Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ഹൂദ്,هُودٍസൂക്തം 00

Vol. 2 Page 1133

ഹിജ്റഃക്ക് മുമ്പ് അവതരിച്ച മക്കിയ്യഃ വിഭാഗത്തിലാണ് സുറത്തു ഹൂദ് ഉൾപ്പെടുന്നത്. അല്ലാഹുവിന്റെ നീതിപൂർവ്വകമായ കല്പനാ വിലക്കുകൾ, സത്യസന്ധമായ വൃത്താന്തങ്ങൾ, അവ സ്വീകരിച്ചാലുള്ള സൗഭാഗ്യ വിജയങ്ങളെ കുറിച്ചുള്ള വാഗ്ദാനങ്ങൾ, അവ തിരസ്‌കരിച്ചാലുണ്ടാകുന്ന ഐഹികവും പാരത്രികവുമായ ശിക്ഷയെ കുറിച്ചുള്ള താക്കീതുകൾ, ധിക്കാരികളുടെ പതനങ്ങൾ, ഗതകാല ചരിത്രത്തിൽ മായാതെ കിടക്കുന്ന ഉദാഹരണങ്ങൾ... ഇതെല്ലാമാണ് ഈ അധ്യായത്തിലെ മുഖ്യ ചർച്ചാവിഷയങ്ങൾ.

മേൽ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ സത്യത്തോട് പ്രതിബദ്ധത പുലർത്താനും ആർജ്ജവം കാണിക്കാനും അല്ലാഹു തന്റെ ദൂതനോട് കല്പിക്കുന്നു. സത്യം പുണരാൻ, സത്യത്തിന്റെ മാർഗ്ഗത്തിൽ ഉറച്ചുനിൽക്കാൻ യുക്തിയും അഭീഷ്ടങ്ങളും വെടിഞ്ഞേ പറ്റൂ. അല്ലാഹു ആജ്ഞാപിച്ചു എന്ന ഒറ്റക്കാരണത്താൽ, ലവലേശം വിമ്മിട്ടമോ വീണ്ടുവിചാരമോ കൂടാതെ, അവന്റെ ശാസനകൾക്ക് സർവഥാ കീഴ്‌പ്പെടണം. ദീനീ യാഥാർത്ഥ്യങ്ങളുടെ ഈ അകക്കാമ്പിനെ കുറിച്ച് ഈ അധ്യായം 112-ാം സൂക്തത്തിൽ പ്രത്യേക പരാമർശമുണ്ട്.

നബി ﷺയുടെ ഏതാനും ശിരോകേശങ്ങൾ നരച്ചതു കണ്ടപ്പോൾ അബൂ ബക്ർ ﵁ അതിനെ കുറിച്ച് ആരായുകയുണ്ടായി. അതിന് നൽകിയ മറുപടിയിൽ ഈ അധ്യായത്തിന്റെ ഗാംഭീര്യമുണ്ട്. «شيبتني هود والواقعة والمرسلات وعم يتساءلون وإذا الشمس كورت» [الألباني في الصحيحة برقم ٩٥٥] [ഹൂദ്, വാഖിഅഃ മുർസലാത്, നബഅ്, തക്‌വീർ എന്നീ അധ്യായങ്ങളാണ് എന്നെ നരപ്പിച്ചത്.] (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

മേൽ ഹദീസിന്റെ പാഠഭേദങ്ങൾ പരിശോധിച്ചാൽ സുറത്തു ഹൂദിനു പുറമെ പറഞ്ഞ അധ്യായങ്ങളിൽ വ്യത്യാസം കാണാവുന്നതാണ്. അവയെ എല്ലാം ഉൾക്കൊള്ളും വിധം അവിടുന്ന് ഇപ്രകാരം പറഞ്ഞതായി മറ്റൊരു വചനം കൂടി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: «ഹൂദും സഹോദരിമാരും (സമാനമായ അധ്യായങ്ങളും) ആണ് എന്നെ നരപ്പിച്ചത്». (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

ഖുർആൻ പാരായണ മത്സരങ്ങളിലൂടെയല്ല, കട്ടായം! രാവിന്റെ ഏകാന്തതകളിൽ എഴുന്നേറ്റു നമസ്‌കരിക്കുമ്പോഴോ അല്ലാത്തപ്പോഴോ നടത്തുന്ന പാരായണങ്ങളിലോ, പകൽ വെളിച്ചത്തിലെ കൂട്ടായ പഠനങ്ങളിലോ സംഭവിക്കുന്ന പര്യാലോചനകളിലൂടെ (تَدَبُّرٌ) മാത്രമേ ഒരു വിശ്വാസിക്ക് ഈ മഹനീയ സ്ഥാനം പ്രാപിക്കാൻ കഴിയൂ.