Quran explanation
നിസാഅ്,النِّسَاءُസൂക്തം 151
Vol. 2 Page 981
﴿إِنَّ الَّذِينَ يَكْفُرُونَ بِاللهِ وَرُسُلِهِ وَيُرِيدُونَ أَن يُفَرِّقُوا بَيْنَ اللهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا بَيْنَ ذَٰلِكَ سَبِيلًا 150 أُولَٰئِكَ هُمُ الْكَافِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُّهِينًا 151﴾
നിശ്ചയമായും അല്ലാഹുവിലും അവന്റെ ദൂതരിലും അവിശ്വസിക്കുന്നവർ, അവർ അല്ലാഹുവിനും അവന്റെ ദൂതർക്കും ഇടയിൽ വിവേചനം കാണിക്കാൻ ഉദ്ദേശിക്കുന്നു. ഞങ്ങള് ചിലരില് വിശ്വസിക്കും, ചിലരിൽ അവിശ്വസിക്കും എന്ന് പറയുകയും, അതിനിടക്കുള്ള ഒരു മാർഗ്ഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നു. അവര് തന്നെയാണ് സത്യമായും അവിശ്വാസികൾ. ആ കാഫിറുകൾക്ക് നാം ഒരുക്കിവെച്ചിരിക്കുന്നത് നിന്ദ്യമായ ശിക്ഷയാണ്. (151)
മേൽ സൂക്തത്തിന്റെ ഒന്നാമത്തെ വ്യാഖ്യാനം അല്ലാഹുവിന്റെ ദൂതന്മാർക്കിടയിൽ വിവേചനം കാണിക്കാൻ പാടില്ല. അത് അവിശ്വാസമാണ് എന്നതത്രെ. എന്നാൽ ആയത്തിൽ പ്രയോഗിച്ചിരിക്കുന്ന വാക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ അല്ലാഹുവിനും അവന്റെ ദൂതന്മാർക്കുമിടയിൽ വിവേചനം കാണിക്കരുത്, അത് അവിശ്വാസമാണ് എന്ന വസ്തുതയും അതിലുൾപ്പെട്ടിട്ടുണ്ടെന്ന് കാണാം. ഇത് ഒരു പുതിയ വ്യാഖ്യാനമല്ല. ഖുർത്വുബി ﵀ തന്നെ മേൽ സൂക്തത്തിനു അപ്രകാരം വ്യാഖ്യാനം നൽകിയിട്ടുണ്ട് താനും. അത് താഴെ ഉദ്ധരിക്കാം: ومعنى ﴿وَيُرِيدُونَ أَن يُفَرِّقُوا بَيْنَ اللهِ وَرُسُلِهِ... 150﴾ أي بين الإيمان بالله ورسله، فنص سبحانه على أن التفريق بين الله ورسله كفر، وإنما كان كفرا لأن الله سبحانه فرض على الناس أن يعبدوه بما شرع لهم على ألسنة الرسل، فإذا جحدوا الرسل ردوا عليهم شرائعهم، ولم يقبلوها منهم. [القرطبي في الجامع لأحكام القرآن] [«അവർ അല്ലാഹുവിന്റെയും അവന്റെ ദൂതന്മാരുടെയും ഇടയിൽ വിവേചനം കാണിക്കാൻ ഉദ്ദേശിക്കുന്നു» എന്നതിന്റെ വിവക്ഷ അല്ലാഹുവിലും അവന്റെ ദൂതന്മാരിലുമുള്ള വിശ്വാസത്തിനിടയിൽ എന്നാണ്. അങ്ങനെ, അല്ലാഹുവിന്റെയും അവന്റെ ദൂതന്മാരുടെയും ഇടയിൽ വിവേചനം കാണിക്കുന്നത് അവിശ്വാസമാണെന്ന് അവൻ സ്പഷ്ടമാക്കിയിരിക്കുന്നു. അത് അവിശ്വാസമാകാൻ കാരണം ദൂതന്മാരുടെ ജിഹ്വകളിലൂടെ അല്ലാഹു നിശ്ചയിച്ച നിയമവ്യവസ്ഥ പ്രകാരം ജനങ്ങൾ അവനെ ആരാധിക്കണമെന്നാണ് അവൻ അവർക്ക് നിയമമാക്കിയിരിക്കുന്നത്. അവർ ദൂതന്മാരെ നിഷേധിച്ചാൽ ദൂതന്മാർ കൊണ്ടുവന്ന നിയമവ്യവസ്ഥകളെ അവർ തള്ളിക്കളയാൻ ഇടവരും. ദൂതന്മാരിൽനിന്ന് അവരത് സ്വീകരിക്കുകയില്ല താനും.] (ഖുർത്വുബി തഫ്സീറിൽ രേഖപ്പെടുത്തിയത്)
ഇതു സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇസ്ലാമിന്റെ പ്രമാണങ്ങൾ എന്ന ലേഖനം (പുറം 1/27) കാണുക.
കൂടാതെ, മേൽ സൂക്തം മുന്നോട്ടു വെക്കുന്ന മൗലികമായ മറ്റൊരാശയം ഇബാദത്ത് അല്ലാഹുവിന്ന് മാത്രം സമർപ്പിക്കുക, അതു ശരിയാം വിധം നിറവേറ്റാൻ നബിമാരുടെ മാർഗ്ഗം മാത്രം പിന്തുടരുക എന്നതാണ്. അതിൽ സംഭവിക്കുന്ന വീഴ്ച മതത്തിന്റെ അടിത്തറ തന്നെ തകർക്കാൻ കാരണമായിത്തീരും.