Skip to the text
Quran Vivaranam

107 sections in book mode

Quran explanation

അൻആം,الْأَنْعَامُസൂക്തം 76

Vol. 2 Page 1012

﴿فَلَمَّا جَنَّ عَلَيْهِ اللَّيْلُ رَأَىٰ كَوْكَبًا ۖ قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَا أُحِبُّ الْآفِلِينَ ٧٦﴾

അങ്ങനെ രാത്രി മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അപ്പോൾ പറഞ്ഞു: ഇതാണ് എന്റെ റബ്ബ് ! അങ്ങനെ അത് അസ്‌തമിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്‌തമിച്ച് പോകുന്നവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. (76)

ഇബ്‌റാഹീം ﵇ തന്റെ പിതാവിനോടും അവിടുത്തെ ജനങ്ങളോടും നടത്തിയ തൗഹീദീ പ്രബോധനത്തെ തെറ്റായി വ്യാഖ്യാനിക്കുകയും തീർത്തും ഇസ്‌ലാമിക വിരുദ്ധമായ ചില ആവിഷ്‌കാര രീതികൾക്ക് അത് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇന്ന് സമൂഹത്തിൽ ശക്തമാണ്. മതവിരുദ്ധമോ മതേതരമോ ആയ കലാമൂല്യങ്ങളെയും ആവിഷ്‌കാര രീതികളെയും ഇസ്‌ലാമികവൽക്കരിക്കാനുള്ള ഈ വെമ്പൽ മതമൂല്യങ്ങളുടെ നിരാസത്തിലേക്കാണ് ചെന്നെത്തുന്നത്. അതിന്റെ ഭാഗമായാണ് ഇസ്‌ലാമിക സിനിമ, ഇസ്‌ലാമിക നാടകം, ഇസ്‌ലാമിക അഭിനയം എന്നൊക്കെ നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ 'ഇസ്‌ലാമികത്തിനു' പകരം കൂടുതലായി 'ഹലാൽ' പ്രയോഗിക്കുന്നതായും കാണാം. കൂടുതൽ സങ്കടകരമായ വസ്തുത ഇത്തരം ആവിഷ്‌കാര രീതികളെ മതപ്രബോധനത്തിനുള്ള ഫലപ്രദമായ മാർഗ്ഗമായി അവതരിപ്പിക്കുന്നു എന്നതാണ്.

ഇബ്റാഹീം ﵇ കൈക്കൊണ്ട നടപടിയെന്താണെന്ന് ആദ്യം പരിശോധിക്കാം. രാത്രി മൂടിയപ്പോൾ നക്ഷത്രങ്ങളെ ചൂണ്ടി അവയാണ് തന്റെ ആരാധ്യനെന്ന് പറഞ്ഞു. അവ അസ്‌തമിച്ചപ്പോൾ അസ്‌തമിച്ചു പോകുന്നവയെ ഞാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് അവയെ ആരാധിക്കുന്നതിലുളള പൊള്ളത്തരം വ്യക്തമാക്കി. പിന്നീട് ചന്ദ്രൻ ഉദിച്ചു പൊങ്ങിയപ്പോൾ അതാണ് എന്റെ ആരാധ്യൻ എന്നായി. അങ്ങനെ അത് അസ്‌തമിച്ചപ്പോൾ സദാ നിലകൊള്ളുന്ന ഒന്നിനെ മാത്രമേ ആരാധിക്കാവൂ എന്ന നിലപാടെടുത്തു. പിന്നീട് സൂര്യൻ ഉദയം ചെയ്‌തപ്പോൾ അതാണ് എന്റെ റബ്ബ്, അതാണ് ഏറ്റവും വലുത് എന്നു പറഞ്ഞു. അത് അസ്‌തമിച്ചപ്പോൾ തന്റെ ജനങ്ങളോട് അവയെ ആരാധിക്കുന്നതിലുള്ള വങ്കത്തം വ്യക്തമാക്കുകയും സൃഷ്ടികളെ ആരാധിക്കുന്നതിൽനിന്ന് ഞാൻ തീർത്തും ഒഴിവാണെന്ന് പറയുകയും ചെയ്‌തു.

ഇബ്റാഹീം ﵇ ഇവിടെ അവലംബിച്ചത് സർവ്വാംഗീകൃതമായ ഒരു ഭാഷാശൈലിയാണ്. അദ്ദേഹം തന്റെ ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കാൻ تَوْرِيَةٌ എന്ന ഭാഷാ സങ്കേതം ഉപയോഗിക്കുക മാത്രമേ ചെയ്‌തിട്ടുള്ളു. ശരിയായ ഭാഷാ പ്രയോഗങ്ങളും ശൈലികളും അറിയുന്ന ഒരാൾക്കും അതിൽ സംശയത്തിനോ ആശയക്കുഴപ്പത്തിനോ വകയില്ല. അനുവാചകർ അശ്രദ്ധരായിരിക്കുകയും, വിഷയങ്ങൾ ഗൗരവത്തിലെടുക്കാതെ അലംഭാവപൂർണ്ണമായ സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോൾ അവരുടെ ശ്രദ്ധ ക്ഷണിക്കാൻ ഇത്തരം സങ്കേതങ്ങൾ പ്രയോഗിക്കുക എന്നത് എല്ലാ ഭാഷകളിലും അറിയപ്പെട്ട കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ കാര്യം നേരെ ചൊവ്വെ പറയുന്നതിനു പകരം, വക്രോക്തി പ്രയോഗിച്ച് അൽപം വളച്ചുപറയുന്ന രീതി അവലംബിക്കുന്നത് ഫലപ്രദമായിരിക്കും. അതു മാത്രമാണ് ഇബ്റാഹീം നബി ﵇ ഇവിടെ ചെയ്‌തിരിക്കുന്നത്.

ധർമ്മപരമോ നൈതികമോ ആയ യാതൊരാശയക്കുഴപ്പവും സൃഷ്ടിക്കാത്ത നിർദ്ദോഷകരമായ ഒരു ഭാഷാ സങ്കേതത്തെ, വലിച്ചുനീട്ടിയും വളച്ചുകെട്ടിയും ഏറെ വിവാദാത്മകമായ മറ്റൊരു നവോത്ഥാന കലാസങ്കേതമായി വ്യാഖ്യാനിക്കുന്നതിനെ വെറും വിവരക്കേടായി കണ്ടുകൂടാ. മറിച്ച് വലിയ നൈതിക പ്രശ്‌നങ്ങൾ ഉയർത്തുന്ന കടുത്ത അപരാധമായിട്ടു മാത്രമേ അതിനെ വിലയിരുത്താനാകൂ. ഈ സംഭവത്തെ വലിച്ചുനീട്ടി അതിനെ ഒരു ഇസ്‌ലാമിക സിനിമ, ഇസ്‌ലാമിക അഭിനയം, ഇസ്‌ലാമിക കല എന്നൊക്കെ വിശദീകരിക്കുന്നത് വല്ലാത്ത കടുംകൈയാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ കൊടും വെട്ടാണ് അതിലൂടെ അവർ സാധിച്ചെടുക്കുന്നത്.

പച്ചയായ ശിർക്കിന്റെയും കുഫ്റിന്റെയും ആശയങ്ങളാണ് ഇസ്‌ലാമിക-ഹലാൽ സിനിമകളിൽ വിപണനം ചെയ്യപ്പെടുന്നത്. അഭിനയ കലകളിലും ഛായാഗ്രഹണങ്ങളിലും അതെല്ലാം സ്വാഭാവികമായ ഉള്ളടക്കവും ശൈലിയുമാണ്. ഈ വ്യവസായത്തിൽ അവ ഏവർക്കും അനുവദിക്കപ്പെട്ടതുമാണ്. അവിടെ അനനുവദനീയമായി ഒന്നേയുള്ളു; മതമൂല്യങ്ങളെ കുറിച്ചുള്ള വിചിന്തനം മാത്രം!

ശിർക്ക്, കുഫ്ർ, മതനിന്ദ പോലുള്ള മൂല്യനിരാസങ്ങൾക്കു പുറമെ, ഹലാൽ സിനിമകളിലൂടെ ഇതര സിനിമകളിലേതു പോലുള്ള മറ്റെല്ലാ വൃത്തികേടുകളും മതാത്മക സമൂഹങ്ങളിൽ ആസൂത്രിമായി വിറ്റഴിക്കപ്പെടുന്നുമുണ്ട്. ഇത് വായനക്കാർക്ക് തന്നെ അറിയാവുന്ന കാര്യമാണല്ലോ. യാഥാർത്ഥ്യം ഒട്ടുമേ ഇല്ലാത്ത സംഭവങ്ങൾ ചമച്ചുണ്ടാക്കുകയും, വ്യാജവും കളവും അതിഭാവുകത്വം കലർത്തി അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് അതിലും നടക്കുന്നത്. കൂടാതെ, അവയിൽ കാണപ്പെടുന്ന സാമൂഹ്യ വിപത്തുകൾ നിരവധിയാണ്. ഉദാഹരണമായി സൂക്ഷ്‌മതയുടെ തരിമ്പുപോലുമില്ലാത്ത സ്‌ത്രീ-പുരുഷ സംഗമങ്ങൾ, കൂടിയാടലുകൾ, എതിർ ലിംഗങ്ങളുമായുള്ള താദാത്മീകരണം, അനുകരണം, ഇസ്‌ലാമിക മൂല്യങ്ങളെ കുറിച്ചുള്ള ആക്ഷേപഹാസ്യങ്ങൾ, ഇസ്‌ലാമികേതര മൂല്യങ്ങളുടെ മഹത്വവൽക്കരണം... ഇങ്ങനെ പോകുന്നു അവയുടെ പട്ടിക.

മതവിരുദ്ധമായ രീതികൾ പോകട്ടെ, മതേതരമായ ആവിഷ്‌കാര രീതികളെ പോലും പ്രബോധന മാധ്യമമാക്കണമെങ്കിൽ അതിന് ഇബ്റാഹീം ﵇യുടെ ഈ നടപടി മതിയാവില്ല. മുഹമ്മദ് നബി ﷺയുടെ മാതൃക തന്നെ വേണം. പ്രബോധനത്തിനുള്ള മാർഗ്ഗങ്ങളും ഉപാധികളും നിർണ്ണയിച്ചു തരുന്നത് അല്ലാഹുവാണ്. അവൻ നിർണ്ണയിച്ചു തന്നിട്ടില്ലാത്തവയെല്ലാം അപനിർമ്മിതികളാണ്; അവ തള്ളപ്പെടേണ്ടവയുമാണ്. അവിടുന്ന് പറയുന്നു:

إنه لم يكن نبي قبلي إلا كان حقا عليه أن يدل أمته على خير ما يعلمه لهم، وينذرهم شر ما يعلمه لهم. [مسلم في صحيحه]

[തന്റെ സമുദായത്തിന് നന്മയാണെന്ന് തനിക്കറിയാവുന്ന എല്ലാം അവരെ അറിയിക്കലും, അവർക്ക് ദോഷകരമാണെന്ന് തനിക്ക് അറിയാവുന്ന കാര്യങ്ങളെ കുറിച്ചെല്ലാം അവർക്ക് മുന്നറിയിപ്പ് നൽകലും കടമയായി നിശ്ചയിക്കപ്പെടാത്ത ഒരു നബിയും എനിക്ക് മുമ്പ് കഴിഞ്ഞുപോയിട്ടില്ല.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

ما بقي شيء يقرب من الجنة ويباعد من النار إلا وقد بين لكم. [الطبراني في الكبير]

[സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന, നരകത്തിൽനിന്ന് അകറ്റുന്ന യാതൊന്നും നിങ്ങളോട് വിശദീകരിക്കാതെ വിട്ടുപോയിട്ടില്ല.] (ത്വബറാനി അൽ മുഅ്ജമുൽ കബീറിൽ ഉദ്ധരിച്ചത്)

അപ്പോൾ, ഒരു കാര്യം ഇസ്‌ലാമികം എന്നു വിശേഷിപ്പിക്കണമെങ്കിൽ അതിന് മുൻമാതൃക വേണം. നബി ﷺയും സ്വഹാബത്തും ചെയ്യാത്ത യാതൊരു നടപടിയും നൂതനകാര്യമായും അപനിർമ്മിതിയായും മാത്രമേ കാണാൻ കഴിയൂ. വിശിഷ്യാ പ്രബോധനത്തിനുള്ള മാർഗ്ഗങ്ങളും മാധ്യമങ്ങളും നമുക്ക് പുതുതായി ആവിഷ്‌കരിക്കാവുന്ന കാര്യങ്ങളല്ല. വിശദമായ പഠനം ഉദ്ദേശിക്കുന്ന അറബി വായനക്കാർക്കായി സൗദി അറേബ്യയിലെ യുവ പണ്ഡിതനായിരുന്ന ശൈഖ് അബ്ദുസ്സലാം ബർജസ് ﵀ എഴുതിയ الحجج القوية على أن وسائل الدعوة توقيفية എന്ന പുസ്‌തകം നിർദ്ദേശിക്കുന്നു.

ചുരുക്കത്തിൽ, ഇസ്‌ലാമിക മൂ‌ല്യങ്ങളുടെ ആസൂത്രിതമായ നിരാസമാണ് 'ഇസ്‌ലാമിക-ഹലാൽ' സിനിമകളിൽ കാണപ്പെടുന്നത്. കൂടാതെ, ഇസ്‌ലാമിക കലയുടെ പേരിൽ എഴുന്നള്ളിക്കപ്പെടുന്നത് മനുഷ്യ മഹത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന, മാന്യതയുടെ എല്ലാ അതിർവരമ്പുകളും തട്ടിനിരത്തുന്ന കാര്യങ്ങളാണ് താനും.

സിനിമയുടെയും അഭിനയ കലയുടെയും ഊടും പാവുമായി വർത്തിക്കുന്നത് കളവും വ്യാജവുമാണ്. അതിനെ സാധൂകരിക്കാൻ ഇബ്‌റാഹീം ﵇ പ്രബോധനത്തിനു വേണ്ടി കളവുപറഞ്ഞിട്ടുണ്ടെന്ന ദുർന്യായവും! ചർച്ചയിലിരിക്കുന്ന ഖുർആൻ സൂക്തം അതിനുള്ള ഉദാഹരണവും!! എന്തൊരു പാതകമാണിത്?!

യഥാർത്ഥത്തിൽ പ്രബോധനത്തിനു വേണ്ടി അദ്ദേഹം കളവു പറഞ്ഞിട്ടില്ല. ചർച്ചയിലിരിക്കുന്ന ഖുർആൻ സൂക്തത്തിലുള്ളത് കളവല്ല, تَوْرِيَةٌ (വക്രോക്തി) മാത്രമാണ്. തന്റെ ദീനോ ആത്മാവോ അപകടത്തിൽപെടുന്ന നിർബന്ധിത സാഹചര്യത്തിൽ അദ്ദേഹത്തിനു പ്രയോഗിക്കേണ്ടി വന്ന ചില വക്രോക്തികൾ കളവായിപ്പോകുമോ, അതു നിമിത്തം താൻ അല്ലാഹുവിന്റെ കോപത്തിനു വിധേയനാകേണ്ടിവരുമോ എന്ന ആശങ്കയിലായിട്ടാണ് അദ്ദേഹത്തെ അന്ത്യനാളിൽ കാണപ്പെടുക. വിചാരണ തുടങ്ങാൻ അല്ലാഹുവിനോട് ശിപാർശ ചെയ്യണമെന്ന് ജനം അദ്ദേഹത്തോട് ആവശ്യപ്പെടുമ്പോൾ അദ്ദേഹം പ്രതികരിക്കുന്നത് എന്താണെന്ന് നോക്കൂ. فَيَقُولُ لَهُمْ: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنِّي قَدْ كُنْتُ كَذَبْتُ ثَلاَثَ كَذِبَاتٍ - فَذَكَرَهُنَّ أَبُو حَيَّانَ فِي الحَدِيثِ - نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى مُوسَى فَيَأْتُونَ... الحديث [البخاري في صحيحه] [അപ്പോൾ അദ്ദേഹം അവരോട് പറയും: എന്റെ റബ്ബ് അത്യധികം കോപിച്ചിരിക്കുകയാണിന്ന്, ഇതു പോലെ മുമ്പൊരിക്കലും കോപിച്ചിട്ടില്ല, ഇനിയൊരിക്കലും കോപിക്കുകയുമില്ല. ഞാൻ മൂന്ന് കളവുകൾ പറഞ്ഞിട്ടുള്ളതാണ് - നിവേദകനായ അബൂ ഹയ്യാൻ അത് വിവരിച്ചിട്ടുണ്ട് - എന്റെ കാര്യം... എന്റെ കാര്യം... എന്റെ കാര്യം... നിങ്ങൾ മറ്റുള്ളവരെ സമീപിക്കൂ. നിങ്ങൾ മൂസായുടെ അടുക്കൽ പോകൂ. അങ്ങനെ അവർ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

കളവായി കണക്കാക്കപ്പെടുമോ എന്ന് ഇബ്‌റാഹീം ﵇ ആശങ്കപ്പെടുന്ന സന്ദർഭങ്ങളുടെ കൂട്ടത്തിൽ പോലും ഈ സൂക്തം എണ്ണിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അബൂ ഹുറയ്റഃ ﵁ നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: عَنْ أَبِي هُرَيْرَةَ ﵁، قَالَ: لَمْ يَكْذِبْ إِبْرَاهِيمُ عَلَيْهِ السَّلاَمُ إِلَّا ثَلاَثَ كَذَبَاتٍ، ثِنْتَيْنِ مِنْهُنَّ فِي ذَاتِ اللهِ عَزَّ وَجَلَّ، قَوْلُهُ ﴿إِنِّي سَقِيمٌ 89﴿ (الصافات) وَقَوْلُهُ: ﴾بَلْ فَعَلَهُ كَبِيرُهُمْ هَذَا... 63﴾ (الأنبياء) وَقَالَ: بَيْنَا هُوَ ذَاتَ يَوْمٍ وَسَارَةُ، إِذْ أَتَى عَلَى جَبَّارٍ مِنَ الجَبَابِرَةِ، فَقِيلَ لَهُ: إِنَّ هَا هُنَا رَجُلًا مَعَهُ امْرَأَةٌ مِنْ أَحْسَنِ النَّاسِ، فَأَرْسَلَ إِلَيْهِ فَسَأَلَهُ عَنْهَا، فَقَالَ: مَنْ هَذِهِ؟ قَالَ: أُخْتِي، فَأَتَى سَارَةَ قَالَ: يَا سَارَةُ: لَيْسَ عَلَى وَجْهِ الأَرْضِ مُؤْمِنٌ غَيْرِي وَغَيْرَكِ، وَإِنَّ هَذَا سَأَلَنِي فَأَخْبَرْتُهُ أَنَّكِ أُخْتِي، فَلاَ تُكَذِّبِينِي، فَأَرْسَلَ إِلَيْهَا فَلَمَّا دَخَلَتْ عَلَيْهِ ذَهَبَ يَتَنَاوَلُهَا بِيَدِهِ فَأُخِذَ، فَقَالَ: ادْعِي اللهَ لِي وَلاَ أَضُرُّكِ، فَدَعَتِ اللهَ فَأُطْلِقَ، ثُمَّ تَنَاوَلَهَا الثَّانِيَةَ فَأُخِذَ مِثْلَهَا أَوْ أَشَدَّ، فَقَالَ: ادْعِي االلهَ لِي وَلاَ أَضُرُّكِ، فَدَعَتْ فَأُطْلِقَ، فَدَعَا بَعْضَ حَجَبَتِهِ، فَقَالَ: إِنَّكُمْ لَمْ تَأْتُونِي بِإِنْسَانٍ، إِنَّمَا أَتَيْتُمُونِي بِشَيْطَانٍ. [البخاري في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. ഇബ്‌റാഹീം ﵇ മൂന്നു കളവുകളല്ലാതെ പറഞ്ഞിട്ടില്ല. അവയിൽ അല്ലാഹുവിന്റെ ഭാഗം സംബന്ധിക്കുന്ന രണ്ടെണ്ണം, അദ്ദേഹം പറഞ്ഞ: (ഞാൻ രോഗിയാണ് - സ്വാഫ്ഫാത്ത് 89), (അല്ല, അവയിലെ മുഖ്യ വിഗ്രഹമാണ് ഇത് ചെയ്തത് - അൻബിയാഅ് 63) എന്നിവ. അബൂ ഹുറയ്റഃ ﵁ തുടരുന്നു: അദ്ദേഹവും സാറയും സ്വേഛാധിപതികളിൽ ഒരാളുടെ അരികിലെത്തി. മനുഷ്യരിൽ ഏറ്റവും സൗന്ദര്യമുള്ള ഒരു സ്‌ത്രീയുമായി ഒരാൾ ഇവിടെ എത്തിയിരിക്കുന്നു എന്ന് അദ്ദേഹത്തിന് വിവരം നൽകപ്പെട്ടു. അപ്പോൾ രാജാവ് അദ്ദേഹത്തിന്റെ അടുക്കലേക്ക് ആളെ വിട്ടു. അങ്ങനെ കൂടെയുള്ള സ്‌ത്രീയെ കുറിച്ച് രാജാവ് ചോദിച്ചു: അവർ ആരാണ്? അദ്ദേഹം പറഞ്ഞു: എന്റെ സഹോദരിയാണ്. അങ്ങനെ അദ്ദേഹം സാറയുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: ഓ സാറാ, ഞാനും നീയുമല്ലാതെ ഭൂമുഖത്ത് വിശ്വാസികളായി മറ്റാരുമില്ല. രാജാവ് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് നീ എന്റെ സഹോദരിയാണ് എന്നാണ്. നീ എന്നെ കളവാക്കരുത്. അങ്ങനെ രാജാവ് സാറയുടെ അടുത്തേക്ക് ആളെ വിട്ടു. അവർ രാജാവിന്റെ അടുത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം അവരെ തന്റെ കൈകൊണ്ട് പിടിക്കാൻ നോക്കി. അങ്ങനെ രാജാവിനു അനങ്ങാനാവാത്ത ഒരു അവസ്ഥ പിടികൂടി. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങൾ എനിക്കു വേണ്ടി ദുആ ചെയ്യൂ. ഇനി ഞാൻ നിങ്ങളെ ഉപദ്രവിക്കുകയില്ല. അവർ അല്ലാഹുവിനോട് ദുആ ചെയ്യുകയും ആ വിപത്തിൽനിന്ന് അദ്ദേഹം മുക്തനാക്കപ്പെടുകയും ചെയ്‌തു. അദ്ദേഹം രണ്ടാമതും അവരെ പിടിക്കാൻ നോക്കി. അപ്പോൾ ആദ്യ തവണ ബാധിച്ചതു പോലെയോ അതിനെക്കാൾ കഠിനമായ നിലയിലോ അദ്ദേഹത്തെ ആപത്ത് പിടികൂടി. അദ്ദേഹം വീണ്ടും അവരോട് പറഞ്ഞു: നിങ്ങൾ എനിക്കു വേണ്ടി ദുആ ചെയ്യൂ. ഇനി ഞാൻ ഒരിക്കലും നിങ്ങളെ ഉപദ്രവിക്കുകയില്ല. അവർ അല്ലാഹുവിനോട് ദുആ ചെയ്യുകയും വീണ്ടും വിപത്തിൽനിന്ന് അദ്ദേഹം മുക്തനാക്കപ്പെടുകയും ചെയ്‌തു. അപ്പോൾ അദ്ദേഹം തന്റെ പാറാവുകാരിൽ ചിലരെ വിളിച്ചിട്ട് പറഞ്ഞു: നിങ്ങൾ എനിക്ക് ഒരു മനുഷ്യനെയല്ല കൊണ്ടുതന്നിരിക്കുന്നത്, നിങ്ങൾ കൊണ്ടുതന്നിരിക്കുന്നത് ഒരു പിശാചിനെ മാത്രമാണ്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

വസ്‌തുത ഇങ്ങനെയായിരിക്കെ ഹലാൽ സിനിമക്ക് ഇബ്റാഹീം ﵇ യെ കൂട്ടുപിടിക്കുന്നവർ ഏറെ വൈകാതെ ഹലാൽ മദ്യത്തിനും ഖുർആനിൽ തെളിവു കണ്ടെത്തുമെന്നു വേണം കരുതാൻ.