Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ഇസ്റാഅ്,الْإِسْرَاءُസൂക്തം 105

Vol. 2 Page 1265

﴿وَبِالْحَقِّ أَنزَلْنَاهُ وَبِالْحَقِّ نَزَلَ ۗ وَمَا أَرْسَلْنَاكَ إِلَّا مُبَشِّرًا وَنَذِيرًا ١٠٥﴾

പരമസത്യമായ തൗഹീദുമായിട്ടാണ് നാം അത് അവതരിപ്പിച്ചിരിക്കുന്നത്. സത്യവുമായിട്ട് തന്നെയാണ് അത് ഇറങ്ങിയിരിക്കുന്നതും. സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത് നൽകുന്നവനുമായി മാത്രമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. (105)

ഖുർആനിനെ കുറിച്ച് ഖുർആനിൽ തന്നെ പറഞ്ഞിരിക്കുന്ന ഏറ്റവും മനോഹരമായ വചനങ്ങളിലൊന്നാണ് മേൽ സൂക്തം. മലയാളഭാഷയുമായും പരിഭാഷാ നിയമങ്ങളുമായും ബന്ധപ്പെട്ട ചില പരിമിതികൾ കാരണം മലയാള വായനക്കാർക്ക് അതിന്റെ ഗാംഭീര്യവും സൗന്ദര്യവും മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയാതെ പോകുന്നു എന്നതൊരു ദുഃഖസത്യമാണ്. മേൽ സൂക്തത്തിന്റെ ചുരുളുകളിൽ അടുക്കി വെച്ചിരിക്കുന്ന പ്രൗഢഗംഭീരമായ ആശയാവലികൾ പരിഭാഷകളിൽ കൊണ്ടുവരാൻ കഴിയില്ല. എങ്കിലും അവയുടെ വിവരണങ്ങളിലെങ്കിലും അത്തരം മനോഹരമായ ആശയാവലികൾ ചൂണ്ടിക്കാണിക്കേണ്ടതായിരുന്നു. വിശുദ്ധ ഖുർആൻ വിവരണത്തിൽ നിന്ന് ലഭിക്കുന്നത് ഇപ്രകാരമാണ്:

[യഥാര്‍ത്ഥമനുസരിച്ചു തന്നെ നാം ഇതിനെ (ഖുര്‍ആനെ) അവതരിപ്പിച്ചിരിക്കുന്നു. യഥാര്‍ത്ഥ പ്രകാരം തന്നെ ഇത് അവതരിക്കുകയും ചെയ്തിരിക്കുന്നു.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 3/1849)

പദാനുപദമുള്ള ഒരു തർജ്ജുമ എന്നതിലുപരി ആശയപ്രകാശനത്തിന് ഇതിൽ ഒരു സ്ഥാനവും കല്പിച്ചിട്ടില്ല. അതു കൊണ്ടു തന്നെ എന്താണ് ഈ സൂക്തം കൊണ്ട് വിവക്ഷിച്ചിരിക്കുന്നതെന്ന് അനുവാചകർക്ക് ഗ്രഹിക്കാനുമാകില്ല. നന്നെ ചുരുങ്ങിയത്, പൗരാണികരായ ഖുർആൻ വ്യാഖ്യാതാക്കൾ അതിനു നൽകിയ വിവരണം ഉദ്ധരിച്ചിരുന്നുവെങ്കിൽ വായനക്കാർക്ക് അയത്ന ലളിതമായി കാര്യം മനസ്സിലാക്കാമായിരുന്നു.

ഇബ്‌നുൽ ജൗസി ﵀ തന്റെ സാദുൽ മസീർ എന്ന തഫ്‌സീറിൽ കൊടുത്തിരിക്കുന്ന ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം: والمعنى: أنزلنا القرآن بالأمر الثابت والدِّين المستقيم، فهو حَقٌّ، ونزوله حق، وما تضمنه حق، وقال أبو سليمان الدمشقي: ﴿وبالحق أنزلناه﴿ أي: بالتوحيد، ﴾وبالحق نزل﴾ يعني: بالوعد والوعيد، والأمر والنهي. [ابن الجوزي في زاد المسير في علم التفسير] [സാരം: സ്ഥിരമൂല്യമുള്ള കാര്യമായ (തൗഹീദും) നേരായ ദീൻ (ഇസ്‌ലാമും) കൊണ്ടാണ് നാം ഖുർആൻ ഇറക്കിയത് - അതാണ് പരമസത്യം. അത് അവതരിപ്പിക്കപ്പെട്ടതാണെന്ന കാര്യം സത്യമാണ്; അതിന്റെ ഉള്ളടക്കവും അതേപോലെ സത്യമാണ്. അബൂ സുലൈമാൻ അൽ ദിമശ്ഖി പറയുന്നു: «പരമസത്യവുമായി നാം അത് ഇറക്കിയിരിക്കുന്നു» അഥവാ തൗഹീദുമായി.. «സത്യവുമായിട്ട് തന്നെയാണ് അത് ഇറങ്ങിയിരിക്കുന്നത്.» അഥവാ വാഗ്ദാനങ്ങൾ, താക്കീതുകൾ, കല്പനകൾ, വിലക്കുകൾ എന്നിവയുമായിട്ട്.] (ഇബ്‌നുൽ ജൗസി തന്റെ സാദുൽ മസീറിൽ രേഖപ്പെടുത്തിയത്)

ഇബ്‌നുൽ ജൗസി ﵀ ഉദ്ധരിച്ച വ്യാഖ്യാനം തന്നെ മേൽ സൂക്തം നമുക്ക് സുതരാം വ്യക്തമാക്കിത്തരാൻ പര്യാപ്‌തമാണ്. പ്രസ്തുത വ്യാഖ്യാനത്തിന്റെ പൂർത്തീകരണം എന്ന നിലയിൽ ഇബ്‌നുൽ ഖയ്യിം ﵀യുടെ ഒരു പ്രസ്‌താവന കൂടി ചേർക്കാം: إنَّ كلَّ آيةٍ في القرآن فهي متضمِّنةٌ للتّوحيد، شاهدةٌ به، داعيةٌ إليه؛ فإنَّ القرآنَ إمّا خبرٌ عن الله وأسمائه وصفاته وأفعاله، فهو التَّوحيدُ العلميُّ الخبريُّ، وإمّا دعوةٌ إلى عبادته وحده لا شريك له، وخلعِ كلِّ ما يُعبَد من دونه، فهو التَّوحيدُ الإراديُّ الطّلبيُّ، وإمّا أمرٌ ونهيٌ وإلزامٌ بطاعته وأمره ونهيه، فهي حقوق التّوحيد ومكمِّلاته، وإمّا خبرٌ عن إكرامه لأهل توحيده وطاعته، وما فعَل بهم في الدُّنيا، وما يُكرمهم به في الآخرة؛ فهو جزاء توحيده، وإمَّا خبرٌ عن أهل الشِّرك، وما فعَلَ بهم في الدُّنيا من النَّكال، وما يحُلُّ بهم في العقبى من العذاب؛ فهو جزاءُ مَن خرج عن حكم التّوحيد، فالقرآن كلُّه في التّوحيد وحقوقه وجزائه، وفي شأن الشِّرك وأهله وجزائهم. [ابن القيم في مدارج السالكين] [ഖുർആൻ സൂക്തികൾ മുഴുവനും തൗഹീദ് ഉൾക്കൊള്ളുന്നവയാണ്, അതിനെ സാക്ഷീകരിക്കുന്നവയാണ്, അതിലേക്ക് ക്ഷണിക്കുന്നവയാണ്.

ഖുർആൻ ഒന്നുകിൽ അല്ലാഹുവിനെ, അവന്റെ നാമങ്ങളെ, ഗുണവിശേഷങ്ങളെ, അപദാനങ്ങളെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് ജ്ഞാനാത്മകവും വൃത്താന്തപരവുമായ തൗഹീദ്.

അല്ലെങ്കിൽ അത്, അല്ലാഹുവിനെ ഒരു പങ്കാളിയുമില്ലാതെ ഏകനാക്കി, അവനെ മാത്രം ആരാധിക്കുന്നതിലേക്കും, അവനു പുറമെ ആരാധിക്കപ്പെടുന്നവയെ എല്ലാം നിരാകരിക്കുന്നതിലേക്കുമുള്ള ക്ഷണമാണ് - അത് ലക്ഷ്യാത്മകവും ശാസനാപരവുമായ തൗഹീദ്.

അല്ലെങ്കിൽ അത്, അല്ലാഹുവിനും അവന്റെ കല്പനാവിലക്കുകൾക്കും വഴിപ്പെടാനുള്ള നിർബന്ധമാണ് - അത് തൗഹീദിന്റെ അവകാശങ്ങളും പൂരകങ്ങളും.

അല്ലെങ്കിൽ അത്, മുവഹിദുകൾക്കും അല്ലാഹുവിനു വഴിപ്പെട്ടു ജീവിക്കുന്നവർക്കും അല്ലാഹു കൽപിക്കുന്ന ആദരവുകളെ കുറിച്ചും, ഇഹലോകത്ത് അവർക്ക് ചെയ്‌തുകൊടുത്ത, പരലോകത്ത് അവർക്ക് ചെയ്‌തുകൊടുക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചുമുള്ള വൃത്താന്തങ്ങളാണ് - അത് തൗഹീദിന്റെ പ്രതിഫലം.

അല്ലെങ്കിൽ അത്, ശിർക്കിന്റെ ആളുകളെ കുറിച്ചും, ഇഹത്തിൽ അവർക്കു നൽകപ്പെട്ട മാതൃകാപരമായ ശിക്ഷയെ കുറിച്ചും, പരലോകത്ത് അവർക്ക് വരാനിരിക്കുന്ന കഠോരമായ ശിക്ഷയെ കുറിച്ചുമുള്ള വൃത്താന്തങ്ങളാണ് - അത് തൗഹീദിൽനിന്ന് പുറത്തു പോയവർക്കുള്ള പ്രതിഫലം.

അപ്പോൾ ഖുർആൻ മുഴുവനും തൗഹീദിനെയും അതിന്റെ അവകാശങ്ങളെയും അതിനു നൽകപ്പെടുന്ന പ്രതിഫലത്തെയും സംബന്ധിച്ചാണ്; ശിർക്കിനെയും അതിന്റെ ആളുകളെയും അവർക്കു നൽകപ്പെടുന്ന ശിക്ഷയെയും സംബന്ധിച്ചാണ്.] (ഇബ്‌നുൽ ഖയ്യിം മദാരിജുസ്സാലികീനിൽ രേഖപ്പെടുത്തിയത്)

ചുരുക്കത്തിൽ, ഖുർആൻ ആരുടെയും സർഗ്ഗാത്മകമായ ആവിഷ്‌കാരമല്ല; അല്ലാഹു അവതരിപ്പിച്ച അവന്റെ വചനമാണ്. അല്ലാഹുവിന്റെ ഏകത്വം അഥവാ തൗഹീദ്, അതാണ് സ്ഥിരമൂല്യമുള്ള ആത്യന്തിക സത്യം. ആ പരമസത്യവുമായിട്ടാണ് അല്ലാഹു ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്. തൗഹീദീ വിശ്വാസത്തിനു പുറമെ, കളങ്കമോ മാറ്റത്തിരുത്തലുകളോ വരുത്താത്ത നേരായ ഇസ്‌ലാം മതവുമായിട്ടാണ് മാനവരാശിയിലേക്ക് അല്ലാഹു ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്. ഖുർആൻ അത്രയും സത്യമാണ്. ഖുർആൻ സൃഷ്ടിയോ ആവിഷ്‌കാരമോ അല്ല; അത് ഉപരിയിൽനിന്ന് കീഴ്‌ലോകത്തെ മനുഷ്യരിലേക്ക് അവതരിപ്പിക്കപ്പെട്ട ഉത്തമ വചനമാണ്. ഇക്കാര്യത്തിൽ ഒട്ടുമേ സംശയം വേണ്ട; അതു സത്യമാണ്. അപ്രകാരം തന്നെ, ഖുർആനിന്റെ ഉള്ളടക്കം വൃത്താന്തങ്ങളാണ്, കല്പനാവിലക്കുകളാണ്, വാഗ്ദാനങ്ങളാണ്, താക്കീതുകളാണ്. അവയത്രയും സത്യമാണ്; അതിലൊരു നുള്ളു പോലും കള്ളമില്ല, പൊളിവചനവുമില്ല.

മേൽ സൂക്തത്തിലേതു പോലുള്ള ഖുർആനിക പരാമർശങ്ങൾ മനസ്സിലാക്കാൻ സലഫുകൾ നൽകിയ വ്യാഖ്യാനം അനിവാര്യമാണ്. അവരുടെ വ്യാഖ്യാനങ്ങൾ സ്വീകരിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. വാക്കിലും അർത്ഥത്തിലും അവരെ പിന്തുടരുക, അവർ നൽകിയ വിശദീകരണം സ്വീകരിക്കുക. അല്ലാതെ അർത്ഥം ചോർന്നുപോയ ചില പദാവലികൾ ഉപയോഗിച്ച് ഖുർആൻ പരിഭാഷപ്പെടുത്തുന്നതും വ്യാഖ്യാനിക്കുന്നതും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയേ ഉള്ളു.