Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ബഖറഃ,الْبَقَرَةُസൂക്തം 137

Vol. 2 Page 709

﴿فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍۖ فَسَيَكْفِيكَهُمُ اللهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ١٣٧﴾

നിങ്ങൾ വിശ്വസിച്ചതിനു തത്തുല്യമായത് അവരും വിശ്വസിക്കുന്നുവെങ്കിൽ അവർ സന്മാർഗ്ഗം പ്രാപിച്ചതു തന്നെ. മറിച്ച് അവർ പിന്തിരിയുകയാണെങ്കിൽ നിശ്ചയമായും അവർ വിരുദ്ധ ചേരിയിലാണ്. അവരുടെ കാര്യത്തിൽ നിനക്ക് അല്ലാഹു മതി. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു. (137)

ഖുർആൻ സൂക്തങ്ങൾ സൂക്ഷ്മമായ ആശയതലങ്ങൾ ഉൾക്കൊള്ളുന്നവയാണ്. അവ പാരായണം ചെയ്യേണ്ടതും മനസ്സിലാക്കിയെടുക്കേണ്ടതും പ്രയോഗവത്കരിക്കേണ്ടതും വിശദീകരിച്ചു കൊടുക്കേണ്ടതും അതീവ ശ്രദ്ധയോടുകൂടിയായിരിക്കണം. ഈ രംഗത്ത് സ്‌ഖലിതങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് സ്വഹാബത്തിന്റെ ഗ്രാഹ്യം പിന്തുടരണമെന്ന് അല്ലാഹു നിർദ്ദേശിച്ചത്. മേൽ സൂക്തത്തിലടങ്ങിയിരിക്കുന്ന ആശയാവലികളെ വേണ്ട പോലെ സംവേദനക്ഷമമാക്കുകയോ സ്‌പർശബോധമുളവാക്കുകയോ ചെയ്യുന്ന ഒരു വിശദീകരണവും മലയാളത്തിൽ ലഭ്യമല്ല; വിശുദ്ധ ഖുർ ആൻ വിവരണത്തിൽ പോലും. അതിൽ കൊടുത്തിരിക്കുന്ന വിവരണം താഴെ ഉദ്ധരിക്കാം:

[എന്നിട്ട്, നിങ്ങൾ ഏതൊന്നിൽ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതിൽ അവരും വിശ്വസിച്ചുവെങ്കിൽ, അവർ സന്മാർഗ്ഗം പ്രാപിച്ചു കഴിഞ്ഞു... തികച്ചും ന്യായയുക്തവും, വർഗ്ഗീയതയോ, കക്ഷിത്വമോ തീണ്ടാത്തതുമായ ഈ വിശ്വാസസിദ്ധാന്തം സ്വീകരിക്കുവാൻ വേദക്കാർ തയ്യാറുണ്ടെങ്കിൽ, അവരും സന്മാർഗ്ഗം പ്രാപിക്കും.] (വിശുദ്ധ ഖുർആൻ വിരണം, പുറം 1/255-256)

ആയതിനാൽ, ഇവിടെ മൂന്ന് കാര്യങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു.

ഒന്ന് : "നിങ്ങൾ വിശ്വസിച്ചതിനു" എന്നതിന്റെ ഉദ്ദേശ്യം സ്വഹാബികൾ ഏതൊന്നിൽ വിശ്വസിച്ചിരിക്കുന്നുവോ എന്നു തന്നെ വേണം മനസ്സിലാക്കാൻ. കാരണം, 'നിങ്ങൾ' എന്ന സർവ്വനാമം കൊണ്ട്, ഒന്നാമതായും, ഏറ്റവും അർഹപ്പെട്ടത് എന്ന നിലയിലും (أَوَّلِيًّا وأََوْلَوِيًّا) ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വഹ്‌യിന്റെ പ്രഥമ അഭിസംബോധിതരായ സ്വഹാബിമാരെയാണ്.

രണ്ട് : بِمِثْلِ എന്നതിനെയാണ് 'അപ്രകാരമുള്ളതിൽ' എന്ന് വിശുദ്ധ ഖുർആൻ വിവരണത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. مِثْلِيَّة നെ കൃത്യമായി പ്രകാശിപ്പിക്കാൻ പര്യാപ്‌തമല്ല ഈ പരിഭാഷ. തത്തുല്യമായത്, സമമൂല്യമായത് എന്നൊക്കെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വഹാബിമാരുടെ വിശ്വാസം എന്താണോ തത്തുല്യമായ കാര്യം അഥവാ അതേ കാര്യം തന്നെ മറ്റുള്ള വരും വിശ്വസിക്കണം. ഇക്കാര്യത്തിലും സ്വഹാബത്തിനെ അന്യൂനമായും പരിപൂർണ്ണമായും പിന്തുടരണം. അപ്പോൾ മാത്രമേ സന്മാർഗ്ഗം പ്രാപിക്കുകയുള്ളു.

ഉദാഹരണമായി, അല്ലാഹുവിന്റെ നാമ ഗുണ വിശേഷങ്ങൾ സംബന്ധിച്ച് എന്താണോ വഹ്‌യിൽ സ്ഥിരപ്പെട്ടത് അതുമാത്രം സ്ഥിരപ്പെടുത്തുകയും, എന്താണോ വഹ്‌യിൽ നിരസിക്കപ്പെട്ടത് അത് അതേവിധം നിരാകരിക്കുകയും, വഹ്‌യ് മൗനം അവലംബിച്ച കാര്യങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുക എന്നതാണ് അവരുടെ നിലപാട്. ഇതേ നിലപാട് അതേ വിധത്തിൽ പിന്തുടരുന്നവരാണ് സന്മാർഗ്ഗം പ്രാപിക്കുക. സ്വഹാബികളുടെ രീതി അല്ലാഹുവിന്റെ മുഖം, കൈ (وَجْهٌ، يَدٌ) പോലുള്ള സ്വിഫാത്തുകളെ കുറിച്ച് അവയുടെ അർത്ഥം നമുക്കറിയാം, എന്നാൽ രൂപം നമുക്ക് അറിയില്ല, അത് അല്ലാഹുവിന്നറിയാം എന്നു പറഞ്ഞ് അവനു വിട്ടേക്കുക എന്നതാണ്. എന്നാൽ പിൻഗാമികളിൽ ചിലർ അത്തരം വിശേഷണങ്ങളെ സന്ദർഭത്തിനനുസരിച്ച് വ്യാഖ്യാനിക്കാറുണ്ട്. അത്തരക്കാർ ഈ ആയത്തിൽ നിർദ്ദേശിച്ചിരിക്കുന്നതു പോലെ സ്വഹാബത്ത് വിശ്വസിച്ചതിന് തത്തുല്യമായതിൽ വിശ്വസിക്കുന്നവരല്ല. അതുകൊണ്ടു തന്നെ അവർ സന്മാർഗ്ഗം പ്രാപിക്കുകയുമില്ല.

ദീൻകാര്യങ്ങൾ, സ്വഹാബത്ത് സ്വീകരിച്ചതു തന്നെ യാതൊരു വിധ മാറ്റവുമില്ലാതെ മറ്റുള്ളവരും സ്വീകരിക്കണം. അതിൽ മാറ്റങ്ങൾ വരുത്തുമ്പോഴാണ് മുസ്‌ലിംകൾക്കിടയിൽ അഭിപ്രായ ഭിന്നതയും കക്ഷിത്വവും ഉടലെടുക്കുന്നത്. ഇപ്രകാരം സ്വഹാബത്തിന്റെ മാർഗ്ഗത്തിൽനിന്ന് വ്യതിചലിക്കുന്ന കക്ഷികളെല്ലാം തന്നെ നരകത്തിലാണ്. നബി ﷺ പറയുന്നത് കാണുക: عَنْ مُعَاوِيَةَ بْنِ أَبِي سُفْيَانَ ﵁ أَنَّهُ قَالَ: أَلَا إِنَّ رَسُولَ اللهِ ﷺ قَامَ فِينَا فَقَالَ: «أَلَا إِنَّ مَنْ قَبْلَكُمْ مِنْ أَهْلِ الْكِتَابِ افْتَرَقُوا عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَإِنَّ هَذِهِ الْمِلَّةَ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ، ثِنْتَانِ وَسَبْعُونَ فِي النَّارِ، وَوَاحِدَةٌ فِي الْجَنَّةِ، وَهِيَ الْجَمَاعَةُ». أبو داود في سننه، والترمذي في سننه بلفظ: «وَتَفْتَرِقُ أُمَّتِي عَلَى ثَلَاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلَّا مِلَّةً وَاحِدَةً» قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: «مَا أَنَا عَلَيْهِ وَأَصْحَابِي». [أورده الألباني في الصحيحة] [മുആവിയ ﵁ നിവേദനം. അദ്ദേഹം പറയുന്നു, ഒരിക്കൽ നബി ﷺ ഞങ്ങൾക്കിടയിൽ എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു: «അറിയുക! നിങ്ങൾക്ക് മുമ്പുള്ള ഗ്രന്ഥാവകാശികൾ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. നിശ്ചയമായും ഈ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി വേർപിരിയും. എഴുപത്തിരണ്ടും നരകത്തിലാണ്, ഒന്ന് സ്വർഗ്ഗത്തിലുമാണ്. അതാണ് അൽ ജമാഅഃ.» (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്). തിർമുദി സുനനിൽ ഉദ്ധരിച്ചത് ഇപ്രകാരമാണ്: «എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. ഒരേ ഒരു വിഭാഗമൊഴിച്ച് മറ്റെല്ലാവരും നരകത്തിലാണ്.» അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! ആരാണ് അവർ? അവിടുന്ന് പറഞ്ഞു: «ഞാനും എന്റെ അനുചരന്മാരും ഏതിലാണോ അതിൽ നിലകൊള്ളുന്നവർ.»] (അൽബാനി സ്വഹീഹഃയിൽ ഉദ്ധരിച്ചത്)

മൂന്ന് : വിശ്വാസ സിദ്ധാന്തം, വേദക്കാർ എന്നീ പ്രയോഗങ്ങൾ അനുചിതവും അബദ്ധവുമാണ്. വിശദീകരണം ആവശ്യമുള്ളവർ അധ്യായങ്ങൾക്കു നൽകിയ മുഖവുരയിലെ ഭാഗം 3, 4 (പുറം 1/552-558) വായിച്ചു നോക്കാവുന്നതാണ്.