Quran explanation
ബഖറഃ,الْبَقَرَةُസൂക്തം 236
Vol. 2 Page 824
﴿لاَ جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ ۖ حَقًّا عَلَى الْمُحْسِنِينَ 236﴾
ഭാര്യമാരെ നിങ്ങൾ സ്‌പർശിക്കുകയോ, അവർക്കുള്ള മഹ്ർ നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പ് അവരെ വിവാഹമോചനം നടത്തുന്നത് നിങ്ങളുടെമേൽ കുറ്റമല്ല. സമ്പന്നൻ അവന്റെ തോതനുസരിച്ചും, ഞെരുക്കമുള്ളവൻ അവന്റെ തോതനുസരിച്ചും നിയമാനുസൃതമായ ഇനാം എന്ന നിലയിൽ അവർക്ക് ഹർഷദമായൊരു ദാനം നൽകേണ്ടതുണ്ട്; മുഹ്സിനുകളുടെമേൽ അതൊരു ബാധ്യത തന്നെയാണ്. (236)
മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ സംഭവിച്ച ഒരു പിശക് ശ്രദ്ധിക്കുക:
['അനുവദനീയമായ കാര്യത്തിൽ വെച്ച് അല്ലാഹുവിന് ഏറ്റവും കോപകരമായുള്ളത് ത്വലാഖാകുന്നു (വിവാഹമോചനമാകുന്നു)' എന്ന് ഹദീസിൽ വന്നിട്ടുണ്ട്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/379)
'അനുവദനീയമായ കാര്യത്തിൽ വെച്ച് അല്ലാഹുവിന് ഏറ്റവും കോപകരമായുള്ളത് ത്വലാഖാകുന്നു' എന്നത് സ്വീകാര്യയോഗ്യമല്ലാത്ത ദുർബ്ബല ഹദീസാണ്. മാന്യ വായനക്കാർ ശ്രദ്ധിക്കുമല്ലോ. അതിന്റെ ബലഹീനത സംബന്ധിച്ചുള്ള വിശദാംശങ്ങൾക്ക് ഇമാം അൽബാനി ﵀യുടെ إِرْوَاءُ الْغَلِيلِ (ഹദീസ് നമ്പർ 2040) കാണുക.
ദുർഘടപ്രതിസന്ധികളിൽ വഴിമുട്ടിനിൽക്കുന്ന ജീവിതങ്ങൾക്ക് വിവാഹമോചനം ഒരു പോംവഴിയാകുമെങ്കിൽ അത് ഉപയോഗപ്പെടുത്താം എന്നതു തന്നെയാണ് ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്. അത് വിലക്കപ്പെട്ടതോ വെറുക്കപ്പെട്ടതോ ആയ കാര്യമല്ല. വിവാഹ വിഘടനം നടത്തിയ ജോഡികൾക്ക് മിക്കപ്പോഴും വിവാഹമോചനം മാന്യവും ആരോഗ്യകരവുമായ പുതിയ ഒരു വൈവാഹിക ജീവിതത്തിലേക്ക് വാതിൽ തുറന്നു കൊടുക്കാറുണ്ടെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ക്ഷമയവലംബിക്കാതെയും മറ്റു പരിഹാര സാധ്യതകൾ അന്വേഷിക്കാതെയും വിവാഹമോചനത്തിലേക്ക് എടുത്തുചാടുന്നതും, അത് ദുരുപയോഗം ചെയ്യുന്നതും ശർഅ് അംഗീകരിക്കുന്നില്ല. കണിശവും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങളാണ് വിവാഹമോചനത്തിന് ഇസ്‌ലാമിൽ അനുശാസിക്കപ്പെട്ടിരിക്കുന്നത്. അവ സസൂക്ഷ്‌മം നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഇക്കാര്യം അനായാസം ബോധ്യപ്പെടുന്നതാണ്.