Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നഹ്ൽ,النَّحْلُസൂക്തം 125

Vol. 2 Page 1246

﴿ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ 12٥﴾

ഹിക്മത്തും സാരോപദേശവുമായി നീ നിന്റെ റബ്ബിന്റെ മാർഗ്ഗത്തിലേക്ക് പ്രബോധനം ചെയ്യുക. ഏറ്റവും ഉത്തമമായത് (വഹ്‌യ്) ഉപയോഗിച്ച് നീ അവരുമായി സംവദിക്കുക. തീര്‍ച്ചയായും നിന്റെ റബ്ബ് അവന്റെ മാർഗ്ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവൻ നേർമാർഗ്ഗം പ്രാപിച്ചവരെപ്പറ്റിയും ഏറ്റവും സൂക്ഷ്മമായി അറിയുന്നവനാണ്. (125)

ഇസ്‌ലാമിക പ്രബോധനം നിർവ്വഹിക്കാനുള്ള കല്പനയാണ് മേൽ സൂക്തത്തിൽ അടങ്ങിയിരിക്കുന്നത്. പ്രബോധനത്തെ കുറിച്ച് ചിന്തിക്കുമ്പോൾ സുപ്രധാനമായ ചില ചോദ്യങ്ങൾക്കു നാം ഉത്തരം കണ്ടെത്തേണ്ടതായി വരുന്നു:

1. ആരാണ് പ്രബോധനം നടത്തേണ്ടത്?

2. ഏതിലേക്കാണ് ജനങ്ങളെ വിളിക്കേണ്ടത്?

3. എന്തുമായിട്ടാണ് പ്രബോധനം ചെയ്യേണ്ടത്?

മൗലികമായ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം മേൽ സൂക്തത്തിലുണ്ട്. അതിൽ അല്ലാഹു പ്രബോധനം ചെയ്യാൻ കല്പിക്കുന്നത് നബി ﷺയോടാണ്. അല്ലാഹു നിയോഗിക്കുന്ന നബിമാരുടെ ദൗത്യമാണ് പ്രബോധനം. ദൂതന്മാർ എന്ന നിലയിൽ അവർ നിർവ്വഹിക്കേണ്ട ധർമ്മമായ പ്രബോധനം അവർക്കു പുറമെ, പിന്നീട് നിർവ്വഹിക്കേണ്ടത് അവരുടെ അനന്തരവന്മാരെന്നു വിശേഷിപ്പിക്കപ്പെട്ട പണ്ഡിതന്മാരാണ്. അല്ലാഹുവിലേക്കാണ് അവർ ജനങ്ങളെ ക്ഷണിക്കേണ്ടത്. വ്യക്തമായോ വ്യംഗ്യമായോ, പ്രത്യക്ഷമായോ പരോക്ഷമായോ മറ്റൊന്നിലേക്കും അവർ ജനങ്ങളെ ക്ഷണിക്കാവതല്ല. അല്ലാഹുവിലേക്കുള്ളതല്ലാത്ത യാതൊരു ക്ഷണവും ഇസ്‌ലാമിക പ്രബോധനമായി ഗണിക്കപ്പെടുകയില്ല.

ഹിക്‌മത്ത് എന്നാൽ സുന്നത്ത്

എന്തിന്റെ അടിസ്ഥാനത്തിലാണ് അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കേണ്ടത്? «ഹിക്മത്തും സാരോപദേശവുമായി നീ നിന്റെ റബ്ബിന്റെ മാർഗ്ഗത്തിലേക്ക് പ്രബോധനം ചെയ്യുക» എന്ന മേൽ വചനത്തിൽ വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് പ്രബോധനം നടത്തേണ്ടതെന്ന് വ്യക്തമാക്കുന്നു. വഹ്‌യിന് രണ്ടു രൂപമുണ്ട് - ഖുർആനും സുന്നത്തും. ഖുർആനിൽ വന്ന പ്രമാണവാക്യങ്ങളുടെ പ്രായോഗിക വിശദീകരണം കൂടിയാണ് സുന്നത്ത്. ഖുർആനിനെ പോലെ തന്നെ അല്ലാഹുവിന്റെ വഹ്‌യായതിനാൽ സുന്നത്തിനും അപ്രമാദിത്വമുണ്ട്. അത് യുക്തിഭദ്രവും ബുദ്ധിപരവും പ്രായോഗികവുമായിരിക്കും. കൂടാതെ, മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സുസ്ഥിതിയുമായി ഒത്തുപോകുന്ന കാര്യങ്ങളേ അതിലുണ്ടായിരിക്കുകയുള്ളു. അതിനെ കുറിച്ചാണ് ഈ സൂക്തത്തിൽ ഹിക്മത്ത് എന്ന് പ്രയോഗിച്ചിരിക്കുന്നത്. ഭാഷാപരമായും മതപരമായും ഹിക്മത്ത് എന്ന പദം ദ്യോതിപ്പിക്കുന്ന മുഴുവൻ ആശയങ്ങളെയും പ്രകാശിപ്പിക്കാവുന്ന മറ്റൊരു സംജ്ഞ സുന്നത്ത് അഥവാ നബിചര്യ എന്നുള്ളതു മാത്രമാണ്. ബുദ്ധി, യുക്തി, തന്ത്രം, തത്വജ്ഞാനം, വിവേകം, പോലുള്ള പദങ്ങളൊന്നും അതിനു പകരം വെക്കാനാവില്ല.

അല്ലാഹു നിയോഗിച്ച ദൂതരോ അവരുടെ അനന്തരവന്മാരെന്നു വിശേഷിപ്പിക്കപ്പെട്ട പണ്ഡിതന്മാരോ പ്രബോധനം ചെയ്യേണ്ടത് അല്ലാഹു അവതരിപ്പിച്ചു കൊടുത്ത വഹ്‌യ് പ്രകാരമാണ്. അങ്ങനെ മാത്രമേ അവർ പ്രബോധനം ചെയ്‌തിട്ടുമുള്ളു. എന്നല്ല, പ്രബോധനത്തിന്റെ പ്രായോഗിക രീതി വഹ്‌യിന്റെ ഒരിനമായ ഹിക്മത്തിൽനിന്ന് അഥവാ നബിചര്യയിൽനിന്നാണ് ലഭിക്കുക.

കുറച്ചു കൂടി വ്യക്തമാക്കിയാൽ പ്രബോധനം ചെയ്യേണ്ട ആശയം വഹ്‌യിൽനിന്ന് ലഭിച്ചതു മാത്രമായിരിക്കണം; അല്ലാതെ നൂതനമായ കാര്യങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കരുത്. പ്രബോധനത്തിന്റെ രീതിയും മാർഗ്ഗങ്ങളും നബി ﷺ കാണിച്ചു തന്ന പ്രകാരത്തിൽ മാത്രമായിരിക്കുകയും വേണം. പ്രബോധനത്തിനു വേണ്ടി അവിടുന്ന് കാണിച്ചു തരാത്ത നൂതനമായ രീതികൾ ആവിഷ്‌കരിക്കുന്നതും, അവിടുന്ന് അവലംബിക്കാത്ത പുതിയ മാർഗ്ഗങ്ങളും മാധ്യമങ്ങളും പ്രബോധനത്തിനു വേണ്ടി ഉപയോഗിക്കുന്നതും പാടില്ലാത്ത കാര്യമാ. അത് ഹിക്മത്തിനു വിരുദ്ധവും «ഹിക്മത്തും സാരോപദേശവുമായി നീ നിന്റെ റബ്ബിന്റെ മാർഗ്ഗത്തിലേക്ക് പ്രബോധനം ചെയ്യുക» എന്ന കല്പനയുടെ ലംഘനവുമായിരിക്കും.

ഹിക്മത്തിന്റെ സാമാന്യമായ വിവക്ഷയിൽ വഹ്‌യ് മൊത്തം ഉൾപ്പെടുമെങ്കിലും നബിചര്യ എന്നതാണ് അതിന്റെ സവിശേഷമായ അർത്ഥം. ഈ യാഥാർത്ഥ്യത്തെ സാധൂകരിക്കുന്ന നിരവധി സൂക്തങ്ങൾ ഖുർആനിലുണ്ട്. ഏതാനും ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം. ﴿وَٱذْكُرُوا نِعْمَتَ ٱللهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَـٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ ۚ وَٱتَّقُوا ٱللهَ وَٱعْلَمُوٓا أَنَّ ٱللهَ بِكُلِّ شَىْءٍ عَلِيمٌ ٢٣١﴾ (البقرة) [നിങ്ങളുടെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹത്തെ കുറിച്ചും, ഗ്രന്ഥമായും സാന്മാർഗ്ഗിക ചര്യയായും നിങ്ങള്‍ക്ക് അവൻ ഇറക്കിത്തന്നിട്ടുള്ളതിനെ കുറിച്ചും നിങ്ങള്‍ ഓര്‍ക്കുക. അത് മുൻനിർത്തി അവൻ നിങ്ങളെ ഉപദേശിക്കുന്നു; നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അറിയുക! നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തെ കുറിച്ചും സൂക്ഷ്‌മജ്ഞാനിയാകുന്നു.] (ബഖറഃ 231)

മറ്റൊരു സൂക്തം കാണുക: ﴿وَأَنزَلَ ٱللهُ عَلَيْكَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللهِ عَلَيْكَ عَظِيمًا ١١٣﴾ (النساء) [അല്ലാഹു നിനക്ക് ഗ്രന്ഥവും സാന്മാർഗ്ഗികചര്യയും ഇറക്കിത്തരുകയും നിനക്ക് അറിഞ്ഞുകൂടാത്തത് അവന്‍ നിന്നെ പഠിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തരം തന്നെ.] (നിസാഅ് 113)

നബി ﷺയുടെ പത്നിമാരെയും പുത്രിമാരെയും അഭിസംബോധന ചെയ്‌തു കൊണ്ട് അല്ലാഹു പറയുന്നു: ﴿وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَـٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا ٣٤﴾ (الأحزاب) [നിങ്ങളുടെ വീടുകളില്‍ വെച്ച് അല്ലാഹുവിന്റെ വചനങ്ങളിൽനിന്നും നബിചര്യയിൽനിന്നും പാരായണം ചെയ്യപ്പെടുന്നത് നിങ്ങള്‍ ഓർക്കുക. തീര്‍ച്ചയായും അല്ലാഹു അഗാധമായ അറിവുള്ള സൂക്ഷ്‌മജ്ഞാനിയാകുന്നു. (അഹ്സാബ് 34)

മുകളിൽ ഉദ്ധരിച്ചതു പോലുള്ള സൂക്തങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഹിക്മത്തിന്റെ വിവക്ഷ നബിചര്യയല്ലാതെ മറ്റൊന്നുമല്ല. അത് സന്ദർഭത്തിൽനിന്നു തന്നെ വ്യക്തമാണ്. ഈ വസ്തുതക്ക് അടിവരയിടുന്ന ഒരു നബിവചനം കൂടി കാണുക: عَنِ الْمِقْدَامِ بْنِ مَعْدِي كَرِبَ الْكِنْدِيِّ، قَالَ: قَالَ رَسُولُ اللهِ ﷺ: أَلَا إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ.. إلخ [أبو داود في سننه وصححه الألباني] [മിഖ്‌ദാം ബിൻ മഅ്ദീകരിബ് അൽകിന്ദി ﵁ നിവേദനം. നബി ﷺ പറയുന്നു: അറിയുവീൻ! എനിക്ക് ഗ്രന്ഥം നൽകപ്പെട്ടിരിക്കുന്നു; അതിന്റെ കൂടെ തത്തുല്യമായ മറ്റൊന്നും..] (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

കൂടാതെ, സച്ചരിതരായ സലഫുകളും അപ്രകാരം തന്നെയാണ് അതിനു വ്യാഖ്യാനം നല്കിയിരിക്കുന്നത്. ത്വബരി, ഇബ്‌നു കഥീർ, ബഗവി, ഖുർത്വുബി ﵏ പോലുള്ളവർ അവരുടെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ സലഫുകളായ ഖതാദഃ, ഹസൻ رحمهما الله പോലുള്ള മുഫസ്സിറുകളെ ഉദ്ധരിച്ചു കൊണ്ട് വിശദീകരിച്ചിട്ടുള്ളത് നോക്കിയാൽ ഇക്കാര്യം ബോധ്യമാകും. ഗ്രന്ഥവും ഹിക്മത്തും എന്ന ഖുർആനിക പരാമർശത്തിന് ഖുർആനും നബിചര്യയും എന്നല്ലാതെ മറ്റൊരു വ്യാഖ്യാനവും യോജിക്കുകയില്ലെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

മഹാന്മാരായ ഇമാമുകളും പണ്ഡിതന്മാരും ഇക്കാര്യം അവരുടെ നിരവധി രചനകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിസ്‌താര ഭയത്താൽ അത്തരം ഉദ്ധരണികൾ ഇവിടെ നിരത്തുന്നില്ല. ഇമാം ശാഫിഈ ﵀യുടെ ഭുവനപ്രഥിതമായ കൃതി രിസാലഃയിലെ ഒരു വാചകം മാത്രം ഇവിടെ ഉദ്ധരിക്കാം: فلم يَجُزْ - والله أعلم - أن يقال الحكمة هاهنا إلا سنةُ رسول الله، وذلك أنها مقرونة مع كتاب الله. [الشافعي في الرسالة] [ഇവിടെ ഹിക്മത്ത് എന്നതിന് നബി ﷺയുടെ ചര്യ എന്നല്ലാതെ മറ്റൊന്നും പറയാൻ പറ്റില്ല. (والله أعلم) എന്തെന്നു വെച്ചാൽ അത് അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ കൂടെയാണ് പറയപ്പെട്ടിരിക്കുന്നത്.] (ശാഫിഈ രിസാലയിൽ രേഖപ്പെടുത്തിയത്)

ബഹുമുഖമായ ഇത്തരം തെളിവുകളെല്ലാം ഒരു പോലെ നമ്മെ തെര്യപ്പെടുത്തുന്നത് നബി ﷺ കാണിച്ചു തന്നതല്ലാത്ത മറ്റൊരു മാർഗ്ഗമോ രീതിയോ പ്രബോധനത്തിന് ഉപയോഗിക്കാൻ പാടില്ല എന്നു തന്നെയാണ്. ഓരോരുത്തർക്കും നല്ലതെന്നു തോന്നുന്ന രീതികളോ മാധ്യമങ്ങളോ ഉപാധികളോ പ്രബോധനത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത് ദീനിൽ അപനിർമ്മിതികളുണ്ടാക്കലല്ലാതെ മറ്റൊന്നുമല്ല. നൂതനമായ കാര്യങ്ങൾ ദീനിൽ കടത്തിക്കൂട്ടാൻ ഉദ്ദേശിക്കുന്നവർ ഇതു പോലുള്ള ഖുർആനിക പദാവലികളെ ദുർവ്യാഖ്യാനം ചെയ്യുകയാണ് പതിവ്.

തർക്കങ്ങളും സംവാദങ്ങളും

ജനങ്ങളോട് ദീൻ പ്രബോധനം ചെയ്യുന്ന രീതിയെ കുറിച്ച് «وَجَادِلْهُم بِالَّتِي هِيَ أَحْسَنُ..م - നീ അവരുമായി ഉത്തമമായതു കൊണ്ട് സംവദിക്കുക» എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ സംവാദം (جِدَال) എന്നതിന്റെ വിവക്ഷയെന്താണെന്നു കൂടി നമുക്ക് പരിശോധിക്കാം. 'ജിദാൽ' എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്ന മറ്റു രണ്ട് ഖുർആൻ സൂക്തങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം: ﴿وَلَا تُجَـٰدِلُوٓا أَهْلَ ٱلْكِتَـٰبِ إِلَّا بِٱلَّتِى هِىَ أَحْسَنُ إِلَّا ٱلَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوٓا ءَامَنَّا بِٱلَّذِىٓ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَٰحِدٌ وَنَحْنُ لَهُۥ مُسْلِمُونَ ٤٦﴾ (العنكبوت) [ഗ്രന്ഥാവകാശികളോട് ഏറ്റവും ഉത്തമമായതു കൊണ്ടല്ലാതെ നിങ്ങൾ സംവദിക്കരുത്. അവരില്‍ നിന്ന്‌ അതിക്രമം കാണിച്ചവരുടെ കാര്യം വേറെ. നിങ്ങള്‍ പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ആരാധ്യനും നിങ്ങളുടെ ആരാധ്യനും ഒരുവനാണ്. ഞങ്ങള്‍ അവന്‌ സർവ്വഥാ കീഴ്‌പ്പെട്ടവരാകുന്നു.] (അൻകബൂത്ത് 46) ﴿إِنَّ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ إِن فِى صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَـٰلِغِيهِ ۚ فَٱسْتَعِذْ بِٱللهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ ٥٦﴾ (غافر) [തങ്ങള്‍ക്ക് വന്നുകിട്ടിയ യാതൊരു പ്രമാണരേഖയുടെയും അടിസ്ഥാനത്തിലല്ലാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവർ, അവരുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. എന്നാൽ അതിലേക്കവർ എത്തുകയേ ഇല്ല. അതിനാൽ നീ അല്ലാഹുവിനോട് കാവൽ തേടുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും.] (ഗാഫിർ 56)

മുകളിൽ കൊടുത്ത രണ്ടു സൂക്തങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുന്ന ഒരാൾക്ക് അനായാസം മനസ്സിലാക്കാവുന്ന കാര്യം വഹ്‌യിലൂടെ ലഭിച്ച രേഖ പ്രകാരമല്ലാതെ ആരുമായും മതപരമായ കാര്യങ്ങൾ സംവദിക്കാൻ പാടില്ലെന്നുള്ളതാണ്. ആദ്യ സൂക്തത്തിൽ ഗ്രന്ഥാവകാശികളോട് സംവദിക്കാൻ കല്പിക്കുന്നു. പക്ഷെ, അവരോട് സംവദിക്കേണ്ടത് ഏറ്റവും ഉത്തമമായതു കൊണ്ടാണ് (بِٱلَّتِى هِىَ أَحْسَنُ), അഥവാ വഹ്‌യിലൂടെ ലഭിച്ച രേഖകൾ വെച്ചു കൊണ്ടാണ്. രണ്ടാമത്തെ സൂക്തത്തിൽ അഹങ്കാരികളെന്നു വിശേഷിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് വഹ്‌യിലൂടെ ലഭിച്ച രേഖ കൊണ്ടല്ലാതെ (بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ) സംവദിക്കുന്നവരെയുമാണ്. മനുഷ്യന്റെ ശുദ്ധപ്രകൃതി (فِطْرَةٌ) താൽപര്യപ്പെടുന്നതാണ് വഹ്‌യിലൂടെ ലഭിക്കുന്ന അറിവ്. കളങ്കപ്പെടുത്താത്ത, സ്വച്‌ഛവും സത്യസന്ധവുമായ ശുദ്ധപ്രകൃതി കാത്തുസൂക്ഷിക്കുന്ന ഒരു മനുഷ്യനോട് അത് പറഞ്ഞാൽ കേൾക്കുന്ന ആദ്യമാത്രയിൽ തന്നെ അയാളത് പുണരും. ഇക്കാര്യം അല്ലാഹു ഖുർആനിൽ വ്യക്തമാക്കുന്നത് കാണുക: ﴿فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًۭا ۚ فِطْرَتَ اللهِ الَّتِي فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ٣٠﴾ (الروم) [അതിനാൽ തൗഹീദ് പക്ഷക്കാരനായി നീ നിന്റെ മുഖം ദീനിനു നേരെ തിരിക്കുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയെ, അതായത് അല്ലാഹു നിശ്ചയിച്ച ആ സൃഷ്ടിപ്പിനെ യാതൊരു മാറ്റവുമില്ലാതെ സൂക്ഷിക്കുക. അതത്രെ ശരിയായ മതം. മനുഷ്യരില്‍ അധിക പേരും പക്ഷെ, കാര്യം മനസ്സിലാക്കുന്നില്ല.] (റൂം 30)

ഇവിടെ, മനുഷ്യൻ കേൾക്കാൻ കാതോർത്തിരിക്കുന്ന, അവന്റെ തന്നെ ശുദ്ധപ്രകൃതിയുടെ ശബ്ദം അവന് കൈമാറുകയേ വേണ്ടൂ. അത് അവനു കൈമാറാൻ പ്രത്യയശാസ്‌ത്ര വൈദഗ്ധ്യമോ സമർത്ഥന വൈഭവമോ ശാസ്‌ത്ര കൗതുകമോ തത്ത്വജ്ഞാന പാടവമോ ഒന്നുമേ ആവശ്യമില്ല. അവശ്യം വേണ്ടത് അല്ലാഹു വഹ്‌യിലൂടെ അറിയിച്ച രേഖകൾ മാത്രമാണ്. അത് തനതു രൂപത്തിൽ മനുഷ്യന്റെ ശുദ്ധപ്രകൃതിക്ക് സമീപത്തു വെച്ചാൽ അവന്റെ പ്രകൃതിയുടെ സൂചി ഈ കാന്തവലയത്തിനു നേരെ തിരിയാതിരിക്കുകയോ, അവ പരസ്‌പരം ആകർഷിക്കാതിരിക്കുകയോ ചെയ്യില്ല. ഒട്ടും കൃത്രിമത്വമില്ലാതെ തികച്ചും സ്വാഭാവികമായി നടക്കുന്ന ഈ ആശയ കൈമാറ്റത്തിന്റെ ഭാവാത്മക രീതിയെ കുറിച്ചാണ് പരാമൃഷ്ട സൂക്തത്തിൽ «ഏറ്റവും ഉത്തമമായത് ഉപയോഗിച്ച് നീ അവരുമായി സംവദിക്കുക» എന്ന് പറഞ്ഞിരിക്കുന്നത്.

കളങ്കപ്പെടുത്താത്ത പ്രകൃതി കാത്തുസൂക്ഷിക്കുന്ന ഒരു മനുഷ്യനിൽനിന്ന് സത്യം വ്യതിചലിച്ചു പോവുകയില്ല. അവൻ നിനച്ചിരിക്കാത്ത സമയത്ത് സത്യം വന്ന് അവനെ നേർവഴിയെ നടത്തിക്കൊണ്ട് പോവുക തന്നെ ചെയ്യും. എന്നാൽ മുൻവിധിയും പക്ഷപാതവുമായി നടക്കുന്ന കളങ്കിതമായ പ്രകൃതിയുടെ ഉടമകളെ കൊണ്ട് സത്യം അംഗീകരിപ്പിക്കാൻ ഒരു പ്രബോധകനും സാധിക്കുകയുമില്ല. അത്തരക്കാരെ നേർവഴി നടത്താനുള്ള മാന്ത്രിക വടിയുടെ പേരല്ല ഖുർആനിൽ പറഞ്ഞിരിക്കുന്ന جِدَالٌ അഥവാ സംവാദം. ആയതിനാൽ ഈ ഖുർആനിക ശബ്ദത്തെ കുറിച്ച് ഒരു ലഘുവിവരണം നൽകുന്നത് സാന്ദർഭികമായിരിക്കും.

ആദ്യമായി ഖുർആൻ നിഘണ്ടു എന്നറിയപ്പെടുന്ന അൽ മുഫ്റദാത്തിൽനിന്ന് മേൽ ശബ്ദത്തിന്റെ ഭാഷാർത്ഥം പരിശോധിക്കാം: الجِدَال: المفاوضة على سبيل المنازعة والمغالبة، وأصله من: جَدَلْتُ الحبل، أي: أحكمت فتله. [الراغب الأصفهاني في المفردات في غريب القرآن] ['ജിദാൽ' എന്നാൽ കലഹത്തിന്റെയും കീഴടക്കലിന്റെയും മാർഗ്ഗത്തിൽ നടത്തുന്ന പരസ്‌പര സംസാരമാണ്. ഞാൻ കയർ 'ജദ്ൽ' ചെയ്‌തു, അഥവാ ഞാൻ അതിന്റെ ഇഴകൾ പിരിച്ചു ഭദ്രമാക്കി എന്നതിൽ നിന്നാണ് അതിന്റെ അടിസ്ഥാന പ്രയോഗം ഉണ്ടായിട്ടുള്ളത്.] (റാഗിബ് തന്റെ അൽ മുഫ്റദാത്തിൽ രേഖപ്പെടുത്തിയത്)

സംവാദം ഖവാരിജുകളുടെ മാർഗ്ഗം

ഒരു വാദമുഖമോ വീക്ഷണഗതിയോ സമർത്ഥിക്കുന്നതിനു വേണ്ടിയാണ് جِدَالٌ അഥവാ സംവാദം നടത്താറുള്ളത്. അത്തരം സംവാദങ്ങളെല്ലാം മിക്കപ്പോഴും അതിന്റെ ഭാഷാർത്ഥം ധ്വനിപ്പിക്കുന്നതു പോലെ കലഹത്തിലേക്കും പ്രതിയോഗിയെ കീഴ്‌പ്പെടുത്തുന്നതിലേക്കും വഴിമാറും. അങ്ങനെ ഇരു കക്ഷികളും സത്യവും ന്യായവും മറികടന്ന് മറുവിഭാഗത്തെ കീഴ്‌പ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ കുത്സിതമായ മാർഗ്ഗങ്ങൾ അവലംബിക്കുകയും ചെയ്യും. അത്തരം സംവാദങ്ങളിൽ പങ്കെടുക്കുന്ന വ്യക്തികളുടെ പിടികിട്ടാത്ത അഹംഭാവമാണ് അവിടെ ഉണർന്ന് പ്രവർത്തിക്കുക. ശർഇന്റെ കണിശമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കാത്ത ഇത്തരം സംവാദങ്ങളെല്ലാം അധിക്ഷേപാർഹങ്ങളാണ്. അവ വിലക്കപ്പെട്ടതുമാണ്. അല്ലാഹുവിന്റെ വചനങ്ങൾക്ക് സർവ്വഥാ കീഴ്‌പ്പെടാതെ, അവയെ വളച്ചൊടിച്ചും ദുർവ്യാഖ്യാനിച്ചും, അവ നിർദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് കലഹിക്കുകയും തർക്കം ഉന്നയിക്കുകയും ചെയ്യുക എന്നത് പ്രമാണങ്ങളെക്കാൾ ബുദ്ധിക്കും യുക്തിക്കും മുൻഗണന നൽകുന്ന ഖവാരിജുകളുടെ മാർഗ്ഗമാണ്. അല്ലാഹു പറയുന്നു: ﴿هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ۗ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ 7﴾ (آلُ عِمْرَانَ) [അവനാണ് താങ്കൾക്ക് ഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നത്. അതിൽ ഖണ്ഡിതമായ വചനങ്ങളുണ്ട് - അവയാണ് ഗ്രന്ഥത്തിന്റെ അടിസ്ഥാനം; അതിൽ മറ്റു ചില സംശയാസ്‌പദമായ വചനങ്ങളുമുണ്ട്. ഹൃദയങ്ങളിൽ വക്രതയുള്ളവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചും ദുർവ്യാഖ്യാനം നടത്താൻ ആഗ്രഹിച്ചും സംശയാസ്‌പദമായ വചനങ്ങൾ പിന്തുടരുന്നു. അവയുടെ സാക്ഷാൽ വ്യാഖ്യാനം അല്ലാഹുവിനല്ലാതെ അറിയുകയില്ല. എന്നാൽ പരിണതപ്രജ്ഞർ പറയുക ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു, എല്ലാം ഞങ്ങളുടെ റബ്ബിൽനിന്നുള്ളതാകുന്നു എന്നാണ്. ബുദ്ധിശാലികളല്ലാതെ കാര്യങ്ങൾ ഉൾക്കൊള്ളുകയില്ല.] (ആലു ഇംറാൻ: 7)

വഹ്‌യിന്റെ പ്രഥമ അഭിസംബോധിത സമൂഹമായ, പ്രാമാണികതയും ആധികാരികതയുമുണ്ടെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തിയ സ്വഹാബാ സമൂഹത്തിന്റെ ഗ്രാഹ്യം മാറ്റിവെച്ച്, അവരവരുടെ യുക്തിക്കും അഭീഷ്ടത്തിനുമനുസരിച്ച് ഖുർആനിക വചനങ്ങൾ ദുർവ്യാഖ്യാനിക്കുന്ന തെറ്റായ പ്രവണത മുസ്‌ലിം സമുദായത്തിൽ തുടങ്ങി വെച്ചത് ഖവാരിജുകളാണ്. അത് ഇസ്‌ലാമിന്റെ അലകും പിടിയും മാറ്റിമറിക്കും. അക്രമോത്സുകത കൊണ്ടും രക്തരൂഷിതമായ കലാപങ്ങൾ കൊണ്ടും സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ അവർ ശവപ്പറമ്പാക്കി മാറ്റും. ഈ മാരകമായ പ്രവണതയെ കുറിച്ച് ജാഗ്രത വേണം. കാരണം അത് സമൂഹത്തിന്റെ ആന്തരഘടനയിലേക്ക് ആഴ്‌ന്നിറങ്ങും. വീടുകളുടെ അകത്തളങ്ങളിലേക്ക് കടന്നുകേറും. അന്തപ്പുരങ്ങളിലിരിക്കുന്ന സ്‌ത്രീകളെയും കുട്ടികളെയും വരെ സ്വാധീനിക്കും. അതു കൊണ്ടാണ് നബി ﷺ സ്വന്തം വീട്ടിൽ ആയിശഃ ﵂ യോടൊപ്പം അവരുടെ മുറിയിൽ സ്വകാര്യനിമിഷങ്ങൾ ചെലവഴിക്കുമ്പോൾ പോലും അതിനെ കുറിച്ച് താക്കീത് ചെയ്തത്. ഇബ്‌നു അബീ മുലൈകഃ ﵀ പറയുന്നത് കാണുക: عن عبد الله بن أبي مليكة، عن عائشة ﵂ قالت: تلا رسول الله ﷺ هذه الآية: ﴿هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ﴿ إلى قوله: ﴾وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ 7﴾ [آلُ عمران] فقال: «يا عائشة! إذا رأيتم الذين يجادلون فيه فهم الذين عناهم الله فاحذروهم» [ابْنُ مَاجَه فِي سُنَنِهِ وَصَحَّحَهُ الْأَلْبَانِيُّ] [അബ്ദുല്ലാ ബിൻ അബീ മുലൈകഃ ﵀ നിവേദനം. ആയിശഃ ﵂ പറയുന്നു: «അവനാണ് താങ്കൾക്ക് ഗ്രന്ഥം ഇറക്കിത്തന്നത്. അതിൽ ഖണ്ഡിതമായ വചനങ്ങളുണ്ട് - അവയാണ് ഗ്രന്ഥത്തിന്റെ അടിസ്ഥാനം; മറ്റു ചിലത് സംശയാസ്‌പദമായ വചനങ്ങളായിട്ടുമുണ്ട്» എന്ന സൂക്തം «ബുദ്ധിശാലികളല്ലാതെ കാര്യങ്ങൾ ഉൾക്കൊള്ളുകയില്ല» എന്നതുവരെ ഒരിക്കൽ നബി ﷺ പാരായണം ചെയ്‌തു. എന്നിട്ട് അവിടുന്ന് തുടർന്നു: «ആയിശഃ, അതിൽ തർക്കിക്കുന്നവരെ നിങ്ങൾ കണ്ടാൽ (ഓർക്കുക) അവരെയാണ് അല്ലാഹു ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. അവരെ നിങ്ങൾ സൂക്ഷിക്കണം».] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

താർക്കികന്മാർ സൂക്ഷിക്കട്ടെ. തർക്കം ഒരു കഴിവോ മികവോ അല്ല; ഒരു ദുരന്തമാണ്. അത് മനുഷ്യബുദ്ധിയിൽ ഒളിഞ്ഞുകിടക്കുന്ന അഹങ്കാരത്തെയും നിഷേധത്തെയും ജ്വലിപ്പിക്കാനേ ഉപകരിക്കൂ. വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും വഴിയിൽ എത്തിപ്പെട്ടതിനു ശേഷം തർക്കം അവരെ വഴികേടിലേക്ക് തള്ളിവിടുമെന്ന് അവർ ഓർമ്മ വെക്കുന്നത് നന്നു. പ്രശസ്‌തമായ ഒരു നബിവചനം കാണുക: عَنْ أَبِي أُمَامَةَ قَالَ: قَالَ رَسُولُ اللَّهِ ﷺ: «مَا ضَلَّ قَوْمٌ بَعْدَ هُدًى كَانُوا عَلَيْهِ إِلَّا أُوتُوا الْجَدَلَ» [أَحْمَدُ فِي مُسْنَدِهِ وَصَحَّحَهُ الْأَلْبَانِي] [അബൂ ഉമാമഃ ﵁ നിവേദനം. നബി ﷺ പറയുന്നു: സന്മാർഗ്ഗം പ്രാപിച്ച് അതിൽ നിലക്കൊണ്ടിരുന്ന ഒരു ജനതയും അവർക്ക് തർക്കം നൽകപ്പെട്ടു കൊണ്ടല്ലാതെ പിഴച്ചുപോയിട്ടില്ല.] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

മിക്കപ്പോഴും ഒരു സത്യത്തെ റദ്ദുചെയ്യാനോ, അല്ലെങ്കിൽ ഒരു അസത്യം സ്ഥാപിക്കാനോ വേണ്ടിയാണ് പലരും തർക്കത്തിലേർപ്പെടാറുള്ളത്. എന്നാൽ ഒരു സത്യമോ ന്യായമോ സ്ഥാപിക്കാൻ വേണ്ടിയുള്ള തർക്കം പോലും വർജ്ജിക്കുകയാണ് വേണ്ടത്. കാരണം തർക്കത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഞാൻ എന്ന ഭാവമായിരിക്കും മികച്ചു നിൽക്കുക. പിന്നീട് തന്റെ ഈഗോയെ തൃപ്‌തിപ്പെടുത്താൻ അവൻ ഏത് അന്യായമായ മാർഗ്ഗവും അവലംബിക്കും. എന്നാൽ സത്യദീൻ പ്രചരിപ്പിക്കാനുള്ള അനുവദനീയവും നിർദ്ദോഷകരവുമായ ഒരു മാർഗ്ഗമായിട്ടാണ് ഇന്ന് പലരും തർക്കത്തെ കാണുന്നത്. ഇത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. കാര്യം അങ്ങനെയല്ല. തർക്കവും സംവാദവും ഒരു വിശ്വാസിക്ക് യോജിച്ച നടപടിയേ അല്ല. അത് മറ്റുള്ളവരെ നേർവഴിയിലേക്ക് നയിക്കാൻ സഹായകമാവില്ലെന്നു മാത്രമല്ല, താൻ കൂടി അറിയാതെ വഴികേടിലേക്ക് വ്യതിചലിച്ച് പോകാൻ കാരണമായിത്തീരുകയും ചെയ്യും.

ഇമാം അഹ്‌മദ് ﵀യുടെ വാക്കുകൾ ശ്രദ്ധിക്കുക: أصول السنة عندنا التمسك بما كان عليه أصحاب محمد ﷺ والاقتداء بهم، وَترك الْبدع، وكل بِدعَة فَهِيَ ضَلَالَة وَترك الْخُصُومَات فِي الدين. [أحمد في أصول السنة] [നമ്മുടെ അടുക്കൽ സുന്നത്തിന്റെ ആധാരം എന്നത് മുഹമ്മദ് നബി ﷺയുടെ അനുചരന്മാർ ഏതൊന്നിലായിരുന്നുവോ അത് മുറുകെ പിടിക്കലും അവരെ പിന്തുടരലും, ബിദ്അത്തുകൾ വർജ്ജിക്കലും - എല്ലാ ബിദ്അത്തുകളും വഴികേടുകളാണ് - മത കാര്യങ്ങളിൽ തർക്കം ഉപേക്ഷിക്കലുമാണ്.] (അഹ്‌മദ് ഉസ്വൂലുസ്സുന്നഃയിൽ രേഖപ്പെടുത്തിയത്)

സംവാദം വിശ്വാസത്തിനും മതത്തിനുമേൽപ്പിക്കുന്ന ആഘാതം അത്രമേൽ മാരകമാണെന്നതിനാൽ സച്ചരിതരായ സലഫുകൾ അതിന്റെ വഴി പൂർണ്ണമായി കൊട്ടിയടക്കുകയാണ് ചെയ്‌തിരുന്നത്. പ്രസിദ്ധ താബിഈവര്യനായ ഇബ്‌നു സീരീൻ ﵀ തർക്കത്തിനു കോപ്പുകൂട്ടിവരുന്നവരുമായി ഒരക്ഷരം പോലും സംസാരിക്കാനോ, അവരിൽനിന്ന് എന്തെങ്കിലും കേൾക്കാനോ സമ്മതിക്കുമായിരുന്നില്ല. أما علمت أن محمد بن سيرين في فضله لم يجب رجلا من أهل البدع في مسألة واحدة، ولا سمع منه آية من كتاب الله عز وجل، فقيل له، فقال: أخاف أن يحرفها فيقع في قلبي شيء. [البربهاري في شرح السنة] [നിനക്ക് അറിയില്ലേ, ഏറിയ മികവുകളുള്ള മുഹമ്മദ് ബിൻ സീരീൻ ﵀ ബിദ്അത്തുകാരിൽപെട്ട ഒരാൾക്ക് ഒരു മസ്അലഃയിൽ പോലും ഉത്തരം നൽകാൻ തയ്യാറായില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽനിന്നുള്ള ഒരു സൂക്തം പോലും അയാളിൽനിന്ന് കേൾക്കാനും സമ്മതിച്ചില്ല. അങ്ങനെ അതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്: "അയാൾ അതിൽ വല്ല കൃത്യവിലോപവും കാണിച്ചാൽ അതിൽനിന്ന് വല്ലതും എന്റെ ഹൃദയത്തിൽ സ്ഥാനം പിടിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു."] (ബർബഹാരി l ശർഹുസ്സുന്നഃ)

മറ്റൊരിക്കൽ മുഹമ്മദ് ബിൻ സീരീൻ ﵀ തന്നോട് തർക്കിക്കാൻ ഒരുമ്പെട്ടുവന്ന ഒരാളോട് പ്രതികരിച്ചത് ഇപ്രകാരമാണ്: وقال مهدي بن ميمون سمعت محمد بن سيرين وما رآه رجل ففطن له فقال: إني أعلم ما يريد، إني لو أردت أن أماريك كنت عالماً بأبواب المراء. وفي رواية قال: أنا أعلم بالمراء منك، ولكني لا أماريك. [ابن رجب في بيان فضل علم السلف على علم الخلف] [മഹ്ദി ബിൻ മൈമൂൻ ﵀ പറയുന്നു: മുഹമ്മദ് ബിൻ സീരീൻ ﵀ ഒരു വ്യക്തിയെ കണ്ട മാത്രയിൽ തന്നെ അയാളെ തിരിച്ചറിയുകയും ഇപ്രകാരം പ്രതികരിക്കുകയും ചെയ്‌തു: അയാൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്കറിയാം!

നിന്നോട് എനിക്ക് തർക്കിക്കണമെന്നുണ്ടെങ്കിൽ തർക്കത്തിന്റെ എല്ലാ വഴികളും നന്നായി അറിയുന്നവൻ തന്നെയാണു ഞാൻ. മറ്റൊരു റിപ്പോർട്ടിലുള്ളത്, നിന്നെക്കാൾ തർക്കിക്കാൻ നന്നായി അറിയുന്നവനാണു ഞാൻ. പക്ഷെ, നിന്നോടു ഞാൻ തർക്കത്തിലേർപ്പെടാനില്ല എന്നാണ്.] (ഇബ്‌നു റജബ് l ബയാനു ഫള്‌ലി ഇൽമിസ്സലഫ് അലാ ഇൽമിൽ ഖലഫ്)

സച്ചരിതരായ മുൻഗാമികൾ തർക്കത്തിനു മുതിരാതിരുന്നത് അതിനുള്ള വിവരമോ വൈദഗ്ധ്യമോ ഇല്ലാത്തതു കൊണ്ടായിരുന്നില്ല. മറിച്ച്, അത് ഒരു വിശ്വാസിയുടെ മാർഗ്ഗമല്ലെന്ന അറിവും സൂക്ഷ്‌മതയും കൊണ്ടു മാത്രമാണ് അവരതിൽനിന്ന് പിൻമാറിയത്. فما سكت من سكت من كثرة الخصام والجدال من سلف الأمة جهلا ولا عجزاً، ولكن سكتوا عن علم وخشية لِلَّه. [ابن رجب في بيان فضل علم السلف على علم الخلف] [ഈ സമുദായത്തിലെ മുൻഗാമികൾ ഏറിയ തർക്കങ്ങളിൽനിന്നും സംവാദങ്ങളിൽനിന്നും മാറി മൗനം പാലിക്കാനുണ്ടായ കാരണം അതിനുള്ള വിവരവും കഴിവും ഇല്ലാത്തതു കൊണ്ടായിരുന്നില്ല. അവർ മൗനം പാലിച്ചത് അവർ വഹിച്ചിരുന്ന അറിവും അല്ലാഹുവിനെ കുറിച്ചുള്ള ഭയവും കാരണമായിരുന്നു.] (ഇബ്‌നു റജബ് l ബയാനു ഫള്‌ലി ഇൽമിസ്സലഫ് അലാ ഇൽമിൽ ഖലഫ്)

അല്ലാഹു അവതരിപ്പിച്ച വഹ്‌യിനെക്കാൾ ഉദാത്തമായ മറ്റൊരു വചനം വേറെയില്ല. അഹത്തിനും അഭീഷ്ടത്തിനും യാതൊരു പരിഗണനയും നൽകാതെ വഹ്‌യിലൂടെ ലഭിച്ച ഉത്തമമായ വചനങ്ങൾ യോഗ്യരായ ആളുകൾ യഥാതഥമായി മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നുവെങ്കിൽ അത് ഏറ്റവും ഉൽകൃഷ്ടമായൊരു കൃത്യമാണ്. അവിടെ തർക്കത്തിനും കലഹത്തിനും സ്ഥാനമില്ല. മറിച്ച് സത്യം അറിയലും അറിയിക്കലും മാത്രമേയുള്ളു. ആ സംവാദത്തിൽ പ്രതിയോഗിയെ കീഴ്‌പ്പെടുത്തുന്ന ജേതാവോ, ജേതാവിനു മുന്നിൽ മുട്ടുമടക്കുന്ന പരാജിതനോ ഇല്ല. സത്യത്തിന്റെ പാശം മുറുകെ പിടിച്ച് മുന്നേറുന്ന വിജയിച്ച കക്ഷികൾ മാത്രം. ഇങ്ങനെ, നബിചര്യ അനുശാസിക്കുന്ന രൂപത്തിലുള്ള ആശയ കൈമാറ്റത്തിനും (جِدَال) എന്നു പറയാറുണ്ട്. ആദ്യം പറഞ്ഞ തർക്കവും ഇതും തമ്മിൽ കൂട്ടിക്കലർത്താൻ പാടില്ല. അവയെ രണ്ടും രണ്ടായി വ്യവഛേദിച്ചു മനസ്സിലാക്കേണ്ടതാണ്. എന്നിട്ട് നിയമാനുസൃതമായത് സ്വീകരിക്കുകയും അല്ലാത്തത് തിരസ്‌കരിക്കുകയും ചെയ്യണം. ഇതു സംബന്ധിച്ച് നവവി ﵀ നൽകിയ ഒരു വിവരണം കൂടി ഉദ്ധരിക്കാം: واعلم أن الجدال قد يكون بِحَقّ، وقد يكون بباطل، قال الله تعالى: ﴿وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ.. ٤٦﴿ (العنكبوت)، وقال تعالى: ﴿وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ.. ١٢٥﴾ (النحل)، وقال تعالى: ﴾مَا يُجَادِلُ فِي آيَاتِ اللَّهِ إِلَّا الَّذِينَ كَفَرُوا... ٤﴾ (غافر) فإن كان الجدالُ للوقوفِ على الحقّ وتقريرِه كان محموداً، وإن كان في مدافعةِ الحقّ، أو كان جدالاً بغير علمٍ كان مذموماً، وعلى هذا التفصيل تنزل النصوص الواردة في إباحته وذمّه. [النووي في الأذكار] [അറിയുക! സംവാദം നടത്തുന്നത് ചിലപ്പോൾ സത്യം ഉപയോഗിച്ചുകൊണ്ടാവാം, ചിലപ്പോൾ വ്യാജം ഉപയോഗിച്ചുകൊണ്ടാവാം. അല്ലാഹു പറയുന്നു: «ഏറ്റവും ഉത്തമമായതു (വഹ്‌യ്) കൊണ്ടല്ലാതെ നിങ്ങൾ ഗ്രന്ഥാവകാശികളോട് സംവദിക്കരുത്..» (അൻകബൂത്ത് 46). അല്ലാഹു തന്നെ പറയുന്നു: «അവരോട് നീ ഏറ്റവും ഉത്തമമായതു കൊണ്ട് (വഹ്‌യ്) സംവദിക്കുക..» (നഹ്ൽ 125). അല്ലാഹു വീണ്ടും പറയുന്നു: «അവിശ്വാസികളല്ലാതെ അല്ലാഹുവിന്റെ വചനങ്ങളെ കുറിച്ച് തർക്കിക്കുകയില്ല..» (ഗാഫിർ 4). സത്യം കണ്ടെത്താനും അത് സ്ഥാപിക്കാനുമാണ് സംവദിക്കുന്നതെങ്കിൽ അത് പ്രശംസനീയമായിരിക്കും. സത്യം തിരസ്‌കരിക്കാൻ വേണ്ടിയും, വഹ്‌യിൽനിന്നുള്ള രേഖയുടെ അടിസ്ഥാനത്തിലല്ലാതെയുമുള്ള സംവാദമാണെങ്കിൽ അത് അധിക്ഷേപാർഹവുമായിരിക്കും. ഈ വിശദാംശത്തിന്റെ അടിസ്ഥാനത്തിലാണ് സംവാദം അനുവദിച്ചു കൊണ്ടും അതിനെ അധിക്ഷേപിച്ചുകൊണ്ടും വന്നിട്ടുള്ള പ്രമാണ രേഖകളെ വിലയിരുത്തേണ്ടത്.] (നവവി തന്റെ അദ്കാറിൽ രേഖപ്പെടുത്തിയത്)

ഏതാണ് ഉത്തമവചനം?

«ഏറ്റവും ഉത്തമമായത് ഉപയോഗിച്ച് നീ അവരുമായി സംവദിക്കുക» എന്നതാണ് അല്ലാഹുവിന്റെ കല്പന. ഏതാണ് ഏറ്റവും ഉത്തമമായത്? ഉത്തമവചനം ഏതെന്ന് അല്ലാഹു തന്നെ വിശദീകരിക്കുന്നത് കാണുക: ﴿اللهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَـٰبًا مُّتَشَـٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللهِ ۚ ذَٰلِكَ هُدَى ٱللهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللهُ فَمَا لَهُ مِنْ هَادٍ ٢٣﴾ (الزمر) [അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വചനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ പരസ്‌പര സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്നതുമായ വചനങ്ങളുൾക്കൊള്ളുന്ന ഒരു ഗ്രന്ഥമായിട്ട്. തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്‌മരിക്കുന്നതിനായി ആർദ്രമായിത്തീരുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗ്ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കിയാൽ അവന് നേർവഴി കാട്ടാന്‍ ആരുമുണ്ടാവില്ല.] (സുമർ 23)

ഉത്തമവചനം വഹ്‌യ് മുഖേന ലഭിക്കുന്നവയാണ്. അഥവാ പ്രബോധകർ ഖുർആനും സുന്നത്തുമാണ് പ്രബോധിതർക്ക് എത്തിച്ചുകൊടുക്കേണ്ടത്. മറ്റു കാര്യങ്ങൾ, അവ ശാസ്‌ത്രമോ വേദമോ പോലുള്ള എന്തുമാവട്ടെ, ഒന്നും തന്നെ പ്രബോധനത്തിന് ഉപയോഗിക്കാവുന്ന സ്രോതസ്സുകളല്ലെന്നു സാരം. ഇന്ന് വാദപ്രതിവാദങ്ങളും സംവാദങ്ങളും നടത്തുന്നവർ അതിൽ അവതരിപ്പിക്കുന്നത് ഉത്തമ വചനങ്ങളാണോ, അതോ അഭീഷ്ടങ്ങളും താർക്കിക വിശകലനങ്ങളുമാണോ എന്ന് മാന്യവായനക്കാർ വിലയിരുത്തട്ടെ.

നബി ﷺയുടെയും അനുചരന്മാരുടെയും പ്രബോധന രീതി കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. അവിടുന്ന് നാനാ ദിക്കുകളിലേക്കും പ്രബോധനത്തിനായി അധ്യാപകരെ നിയോഗിച്ചിരുന്നത് പ്രസിദ്ധമാണല്ലോ. താഴെ കൊടുക്കുന്ന സംഭവം ശ്രദ്ധിക്കുക: عَنِ ابْنِ عَبَّاسٍ ﵄ قَالَ: قَالَ رَسُولُ اللهِ ﷺ لِمُعَاذِ بْنِ جَبَلٍ، حِينَ بَعَثَهُ إِلَى الْيَمَنِ: إِنَّكَ سَتَأْتِي قَوْمًا أَهْلَ كِتَابٍ، فَإِذَا جِئْتَهُمْ فَادْعُهُمْ إِلَى أَنْ يَشْهَدُوا أَنْ لَا إِلَهَ إِلَّا اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ فَأَخْبِرْهُمْ أَنَّ اللهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ، فَأَخْبِرْهُمْ أَنَّ اللهَ قَدْ فَرَضَ عَلَيْهِمْ صَدَقَةً، تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ، فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ، وَاتَّقِ دَعْوَةَ الْمَظْلُومِ، فَإِنَّهُ لَيْسَ بَيْنَهُ وَبَيْنَ اللَّهِ حِجَابٌ. [البخاري في صحيحه] [ഇബ്‌നു അബ്ബാസ് ﵄ നിവേദനം. മുആദ് ﵁വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ അദ്ദേഹത്തോട് നബി ﷺ ഇപ്രകാരം പറയുകയുണ്ടായി: തീർച്ചയായും നീ ചെല്ലാൻ പോകുന്നത് മുൻകാല ഗ്രന്ഥങ്ങളുടെ അവകാശികളായ ഒരു ജനതയിലേക്കാണ്. അവരുടെ അടുക്കൽ എത്തിയാൽ അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല എന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്നുമുള്ള സത്യസാക്ഷ്യത്തിലേക്കാണ് നീയവരെ ക്ഷണിക്കേണ്ടത്. അവർ അക്കാര്യത്തിൽ നിന്നെ അനുസരിച്ചാൽ, അല്ലാഹു ദിനേന രാപ്പകലുകളിലായി അഞ്ചു നേരത്തെ നമസ്‌കാരം അവർക്ക് നിയമമാക്കിയിരിക്കുന്നു എന്ന് നീ അവരെ അറിയിക്കുക. അവർ അക്കാര്യത്തിലും നിന്നെ അനുസരിച്ചാൽ, അല്ലാഹു അവരുടെമേൽ സകാത്ത് നിർബന്ധമാക്കിയിരിക്കുന്നു എന്നും നീ അവരെ അറിയിക്കുക. അത് അവരിലെ ധനികരിൽനിന്ന് വാങ്ങി അവരിലെ പാവങ്ങൾക്ക് തിരിച്ചു കൊടുക്കേണ്ടതാണ്. ഇക്കാര്യത്തിലും അവർ നിന്നെ അനുസരിച്ചാൽ അവരുടെ സമ്പത്തിലെ വിശിഷ്ടമായത് എടുക്കുന്നത് നീ ശ്രദ്ധിക്കണം. നീ മർദ്ദിതന്റെ പ്രാർത്ഥന സൂക്ഷിക്കുക. കാര്യം അവനും അല്ലാഹുവിനും ഇടയിൽ ഒരു മറയുമില്ല.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മുആദ് ﵁വിനെ യമനിലേക്ക് അയക്കുന്നത് ഇസ്‌ലാം പ്രബോധനം ചെയ്യാനാണ്. മുൻകാല ഗ്രന്ഥങ്ങളുടെ അവകാശികളായ ക്രൈസ്‌തവരാണ് അവിടെയുണ്ടായിരുന്നത്. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ ഉൽപത്തി മുതൽ മലാഖി വരെയുള്ള വേദപുസ്‌തകങ്ങൾ വായിക്കാനോ പഠിക്കാനോ അദ്ദേഹത്തോട് നബി ﷺ ഉപദേശിച്ചില്ല. മതതാരതമ്യ പഠനങ്ങളൊന്നും അദ്ദേഹം നടത്തിയതുമില്ല. മറിച്ച്, അവിടെ ചെന്ന് നേരെ അവരെ തൗഹീദിലേക്ക് വിളിക്കുന്നു. അഞ്ചു നേരത്തെ നമസ്‌കാരവും സകാത്തും നിർബന്ധമായും നിർവ്വഹിക്കണമെന്ന് അറിയിക്കുന്നു. ഇങ്ങനെയാണ് സച്ചരിതരായ സലഫുകളുടെ പ്രബോധനം. വഹ്‌യ് മുഖേന ലഭിച്ച അറിവുകളും രേഖകളും പച്ചയായി അവരെ അറിയിക്കുക. അല്ലാതെ, മറ്റു സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന കാര്യങ്ങൾ അവരുമായി പങ്കുവെക്കുകയോ, അതു സംബന്ധമായി സംവാദങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടുകയോ ചെയ്യുക എന്നത് പ്രബോധനത്തിന്റെ പരിധിയിൽ പെടുന്നതല്ല. തർക്കവിതർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ദീനിൽ യാതൊരു സ്ഥാനവുമില്ല.

എന്നാൽ, വഹ്‌യിൽ നിന്ന് ലഭിച്ച അറിവുകളും രേഖകളും വെച്ചുകൊണ്ട്, അഹത്തിനും അഭീഷ്ടത്തിനും യാതൊരു സ്ഥാനവും നല്കാതെ, നബിചര്യ അനുശാസിക്കുന്ന പ്രകാരത്തിൽ മാത്രം, സത്യം സ്ഥാപിക്കാനും അസത്യം റദ്ദു ചെയ്യാനും വേണ്ടി, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കല്പനകൾ നടപ്പിലാക്കുന്നതിനായി നടത്തുന്ന ഭാവാത്മകമായ സംസാരങ്ങളെ അഭിലഷണീയമായ സംവാദമായിട്ടാണ് പണ്ഡിതന്മാർ വിശദീകരിക്കാറുള്ളത്. ഇമാം ശാഫിഈ ﵀ നടത്തിയ ചർച്ചകൾ അതിനുള്ള ഉദാഹരണങ്ങളാണ്. അവയെ കുറിച്ച് ഇബ്‌നു റജബ് ﵀ രേഖപ്പെടുത്തിയ നിരീക്ഷണം വായിക്കുക: كما أوصى الشافعي -إذا صح الحديث في خلاف قوله- أن يتبع الحديث ويترك قوله، وكان يقول: ما ناظرت أحدًا فأحببت أن يخطئ، وما ناظرت أحدًا فباليت أظهرَ الحقُّ عَلَى لسانه أو عَلَى لساني، لأنّ تناظرهم كان لظهور أمر الله ورسوله، لا لظهور نفوسهم ولا الانتصار لها، وكذلك المشايخ والعارفون كانوا يوصون بقبول الحق من كل من قال الحق صغيرًا أو كبيرًا، وينقادون لقوله. [ابن رجب في مجموع رسائله] [ഇമാം ശാഫിഈ ﵀ ഉപദേശിച്ചത് പ്രകാരം - അദ്ദേഹത്തിന്റെ വാദത്തിന് എതിരായി ഹദീസ് സ്ഥിരപ്പെട്ടാൽ - ഹദീസ് പിൻപറ്റുകയും അദ്ദേഹത്തിന്റെ വാക്ക് ഉപേക്ഷിക്കുകയുമാണ് വേണ്ടത്. അദ്ദേഹം പറയാറുണ്ടായിരുന്നു: ഞാൻ ആരോടെങ്കിലും സംവദിക്കുകയാണെങ്കിൽ അദ്ദേഹത്തിന് അബദ്ധം പിണയട്ടെ എന്നു ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ ആരോടെങ്കിലും സംവദിക്കുകയാണെങ്കിൽ സത്യം അയാളുടെ നാവിലൂടെയാണോ എന്റെ നാവിലൂടെയാണോ വെളിപ്പെടുന്നതെന്ന് ഞാൻ ഗൗനിച്ചിരുന്നുമില്ല. കാരണം അവരുടെ സംവാദങ്ങൾ അല്ലാഹുവിന്റെയും റസൂലിന്റെയും കല്പന വെളിപ്പെടുന്നതിനു വേണ്ടിയായിരുന്നു. അല്ലാതെ അവരുടെ അഹം മീതെ വരാനോ അതിനെ വിജയിപ്പിക്കാനോ ആയിരുന്നില്ല. അതു പോലെ തന്നെയായിരുന്നു ഗുരുവര്യന്മാരും അറിവാളന്മാരും. അവരെല്ലാം സത്യം ആരു പറഞ്ഞാലും, അവൻ ചെറിയവനോ വലിയവനോ ആകട്ടെ, അവനിൽനിന്ന് അതു സ്വീകരിക്കണമെന്നും അതിന് കീഴ്‌പ്പെടണമെന്നും ഉപദേശിച്ചിരുന്നവരായിരുന്നു.] (ഇബ്‌നു റജബ്|മജ്‌മൂഉർ റസാഇൽ)

ചില തൽപര കക്ഷികൾ ഇത്തരം വിവരണങ്ങളെ സന്ദർഭങ്ങളിൽനിന്ന് അടർത്തിയെടുത്ത് അവർ നടത്തുന്ന വാദപ്രതിവാദങ്ങൾക്കും സംവാദങ്ങൾക്കും തെളിവായി ഉന്നയിക്കുന്നത് കാണാം. അവർക്ക് കാര്യങ്ങൾ വകതിരിച്ച് മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടാണോ, അതോ അവർ ആത്മവഞ്ചനയും കാപട്യവും കാണിക്കുകയാണോ എന്നത് അല്ലാഹുവിന്നറിയാം.

പ്രബോധിതരല്ല പ്രബോധകർ

പ്രബോധന രംഗത്ത് വളരെ വിചിത്രമായ കാര്യങ്ങളാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മതകാര്യങ്ങളിൽ ഒട്ടും താൽപര്യം പോലുമില്ലാതിരുന്ന, ഇസ്‌ലാം ദീനിന്റെ ബാലപാഠം പോലും അറിയാത്ത, എന്നാൽ പരമ്പരാഗത മുസ്‌ലിം കുടുംബത്തിൽ പിറന്ന ഒരു വ്യക്തി, അല്ലെങ്കിൽ ഇതര മതങ്ങളിൽ നിന്ന് പുതുതായി ഇസ്‌‌ലാമിലേക്ക് വന്ന ഒരാൾ പെട്ടെന്ന് ഒരു ദിവസം പ്രബോധകനായി രംഗത്ത് വരുന്നു. ഇസ്‌ലാമിക പ്രബോധനം എന്നത് അറിവോ യോഗ്യതയോ ഒട്ടും ആവശ്യമില്ലാത്ത, ആർക്കും എപ്പോഴും എങ്ങനെയും കൈകാര്യം ചെയ്യാവുന്ന വിഷയമായി മാറിയിരിക്കുന്നു.

മറ്റു ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത് നബി ﷺയിൽനിന്ന് അനന്തരമെടുത്ത അറിവും പാണ്ഡിത്യവുമൊന്നും പ്രബോധനത്തിന് അത്യാവശ്യമുള്ള കാര്യങ്ങളല്ല. മറിച്ച്, ഗീതയോ ബൈബിളോ വായിച്ചിരിക്കുക, മതതാരതമ്യത്തിൽ താൽപര്യമുണ്ടാവുക എന്നതാണ് ഒരു പ്രബോധകന് അവശ്യം വേണ്ടത് എന്നാണ്. ഇന്നത്തെ പ്രബോധകർ - അല്ലാഹു അനുഗ്രഹിച്ച അപൂർവ്വം വ്യക്തികളൊഴികെ - തന്റെ പ്രസ്ഥാനത്തിന്റെയോ സംഘടനയുടെയോ വിപണനത്തെയാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ള പ്രബോധനമായി കണക്കാക്കുന്നത്. എന്നല്ല പ്രസ്ഥാനത്തിനു വേണ്ടിയോ സംഘടനക്കു വേണ്ടിയോ ചെയ്യുന്ന നെറികേടുകൾ പോലും ഇസ്‌ലാമിക പ്രബോധനത്തിന്റെ കണക്കിലാണ് വരവ് ചേർക്കുന്നത്. തന്റെ യുക്തിയും ബുദ്ധിയും അഭീഷ്ടവും അനുസരിച്ച് നടത്തുന്ന സംഘടനാ പ്രവർത്തനമാണ് അവരെ സംബന്ധിച്ചിടത്തോളം ഹിക്മത്ത്! ഇത്തരം കോപ്രായങ്ങൾക്ക് ചർച്ചയിലിരിക്കുന്ന സൂക്തം തെളിവാകുകയില്ല. പ്രസ്തുത സൂക്തം അത് വിലക്കുകയാണ് ചെയ്യുന്നത്. മറിച്ച് പ്രമാണരേഖകൾ വെച്ച് അറിവിന്റെ അടിസ്ഥാനത്തിൽ തർക്കവും വാഗ്വാദങ്ങളുമില്ലാതെ യോഗ്യരായ പ്രബോധകർ അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കണമെന്നു കൂടി ഈ സൂക്തം അനുശാസിക്കുന്നു.

തർക്കം (جَدْلٌ) എന്നതിന്റെ ഇനത്തിൽപെട്ട മറ്റു രണ്ടു പദങ്ങൾ കൂടി പരിചയപ്പെടുന്നത് വിഷയത്തിന്റെ പൂർണ്ണതക്ക് ആവശ്യമാണ്. അതിൽ ഒന്നാമത്തേത് مِرَاءٌ എന്നുള്ളതാണ്. അതിന്റെ വിവക്ഷ ഒരാൾ ഒരാശയം ഉന്നയിച്ചാൽ അതിനെ ഖണ്ഡിക്കുകയും ഉന്നയിച്ച വ്യക്തിയെ ഇകഴ്‌ത്തി ആക്ഷേപിക്കുകയും ചെയ്യുക എന്നുള്ളതാണ്. ഇത് തർക്കത്തിലെ ഒരിനമാണ്. അഹങ്കാരമായിരിക്കും അതിനു പ്രചോദനം. സത്യത്തിന്റെ കക്ഷികൾക്ക് ഒട്ടും ഭൂഷണമല്ലാത്ത സ്വഭാവമാണ് ഇവ്വിധമുള്ള തർക്കവിതർക്കങ്ങൾ. തന്റെ പക്ഷത്ത് ന്യായമുണ്ടെങ്കിൽ പോലും എതിരാളിയെ നിലംപരിശാക്കാൻ വേണ്ടിയും തന്റെ അഹത്തെ രമിപ്പിക്കാൻ വേണ്ടിയും നടത്തുന്ന ഇത്തരം തർക്കങ്ങൾ ഉപേക്ഷിക്കുന്നവർക്ക് വലിയ വാഗ്ദാനമാണ് നബി ﷺ നൽകിയിട്ടുള്ളത്. അവിടുന്ന് പറയുന്നത് കാണുക: عَنْ أَبِي أُمَامَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ: «أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا، وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا، وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ. [أَبُو دَاوُدَ فِي سُنَنِهِ وَحَسَّنَهُ الْأَلْبَانِيُّ] [അബൂ ഉമാമഃ ﵁ നിവേദനം. നബി ﷺ പറയുന്നു: ഞാൻ ഗ്യാരണ്ടി!സത്യം തന്റെ പക്ഷത്താണെങ്കിലും തർക്കം ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തോട് ചേർന്ന് ഒരു കൊട്ടാരം നൽകാം. തമാശയിൽ പോലും കളവ് വെടിയുന്നവന് സ്വർഗ്ഗമധ്യത്തിൽ ഒരു കൊട്ടാരം നൽകാം. സ്വഭാവം ഉദാത്തവൽക്കരിച്ചവന് സ്വർഗ്ഗത്തിന്റെ ഉയർന്ന ഭാഗത്ത് ഒരു കൊട്ടാരം നൽകാം.] (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

ഈ ഇനത്തിലെ അടുത്ത പദം خُصُومَةٌ എന്നുള്ളതാണ്. അതിന്റെ വിവക്ഷ സമ്പത്തോ മറ്റു നേട്ടങ്ങളോ കരസ്ഥമാക്കാൻ വേണ്ടി വാദമായോ പ്രതിവാദമായോ വാഗ്വാദം നടത്തുക എന്നുള്ളതാണ്.

മുകളിൽ പറഞ്ഞ മൂന്നു തരം തർക്കങ്ങളും ഒരു മുസ്‌ലിം പിന്തുടരാൻ പാടില്ലാത്ത ശൈലിയാണ്. തന്റെ വൈയക്തികമായ കാര്യങ്ങൾക്ക് പോലും അതു പാടില്ലെങ്കിൽ ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി അത്തരം രീതികൾ അവലംബിക്കുന്നത് കൂടുതൽ കുറ്റകരമായിരിക്കുകയേയുള്ളു. എന്നല്ല, ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതികളും മാർഗ്ഗങ്ങളും മാധ്യമങ്ങളും ഉപാധികളുമെല്ലാം നിർണ്ണയിക്കപ്പെട്ടവയാണ്. നബി ﷺ യുടെ മാതൃകയില്ലാത്ത യാതൊരു കാര്യവും പ്രബോധനത്തിന് ഉപയാഗിക്കാവതല്ല താനും.

ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട മറ്റു ചില വിശദാംശങ്ങൾ യൂസുഫ് 108-ാം സൂക്തത്തിനു കീഴിൽ (പുറം 2/1159) കൊടുത്തിട്ടുണ്ട്. മാന്യവായനക്കാർ അതു കൂടി പരിശോധിക്കാൻ താൽപര്യം.