Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നഹ്ൽ,النَّحْلُസൂക്തം 71

Vol. 2 Page 1230

﴿وَاللهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِي الرِّزْقِ ۚ فَمَا الَّذِينَ فُضِّلُوا بِرَادِّي رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ سَوَاءٌ ۚ أَفَبِنِعْمَةِ اللهِ يَجْحَدُونَ ٧١﴾

അല്ലാഹു നിങ്ങളില്‍ ചിലർക്ക് മറ്റു ചിലരെക്കാള്‍ വിഭവങ്ങളുടെ കാര്യത്തില്‍ മികവ് നൽകിയിരിക്കുന്നു. എന്നാല്‍ മികവ് നൽക‍പ്പെട്ടവർ തങ്ങളുടെ വിഭവം അവരുടെ വലതു കൈകള്‍ അധീനപ്പെടുത്തിയിട്ടുള്ള അടിമകൾക്ക് വിട്ടുകൊടുക്കുകയോ, അതിൽ അവർ സമമാവുകയോ ചെയ്യുന്നില്ല. അപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹത്തെ അവര്‍ നിഷേധിക്കുകയാണോ? (71)

ഖുർആൻ സൂക്തങ്ങളുടെ ഭാഷാന്തരീകരണം വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ചിലപ്പോൾ വാക്യാർത്ഥങ്ങളെക്കാൾ ലക്ഷ്യാർത്ഥങ്ങൾക്ക് മുൻഗണന നൽകേണ്ടി വരും. ചിലപ്പോൾ പരിഭാഷ തന്നെ സാധ്യമാവില്ല; വിവക്ഷ വിശദീകരിക്കാൻ മാത്രമേ കഴിഞ്ഞെന്നു വരികയുള്ളു. മറ്റു ചിലപ്പോൾ ഖുർആനിക ശബ്ദങ്ങൾ പ്രയോഗിക്കപ്പെട്ട സവിശേഷമായ വ്യാവഹാരിക സന്ദർഭങ്ങൾ എടുത്തു കാണിക്കേണ്ടി വരും. മേൽ സൂക്തത്തിൽ ഉപയോഗിച്ചിരിക്കുന്ന രിസ്‌ഖ് (رِزْقٌ) എന്ന പദം അത്തരത്തിൽ ഖുർആനിന്റെ സവിശേഷമായ വ്യവഹാര ക്രമത്തിനകത്തു വെച്ച് പരിശോധിക്കപ്പെടേണ്ടതാണ്. അതിന് ഭാഷാ നിഘണ്ടുക്കളിൽ കാണുന്ന ആഹാരം എന്ന അർത്ഥം നൽകിയാൽ മേൽ സൂക്തത്തിന്റെ തനതായ ആശയം വിനിമയം ചെയ്യാൻ അത് പര്യാപ്‌തമാവുകയില്ല. വിശുദ്ധ ഖുർആൻ വിവരണത്തിൽ അതിനു നൽകിയ പരിഭാഷ കൂടി ശ്രദ്ധിക്കുക:

[അല്ലാഹു (തന്നെ) നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ ആഹാര (വിഷയ)ത്തില്‍ ശേഷ്ഠമാക്കുകയും ചെയ്തിരിക്കുന്നു.] (വിശുദ്ധഖുർആൻ വിവരണം, പുറം 3/1746)

ഇവിടെ രിസ്‌ഖ് (رِزْقٌ) എന്ന പദത്തിന്റെ അര്‍ത്ഥം ആഹാരത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഖുർആനിന്റെ വ്യാവഹാരിക ഭാഷയിൽ രിസ്‌ഖ് (رِزْقٌ) എന്ന പദത്തിന് വളരെ വിപുലമായ അർത്ഥമാണുള്ളത്. ഭക്ഷണം അല്ലെങ്കിൽ ആഹാരം എന്നത് രിസ്‌ഖിന്റെ ഒരിനം മാത്രമാണ്. വാഹനമെന്നാൽ എന്താണ് എന്ന ചോദ്യത്തിന് സൈക്കിൾ എന്ന ഉത്തരം പോലെയാണത്. ഭക്ഷണം മാത്രമല്ല, അല്ലാഹു നൽകുന്ന എല്ലാ വിഭവങ്ങളും രിസ്‌ഖാണ്. ബൗദ്ധികവും മാനസികവും കായികവുമായ ക്ഷമതകൾ, കഴിവുകൾ, നിപുണികൾ, പ്രത്യക്ഷവും പരോക്ഷവുമായ വിഭവങ്ങൾ, പ്രകൃതിപരവും പ്രാപഞ്ചികവുമായ ഉപജീവന മാർഗ്ഗങ്ങൾ... അങ്ങനെ അതിന്റെ പട്ടിക നമുക്ക് തിട്ടപ്പെടുത്താനാവില്ല.

ഹദീസ് നിഘണ്ടു അന്നിഹായഃയിൽ പറയുന്നത് പ്രകാരം രിസ്‌ഖുകൾ രണ്ടു തരമാണ്: ഭക്ഷണം പോലെ ശരീരത്തിനു വേണ്ട പ്രത്യക്ഷമായവയും, അറിവും വിജ്ഞാനവും പോലെ ഹൃദയത്തിനും മനസ്സിനും വേണ്ട പരോക്ഷമായവയും. ആയൂരാരോഗ്യ സമ്പൽ സന്താനസമൃദ്ധിയെല്ലാം ഭൗതിക തലത്തിലുള്ളതാണെങ്കിൽ അറിവ്, വിശ്വാസം, തഖ്‌വഃ, സൽസ്വഭാവം, ധാർമ്മികത, നൈതികത പോലുള്ളവ ആത്മീയ തലത്തിലുള്ളതാണ്. പ്രകൃതിപരം, പ്രാപഞ്ചികം എന്നു പറയാവുന്ന നിരവധി രിസ്‌ഖുകൾ വേറെയുമുണ്ട്. താഴെ പറയുന്ന ഖുർആൻ സൂക്തം ശ്രദ്ധിക്കുക: ﴿وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا أَنزَلَ اللهُ مِنَ السَّمَاءِ مِن رِّزْقٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ الرِّيَاحِ آيَاتٌ لِّقَوْمٍ يَعْقِلُونَ ٥﴾ (الجاثية) [രാപ്പകലുകളുടെ ക്രമാനുഗതമായ മാറ്റത്തിലും, അല്ലാഹു ആകാശത്തു നിന്ന് വിഭവമിറക്കി അതുമുഖേന നിർജീവാവസ്ഥക്കു ശേഷം ഭൂമിക്ക് ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിലും ഗ്രാഹ്യശേഷിയുള്ള ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളേറെയുണ്ട്‌.] (ജാഥിയഃ 5) ﴿وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ ٢٢﴾ (الذاريات) [ഉപരിയിൽ നിങ്ങൾക്കുള്ള വിഭവവും നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങളുമുണ്ട്.] (ദാരിയാത്ത് 22)

മുകളിൽ കൊടുത്തതിൽനിന്നും അതു പോലുള്ള സമാന വചനങ്ങളിൽ നിന്നും രിസ്‌ഖ് (رِزْقٌ) എന്ന പദത്തിന്റെ ആശയ വൈപുല്യം അനായാസം മനസ്സിലാക്കാവുന്നതേയുള്ളു.