Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നിസാഅ്,النِّسَاءِസൂക്തം 23

Vol. 2 Page 894

﴿حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُم مِّنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُم مِّن نِّسَائِكُمُ اللَّاتِي دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ وَأَن تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ اللهَ كَانَ غَفُورًا رَّحِيمًا 23﴾

നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത് നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദര പുത്രിമാർ, സഹോദരീ പുത്രിമാർ, നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാര്‍, മുലകുടി ബന്ധത്തിലുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍, നിങ്ങള്‍ ലൈംഗികവേഴ്‌ച നടത്തിയിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാർ എന്നിവരാണ്. എന്നാൽ നിങ്ങൾ ആ ഭാര്യമാരുമായി ലൈംഗികവേഴ്‌ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കത് കുറ്റകരമാവില്ല. (അതു പോലെ നിഷിദ്ധമാണ്) നിങ്ങളുടെ മുതുകില്‍ നിന്നുള്ള സ്വന്തം പുത്രന്മാരുടെ ഭാര്യമാരും; മുമ്പ് ചെയ്‌തു പോയതൊഴികെ രണ്ടു സഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു. (23)

ഹിജ്റഃക്കു ശേഷം അവതരിച്ച മദനിയ്യഃ വിഭാഗത്തിൽപെട്ട ഒരു അധ്യായമാണ് നിസാഅ്. സ്‌ത്രീകൾ എന്നാണ് ഈ പദത്തിന്റെ ഭാഷാർത്ഥം. ഇതിന്റെ ഉള്ളടക്കത്തിൽ സ്‌ത്രീ, വിവാഹം, വിവാഹമോചനം, കുടുംബം, മുസ്‌ലിംദായക്രമം എന്നീ വിഷയങ്ങളെ കുറിച്ചുള്ള വിശദമായ വിധിവിലക്കുകൾ കൂടി ഉൾപ്പെടുന്നു.

വിവാഹം നിഷിദ്ധമാക്കപ്പെട്ട സ്‌ത്രീകൾ ആരെല്ലാമാണെന്ന് ഈ അധ്യായത്തിലെ 22, 23, 24 സൂക്തങ്ങളിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. പതിനാലു പേരാണ് വിവാഹം നിഷിദ്ധമായിട്ടുള്ളത്. അതിൽ ഏഴു പേർ രക്തബന്ധത്തിലുള്ളവരും ഏഴു പേർ വിവാഹബന്ധത്തിലുള്ളവരുമാണ്. വിവാഹബന്ധത്തിലുള്ള ഏഴു പേരിൽ മൂന്നു പേരെ ഒരുമിച്ച് വിവാഹം ചെയ്യുന്നതിനാണ് വിലക്ക്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു കാര്യം മുലകുടിബന്ധമാണ്. വിവാഹം നിഷിദ്ധമാകുന്ന കാര്യത്തിൽ രക്തബന്ധം പോലെയാണ് മുലകുടിബന്ധവും. ആരിൽനിന്ന് ഗർഭം ധരിച്ചതു കൊണ്ടാണോ പാലൂട്ടാൻ സാധിച്ചത് അദ്ദേഹവും മുലയൂട്ടിയ ഉമ്മയും മുലകുടിച്ച കുട്ടിയും തമ്മിലാണ് ഈ ബന്ധം സ്ഥാപിതമാവുക. മുലകുടിബന്ധത്തിലുള്ള മാതാവിന്റെയും സഹോദരിയുടെയും കാര്യം മേൽ സൂക്തത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ വിശദീകരിച്ചുകൊണ്ട് നബി ﷺ പറയുന്നു: عَنِ ابْنِ عَبَّاسٍ، ﵄ قَالَ: قَالَ النَّبِيُّ ﷺ فِي بِنْتِ حَمْزَةَ: لاَ تَحِلُّ لِي، يَحْرُمُ مِنَ الرَّضَاعِ مَا يَحْرُمُ مِنَ النَّسَبِ، هِيَ بِنْتُ أَخِي مِنَ الرَّضَاعَةِ. [البخاري في صحيحه] [ഇബ്‌നു അബ്ബാസ് ﵄ നിവേദനം. ഹംസ ﵁ന്റെ പുത്രി ഉമാമഃയുടെ വിവാഹക്കാര്യത്തിൽ നബി ﷺ പറഞ്ഞു: «അവരുമായി എനിക്ക് വിവാഹം പാടില്ല. രക്തബന്ധം കൊണ്ട് നിഷിദ്ധമാകുന്നതെല്ലാം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും. അവർ മുലകുടിബന്ധത്തിലുള്ള എന്റെ സഹോദര പുത്രിയാണ്.» അതായത്, ഹംസ ﵁ യും നബി ﷺയും ഒരേ പോറ്റുമ്മയിൽനിന്ന് മുലകുടിച്ചിട്ടുണ്ട് എന്ന് സാരം.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

വിവാഹം വിലക്കപ്പെട്ടവരുടെ പട്ടിക താഴെ കൊടുക്കാം:

i. രക്തബന്ധത്തിലുള്ള ഏഴു പേർ:

  1. ഉമ്മമാർ
  2. പുത്രിമാർ
  3. സഹോദരിമാർ
  4. പിതൃസഹോദരിമാർ
  5. മാതൃസഹോദരിമാർ
  6. സഹോദര പുത്രിമാർ
  7. സഹോദരീ പുത്രിമാർ

ii. വിവാഹബന്ധത്തിലുള്ള (4 + 3 = 7) ഏഴു പേർ:

  1. പിതാക്കൾ വിവാഹം ചെയ്‌തവർ
  2. പുത്രന്മാർ വിവാഹം ചെയ്‌തവർ
  3. ഭാര്യമാരുടെ ഉമ്മമാർ

(ഇതിൽ വിവാഹ ഉടമ്പടിയാണ് പരിഗണിക്കുക. ലൈംഗികബന്ധം നടന്നോ ഇല്ലയോ എന്നത് പരിഗണനീയമല്ല)

4. ഭാര്യമാർക്ക് - അവരുമായി ലൈംഗിക ബന്ധം നടന്നിട്ടുള്ളവരാണെങ്കിൽ - മറ്റു ഭർത്താക്കന്മാരിലുണ്ടായ പുത്രിമാർ

ഒരുമിച്ച് വിവാഹം ചെയ്യാൻ വിലക്കുള്ളവർ:

  1. രണ്ടു സഹോദരിമാരെ ഒരുമിച്ച് വിവാഹം ചെയ്യൽ
  2. ഒരുവളെയും അവളുടെ പിതൃസഹോദരിയെയും ഒരുമിച്ച് വിവാഹം ചെയ്യൽ
  3. ഒരുവളെയും അവളുടെ മാതൃസഹോദരിയെയും ഒരുമിച്ച് വിവാഹം ചെയ്യൽ

കൂടാതെ, ഒരാളുടെ ഭാര്യാപദവിയിലുള്ള സ്‌ത്രീയെ വിവാഹം അന്വേഷിക്കാനോ മറ്റേതെങ്കിലും വിധത്തിൽ വിവാഹം ചെയ്യാനോ പാടില്ലാത്തതാകുന്നു. അല്ലാഹു വിധിവിലക്കുകൾ നിശ്ചയിച്ചിരിക്കുന്നത് മനുഷ്യരുടെ സുരക്ഷിതത്വത്തിനും സുസ്ഥിതിക്കും വേണ്ടിയാണ്. മതം, അസ്തിത്വം, ബുദ്ധി, അഭിമാനം, സമ്പത്ത് എന്നിവ സംരക്ഷിക്കുക എന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽപെട്ടതാണ്. അല്ലാഹു നിശ്ചയിച്ച അതിരുകൾ പാലിക്കുക. ഇഹത്തിലും പരത്തിലും ജീവിത വിജയം കരസ്ഥമാക്കുക. ഇതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.