Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ബഖറഃ,الْبَقَرَةُസൂക്തം 152

Vol. 2 Page 742

﴿فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ 152﴾

അതിനാൽ എന്നെ നിങ്ങള്‍ ഓര്‍ക്കുക; ഞാനും നിങ്ങളെ ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക; നിങ്ങളെന്നോട് കൃതഘ്‌നത കാണിക്കാതിരിക്കുക. (152)

മേൽ സൂക്തത്തിലടങ്ങിയ ആശയാവലികളിലേക്ക് വെളിച്ചം വീശുന്ന കുറച്ചു കാര്യങ്ങൾ കൂടി ഇവിടെ ചേർക്കാം. ദിക്ർ (ذِكْرٌ), ശുക്ർ (شُكْرٌ) എന്നിവയാണ് ഇതിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങൾ.

ദിക്ർ എന്നാൽ

ദിക്റിന് സ്‌മരണ, ഓർമ്മ എന്നെല്ലാമാണ് സാമാന്യമായി പരിഭാഷ നൽകാറുള്ളത്. ശരാശരി അനുവാചകർ പൊതുവിൽ മനസ്സിലാക്കിവെച്ചിരിക്കുന്നത്, അല്ലാഹുവിനെ സ്‌മരിക്കുന്നതിനായി നാവുകൊണ്ട് ഉരുവിടുന്ന കീർത്തനങ്ങൾ മാത്രമാണ് ദിക്ർ എന്നാണ്. അത് ദിക്റാണെന്നതിൽ സംശയമില്ല. പക്ഷെ, അതു മാത്രമല്ല ദിക്ർ. എല്ലാ ഇബാദത്തുകളും ദിക്ർ ഉൾക്കൊള്ളുന്നവയാണ്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, മതപരമായ വിജ്ഞാന സമ്പാദനം, വിധിവിലക്കുകളുടെ പഠനം, നന്മ കൽപിക്കലും തിന്മ വിലക്കലും തുടങ്ങി പുണ്യകർമ്മങ്ങളെല്ലാം ദിക്ർ ഉൾക്കൊണ്ടിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളുടെ പരമപ്രധാനമായ ഘടകം തന്നെ ദിക്റാണ്. എന്നു മാത്രമല്ല, ആരാധനകളും അനുഷ്ഠാനങ്ങളുമെല്ലാം അല്ലാഹു നിയമമാക്കിയതു പോലും ദിക്ർ നിലനിർത്തുന്നതിനു വേണ്ടിയാണ്. ഉദാഹരണമായി നമസ്‌കാരത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ﴿إِنَّنِي أَنَا اللهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ١٤﴾ (طه) [തീര്‍ച്ചയായും ഞാനാണ് അല്ലാഹു. ഞാനല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. അതിനാല്‍ എന്നെ മാത്രം നീ ആരാധിക്കുകയും, എന്നെ സ്‌മരിക്കുന്നതിനായി നമസ്‌കാരം യഥാവിധം നിര്‍വഹിക്കുകയും ചെയ്യുക.] (ത്വാഹാ 14)

നമസ്‌കാരം നിയമമാക്കിക്കൊണ്ട് മൂസാ ﵇ക്ക് അല്ലാഹു നൽകിയ കൽപനയാണ് മുകളിൽ കൊടുത്തത്. നമസ്‌കാരം നിലനിർത്തുന്നതു തന്നെ അല്ലാഹുവിനെ സ്‌മരിക്കാനാണെന്ന യാഥാർത്ഥ്യം അതിൽ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു.

നടേ സൂചിപ്പിച്ചതു പോലെ, നാവു കൊണ്ട് ഉരുവിടുന്ന തസ്‌ബീഹ്, തഹ്‌മീദ്, തക്ബീർ, തഹ്‌ലീൽ പോലുള്ളവ ശ്രേഷ്ഠമായ ദിക്റുകളാണ്. പക്ഷെ, അവ മാത്രമല്ല ദിക്റുകൾ. വിശ്വാസകാര്യങ്ങൾ, ആരാധനകൾ, അനുഷ്ഠാനമുറകൾ, വിധിവിലക്കുകൾ, ഉപചാരങ്ങൾ, മര്യാദകൾ മുതലായവ ചർച്ച ചെയ്യുന്നതും അഭ്യസിക്കുന്നതും അഭ്യസിപ്പിക്കുന്നതുമെല്ലാം ദിക്ർ തന്നെയാണ്. അവയിലെല്ലാം അടങ്ങിയിരിക്കുന്ന സുപ്രധാന ഘടകം ദിക്ർ ആണല്ലോ. ഇബ്‌നു റജബ് ﵀ നൽകുന്ന അർത്ഥവത്തായ ഒരു വിവരണം താഴെ കൊടുക്കാം. والمراد بهذا أن مجالس الذكر لا تختص بالمجالس التي يذكر فيها اسم الله بالتسبيح والتكبير والتحميد ونحوه؛ بل تشمل ما ذكر فيه أمر الله ونهيه وحلاله وحرامه وما يحبه ويرضاه، فإنه ربما كان هذا الذكر أنفع من ذلك؛ لأنّ معرفة الحلال والحرام واجبة في الجملة على كل مسلم، بحسب ما يتعلق به في ذلك، وأما ذكر الله باللسان، فإن أكثره يكون تطوعًا، وقد يكون واجبًا كالذكر في الصلوات المكتوبة. [ابن رجب في رسائله] [ദിക്റിന്റെ സദസ്സുകൾ എന്നതിന്റെ വിവക്ഷ തസ്ബീഹ്, തക്ബീർ, തഹ്‌മീദ് പോലുള്ള കീർത്തനങ്ങളിലൂടെ അല്ലാഹുവിന്റെ നാമം സ്‌മരിക്കുന്ന സദസ്സുകൾ മാത്രമല്ല. മറിച്ച്, അല്ലാഹുവിന്റെ കൽപനാ വിലക്കുകൾ, ഹലാൽ ഹറാമുകൾ, അവൻ ഇഷ്ടപ്പെടുന്നതും തൃപ്‌തിപ്പെടുന്നതുമായ കാര്യങ്ങൾ, ഇവയെ കുറിച്ചെല്ലാം അനുസ്‌മരിക്കുന്ന സദസ്സുകളെ കൂടി അത് ഉൾക്കൊള്ളുന്നു. ചില സന്ദർഭങ്ങളിൽ ഇത്തരം ദിക്‌റുകളായിരിക്കും കൂടുതൽ പ്രയോജനപ്രദം. കാരണം, ഹലാൽ ഹറാമുകൾ മൊത്തത്തിൽ മനസ്സിലാക്കുക എന്നത് ഓരോ മുസ്‌ലിമിനും, അവനുമായി അതിനുള്ള ബന്ധമനുസരിച്ച്, കടമയായിത്തീരുന്നതാണ്. എന്നാൽ നാവു കൊണ്ട് അല്ലാഹുവിനുള്ള കീർത്തനങ്ങൾ ഉരുവിടുന്നത് അധികവും ഐഛികമായിരിക്കും. ഫർള് നമസ്‌കാരങ്ങളിലെ ദിക്റുകൾ പോലെ ചില നിർബന്ധ ദിക്റുകളുമുണ്ട്.] (ഇബ്‌നു റജബ് തന്റെ റസാഇലിൽ രേഖപ്പെടുത്തിയത്]

ദിക്‌റിന്റെ ഇനങ്ങളും ഉപാധികളും

അല്ലാഹുവിനെ ഓർമ്മിക്കാനുള്ള (ذِكْرُ اللهِ) മേഖലകൾ പലതാണ്. അവയെ വിവിധ ഇനങ്ങളും സംവർഗങ്ങളുമായി തരംതിരിച്ചാണ് പണ്ഡിതന്മാർ ചർച്ച ചെയ്യാറുള്ളത്.

അതേപോലെ, ദിക്റിന്റെ ഉപാധികളിൽ പ്രധാനം മനസ്സും നാവുമാണ്. അതു മുഖേന മൂന്ന് രൂപങ്ങളിൽ ദിക്റിനെ ആവിഷ്‌കരിക്കാൻ സാധിക്കും.

ദിക്ർ നിലനിർത്തുന്നതിനു വേണ്ടിയാണല്ലോ ആരാധനകളെല്ലാം നിയമമാക്കിയത്. മേൽ വസ്‌തുതകൾ ഉൾക്കൊണ്ടു കൊണ്ട് ദിക്റിന്റെ ഇനങ്ങളെയും ഉപാധികളെയും സംബന്ധിച്ച് ഇബ്‌നുൽ ഖയ്യിം ﵀ നൽകിയ ഒരു വിശദീകരണം കാണാം: ومن ذكره سبحانه وتعالى ذكر آلائه وإنعامه وإحسانه وأياديه ومواقع فضله على عبيده، وهذا أيضاً من أجل أنواع الذكر، فهذه خمسة أنواع وهي تكون بالقلب واللسان تارة، وذلك أفضل الذكر، وبالقلب وحده تارة، وهي الدرجة الثانية، وباللسان وحده تارة، وهي الدرجة الثالثة، فأفضل الذكر ما تواطأ عليه القلب واللسان. [ابن القيم في الوابل الصيب] [അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ, ആശിസ്സുകൾ, നന്മകൾ, ഔദാര്യങ്ങൾ, അടിയാറുകളുടെമേൽ അവൻ പാരിതോഷികങ്ങൾ ചൊരിഞ്ഞ സ്ഥാനങ്ങൾ എന്നിവയെ കുറിച്ച് സ്‌മരിക്കുക എന്നത് അവനുള്ള അഞ്ചുതരം ദിക്റുകളാണ്. അവയാണ് ദിക്റിന്റെ സുപ്രധാന ഇനങ്ങൾ. ചിലപ്പോൾ അത് ഹൃദയം കൊണ്ടും നാവ് കൊണ്ടും ആവിഷ്‌കരിക്കുന്നു. അതാണ് ഏറ്റവും ശ്രേഷ്ഠമായ ദിക്ർ. ചിലപ്പോൾ ഹൃദയം കൊണ്ട് മാത്രമായിരിക്കും ആവിഷ്‌കരിക്കുക; അത് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ചിലപ്പോൾ നാവുകൊണ്ട് മാത്രമായിരിക്കും ദിക്ർ ചെയ്യുന്നത്; അത് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ ദിക്ർ ഹൃദയവും നാവും സംയോജിച്ചുകൊണ്ട് ആവിഷ്‌കരിക്കുന്നതാണ്.] (ഇബ്‌നുൽ ഖയ്യിം അൽവാബിലുസ്‌സ്വയ്യിബിൽ രേഖപ്പെടുത്തിയത്)

ദിക്‌റിന്റെ പ്രവർത്തന ശേഷി

എല്ലാ പുണ്യ കർമ്മങ്ങളുടെയും ആത്മാവ് അല്ലാഹുവിനെ കുറിച്ചുള്ള സ്‌മരണയാണ്. ആ മൂല്യം ചോർന്നുപോയാൽ അവയെല്ലാം യാന്ത്രികമായ ചടങ്ങുകളായിത്തീരും. അവ മനുഷ്യ ജീവിതത്തെ സ്‌പർശിക്കുകയോ പരിവർത്തിപ്പിക്കുകയോ ചെയ്യില്ല താനും. ഇസ്‌ലാമിലെ ആചാരാനുഷ്‌ഠാനങ്ങൾ പ്രവർത്തനക്ഷമമാകുന്നത് അവയിൽ ദിക്ർ എന്ന മൂല്യം ഉൾക്കൊള്ളുന്നതുകൊണ്ടാണ്. ഈ മൗലിക യാഥാർത്ഥ്യം മുഹമ്മദ് നബി ﷺയോട് നമസ്‌കാരം നിലനിർത്താൻ കൽപിക്കുന്ന ഖുർആൻ സൂക്തത്തിൽ അനാവരണം ചെയ്‌ത് കാണിക്കുന്നുണ്ട്. ﴿اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ ٤٥﴾ (العنكبوت) [ഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് നീ ഓതിക്കേള്‍പ്പിക്കുകയും, നമസ്‌കാരം യഥാവിധം നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തികളെയും നിഷിദ്ധമായ കാര്യങ്ങളെയും തടയുന്നു. അല്ലാഹുവിനെ സ്‌മരിക്കുക എന്നതാണ് ഏറ്റവും മഹത്തായ കാര്യം, തീർച്ച. നിങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു അറിയുന്നു.] (അൻകബൂത്ത് 45)

നമസ്‌കാരം നിയമമാക്കിയത് അല്ലാഹുവിനെ സ്‌മരിക്കുന്നതിനു വേണ്ടിയാണ്. ഏറ്റവും വലിയ ദിക്റായ തക്ബീറാണ് (اَللهُ أَكْبَرُ) നമസ്‌കാരത്തിലുടനീളം ആവർത്തിക്കപ്പെടുന്നത്. ദിക്റുകൊണ്ട് സമൃദ്ധവും സാന്ദ്രവുമായ നമസ്‌കാരം യഥാവിധം നിറവേറ്റുന്ന പക്ഷം അത് നീചവും നിഷിദ്ധവുമായ കാര്യങ്ങളിൽനിന്നെല്ലാം മനുഷ്യനെ തടുക്കുന്നു. അല്ലാഹുവിനെ കുറിച്ച് ശരിയായ ഓർമ്മ നിലനിർത്തുന്നുവെങ്കിൽ ആ ദിക്ർ തക്ക സമയത്ത് ഉണർന്നു പ്രവർത്തിക്കുകയും, മനുഷ്യനെ വേണ്ടാതീനങ്ങളിൽനിന്ന് തടഞ്ഞുവെക്കുകയും ചെയ്യും. ദിക്റിന്റെ പ്രവർത്തന ശേഷി അത്രമേൽ ശക്തമാണ്. മുകളിൽ കൊടുത്ത, സൂറതുൽ അൻകബൂത് 45-ാം സൂക്തത്തെ കുറിച്ച് ഇബ്‌നുൽ ഖയ്യിം ﵀ രേഖപ്പെടുത്തിയ വളരെ പ്രസക്തമായ ഒരു നിരീക്ഷണം താഴെ കൊടുക്കാം: وفيها أربعة أقوال؛ أَحَدُهَا: أَنَّ ذِكْرَ اللهِ أَكْبَرُ مِنْ كُلِّ شَيْءٍ فَهُوَ أَفْضَلُ الطَّاعَاتِ؛ لِأَنَّ الْمَقْصُودَ بِالطَّاعَاتِ كُلِّهَا: إِقَامَةُ ذِكْرِهِ فَهُوَ سِرُّ الطَّاعَاتِ وَرُوحُهَا. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين] [മേൽ സൂക്തം നാലു കാര്യങ്ങൾ ഉൾക്കൊള്ളുന്നു. (ഒന്ന്) എല്ലാറ്റിനെക്കാളും വലുത് അല്ലാഹുവിനെ കുറിച്ചുള്ള സ്‌മരണയാണ്. ഏറ്റവും ശ്രേഷ്ഠമായ പുണ്യകർമ്മവും അതു തന്നെ. കാരണം, സകലമാന പുണ്യകർമ്മങ്ങൾ കൊണ്ടും ഉദ്ദേശിക്കപ്പെടുന്നത് അവനെ കുറിച്ചുള്ള ഓർമ്മ (ദിക്ർ) നിലനിർത്തലാണ്. അതു തന്നെയാണ് പുണ്യകർമ്മങ്ങളുടെ രഹസ്യവും ആത്മാവും.] (ഇബ്‌നുൽ ഖയ്യിം മദാരിജുസ്സാലികീനിൽ രേഖപ്പെടുത്തിയത്)

ദിക്‌റിന്റെ അനുഭവ തലങ്ങൾ

അല്ലാഹുവിനെ സ്‌മരിക്കാനുള്ള മേഖലകൾ നേരത്തെ വിശദീകരിച്ചുവല്ലോ. അവയിലേക്ക് നാം ബോധേന്ദ്രിയങ്ങൾ തുറന്നു പിടിക്കുക. സ്വാഭാവികവും സ്വഛവുമായ നിലയിൽ അല്ലാഹുവിനെ കുറിച്ചുള്ള ദിക്ർ നമ്മുടെ അനുഭവ തലങ്ങളിലേക്ക് കടന്നുവരും. സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും പരിപാലകനുമായ അവനെ കുറിച്ചുള്ള ഓർമ്മ ചേതനയിൽ നിറയും. അതിന്റെ സ്വാധീനം വാഗ്‌വിചാരകർമ്മങ്ങളിൽ പ്രതിഫലിക്കും. സ്വത്വവും ജീവിതവും ഈ ഓർമ്മയാലും ബോധത്താലും നയിക്കപ്പെടും. മനോവ്യാപാരങ്ങൾ അല്ലാഹുവിനുള്ള ദിക്റിൽ ഒഴുകിനടക്കും. നാവ് സദാ ദിക്റു കൊണ്ട് പച്ചപിടിച്ചിരിക്കും. കർമ്മങ്ങളത്രയും അല്ലാഹുവിനുള്ള ദിക്റിന്റെ മൂർത്തരൂപമായി മാറും. ഇത്തരം ഒരു അനുഭവമൂല്യത്തിന്റെ പേരാണ് ദിക്ർ. ഇതു തന്നെയാണ് മതാവബോധത്തിന്റെ കേന്ദ്രബിന്ദുവും.

അല്ലാഹുവിൽ അചഞ്ചലമായി വിശ്വസിക്കുകയും അവനെ അളവറ്റ് സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു അടിയന് തന്റെ റബ്ബിനെ കുറിച്ച് എങ്ങനെ ഓർക്കാതിരിക്കാൻ കഴിയും? അല്ലാഹു പറയുന്നത് കാണുക: ﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللهَ ذِكْرًا كَثِيرًا ٤١﴾ (الأحزاب) [വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി സ്‌മരിച്ചുകൊണ്ടിരിക്കുക.] (അഹ്സാബ് 41) ﴿وَالذَّاكِرِينَ اللهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ٣٥﴾ (الأحزاب) [ധാരാളമായി അല്ലാഹുവിനെ സ്‌മരിക്കുന്നവരായ പുരുഷന്‍മാരും സ്‌ത്രീകളും - അല്ലാഹു അവർക്ക് ഒരുക്കിവെച്ചിരിക്കുന്നത് പാപമോചനവും മഹത്തായ പ്രതിഫലവുമാണ്.] (അഹ്സാബ് 35) ﴿الَّذِينَ يَذْكُرُونَ اللهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ١٩١﴾ (آل عمران) [നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവിനെ സ്‌മരിക്കുകയും, ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ഞങ്ങളുടെ റബ്ബേ, ഇതൊന്നും നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല! നിന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് നിന്നെ ഞങ്ങൾ വാഴ്‌ത്തുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാക്കണേ.] (ആലു ഇംറാൻ 191) ﴿وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَافِلِينَ ٢٠٥﴾ (الأعراف) [പ്രഭാത പ്രദോഷങ്ങളിൽ (നമസ്‌കാരത്തിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ) താഴ്‌മയോടും പേടിയോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ നീ നിന്റെ റബ്ബിനെ മനസ്സില്‍ സ്‌മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിൽ ആയിപ്പോകരുത്.] (അഅ്റാഫ് 205)

എല്ലായ്‌പ്പോഴും അല്ലാഹുവിനെ ധാരാളമായി സ്‌മരിക്കുക എന്നതാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ സ്വഭാവം. വല്ലപ്പോഴും സ്‌മരിക്കുന്നവന് കപടനായിരിക്കാനേ കഴിയൂ എന്നാണ് അല്ലാഹു ഉണർത്തുന്നത്. ﴿إِنَّ الْمُنَافِقِينَ يُخَادِعُونَ اللهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللهَ إِلَّا قَلِيلًا ١٤٢﴾ (النساء) [കപടന്മാർ തീർച്ചയായും അല്ലാഹുവിനെ കബളിപ്പിക്കാനാണ് നോക്കുന്നത്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ അലസന്മാരായാണ് നിൽക്കുക. അവർ ആളുകളെ കാണിക്കുകയാണ് ചെയ്യുന്നത്; കുറച്ച് മാത്രമേ അവര്‍ അല്ലാഹുവിനെ സ്‌മരിക്കുകയുള്ളു.] (നിസാഅ് 142)

ഇല്ല, കപടന്മാർക്ക് ദിക്റിന്റെ വിലയറിയില്ല. ദിക്റിനെക്കാൾ വലിയ ഒരു മതാനുഭവം വേറെയില്ല. അതിനെക്കാൾ മഹത്തായ ഒരു ആരാധനയുമില്ല. ഏതിനെയും കവച്ചു വെക്കാൻ കഴിവുള്ള, എന്തിനും പകരം നിൽക്കാൻ ശേഷിയുള്ള മതമൂല്യമാണ് ദിക്ർ. നബി ﷺ പറയുന്നത് കാണുക: عن أبي الدرداء﵁ قال: قال رسول الله ﷺ: ألا أنبئكم بخير أعمالكم، وأزكاها عند مليككم، وأرفعها في درجاتكم، وخير لكم من إنفاق الذهب والورق، وخير لكم من أن تلقوا عدوكم فتضربوا أعناقهم ويضربوا أعناقكم؟ قالوا: بلى يا رسول الله، قال: ذكر الله. [الترمذي وابن ماجه في سننهما، وصححه الألباني] [അബുദ്ദർദാഅ് ﵁ നിവേദനം. നബി ﷺ ചോദിച്ചു:

• നിങ്ങളുടെ കർമ്മങ്ങളിൽ ഏറ്റവും ഗുണം ചെയ്യുന്ന,

• സർവ്വാധിപതിയായ നിങ്ങളുടെ മലീകിന്റെയടുക്കൽ ഏറ്റവും പരിശുദ്ധമായ,

• നിങ്ങൾക്ക് ഏറ്റവും ഉയർന്ന പദവി നേടിത്തരുന്ന,

• സ്വർണ്ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാളും നിങ്ങൾക്ക് ഉത്തമമായ,

• നിങ്ങൾ ശത്രുക്കളുമായി മുഖാമുഖം നിന്ന്, അവരുടെ കഴുത്ത് നിങ്ങളും നിങ്ങളുടെ കഴുത്ത് അവരും വെട്ടിനിരത്തുന്നതിനെക്കാളും ഗുണകരമായ ഒരു കാര്യം ഏതെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?

അവർ പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ! തീർച്ചയായും പറഞ്ഞു തരൂ.

അവിടുന്ന് പറഞ്ഞു: അതെ, അല്ലാഹുവിന്നുള്ള ദിക്ർ തന്നെ!](തിർമുദിയും ഇബ്‌നുമാജഃയും സുനനുകളിൽ ഉദ്ധരിച്ചത്)

ശുക്‌റിന്റെ (شُكْرٌ) മഹനീയത

ശുക്ർ (شُكْرٌ) അഥവാ നന്ദികാണിക്കുക എന്നതിനെ കുറിച്ച് ഇതിനകം ചില പരാമർശങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. അതൊന്നും ഇവിടെ ആവർത്തിക്കുന്നില്ല. എങ്കിലും ശുക്റിനെ കുറിച്ച് സ്വതന്ത്രമായി മനസ്സിലാക്കാൻ ഉതകുന്ന ഏറ്റവും കുറഞ്ഞ കാര്യങ്ങൾ ഇവിടെ സംഗ്രഹിക്കാം.

അല്ലാഹുവിനോട് അവന്റെ അനുഗ്രഹങ്ങൾക്കും വരദാനങ്ങൾക്കുമാണ് നന്ദി കാണിക്കേണ്ടത്. ജീവൻ, ജന്മം, ജീവിതം, സന്മാർഗ്ഗദർശനം, ഈമാൻ, തഖ്‌വഃ, ഐഹികവും പാരത്രികവുമായ വിജയസൗഭാഗ്യങ്ങൾ, ജീവിത സന്ധാരണം, ക്ഷേമം, സൗഖ്യം... ഇങ്ങനെ നാം, നമ്മുടേത് എന്ന് പറയുന്ന കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ ദാനമാണ്. ﴿وَإِن تَعُدُّوا نِعْمَةَ اللهِ لَا تُحْصُوهَا ۗ إِنَّ اللهَ لَغَفُورٌ رَّحِيمٌ ١٨﴾ (النحل) [അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത് നിജപ്പെടുത്താനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്.] (നഹ്ൽ 18)

സൃഷ്ടികൾ ആസ്വദിക്കുന്ന എല്ലാ തരം അനുഗ്രഹങ്ങൾക്കും അവർ അല്ലാഹുവിനോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ, അതിനൊന്നും പകരം നൽകാൻ കഴിവുള്ളവരല്ല അവർ. അവന്റെ കൽപനകൾ പാലിക്കുകയും വിലക്കുകൾ മാനിക്കുകയും ചെയ്‌ത് അവനു വണങ്ങി ജീവിക്കുക എന്നതു മാത്രമാണ് അവർക്ക് ചെയ്യാൻ സാധിക്കുക. അത് പ്രത്യുപകാരമല്ല, നാമമാത്രമായ നന്ദിയാണ്. ഓർക്കുക! ശുക്ർ എന്നത് ചെറിയ കാര്യമല്ല. അത് ബന്ധപ്പെട്ടു കിടക്കുന്നത് അനുഗ്രഹങ്ങളുടെ അറ്റമില്ലാത്ത ഒരു മഹാപ്രപഞ്ചവുമായിട്ടാണ്.

ഒരു കർമ്മം ശുക്റാവണമെങ്കിൽ അതിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ ഏവ? നന്ദിയുടെ അടിസ്ഥാന ഘടകങ്ങൾ (أَرْكَانٌ) ഇബ്‌നുൽ ഖയ്യിം ﵀ വിവരിക്കുന്നത് ഇപ്രകാരമാണ്: وهو مبني على ثلاثة أركان: الاعتراف بها باطناً، والتحدث بها ظاهراً، وتصريفها في مرضاة وليها ومسديها ومعطيها، فإذا فعل ذلك فقد شكرها مع تقصيره في شكرها. [ابن القيم في الوابل الصيب] [ശുക്ർ മൂന്ന് സ്‌തംഭങ്ങളിലാണ് സ്ഥാപിതമായിരിക്കുന്നത്: അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അകമേ അംഗീകരിക്കുക, അവയെ കുറിച്ച് പ്രത്യക്ഷമായി തന്നെ സംസാരിക്കുക, അവ സമ്മാനിച്ച അവയുടെ രക്ഷിതാവിന്റെയും ദായകന്റെയും പ്രീതിയനുസരിച്ച് മാത്രം അവ വിനിയോഗിക്കുക. അങ്ങനെ ചെയ്യുന്ന പക്ഷം അവൻ അതിനു നന്ദി പ്രകാശിപ്പിച്ചു; അവന്റെ നന്ദിയിൽ ചില കുറവുകളുണ്ടെങ്കിൽ പോലും.] (ഇബ്‌നുൽ ഖയ്യിം അൽവാബിലുസ്‌സ്വയ്യിബിൽ രേഖപ്പെടുത്തിയത്)

അനുഗ്രഹങ്ങൾ മനസാ നന്ദിപൂർവ്വം ഓർക്കുകയും അംഗീകരിക്കുകയും ചെയ്യുക. താൻ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് നന്ദിപൂർവ്വം നാവുകൊണ്ട് പ്രകീർത്തിക്കുക. തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ അവയുടെ ദാതാവായ അല്ലാഹുവിന്റെ ഇഷ്ടാനുസാരം മാത്രം വിനിയോഗിക്കുക. അങ്ങനെ തന്റെ ബാഹ്യവും ആന്തരികവുമായ തലങ്ങളിൽ നന്ദി പ്രകാശിപ്പിക്കുക.

ദിക്റുകളെല്ലാം ശുക്റാണ്. മനസ്സും നാവും ഒരുമിച്ച് ചെയ്യുന്ന ദിക്ർ ആണെങ്കിലും മനസ്സോ നാവോ തനിച്ച് നിർവ്വഹിക്കുന്ന ദിക്ർ ആണെങ്കിലും എല്ലാം ശുക്ർ തന്നെ. സ്‌തുതി (حَمْدٌ) ഏറ്റവും മികച്ച ശുക്റായിട്ടാണ് സലഫുകൾ പരിഗണിച്ചിരുന്നത്. ഇബ്‌നു ജരീറുത്ത്വബ്‌രി ﵀ ഉദ്ധരിക്കുന്ന ഒരു വാക്യം ശ്രദ്ധിക്കുക: قال أبو عبد الرحمن الحبُلِّيُّ: ﴿اعملوا آل داود شكرا﴾ الصلاة شكر، والصيام شكر، وكل خير تعمله لله شكر، وأفضل الشكر الحمد. [ابن جرير الطبري في جامع البيان] [«ദാവൂദിന്റെ കുടുംബമേ, നിങ്ങൾ ശുക്ർ ചെയ്യുക» എന്ന സൂക്തത്തിന്റെ വ്യാഖ്യാനമായി മഹാനായ താബിഈവര്യൻ അബൂ അബ്‌ദിറഹ്‌മാൻ അൽ ഹുബുല്ലി പറഞ്ഞു: നമസ്‌കാരം ശുക്റാണ്, നോമ്പ് ശുക്റാണ്. അല്ലാഹുവിന് വേണ്ടി നീ അനുഷ്ഠിക്കുന്ന സുകൃതങ്ങളെല്ലാം ശുക്റാണ്. ശുക്റിൽ ഏറ്റവും ശ്രേഷ്ഠമായത് സ്‌തുതിയുമാണ്.] (ഇബ്‌നു ജരീർ ജാമിഉൽ ബയാനിൽ ഉദ്ധരിച്ചത്)

സ്‌തുതിയും (حَمْدٌ) നന്ദിയും (شُكْرٌ) തമ്മിൽ ഒരു താരതമ്യം:

സ്‌തുതിയുടെ ബന്ധം വിപുലവും ഉപാധി ഏകവുമാണെങ്കിൽ, നന്ദിയുടെ ഉപാധികൾ വിപുലവും ബന്ധം പരിമിതവുമായിരിക്കും. അല്ലാഹുവിന്റെ പൂർണ്ണതകളുടെയും അനുഗ്രഹങ്ങളുടെയും അതിവിപുലമായ ആശയ സഞ്ചയവുമായിട്ടാണ് സ്‌തുതിയുടെ ബന്ധം. എന്നാൽ സ്‌തുതി പ്രകടിപ്പിക്കാനുള്ള ഉപാധി ഏകമാണ്; അതാണ് നാവ്.

നന്ദി പ്രകാശിപ്പിക്കാൻ ഒന്നിലധികം ഉപാധികളുണ്ട്. മനസ്സ്, നാവ്, ശരീരാവയവങ്ങൾ; മൂന്നും നന്ദി പ്രകടിപ്പിക്കാനുള്ള ഉപാധികളാണ്. എന്നാൽ നന്ദിയുടെ ബന്ധം അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് മാത്രമാണ്.

ശുക്ർ ഉപേക്ഷിക്കുന്നത് നന്ദികേടാണ്. നന്ദികേട് എന്നു കേൾക്കുമ്പോൾ അതിനെ നിസ്സാരമായി കാണരുത്. അത് ചെറിയ കുഫ്റായിട്ടാണ് ഗണിക്കപ്പെടുക. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാൻ ഇബ്‌നു ജരീറുത്ത്വബരി ﵀യെ ഒരിക്കൽ കൂടി ഉദ്ധരിക്കട്ടെ: قال ابن جرير: وقوله ﴿وقليل من عبادي الشكور﴾ يقول تعال ذكره: وقليل من عبادي المخلصو توحيدي والمفردو طاعتي وشكري على نعمتي عليهم. [ابن جرير في جامع البيان] [«എന്റെ ദാസന്മാരിൽ ശരിയാം വണ്ണം നന്ദി കാണിക്കുന്നവർ വളരെ വിരളമത്രെ» ഈ വചനത്തിലൂടെ അല്ലാഹു പറയുന്നത്: തന്റെ ഏകത്വം മായം ചേർക്കാതെ ഉയർത്തിപ്പിടിക്കുകയും, ‌കീഴ്‌വണക്കം തനിക്കു മാത്രമാക്കിത്തീർക്കുകയും, അവർക്കു ചെയ്‌തുകൊടുത്ത അനുഗ്രഹങ്ങളിൽ തനിക്കുള്ള ശുക്ർ സാക്ഷാൽക്കരിക്കുകയും ചെയ്‌തവർ തന്റെ അടിയാറുകളിൽ വളരെ തുഛമാണ് എന്നത്രെ.] (ഇബ്‌നു ജരീറുത്ത്വബരി ജാമിഉൽ ബയാനിൽ രേഖപ്പെടുത്തിയത്)

ഇഖ്‌ലാസ്വിലൂടെ തൗഹീദ് സാക്ഷാൽക്കരിക്കുക. കീഴ്‌വണക്കം അല്ലാഹുവിന് മാത്രം നൽകിക്കൊണ്ട് ദീൻ പൂർത്തീകരിക്കുക. അനുഗ്രഹങ്ങൾക്ക് മതിയായ രൂപത്തിൽ നന്ദി കാണിക്കുക. ഈ മൂന്ന് കാര്യങ്ങളിലൂടെ മാത്രമേ ഒരാൾക്ക് അല്ലാഹുവിന്റെ ഇഷ്ടദാസൻ (عُبُودِيَّةٌ خَاصَّةٌ) എന്ന പദവി കരസ്ഥമാക്കാൻ കഴിയൂ. അല്ലാഹുവിന്റെ അടിയാറുകളിൽ ഇവ്വിധം ഉബൂദിയ്യത്ത് സാക്ഷാൽക്കരിച്ചവരായി വളരെ കുറച്ചു പേർ മാത്രമേ കാണൂ.

ശുക്ർ കാണിക്കാൻ നാം പിന്തുടരേണ്ട ചില പ്രായോഗിക നടപടികളെ കുറിച്ചു കൂടി പറയാം. നബി ﷺ പറയുന്നു: عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ: قَالَ رَسُولُ اللهِ ﷺ: التَّحَدُّثُ بِنِعَمِ اللهِ شُكْرٌ، وَتَرْكُهَا كُفْرٌ، وَمَنْ لَا يَشْكُرِ الْقَلِيلَ لَا يَشْكُرِ الْكَثِيرَ، وَمَنْ لَا يَشْكُرِ النَّاسَ لَا يَشْكُرِ اللهَ، وَالْجَمَاعَةُ بَرَكَةٌ وَالْفُرْقَةُ عَذَابٌ. [البيهقي في شعب الإيمان وحسنه الألباني] [നുഅ്മാൻ ബിൻ ബശീർ ﵁ നിവേദനം. നബി ﷺ പറയുന്നു: അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ കുറിച്ച് തുറന്നു പറയുന്നത് തന്നെ ശുക്റാണ്. അത് ഉപേക്ഷിക്കുന്നത് നന്ദികേടുമാണ്. കുറഞ്ഞതിന് നന്ദി കാണിക്കാത്തവൻ കൂടിയതിനും നന്ദി കാണിക്കുകയില്ല. ജനങ്ങളോട് നന്ദി പ്രകാശിപ്പിക്കാത്തവൻ അല്ലാഹുവിനോട് ശുക്ർ ചെയ്യുകയുമില്ല. ഐക്യം അനുഗ്രഹമാണ്; ഛിദ്രത ശിക്ഷയും.] (ബൈഹഖി ശുഅബുൽ ഈമാനിൽ ഉദ്ധരിച്ചത്)

പ്രസിദ്ധ താബിഈ വര്യനായ ഹസനുൽ ബസ്വ്‌രി ﵀ ബഖറഃ 152-ാം സൂക്തത്തിനു നൽകിയ വ്യാഖ്യാനം ഉദ്ധരിച്ചു കൊണ്ട് ഈ ചർച്ച അവസാനിപ്പിക്കാം: وقال الحسن البصرى فى قوله: ﴿فاذكرونى أذكركم﴾ قال: اذكرونى، فيما افترضت عليكم أذكركم فيما أوجبت لكم على نفسى. [ابن كثير في تفسير القرآن] [«അതിനാൽ, നിങ്ങൾ എന്നെ ഓർക്കുവീൻ. എങ്കിൽ ഞാനും നിങ്ങളെ ഓർക്കാം» എന്ന സൂക്തത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്: ഞാൻ നിങ്ങൾക്ക് നിയമമാക്കിയ കാര്യങ്ങളിൽ നിങ്ങൾ എന്നെ ഓർമ്മ വെക്കുക. എങ്കിൽ, നിങ്ങൾക്ക് നിർബന്ധമായും നൽകാമെന്ന് ഞാൻ സ്വയം കണക്കാക്കിയതിൽ ഞാൻ നിങ്ങളെയും ഓർമ്മിക്കാം എന്നാണ്.] (ഇബ്‌നു കഥീർ തഫ്‌സീറിൽ ഉദ്ധരിച്ചത്)

മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ വസ്‌തുതാപരമായ ചില പിശകുകൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ സംഭവിച്ചിട്ടുണ്ട്. അതിൽനിന്നുള്ള ഒരു ഭാഗം കാണുക:

[വല്ല ആപത്തു, സംഭവിച്ച ശേഷം, കുറേകാലം കഴിഞ്ഞിട്ട് പിന്നെയും അത് ഓർമ്മ വരുമ്പോൾ 'ഇസ്‌തിർജാഉ് ' പുതുക്കുന്ന പക്ഷം അല്ലാഹു അതിന് പ്രതിഫലം നൽകാതിരിക്കുകയില്ല എന്ന് അഹ്‌മദും, ഇബ്‌നു മാജഃ (റ)യും നിവേദനം ചെയ്‌ത ഒരു ഹദീസിൽ വന്നിട്ടുണ്ട്.] (വിശുദ്ധ ഖുർആൻ വിവരണം 1/276)

മുകളിലുദ്ധരിച്ച ഹദീസ് ദുർബ്ബലമാണ്; അത് സ്വീകാര്യയോഗ്യമല്ല. ഇമാം അൽബാനി ﵀ അതിന്റെ ബലഹീനത കാര്യകാരണ സഹിതം سلسلة الأحاديث الضعيفة യിൽ വിവരിച്ചിട്ടുണ്ട്. മാന്യ വായനക്കാർ ശ്രദ്ധിക്കുമല്ലോ.

ദുർബ്ബല ഹദീസുകൾ സമൂഹത്തിൽ ക്ഷണനേരം കൊണ്ട് പ്രചരിക്കുകയും ആഴത്തിൽ സ്വാധീനമുറപ്പിക്കുകയും ചെയ്യും. അതേ സമയം സ്വഹീഹായ ഹദീസുകൾ ശ്രദ്ധിക്കപ്പെടുകയേ ഇല്ല. തൽഫലമായി അല്ലാഹുവിന്റെ ദീനിൽ കളങ്കം ചാർത്തപ്പെടുകയും അതിന്റെ വിശുദ്ധി തകർക്കപ്പെടുകയും ചെയ്യുന്നു. മുസ്‌ലിംകൾക്കിടയിൽ ഭിന്നത തലപൊക്കുകയും സമൂഹം ശിഥിലമായിത്തീരുകയും ചെയ്യുന്നു. ആയതിനാൽ ദുർബ്ബല ഹദീസുകൾ തിരിച്ചറിഞ്ഞ് മാറ്റിനിർത്തുന്ന കാര്യത്തിൽ മതിയായ ജാഗ്രത പുലർത്തണമെന്ന് ഉണർത്തുകയാണ്.

[അല്ലാഹുവിൽനിന്ന് ശ്രദ്ധ വിടുത്തിക്കളയുന്ന എല്ലാ വസ്‌തുക്കളും സമന്മാരിൽ ഉൾപ്പെട്ടേക്കുമെന്നാണ് ഇമാം ബൈള്വാവി (റ) അഭിപ്രായപ്പെട്ടിരിക്കുന്നത്. സയ്യിദ് ഖുത്തുബ് ചൂണ്ടിക്കാട്ടിയതു പോലെ, സ്ഥലകാലങ്ങൾക്കനുസരിച്ച് സമന്മാരുടെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/284)

ബൈളാവി കടുത്ത അശ്അരീ പക്ഷക്കാരനാണ്; സയ്യിദ് ഖുത്വ്‌ബ് ഇഖ്‌വാനിയ്യത്തിന്റെ സ്ഥാപകരിൽപെട്ട വ്യക്തിയും. വ്യത്യസ്‌ത കാലഘട്ടങ്ങളിൽ അഖ്‌ലാനിയ്യത്തിനെ പ്രതിനിധാനം ചെയ്‌ത ശക്തരായ വക്താക്കളാണ് രണ്ടു പേരും. അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്താതിരിക്കാൻ എന്ന മറവിൽ പ്രമാണവാക്യങ്ങളെ തന്നിഷ്ടമനുസരിച്ച് എങ്ങനെയും വ്യാഖ്യാനിക്കുന്നവരാണ് അശ്അരികൾ. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി പ്രമാണവാക്യങ്ങളുടെ അർത്ഥവും വ്യാഖ്യാനവും പൂർണ്ണമായും പൊളിച്ചെഴുതുന്ന പദ്ധതിയിലാണ് രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളായ ഇഖ്‌വാനികൾ. അത്തരത്തിലുള്ള രണ്ടു സ്രോതസ്സുകളെ ഒരു സലഫീ തഫ്‌സീറിൽ ഉദ്ധരിക്കാനോ ഉപജീവിക്കാനോ പാടില്ലായിരുന്നു. ഇക്കാര്യം പലതവണ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അധിക വായനക്കായി യുക്തി ഇസ്‌ലാമിന്റെ സ്രോതസ്സല്ല (പുറം 1/112), ഖദരിയ്യഃ: വിധിവിശ്വാത്തിലുള്ള വിലോപം (പുറം 1/285) എന്നീ ലേഖനങ്ങൾ കാണുക.

എന്നാൽ ഇവിടെ അല്ലാഹുവിനോടുള്ള സ്‌നേഹത്തെ കുറിച്ച് ഒരു ലഘു വിവരണം നൽകുന്നത് സന്ദർഭോചിതമായിരിക്കും. അല്ലാഹുവിന്റെ ഇഷ്ടദാസനാവുക, അവനുള്ള ഉബൂദിയ്യത്ത് സാക്ഷാൽകരിക്കുക, അവന് യഥാവിധം ഇബാദത്ത് ചെയ്യുക എന്നതാണ് ഈ ഭൂമുഖത്ത് മനുഷ്യന് നിറവേറ്റാനുള്ള ദൗത്യം. ഇത് സാധ്യമാവണമെങ്കിൽ പ്രഥമമായും പ്രമുഖമായും വേണ്ടത് അല്ലാഹുവിനെ സ്‌നേഹിക്കുക (مَحَبَّةُ اللهِ) എന്നതാണ്. അവനോടുള്ള സ്‌നേഹം പരമവും അതുല്യവുമായിരിക്കണം. അവനു നൽകുന്നതു പോലുള്ള സ്‌നേഹം ആത്മത്തിനോ അപരത്തിനോ നൽകാവതല്ല. ഈ സ്‌നേഹം ആരാധനയാണ്; ആരാധനയുടെ ഏറെ ശ്രേഷ്ഠമായ ഒരിനമാണ്. അപരിമേയമായ ഈ സ്‌നേഹത്തിന്റെ അഭാവത്തിൽ മറ്റു ആരാധനകൾ സ്വീകാര്യയോഗ്യമായ ഇബാദത്ത് അല്ലാതായിത്തീരുന്നു. അത്തരം ആത്മാവ് നഷ്ടപ്പെട്ട, യാന്ത്രികമായി നിർവ്വഹിക്കപ്പെടുന്ന ആചാരക്രിയകളിൽ അല്ലാഹുവിന്ന് താൽപര്യമുണ്ടാവില്ലെന്ന് പറയേണ്ടതില്ലല്ലോ.

അല്ലാഹുവിനോടുള്ള സ്‌നേഹം വിശകലനം ചെയ്യുമ്പോൾ സ്‌നേഹത്തിന്റെ ഉദാത്തമായ മൂന്നു തലങ്ങളും വ്യവഛേദിച്ചു മനസ്സിലാക്കേണ്ടതായി വരുന്നു:

1- അല്ലാഹുവിനോടുള്ള സ്‌നേഹം (مَحَبَّةُ اللهِ)

2- അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്‌നേഹം (الْحُبُّ في اللهِ)

3- അല്ലാഹുവിന്ന് വേണ്ടിയുള്ള സ്‌നേഹം (الْحُبُّ ﷲِ)

അല്ലാഹുവിനെ സ്‌നേഹിക്കുക എന്നത് അവനെ മാത്രം റബ്ബും ഇലാഹുമായി സ്വീകരിക്കുന്ന മുവഹിദുകൾ അവനു നൽകുന്ന സവിശേഷമായ സ്‌നേഹമാണ്. അത് തുല്യതയില്ലാത്ത സ്‌നേഹമായിരിക്കും. അതു പോലെ ഒരു സ്‌നേഹം മറ്റാർക്കും നൽകുക സാധ്യമല്ല. അത് അപരിമേയമായ സ്‌നേഹമായിരിക്കും; അത് ഏതെങ്കിലും തരത്തിൽ അളന്നു തിട്ടപ്പെടുത്തുക സാധ്യമല്ല. അത് അവിഛിന്നമായിരിക്കും. അഥവാ പൂർണ്ണമായും അല്ലാഹുവിന് മാത്രം നൽകുന്നതായിരിക്കും. അതിൽനിന്ന് ഒരംശം പോലും മറ്റാർക്കും വീതിച്ചു കൊടുക്കുന്ന പ്രശ്‌നമേ ഉണ്ടാവില്ല. അവനെക്കാൾ മറ്റാരെയെങ്കിലും സ്‌നേഹിക്കുകയോ, അവന്റെ കാര്യങ്ങളെക്കാൾ മറ്റു കാര്യങ്ങൾക്ക് മുൻഗണന നൽകുകയോ ചെയ്യുകയുമില്ല. അല്ലാഹു പറയുന്നത് കാണുക: ﴿قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللهُ بِأَمْرِهِ ۗ وَاللهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ ٢٤﴾ (التوبة) [പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്‍മാരും സഹോദരങ്ങളും ഇണകളും ബന്ധുജനങ്ങളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള ജിഹാദിനെക്കാളും പ്രിയപ്പെട്ടത് എങ്കിൽ അല്ലാഹു തന്റെ കല്‍പന കൊണ്ടുവരുന്നത് നിങ്ങള്‍ കാത്തിരുന്ന് കാണുക. അല്ലാഹു അധർമ്മകാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.] (തൗബഃ 24)

അല്ലാഹുവിനോടുള്ള സ്‌നേഹം പരമവും പരിശുദ്ധവുമാണ്. അതിനായിരിക്കണം മുൻഗണന. മറ്റെല്ലാം അതിനു താഴെ മാത്രം. ഒരാൾ വിശ്വാസിയായിരിക്കണമെങ്കിൽ ഇത് പാലിച്ചേ പറ്റൂ. നബി ﷺ പറയുന്നത് കാണുക: عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ ﷺ أَنَّهُ قَالَ: لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ اللهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا... [أحمد في مسنده وإسناده صحيح] [അനസ് ﵁ നിവേദനം. നബി ﷺ പറയുന്നു: അല്ലാഹുവും അവന്റെ ദൂതനും മറ്റുള്ളവരെക്കാളെല്ലാം തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാകുന്നതുവരെ നിങ്ങളിൽ ഒരാളും വിശ്വാസിയാവുകയില്ല...] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

ഏറ്റവും ഗാഢവും തീവ്രവുമായ സ്‌നേഹം അല്ലാഹുവിനോടായിരിക്കും. അതിനു താരതമ്യമില്ല. ആ സ്‌നേഹം സവിശേഷമായ മറ്റൊരു തലത്തിലുള്ളതാണ്. അതിനു താഴെയാണ് സൃഷ്ടികളോടുള്ള സ്‌നേഹം. സൃഷ്ടികളിൽ ഏറ്റവും അധികം സ്‌നേഹിക്കേണ്ടത് മുഹമ്മദ് നബി ﷺയെയാണ്. ഈ രണ്ടു സ്‌നേഹവും കഴിഞ്ഞേ സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള സ്‌നേഹം വരുന്നുള്ളു.

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്‌നേഹം എന്നത് അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ്. അവൻ ആരെ സ്‌നേഹിക്കുന്നുവോ, അവരെ മറ്റു പരിഗണനകളൊന്നും കൂടാതെ സ്‌നേഹിക്കുക. തന്റെ ആത്മത്തിനോ വൈകാരികതകൾക്കോ ഭൗതികമായ മറ്റു താൽപര്യങ്ങൾക്കോ ആ സ്‌നേഹത്തിൽ യാതൊരു സ്വാധീനവും ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ ഭാഗമായും അതിന്റെ അനുബന്ധമായും വേണം അതിനെ മനസ്സിലാക്കാൻ. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം. അന്ത്യനാളിൽ ഏഴു വിഭാഗങ്ങൾക്ക് അർശിന്റെ തണൽ ലഭിക്കും. അതിലൊരു വിഭാഗത്തെ കുറിച്ച് ഹദീസിലുള്ളത് ഇപ്രകാരമാണ്: وَرَجُلاَنِ تَحَابَّا فِي اللهِ وَاجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ... [البخاري في صحيحه] [രണ്ടു വ്യക്തികൾ, അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പരസ്‌പരം സ്‌നേഹിച്ചു; അതിൽ അവർ ഒരുമിച്ചു ചേർന്നു, അതിൽ (ആ സ്‌നേഹത്തിൽ) തന്നെ അവർ പിരിഞ്ഞുപോവുകയും ചെയ്‌തു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

അവർ സ്‌നേഹിച്ചതും ഒത്തുകൂടിയതും അല്ലാഹുവിന്റെ മാർഗ്ഗത്തിലായിരുന്നു. സൗന്ദര്യം, പണം, പ്രതാപം, പ്രശസ്‌തി, മറ്റു ഭൗതിക താൽപര്യങ്ങൾ ഒന്നുമല്ല അവരെ പരസ്‌പരം ആകർഷിച്ചത്. രണ്ടു പേരും മുവഹിദുകളാണ്. രണ്ടു പേരും അല്ലാഹുവിനെ സ്‌നേഹിക്കുന്നു. അല്ലാഹുവിനോടുള്ള സ്‌നേഹമാണ് അവരുടെ പരസ്‌പരാകർഷണം. അതിന്റെ പേരിൽ അവർ ഒത്തുചേർന്നു. പിന്നെ അവർ പിരിഞ്ഞുപോയി. അപ്പോഴും അവർ ആ സ്‌നേഹത്തിൽ തന്നെയായിരുന്നു.

അല്ലാഹുവിനു വേണ്ടിയുള്ള സ്‌നേഹം (الْحُبُّ ﷲِ) എന്നത് അല്ലാഹു ആരെ സ്‌നേഹിക്കാൻ കൽപിച്ചുവോ അവരെ സ്‌നേഹിക്കലാണ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ പറയുന്നത് കാണുക: كل ما أمر الله أن يحب ويعظم فإنما محبته وتعظيمه لله، فالله هو المحبوب المعظم في المحبة والتعظيم. [ابن تيمية في جامع الرسائل] [അല്ലാഹു സ്‌നേഹിക്കാനും ബഹുമാനിക്കാനും കൽപിച്ച യാതൊന്നിനെയും സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും അല്ലാഹുവിന്നു വേണ്ടിയുള്ളതാണ്. സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും വിഷയം വരുമ്പോൾ ഏറ്റവും അധികം സ്‌നേഹിക്കപ്പെടേണ്ടവനും ബഹുമാനിക്കപ്പെടേണ്ടവനും അല്ലാഹുവായിരിക്കണം.] (ഇബ്‌നു തൈമിയ്യഃ ജാമിഉർ റസാഇലിൽ രേഖപ്പെടുത്തിയത്)

അല്ലാഹുവിന്ന് വേണ്ടിയുള്ള സ്‌നേഹത്തിനും ഒരുദാഹരണം ചൂണ്ടിക്കാണിക്കാം. عَنْ أَنَسِ بْنِ مَالِكٍ ﵁، عَنِ النَّبِيِّ ﷺ قَالَ: ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ: أَنْ يَكُونَ اللهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ المَرْءَ لاَ يُحِبُّهُ إِلَّا ﷲِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ. [البخاري في صحيحه] [അനസ് ﵁ നിവേദനം. നബി ﷺ പറയുന്നു: മൂന്നുകാര്യങ്ങൾ - അവ ആരിലുണ്ടോ അവൻ വിശ്വാസത്തിന്റെ മാധുര്യം അനുഭവിച്ചിരിക്കുന്നു:

മറ്റെല്ലാവരെക്കാളും തനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ അല്ലാഹുവും അവന്റെ ദൂതനും ആയിത്തീരുക.

ഒരു മനുഷ്യനെ അവൻ സ്‌നേഹിക്കുന്നു - അല്ലാഹുവിന്ന് വേണ്ടിയല്ലാതെ അയാളെ അവൻ സ്‌നേഹിക്കുന്നില്ല.

അവിശ്വാസത്തിലേക്ക് തിരിച്ചുപോകുന്നതിനെ താൻ വെറുക്കുന്നു, തീകുണ്ഡത്തിലേക്ക് എറിയപ്പെടുന്നതിനെ താൻ വെറുക്കുന്നതു പോലെ.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്‌നേഹവും (الْحُبُّ في اللهِ) അല്ലാഹുവിന്ന് വേണ്ടിയുള്ള സ്‌നേഹവും (الْحُبُّ ﷲِ). അല്ലാഹുവിന് നൽകുന്ന അത്യുദാത്തവും പരിശുദ്ധവുമായ സ്‌നേഹം ശ്രേഷ്ഠമായ ആരാധനയാണ്; ആരാധനാ കർമ്മങ്ങളുടെയെല്ലാം ഒരു മുഖ്യ ചേരുവയാണ്.

അല്ലാഹുവിലേക്ക് പ്രയാണം ചെയ്യുന്ന ഒരു ഹൃദയം ഉൾക്കൊണ്ടിരിക്കേണ്ട വ്യത്യസ്‌തങ്ങളായ വൈകാരിക മൂല്യങ്ങളും ഭാവങ്ങളും എന്തെല്ലാമാണ്? ഇബ്‌നുൽ ഖയ്യിം ﵀ പറയുന്നത് കാണുക: الْقَلْبُ فِي سَيْرِهِ إِلَى اللهِ عَزَّ وَجَلَّ بِمَنْزِلَةِ الطَّائِرِ، فَالْمَحَبَّةُ رَأْسُهُ، وَالْخَوْفُ وَالرَّجَاءُ جَنَاحَاهُ، فَمَتَى سَلِمَ الرَّأْسُ وَالْجَنَاحَانِ فَالطَّائِرُ جَيِّدُ الطَّيَرَانِ، وَمَتَى قُطِعَ الرَّأْسُ مَاتَ الطَّائِرُ، وَمَتَى فُقِدَ الْجَنَاحَانِ فَهُوَ عُرْضَةٌ لِكُلِّ صَائِدٍ وَكَاسِرٍ. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين] [അല്ലാഹുവിലേക്ക് പ്രയാണം ചെയ്യുന്ന ഹൃദയം ഒരു പക്ഷിയുടെ സ്ഥാനത്താണ്. (അല്ലാഹുവിനോടുള്ള) സ്‌നേഹമാണ് അതിന്റെ ശിരസ്സ്. (അല്ലാഹുവിനോടുള്ള) ഭയവും പ്രതീക്ഷയും അതിന്റെ രണ്ടു ചിറകുകളും. ശിരസ്സും ഇരു ചിറകുകളും സുരക്ഷിതമായിരിക്കുന്നിടത്തോളം ആ പക്ഷിക്ക് നന്നായി പറക്കാനാവും. ശിരസ്സ് ഛേദിക്കപ്പെട്ടാൽ പക്ഷി നാശമടയും. ഇരു ചിറകുകളും എപ്പോൾ നഷ്ടപ്പെടുന്നുവോ അപ്പോൾ അത് വേടന്മാരുടെയും വിധ്വംസകരുടെയും ഇരയായിത്തീരും.] (ഇബ്‌നുൽ ഖയ്യിം മദാരിജുസ്സാലികീനിൽ രേഖപ്പെടുത്തിയത്)

ശ്രദ്ധിക്കുക! അല്ലാഹുവിനോടുള്ള സ്‌നേഹം സത്യസന്ധമായിരിക്കണം. വ്യാജമായ അവകാശവാദങ്ങളോ നാട്യങ്ങളോ ആയാൽ പോരാ. ജീവിതം താളം തെറ്റി നടക്കുന്ന ഭിക്ഷാംദേഹികൾ പറയാറുള്ളത് അവർ അല്ലാഹുവുമായി കലശലായ പ്രണയത്തിലാണ് എന്നാണ്. എന്നാൽ അതൊന്നും തന്നെ സത്യസന്ധമായ സ്‌നേഹമല്ല. അല്ലാഹുവിനോടുള്ള സ്‌നേഹം സത്യസന്ധമാണെങ്കിൽ അവൻ പറയുന്ന കാര്യങ്ങൾ പാലിക്കാതിരിക്കാൻ കഴിയില്ല. സത്യസന്ധമായ സ്‌നേഹത്തിന്റെ അടയാളം അല്ലാഹു തന്നെ വിശദീകരിച്ചിട്ടുണ്ട്: ﴿قُلْ إِن كُنتُمْ تُحِبُّونَ اللهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللهُ غَفُورٌ رَّحِيمٌ ٣١﴾ (آل عمران) [പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമാണ്.] (ആലുഇംറാൻ 31)

മനുഷ്യർ എത്ര കൃതഘ്നരാണ് ! അവർ അല്ലാഹുവിന് പുറമെ സമന്മാരെ സ്വീകരിക്കുന്നു. അവന്റെ കൂടെ വ്യാജദൈവങ്ങളെ പങ്കുചേർക്കുന്നു. അതോടുകൂടി, സ്‌നേഹത്തിന്റെ പൂർണ്ണവും പരമവുമായ രൂപം അവർക്ക് അറിയാൻ കഴിയാതെ പോകുന്നു. ഇവ്വിഷയകമായി ഇബ്‌നുൽ ഖയ്യിം ﵀ ചൂണ്ടിക്കാണിക്കുന്ന അടിസ്ഥാനപരമായ ഒരു യാഥാർത്ഥ്യമുണ്ട്. അത് ഇവിടെ ഉദ്ധരിക്കാം: فأخبر أن من أحب من دون الله شيئاً كما يحب الله تعالى فهو ممن اتخذ من دون الله أنداداً، فهذا ند في المحبة لا في الخلق والربوبية، فإن أحداً من أهل الأرض لم يثبت هذا الند في الربوبية، بخلاف ند المحبة. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين] [അല്ലാഹു പറയുന്നത്, അല്ലാഹുവിനെ സ്‌നേഹിക്കുന്നതു പോലെ അവനു പുറമെ മറ്റാരെയെങ്കിലും ഒരാൾ സ്‌നേഹിച്ചാൽ അവൻ അല്ലാഹുവിനു പുറമെ സമന്മാരെ (نِدٌّ ج أَنْدَادٌ) സ്വീകരിച്ചവരിൽ ഉൾപ്പെടുമെന്നാണ്. ഇത് സ്‌നേഹത്തിന്റെ കാര്യത്തിൽ തുല്യനെ നിശ്ചയിക്കലാണ്; സൃഷ്ടിപ്പിന്റെയും രക്ഷാകർത്തൃത്വത്തിന്റെയും കാര്യത്തിലല്ലെന്നു മാത്രം. ലോകരിൽ ഒരാളും രക്ഷാകർത്തൃത്ത്വത്തിന്റെ കാര്യത്തിൽ സമന്മാരെ സ്വീകരിച്ചിട്ടില്ല. എന്നാൽ സ്‌നേഹത്തിന്റെ കാര്യത്തിൽ സമന്മാരെ നിശ്ചയിക്കുന്ന കാര്യം വ്യത്യസ്‌തമാണ്.] (ഇബ്‌നുൽ ഖയ്യിം മദാരിജുസ്സാലികീനിൽ രേഖപ്പെടുത്തിയത്)

അല്ലാഹുവിനെ മാത്രം റബ്ബും ഇലാഹുമായി അംഗീകരിക്കുന്ന മുവഹിദായ ഒരു മനുഷ്യനു മാത്രമേ പൂർണ്ണവും സ്വഛവും അപരിമേയവുമായ സ്‌നേഹം അറിയുകയുള്ളു. മുശ്‌രിക്കിന്റെ സ്‌നേഹം അപൂർണ്ണമായിരിക്കും, പരിമിതമായിരിക്കും, കലങ്ങിമറിഞ്ഞതായിരിക്കും, ചിതറിത്തെറിച്ചതായിരിക്കും. ഇങ്ങനെയുള്ള സ്‌നേഹമാണ് അവൻ പകുത്ത് കൊടുക്കുന്നത്. ഒരു വിഹിതം അല്ലാഹുവിന് നൽകുന്നു; ഒരു വിഹിതം അവൻ നിശ്ചയിക്കുന്ന പങ്കാളിക്കും. അല്ലാഹുവിനെ സ്‌നേഹിക്കുന്നതു പോലെ അവൻ പങ്കാളിയെയും സ്‌നേഹിക്കുന്നു. അല്ലാഹുവിനും പങ്കാളികൾക്കും ലഭിക്കുന്നത് പകുത്തു കൊടുക്കുന്ന വിഹിതം മാത്രം. അതും ന്യൂനതകൾ ഏറെയുള്ള അപൂർണ്ണമായ സ്‌നേഹത്തിന്റെ വിഹിതം.

ഇവിടെ «അല്ലാഹുവിനെ സ്‌നേഹിക്കുന്ന പോലെ» (كَحُبِّ اللهِ) എന്നതിന്റെ വിവക്ഷ ഇപ്രകാരമാണ്: അവർ, മുശ്‌രിക്കുകൾ, അല്ലാഹുവിനെ സ്‌നേഹിക്കുന്ന പോലെ അവരുടെ സമന്മാരെയും സ്‌നേഹിക്കുന്നു. പരമമായ സ്‌നേഹത്തെ അവർ അല്ലാഹുവിനും പങ്കാളികൾക്കുമിടയിൽ പകുത്തു കൊടുത്തിരിക്കുന്നു. അതിനാൽ രണ്ടും പരിമിതവും ഭാഗികവുമായ സ്‌നേഹം മാത്രം. അല്ലാതെ, യഥാർത്ഥ വിശ്വാസികൾ അല്ലാഹുവിന് നൽകുന്നതു പോലുള്ള പരമമായ സ്‌നേഹം അവർ പങ്കാളികൾക്ക് നൽകുന്നു എന്നതിന് അർത്ഥമില്ല.

യഥാർത്ഥ വിശ്വാസികൾ അല്ലാഹുവിന് നൽകുന്നത് ഏറ്റവും കൂടിയ, പരമമായ, തുല്യതയില്ലാത്ത സ്‌നേഹമാണ്. അത്തരം ഒരു സ്‌നേഹം മുവഹിദുകൾക്കേ അറിയൂ. അവർക്കേ അങ്ങനെ സ്‌നേഹിക്കാൻ കഴിയൂ. അത് മുവഹിദുകൾക്ക് മാത്രമുള്ള സവിശേഷതയാണ്. അവർ അല്ലാഹുവിനുള്ള സ്‌നേഹം ആർക്കിടയിലും വീതംവെക്കുന്നില്ല. പരമമായ സ്‌നേഹം പൂർണ്ണമായും അവർ അല്ലാഹുവിന് നൽകുന്നു.

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്‌നേഹവും അവനു വേണ്ടിയുള്ള സ്‌നേഹവും അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ്. എന്നാൽ അല്ലാഹുവിന്റെ കൂടെ മറ്റാരെയെങ്കിലും സ്‌നേഹിച്ചാൽ, അഥവാ അല്ലാഹുവിനുള്ള സ്‌നേഹത്തിൽ മറ്റാരെയെങ്കിലും പങ്കുചേർത്താൽ അത് ശിർക്കുമാണ്. അതു തന്നെയാണ് പണ്ഡിതന്മാർ പറയാറുള്ള സ്‌നേഹത്തിന്റെ കാര്യത്തിലുള്ള ശിർക്ക് (شِرْكٌ في المَحَبَّةِ).

മേൽ സൂക്തത്തിന്റെ വ്യാഖ്യാന മധ്യെ വിശുദ്ധ ഖുർആൻ വിവരണത്തിൽ വന്നുപോയ ഒരു പിശകു കൂടി ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ.

[ഈ സന്ദർഭത്തിൽ അവർ പറയും: അയ്യോ! ഭൂമുഖത്തേക്ക് ഒന്നുകൂടി മടങ്ങിപ്പോകുവാനുള്ള ഒരവസരം ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായേനെ.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/287)

ഇവിടെ പ്രയോഗിച്ച 'അയ്യോ!' എന്ന പദത്തിന് ഇസ്‌ലാമിക വ്യവഹാരക്രമത്തിൽ യാതൊരു സ്ഥാനവുമില്ല. എന്നല്ല, അത്തരം പ്രയോഗങ്ങൾ ഗുരുതരമായ കുറ്റമായി തന്നെ കണക്കാക്കേണ്ടതാണ്. കാരണം, ബഹുദൈവാരാധനാപരമായ അർത്ഥങ്ങളും സൂചനകളും ഉൾക്കൊള്ളുന്നതാണ് പ്രസ്തുത പദം. അയ്യൻ ബൗദ്ധ-ഹൈന്ദവ പാരമ്പര്യങ്ങളിലെ ഒരു ആരാധനാ മൂർത്തിയാണ്. ഇത്തരം പദങ്ങളും പ്രയോഗങ്ങളും ഇസ്‌ലാമിക വ്യവഹാരത്തിലേക്ക് കൊണ്ടുവരുന്നത് വലിയ ആശയക്കുഴപ്പങ്ങൾക്കു കാരണമാകും. അധിക വായനക്കായി അധ്യായങ്ങൾ എന്ന വിഭാഗത്തിനു കീഴിലുള്ള മുഖവുര, ഭാഗം 3 (പുറം 1/552) കൂടി കാണുക.