Quran explanation
ഹൂദ്,هُودٌസൂക്തം 07
Vol. 2 Page 1134
﴿وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِن بَعْدِ الْمَوْتِ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ ٧﴾
ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ് - അവന്റെ അര്‍ശ് വെള്ളത്തിനു മീതെയായിരുന്നു - നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ് എന്ന് നീ പറഞ്ഞാല്‍ അവിശ്വാസികൾ പറയും; ഇത് വ്യക്തമായ മാരണമല്ലാതെ മറ്റൊന്നുമല്ല. (7)
പ്രാപഞ്ചിക യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ഖുർആനിക പരാമർശങ്ങൾ ഏറെ മൗലികവും മനോഹരവുമാണ്. സത്യാന്വേഷികളുടെ ജിജ്ഞാസകൾ ശമിപ്പിക്കുന്നതും മനോമസ്തിഷ്കങ്ങളെ കുളിരണിയിപ്പിക്കുന്നതുമായ വ്യാഖ്യാനങ്ങളാണ് സച്ചരിതരായ സലഫുകൾ അവക്കു നൽകിയിരിക്കുന്നത്. അത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോകാൻ മലയാള വായനക്കാർക്ക് ഭാഗ്യമുണ്ടായിട്ടില്ലെന്നു വേണം പറയാൻ. വിശുദ്ധ ഖുർആൻ വിവരണത്തിൽ പോലും അവ്യക്തകളും ആശയക്കുഴപ്പങ്ങളും ബാക്കിനിൽക്കുകയാണ്. മേൽ സൂക്തത്തിനു നൽകിയ വിശദീകരണങ്ങൾ തന്നെ ഉദാഹരണം. സലഫുകളുടെ രീതികളുമായോ വ്യാഖ്യാനങ്ങളുമായോ അവ ഒത്തുപോകുന്നില്ല. അതിൽനിന്നുള്ള ഏതാനും ചില വാക്യങ്ങൾ താഴെ ഉദ്ധരിക്കാം:
[وَكَانَ عَرْشُهُ عَلَى الْمَاءِ (അവന്റെ അർശു വെള്ളത്തിലായിരുന്നു) എന്നത്രെ അത്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1447)
[ആകാശഭൂമികളെ സൃഷ്ടിക്കുകയും, അവ രൂപം കൊള്ളുകയും ചെയ്യുന്നതിന്റെ മുമ്പത്തെ അവസ്ഥയെക്കുറിച്ചാണ് وَكَانَ عَرْشُهُ عَلَى الْمَاءِ (അവന്റെ അർശു വെള്ളത്തിന്മേലായിരുന്നു) എന്നു പറഞ്ഞതെന്ന് അല്ലാഹു പറഞ്ഞ വാചകത്തില്നിന്നും, നബി (സ്വ) യുടെ ഈ പ്രസ്താവനയില്‍നിന്നും സ്പഷ്ടമാകുന്നു.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1448)
[എന്നിരിക്കെ, 'വെള്ളം' (الْمَاءِ) കൊണ്ടു ഇവിടെ വിവക്ഷ നമുക്കു സുപരിചിതമായ അര്‍ത്ഥത്തിലുള്ള വെള്ളമായിരിക്കുവാന് തരമില്ല.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1448)
[ശാസ്ത്രീയ നിരീക്ഷണങ്ങൾക്ക് അത് വേണ്ടതുപോലെ വ്യക്തമാക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതു കൊണ്ടു ആ വാസ്തവത്തിനു ദോഷമൊന്നുമില്ല.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1448)
മേൽ വ്യാഖ്യാനങ്ങളിൽ ചില അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. عَرْشُ, അത് നിലകൊള്ളുന്ന الْمَاءُ എന്നിവയെ കുറിച്ചുള്ള അശ്അരികളുടെ വിശ്വാസങ്ങളെയും വ്യാഖ്യാന രീതികളെയുമാണ് അവ പ്രതിഫലിപ്പിക്കുന്നത്. അവയൊന്നും സച്ചരിതരായ സലഫുകളുടെ വിശ്വാസങ്ങളോടും രീതികളോടും യോജിച്ചു പോകുന്നവയല്ല. ഇതു സംബന്ധമായി അഅ്റാഫ് 54-ാം സൂക്തത്തിനു കൊടുത്ത വിശദീകരണം നിർബന്ധമായും മാന്യവായനക്കാർ പരിശോധിക്കണമെന്ന് അപേക്ഷിക്കുകയാണ്.
അല്ലാഹുവിന്റെ സൃഷ്ടിയാണ് അർശ്; ഏറ്റവും വലുതും ഏറ്റവും മുകളിലുള്ളതുമായ സൃഷ്ടി. ഏറ്റവും ആദ്യം സൃഷ്ടിച്ച മഹത്തായ സൃഷ്ടികളിൽ ഒന്ന്. ഖലം, അർശ്, മാഅ് ഇവയിൽ ഒന്നാണ് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്. ആകാശഭൂമികൾ സൃഷ്ടിക്കുമ്പോൾ അർശ് ഉണ്ടായിരുന്നു. അത് വെള്ളത്തിനു (الْمَاءُ) മീതെയായിരുന്നു. ഇക്കാര്യം ചർച്ചയിലിരിക്കുന്ന സൂക്തത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
ആകാശഭൂമികളെ സൃഷ്ടിച്ചപ്പോൾ മാത്രമല്ല, ഇപ്പോഴും അർശ് വെള്ളത്തിനു (الْمَاءُ) മീതെ തന്നെയാണ്. ഇക്കാര്യത്തിനുള്ള സ്ഥിരീകരണം ബുഖാരി ഉദ്ധരിച്ച ഹദീസിലുണ്ട്. അത് ഇപ്രകാരം വായിക്കാം: عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ ﷺ قَالَ: يَدُ اللهِ مَلْأَى لَا يَغِيضُهَا نَفَقَةٌ، سَحَّاءُ اللَّيْلَ وَالنَّهَارَ، وَقَالَ: أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَاوَاتِ وَالْأَرْضَ فَإِنَّهُ لَمْ يَغِضْ مَا فِي يَدِهِ، وَقَالَ: عَرْشُهُ عَلَى الْمَاءِ، وَبِيَدِهِ الْأُخْرَى الْمِيزَانُ يَخْفِضُ وَيَرْفَعُ. [البخاري في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറയുന്നു: നിശ്ചയമായും അല്ലാഹുവിന്റെ കൈ നിറഞ്ഞുനിൽക്കുന്നതാണ്. വ്യയം അതിനെ വറ്റിച്ചുകളയില്ല. രാപ്പകൽ ഭേദമന്യെ അവൻ ദാനം ചെയ്തുകൊണ്ടേയിരിക്കുകയാണ്.
അവിടുന്ന് പറയുന്നു: നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ! ആകാശഭൂമികൾ സൃഷ്ടിച്ചതു മുതൽ അവൻ ചെലവഴിച്ചത് അവന്റെ കൈയിലുള്ളതിൽനിന്ന് അൽപം പോലും കുറവു വരുത്തിയിട്ടില്ല.
അവിടുന്ന് തുടരുന്നു: അവന്റെ അർശ് വെള്ളത്തിനു (الْمَاءُ) മീതെയാണ്. അവന്റെ മറ്റേ കൈയിൽ തുലാസുണ്ട്. അവൻ അത് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
അപ്പോൾ പരാമൃഷ്ട സൂക്തത്തിന്റെയും മേൽ ഹദീസിന്റെയും വെളിച്ചത്തിൽ നാം മനസ്സിലാക്കേണ്ട വസ്തുത എന്താണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി ﵀ വിവരിക്കുന്നത് കാണുക: فأفاد قوله تعالى: (كان) في الآية الإخبار عما كان في الماضي قبل خلق السموات والأرض، وأفاد قولهﷺ في الحديث الآخر: (وعرشه على الماء) أنه لم يزل كذلك. [ابن حجر في فتح الباري] [മേൽ സൂക്തത്തിൽ അല്ലാഹു പ്രയോഗിച്ച -كَانَ- എന്ന വാക്ക് അറിയിക്കുന്നത് ആകാശഭൂമികൾ സൃഷ്ടിക്കുന്നതിനു മുമ്പുള്ള കാര്യമാണ്. എന്നാൽ ഹദീസിൽ വന്ന «അവന്റെ അർശ് ംവെള്ളത്തിനു (الْمَاءُ) മീതെയാണ്» എന്ന വചനം അറിയിക്കുന്നത് അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു എന്നുള്ള യാഥാർത്ഥ്യവുമാണ്.] (ഇബ്നു ഹജർ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയത്)
അല്ലാഹുവിന്റെ ഉൽകൃഷ്ടമായ നാമങ്ങളും ഉന്നതമായ ഗുണവിശേഷങ്ങളും അദൃശ്യകാര്യങ്ങളും ഒരു വിശ്വാസി എങ്ങനെയാണ് വായിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടത് എന്നത് ഇസ്ലാമിക വിശ്വാസ സംഹിതയുമായും മൻഹജുമായും ബന്ധപ്പെട്ട കാര്യമാണ്. ഇതു സംബന്ധിച്ചും വ്യക്തമായ ധാരണ അനിവാര്യമാണ്. അധിക വായനക്കായി 'അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ' എന്ന ലേഖനം (പുറം 1/360) കൂടി കാണുക.