Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ബഖറഃ,الْبَقَرَةُസൂക്തം 178

Vol. 2 Page 768

﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ 178﴾

സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രതിക്രിയ നിയമമാക്കപ്പെട്ടിരിക്കുന്നു- സ്വതന്ത്രനുപകരം സ്വതന്ത്രനും, അടിമയ്‌ക്കു പകരം അടിമയും, സ്‌ത്രീക്കു പകരം സ്‌ത്രീയും എന്ന നിലയിൽ. ഇനി ഘാതകന് തന്റെ സഹോദരന്റെ പക്ഷത്തു നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മഅ്റൂഫ് പിന്തുടരണം. (അഥവാ കൊല്ലപ്പെട്ട വ്യക്തിയുടെ അനന്തരാവകാശി നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ മഅ്റൂഫ് പിന്തുടരണം.) കുറ്റമറ്റ നിലയിൽ (ഘാതകൻ) നഷ്ടപരിഹാരം കൊടുക്കുകയും വേണം. അത് നിങ്ങളുടെ റബ്ബിങ്കൽനിന്നുള്ള ഒരു വിട്ടുവീഴ്‌ചയും കാരുണ്യവുമാകുന്നു. ഇനി അതിനു ശേഷം ആരെങ്കിലും അതിക്രമം കാണിക്കുകയാണെങ്കില്‍ അവനുണ്ടായിരിക്കുക വേദനയേറിയ ശിക്ഷയായിരിക്കും. (178)

[معروف (മഅ്റൂഫ്) എന്ന പദം ഖുർആനിൽ പലേടത്തും ഉപയോഗിച്ചു കാണാം. 'അറിയപ്പെട്ടത്, പരിചയപ്പെട്ടത് ' എന്നൊക്കെയാണതിന് വാക്കർത്ഥം. ഇമാം റാഗിബ് (റ) പ്രസ്‌താവിച്ചത് പോലെ ബുദ്ധി മുഖേനയോ, മതനിയമങ്ങൾ മുഖേനയോ നല്ല വഴക്കമായി അറിയപ്പെട്ട എല്ലാ കാര്യത്തിനും 'മഅ്റൂഫ് ' എന്ന് പറയപ്പെടും. ഇതിന്റെ നേരെ വിപരീതമാണ് مُنْكَر (മുൻകർ) ഈ വസ്‌തുതകൾ കണക്കിലെടുത്തുകൊണ്ട് معروف 'സദാചാരം, ആചാരം, മര്യാദ' എന്നിങ്ങനെയും منكر ന് ദുരാചാരം, ദുർമര്യാദ, വെറുക്കപ്പെട്ടത്, അപരിചിതം' എന്നിങ്ങിനെയും സന്ദർഭോചിതം അർത്ഥം കൽപിക്കപ്പെട്ടു വരുന്നു.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/299)

വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ പരാമർശം പുണ്യപാപങ്ങളെ കുറിച്ചുള്ള ഒരു ചർച്ചയിലേക്ക് വാതിൽ തുറക്കുകയാണ്. ഏറെ മൗലികവും സൂക്ഷ്‌മതയോടെ വിശകലനം ചെയ്യേണ്ടതുമായ വിഷയമാണത്. മുകളിൽ കൊടുത്ത വിവരണം സൂക്ഷ്മമോ വസ്‌തുനിഷ്ഠമോ അല്ലെന്ന് ആദ്യമേ പറയട്ടെ. എന്നാൽ മഅ്റൂഫും മുൻകറും ഒരുമിച്ച് പരാമർശിച്ച ചില സൂക്തങ്ങളുണ്ട്. അവിടെ വെച്ച് അത് ചർച്ച ചെയ്യുന്നതായിരിക്കും കൂടുതൽ ഉചിതമെന്നു കരുതുന്നു.

മേൽ സൂക്തത്തിന്റെ ശരിയായ വിവക്ഷ മനസ്സിലാക്കാൻ ഇബ്‌നു ജരീർ അത്ത്വബ്‌രി ﵀ 'മഅ്റൂഫി'നു നൽകിയ വിശദീകരണം മാത്രം ഇവിടെ ഉദ്ധരിക്കാം: وأما معنى قوله ﴿ فاتباع بالمعروف﴾ فإنه يعنى: فاتباع على ما أوجبه الله له من الحق قبل قاتل وليه من غير أن يزداد عليه ما ليس له عليه في أسنان الفرائض أو غير ذلك أو يكلفه ما لم يوجبه الله له عليه. [ابن جرير الطبري في جامع البيان] [«മഅ്റൂഫോടു കൂടി അനന്തര നടപടികൾ കൈക്കൊള്ളേണ്ടതും» എന്ന വചനത്തിന്റെ വിവക്ഷ: തീർച്ചയായും അത് അർത്ഥമാക്കുന്നത് തന്റെ ബന്ധുവിന്റെ ഘാതകന് (പ്രതിക്രിയയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച നൽകുന്ന പക്ഷം) അവനോട് അല്ലാഹു തനിക്ക് നിയമ പ്രകാരം നൽകിയ അവകാശം മാത്രം ആവശ്യപ്പെടേണ്ടതും, പ്രായശ്ചിത്തമായി നൽകുന്ന മൃഗങ്ങളുടെ വയസ്സിന്റെ കാര്യത്തിലും മറ്റും തനിക്ക് അവനിൽനിന്നും അവകാശപ്പെട്ടതിലധികം കൂട്ടി ചോദിക്കാൻ പാടില്ലാത്തതും, അല്ലാഹു തനിക്ക് അവനിൽനിന്നും നിയമമാക്കിയതല്ലാതെ യാതൊന്നും അവനുമേൽ ചുമത്താൻ പാടില്ലാത്തതുമാണ്.] (ഇബ്‌നു ജരീർ ജാമിഉൽ ബയാനിൽ രേഖപ്പെടുത്തിയത്)

ഇവിടെ مَعْرُوف എന്നതിന് ഇബ്‌നു ജരീർ ﵀ നൽകുന്ന അർത്ഥം അല്ലാഹു നിശ്ചയിക്കുന്നത്, അല്ലാഹു നിയമമാക്കുന്നത് എന്നാണ്. അതിനപ്പുറം മനുഷ്യ ബുദ്ധിക്ക് നല്ലതായി തോന്നുന്നതോ നല്ല വഴക്കമായി അറിയപ്പെടുന്നതോ ആയ കാര്യങ്ങളെ മഅ്റൂഫിൽ ഉൾപ്പെടുത്തിയാൽ അത് ദീനിന്റെ മൗലികമായ ആശയങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കും. പ്രമാണവാക്യങ്ങളെ തന്നിഷ്ടമനുസരിച്ച് ദുർവ്യാഖ്യാനിക്കുന്നവരാണ് ഇത്തരം വിവക്ഷകൾ ചമക്കാറുള്ളത്. അത് സലഫുകളുടെ രീതിക്ക് വിരുദ്ധമാണ് താനും.