Quran explanation
നഹ്ൽ,النَّحْلُസൂക്തം 120
Vol. 2 Page 1241
﴿إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا للهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ 120﴾
തീർച്ചയായും ഇബ്റാഹീം വ്യക്തമായ തൗഹീദ് പക്ഷക്കാരനായി, സർവഥാ അല്ലാഹുവിന് കീഴ്പ്പെട്ട് ജീവിച്ചിരുന്ന, മുഴു നന്മകളുടെയും ഒരു മാതൃകാസ്ഥാനമായിരുന്നു; ഒരിക്കലും അദ്ദേഹം മുശ്രിക്കുകളിൽ പെട്ടവനായിരുന്നതുമില്ല. (120)
[നിശ്ചയമായും ഇബ്രാഹീം, അല്ലാഹുവിനോടു ഭക്ത്യനുസരണമുള്ള ഋജുമാനസനായ ഒരു (പ്രത്യേക) സമുദായം (അഥവാ മാതൃകാനേതാവ്) ആയിരുന്നു. അദ്ദേഹം മുശ്രിക്കുകളില് പെട്ടവനായിരുന്നിട്ടുമില്ല.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 3/1778)
വിശുദ്ധഖുർആൻ വിവരണത്തിൽ നഹ്ൽ 120-ാം സൂക്തത്തിനു നൽകിയ പരിഭാഷയാണ് മുകളിൽകൊടുത്തത്. പരിഭാഷയും തുടർന്നു നൽകിയ വിവരണവും വായിക്കുന്ന അനുവാചകർക്ക് മേൽ സൂക്തത്തിൽനിന്ന് അനിവാര്യമായും ലഭിക്കേണ്ട അറിവുകൾ കിട്ടുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഒരു ലഘുവിവരണം ആവശ്യമായിത്തീരുന്നു.
നബിമാരുടെ പിതാവായും തൗഹീദ് പക്ഷക്കാരുടെ നായകനായും അല്ലാഹുവിന്റെ ഖലീലായും വിശേഷിപ്പിക്കപ്പെടാറുള്ള ഇബ്റാഹീം ﵇നെ കുറിച്ച് പരാമൃഷ്ട സൂക്തത്തിൽ മൂന്നു കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്:
1. അദ്ദേഹം ഒരു ഉമ്മത്താണ്.
2. അദ്ദേഹം ഒരു ഖാനിതാണ്.
3. അദ്ദേഹം ഒരു ഹനീഫാണ്.
ഇവിടെ, അദ്ദേഹം ഒരു ഉമ്മത്താണ് എന്ന പരാമർശമാണ് വിശദീകരിക്കേണ്ടതായിട്ടുള്ളത്. ആരാണ് ഖാനിത്? എന്താണ് ഖുനൂത്? ഇക്കാര്യം ബഖറഃ 238-ാം സൂക്തത്തിനു കീഴിലും (പുറം 2/825), അതു പോലെ ആരാണ് ഹനീഫ്? എന്താണ് ഹനീഫിയ്യത്ത്? ഇക്കാര്യം ബഖറഃ 135-ാം സൂക്തത്തിനു കീഴിലും (പുറം 1/697) വിശദീകരിച്ചിട്ടുള്ളതാണ്. മാന്യവായനക്കാർക്ക് അത് പരിശോധിക്കാവുന്നതാണ്.
ഇനി, ഇബ്റാഹീം ഒരു ഉമ്മത്താണ് എന്നു പറഞ്ഞതിനെ കുറിച്ച് പരിശോധിക്കാം. മുഴു നന്മകളും മാലോകരെ പഠിപ്പിക്കുകയും അവർക്കതിന് മാതൃകയായി നിലകൊള്ളുകയും ചെയ്യുന്നവൻ എന്നാണ് ഉമ്മത്ത് എന്നതു കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. ബഗവി ﵀ തന്റെ തഫ്സീറിൽ സലഫുകളിൽപെട്ട ഖുർആൻ വ്യാഖ്യാതാക്കളെ ഉദ്ധരിച്ചു കൊണ്ട് സമർത്ഥിച്ചിട്ടുള്ള ആശയവും ഇതു തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ വായിക്കാം: قوله تعالى: (إن إبراهيم كان أمة) قال ابن مسعود: الأمة، معلم الخير، أي: كان معلما للخير، يأتم به أهل الدنيا، وقد اجتمع فيه من الخصال الحميدة ما يجتمع في أمة، قال مجاهد: كان مؤمنا وحده والناس كلهم كفار، قال قتادة: ليس من أهل دين إلا يتولونه ويرضونه. [البغوي في معالم التنزيل] [«തീർച്ചയായും ഇബ്റാഹീം ഒരു ഉമ്മത്തു തന്നെയാണ്»: ഈ വചനത്തെ കുറിച്ച് ഇബ്നു മസ്ഊദ് ﵁ പറയുന്നു: "ഉമ്മത്ത് എന്നാൽ നന്മ പഠിപ്പിക്കുന്നവൻ. അഥവാ അദ്ദേഹം അങ്ങനെ നന്മ പഠിപ്പിക്കുന്നവനായിരുന്നു. ഭൂലോകവാസികൾ അദ്ദേഹത്തെയാണ് മാതൃകയാക്കി പിന്തുടരുന്നത്. ഒരു സമുദായത്തിൽ മൊത്തമായി ഒരുമിച്ചു കൂടിയിട്ടുള്ള ശ്ലാഘനീയമായ ഗുണങ്ങൾ അദ്ദേഹത്തിൽ സമ്മേളിച്ചിരിക്കുന്നു". മുജാഹിദ് പറയുന്നു: "ജനങ്ങൾ എല്ലാവരും അവിശ്വാസികളായിരുന്നപ്പോൾ അദ്ദേഹം തനിച്ച് വിശ്വാസിയായി നിലകൊണ്ടു". ഖതാദഃ പറയുന്നു: "ഒരു മതത്തിന്റെ അനുയായികളും അദ്ദേഹത്തെ ഏറ്റെടുക്കുകയും തൃപ്തിപ്പെടുകയും ചെയ്യാത്തവരായിട്ടില്ല."] (ബഗവി തഫ്സീറിൽ രേഖപ്പെടുത്തിയത്)
ഇബ്നു കഥീർ ﵀ പറയുന്നു:
فأما الأمة فهو الإمام الذي يقتدى به. [ابن كثير في تفسيره]
[എന്നാൽ ഉമ്മത്ത് എന്നതു കൊണ്ടുള്ള വിവക്ഷ പിന്തുടരപ്പെടുന്ന നായകൻ എന്നതത്രെ.] (ഇബ്നു കഥീർ തഫ്സീറിൽ രേഖപ്പെടുത്തിയത്)
ഏതെങ്കിലും ഒരു പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ കോർത്തിണക്കപ്പെട്ട വിഭാഗത്തിന് അറബി ഭാഷയിൽ സാമാന്യമായി ഉമ്മത്ത് എന്ന് പറയാം. അവരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി എന്തുമാകാം. മതമാകാം, സ്ഥലമാകാം, കാലമാകാം. അവർക്ക് തെരഞ്ഞെടുക്കാനും നിർണ്ണയിക്കാനും സാവകാശവും സ്വാതന്ത്ര്യവുമുള്ള കാര്യമാകാം. അല്ലെങ്കിൽ അവരുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന പ്രാപഞ്ചിക ഘടകമാകാം. ഈ അർത്ഥത്തിൽ ഉമ്മത്ത് എന്ന പദം ഖുർആനിൽ വിവിധ സന്ദർഭങ്ങളിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇബ്റാഹിം നബി ﵇ ഒരു ഉമ്മത്താണ് എന്ന പരാമർശം കൊണ്ടുള്ള വിവക്ഷയാണ് നാം നേരത്തെ വിശദീകരിച്ചത്. പരാമൃഷ്ട സൂക്തത്തിൽ വന്ന മൂന്നു വിശേഷണങ്ങളും അദ്ദേഹം തന്റെ ജീവിതം കൊണ്ട് അന്വർത്ഥമാക്കി. ദീപ്തവും ധന്യവുമായ ആ ജീവിതത്തോട് താദാത്മ്യപ്പെടാൻ കഴിയാത്തവൻ സ്വയം വിഡ്ഢിയാവുകയാണ് ചെയ്യുന്നത്.
അദ്ദേഹത്തെ ഏറ്റെടുക്കാനല്ലാതെ തള്ളിപ്പറയാൻ കഴിയുന്ന ആരുമില്ലെന്നത് ഒരു പച്ചയായ സത്യമാണ്. താന്തോന്നികളും തന്നിഷ്ടക്കാരും വരെ അദ്ദേഹത്തിന്റെ ആളുകളായി ചമയാൻ വ്യഗ്രത കാണിക്കുന്നതാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് തെറ്റായ കാര്യങ്ങൾക്ക് ഇല്ലാത്ത മാതൃകകൾ പുതുതായി രചിക്കാനാണ് അവർ ശ്രമിക്കുന്നത്. നാട്യങ്ങൾക്കും അഭിനയങ്ങൾക്കും അദ്ദേഹത്തെ മാതൃകയാക്കാൻ ശ്രമിക്കുന്നവരുണ്ട്. രാഷ്ട്രീയ വടംവലികൾക്കു ചുക്കാൻ പിടിച്ച, അധികാര കേന്ദ്രങ്ങളോടു കലഹിച്ച ഒരു വിപ്ലവകാരിയായി അദ്ദേഹത്തെ ചിത്രീകരിക്കുന്നവർ വേറെയുണ്ട്. ശിലാന്യാസത്തിനും വിഗ്രഹപൂജക്കും വരെ അദ്ദേഹത്തെ ദുരുപയോഗിക്കുന്നവർ വേറെയുമുണ്ട്.
പക്ഷെ മഹാനായ റസൂൽ ഇബ്റാഹീം ﵇ അതൊന്നുമായിരുന്നില്ല. അതിനോടൊന്നും അദ്ദേഹത്തിനു യാതൊരു ബന്ധവും ഉണ്ടായിരുന്നതുമില്ല. മറിച്ച്, വ്യക്തമായും തൗഹീദ് പക്ഷക്കാരനായി, സർവഥാ അല്ലാഹുവിന് കീഴ്പ്പെട്ട് ജീവിച്ചിരുന്ന, മുഴു നന്മകളുടെയും മാതൃകാസ്ഥാനമായിരുന്നു ഇബ്റാഹീം﵇; ഒരിക്കലും അദ്ദേഹം മുശ്രിക്കുകളിൽ പെട്ടവനായിരുന്നതുമില്ല.