Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നിസാഅ്,النِّسَاءُസൂക്തം 64

Vol. 2 Page 916

﴿وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللهَ تَوَّابًا رَّحِيمًا ٦4﴾

അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല. അവര്‍ സ്വന്തത്തോട് തന്നെ അതിക്രമം കാണിച്ചു എങ്കിൽ, അവർ നിന്റെ അടുക്കല്‍ വരികയും, എന്നിട്ട് അല്ലാഹുവിനോട് പാപമോചനം തേടുകയും, അവര്‍ക്കു വേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്‌തിരുന്നുവെങ്കില്‍ അല്ലാഹുവിനെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമായി അവര്‍ക്ക് കണ്ടെത്താൻ കഴിയുമായിരുന്നു. (64)

«അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടാൻ വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല...»

മനുഷ്യരാശിയിലേക്ക് അല്ലാഹു നിയോഗിക്കുന്ന ദൂതന്മാർ അനുസരിക്കപ്പെടണം എന്നത് അല്ലാഹുവിന്റെ ഉത്തരവാണ്.

രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കൾ ഗൂഢലക്ഷ്യത്തോടെ അനുസരണത്തെ നിരുപാധികമെന്നും സോപാധികമെന്നും രണ്ടായി വിഭജിക്കാറുണ്ട്. നിരുപാധികമായ അനുസരണം ആരാധനയാണ് എന്നാണ് അവർ വാദിക്കുന്നത്. അനിസ്‌ലാമിക ഭരണകൂടത്തെയോ ഭരണാധികാരികളെയോ അനുസരിക്കുന്നത് നിരുപാധികമാണെന്നും അത് അവർക്കുള്ള ആരാധനയും ശിർക്കുമാണെന്നും അവർ ജൽപിക്കുന്നു. നിലവിലുള്ള ഭരണവ്യവസ്ഥകളെ അട്ടിമറിച്ച്, അവർ ഉദ്ദേശിക്കുന്ന ദൈവരാജ്യം സ്ഥാപിക്കാൻ വേണ്ടിയാണ് ഈ ദുർവ്യാഖ്യാനങ്ങൾ. പ്രമാണരേഖകൾ പഠന വിധേയമാക്കുന്ന ഏതൊരാൾക്കും ഇസ്‌ലാമിസ്റ്റുകളുടെ ഈ വാദമുഖത്തിലുള്ള ആന്തരിക വൈരുദ്ധ്യം ബോധ്യമാകും.

അല്ലാഹു നിയോഗിച്ച ദൂതന്മാരെ നിരുപാധികം അനുസരിക്കണം എന്നതല്ലേ അവന്റെ കൽപന? ഇസ്‌ലാമിസ്റ്റുകൾ പറയുന്നതു പോലെയാണ് കാര്യമെങ്കിൽ അത് അവർക്കുള്ള ആരാധനയാവില്ലേ? അപ്പോൾ അതിനെ മറികടക്കാൻ വേണ്ടി അവർ പറയുന്ന ദുർന്യായം ഇപ്രകാരമാണ്: നിരുപാധികമായ അനുസരണം അല്ലാഹുവിന്ന് മാത്രമേ പാടുള്ളു. നബി ﷺയെ അനുസരിക്കുന്നത് നിരുപാധികമല്ല. അല്ലാഹു ആജ്ഞാപിച്ചു എന്ന ഉപാധിയിലാണ്.

അർത്ഥശൂന്യമായ ഇത്തരം പദക്കസർത്തുകളിൽ ചിലരെങ്കിലും പെട്ടുപോകാറുണ്ട്. എന്നാൽ വസ്തുത ഇതാണ്: നബി ﷺയെ അനുസരിക്കണമെന്നത് അല്ലാഹുവിന്റെ കൽപനയാണ്. അതിന് യാതൊരു ഉപാധിയും അല്ലാഹു നിശ്ചയിച്ചിട്ടില്ല. അല്ലാഹു കൽപിച്ചു എന്നത് ഉപാധിയല്ല. അത് കാരണമാണ്. അത് ഉപാധിയാണെന്ന് വാദിച്ചാൽ അല്ലാഹുവിനെയും ആർക്കും നിരുപാധികം അനുസരിക്കാൻ കഴിയില്ല. കാരണം അല്ലാഹുവാണ് മുഴുചരാചരങ്ങളെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. അക്കാരണത്താലാണ് നാം അവനെ ആരാധിക്കുന്നത്. അപ്പോൾ ആ കാരണം അല്ലാഹുവിനെ അനുസരിക്കാനുള്ള ഉപാധിയായിത്തീരും. അതിനാൽ ആർക്കും അല്ലാഹുവിനെ നിരുപാധികം അനുസരിക്കാനാവില്ല. അവനുള്ള അനുസരണം സോപാധികമായിത്തീരും.

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം എന്നതാണ് അല്ലാഹുവിന്റെ കൽപന. എന്നല്ല, അതാണ് അവന്റെ ഏറ്റവും നിശിതമായ കൽപന. അതിന് സോപാധികം, നിരുപാധികം എന്ന വേർതിരിവ് ഒന്നും പ്രമാണരേഖകളിലില്ല. ഒരേ ഭാഷയിൽ, ഒരേ പദത്തിൽ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്ന് ഒരുമിച്ച് പറയുന്ന നിരവധി വാക്യങ്ങൾ ഖുർആനിലുണ്ട്. (ആലു ഇംറാൻ 32, 132, അൻഫാൽ 1, 20, 46, മുജാദിലഃ 13 കാണുക) അല്ലാഹുവിനും റസൂലിനുമുള്ള അനുസരണത്തിനു് അവൻ ഒരു ഉപാധിയും നിശ്ചയിച്ചിട്ടില്ല. അല്ലാഹുവിനുള്ള അനുസരണം നിരുപാധികം എന്നും, റസൂലിനുള്ള അനുസരണം സോപാധികം എന്നും സലഫുകളാരും വ്യാഖ്യാനിച്ചിട്ടുമില്ല. അല്ലാഹു ഇഷ്ടപ്പെടുന്നതും പൊരുത്തപ്പെടുന്നതുമായ ഈ അനുസരണം അല്ലാഹുവിനുള്ള ഇബാദത്താണ്; അനുസരിക്കപ്പെടുന്ന ദൂതനുള്ള ഇബാദത്തല്ല താനും.

അനിസ്‌ലാമിക ഭരണകൂടങ്ങളെയോ ഭരണകർത്താക്കളെയോ അവരുടെ ഭരണ നിയമങ്ങളെയോ അനുസരിക്കുന്നത് അവർക്കുള്ള ഇബാദത്തല്ല. അത് അനുവദനീയമാണോ അഭിലഷണീയമാണോ വിലക്കപ്പെട്ടതാണോ ശിർക്കാണോ എന്നൊക്കെ തീരുമാനിക്കുന്നത് രണ്ടു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്:

1. അനുസരിക്കുന്ന വ്യക്തിയുടെ മനോഭാവം:

അവരുടെ കൽപനകൾക്ക് മതനിയമങ്ങൾ പോലെ അപ്രമാദിത്വവും പരിപാവനത്വവും കൽപിക്കുന്നു. അവയെ ധിക്കരിക്കുന്നത് ധർമ്മലംഘനമായി കാണുന്നു. അഥവാ അവർക്ക് ഹലാൽ ഹറാമുകൾ നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്ന് (اسْتِحْلَال) വിശ്വസിക്കുന്നു. എങ്കിൽ അത് മതപരമായ നിയമനിർമ്മാണത്തിൽ അവരെ പങ്കാളികളാക്കലാണ്; അത് ശിർക്കുമാണ്.

2. അനുസരിക്കുന്ന വിഷയത്തിന്റെ സ്വഭാവം:

മുകളിൽ പറഞ്ഞ മനോഭാവമില്ലെങ്കിൽ അനുസരിക്കുന്ന വിഷയം ഏതു തരത്തിലുള്ളതാണോ അതിനനുസരിച്ചിരിക്കും കാര്യം. ശിർക്കിൽ അനുസരിച്ചാൽ ശിർക്കും ഹറാമിൽ അനുസരിച്ചാൽ ഹറാമും അനുവദനീയമായ കാര്യങ്ങളിൽ അനുസരിച്ചാൽ അനുവദനീയവുമായിരിക്കും.

പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ ഗൂഢമായ അജണ്ടകൾ സ്വാധീനിച്ചിട്ടില്ലാത്ത ഏതൊരു വ്യക്തിക്കും അയത്നലളിതമായി മനസ്സിലാക്കാവുന്നതാണ് ഇക്കാര്യം.

വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം ഇസ്‌ലാമിസ്റ്റുകളുടെ പദക്കസർത്തുകളിൽനിന്ന് മുക്തമല്ല. ഉദാഹരണമായി അതിൽനിന്നുള്ള ഒരു ഭാഗം കാണുക:

[പരമമായ അനുസരണം യഥാർത്ഥത്തിൽ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണു. എന്നാൽ, അവന്റെ സന്ദേശനിർദ്ദേശങ്ങളും, വിധിവിലക്കുകളുമെല്ലാം ജനങ്ങൾക്കു അവൻ എത്തിക്കുന്നതു അവൻ അതിനായി നിയോഗിക്കുന്ന അവന്റെ ദൂതന്മാർ (റസൂലുകൾ) മുഖേനയാണു. ആ നിലക്ക് അല്ലാഹുവിനെ അനുസരിക്കൽ സാക്ഷാൽക്കരിക്കപ്പെടുന്നതു അവന്റെ ആ ദൂതന്മാരെ നിരുപാധികം അനുസരിക്കുന്നതു വഴിയാകുന്നു.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/691)

മേൽ വിശദീകരണത്തിൽ അനുസരണത്തിന് പരമം, നിരുപാധികം എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ചാർത്തിയതിൽ ഒട്ടും സാംഗത്യമില്ല. അല്ലാഹവിനുള്ളത് പരമവും റസൂലിനുള്ളത് നിരുപാധികവും എന്ന് വേർതിരിച്ചതിനും ഒരടിസ്ഥാനവുമില്ല. അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്താണെന്ന് ചോദിച്ചാൽ അതിന് ഉത്തരം പറയാനാവുകയുമില്ല. കൂടാതെ, ഇത് സലഫുകളുടെ വ്യാഖ്യാനരീതികളിൽപെട്ടതുമല്ല. സലഫുകളുടെ വ്യാഖ്യാനത്തിലെവിടെയും അല്ലാഹുവിനും റസൂലിനുമുള്ള അനുസരണത്തിൽ ഇത്തരം ഉപാധികൾ കാണാൻ കഴിയില്ല. ഇസ്‌ലാമിസ്റ്റുകളുടെ നൂലാമാലകളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു പാഴ്ശ്രമം മാത്രമായിട്ടാണ് വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇത്തരം പദക്കസർത്തുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അത് തീർത്തും അനാവശ്യമായിരുന്നു.

അതിനാൽ മാന്യ വായനക്കാർ മനസ്സിലാക്കേണ്ടത്, അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം. അതിന് യാതൊരു ഉപാധിയും അല്ലാഹു നിശ്ചയിച്ചിട്ടില്ല. അല്ലാഹുവിനും റസൂലിനുമുള്ള അനുസരണം രണ്ടും അല്ലാഹുവിനുള്ള ഇബാദത്താണ്; അതിൽ ഒന്നും റസൂലിനുള്ള ഇബാദത്താവുകയില്ല. എന്നാൽ അല്ലാഹുവിനും റസൂലിനുമുള്ള അനുസരണത്തെ പരമം, നിരുപാധികം, എന്നിങ്ങനെ വിശേഷിപ്പിക്കുന്നതിന് കുഴപ്പമില്ല, അവരെ പൂർണ്ണമായി അനുസരിക്കേണ്ടതു തന്നെയല്ലേ എന്ന് ചിന്തിക്കുന്നവർ ഇസ്‌ലാമിസ്റ്റുകളുടെ നൂതന വാദമുഖങ്ങളുടെ വെളിച്ചത്തിൽ ഇക്കാര്യത്തെ വിലയിരുത്തണം. അപ്പോൾ അവർക്ക് അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം ബോധ്യമാകും.

കൂടാതെ, മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്‌നു കഥീർ ﵀ വിചിത്രമായ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. അതു കൂടി പരിശോധനാ വിധേയമാക്കുന്നത് ഉചിതമായിരിക്കും.

وَقَدْ ذَكَرَ جَمَاعَةٌ مِنْهُمْ الشَّيْخُ أَبُو نَصْرِ بْنُ الصَّبَّاغِ فِي كِتَابِهِ الشَّامِلِ الْحِكَايَةَ الْمَشْهُورَةَ عَنْ الْعُتْبِيِّ، قَالَ: كُنْتُ جَالِسًا عِنْدَ قَبْرِ النَّبِيِّ ﵁، فَجَاءَ أَعْرَابِيٌّ فَقَالَ: السَّلَامُ عَلَيْكَ يَا رَسُولَ اللهِ، سَمِعْتُ اللهَ يَقُولُ: ﴿وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاءُوكَ فَاسْتَغْفَرُوا اللهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللهَ تَوَّاباً رَحِيماً﴾ وَقَدْ جِئْتُكَ مُسْتَغْفِرًا لِذَنْبِي مُسْتَشْفِعًا بك إلى ربي. ثم أنشأ يقول:

يَا خَيْرَ مَنْ دُفِنَتْ بِالْقَاعِ أَعْظُمُهُ ‹› فَطَابَ مِنْ طِيبِهِنَّ الْقَاعُ وَالْأَكَمُ

نَفْسِي الْفِدَاءُ لِقَبْرٍ أَنْتَ سَاكِنُهُ ‹› فِيهِ الْعَفَافُ وَفِيهِ الْجُودُ وَالْكَرَمُ

ثُمَّ انْصَرَفَ الْأَعْرَابِيُّ، فَغَلَبَتْنِي عَيْنِي فَرَأَيْتُ النَّبِيَّ ﷺ فِي النَّوْمِ، فَقَالَ: «يَا عُتْبِيُّ، الْحَقِ الْأَعْرَابِيَّ فَبَشِّرْهُ أَنَّ اللهَ قَدْ غَفَرَ لَهُ» . [ابن كثير في تفسيره]

[ഉത്ബിയിൽനിന്ന് ഉദ്ധരിക്കപ്പെടാറുള്ള പ്രസിദ്ധമായ ഒരു സംഭവം കുറച്ചാളുകൾ പരാമർശിക്കാറുണ്ട്. അശ്ശാമിൽ എന്ന തന്റെ കൃതിയിൽ അത് ഉൾപ്പെടുത്തിയ ശൈഖ് അബൂ നസ്വ്‌ർ ബിൻ അൽ സ്വബ്ബാഗും അക്കൂട്ടത്തിൽ പെടുന്നു. ഉത്ബി പറയുന്നു:

ഞാൻ നബി ﷺയുടെ ഖബ്റിനരികിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ഗ്രാമീണൻ അവിടെ വന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അങ്ങക്ക് സലാം. അല്ലാഹു പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: «അവര്‍ സ്വന്തത്തോട് തന്നെ അതിക്രമം കാണിച്ചു എങ്കിൽ അവർ നിന്റെയടുക്കല്‍ വരികയും, എന്നിട്ട് അല്ലാഹുവിനോട് അവർ പാപമോചനം തേടുകയും, അവര്‍ക്കു വേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്‌തിരുന്നുവെങ്കിൽ തീർച്ചായായും അല്ലാഹുവിനെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമായി അവര്‍ക്ക് കണ്ടെത്താൻ കഴിയുമായിരുന്നു.» ഞാൻ അങ്ങയുടെ അടുത്ത് വന്നിരിക്കുന്നത് എന്റെ പാപങ്ങൾ പൊറുത്തു തരാൻ ആവശ്യപ്പെട്ടുകൊണ്ടാണ്, എന്റെ റബ്ബിന്റെ അടുക്കൽ അങ്ങ് ശിപാർശക്കാരനാകണം എന്ന് ആവശ്യപ്പെടാനാണ്. പിന്നീട് അദ്ദേഹം ഇപ്രകാരം ആലപിക്കാൻ തുടങ്ങി:

യാതൊരുവന്റെ അസ്ഥികൾ ഈ തറയിൽ അടക്കം ചെയ്യപ്പെടുകയും, അവയുടെ വൈശിഷ്‌ട്യത്താൽ ഈ നിലങ്ങളും കുന്നുകളും വിശിഷ്ടമായിത്തീരുകയും ചെയ്‌തിരിക്കുന്നുവോ അങ്ങനെയുള്ള പുംഗവാ!

എന്റെ ആത്മാവ് താങ്കൾ വസിക്കുന്ന ഖബ്റിനു തെണ്ടമാണ്. അതിലാണ് വിശുദ്ധി കുടികൊള്ളുന്നത്; അതിലാണ് ഔദാര്യവും മാഹാത്മ്യവുമുള്ളത്.

ശേഷം ആ ഗ്രാമീണൻ പിരിഞ്ഞു പോയി. അപ്പോൾ എന്റെ കണ്ണൊന്നു മാളി. ഞാൻ സ്വപ്‌നത്തിൽ നബി ﷺയെ കണ്ടു. അവിടുന്ന് പറഞ്ഞു: «ഉത്ബീ, നീ ആ ഗ്രാമീണനെ കണ്ടുപിടിക്കൂ, എന്നിട്ട് അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സുവിശേഷം അറിയിക്കൂ.»] (ഇബ്‌നു കഥീർ തഫ്‌സീറിൽ ഉദ്ധരിച്ചത്)

നബി ﷺ ജീവിച്ചിരിക്കുമ്പോൾ തന്റെ മുന്നിൽ ചെല്ലുന്നതു പോലെയാണ് നബി ﷺ മരിച്ച ശേഷം അവിടുത്തെ ഖബ്റിനരികിൽ ചെല്ലുന്നത്, അവിടുന്ന് ജീവിച്ചിരിക്കുമ്പോൾ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നതു പോലെ അവിടുന്ന് മരിച്ച ശേഷവും ഖബ്റിനരികിൽ പോയി പ്രാർത്ഥിക്കാൻ ആവശ്യപ്പെടാം, അവിടുത്തെ ജീവിതവും മരണവും സമമാണ്. ഇങ്ങനെയുള്ള തെറ്റായ നിഗമനങ്ങൾ നെയ്യാനും അന്ധവിശ്വാസങ്ങളിൽ ഊളിയിടാനും വേണ്ടി വഴികെട്ട ചിലർ ഉദ്ധരിക്കുന്നതാണ് മേൽ സംഭവം.

യഥാർത്ഥത്തിൽ ചില കാഥികന്മാർ പറഞ്ഞു നടക്കുന്ന ഒരു കെട്ടുകഥയല്ലാതെ മറ്റൊന്നുമല്ല ഇത്. വ്യക്തമായ ഒരു നിവേദക പരമ്പര തന്നെ ഇതിനില്ല. ഇത് ഉത്ബിയെ മാത്രം ആശ്രയിച്ചു നിൽക്കുന്ന, അദ്ദേഹം പറയുന്ന ഒരു കെട്ടുകഥയാണ്. ഈ കഥ പറയുന്ന ഉത്ബി ആരാണെന്നു പോലും പറയാനാവില്ല. നബി ﷺയുടെ ഖബ്റിനരികിൽ വന്ന ഗ്രാമീണൻ ആരാണെന്നതും അറിയില്ല. അതിന്റെ ഉള്ളടക്കം ഖുർആനികാധ്യാപനങ്ങളുമായോ സ്ഥിരപ്പെട്ട നബിചര്യയുമായോ ഒത്തു പോകുന്നതല്ല. എന്നല്ല, അത് തൗഹീദീ വിശ്വാസത്തിനു തന്നെ വിരുദ്ധവുമാണ്.

മഹാന്മാരായ പല പണ്ഡിതന്മാരും അത് നിരൂപണ വിധേയമാക്കിയിട്ടുണ്ട്. അതിന്റെ സ്വീകാര്യത സംബന്ധിച്ച് അവർ നിരീക്ഷിച്ചിട്ടുമുണ്ട്. അവരെല്ലാം വ്യക്തമാക്കിയത് തൽപര കക്ഷികൾ ഉന്നയിക്കുന്ന വാദമുഖങ്ങളൊന്നും ആ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ കഴിയില്ലെന്നാണ്. ഉദാഹരണത്തിനു വേണ്ടി രണ്ട് ഉദ്ധരണികൾ മാത്രം കൊടുക്കാം. وفي الجملة؛ ليست هذه الحكاية المذكورة عن الأعرابي مما يقوم به حجة، وإسنادها مظلم مختلف، ولفظها مختلف أيضاً، ولو كانت ثابتة لم يكن فيها حجة على مطلوب المعترض، ولا يصلح الاحتجاج بمثل هذه الحكاية، ولا الاعتماد على مثلها عند أهل العلم وبالله التوفيق. [ابن عبد الهادي في الصارم المنكي في الرد على السبكي] [ചുരുക്കത്തിൽ, ആ ഗ്രാമീണനെ കുറിച്ച് പറയപ്പെടുന്ന കഥ തെളിവിന് കൊള്ളുന്നതല്ല. അതിന്റെ നിവേദക പരമ്പര (ആർക്കും ഒരു വ്യക്തതയുമില്ലാത്ത) ഇരുളടഞ്ഞതും യോജിച്ചു നിൽക്കാത്തതുമാണ്. അതിന്റെ പദങ്ങളും യോജിപ്പില്ലാത്തവയാണ്. ആ സംഭവം സ്ഥിരപ്പെട്ടാൽ തന്നെ അതിൽ എതിരാളിയുടെ ഉദ്ദേശ്യലക്ഷ്യത്തിന് തെളിവില്ല താനും. ഇതു പോലുള്ള സംഭവങ്ങൾ തെളിവായി ഉന്നയിക്കാവതല്ല. പണ്ഡിതന്മാരുടെ പക്ഷമനുസരിച്ച് ഇതു പോലുള്ളവ അവലംബമാക്കാനേ പാടില്ലാത്തതാണ്. അല്ലാഹുവിനെ കൊണ്ടു മാത്രമാണ് തൗഫീഖ്.] (ഇബ്‌നു അബ്ദിൽ ഹാദീ അസ്സ്വാരിമുൽ മുൻകി ഫിർ റദ്ദി അലസ്സുബ്കിയിൽ രേഖപ്പെടുത്തിയത്)

ഇനി, ഉത്ബിയുടെ സംഭവത്തെ കുറിച്ച് ആധുനികനായ ഇമാം അൽബാനി ﵀ പറയുന്നത് കൂടി പരിശോധിക്കാം: وهي في ابن كثير غير معزوة لأحد من المعروفين من أهل الحديث، بل علقها على العتبي، وهو غير معروف إلا في هذه الحكاية، ويمكن أن يكون هو أيوب الهلالي في إسناد البيهقي، وهي حكاية مستنكرة، بل باطلة لمخالفتها الكتاب والسنة، ولذلك يلهج بها المبتدعة، لأنها تجيز الاستغاثة بالنبي ﷺ، وطلب الشفاعة منه بعد وفاته، وهذا من أبطل الباطل كما هو معلوم، وقد تولى بيان ذلك شيخ الإسلام ابن تيمية في كتبه وبخاصة في التوسل والوسيلة، وقد تعرض لحكاية العتبي هذه بالإنكار فليراجعه من شاء المزيد من المعرفة والعلم. [الألباني في الصحيحة] [ഇത് ഇബ്‌നു കഥീറിൽ കൊടുത്തിരിക്കുന്നത് ഹദീസ് വിജ്ഞാനീയങ്ങളിൽ അറിയപ്പെട്ട ഒരാളിലേക്കും ചേർത്തു പറയാതെയാണ്. മറിച്ച്, ഉത്ബിയെ ആസ്‌പദമാക്കുന്ന മുഅല്ലഖ് ആയിട്ടാണ് അത് പറഞ്ഞിരിക്കുന്നത്. ഈ ഒരു കഥയിലല്ലാതെ എവിടെയും അറിയപ്പെടാത്ത വ്യക്തിയാണ് അദ്ദേഹം. ഒരു പക്ഷെ, അദ്ദേഹം ബൈഹഖിയുടെ പരമ്പരയിൽ വന്ന അയ്യൂബ് അൽ ഹിലാലി ആവാം. ആ കഥ സ്വീകര്യയോഗ്യമായ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി വന്ന ദുർബ്ബലമായ ഉദ്ധരണിയാണ്. എന്നല്ല, അത് ഖുർആനിനും സുന്നത്തിനും എതിരാകയാൽ വ്യാജമാണ്. അതു കൊണ്ടാണ് ബിദ്അത്തുകാർ അത് പറഞ്ഞു നടക്കുന്നത്. കാരണം, അത് നബി ﷺയോട് സഹായാർത്ഥന നടത്തുന്നതും അവിടുത്തെ മരണശേഷം നബി ﷺയോട് ശിപാർശ ചോദിക്കുന്നതും അനുവദനീയമാക്കുന്നു. അത് ഏവർക്കും അറിയാവുന്ന പോലെ വ്യാജങ്ങളിൽ വെച്ച് ഏറ്റവും വലിയ വ്യാജമാണ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ അക്കാര്യം വേണ്ട പോലെ വിശദീകരിച്ചിട്ടുണ്ട്; വിശിഷ്യാ അദ്ദേഹത്തിന്റെ التَّوَسُّلُ وَالْوَسِيلَةُ എന്ന ഗ്രന്ഥത്തിൽ. ഉത്ബിയുടെ ഈ കഥ അദ്ദേഹം നന്നായി ഖണ്ഡിച്ചുകൊണ്ട് എതിർത്തിട്ടുണ്ട്. കൂടുതൽ അറിയാനും മനസ്സിലാക്കാനും ഉദ്ദേശിക്കുന്നവർക്ക് അത് വായിക്കാവുന്നതാണ്.] (അൽബാനി സ്വഹീഹഃയിൽ രേഖപ്പെടുത്തിയത്).

എന്നാൽ ഇബ്‌നു കഥീർ ﵀യുടെ തഫ്‌സീറിൽ അത്തരം ഒരു കള്ളക്കഥ എങ്ങനെ സ്ഥാനം പിടിച്ചു എന്നത് പലരെയും കുഴക്കുന്ന ഒരു പ്രശ്‌നമാണ്. പ്രസ്തുത കഥയെ അടിസ്ഥാനമാക്കി എന്തെങ്കിലുമൊരു വിധിയോ വിലക്കോ ഗുണപാഠമോ നിഗമനമോ മറ്റെന്തെങ്കിലുമോ അതിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നില്ല. പൂർവ്വാപര ബന്ധങ്ങളില്ലാതെ പറഞ്ഞു പോയ ഒരു കഥ മാത്രം! എന്നാൽ ഇബ്‌നു കഥീറിന്റെ പഴയ കോപ്പികളിൽ അങ്ങനെയൊരു സംഭവമില്ലെന്ന് ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിഴച്ച കക്ഷികളിൽ ആരോ പിൽക്കാലത്ത് അതിലേക്ക് കടത്തിക്കൂട്ടിയതാണ് ഈ കഥയെന്നാണ് അവർ സൂചിപ്പിക്കുന്നത്. വസ്തുത അല്ലാഹുവിന്നറിയാം. ഇക്കാര്യത്തെ കുറിച്ച് ശൈഖ് ഫൗസാൻ -حَفِظَهُ اللهُ- നൽകിയ ഉത്തരം ചുവടെ ചേർക്കാം:

السؤال: ذكر أحد المحققين بعد مقابلته لنسخ تفسير ابن كثيرٍ، ظهر له أن قصة العتبي ليست موجودةً في بعض النسخ وخاصةً النسخ القديمة؟

الجواب: الحمدُ لله، إذا لم تكن موجودة هذا يدل على أنها غير صحيحة، يعني غير صحيح ضمها إلى التفسير، قد تكون مدسوسة... [الفوزان في فتاوى الدروس العلمية]

[ചോദ്യം: ഗ്രന്ഥ സംശോധകരിൽ ഒരാൾ തഫ്‌സീറു ഇബ്‌നു കഥീറിന്റെ വ്യത്യസ്‌ത കോപ്പികൾ ഒത്തുനോക്കിയതിനു ശേഷം പറഞ്ഞത്, ഉത്ബിയുടെ കഥ ചില കോപ്പികളിൽ, വിശിഷ്യാ പഴയ കോപ്പികളിൽ ഇല്ല എന്നാണ്. (അതിനെ കുറിച്ച് എന്ത് പറയുന്നു?)

ഉത്തരം: അല്ലാഹുവിന് സ്തുതി. അത് ഇല്ലെന്ന കാര്യം കുറിക്കുന്നത് അത് ശരിയല്ലെന്നാണ്. അഥവാ അത് തഫ്‌സീറിലേക്ക് ചേർത്തത് ശരിയല്ല, അത് കടത്തിക്കൂട്ടിയതാകാം എന്നു തന്നെയാണ്.] (ഉദ്ധരണം: സ്വാലിഹ് അൽ ഫൗസാൻ, ഫതാവാ അദ്ദുറൂസിൽ ഇൽമിയ്യഃ)

അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നു എന്ന് നടിക്കുന്ന ചില മുനാഫിഖുകൾ നബി ﷺയെ വിട്ട് ത്വാഗൂത്തുകളോട് വിധിതേടി പോയപ്പോഴാണ് ഈ സൂക്തം അവതരിച്ചത്. നബി ﷺയെ ധിക്കരിക്കുകയും അവഗണിക്കുകയും വിധി ചോദിച്ച് ത്വാഗൂത്തുകളെ സമീപിക്കുകയും ചെയ്‌ത ആ മുനാഫിഖുകൾ തെറ്റ് തിരുത്തി തിരിച്ചു വരാൻ ഉദ്ദേശിക്കുന്നുവെങ്കിൽ എന്തു ചെയ്യണം? അവർ നബി ﷺ യുടെ അരികിൽ വരണം. അവർ നബി ﷺയോട് ചെയ്‌ത തെറ്റിന് മാപ്പപേക്ഷിക്കണം. അനന്തരം അവർ അല്ലാഹുവിനോട് പാപമോചനത്തിന് ഇരക്കണം. പുറമെ, നബി ﷺയും അവർക്കു വേണ്ടി അല്ലാഹുവിനോട് പാപമോചനത്തിന് പ്രാർത്ഥിക്കണം. എങ്കിൽ, അവർക്ക് അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമായി കണ്ടെത്താൻ കഴിയും. ഇതാണ് ഈ സൂക്തത്തിലുള്ളത്.

എന്നാൽ, ആയത്തിൽ പറഞ്ഞ കാര്യങ്ങളുമായി ഒരു നിലയിലും ഒത്തു പോകാത്ത വിധമുള്ള ഒരു കഥയാണ് ഉത്ബി പറയുന്നത്. ആരാണ് ഈ ഉത്ബി? ഹദീസ് പണ്ഡിതന്മാർക്ക് ആർക്കും അയാളെ കുറിച്ച് ഒരു വിവരവുമില്ല. അയാൾ തീർത്തും അറിയപ്പെടാത്ത വ്യക്തിയാണ്. അയാൾ തട്ടിവിട്ടത് ഒരു കള്ളക്കഥയുമാണ്. അതിന്റെ മറവിൽ കേരളത്തിലെ മുസ്‌ല്യാക്കന്മാർ കുറച്ചൊന്നുമല്ല ശിർക്ക് പ്രചരിപ്പിക്കുന്നത്. നബി ﷺയോട് ഇസ്‌തിഗാസഃ നടത്താം, പാപമോചനത്തിനു വേണ്ടി പ്രാർത്ഥിക്കാം, അവിടുത്തെ മരണ ശേഷം ഖബ്റിനരികിൽ പോയി സങ്കടം ബോധിപ്പിക്കാം, ശിപാർശ തേടാം... ഇങ്ങനെ ശിർക്കിന്റെ എല്ലാ ഇനങ്ങൾക്കും അനുവാദം നൽകുന്ന ന്യായപ്രമാണമാണ് അവർക്ക് ഈ കള്ളക്കഥ. എന്നല്ല, ഒരു മുസ്‌ലിം എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്‌തു പോയാൽ നബി ﷺയുടെ ഖബ്റിനരികിൽ ചെല്ലണം. എന്നിട്ട് നബി ﷺയോട് പൊറുക്കലിനെ തേടണം. അങ്ങനെ അവിടുന്ന് അല്ലാഹുവിനോട് പറയണം. എങ്കിലേ അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയുള്ളു എന്നാണ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ, നഗര നഗരാന്തരങ്ങളിൽ വേനൽക്കാലം ഉടനീളം ഉഛഭാഷിണികളിലൂടെ അവർ വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നത്. ഈ സൂക്തത്തിന്റെ വാക്യാർത്ഥത്തിലോ ലക്ഷ്യാർത്ഥത്തിലോ, അതിനു സലഫുകൾ നൽകിയ വ്യാഖ്യാനത്തിലോ സച്ചരിതരായ മുൻഗാമികളുടെ നടപടി ക്രമങ്ങളിലോ അങ്ങനെ ഒരു സംഭവമില്ല. മറിച്ച്, പൂർവ്വീക സമുദായങ്ങൾ നശിച്ചത് നബിമാരുടെയും പുണ്യവാളന്മാരുടെയും ഖബ്റുകൾ കെട്ടിപ്പൊക്കുകയും അവരോട് സഹായാർത്ഥന നടത്തുകയും അവരെ മധ്യവർത്തികളാക്കുകയും ചെയ്തതുകൊണ്ടാണെന്ന് അനവധി നിരവധി രേഖകളിൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്. ശിർക്കിലേക്കും വഴികേടിലേക്കും ക്ഷണിക്കുന്ന ദുഷ്ടരായ പണ്ഡിത വേഷധാരികളുടെ ശർറിൽനിന്ന് അല്ലാഹുവിനോട് നാം കാവൽ ചോദിക്കുക. അവൻ എല്ലാം കേൾക്കുന്നവനും ഉത്തരമേകുന്നവനുമാണല്ലോ.