Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നിസാഅ്,النِّسَاءُസൂക്തം 59

Vol. 2 Page 908

﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللهِ وَالْيَوْمِ الْآخِرِۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا 59﴾

വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക; നിങ്ങൾ റസൂലിനെയും നിങ്ങളിലെ കൈകാര്യകർത്താക്കളെയും അനുസരിക്കുക. വല്ല കാര്യത്തിലും നിങ്ങൾ ഭിന്നിക്കുകയാണെങ്കിൽ അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കൂ. നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അതാണ് കൂടുതൽ ഉത്തമവും നല്ല പര്യവസാനമുളവാക്കുന്നതും. (59)

മേൽ സൂക്തത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്‌തു കൊണ്ട് അല്ലാഹു ആജ്ഞാപിക്കുന്നു: നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക, റസൂലിനെ അനുസരിക്കുക, നിങ്ങളിൽപെട്ട കൈകാര്യകർത്താക്കളെയും (أُولُو الْأَمْرِ).

ഇതിന്റെ വ്യാഖ്യാനമായി വിശുദ്ധ ഖുർആൻ വിവരണത്തിൽ (പുറം 1/685) ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: [ഉദാഹരണമായി: ഭരണകാര്യങ്ങളിൽ ഭരണ മേധാവികളും പൊതുകാര്യങ്ങളിൽ സമുദായ നേതാക്കളും യുദ്ധകാര്യങ്ങളിൽ സൈന്യാധിപന്മാരും വ്യവഹാര വഴക്കുകളിൽ വിധികർത്താക്കളും, മതവിധികളിൽ മതപണ്ഡിതന്മാരും, സംഘടനാ വിഷയങ്ങളിൽ സംഘത്തലവന്മാരും അധികാരസ്ഥന്മാരുമായിരിക്കും.]

നിങ്ങളിൽപെട്ട കൈകാര്യകർത്താക്കൾ എന്നതിന് സലഫുകൾ നൽകിയ വ്യാഖ്യാനമല്ല വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്തിരിക്കുന്നത്. സലഫുകളുടെ വ്യാഖ്യാനം താഴെ കൊടുക്കാം. أن الذين أمرَ بطاعتهم تعالى ذكره من ذوي أمرنا، هم الأئمة ومن ولَّوْه أمر المسلمين، دون غيرهم من الناس. [ابن جرير في جامع البيان] [നമ്മുടെ മേൽ ശാസനാധികാരമുള്ള യാതൊരുവരെ അനുസരിക്കണമെന്ന് അല്ലാഹു കൽപിച്ചിരിക്കുന്നുവോ അവർ ഭരണത്തലവന്മാരും, മുസ്‌ലിം പ്രജകളുടെ കാര്യം അവർ ചുമതലപ്പെടുത്തുന്നവരുമാണ്; അവരൊഴികെ ജനങ്ങളിൽപെട്ട മറ്റാരുമല്ല.] (ഇബ്‌നു ജരീർ ജാമിഉൽ ബയാനിൽ രേഖപ്പെടുത്തിയത്) والظاهر - والله أعلم - أن الآية في جميع أولي الأمر من الأمراء والعلماء، كما تقدم. [ابن كثير في تفسير القرآن العظيم] [ഈ സൂക്തം - മുമ്പ് പറഞ്ഞതു പോലെ - നായകരും പണ്ഡിതരുമായ എല്ലാ ശാസനാധികാരികളെയും സംബന്ധിച്ചാണെന്നതു വ്യക്തമാണ് الله أعلم] (ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

സ്വഹാബികളിലും താബിഉകളിലുംപെട്ട ഖുർആൻ വ്യാഖ്യാതാക്കളെ ഉദ്ധരിച്ച ശേഷം ഇബ്‌നു ജരീറും ഇബ്‌നു കഥീറും tرحمهما الله മേൽ വചനത്തിനു നൽകിയ വ്യാഖ്യാന സംഗ്രഹമാണ് മുകളിൽ കൊടുത്തത്.

ശാസനാധികാരമുള്ള ഭരണത്തലവന്മാരെ അനുസരിക്കണം. അവരാണ് മുസ്‌ലിം പ്രജകളുടെ കാര്യം ഏൽപിക്കപ്പെട്ട യഥാർത്ഥ നായകന്മാർ. അല്ലാഹു അവർക്ക് അധികാരം (mandate) നൽകി എന്നതാണ് അവരുടെ നിയോഗത്തിന്റെ അടിസ്ഥാനം. അവർ പണ്ഡിതരായിരിക്കണം എന്നതാണ് ഇസ്‌ലാമിലെ അടിസ്ഥാന വിഭാവന.

ഭരണത്തലവന്മാർ പണ്ഡിതരാണെങ്കിലും അല്ലെങ്കിലും സുഗമമായ ഭരണ നിർവ്വഹണത്തിനായി മതപരവും ഭരണപരവുമായ കാര്യങ്ങളിൽ പാണ്ഡിത്യവും പ്രാവീണ്യവുമുള്ള പലരെയും അധികാരികളായി ചുമതലപ്പെടുത്തേണ്ടിവരും. അങ്ങനെ അവർ ചുമതലപ്പെടുത്തുന്ന മറ്റു അധികാരികളെയും അനുസരിക്കണം. അത് അവരെ അനുസരിക്കുന്നതിന്റെ ഭാഗമാണ്.

ഇപ്പറഞ്ഞവരല്ലാതെ മറ്റാരുമല്ല നിങ്ങളിൽപെട്ട കൈകാര്യകർത്താക്കൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ശ്രദ്ധിക്കുക! എല്ലാ പണ്ഡിതന്മാരും കൈകാര്യകർത്താക്കൾ എന്നതിന്റെ നിർവ്വചന പരിധിയിൽ ഉൾപ്പെടുകയില്ല. ഭരണാധികാരി പ്രത്യേകം ചുമതല നൽകി അധികാരപ്പെടുത്തിയ പണ്ഡിതന്മാർ മാത്രമേ കൈകാര്യകർത്താക്കളിൽ (أُولُو الْأَمْرِ) ഉൾപ്പെടുകയുള്ളു.

സംഘടനാ നേതാക്കളും സമുദായ നേതാക്കളുമെല്ലാം أُولُو الْأَمْرِ ചമയാറുണ്ട്. അവരുടെ സ്വാധീനം ഉറപ്പിക്കുന്നതിനു വേണ്ടി മേൽ സൂക്തത്തെ ദുരുപയോഗപ്പെടുത്താറുമുണ്ട്. അതെല്ലാം ദുർവ്യാഖ്യാനവും സംഘടനാ പക്ഷപാതവും മാത്രമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷെ, വിശുദ്ധ ഖുർആൻ വിവരണം പോലുള്ള ഒരു കൃതിയിൽ ഇത്തരം പിഴവുകൾ സംഭവിക്കരുതായിരുന്നു.

ഭരണത്തലവനെയും അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു അധികാരികളെയും അനുസരിക്കേണ്ടത് അല്ലാഹുവിന്റെ ശാസനകൾക്ക് വിധേയമായിട്ടാണ്. അല്ലാഹു നിയമാനുസാരമാക്കിയ കാര്യങ്ങളിൽ അവരെ അനുസരിക്കുകയും അല്ലാഹുവിനെ ധിക്കരിക്കുന്ന കാര്യങ്ങളിൽ മാറിനിൽക്കുകയും വേണം. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം.

ഒരിക്കൽ നബി ﷺ ഒരു ചെറുസൈന്യത്തെ നിയോഗിച്ചു. അതിന്റെ നേതൃത്വം ഒരു അൻസ്വാരിക്കാണ് നൽകിയത്. സന്ദർഭവശാൽ അദ്ദേഹം സൈനികരോട് കോപിക്കുകയും ഒരു തീകുണ്ഡം ഒരുക്കി അതിൽ ചാടാൻ അവരോട് ആജ്ഞാപിക്കുകയും ചെയ്‌തു. അൽപം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കോപം ശമിക്കുകയും തീയണയുകയും ചെയ്‌തു. പിന്നീട് വിഷയം നബി ﷺയുടെ ശ്രദ്ധയിൽ വന്നപ്പോൾ അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്: «لَوْ دَخَلُوهَا مَا خَرَجُوا مِنْهَا أَبَدًا، إِنَّمَا الطَّاعَةُ فِي المَعْرُوفِ». [البخاري في صحيحه عن علي ﵁] [അവർ അതിൽ ചാടിയിരുന്നുവെങ്കിൽ ഒരിക്കലും അതിൽനിന്ന് അവർ രക്ഷപ്പെടുമായിരുന്നില്ല. (അല്ലാഹു നിയമാനുസാരമാക്കിയ) മഅ്റൂഫിൽ മാത്രമേ അനുസരണമുള്ളു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)