Essay 7
പ്രമാണങ്ങൾക്ക് സർവഥാ കീഴ്പ്പെടുക
Vol. 1 Page 69
അല്ലാഹു മനുഷ്യരെ സ്വർഗ്ഗലോകത്തുനിന്നും ഭൂമിയിലേക്ക് മാറ്റി പാർപ്പിക്കുമ്പോൾ അവർക്കു നൽകിയ മഹത്തായ ഒരു വാഗ്ദാനമുണ്ട്: നിങ്ങളുടെ ഇഹപരസൗഭാഗ്യത്തിന് ആവശ്യമായ മാർഗ്ഗദർശനം ഞാൻ നിങ്ങൾക്ക് സമയാസമയങ്ങളിൽ ഇറക്കിത്തരാം. അത് നിങ്ങൾ പിന്തുടരുകയാണെങ്കിൽ വഴിതെറ്റുകയില്ല, നിർഭാഗ്യവാന്മാരാകേണ്ടി വരികയുമില്ല. ജീവിത സാഫല്യത്തിനു വേണ്ട വഴി സ്വയം ചിന്തിച്ചു കണ്ടെത്തേണ്ട ഭാരവും ബാധ്യതയും അവൻ അവരുടെമേൽ ചുമത്തിയില്ല എന്നു സാരം.
മനുഷ്യന് അല്ലാഹു ബുദ്ധിയും യുക്തിയും നൽകിയിരിക്കുന്നു. പക്ഷെ, അതിനു പരിമിതികളുണ്ട്. കാലാതിവർത്തിയായ ആത്യന്തിക സത്യങ്ങളും മൂല്യങ്ങളും ആവിഷ്കരിക്കുക എന്നത് മനുഷ്യ യുക്തിയുടെ സാധ്യതയിൽപെട്ടതല്ല. ഏകീകൃതവും സാർവലൗകികവുമായ ഒരു മൂല്യവ്യവസ്ഥ രൂപപ്പെടുത്താൻ അതിനു സാധിക്കുകയില്ല. ഒരാളുടെ ബോധ്യമായിരിക്കില്ല മറ്റൊരാളുടേത്. ഓരോരുത്തരുടെയും ബോധ്യങ്ങൾ തന്നെ സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ച് മാറിമറിയാം. മാത്രമല്ല ഒരാളുടെ ബോധ്യം മറ്റൊരാൾക്ക് സ്വീകാര്യമായിക്കൊള്ളണം എന്നുമില്ല. സർവ്വോപരി, ഏറെ പരിമിതികളുള്ള മനുഷ്യബുദ്ധിയുടെ ബോധ്യങ്ങൾക്ക് അപ്രമാദിത്വം അവകാശപ്പെടാനുമാവില്ല. അതിനാൽ തന്റെ സ്രഷ്ടാവിൽനിന്നുള്ള മാർഗ്ഗദർശനമാണ് മനുഷ്യനാവശ്യം.
മാർഗ്ഗദർശനം അല്ലാഹുവിൽനിന്ന്
അല്ലാഹു അവന്റെ അടിയന്മാരോട് ഏറെ കനിവുള്ളവനാണ്. ദുർവ്വഹമായ ഭാരങ്ങളൊന്നും അവൻ അവരുടെമേൽ ചുമത്തിയിട്ടില്ല. അവർക്ക് ചെയ്യാനാകുന്ന ലളിതമായ കാര്യങ്ങളേ അവരെ ഏൽപിച്ചിട്ടുള്ളു. എല്ലാവർക്കും സ്വീകാര്യമായ കുറ്റമറ്റ ഒരു മാർഗ്ഗദർശനം നിങ്ങൾ തന്നെ കണ്ടെത്തണമെന്ന് അല്ലാഹു കൽപിക്കുന്നില്ല. അത് അവൻ തന്നെ ഏറ്റെടുക്കുകയാണ് ചെയ്തിരിക്കു ന്നത്. അല്ലാഹു പറയുന്നു: ﴿وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَنْ فِيهِنَّ بَلْ أَتَيْنَاهُمْ بِذِكْرِهِمْ فَهُمْ عَنْ ذِكْرِهِمْ مُعْرِضُونَ ٧١﴾ (المؤمنون) [അവരുടെ അഭീഷ്ടങ്ങളെയായിരുന്നു സത്യം പിന്തുടർന്നിരുന്നത് എങ്കിൽ ആകാശഭൂമികളും അവയിലുള്ളവയുമെല്ലാം കുഴപ്പത്തിൽ അകപ്പെട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു. മറിച്ച്, അവർക്കുള്ള സന്ദേശം നാം തന്നെ എത്തിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ടും, അവർക്കുള്ള സന്ദേശത്തിൽനിന്ന് അവർ തിരിഞ്ഞു കളയുകയാണല്ലോ!] (മുഅ്മിനൂൻ 71)
അല്ലാഹുവിന്റെ മഹത്തായ ഈ വാഗ്ദാനം; അതു തന്നെയാണ് മാനവരാശിക്ക് അവൻ ചെയ്തുകൊടുത്ത ഏറ്റവും വലിയ അനുഗ്രഹവും. ഭൂലോകത്തേക്ക് ഇറക്കിവിട്ട്, ലക്ഷ്യമറിയാതെ, വഴിയറിയാതെ, പരിത്യക്തരായി സ്വയം നഷ്ടപ്പെടാൻ അവൻ അവരെ കൈവിട്ടുകളയുന്നില്ല. അവർക്ക് ആവശ്യമായ മാർഗ്ഗദർശനങ്ങൾ കാലാകാലങ്ങളിൽ ദൂതന്മാർ മുഖേന ഇറക്കിക്കൊടുക്കും. അക്കാര്യം അവൻ ഏറ്റെടുത്തിരിക്കുന്നു. അവർ അത് പിന്തുടരുകയേ വേണ്ടൂ. അല്ലാഹു പറയുന്നു: ﴿اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلَا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ قَلِيلًا مَا تَذَكَّرُونَ ٣﴾ (الأعراف) [നിങ്ങളുടെ റബ്ബിൽനിന്ന് നിങ്ങൾക്ക് അവതരിച്ചതാണ് നിങ്ങൾ പിന്തുടരേണ്ടത്. അതിനു പുറമെ മറ്റു ഔലിയാക്കളെ ആരെയും നിങ്ങൾ പിൻപറ്റിപ്പോകരുത്. കുറച്ചു മാത്രമല്ലേ നിങ്ങൾ ആലോചിക്കുന്നുള്ളു!] (അഅ്റാഫ് 3)
അല്ലാഹുവിന്റെ അനുഗ്രഹം എത്ര അപാരമാണ്! അവന്റെ മാർഗ്ഗദർശനം കൃത്യവും വ്യക്തവുമാണ്. അതിൽ അവ്യക്തതകളും ആശയക്കുഴപ്പങ്ങളുമില്ല. വ്യാഖ്യാനവും പ്രയോഗവും സഹിതമാണ് അവൻ അത് അവതരിപ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ﴿لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ ١٦ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ ١٧ فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ ١٨ ثُمَّ إِنَّ عَلَيْنَا بَيَانَهُ ١٩﴾ (القيامة) [താങ്കൾ ധൃതിപ്പെട്ട് അതുമായി താങ്കളുടെ നാവ് ചലിപ്പിക്കേണ്ടതില്ല. തീർച്ചയായും അതിന്റെ സമാഹരണവും പാരായണവും നാം തന്നെ ഏറ്റെടുത്തിരിക്കുന്നു. നാം അത് ഓതിത്തരുമ്പോൾ താങ്കൾ ആ പാരായണം പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരുന്ന കാര്യവും നാം തന്നെ ഏറ്റെടുത്തിരിക്കുന്നു.] (ഖിയാമഃ 16-19)
ഖുർആനിലെ മൂലവാക്യങ്ങളുടെ വ്യാഖ്യാനവും പ്രയോഗവും അല്ലാഹു തന്നെ ഇറക്കിക്കൊടുത്തതാണ്. ഉപരിയിൽനിന്ന് അറിയിപ്പ് കിട്ടാതെ സ്വന്തമായി ഒരു കാര്യവും നബി ﷺ പറയാറില്ല. അവയുടെ വ്യാഖ്യാനവും പ്രയോഗരീതികളും അവിടുന്ന് അനുചരന്മാരെ പഠിപ്പിച്ചു കൊടുത്തത് അല്ലാഹു നൽകിയ ബോധന പ്രകാരം മാത്രമാണ്. അല്ലാഹു പറയുന്നു: ﴿وَمَا يَنْطِقُ عَنِ الْهَوَى ٣ إِنْ هُوَ إِلَّا وَحْيٌ يُوحَى ٤﴾ (النجم) [അവിടുന്ന് അഭീഷ്ടമനുസരിച്ചല്ല സംസാരിക്കുന്നത്. അത് ബോധ നമായി നൽകപ്പെടുന്ന വഹ്യ് മാത്രമാണ്.] (നജ്മ് 3-4)
നബി ﷺ ക്ക് അറിയിപ്പ് കിട്ടാത്ത കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടുമ്പോൾ വഹ്യിനു വേണ്ടി കാത്ത് നിൽക്കുകയാണ് ചെയ്യാറുള്ളത്. അല്ലാതെ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുക എന്നത് അവിടുത്തെ രീതിയായിരുന്നില്ല. ഒരു ഉദാഹരണം കാണുക: عن جبير بن مطعم ﵁ أن رجلا قال: يا رسول الله! أي البلدان أحب إلى الله؟ وأي البلدان أبغض إلى الله؟ قال: لا أدري حتى أسأل جبريل عليه السلام، فأتاه جبريل فأخبره أن أحب البقاع إلى الله المساجد وأبغض البقاع إلى الله الأسواق. [أحمد والبزار واللفظ له وأبو يعلى والحاكم، وحسنه الألباني] [ജുബൈർ ബിൻ മുത്വ്ഇം ﵁ പറയുന്നു, ഒരാൾ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ്? അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സ്ഥലം ഏതാണ്? അവിടുന്ന് പറഞ്ഞു: «എനിക്ക് അറിയില്ല; ജിബ്രീലിനോട് ചോദിക്കട്ടെ». അങ്ങനെ ജിബ്രീൽ വരികയും നബി ﷺ യെ അറിയിക്കുകയും ചെയ്തു: «അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം പള്ളികളും, ഏറ്റവും വെറുപ്പുള്ള സ്ഥലം അങ്ങാടികളുമാണ്».] (അഹ്മദ്, ബസ്സാർ, അബൂ യഅ്ലാ, ഹാക്കിം)
ജിബ്രീൽ ﵇ നോട് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നും, അല്ലാഹുവിനോട് ചോദിക്കാമോ എന്നാരാഞ്ഞപ്പോൾ ചോദിക്കില്ല, അല്ലാഹു പറഞ്ഞാൽ അറിയിക്കാമെന്നും പറഞ്ഞു. അനന്തരം ജിബ്രീൽ ﵇ ഒന്നുപിടയുകയും അതുമൂലം നബി ﷺ മോഹാല സ്യപ്പെടാറാവുകയും ചെയ്തു. പിന്നീട് അല്ലാഹു തന്നെ ജിബ്രീ ലിനോട് ഇങ്ങോട്ട് ചോദിച്ചു: മുഹമ്മദ് നിന്നോട് ഇങ്ങനെ ഒരു കാര്യം ചോദിച്ചുവല്ലോ. എന്നാൽ, അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം പള്ളികളും ഏറ്റവും വെറുപ്പുള്ള സ്ഥലം അങ്ങാടികളുമാണ് എന്ന് അറിയിക്കുക. തദടിസ്ഥാനത്തിലാണ് ജിബ്രീൽ ﵇ നബി ﷺ ക്ക് ഉത്തരം നൽകിയതെന്നും മറ്റു ചില റിപ്പോർട്ടുകളിലുണ്ട്.
നബി ﷺ ഗൗരവത്തിലോ തമാശയിലോ കോപത്തിലോ സന്തോഷത്തിലോ ഏതവസ്ഥയിലാണെങ്കിലും സത്യമല്ലാതെ ഒന്നും അവിടുത്തെ നാവിൽനിന്ന് പുറത്തുവരില്ല. താഴെ കൊടുക്കുന്ന ഹദീസ് ശ്രദ്ധിക്കുക: عَنْ عَبْدِ اللَّهِ بْنِ عَمْرٍو ﵁، قَالَ: كُنْتُ أَكْتُبُ كُلَّ شَيْءٍ أَسْمَعُهُ مِنْ رَسُولِ اللهِ ﷺ أُرِيدُ حِفْظَهُ، فَنَهَتْنِي قُرَيْشٌ وَقَالُوا: أَتَكْتُبُ كُلَّ شَيْءٍ تَسْمَعُهُ وَرَسُولُ اللهِ بَشَرٌ يَتَكَلَّمُ فِي الْغَضَبِ وَالرِّضَا، فَأَمْسَكْتُ عَنِ الْكِتَابِ، فَذَكَرْتُ ذَلِكَ لِرَسُولِ اللهِ ﷺ، فَأَوْمَأَ بِأُصْبُعِهِ إِلَى فِيهِ، فَقَالَ: اكْتُبْ فَوَالَّذِي نَفْسِي بِيَدِهِ مَا يَخْرُجُ مِنْهُ إِلَّا حَقٌّ. [أبو داود في سننه وصححه الألباني] [അബ്ദുല്ലാ ബിൻ അംറ് ﵁ പറയുന്നു: നബി ﷺ യിൽനിന്ന് കേൾക്കു ന്നതെല്ലാം ഹൃദിസ്ഥമാക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഞാൻ അതെല്ലാം രേഖപ്പെടുത്തി വെക്കാറുണ്ടായിരുന്നു. അപ്പോൾ ഖുറൈശികൾ എന്നെ വിലക്കി. അവർ ചോദിച്ചു: നീ കേൾക്കുന്നതെല്ലാം എഴുതിവെക്കുകയാണോ? നബി ﷺ യും ഒരു മനുഷ്യനാണ്; ദേഷ്യത്തിലും സന്തോഷത്തിലുമെല്ലാം അവിടുന്ന് സംസാരിക്കും. അങ്ങനെ ഞാൻ എഴുതുന്നത് നിർത്തിവെച്ചു. അത് നബി ﷺ യോട് പറയുകയും ചെയ്തു. അവിടുന്ന് തന്റെ വിരൽ വായിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: നീ എഴുതിക്കൊള്ളുക. ആരുടെ കൈ യിലാണോ എന്റെ ആത്മാവ് അവൻ സത്യം! ഇതിൽനിന്ന് സത്യമല്ലാതൊന്നും പുറത്തുവരില്ല.] (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)
പ്രബോധനം നബി ﷺ യുടെ ബാധ്യത
അല്ലാഹു ഇറക്കിക്കൊടുത്ത മാർഗ്ഗദർശനത്തിന്റെ തത്വവും പ്രയോഗവും വ്യക്തവും പൂർണ്ണവുമായ രീതിയിൽ യഥാസമയം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്നത് നബി ﷺ യുടെ കർത്തവ്യമാണ്. അല്ലാഹു പറയുന്നു: ﴿وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ٤٤﴾ (النحل) [ഈ സന്ദേശം താങ്കൾക്കു നാം ഇറക്കിത്തന്നത്, ജനങ്ങൾക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടത്, താങ്കൾ അവർക്ക് വിവരിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ്. അവർ പര്യാലോചന നടത്തി യേക്കാം.] (നഹ്ൽ 44) ﴿يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّهُ يَعْصِمُكَ مِنَ النَّاسِ ۗ إِنَّ اللهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ٦٧﴾ (المائدة) [ഓ റസൂൽ, താങ്കളുടെ റബ്ബിങ്കൽനിന്ന്താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കൾ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കൾ അവന്റെ ദൗത്യം നിറവേറ്റിയവനാ യിരിക്കില്ല. ജനങ്ങളിൽനിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കുന്ന തായിരിക്കും. തീർച്ചയായും സത്യനിഷേധികളെ അല്ലാഹു നേർവഴിയിലാക്കുകയില്ല. (മാഇദഃ 67)
നമ്മുടെ കടമ അതിനു കീഴ്പ്പെടുക മാത്രം
മനുഷ്യാസ്തിത്വത്തിന്റെ സകലമാന സാധ്യതകളും ബാധ്യതകളും സൂക്ഷ്മമായി അറിയുന്നവൻ സ്രഷ്ടാവായ അല്ലാഹുവാണ്. നന്മ തിന്മകളുടെ മാനങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കാൻ കഴിവുള്ളതും നിയന്താവായ അല്ലാഹുവിന് മാത്രമാണ്; സൃഷ്ടികൾക്കാർക്കും അതിനുള്ള കഴിവില്ല.
മനുഷ്യന്റെ ഇഹപര വിജയത്തിനാവശ്യമായ ആധികാരിക നിയമസംഹിത ആവിഷ്കരിക്കാൻ സാധിക്കുക അവനു മാത്രമാണ്. അത് തന്റെ സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെ ഭാഗമായി അവൻ സ്വയം ഏറ്റെടുത്തതുമാണ്. മുഹമ്മദ് നബി ﷺ യുടെ ബാധ്യത, അല്ലാഹു ഇറക്കി കൊടുക്കുന്ന മാർഗ്ഗദർശനവും നിയമസംഹിതയും സത്യസന്ധമായി ജനങ്ങൾക്ക് എത്തിച്ച് കൊടുക്കലും, കുറ്റമറ്റ രീതിയിൽ അത് അവരെ അഭ്യസിപ്പിക്കലുമാണ്. ജീവിതലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ജനങ്ങൾ ചെയ്യേണ്ടത് ആ സന്ദേശം പൂർണ്ണ മനസ്സോടെ സ്വീകരിക്കുകയും അതിനു സർവഥാ കീഴ്പ്പെടു കയും ചെയ്യുക എന്നതു മാത്രമാണ്. പ്രസിദ്ധ താബിഈ വര്യനായ ഇമാം ഇബ്നു ശിഹാബ് അൽസുഹ്രി ﵀ പറയുന്നത് കാണുക: وَقَالَ الزُّهْرِيُّ: مِنَ اللهِ الرِّسَالَةُ، وَعَلَى رَسُولِ اللهِ البَلاَغُ، وَعَلَيْنَا التَّسْلِيمُ. [البخاري في صحيحه معلقا] [മാർഗ്ഗദർശനം (രിസാലത്ത്) അല്ലാഹുവിൽനിന്നാണ് ലഭിക്കേണ്ടത്. റസൂലിന്റെ ബാധ്യത അത് എത്തിച്ചുതരിക എന്നതാണ്. നമ്മുടെ കടമ അതിനു സർവഥാ കീഴ്പ്പെടുക എന്നതും.] (ബുഖാരി സ്വഹീഹിൽ നിവേദക പരമ്പര പറയാതെ ഉദ്ധരിച്ചത്)
ഭൂമുഖത്തെ മനുഷ്യജീവിതം സഫലമാകണമെങ്കിൽ ലിംഗഭേദ മില്ലാതെ ഓരോ വ്യക്തിയും അല്ലാഹു നൽകുന്ന മാർഗ്ഗദർശനം സഹൃദയത്വത്തോടെ കേൾക്കണം. അത് സത്യപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്യണം. അതിനു സർവഥാ കീഴ്പ്പെടണം. അല്ലാഹുവോ അവന്റെ ദൂതനോ ഒരു കാര്യം വിധിച്ചാൽ അത് മനസാ വാചാ കർമ്മണാ അംഗീകരിക്കണം. യാതൊരു ചാഞ്ചല്യമോ വിമ്മിട്ടമോ കൂടാതെ അതിനു സർവ്വാത്മനാ കീഴ്പ്പെടണം. അതിനുമുന്നിൽ തന്റെ വൈയക്തികമായ താൽപര്യങ്ങൾക്കോ ഇഷ്ടാനിഷ്ടങ്ങൾക്കോ ഒരു സ്ഥാനവും നൽകാനും പാടില്ല. അല്ലാഹു പറയുന്നു: ﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا ٣٦﴾ (الأحزاب) [അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം വിധിച്ചാൽ വിശ്വാസിയായ പുരുഷനോ സ്ത്രീക്കോ സ്വന്തം താൽപര്യത്തിൽ മറ്റൊന്നു തെരഞ്ഞെടുക്കാൻ പാടില്ല. അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആർ ധിക്കരിക്കുന്നുവോ തീർച്ചയായും അവൻ വിദൂരമായ വഴികേടിലായിരിക്കുന്നു.] (അഹ്സാബ് 36)
അടിയനായ മനുഷ്യൻ സ്രഷ്ടാവായ അല്ലാഹുവിന്റെ മുന്നിൽ നടത്തേണ്ട ആത്മസമർപ്പണത്തിന്റെ നിരവധി പാഠങ്ങൾ ഖുർആനിലുണ്ട്. മറ്റൊരു സൂക്തം ശ്രദ്ധിക്കുക: ﴿إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَئِكَ هُمُ الْمُفْلِحُونَ ٥١﴾ (النور) [തങ്ങൾക്കിടയിൽ വിധികൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിച്ചാൽ സത്യവിശ്വാസികൾ പറയുക, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്നു മാത്രമായിരിക്കും. അവർ തന്നെയാകുന്നു വിജയികൾ.] (നൂർ 51)
ആത്മാർപ്പണത്തിന്റെ പൂർണ്ണത വിശ്വാസത്തിന്റെ ഭാഗമാണ്. ഈ രംഗത്തു തന്നെയാണ് വിശ്വാസം പരീക്ഷിക്കപ്പെടുന്നതും. അല്ലാഹുവിന്റെ ശാസനകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും കീഴ്പ്പെ ടുന്നത് ഏത് മനോനിലയിലാണെന്ന് പരീക്ഷിക്കപ്പെടാതെ പോവില്ല. അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനാവിലക്കുകൾക്ക് കീഴ്പ്പെടുമ്പോൾ മനസ്സിൽ വല്ല വിഷമമോ വിമ്മിട്ടമോ തോന്നുന്നുവെങ്കിൽ അർപ്പണം പരിപൂർണ്ണമല്ലെന്നും അത് വിശ്വാസത്തെ ബാധിക്കുമെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം: ﴿فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا ٦٥﴾ (النساء) [നിന്റെ റബ്ബു തന്നെ സത്യം! അവർക്കിടയിൽ ഭിന്നിപ്പുണ്ടായ കാര്യത്തിൽ താങ്കളെ അവർ വിധികർത്താവാക്കുകയും, എന്നിട്ട് താങ്കൾ വിധിച്ചതിൽ അവരുടെ മനസ്സിൽ യാതൊരു വിഷമവും തോന്നാതിരിക്കുകയും, അതിന് സർവഥാ കീഴ്പ്പെടുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവില്ല.] (നിസാഅ് 65)
അല്ലാഹുവിന്റെയും റസൂലിന്റെയും ശാസനകൾക്ക് പൂർണ്ണ മനസ്സോടെ കീഴ്പ്പെടുന്നതിനു പകരം, തന്നിഷ്ടങ്ങൾ പിൻപറ്റി അവയിൽ നിന്ന് വ്യതിചലിക്കാനാണ് ഭാവമെങ്കിൽ അവരുടെ പരിണതി വളരെ പരിതാപകരമായിരിക്കും; അവരുടെ ധാർമ്മികവും നൈതികവുമായ നില ഏറ്റവും ദൂഷിതവുമായിരിക്കും. അല്ലാഹു പറയുന്നു: ﴿فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ٦٣﴾ (النور) [അതിനാൽ അവിടുത്തെ കൽപനയിൽനിന്ന് വ്യതിചലിക്കുന്നവർ തങ്ങൾക്ക് വല്ല ഫിത്നഃയും വന്നുഭവിക്കുന്നതോ, വേദനിപ്പിക്കുന്ന ശിക്ഷ ബാധിക്കുന്നതോ സൂക്ഷിച്ചു കൊള്ളട്ടെ.] (നൂർ 63)
നബി ﷺ യുടെ കൽപനയിൽ നിന്ന് വ്യതിചലിക്കുന്നവരെ ഫിത്നഃ ബാധിക്കുമെന്നതിന്റെ വിവക്ഷ പ്രാമാണികരായ ഖുർ ആൻ വ്യാഖ്യാതാക്കൾ വിവരിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ് ﵄ മുതൽ അഹ്മദ് ബിൻ ഹൻബൽ ﵀ വരെയുള്ളവർ നൽകിയ വ്യാഖ്യാനം അത്തരക്കാർ ശിർക്കിൽ അകപ്പെടുമെന്നാണ്. നബി ﷺ യുടെ കൽപനയിൽനിന്ന് വ്യതിചലിക്കുകയും തന്നിഷ്ടങ്ങൾ പിന്തുടരുകയും ചെയ്യുന്നവർക്ക് ഹൃദയലാവണ്യവും സഹൃദയത്വവും നഷ്ടപ്പെടാൻ ഇടവരും. പകരം അവരുടെ മനസ്സിൽ വക്രതയും കുടിലതയും സ്ഥാനം പിടിക്കും. അങ്ങനെ അവരുടെ വ്യതിയാനം ചെറിയ കാര്യങ്ങളിൽ നിന്ന് ഗുരുതരമായ കാര്യങ്ങളിലേക്ക് നീങ്ങുകയും അവസാനം ശിർക്കിൽ അകപ്പെട്ട് നശിച്ചു പോകുകയും ചെയ്യും. മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് ﵀ കിതാബുത്തൗഹീദിൽ ഉദ്ധരിക്കുന്നത് കാണുക: وقال الإمام أحمد: عجبت لقوم عرفوا الإسناد وصحته، ويذهبون إلى رأي سفيان، والله تعالى يقول: ﴿فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ﴾ أتدري ما الفتنة؟ الفتنة الشرك، لعله إذا رد بعض قوله أن يقع في قلبه شيء من الزيغ فيهلك. [محمد بن عبد الوهاب في كتاب التوحيد] [ഇമാം അഹ്മദ് ﵀ പറയുന്നു: ഹദീസും നിവേദന പരമ്പരയും അറിയാവുന്നവർ തന്നെ സുഫ്യാന്റെ അഭിപ്രായത്തിലേക്ക് പോകുന്നതിൽ എനിക്ക് ആശ്ചര്യം തോന്നുകയാണ്! അല്ലാഹു പറയുന്നു: «അവിടുത്തെ കൽപനയിൽനിന്ന് വ്യതിചലിക്കുന്നവർ തങ്ങൾക്ക് വല്ല ഫിത്നഃയും വന്നുഭവിക്കുന്നതോ, വേദനിപ്പിക്കുന്ന ശിക്ഷ ബാധിക്കുന്നതോ സൂക്ഷിച്ചു കൊള്ളട്ടെ». ഫിത്നഃ എന്താണെന്ന് നിനക്കറിയുമോ? ഫിത്നഃ എന്നാൽ ശിർക്കാകുന്നു. അവിടുത്തെ കൽപനകളിൽ ചിലത് നിരാകരിക്കുന്നതോടെ അവന്റെ ഹൃദയത്തിൽ ചില വ്യതിയാനങ്ങൾ സ്ഥാനം പിടിക്കുന്നു. അങ്ങനെ അവൻ നാശമടയുകയും ചെയ്യുന്നു.] (മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് കിതാബുത്തൗഹീദിൽ ഉദ്ധരിച്ചത്)
അല്ലാഹുവോ അവന്റെ റസൂലോ ഒരു കാര്യം അനുശാസിച്ചാൽ വിശ്വാസികൾക്ക് ചെയ്യാനുള്ളത് അത് കേൾക്കുക, സത്യപ്പെടുത്തുക, അംഗീകരിക്കുക, അനുസരിക്കുക, സർവ്വാത്മനാ കീഴ്പ്പെടുക എന്നതു മാത്രമാണ്. അല്ലാഹു കൽപിച്ചിരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ അതിനു സർവഥാ കീഴ്പ്പെടണം. യുക്തിപരമാണോ, ശാസ്ത്രീയമാണോ, കാലികമാണോ, പ്രായോഗികമാണോ, പ്രയോജനാത്മകമാണോ എന്നൊന്നും നോക്കിയല്ല സ്വീകരിക്കേണ്ടതെന്ന് സാരം. അതിനു മുന്നിൽ തന്റെ താൽപര്യങ്ങൾക്കോ മുൻഗണനകൾക്കോ അഭീഷ്ടങ്ങൾക്കോ അഭിരുചികൾക്കോ യാതൊരു പരിഗണനയുമില്ല. അതിനു സർവഥാ കീഴ്പ്പെടുന്നതിൽ യാതൊരുവിധ മുഷിപ്പോ മനോവിഷമമോ തോന്നാവതുമല്ല. അല്ലാഹുവിന്റെയും റസൂലിന്റെയും ശാസനകൾക്കുള്ള അപരിമേയമായ വിധേയത്വമാണ് സ്രഷ്ടാവിനുള്ള ആത്മാർപ്പണത്തിന്റെ കാതൽ. ഈ പൊരുളിൽ നിന്നാണ് അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം, ഇസ്ലാം എന്ന അതിന്റെ പേരുതന്നെ സ്വീകരിച്ചിരിക്കുന്നത്.
അഹം വെടിഞ്ഞ് അല്ലാഹുവിന് ആത്മസമർപ്പണം നടത്തുക എന്നതാണ് ഇസ്ലാമിന്റെ കാതൽ. ഇത് സാക്ഷാത്ക്കരിക്കാൻ ഉതകുന്ന പ്രാമാണികമായ ചില ശാസനകളും ശിക്ഷണങ്ങളുമാണ് നടേ സൂചിപ്പിച്ചത്. അതേപോലെ പ്രമാണരേഖകളിൽ സ്ഥിരപ്പെട്ടിട്ടുള്ള ആത്മസമർപ്പണത്തിന്റെ ചില മഹനീയ മാതൃകകൾ കൂടി നമുക്ക് പരിശോധിക്കാം.
നാഗരികതയുടെ കളിത്തൊട്ടിലായി വിശേഷിപ്പിക്കപ്പെടാറുള്ള പുരാതന ഇറാഖിൽ സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇബ്റാഹീം എന്ന ഒരു ചെറുപ്പക്കാരൻ വളർന്നുവരുന്നു. സ്രഷ്ടാവ് കനിഞ്ഞേകിയ ശുദ്ധപ്രകൃതത്തെ മലിനമാക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്വാഭാവികമായും തന്റെ ചുറ്റുപാടുകളിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊടിയ അക്രമങ്ങളോട് അദ്ദേഹത്തിനു രാജിയാവാൻ കഴിഞ്ഞില്ല. തന്റെ മനസ്സ് കടുത്ത അസംതൃപ്തിയിലും സംഘർഷത്തിലും അകപ്പെടുന്നു. ഏകനായ സ്രഷ്ടാവും ആരാധ്യനുമായ അല്ലാഹുവിനോട് സൃഷ്ടികളെ പങ്കുചേർക്കുന്ന ശിർക്ക്! അതു തന്നെയായിരുന്നു തന്റെ പിതാവടക്കമുള്ള സമൂഹം ചെയ്തുകൊണ്ടിരുന്ന തെറ്റായ നടപടികളിൽ അദ്ദേഹത്തെ ഏറ്റവുമധികം വേദനിപ്പിച്ചത്.
അങ്ങനെ, സാധാരണക്കാരനായിരുന്ന ഇബ്റാഹീമിനെ അല്ലാഹു തെരഞ്ഞെടുക്കുന്നു; നുബുവ്വത്ത് നൽകി നബിയുടെ പദവിയിലേക്ക് ഉയർത്താൻ! അല്ലാഹുവിന്റെ സന്ദേശം പാമര ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക എന്ന ദൂത് ഏൽപിക്കാനും ഇബ്റാഹിമിനെ തന്നെ തെരഞ്ഞെടുക്കുന്നു. അതോടെ റസൂലിന്റെ പദവിയിലേക്കും അദ്ദേഹം ഉയർത്തപ്പെടുന്നു. അല്ലാഹുവിന്റെ പ്രാപഞ്ചികമായ നടപടിക്രമങ്ങൾക്ക് അതീതനല്ല ഇബ്റാഹീം ﵇. അദ്ദേഹത്തിന്റെ വിശ്വാസദാർഢ്യം അല്ലാഹു പരീക്ഷിക്കുന്നു; അക്ഷരാർത്ഥത്തിൽ അഗ്നിപരീക്ഷണങ്ങൾക്ക് തന്നെ അദ്ദേഹത്തെ വിധേയനാക്കുന്നു. എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂർത്തീകരിച്ചപ്പോൾ അദ്ദേഹത്തെ അല്ലാഹു ലോകരുടെ ഇമാമായി തെരഞ്ഞെടുത്ത്, പദവി വീണ്ടും ഉയർത്തിക്കൊടുക്കുന്നു. അതു കൊണ്ടും അവസാനിക്കുന്നില്ല. അല്ലാഹു അദ്ദേഹത്തെ തന്റെ ഖലീലായി തെരഞ്ഞെടുക്കുന്നു. അങ്ങനെ അല്ലാഹുവിന്റെ അതി വിശിഷ്ടമായ സ്നേഹവലയത്തിലേക്ക് അദ്ദേഹത്തെ ഉയർത്തുന്നു. അല്ലാഹുവിന്റെ സാമീപ്യശ്രേണിയിൽ ഈ ശൃംഗത്തിലെത്താൻ അദ്ദേഹത്തെ യോഗ്യനാക്കിയ കാര്യമെന്താണ്? അല്ലാഹുവിന്നുള്ള ആത്മസമർപ്പണമല്ലാതെ മറ്റൊന്നുമല്ല. അല്ലാഹു പറയുന്നത് കാണുക: ﴿وَمَنْ يَرْغَبُ عَنْ مِلَّةِ إِبْرَاهِيمَ إِلَّا مَنْ سَفِهَ نَفْسَهُ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ ١٣٠ إِذْ قَالَ لَهُ رَبُّهُ أَسْلِمْ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ ١٣١ وَوَصَّى بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللهَ اصْطَفَى لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ ١٣٢ أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُوا نَعْبُدُ إِلَٰهَكَ وَإِلَٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَٰهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ ١٣٣ تِلْكَ أُمَّةٌ قَدْ خَلَتْ لَهَا مَا كَسَبَتْ وَلَكُمْ مَا كَسَبْتُمْ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ ١٣٤﴾ (البقرة) [സ്വയം മൂഢനായവനല്ലാതെ ആരാണ് ഇബ്റാഹീമിന്റെ മാർഗ്ഗത്തിൽനിന്നും മുഖംതിരിക്കുക?! ഇഹലോകത്ത് വെച്ചുതന്നെ അദ്ദേഹത്തെ നാം ശ്രേഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. നിശ്ചയമായും അദ്ദേഹം പരലോകത്ത് സജ്ജനങ്ങളുടെ കൂട്ടത്തിലുമായിരിക്കും. നീ സർവഥാ കീഴ്പ്പെടൂ എന്ന് തന്റെ റബ്ബ് പറഞ്ഞ മാത്രയിൽ അദ്ദേഹം പ്രതിവചിച്ചു: ഞാൻ ഇതാ മുഴുലോകങ്ങളുടെയും റബ്ബായ അല്ലാഹുവിന് സർവഥാ കീഴ്പ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് ഇബ്റാഹീം തന്റെ മക്കൾക്ക് വസ്വിയ്യത്ത് നൽകിയതും; അതേപോലെ യഅ്ഖൂബും: എന്റെ മക്കളേ, നിശ്ചയമായും ഈ അർപ്പണത്തിന്റെ മതമാണ് അല്ലാഹു നിങ്ങൾക്ക് തെരഞ്ഞെടുത്തു തന്നിരിക്കുന്നത്. അതിനാൽ ആത്മാർപ്പണം ചെയ്തവരായിട്ടല്ലാതെ നിങ്ങൾ മരിക്കാൻ ഇടവരരുത്. യഅ് ഖൂബിന് മരണം ആസന്നമായ സമയത്ത് നിങ്ങൾ അവിടെ സന്നിഹിതരായിരുന്നോ? അന്നേരം അദ്ദേഹം തന്റെ മക്കളോട് ചോദിച്ചു: എന്റെ കാലശേഷം നിങ്ങൾ ആരെയാണ് ആരാധിക്കുക? അവർ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കൾ ഇബ്റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെ ആരാധ്യനായ, ഏക ഇലാഹിനെ മാത്രമായിരിക്കും ഞങ്ങൾ ആരാധിക്കുക. ഞങ്ങൾ അവന് ആത്മാർപ്പണം ചെയ്യുന്നവരായിരിക്കും. ആ സമുദായം കഴിഞ്ഞുപോയി. അവർ പ്രവർത്തിച്ചതിന്റെ ഫലം അവർക്കുണ്ടായിരിക്കും. നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം നിങ്ങൾക്കും. അവർ ചെയ്തിരുന്നതിനെ കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടില്ല.] (ബഖറഃ 130-134)
അല്ലാഹുവിന്നുള്ള ആത്മാർപ്പണമാണ് ഇസ്ലാമിന്റെ പൊരുൾ. ശിർക്കിന്റെ പക്ഷം വെടിഞ്ഞ്, തൗഹീദിന്റെ പക്ഷത്ത് വ്യക്തമായി നിലയുറപ്പിക്കലാണ് ഇബ്റാഹീം ﵇ ന്റെ മാർഗ്ഗം. ഈ നിലപാടാണ് അദ്ദേഹത്തിന് അല്ലാഹുവിങ്കൽ ഉന്നത സ്ഥാനം നേടിക്കൊടുത്തത്. ഒരു വിശ്വാസിക്ക് പിന്തുടരാൻ ഇതിനെക്കാൾ ഉദാത്തമായ മറ്റൊരു മാർഗ്ഗമോ മാതൃകയോ ഇല്ല. അല്ലാഹു പറയുന്നു: ﴿وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ للهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا وَاتَّخَذَ اللهُ إِبْرَاهِيمَ خَلِيلًا ١٢٥﴾ (النساء) [മതപരമായ പൂർണ്ണത കൈവരിച്ചുകൊണ്ട് തന്റെ മുഖം (സ്വത്വം) അല്ലാഹുവിന്ന് സമർപ്പിക്കുകയും, ശിർക്ക് വെടിഞ്ഞ് വ്യക്തമായും അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് തിരിഞ്ഞുകൊണ്ട് ഇബ്റാഹീമീ മാർഗ്ഗം പിന്തുടരുകയും ചെയ്തവനെക്കാൾ മതകാര്യത്തിൽ കുറ്റ മറ്റവനായി ആരുണ്ട്? അല്ലാഹു ഇബ്റാഹീമിനെ ഉറ്റമിത്രമായി സ്വീകരിച്ചിരിക്കുന്നു.] (നിസാഅ് 125)
വിശ്വാസത്തെ കുറിച്ച് മനുഷ്യരുടെ അവകാശവാദങ്ങൾ കണ്ണടച്ച് അനുവദിച്ചു കൊടുക്കുക എന്നതല്ല അല്ലാഹുവിന്റെ രീതി. അത് പരീക്ഷണങ്ങളിലൂടെ തെളിയിച്ച് കാണിക്കാതെ ഒരാളെയും വിടാൻ പോകുന്നില്ല. ഇബ്റാഹീം ﵇ നെ അല്ലാഹു കടുത്ത പരീക്ഷണങ്ങൾക്ക് വിധേയമാക്കി. അവയെല്ലാം അദ്ദേഹം വിജയകരമായി പൂർത്തികരിച്ചു. തൽഫലമായി അദ്ദേഹത്തിന് ഉന്നതമായ സ്ഥാനമാനങ്ങൾ നൽകുകയും ചെയ്തു. അല്ലാഹു പറയുന്നു: ﴿وَإِذِ ابْتَلَى إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا قَالَ وَمِنْ ذُرِّيَّتِي قَالَ لَا يَنَالُ عَهْدِي الظَّالِمِينَ ١٢٤﴾ (البقرة) [ഇബ്റാഹീമിനെ തന്റെ റബ്ബ് ചില കൽപനാ വചനങ്ങളിലൂടെ പരീക്ഷിക്കുകയും അദ്ദേഹം അവയെല്ലാം പൂർത്തീകരിക്കുകയും ചെയ്ത സന്ദർഭം. അവൻ അരുൾ ചെയ്തു: നിന്നെ ഞാൻ ലോകർക്കുള്ള ഇമാമാക്കുകയാണ്. അദ്ദേഹം യാചിച്ചു: എന്റെ സന്തതികളിൽ പെട്ടവരെയും. അവൻ പറഞ്ഞു: എന്റെ ഉടമ്പടി അക്രമികൾക്ക് ലഭിക്കുകയില്ല.] (ബഖറഃ 124)
അല്ലാഹുവിന്റെ പരീക്ഷണങ്ങൾ അദ്ദേഹം വിജയകരമായി പൂർത്തീകരിച്ചത് എങ്ങനെ എന്ന് പരിശോധിക്കാം. അവന്റെ കൽപന വന്നാൽ യാതൊരുവിധ പുനരാലോചനയുമില്ലാതെ, എന്തിനെന്നോ എങ്ങനെയെന്നോ തിരിച്ചൊരു അന്വേഷണമില്ലാതെ അവക്ക് സർവഥാ കീഴ്പ്പെടുന്നു. അതിനു മുന്നിൽ തന്റെ അഹം ത്യജിക്കുന്നു. മുഖവും സ്വത്വവും ജീവിതവും മരണവും അല്ലാഹുവിന് സമർപ്പിക്കുന്നു. ഉദാഹരണമായി ഭാര്യയെയും, ജീവിതത്തിന്റെ സായംസന്ധ്യയിൽ ഇരുവർക്കും ഓമനിക്കാൻ കിട്ടിയ കൈകുഞ്ഞിനെയും അങ്ങകലെ ആൾപാർപ്പില്ലാത്ത, ജീവ ജലമില്ലാത്ത, വിജനവും ദുർഘടവുമായ ബക്കാ താഴ്വരയിൽ കൊണ്ടുവിട്ട് തനിയെ തിരിച്ചുപോരാനുള്ള കൽപന. അത് വരുമ്പോൾ പുനരാലോചനയില്ലാതെ അതിനു സർവഥാ കീഴ്പ്പെടുന്നു. അതിന്റെ പിന്നിലെ യുക്തി അന്വേഷിക്കുന്നില്ല. അതിന്റെ പ്രായോഗികതയെ കുറിച്ച് വ്യാകുലപ്പെടുന്നില്ല. അല്ലാഹു കൽപിച്ചാൽ അത് പൂർണ്ണമനസ്സോടെ നിറവേറ്റുക തന്നെ. അവരെ തനിച്ചാക്കി തിരിച്ചുപോരുമ്പോൾ ജീവിതസഖിയായ ഹാജർ വലിയ നിസ്സഹായതയോടെ ആരായുന്നു: ഇത് അല്ലാഹുവിന്റെ കൽപന പ്രകാര മാണോ? ഒറ്റവാക്കിൽ ഉത്തരം നൽകുന്നു: അതെ. അവർ ആശ്വസിക്കുന്നു; എങ്കിൽ, അവൻ ഞങ്ങളെ പാഴാക്കുകയില്ല. അവിടെയാണ് വിശ്വാസത്തിന്റെ വീര്യം. ആത്മാർപ്പണത്തിന്റെ മഹനീയമായ മാതൃക. വളവുതിരിഞ്ഞ് കൺവെട്ടത്തു നിന്ന് അവർ അപ്രത്യക്ഷമായപ്പോൾ ഇബ്റാഹീം ﵇ ഇരുകൈകളും ഉയർത്തി തന്റെ റബ്ബിനോട് പറയുന്നു: ﴿رَبَّنَا إِنِّي أَسْكَنْتُ مِنْ ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِنْدَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُمْ مِنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ٣٧﴾ (إبراهيم) [ഞങ്ങളുടെ റബ്ബേ! ഞാൻ ഇതാ ഒരു കൃഷിയുമില്ലാത്ത ഈ താഴ് വരയിൽ, നിന്റെ പവിത്രമായ ഗേഹത്തിനരികെ എന്റെ പിൻമുറ യിൽപെട്ടവരെ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അവർ യഥാവിധം നമസ്കാരം നിർവ്വഹിക്കുന്നതിനു വേണ്ടിയാണത്. മനുഷ്യരിൽ ചിലരുടെയെങ്കിലും ഹൃദയങ്ങളെ അവരിലേക്ക് നീ തിരിക്കേണമേ. അവർ നന്ദി കാണിച്ചേക്കാം.] (ഇബ്റാഹീം 37)
ആ കുഞ്ഞ് വളർന്നുവളർന്ന് ബക്കാ താഴ്വരയിൽ, കഅ്ബാ ലയത്തിന്റെ പരിസരങ്ങളിലൂടെ പിച്ചവെച്ച് നടക്കാൻ തുടങ്ങുന്നു. ഇസ്മാഈലിന്റെ കുഞ്ഞിക്കാലുകൾ ഓടിച്ചാടുന്നത് കണ്ട് മനം കുളിരുമ്പോൾ വീണ്ടും അതാ അല്ലാഹുവിന്റെ കൽപന വരുന്നു: ﴿فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ فَانْظُرْ مَاذَا تَرَى قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِنْ شَاءَ اللهُ مِنَ الصَّابِرِينَ ١٠٢﴾ (الصافات) [തന്റെ കൂടെ ഓടിനടക്കുന്ന പ്രായമെത്തിയപ്പോൾ ഇബ്റാഹീം പറയുന്നു: മകനേ, നിന്നെ ഞാൻ അറുക്കണമെന്ന് എനിക്ക് സ്വപ്നത്തിലൂടെ കൽപന ലഭിച്ചിരിക്കുന്നു. നോക്കൂ! നിനക്ക് എന്ത് തോന്നുന്നു? അവൻ പറഞ്ഞു: പിതാവേ, അങ്ങയോട് കൽപിക്കപ്പെട്ടത് ചെയ്തുകൊള്ളുക. അല്ലാഹുവിന്റെ വേണ്ടുകയാൽ ക്ഷമാശാലികളുടെ കൂട്ടത്തിൽ താങ്കൾക്ക് എന്നെ കാണാൻ കഴിയും.] (സ്വാഫ്ഫാത് 102)
ഒരു വിമ്മിട്ടവുമില്ലാതെ ഇബ്റാഹീം ﵇ അല്ലാഹുവിന്റെ കൽപനക്ക് സർവഥാ കീഴ്പ്പെടുന്നു. അതിന്റെ യുക്തിയും കാരണവും തേടുന്നില്ല. അത് ഏൽപിച്ചേക്കാവുന്ന മാനസികാഘാതത്തെ കുറിച്ച് പരിഭവപ്പെടുന്നില്ല. എന്തിനാണ് അപ്രകാരം ചെയ്യുന്നത്, അതിന്റെ പ്രയോജനമെന്താണ് എന്നൊന്നും അന്വേഷിക്കുന്നില്ല. എല്ലാവിധ സംശയങ്ങൾക്കുമുള്ള ഉത്തരം ഇബ്റാഹീം ﵇ ന്റെ ബോധ്യത്തിലും വിശ്വാസത്തിലുമുണ്ട്. സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ കൽപനയാണിത്. അവനു കീഴ്പ്പെടാൻ വേറെ കാരണങ്ങളും യുക്തികളും വേണ്ട. അവൻ കൽപിച്ചു എന്ന ഒറ്റക്കാരണം മതി. അപ്പോൾ മാത്രമേ അവനുള്ള സമർപ്പണം പൂർണ്ണമാകുന്നുള്ളു. ഇബ്റാഹീം ﵇ പൂർണ്ണ മനസ്സോടെ അല്ലാഹുവിന്റെ കൽപന നടപ്പിലാക്കുന്നു. ﴿فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ ١٠٣ وَنَادَيْنَاهُ أَنْ يَا إِبْرَاهِيمُ ١٠٤ قَدْ صَدَّقْتَ الرُّؤْيَا إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ ١٠٥﴾ (الصافات) [അങ്ങനെ അവർ രണ്ടുപേരും കീഴ്പ്പെടുകയും, അദ്ദേഹത്തെ (ഇസ്മാഈലിനെ) നെറ്റിവെച്ച് കമഴ്ത്തിക്കിടത്തുകയും ചെയ്ത പ്പോൾ അല്ലാഹു അദ്ദേഹത്തെ വിളിച്ചു. ഇബ്റാഹീം! നീ സ്വപ്ന ത്തിലൂടെ ലഭിച്ച കൽപന പാലിച്ചിരിക്കുന്നു. തീർച്ചയായും സർവ്വാർപ്പണം ചെയ്യുന്നവർക്ക് ഇപ്രകാരമാണ് നാം പ്രതിഫലം നൽകുന്നത്.] (സ്വാഫാത്ത് 103-105)
ഇബ്റാഹീം ﵇ അല്ലാഹു നിയോഗിച്ച നബിയും റസൂലുമാണ്. അമ്പിയാക്കന്മാരുടെ പിതാവാണ്. മുവഹ്ഹിദുകളുടെ നേതാവാണ്. ലോകരുടെ ഇമാമാണ്. അല്ലാഹുവിന്റെ ഖലീലാണ്. ആകാശഭൂമികളുടെ ആധിപത്യ രഹസ്യങ്ങൾ കാണിക്കപ്പെട്ടവ നാണ്. അദ്ദേഹത്തെ ഇത്രയും ശ്രേഷ്ഠനായി തെരഞ്ഞെടുത്തതും ഉന്നതമായ പദവികളിലേക്ക് ഉയർത്തിയതും ആത്മാർപ്പണത്തിന്റെ പൂർണ്ണത കൊണ്ടാണ്. നീ കീഴ്പ്പെടൂ എന്ന് തന്റെ റബ്ബ് പറഞ്ഞപ്പോൾ, ഞാൻ ഇതാ മുഴുലോകങ്ങളുടെയും റബ്ബായ അല്ലാഹുവിന് സർവഥാ കീഴ്പ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ് അദ്ദേഹം പ്രതിവചിച്ചത്. അല്ലാഹുവിന്റെ ഏകത്വം ഉയർത്തിപ്പിടിച്ച് അവന്റെ ശാസനകൾക്ക് സർവഥാ കീഴ്പ്പെടുകയും അവനു മുമ്പിൽ ആത്മാർപ്പണം നടത്തുകയും ചെയ്യുക എന്നതാണ് ഇബ്റാഹീം ﵇ ന്റെ മില്ലത്ത്. അതു തന്നെയാണ് ഇസ്ലാമിന്റെ ആകത്തുകയും.
അല്ലാഹു ഇറക്കിയ സന്ദേശത്തിന്റെ ഉള്ളടക്കം വൃത്താന്തങ്ങളോ (أَخْبَارٌ) വിധിവിലക്കുകളോ (أَحْكَامٌ) ആയിരിക്കും. വൃത്താന്തങ്ങൾ സത്യപ്പെടുത്തുകയും ചാഞ്ചല്യമില്ലാതെ അവയിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യണം. വിധിവിലക്കുകളാണെങ്കിൽ അവയെ മാനിക്കുകയും വീഴ്ച കൂടാതെ പാലിക്കുകയും വേണം. ഇതാണ് മുഹമ്മദ് നബി ﷺ കൊണ്ടുവന്ന സന്ദേശങ്ങൾക്ക് കീഴ്പ്പെടുന്ന രീതി. ഇക്കാര്യം അനുചരന്മാരെ ബോധ്യപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ നബിചര്യയിലുണ്ട്. ഒരു ഉദാഹരണം കാണുക: عن أبي سعيد أن رجلا أتى النبي ﷺ فقال: أخي يشتكي بطنه، فقال: اسقه عسلا، ثم أتاه الثانية، فقال: اسقه عسلا، ثم أتاه الثالثة فقال: اسقه عسلا، ثم أتاه فقال: قد فعلت فقال: صدق الله وكذب بطن أخيك، اسقه عسلا، فسقاه، فبرأ. [البخاري في صحيحه] [അബൂ സഈദ് അൽഖുദ്രി ﵁ നിവേദനം. ഒരാൾ നബി ﷺ യെ സമീപിച്ചുകൊണ്ട് പറയുന്നു: എന്റെ സഹോദരനു വയറിളക്കം ബാധിച്ചിരിക്കുന്നു. അവിടുന്ന് നിർദ്ദേശിച്ചു: അവനു തേൻ നൽകൂ. അദ്ദേഹം രണ്ടാമതും നബി ﷺ യെ സമീപിക്കുന്നു. അപ്പോഴും നബി ﷺ പറയുന്നു: അവനു തേൻ നൽകൂ. അദ്ദേഹം മൂന്നാമതും നബി ﷺ യെ സമീപിക്കുന്നു. അപ്പോഴും നബി ﷺ പറയുന്നു: അവനു തേൻ നൽകൂ. പിന്നെയും അദ്ദേഹം വന്ന് പറഞ്ഞു: ഞാൻ ചെയ്തുവല്ലോ? അപ്പോൾ അവിടുന്ന് പ്രതിവചിക്കുന്നു: അല്ലാഹു പറഞ്ഞത് സത്യമാണ്. നിന്റെ സഹോദരന്റെ ഉദരം നിരാകരിക്കുകയാണ്!! അവന് തേൻ നൽകൂ. അങ്ങനെ അദ്ദേഹം അയാൾക്ക് വീണ്ടും തേൻ കൊടുക്കുകയും അദ്ദേഹത്തിനു രോഗമുക്തി ലഭിക്കുകയും ചെയ്തു.] (ബുഖാരി സ്വഹീഹിൽ ഉദ്ധ രിച്ചത്).
തേനിൽ ശമനം ഉണ്ടെന്നത് അല്ലാഹുവിന്റെ വചനമാണ്. അവന്റെ വചനം സത്യമാണ്. അതിൽ തെറ്റ് സംഭവിക്കുന്ന പ്രശ്നമില്ല. ഒരു സ്വഹാബി വന്ന് തന്റെ സഹോദരന് വയറിളക്കം ബാധിച്ച കാര്യം പറയുന്നു. അദ്ദേഹത്തിന് തേൻ കൊടുക്കാൻ നബി ﷺ നിർദ്ദേശിക്കുന്നു. മൂന്നുതവണ ആവർത്തിച്ചിട്ടും രോഗം മൂർഛിക്കുകയല്ലാതെ ശമിക്കുന്ന മട്ടില്ല. എന്നിട്ടും നബി ﷺ ക്ക് അല്ലാഹുവിന്റെ വചനത്തെ കുറിച്ച് യാതൊരു സന്ദേഹവും തോന്നുന്നില്ല. അവിടുന്ന് പറയുന്നു: അല്ലാഹു പറഞ്ഞത് സത്യം! നിന്റെ സഹോദരന്റെ ഉദരമാണ് അത് കളവാക്കിയത്!! വീണ്ടും അദ്ദേഹത്തിന് തേൻ കൊടുക്കാൻ നിർദ്ദേശിക്കുകയും നാലാം തവണ തേൻ നൽകിയപ്പോൾ അയാൾക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു. വൃത്താന്തങ്ങൾക്ക് കീഴ്പ്പെടുന്ന രൂപം ഇതാണ്. അത് സത്യപ്പെടുത്തുക, വിശ്വസിക്കുക, അതിൽ സന്ദേഹമോ ചാഞ്ചല്യമോ തോന്നാതിരിക്കുക. അതിനു സാധിക്കണമെങ്കിൽ അല്ലാഹുവിന്റെ ശാസനകൾക്ക് സർവഥാ കീഴ്പ്പെടുകയും അവന്റെ മുമ്പിൽ ആത്മാർപ്പണം നടത്തുകയും ചെയ്യണം. ഈ സംഭവത്തിലൂടെ നബി ﷺ അർപ്പണത്തെ കുറിച്ച് മഹത്തായ ഒരു പാഠം നൽകുകയും അനുചരന്മാരെ അത് പരിശീലിപ്പിക്കുകയുമാണ് ചെയ്യുന്നത്.
അബൂ ബക്ർ സ്വിദ്ദീഖ് ﵁ വിന്റെ കാര്യമെടുക്കാം. നബി ﷺ യുടെ ഏറ്റവും അടുത്ത അനുയായി, ഉത്തരാധികാരികളിൽ പ്രഥമൻ, നബി ﷺ കഴിഞ്ഞാൽ ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠനായ വ്യക്തി, പരമ സാത്വികൻ, നബി ﷺ യെ ഏതു കാര്യത്തിലും പരിപൂർണ്ണമായി സത്യപ്പെടുത്തിയവൻ. അവിടുന്ന് നൽകുന്ന വൃത്താന്തങ്ങൾക്ക് അദ്ദേഹം കീഴ്പ്പെട്ടിരുന്ന രീതി നോക്കാം. ഒരു രാത്രിയിൽ നബി ﷺ യെ മസിജിദുൽ ഹറാമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വാ വരെ അല്ലാഹു നിശാപ്രയാണം ചെയ്യിക്കുന്നു. ഈ ദൃഷ്ടാന്ത വിസ്മയത്തെ കുറിച്ച് അവിടുന്ന് ഖുറൈശി പ്രമുഖരെ അറിയിക്കുന്നു. തെളിവായി വഴിയിൽ വെച്ച് അവരുടെ സാർത്ഥവാഹക സംഘത്തെ കണ്ടതും അപ്പോൾ അവർ എത്തിയ സ്ഥാനവും കൃത്യമായി അവരെ ബോധ്യപ്പെടുത്തുന്നു. അതെല്ലാം ബധിര കർണ്ണങ്ങളിൽ തട്ടി പരിഹാസത്തോടെ തിരസ്കരിക്കപ്പെടുന്നു. ദുർബ്ബല മനസ്കരായ ചിലരെ കുഴപ്പത്തിലാക്കാനും മുഹമ്മദിനു ബുദ്ധിഭ്രംശം സംഭവിച്ചി രിക്കുന്നു എന്ന് പ്രചരിപ്പിക്കാനും മാത്രമാണ് അവർ ഇക്കാര്യം ഉപയോഗിച്ചത്. അങ്ങനെ അവർ അബൂ ബക്ർ ﵁ നെ കണ്ടു മുട്ടുന്നു. അദ്ദേഹത്തോട് അവർ ചോദിക്കുന്നു: നിന്റെ കൂട്ടാളി ഇപ്പോൾ ഇത്തരം ഭ്രാന്തൻ വാദങ്ങളാണ് നിരത്തുന്നത്. അതിനെ കുറിച്ച് നീ എന്തു പറയുന്നു? അതും നീ സത്യപ്പെടുത്തുമോ? നമുക്ക് അദ്ദേഹത്തിന്റെ മറുപടി വായിക്കാം: قال: نعم إني لأصدقه فيما هو أبعد من ذلك، أصدقه بخبر السماء في غدوة أو روحة، فلذلك سمي أبو بكر الصديق. [الحاكم في المستدرك وأورده الألباني في الصحيحة] [അദ്ദേഹം പറഞ്ഞു: തീർച്ചയായും! അതിലും വിദൂരമായ കാര്യത്തിൽ ഞാൻ അദ്ദേഹത്തെ സത്യപ്പെടുത്തുന്നുണ്ട്. അതായത് ഉപരിലോകത്തുനിന്ന് രാവിലെയും വൈകുന്നേരവും അദ്ദേഹത്തിനു വൃത്താന്തങ്ങൾ വന്നുകിട്ടുന്നു എന്നത് ഞാൻ സത്യപ്പെടുത്തുന്നുണ്ടല്ലോ. അതുകൊണ്ടാണ് അബൂ ബക്ർ ﵁ വിന് സ്വിദ്ദീഖ് എന്ന സ്ഥാനപ്പേരു ലഭിച്ചത്.] (ഹാക്കിം മുസ്തദ്റകിൽ ഉദ്ധരിച്ചത്)
അവിടുന്ന് അറിയിക്കുന്ന വൃത്താന്തങ്ങൾക്ക് ഇവ്വിധം സർവഥാ കീഴ്പ്പെടാൻ കഴിയുമ്പോൾ മാത്രമാണ് ഒരാൾ തഖ്വയുള്ള വനാകുന്നത്. സ്വന്തം അജയ്യതയും ആധികാരികതയും ഉദ്ഘോഷിച്ചു കൊണ്ട് തുടങ്ങുന്ന ഖുർആൻ, അത് വഴികാട്ടിയാണെന്ന് അവകാശപ്പെടുന്നത് ഗൈബിയായ വൃത്താന്തങ്ങൾ സത്യപ്പെടുത്തുന്ന സൂക്ഷ്മാലുക്കൾക്ക് മാത്രമാണ്. അല്ലാഹു പറയുന്നത് കാണുക: ﴿الٓمٓ ١ ذَٰلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ ٢ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ ٣﴾ (البقرة) [അലിഫ്-ലാം-മീം. അതാണു ഗ്രന്ഥം! സംശയമില്ല; അതിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് മാർഗ്ഗദർശനമുണ്ട്. അവർ ഗൈബിൽ (മറഞ്ഞ കാര്യങ്ങളിൽ) വിശ്വസിക്കുകയും നമസ്കാരം യഥാവിധം നിർവ്വഹിക്കുകയും നാം നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണ്.] (ബഖറഃ 1-3)
അതെ, അദൃശ്യനായ അല്ലാഹുവിൽ വിശ്വസിക്കണം. അവൻ അറിയിച്ചുതരുന്ന മറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കണം. ബുദ്ധിക്കും യുക്തിക്കും വഴങ്ങുന്നുവോ, ശാസ്ത്രവും അനുഭവവും സാക്ഷ്യപ്പെടുത്തുന്നുവോ എന്നതല്ല മാനദണ്ഡം. അദൃശ്യമായി അല്ലാഹുവിൽ വിശ്വസിക്കാനും അവന് ആത്മാർപ്പണം നടത്താനും അവന്റെ ശാസനകൾക്ക് പരിപൂർണ്ണമായി കീഴ്പ്പെടാനും സാധിക്കണം. അതാണ് ഖുർആനിലെ മാർഗ്ഗദർശനം പ്രയോജനപ്പെടാനുള്ള അടിസ്ഥാനയോഗ്യത തന്നെ. ഈ ആധാരങ്ങളിലാണ് മുഹമ്മദ് നബി ﷺ അനുചരന്മാരെ വളർത്തിക്കൊണ്ടു വന്നത്. അല്ലാഹുവോ റസൂലോ ഒരു കാര്യം കൽപിച്ചാൽ ചോദ്യം ചെയ്യാതെ, പുനരാലോചിക്കുക പോലും ചെയ്യാതെ, എല്ലാം മാറ്റിനിർത്തി അപ്പടി അതിനു കീഴ്പ്പെടുക എന്നതായിരുന്നു അവരുടെ നിലപാട്. ലളിതമായ ഒരു ഉദാഹരണം കാണുക: عن أبي سعيد الخدري ﵁ أنه قال: صلى بنا رسول الله ﷺ ذات يوم، فخلع نعليه، فوضعهما عن يساره، فلما رأى القوم أن رسول الله ﷺ قد خلع نعليه خلعوا نعالهم، فلما انفتل قال لهم: ما شأنكم خلعتم نعالكم، قالوا: يا رسول الله! رأيناك خلعت نعليك، فخلعنا نعالنا فقال: أتاني آتٍ، فحدثني أن في نعلي أذى فخلعتهما، فإذا دخل أحدكم المسجد فلينظر، فإذا رأى في نعليه قذرا فليمسحهما بالأرض ثم يصلي فيهما. [ابن خزيمة في صحيحه وصححه الألباني] [അബൂ സഈദ് അൽഖുദ്രി ﵁ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ദിവസം ഞങ്ങളെ കൂട്ടി നമസ്കരിച്ചു. അങ്ങനെ അവിടുന്ന് രണ്ടു ചെരിപ്പുകളും അഴിച്ച് തന്റെ ഇടതുഭാഗത്ത് വെച്ചു. റസൂൽ ﷺ അവിടുത്തെ രണ്ടു ചെരിപ്പുകളും അഴിച്ചുവെച്ചതായി ജനങ്ങൾ കണ്ടപ്പോൾ അവരും ചെരിപ്പുകൾ അഴിച്ചുവെച്ചു. നമസ്കാരത്തിൽനിന്ന് വിരമിച്ചപ്പോൾ അവിടുന്ന് അവരോട് ചോദിച്ചു: നിങ്ങൾ ചെരിപ്പുകൾ അഴിച്ചുവെക്കാൻ എന്താണ് കാര്യം? അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവിടുന്ന് രണ്ടു ചെരിപ്പു കളും അഴിച്ചുവെച്ചത് ഞങ്ങൾ കണ്ടു. അപ്പോൾ ഞങ്ങളും അഴി ച്ചുവെച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: എന്റെ അടുക്കൽ ഒരാൾ (ജിബ്രീൽ ﵇) വന്ന് എന്റെ ചെരിപ്പിൽ മാലിന്യമുണ്ടെന്ന് അറിയിച്ചു. അതുകൊണ്ടാണ് അവ രണ്ടും ഞാൻ അഴിച്ചുവെച്ചത്. നിങ്ങളിൽ വല്ലവരും പള്ളിയിൽ പ്രവേശിക്കുമ്പോൾ അവൻ പരി ശോധിക്കട്ടെ. തന്റെ ചെരിപ്പുകളിൽ വല്ല മാലിന്യവും കണ്ടാൽ അതു രണ്ടും നിലത്ത് തുടച്ചു കളയട്ടെ. എന്നിട്ട് അവൻ അതിൽ നമസ്കരിക്കുകയും ചെയ്യട്ടെ.] (ഇബ്നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്)
മേൽ സംഭവത്തിന് അടിക്കുറിപ്പ് ആവശ്യമില്ല. അത് നൽകുന്ന പാഠം സ്വതഃസ്പഷ്ടമാണ്. സ്വഹാബിമാർ നബി ﷺ യെ പിന്തുടർന്നിരുന്നതും അവിടുത്തെ കൽപനക്ക് കീഴ്പ്പെട്ടിരുന്നതും എങ്ങ നെയായിരുന്നുവെന്ന് അത് സ്വയം വിശദീകരിക്കുന്നുണ്ട്. എന്നാൽ നാമും നമ്മുടെ മാതൃകാ പുരുഷന്മാരും തമ്മിലുള്ള അന്തരം എത്ര വലുതാണ്. ഇന്ന് മുസ്ലിംകളിൽ അധിക പേരും അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനകൾ അനുസരിക്കുന്നത് തങ്ങളുടെ യുക്തിക്ക് അത് വഴങ്ങുമ്പോൾ മാത്രമാണ്. അല്ലെങ്കിൽ ആധുനിക ശാസ്ത്രം അതിനെ ശരിവെക്കുമ്പോഴാണ്. അല്ലെങ്കിൽ ഇന്ദ്രിയാനുഭവത്തിൽ അക്കാര്യം വന്നെങ്കിൽ മാത്രമാണ്. ഇതൊന്നുമല്ല അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനക്ക് കീഴ്പ്പെടാ നുള്ള മാനദണ്ഡം. അല്ലാഹു കൽപിച്ചു എന്ന ഒറ്റക്കാരണം മുൻനിർത്തി അവനു സർവഥാ കീഴ്പ്പെടുക എന്നതിലാണ് ദീനിന്റെ ആത്മാവ്. ഈ ചൈതന്യം ഉൾക്കൊണ്ടു പ്രവർത്തിക്കുക എന്നതാണ് കാര്യം. അല്ലാതെ കർമ്മങ്ങൾ സങ്കീർണ്ണവത്ക്കരിക്കുക എന്നത് അല്ലാഹുവിന്റെ ദീനിൽപെട്ടതല്ല. നബി ﷺ പറയുന്നു: عن أبي هريرة ﵁ عن النبي ﷺ قال: دعوني ما تركتكم، إنما هلك من كان قبلكم بسؤالهم واختلافهم على أنبيائهم، فإذا نهيتكم عن شيء فاجتنبوه، وإذا أمرتكم بأمر فأتوا منه ما استطعتم. [البخاري في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറഞ്ഞു: ഞാൻ നിങ്ങൾക്ക് വിട്ടുതന്ന കാര്യങ്ങളിൽ നിങ്ങൾ എന്നെ ഒഴിവാക്കൂ. നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർ നശിക്കാനുള്ള കാരണം അവരുടെ അധികരിച്ച ചോദ്യവും നബിമാരോടുള്ള വിപരീത പ്രവർത്തനങ്ങളുമായിരുന്നു. ഞാൻ ഒരു കാര്യം വിലക്കിയാൽ അത് നിങ്ങൾ വർജ്ജിക്കുക. ഞാൻ ഒരു കാര്യം കൽപിച്ചാൽ കഴിയുന്നത്ര അത് അനുവർത്തിക്കുക.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
യുക്തിക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും, പ്രായോഗികമാണെന്ന് തോന്നിയാലും അല്ലെങ്കിലും അല്ലാഹുവിന്റെ ശാസനകൾക്ക് കീഴ്പ്പെട്ടേ മതിയാകൂ. അത് എങ്ങനെയായിരിക്കണമെന്ന് അല്ലാഹുവും അവന്റെ റസൂലും സ്വഹാബത്തിനെ പരിശീലിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു ഉദാഹരണം പരിശോധിക്കാം.
സൂറത്തുൽ ബഖറഃ 284-ാം സൂക്തം അവതരിച്ചപ്പോൾ നബി ﷺ യുടെ അനുചരന്മാർക്ക് അതുൾക്കൊള്ളാൻ കഴിഞ്ഞില്ല. അവർക്കത് പ്രയാസമുണ്ടാക്കുകയും അക്കാര്യത്തെ കുറിച്ച് അവർ നബി ﷺ യോട് പരിഭവപ്പെടുകയുമുണ്ടായി. ആ സംഭവം ഇമാം മുസ്ലിം ﵀ സ്വഹീഹിൽ ഉദ്ധരിച്ചത് കാണുക. عَنْ أَبِي هُرَيْرَةَ ﵁ قَالَ: لَمَّا نَزَلَتْ عَلَى رَسُولِ اللهِ ﷺ: ﴿لِلهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللهُ فَيَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ وَاللهُ عَلَى كُلِّ شَيْءٍ قَدِيرٌ ٢٨٤﴿ (البقرة) قَالَ: فَاشْتَدَّ ذَلِكَ عَلَى أَصْحَابِ رَسُولِ اللهِ ﷺ، فَأَتَوْا رَسُولَ اللهِ ﷺ ثُمَّ بَرَكُوا عَلَى الرُّكَبِ، فَقَالُوا: أَيْ رَسُولَ اللهِ، كُلِّفْنَا مِنَ الْأَعْمَالِ مَا نُطِيقُ، الصَّلَاةَ وَالصِّيَامَ وَالْجِهَادَ وَالصَّدَقَةَ، وَقَدْ اُنْزِلَتْ عَلَيْكَ هَذِهِ الْآيَةُ وَلَا نُطِيقُهَا، قَالَ رَسُولُ اللهِ ﷺ: أَتُرِيدُونَ أَنْ تَقُولُوا كَمَا قَالَ أَهْلُ الْكِتَابَيْنِ مِنْ قَبْلِكُمْ سَمِعْنَا وَعَصَيْنَا؟ بَلْ قُولُوا: ﴿سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ﴾، قَالُوا: ﴿سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴾، فَلَمَّا اقْتَرَأَهَا الْقَوْمُ، ذَلَّتْ بِهَا أَلْسِنَتُهُمْ، فَأَنْزَلَ اللهُ فِي إِثْرِهَا: ﴿آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ٢٨٥﴾ (البقرة) فَلَمَّا فَعَلُوا ذَلِكَ نَسَخَهَا اللهُ تَعَالَى، فَأَنْزَلَ اللهُ عَزَّ وَجَلَّ: ﴿لَا يُكَلِّفُ اللهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا﴾ قَالَ: نَعَمْ، ﴿رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا﴾ قَالَ: نَعَمْ، ﴿رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ﴾ قَالَ: نَعَمْ، ﴾وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ ٢٨٦﴾ (البقرة) قَالَ: نَعَمْ. [مسلم في صحيحه] [അബൂ ഹുറയ്റഃ ﵁ പറയുന്നു: «ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻേറതാകുന്നു. നിങ്ങൾ മനസ്സിലുള്ളത് വെളിവാക്കിയാലും മറച്ചുവെച്ചാലും അല്ലാഹു അത് വിചാരണക്ക് വിധേയമാക്കുക തന്നെ ചെയ്യും. അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തുകൊടുക്കുകയും അവനുദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാകുന്നു». (ബഖറഃ 284) എന്ന സൂക്തം അല്ലാഹുവിന്റെ ദൂതന് അവതരിച്ചപ്പോൾ അത് അവിടുത്തെ അനുചരന്മാർക്ക് പ്രയാസമുണ്ടാക്കി. അവർ നബി ﷺ യുടെ അടുക്കൽ ചെന്ന് മുട്ടുകുത്തിനിന്നുകൊണ്ട് പറഞ്ഞു:
"അല്ലാഹുവിന്റെ ദൂതരേ, കർമ്മങ്ങളിൽനിന്ന് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളായിരുന്നു ഞങ്ങളെ വഹിപ്പിച്ചിരുന്നത് - നമസ്കാരം, നോമ്പ്, ജിഹാദ്, സ്വദഖഃ മുതലായവ. എന്നാൽ താങ്കൾക്ക് അവതരിപ്പിക്കപ്പെട്ട ഈ സൂക്തം, അത് ഞങ്ങൾക്ക് വഹിക്കാൻ കഴിയുന്ന കാര്യമല്ല."
അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: «നിങ്ങൾക്ക് മുമ്പുള്ള രണ്ടു ഗ്രന്ഥങ്ങളുടെ അവകാശികൾ പറഞ്ഞ പോലെ 'ഞങ്ങൾ കേട്ടിരിക്കുന്നു, ധിക്കരിച്ചിരിക്കുന്നു' എന്നു പറയാനാണോ നിങ്ങളും ഉദ്ദേശിക്കുന്നത്?
മറിച്ച്, നിങ്ങൾ പറയേണ്ടത്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് നീ പൊറുക്കേണമേ; നിന്നിലേക്കാകുന്നു മടക്കം എന്നാണ്».
അവർ പറഞ്ഞു: "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ; നിന്നിലേക്കാകുന്നു മടക്കം."
അങ്ങനെ അവർ അപ്രകാരം ചൊല്ലുകയും അത് അവരുടെ നാവുകളിൽ വഴങ്ങുകയും ചെയ്തതിനെ തുടർന്ന് അല്ലാഹു അവതരിപ്പിച്ചു: «റസൂൽ തന്റെ റബ്ബിങ്കൽനിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിച്ചിരിക്കുന്നു; സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരിൽ ഒരാൾക്കിടയിലും ഞങ്ങൾ വിവേചനം കാണിക്കുകയില്ല. അവർ പറയുകയും ചെയ്തു: ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തി രിക്കുന്നു; ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ; നിന്നിലേക്കാകുന്നു മടക്കം».
അവർ അങ്ങനെ ചെയ്തപ്പോൾ അല്ലാഹു അത് ദുർബ്ബലപ്പെടുത്തുകയും അനന്തരം അവതരിപ്പിക്കുകയും ചെയ്തു:
«ഒരാത്മാവിനെയും അതിന്റെ കഴിവിൽപെടാത്തതൊന്നും അല്ലാഹു വഹിപ്പിക്കുകയില്ല. അത് സമ്പാദിച്ചത് അതിനുണ്ടായി രിക്കും. അതു ചെയ്തുവെച്ചത് (തിന്മ) അതിനു പ്രതികൂലമായും ഭവിക്കും. ഞങ്ങളുടെ റബ്ബേ ഞങ്ങൾ മറന്നതോ, അബദ്ധവശാൽ ചെയ്തു പോകുന്നതിന്റെ പേരിലോ ഞങ്ങളെ നീ പിടികൂടരുതേ!»
അല്ലാഹു പറഞ്ഞു: «അതെ».
അവർ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് മുമ്പുള്ളവരു ടെമേൽ നീ ചുമത്തിയ പോലെ ഞങ്ങളുടെമേൽ നീ ദുർവ്വഹമായ ഭാരങ്ങൾ ചുമത്തരുതേ."
അവൻ പറഞ്ഞു: «അതെ».
"ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് സാധ്യമല്ലാത്ത യാതൊന്നും ഞങ്ങളെ നീ വഹിപ്പിക്കരുതേ."
അവൻ പറഞ്ഞു: «അതെ».
"ഞങ്ങൾക്ക് മാപ്പു നൽകുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ സംരക്ഷകൻ. ആകയാൽ അവിശ്വാസികളായ ജനങ്ങൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ."
അവൻ പറഞ്ഞു: «അതെ».] (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
എന്നാൽ, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട ഏതെങ്കിലും ഒരു കാര്യം ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ അത് നിഷേധിക്കാനോ അതിൽ സംശയം പ്രകടിപ്പിക്കാനോ മുതിരുകയല്ല ചെയ്യേണ്ടത്. അത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും വഴിയാണ്. മറിച്ച്, വിനയത്തിന്റെയും അനുസരണത്തിന്റെയും മാർഗ്ഗമാണ് ഒരു വിശ്വാസി അവലംബിക്കേണ്ടത്. ആദ്യമായി തന്റെ അജ്ഞത യെയും ബൗദ്ധികമായ പരിമിതികളെയും കുറിച്ച് ആലോചിക്കണം. അത്തരം അജ്ഞേയമായ കാര്യങ്ങൾ അറിവുള്ളവരിലേക്ക് മടക്കണം. തനിക്ക് അറിയില്ലെങ്കിലും അതിനെ കുറിച്ച് അറിവുള്ള പണ്ഡിതന്മാർ വേറെയുണ്ടാകും. അക്കാര്യം അവർക്ക് വിടുക യാണു ചെയ്യേണ്ടത്. ഒരു പക്ഷെ, ഈ ഘട്ടത്തിൽ നമുക്ക് ഗ്രഹിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു ഘട്ടത്തിൽ അതിന്റെ രഹസ്യം അല്ലാഹു നമുക്ക് തുറന്നുതരികയും ചെയ്യാം. കാര്യങ്ങളെ കുറിച്ച് ശരിയായ ഗ്രാഹ്യത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക യാണ് ചെയ്യേണ്ടത്. നബിമാരും മഹത്തുക്കളും കാര്യങ്ങൾ ആഴത്തിലും ശരിയായ വിധത്തിലും ഗ്രഹിച്ചെടുക്കുന്നതിനായി അല്ലാഹുവിനോട് പ്രാർത്ഥിച്ചിരുന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്. കൂടാതെ, ഗ്രഹിക്കാനാവാത്ത വചനങ്ങളിൽ മൊത്തമായി വിശ്വാസം രേഖപ്പെടുത്തുകയും അതിന് കീഴ്പ്പെടുകയുമാണ് വേണ്ടത്. ഇതാണ് വിനീതരായ ദാസന്മാരുടെ മാർഗ്ഗം. ഇമാം അഹ്മദ് ﵀ പറയുന്നത് കാണുക: ومن لم يعرف تفسير الحديث ولم يبلغه عقله، فقد كفي ذلك، وأحكم له، فعليه الإيمان به والتسليم له. [أحمد بن حنبل في أصول السنة] [ഒരു ഹദീസിന്റെ വിവക്ഷ ഒരാൾക്ക് അറിയില്ലെങ്കിൽ, അഥവാ തന്റെ ബുദ്ധിക്ക് അത് പ്രാപിക്കാനായില്ലെങ്കിൽ അയാൾക്ക് അത് അത്ര മതി. അക്കാര്യം പ്രബലമായ രേഖകളിലൂടെ സംശയരഹിതമായി അദ്ദേഹത്തിന് വേറെ കിട്ടും. അതിനാൽ അയാളുടെ ബാധ്യത അതിൽ വിശ്വസിക്കുകയും അതിനു കീഴ്പ്പെടുകയും ചെയ്യുക എന്നതാണ്.] (അഹ്മദ് ബിൻ ഹൻബൽ, ഉസൂലുസ്സുന്നഃയിൽ രേഖപ്പെടുത്തിയത്)