Quran explanation
ബഖറഃ,الْبَقَرَةُസൂക്തം 282
Vol. 2 Page 856
﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌ بِالْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ اللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًاۚ فَإِن كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ ۚ وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ أَن تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰۚ وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا ۚ وَلَا تَسْأَمُوا أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ ذَٰلِكُمْ أَقْسَطُ عِندَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ إِلَّا أَن تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوا إِذَا تَبَايَعْتُمْ ۚ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِن تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ۗ وَاتَّقُوا اللَّهَۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ ٢٨٢﴾
വിശ്വാസികളേ, നിശ്ചിത അ വധി വെച്ച് നിങ്ങൾ പരസ്പരം കടമിടപാടുകൾ നടത്തിയാൽ അത് നിങ്ങൾ എഴുതിവെക്കേണ്ടതാണ്. ഒരു എഴുത്തുകാരൻ നിങ്ങൾക്കിടയിൽ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന് പഠിപ്പിച്ച പ്രകാരം എഴുതാൻ വിസമ്മതിക്കരുത്. അവൻ അത് എഴുതട്ടെ. ബാധ്യതയുള്ളവൻ വാചകം പറഞ്ഞു കൊടുക്കുകയും, തന്റെ റബ്ബായ അല്ലാഹുവിനെ സൂക്ഷിക്കുകയും, അതിൽ യാതൊന്നും അവൻ കുറവ് വരുത്താതിരിക്കുകയും ചെയ്യട്ടെ. കടബാധ്യതയുള്ള വ്യക്തി വിവേകമില്ലാത്തവനോ പ്രാപ്തി കുറഞ്ഞവനോ ആണെങ്കിൽ അയാളുടെ രക്ഷാധികാരി നീതി പൂർവ്വം വാചകം പറഞ്ഞു കൊടുക്കട്ടെ. നിങ്ങളിൽനിന്നുള്ള രണ്ടു പുരുഷന്മാരെ നിങ്ങൾ അതിന് സാക്ഷി നിർത്തുകയും വേണം. ഇനി, സാക്ഷികളായി രണ്ട് പുരുഷന്മാർ ഇല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരിൽ ഒരുവൾക്ക് തെറ്റുപറ്റിയാൽ മറ്റവൾക്ക് അവളെ ഓർമ്മിപ്പിക്കാമല്ലോ. തെളിവ് നൽകാൻ വേണ്ടി വിളിക്കപ്പെട്ടാൽ സാക്ഷികൾ വിസമ്മതം കാണിക്കരുത്. ചെറുതോ വലുതോ ആവട്ടെ, അവധി സഹിതം അത് രേഖപ്പെടുത്തിവെക്കാൻ നിങ്ങൾ മടിക്കരുത്. അതാണ് അല്ലാഹുവിങ്കൽ കൂടുതൽ നീതിപൂർവ്വകമായിട്ടുള്ളത്, സാക്ഷ്യത്തിന് കൂടുതൽ ബലം നൽകുന്നത്, നിങ്ങൾക്ക് സംശയം ജനിക്കാതിരിക്കാൻ ഉതകുന്നത്. നിങ്ങൾ പരസ്പരം റൊക്കമായി നടത്തുന്ന കച്ചവട ഇടപാടുകൾ ഇതിൽനിന്ന് ഒഴിവാണ്. അത് എഴുതിവെക്കാതിരിക്കുന്നതിൽ കുറ്റമില്ല. എന്നാൽ വ്യവഹാരങ്ങളിൽ നിങ്ങൾ സാക്ഷികളെ നിർത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാൻ പാടില്ല. നിങ്ങൾ അങ്ങനെ ചെയ്യുന്ന പക്ഷം അത് നിങ്ങളിലുള്ള അധാർമ്മികത കൊണ്ടാണ്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹു നിങ്ങൾക്ക് പഠപ്പിച്ചു തരികയാണ്. അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും അഭിജ്ഞനത്രെ. (282)
ഇതാണ് കടമിടപാടുകളെ കുറിച്ച് പറയുന്ന സൂക്തം (آيَةُ الدَيْنِ); ഖുർആനിലെ ഏറ്റവും ദീർഘമായ വചനവും. കടമിടപാടുകളുമായി ബന്ധപ്പെട്ട അനവധി നിരവധി വിധിവിലക്കുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ശൈഖ് സഅ്ദി ﵀ ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ അമ്പത് വിധികളുടെ ഒരു പട്ടിക തന്നെ കൊടുത്തിരിക്കുന്നത് കാണാം.
കടമിടപാടുകൾ നടത്തുമ്പോൾ എഴുതി വെക്കുകയും രണ്ടു സാക്ഷികളെ നിർത്തുകയും വേണം. എഴുതിവെക്കാനുള്ള നിർദ്ദേശം നിർബന്ധമാണോ (وُجُوبٌ) പ്രബലമായ സുന്നത്താണോ (مُسْتحَبٌّ) എന്നതിൽ രണ്ട് അഭിപ്രായമുണ്ട്. അത് ഏറെക്കുറെ സാങ്കേതികമാണ്. ഇടപാടിന്റെ സ്വഭാവമനുസരിച്ച് മാറാവുന്നതാണ്. സാങ്കേതികമായി, പ്രബലമായ സുന്നത്ത് എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. പക്ഷെ, ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ നിർബന്ധബുദ്ധി കാണിച്ചേ പറ്റൂ; നിർബന്ധമല്ലല്ലോ എന്നു കരുതി ലാഘവത്തിലെടുക്കാവതല്ല. നബി ﷺ പറയുന്നത് കാണുക: عن أبي موسى، عن النبي ﷺ قال: ثلاثة يدعون الله عز وجل فلا يستجاب لهم: رجل كانت تحته امرأة سيئة الخلق فلم يطلقها، ورجل كان له على رجل مال فلم يشهد عليه، ورجل آتى سفيها ماله، وقال الله تعالى: ﴿وَلا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ﴾ [السيوطي في الجامع الصغير وزيادته، وصححه الألباني] [അബൂ മൂസാ ﵁ നിവേദനം. നബി ﷺ പറയുന്നു: അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മൂന്ന് വിഭാഗം! പക്ഷെ അവർക്ക് ഉത്തരം ലഭിക്കുകയില്ല. തന്റെ കീഴിലുള്ള ദുസ്സ്വഭാവിയായ ഭാര്യയെ വിവാഹ മോചനം ചെയ്യാതെ (പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന) മനുഷ്യൻ, മറ്റൊരാൾ തനിക്ക് സ്വത്ത് നൽകാനുണ്ടായിട്ട് അതിന് സാക്ഷികളെ നിർത്താതെ (പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന) മനുഷ്യൻ, വിവേകമില്ലാത്തവന് തന്റെ സ്വത്ത് നൽകി (പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന) മനുഷ്യൻ. അല്ലാഹു പറയുന്നു: «വിവേകമില്ലാത്തവർക്ക് നിങ്ങളുടെ ധനം നിങ്ങൾ കൈമാറരുത്.»] (സുയൂത്വി ജാമിഉസ്സ്വഗീറിൽ ഉദ്ധരിച്ചത്)
സമൂഹത്തിൽ ഇന്നു കാണുന്ന സാമ്പത്തികത്തർക്കങ്ങളുടെയും കലഹങ്ങളുടെയും കാരണം അല്ലാഹുവിന്റെ നിർദ്ദേശം അവഗണിക്കുന്നതാണ്. പരസ്പര വിശ്വാസത്തിന്റെ പേരിൽ മിക്കപ്പോഴും സാമ്പത്തിക ഇടപാടുകൾ എഴുതി വെക്കുകയോ, അതിനു സാക്ഷികളെ നിർത്തുകയോ ചെയ്യാറില്ല. അത്തരം ഇടപാടുകളെല്ലാം പിന്നീട് വിവാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വഴുതിപ്പോകുന്നതാണ് നാം കാണുന്നത്.