട്ടുവെച്ച അഭിനവ അഖ്‌ലാനിയ്യത്തിന്റെ പ്രലപനങ്ങളാണ്. അക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അധിക വായനക്ക് യുക്തി ഇസ്‌ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം കാണുക.