Quran explanation
നഹ്ൽ,النَّحْلُസൂക്തം 124
Vol. 2 Page 1244
﴿إِنَّمَا جُعِلَ السَّبْتُ عَلَى الَّذِينَ اخْتَلَفُوا فِيهِ ۚ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ 12٤﴾
ശബ്ബത്തിന്റെ കാര്യത്തിൽ ഭിന്നിച്ചവരാരോ അവരുടെമേൽ തന്നെയാണ് അത് ആചരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. തീർച്ചയായും നിന്റെ റബ്ബ് ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അവർ ഭിന്നിച്ച വിഷയത്തിൽ അവർക്കിടയിൽ തീർപ്പുകൽപ്പിക്കുന്നതാണ്. (124)
സാമാന്യ ജനങ്ങൾക്ക് പാരായണം ചെയ്യാനും ആശയാവലികൾ തെറ്റാതെ മനസ്സിലാക്കിയെടുക്കാനും ഉതകുന്ന വിധത്തിലാണ് ഖുർആൻ പരിഭാഷകളും വിവരണങ്ങളും തയ്യാറാക്കേണ്ടത്. മുൻകാല ഗ്രന്ഥത്തിന്റെ അവകാശികളായ ജൂതക്രൈസ്തവ വിഭാഗങ്ങളുടെ വിശ്വാസങ്ങളെ കുറിച്ച് പ്രതിപാദിക്കുമ്പോൾ അവയിലെ ശരിതെറ്റുകൾ വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് സാധാരണക്കാരായ അനുവാചകരിൽ വലിയ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ജനിപ്പിച്ചേക്കാം. മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ അത്തരത്തിലുള്ള ഒരു പരാമർശം വിശുദ്ധ ഖുർആൻ വിവരണത്തിൽ സംഭവിച്ചിട്ടുള്ളത് താഴെ ഉദ്ധരിക്കാം:
[അല്ലാഹു സൃഷ്ടിയില്നിന്ന് ഒഴിവായ ദിവസമല്ലാതെ, മറ്റൊന്നും ഞങ്ങള്ക്ക് ആവശ്യമില്ല എന്നവര് പറഞ്ഞു. ഇത് ശനിയാഴ്ചയാണ്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 3/1779)
മേൽ ഭാഗം അതിന്റെ പൂർവ്വാപരബന്ധങ്ങളോടു കൂടി വായിച്ചാൽ തന്നെ അതൊരു തെറ്റായ സങ്കല്പമാണെന്ന് ഒരു സാധാരണക്കാരന് മനസ്സിലാക്കിയെടുക്കാൻ കഴിയില്ല. അത് ജൂതന്മാരുടെ തെറ്റായ വിശ്വാസമാണെന്ന് അവിടെ പറയണമായിരുന്നു. ഞായർ മുതൽ വെള്ളി വരെയുള്ള ആറു ദിവസങ്ങളിൽ അല്ലാഹു സൃഷ്ടികർമ്മത്തിൽ നിരതനായെന്നും ഏഴാം നാൾ, ശബ്ബത്തിൽ, സൃഷ്ടികർമ്മത്തിൽനിന്ന് വിരമിച്ച് വിശ്രമിച്ചു എന്നതും വൈദിക സങ്കല്പമാണ്. അതിനെ സാധൂകരിക്കുന്ന യാതൊരു രേഖയും ഇസ്ലാമിക പ്രമാണങ്ങളിലില്ല. മറിച്ചുള്ള സൂചനകളം പരാമർശങ്ങളും ഖുർആനിക സൂക്തങ്ങളിലുണ്ട് താനും. ഉദാഹരണമായി അല്ലാഹുവിന്റെ ഒരു വചനം ശ്രദ്ധിക്കുക: ﴿يَسْـَٔلُهُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ ٢٩﴾ (الرحمٰن) [ആകാശങ്ങളിലും ഭൂമിയിലുമുള്ളവര് അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന് ഓരോരോ കാര്യത്തിലായിരിക്കും.] (റഹ്മാൻ 29)
അല്ലാഹു ആറു നാളുകൾ കൊണ്ട് സൃഷ്ടികർമ്മം പൂർത്തീകരിച്ച് ഏഴാം നാൾ ഒഴിഞ്ഞിരിക്കുകയാണെന്ന ജൂതരുടെ വിശ്വാസത്തെ ഖണ്ഡിക്കുന്നതാണ് മേൽ സൂക്തം. അതിന്റെ വ്യാഖ്യാനത്തിൽ പൂർവ്വികരായ മുഫസ്സിറുകൾ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ﴿كُلَّ يَوْمٍ هُوَ فِي شَأْنٍ﴾ قال مقاتل: نزلت في اليهود حين قالوا إن الله لا يقضي يوم السبت شيئا، قال المفسرون: من شأنه أن يحيي ويميت، ويرزق، ويعز قوما، ويذل قوما، ويشفي مريضا، ويفك عانيا ويفرج مكروبا، ويجيب داعيا، ويعطي سائلا ويغفر ذنبا إلى ما لا يحصى من أفعاله وأحداثه في خلقه ما يشاء. [البغوي في معالم التنزيل] [«എല്ലാ ദിവസവും അവന് ഓരോരോ കാര്യത്തിലായിരിക്കും» എന്നതിനെ കുറിച്ച് മുഖാതിൽ ﵀ പറയുന്നു: ശബ്ബത്ത് നാളിൽ അല്ലാഹു ഒന്നും വിധിക്കുന്നില്ല എന്ന് ജൂതന്മാർ പറഞ്ഞപ്പോൾ അവരെ കുറിച്ചാണ് ഇത് അവതരിച്ചത്. വ്യാഖ്യാതാക്കൾ പറയുന്നത്, ജീവിപ്പിക്കുക, മരിപ്പിക്കുക, വിഭവങ്ങൾ നൽകുക, ഒരു വിഭാഗത്തെ പ്രതാപവാന്മാരാക്കുക, ഒരു വിഭാഗത്തെ നിന്ദ്യരാക്കുക, രോഗിക്ക് ശമനം നല്കുക, ബുദ്ധിമുട്ടുന്നവനെ മോചിപ്പിക്കുക, വിഷമമനുഭവിക്കുന്നവന് ആശ്വാസമേകുക, പ്രാർത്ഥിക്കുന്നവന് ഉത്തരം ചെയ്യുക, ചോദിക്കുന്നവന് നല്കുക, പാപം പൊറുത്തു കൊടുക്കുക, പോലുള്ള തിട്ടപ്പെടുത്താനാകാത്ത കൃത്യങ്ങൾ നിർവ്വഹിക്കുന്നതും അവന്റെ സൃഷ്ടികളിൽ അവൻ ഇഛിക്കുന്ന മാറ്റങ്ങൾ വരുത്തുന്നതും അവന്റെ കാര്യത്തിൽ പെട്ടതാണ്.] (ബഗവി തഫ്സീറിൽ രേഖപ്പെടുത്തിയത്)