Quran explanation
യൂനുസ്,يُونُسَസൂക്തം 05
Vol. 2 Page 1128
﴿هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ٥﴾
സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാണ്; ചന്ദ്രനെ ഒരു വെളിച്ചമാക്കിയതും. അതിന് അവൻ ഘട്ടങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വർഷങ്ങളുടെ എണ്ണമറിയാനും കണക്കു പിടിക്കാനും വേണ്ടിയാണത്. സോദ്ദേശ്യപൂർവ്വമല്ലാതെ അല്ലാഹു അതിനെ സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ജനങ്ങൾക്കു വേണ്ടിയാണ് അവൻ ദൃഷ്ടാന്തങ്ങൾ വിശദീകരിക്കുന്നത്. (5)
മക്കിയ്യഃ വിഭാഗത്തിൽപെട്ട അധ്യായമാണ് സൂറത്തു യൂനുസ്. അവസാനത്തെ മൂന്ന് സൂക്തങ്ങൾ മാത്രം മദീനഃയിൽ വെച്ചാണ് അവതരിച്ചത്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്, ഭൂമുഖത്തെ മനുഷ്യാധിവാസം, നബിമാർ, അവരുടെ പ്രതിയോഗികൾ, ബഹുദൈവത്വത്തിന്റെ പൊള്ളത്തരങ്ങൾ, മരണം, പുനരുത്ഥാനം, ശിക്ഷാരക്ഷകൾ തുടങ്ങിയ അടിസ്ഥാന വിഭാവനകളാണ് ഇതിലെ മുഖ്യപ്രതിപാദ്യം.
സമയം, സ്ഥലം, സൂര്യൻ, ചന്ദ്രൻ, രാവ്, പകൽ, വെളിച്ചം, ഇരുട്ട് പോലുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് ഖുർആനിൽ ധാരാളം പരാമർശങ്ങളുണ്ട്. അത്തരം കുറിമാനങ്ങൾ വിരൽ ചൂണ്ടുന്നത് അവയുടെയെല്ലാം സ്രഷ്ടാവും നിയന്താവും ഉടമസ്ഥനുമായ അല്ലാഹുവിലേക്കാണ്. അവന്റെ ആസ്തിക്യം, ഉൽകൃഷ്ടമായ നാമങ്ങൾ, ഉന്നതമായ ഗുണവിശേഷങ്ങൾ, വിസ്മയാവഹമായ അപദാനങ്ങൾ മുതലായവയെ കുറിച്ചുള്ള അറിവും ബോധ്യവും പ്രദാനം ചെയ്യുക എന്നതാണ് അവയുടെ മുഖ്യലക്ഷ്യം. അവയിൽ പലതും ഭൗതിക ശാസ്ത്രത്തിന്റെ പഠന വിഷയങ്ങൾ കൂടിയാണ്. അവയെ കുറിച്ചെല്ലാം ശാസ്ത്രം മുന്നോട്ടു വെക്കുന്ന സിദ്ധാന്തങ്ങൾക്ക് ഏറിയ പരിമിതികളുണ്ടെന്നതാണു സത്യം. ശാസ്ത്രസത്യം എന്നത് ആത്യന്തിക സത്യങ്ങളല്ല. ശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ നിരീക്ഷണ-ഗവേഷണ ഫലം എന്നു മാത്രമേ അതിനർത്ഥമുള്ളു. മറ്റൊരു ഗവേഷണ ഫലം പുറത്തുവരുന്നതു വരെ മാത്രമേ അതിനായുസ്സുള്ളു താനും.
ഭൗതികശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ പലതും ഖുർആനിക യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകുന്നവയല്ല. അവ ഉപയോഗിച്ച് ഖുർആൻ വ്യാഖ്യാനിക്കുക എന്നത് സലഫുകളുടെ രീതിക്ക് നിരക്കാത്തതുമാണ്. നിർദ്ദോഷകരമെന്ന് തോന്നാമെങ്കിലും അത്തരം ചില പരാമർശങ്ങൾ വിശുദ്ധ ഖുർആൻ വിവരണത്തിലും സംഭവിച്ചിട്ടുണ്ട്. ഒരു ഉദാഹരണം കാണുക:
[ചന്ദ്രന്റെ വെളിച്ചമാകട്ടെ, സൂര്യനില്‍ നിന്ന് ചന്ദ്രനില്‍ പതിക്കുന്ന വെളിച്ചത്തിന്റെ തിരിച്ചടിയാണെന്ന് (*) ശാസ്ത്രം മുമ്പേ തെളിയിച്ചു കഴിഞ്ഞതാണ്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1385)
ശാസ്ത്രലോകത്തെ നിലവിലുള്ള ധാരണ അങ്ങനെ തന്നെ. പക്ഷെ, അത് തിരുത്തപ്പെടുകയില്ല എന്നതിന് എന്താണുറപ്പ്? അതിനാൽ ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ ഉപയോഗിച്ച് ഖുർആൻ വ്യാഖ്യാനിക്കുന്നത് ഒരു ശരിയായ നടപടിയല്ല. സലഫുകളാരും അങ്ങനെ ചെയ്തിട്ടുമില്ല. ആയതിനാൽ വിശുദ്ധ ഖുർആൻ വിവരണത്തിൽ മുകളിൽ കൊടുത്തതു പോലുള്ള പരാമർശങ്ങൾ ചേർക്കരുതായിരുന്നു.
സൂര്യൻ പകലിൽ വെളിച്ചം പരത്തുമ്പോൾ ചന്ദ്രൻ രാത്രിയിൽ തെളിഞ്ഞു നിൽക്കുന്നു. സൂര്യനെ ضِيَاءٌ ആക്കി എന്നും ചന്ദ്രനെ نُورٌ ആക്കി എന്നുമാണ് അല്ലാഹു പറയുന്നത്. വസ്തുക്കളെ പ്രകാശിപ്പിക്കുന്നതിനായി അന്തരീക്ഷത്തിൽ പ്രസരിക്കുന്ന പ്രകാശ ശകലങ്ങൾക്കാണ് ضِيَاءٌ എന്ന് പറയുന്നത്. نُورٌ എന്നതിന്റെ വിവക്ഷ, പരന്നു കിടക്കുന്ന പ്രകാശം എന്നല്ല, ഒരിടത്ത് ജ്വലിച്ചു നിൽക്കുന്ന വെളിച്ചം എന്നാണ്. ശരിയായ അറബി ഭാഷാ പ്രയോഗം പരിശോധിക്കുന്നവർക്ക് ഇക്കാര്യം ബോധ്യമാകും. സൂര്യചന്ദ്രന്മാർ മനുഷ്യർക്ക് അനുഭവവേദ്യമാകുന്നതും അങ്ങനെ തന്നെയാണ്. വിശദാംശങ്ങൾക്കായി അബൂ ഹിലാലുൽ അസ്കരിയുടെ الفروق اللغوية നോക്കുക.
കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ശാസ്ത്രം ഇസ്ലാമിന്റെ സ്രോതസ്സല്ല എന്ന ലേഖനം (പുറം 1/133) കൂടി കാണുക.