Skip to the text
Quran Vivaranam

55 sections in book mode

Quran explanation

ഫാതിഹഃالْفَاتِحَة

Vol. 1 Page 582

﴿بِسْـمِ اللهِ الرَّحْمَٰنِ الرَّحِيمِ ١﴾

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

ഖുർആനിലെ പ്രാരംഭ അധ്യായമാണ് ഫാതിഹഃ; ഈ മഹദ് ഗ്രന്ഥത്തിന്റെ മാതാവ് (أُمُّ الْكِتَابِ). പേരിനെ അന്വർത്ഥമാക്കും വിധം അതിഗഹനവും ഗംഭീരവുമായ ഉള്ളടക്കം. നമസ്‌കാരത്തിൽ ഓരോ റക്അത്തിലും പാരായണം ചെയ്യാനുള്ള അധ്യായം. അനന്യവും അനിതരവുമായ ഏഴു സൂക്തികൾ. സമാനമായ വചനങ്ങൾ മുൻകാല ഗ്രന്ഥങ്ങളിലൊന്നിൽ പോലുമില്ല.

﴿بِسْـمِ اللهِ الرَّحْمَٰنِ الرَّحِيمِ﴾ എന്നത് ഫാതിഹഃയിലെ പ്രഥമ സൂക്തം. മുഖവുര [ഭാഗം 8.6] ൽ പറഞ്ഞ കാര്യങ്ങൾ ഇവിടെ ആവർത്തിക്കുന്നില്ല. ഈ മഹദ്വചനത്തെ പരിഭാഷപ്പെടുത്തുക സാധ്യമല്ല. കാരണം ഖുർആൻ സൂക്തങ്ങൾ അല്ലാഹുവിന്റെ വചനങ്ങളാണ്. അവക്ക് കൃത്യമായ ഒരു പരിഭാഷ നൽകാൻ സൃഷ്ടികൾക്കാവില്ല. അതിനാൽ അതുൾക്കൊള്ളുന്ന പ്രാഥമികമായ ആശയങ്ങൾ പരിചയപ്പെടുത്താം.

മാനവ ചരിത്രത്തിന്റെ ഗതിവിഗതികൾ നിർണ്ണയിച്ച, മനുഷ്യരിലെയും ജിന്നുകളിലെയും മുഴുവൻ പ്രതിഭകളെയും വെല്ലുവിളിച്ച, കാലപ്പകർച്ചക്കു വഴങ്ങാതെ പതിനാലു നൂറ്റാണ്ടിലധികമായി സ്വന്തം അജയ്യതയും അപ്രമാദിത്വവും ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു മഹാഗ്രന്ഥം! അത് മനുഷ്യലോകത്തിന് കൈമാറിയ മുഹമ്മദ് നബി ﷺ പറയുന്നു, അത് തൻേറതല്ല; അല്ലാഹുവിൻേറതാണ്. തനിക്ക് വഹ്‌യിലൂടെ അത് അവതരിപ്പിച്ചു തന്ന റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ പേരിൽ ഞാനിതാ അതു നിങ്ങളെ ഓതിക്കേൾപ്പിക്കുന്നു.

ബക്കയെ വലയംചെയ്‌തു കിടക്കുന്ന വിജനമായ മലമടക്കുകളിലൊന്നിൽ സ്ഥിതിചെയ്യുന്ന ഹിറാ ഗുഹയിൽ വെച്ച് ജിബ്‌രീൽ ﵇ മുഹമ്മദ് നബി ﷺ ക്ക് ആദ്യമായി വഹ്‌യ് കൈമാറുന്നു. ﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ١ خَلَقَ الْإِنْسَانَ مِنْ عَلَقٍ ٢ اقْرَأْ وَرَبُّكَ الْأَكْرَمُ ٣ الَّذِي عَلَّمَ بِالْقَلَمِ ٤ عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ ٥﴾ (العلق) സ്രഷ്ടാവായ നിന്റെ റബ്ബിന്റെ പേരിൽ നീ ചൊല്ലിക്കൊടുക്കുക. ഇത് അല്ലാഹുവിന്റേതാണ്, നിന്റേതല്ല. ഇതു അല്ലാഹുവിന്റെ വചനമാണ്, സൃഷ്ടിയല്ല. മനുഷ്യനെ അവൻ സിക്താണ്ഡത്തിൽനിന്നാണ് സൃഷ്ടിച്ചത്. അറപ്പുളവാക്കുന്ന ഇന്ദ്രിയത്തുള്ളിയിൽനിന്ന്, ബീജസങ്കലനത്തിലൂടെ രൂപപ്പെടുന്ന സിക്താണ്ഡത്തിൽനിന്ന്, ക്രമാനുഗതമായ വളർച്ചയുടെ പടികൾ താണ്ടിക്കേറുന്ന ഭ്രൂണത്തിൽനിന്ന്. ഒന്നുമറിയാതെ, ഒരു കഴിവുമില്ലാതെ ദുർബ്ബലനായി പിറന്ന് ശക്തനായി വളരുന്ന മനുഷ്യൻ എന്ന മഹാവിസ്‌മയം സംവിധാനിച്ച അല്ലാഹു. അവന്റെ വചനം നീ വായിച്ചുകൊടുക്കുക. നിന്റെ റബ്ബ് അത്യുദാരനാണ്. അവനാണ് മനുഷ്യനെ പേന ഉപയോഗിക്കാൻ പഠിപ്പിച്ചത്. ആലേഖന വിദ്യയിലൂടെ സാംസ്‌കാരികക്കൈമാറ്റം സാധിപ്പിച്ചത്. ഒന്നുമറിയാതെ, ഒന്നിനും കഴിയാതെ ഭൂമുഖത്തേക്ക് കടന്നുവന്ന മനുഷ്യനെ ഈ പ്രകൃതിയെ പഠിക്കാൻ, പ്രകൃതി നിയമങ്ങൾ മനസ്സിലാക്കാൻ, അവയെ മെരുക്കാൻ, അവയുടെമേൽ ആധിപത്യം സ്ഥാപിക്കാൻ പ്രാപ്‌തനാക്കിയത്.

بِسْمِ اللهِ യുടെ അർത്ഥം അല്ലാഹുവിന്റെ പേരിൽ, അല്ലെങ്കിൽ അല്ലാഹുവിന്റെ നാമം കൊണ്ട് എന്നാണ്. അവനു ധാരാളം പേരുകളുണ്ട്. അവ ക്ലിപ്‌തപ്പെടുത്തുക നമുക്കു സാധ്യമല്ല. الله എന്നത് അവന്റെ അടിസ്ഥാന നാമമാണ്. بِسْمِ اللهِ എന്ന വചനം الله എന്ന നാമം മാത്രമല്ല, അവന്റെ എല്ലാ നാമങ്ങളെയും ഉദ്ദേശിക്കുന്ന പ്രയോഗമാണ്. അഥവാ അല്ലാഹുവിന്റെ എല്ലാ നാമങ്ങൾ കൊണ്ടും.

بِـ എന്ന അവ്യയം സഹായാർത്ഥന നടത്തുക, ഐശ്വര്യം തേടുക, എന്ന ആശയവും ധ്വനിപ്പിക്കുന്നുണ്ട്. اللهُ എന്ന മഹദ്നാമത്തിന്റെ പദപരമായ ചർച്ചകൾ മുൻഗാമികൾ നടത്തിയിട്ടുള്ളത് പരിശോധിച്ചാൽ അവയിൽ ഏറ്റവും പ്രസക്തവും ശരിയും ഇതാണ്: അതിന്റെ ബന്ധം أَلهَ എന്ന പദത്തോടാണ്. أَلهَ يَأْلَهُ أُلوهَةً وإِلاهَةً وأُلوهِيةً؛ بِمَعْنَى عبدَ عِبَادةً എന്ന പദം ഇബാദത്ത് ചെയ്യുക, ആരാധനയർപ്പിക്കുക എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. അപ്പോൾ ആരാധിക്കപ്പെടാൻ തരപ്പെട്ടവൻ എന്ന ആശയമാണ് الله എന്ന പദം ധ്വനിപ്പിക്കുന്നത്. ഇബ്‌നു അബ്ബാസ് ﵄ പറഞ്ഞതായി ഇബ്‌നു ജരീർ അത്ത്വബരി ﵀ ഇപ്രകാരം ഉദ്ധരിക്കുന്നു: (اللهُ ذُو الإلهيةِ والعُبوديةِ علَى خَلْقِهِ أَجْمَعِينَ٠) "സൃഷ്ടികൾ അഖിലവും ആരാധ നയും ഉബൂദിയ്യത്തും നൽകാൻ കടപ്പെട്ടവനാരോ അവനാണ് അല്ലാഹു." ഇബ്‌നു അബ്ബാസ് ﵄ ൽനിന്നുള്ള മേൽ ഉദ്ധരണിയുടെ നിവേദക പരമ്പരയെ കുറിച്ച് ചില നിരൂപകന്മാർ വ്യത്യസ്‌തമായ അഭിപ്രായം പറഞ്ഞിട്ടുള്ളത് ഇവിടെ വിസ്‌മരിക്കുന്നില്ല.

بِسْمِ اللهِ എന്ന് ഉരുവിടുമ്പോൾ അർത്ഥമാക്കുന്നത്, സൃഷ്ടികളെല്ലാം ആരാധനയും ഉബൂദിയ്യത്തും നൽകാൻ കടപ്പെട്ടവനായ അല്ലാഹുവിന്റെ സർവ്വനാമങ്ങളും കൊണ്ട്, അവന്റെ സഹായവും ആശിസ്സുകളും തേടുന്നു എന്നാണ്. അല്ലാഹുവിന്റെ പരിരക്ഷയും (عِصْمَةٌ) ഉതവിയും (تَوْفِيقٌ) ഇല്ലാതെ താൻ ഉദ്യമിക്കുന്ന ഒരു കാര്യവും വിജയിക്കുകയില്ലെന്ന ബോധ്യത്തിൽനിന്നായിരിക്കണം അത് ഉച്ചരിക്കേണ്ടത്. അല്ലാഹുവിന്റെ സദ്ഗുണ സമ്പൂർണ്ണമായ സർവ്വനാമങ്ങളും മനസ്സിൽ വെച്ച്, اللهُ എന്ന ഐശ്വര്യപൂർണ്ണമായ അടിസ്ഥാന നാമം ഉരുവിട്ട്, അവന്റെ പരിരക്ഷയും (عصمة) ഉതവിയും (توفيق) തേടിക്കൊണ്ട് വേണം ഒരു വിശ്വാസി നല്ല കാര്യങ്ങൾ ചെയ്യാൻ മുതിരേണ്ടത്. അത് തന്റെ ഹൃദയത്തിൽ ഉളവാക്കുന്ന നിർഭയത്വവും പ്രതീക്ഷയും അളവറ്റതായിരിക്കും. അത് അനുഭവിച്ചറിയുക തന്നെ വേണം, പറഞ്ഞറിയിക്കാവതല്ല.

അവൻ റഹ്‌മാനും റഹീമുമാണ്. ഇവ രണ്ടും അല്ലാഹുവിന്റെ ഉൽകൃഷ്ടമായ നാമങ്ങളാണ്. അല്ലാഹു എന്ന പേരിൽ അവനെ വിളിക്കുന്നതു പോലെ ഈ രണ്ടു പേരിലും അവനെ വിളിക്കാവുന്നതാണ്. ഇവയിൽ ഉൾച്ചേർന്നിരിക്കുന്നത് رَحْمَةٌ എന്ന ഗുണവിശേഷമാണ്. റഹ്‌മത്ത് എന്നതു കൊണ്ട് വിവക്ഷിക്കുന്നത് മൂന്നു കാര്യങ്ങളാണ്:

  1. ഉദാത്തമായ എല്ലാ ആഗ്രഹങ്ങളുടെയും സഫലീകരണം
  2. ഭയപ്പെടുന്ന കാര്യങ്ങളിൽ നിന്നെല്ലാമുള്ള സംരക്ഷണം
  3. സംഭവിച്ചുപോയ തെറ്റുകളിൽനിന്നുള്ള പാപവിമുക്തി

അല്ലാഹു നമ്മുടെ എല്ലാ നല്ല ലക്ഷ്യങ്ങളും നിറവേറ്റിത്തരുന്നു. നാം ഭയപ്പെടുന്ന കാര്യങ്ങളിൽനിന്ന് നമുക്ക് സംരക്ഷണം നൽകുന്നു. അറിഞ്ഞും അറിയാതെയും ചെയ്‌തുപോയ തെറ്റുകുറ്റങ്ങൾ പൊറുത്തുതരുന്നു. ഇതാണ് അവൻ റഹ്‌മത്ത് ചെയ്യുന്നു എന്നതിന്റെ വിവക്ഷ.

മേൽ പ്രസ്‌താവിച്ച കാര്യങ്ങളിൽ മൂന്നമത്തേത് വേർതിരിച്ച് പ്രത്യേകം പരാമർശിക്കുന്ന ശൈലിയുണ്ട്. അഥവാ കാരുണ്യവും (رحمة) പാപമോചനവും (مغفرة) ഒരുമിച്ച് പറയും. അത്തരം സന്ദർഭങ്ങളിൽ റഹ്‌മത്തിന്റെ വിവക്ഷ ആദ്യത്തെ രണ്ടു കാര്യങ്ങൾ മാത്രമായിരിക്കും.

പലപ്പോഴും കാരുണ്യം എന്ന മലയാള പദമാണ് ഇതിനു പകരമായി ഉപയോഗിക്കാറുള്ളത്. അത് ഉദ്ദിഷ്ട ആശയങ്ങളെ പ്രകാശിപ്പിക്കാൻ പര്യാപ്‌തമല്ലെന്നു പറയേണ്ടതില്ലല്ലോ. കാരുണ്യം എന്ന പദം ഇത്തരം സന്ദർഭങ്ങളിൽ പ്രയോഗിച്ചു കാണുമ്പോൾ അതിന്റെ വിവക്ഷ മേൽ വിശദീരിച്ച കാര്യങ്ങളാണെന്ന് മനസ്സിലാക്കുക.

റഹ്‌മാനും റഹീമും തമ്മിലുള്ള വ്യത്യാസം കൂടി പറയാം. മേൽ വിവരിച്ച റഹ്‌മത്ത് എന്ന ഗുണവിശേഷമുള്ളവനാണ് റഹ്‌മാൻ. മുഴുവൻ റഹ്‌മത്തും അവനിൽനിന്നുള്ളതാണ്. അവനാണ് റഹ്‌മത്തിന്റെ സ്രോതസ്സ്. അവൻ സമ്പൂർണ്ണമായ റഹ്‌മത്തിനുടയവ നാണ് (ذُو الرَّحْمَةِ الْوَاسِعَةِ). അവന്റെ സത്താപരമായ വിശേഷണമാണ് (صِفَةٌ ذَاتِيَّةٌ) ഇവിടെ ഉദ്ദേശിക്കുന്നത്. റഹ്‌മാൻ എന്ന പദം അല്ലാഹുവിന് മാത്രമേ ഉപയോഗിക്കാവൂ. അത് സൃഷ്ടികളുടെ പേരോ വിശേഷണമോ ആയി ഉപയോഗിക്കാവതല്ല. അവന്റെ റഹ്‌മത്ത് അത്യപാരമാണ്. അത് അവന്റെ കോപത്തെയും മറികടന്നിരിക്കുന്നു. നബി ﷺ പറയുന്നു: عَنْ أَبِي هُرَيْرَةَ ﵁ قَالَ: قَالَ رَسُولُ اللهِ ﷺ: لَمَّا قَضَى اللهُ الْخَلْقَ كَتَبَ كِتَابًا فَهُوَ عِنْدَهُ فَوْقَ عَرْشِهِ: إِنَّ رَحْمَتِي سَبَقَتْ غَضَبِي. [متفق عليه] [അബു ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: അല്ലാഹു സൃഷ്ടികളെ പടച്ചപ്പോൾ ഒരു ലിഖിതം ഉല്ലേഖനം ചെയ്‌തു. അത് അവന്റെയടുക്കൽ അർശിന്മേലുണ്ട്: «എന്റെ റഹ്‌മത്ത് എന്റെ കോപത്തെ മറികടന്നിരിക്കുന്നു, തീർച്ച».] (ബുഖാരി, മുസ്‌ലിം)

റഹീം എന്നാൽ സൃഷ്ടികൾക്ക് റഹ്‌മത്ത് ചെയ്‌തു കൊടുക്കുന്നവൻ. അളവറ്റ റഹ്‌മത്ത് പ്രദാനം ചെയ്യുന്നവനാണ് അല്ലാഹു. അവൻ ذُو الرَّحْمَةِ الْوَاصِلَةِ സമൃദ്ധവും അനുസ്യൂതവുമായ റഹ്‌മത്ത് നൽകിക്കൊണ്ടിരിക്കുന്നവനാണ്. റഹ്‌മത്ത് ചെയ്‌തുകൊടുക്കുക എന്നത് അല്ലാഹുവിന്റെ ഇഛയുമായി (مشيئة) ബന്ധപ്പെട്ട കർമ്മപരമായ ഗുണവിശേഷണമാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുമ്പോൾ ഉദ്ദേശിക്കുന്ന വിധേന അവൻ റഹ്‌മത്ത് ചെയ്യും. സൃഷ്ടികളും അവർക്കുള്ളതുമെല്ലാം അവന്റെ റഹ്‌മത്ത് മാത്രം. നബി ﷺ പറയുന്നു: عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ﷺ قَالَ: إِنَّ لِلهِ مِائَةَ رَحْمَةٍ أَنْزَلَ مِنْهَا رَحْمَةً وَاحِدَةً بَيْنَ الْجِنِّ وَالْإِنْسِ وَالْبَهَائِمِ وَالْهَوَامِّ، فَبِهَا يَتَعَاطَفُونَ، وَبِهَا يَتَرَاحَمُونَ، وَبِهَا تَعْطِفُ الْوَحْشُ عَلَى وَلَدِهَا، وَأَخَّرَ اللهُ تِسْعًا وَتِسْعِينَ رَحْمَةً، يَرْحَمُ بِهَا عِبَادَهُ يَوْمَ الْقِيَامَةِ. [البخاري في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറയുന്നു: നിശ്ചയമായും അല്ലാഹുവിന് നൂറ് റഹ്‌മത്തുണ്ട്. അതിൽനിന്ന് ഒരു റഹ്‌മത്ത് അവൻ ജിന്ന്, മനുഷ്യർ, മൃഗങ്ങൾ. ഇഴജന്തുക്കൾ പോലുള്ളവർക്കിടയിൽ ഇറക്കിക്കൊടുത്തു. അതു മുഖേനയാണ് അവർ പരസ്‌പരം കനിവ് കാണിക്കുന്നത്. അതുമൂലമാണ് അവർ അന്യോന്യം റഹ്‌മത്ത് ചെയ്യുന്നത്. അതുകൊണ്ടാണ് വന്യമൃഗം അതിന്റെ കിടാവിനോട് കനിവ് കാണിക്കുന്നത്. തൊണ്ണൂറ്റി ഒമ്പത് റഹ്‌മത്തും അവൻ മാറ്റിവെച്ചിരിക്കുന്നു. അതു മുഖേന അന്ത്യനാളിൽ അടിയാറുകൾക്ക് അവൻ റഹ്‌മത്ത് ചെയ്യും.] (ബുഖാരി, സ്വഹീഹിൽ ഉദ്ധരിച്ചത്)

അല്ലാഹുവിന് അടിയാറുകളോടുള്ള റഹ്‌മത്തിനെ കുറിച്ച് നബി ﷺ സ്വഹാബത്തിന് പ്രായോഗികമായ ഒരു പാഠം നൽകിയത് ഹദീസുകളിലുണ്ട്. ഒരിക്കൽ യുദ്ധത്തടവുകാർ വന്നപ്പോൾ കൂട്ടത്തിൽ മുലയൂട്ടുന്ന ഒരു ഉമ്മയുണ്ടായിരുന്നു. കൈക്കുഞ്ഞ് നഷ്ടപ്പെട്ട വെപ്രാളത്തിൽ കാണുന്ന കുഞ്ഞുങ്ങളെയെല്ലാം അവർ വാരിപ്പുണർന്ന് മാറോടു ചേർത്ത് മുലയൂട്ടുന്ന കാഴ്‌ച കണ്ടുനിന്നവരുടെയെല്ലാം കരളലിയിപ്പിച്ചു. അപ്പോൾ നബി ﷺ അവരോട് ചോദിച്ചു: (أَتَرَوْنَ هَذِهِ الْمَرْأَةَ طَارِحَةً وَلَدَهَا فِي النَّارِ) «ഈ സ്‌ത്രീ അവരുടെ കുഞ്ഞിനെ തീയിൽ എറിയുമെന്ന് നിങ്ങൾ കരുതുന്നുവോ?» അവർ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല. അവർക്ക് അവരുടെ കുഞ്ഞിനെ തീയിൽ എറിയാതിരിക്കാൻ മാത്രമേ സാധിക്കൂ. അപ്പോൾ നബി ﷺ അവരെ പഠിപ്പിച്ചു: (لَلهُ أَرْحَمُ بِعِبَادِهِ مِنْ هَذِهِ بِوَلَدِهَا) «ഈ സ്‌ത്രീക്ക് അവളുടെ കുഞ്ഞിനോടുള്ളതിനെക്കാൾ റഹ്‌മത്ത് അല്ലാഹുവിന് അവന്റെ അടിയാറുകളോടുണ്ട്, തീർച്ച». ഈ സംഭവം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുള്ളതാണ്.

മനുഷ്യരും ജിന്നുകളും പക്ഷിമൃഗാദികളും എല്ലാമെല്ലാം പരസ്‌പരം റഹ്‌മത്ത് കാണിക്കുന്നതും ഇതര ജീവികളുമായി കാരുണ്യത്തിൽ വർത്തിക്കുന്നതും അല്ലാഹുവിന്റെ റഹ്‌മത്ത് നൂറായി ഭാഗിച്ചതിൽ ഒരംശം അവർക്കിടയിലേക്ക് ഇറക്കികൊടുത്തതിൽനിന്നാണ്. അന്ത്യനാളിൽ ഈ ഒരംശം തിരിച്ചെടുക്കുകയും അവന്റെ കാരുണ്യം നൂറാക്കി പൂർത്തീകരിച്ച് അത് മുഴുവനും കൊണ്ട് അടിയാറുകൾക്ക് റഹ്‌മത്ത് ചെയ്‌തു കൊടുക്കുകയും ചെയ്യുമെന്ന് മറ്റൊരു ഹദീസിലുണ്ട്.

റഹ്‌മാൻ എന്നാൽ, ഇഹലോകത്തു വെച്ച് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും റഹ്‌മത്ത് ചെയ്യുന്നൻ എന്നും, റഹീം എന്നാൽ പരലോകത്തു വെച്ച് വഴിപ്പെട്ടവർക്കു മാത്രം റഹ്‌മത്ത് ചെയ്യുന്നവൻ എന്നും ഒരു വ്യാഖ്യാനം പല പരിഭാഷകളിലുമുണ്ട്. ഇത് ശരിയാണെന്നു പറയാനാവില്ല. അല്ലാഹു ഇഹത്തിലും പരത്തിലും റഹ്‌മാനാണ്, റഹീമുമാണ്. താഴെ കൊടുത്തിരിക്കുന്ന ഹദീസ് ശ്രദ്ധിക്കുക: اللهم مَالِكَ الْمُلْكِ، تُؤْتِي الْمُلْكَ مَنْ تَشَاءُ، وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ، وَتُعِزُّ مَنْ تَشَاءُ، وَتُذِلُّ مَنْ تَشَاءُ، بِيَدِكَ الْخَيْرُ، إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ، رَحْمَٰنَ الدُّنْيَا وَالْآخِرَةِ وَرَحِيمَهُمَا ! تُعْطِيهِمَا مَنْ تَشَاءُ، وَتَمْنَعُ مِنْهُمَا مَنْ تَشَاءُ، ارْحَمْنِي رَحْمَةً تُغْنِينِي بِهَا عَنْ رَحْمَةِ مَنْ سِوَاكَ. [الطبراني في الصغير وحسنه الألباني] [സർവ്വാധികാരത്തിന്റെയും ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിച്ചവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിച്ചവരിൽനിന്ന് നീ അധികാരം എടുത്തു കളയുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാ പികളാക്കുന്നു. നീ ഉദ്ദേശിച്ചവരെ നീ നിന്ദ്യരാക്കുന്നു. നിന്റെ കൈവശമത്രെ എല്ലാ നന്മയും. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുറ്റവനാകുന്നു. ഇഹത്തിലും പരത്തിലും റഹ്‌മാനും റഹീമുമായിട്ടുള്ളവനേ, ഇരുലോകത്തും നീ ഉദ്ദേശിക്കുന്നവർക്ക് നീ ആ റഹ്‌മത്ത് നൽകുന്നു. ഇരുലോകത്തും നീ ഉദ്ദേശിച്ചവർക്ക് നീ അത് നിഷേധിക്കുന്നു. എനിക്ക് നീ ബൃഹത്തായ ഒരു റഹ്‌മത്ത് നൽകണേ. അതുമുഖേന മറ്റുള്ളവരുടെ കാരുണ്യം ആവശ്യമില്ലാത്ത വിധം എന്നെ നീ ധന്യനാക്കണേ.] (ത്വബറാനി, അൽമുഅ്ജമുസ്സ്വഗീറിൽ ഉദ്ധരിച്ചത്)

വിശുദ്ധ ഖുർആൻ വിവരണത്തിലെ ഫാതിഹഃക്ക് ആമുഖമായി നൽകിയ വിശദീകരണത്തിൽ, സാക്ഷാൽ ദൈവം, ഏകദൈവസിദ്ധാന്തം, മൗലിക സിദ്ധാന്തം പോലുള്ള തെറ്റായ ചില പ്രയോഗങ്ങളുണ്ട്. അതേ പ്രകാരം അർശിനു സിംഹാസനം എന്നു പരിഭാഷ നൽകിയിട്ടുമുണ്ട്. ഇവയിലുള്ള അബദ്ധങ്ങൾ മനസ്സിലാക്കാൻ മുഖവുര ഭാഗം 3, 4 ൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുക.

اللهُ എന്ന നാമത്തെ കുറിച്ച് പറയുമ്പോൾ [ഏക മഹാശക്തിയെ മാത്രം കുറിക്കുന്ന ഒരു സംജ്ഞാനാമം] (വിശുദ്ധ ഖുർആൻ വിവരണം, മുഖവുര, പുറം 106) എന്നു പ്രയോഗിച്ചു കാണുന്നു. അല്ലാഹുവിനെ കുറിച്ചു പറയാൻ പാടില്ലാത്തതാണത്. عَفَى اللهُ عَنَّا وَعَنْهُمْ അല്ലാഹുവിനെ കുറിച്ച് അല്ലാഹു പറഞ്ഞതു മാത്രമേ പറയാവൂ. അവനെ കുറിച്ച് അത്തരം ഒരു പ്രയോഗം ഖുർആനിലോ ഹദീസിലോ സ്ഥിരപ്പെട്ടിട്ടില്ല.

﴿الْحَمْدُ لِلهِ رَبِّ الْعَالَمِينَ ٢﴾

എല്ലാ ഹംദും ലോകങ്ങളുടെയും ലോകരുടെയും റബ്ബായ അല്ലാഹുവിനാകുന്നു.

حَمْدٌ എന്ന പദത്തിന്റെ ഭാഷാർത്ഥം സ്‌തുതി, സ്‌തോത്രം, വാഴ്‌ത്തൽ, കീർത്തനം എന്നൊക്കെയാണ്. അതിനോട് ചേർത്തിരിക്കുന്ന ഉപസർഗ്ഗം 'الْـ' വർഗ്ഗസാകല്യത്തെ ദ്യോതിപ്പിക്കുന്നു. അപ്പോൾ الْحَمْدُ لِلهِ എന്നതിന്റെ സാമാന്യമായ അർത്ഥം, സ്തുതി എന്ന ഇനത്തിൽപെട്ട എല്ലാം അല്ലാഹുവിന് അർഹപ്പെട്ടതാണ് എന്ന് വരുന്നു. الْحَمْدُ للهِ എന്ന് ഉച്ചരിക്കുമ്പോൾ നാം അവനെ പ്രകീർത്തിക്കുന്നു: സർവ്വസ്‌തുതിയും അല്ലാഹുവിന്.

حَمْد നാവു കൊണ്ട് ചൊല്ലുകയാണ് വേണ്ടത്. الْحَمْدُ للهِ - എല്ലാ സ്‌തുതിയും അല്ലാഹുവിന് - എന്ന് ഒരു അടിയൻ പറയുമ്പോൾ തന്റെ നാവുകൊണ്ട് അല്ലാഹുവിനെ പുകഴ്‌ത്തുന്നു; അവന്റെ അപദാനങ്ങൾ വാഴ്‌ത്തുന്നു. രണ്ടു കാര്യങ്ങൾ മുൻനിർത്തിയാണ് അല്ലാഹുവിന് حَمْد ചൊല്ലുന്നത്:

ഒന്ന്: അവന്റെ പൂർണ്ണതയെ മുൻനിർത്തി:

അല്ലാഹുവിന്റെ പൂർണ്ണത ഭാവനകൾക്ക് അതീതമാണ്; അവാച്യമാണ്. അവനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിപൂർണ്ണവും അന്യൂനവും അനന്യവും അതിമനോഹരവുമാണ്. അവന്റെ സത്തയുടെ, നാമങ്ങളുടെ, ഗുണവിശേഷങ്ങളുടെ, മഹാകൃത്യങ്ങളുടെ, അധികാരാവകാശങ്ങളുടെ... തുടങ്ങി മുഴുപ്രശ്‌നങ്ങളുടെയും മഹത്വവും മനോഹാരിതയും പൂർണ്ണതയും വർണ്ണനാതീതമാണ്. അവൻ ഏകനും അതുല്യനും അദ്വിതീയനുമാണ്. അവൻ ഉണ്ടായവനല്ല, ആദിയിലേ ഉള്ളവനാണ്. അവൻ ജാതനല്ല, ജനകനുമല്ല. അവനു ഭാര്യമാരില്ല, സന്താനങ്ങളില്ല. അവൻ കിടയറ്റവനാണ്. അവനു പങ്കുകാരില്ല, സഹായികളില്ല, സ്വാധീനിക്കാവുന്ന ശിപാർശകരില്ല. അവന്റെ കാര്യങ്ങൾ അവനുമാത്രം അവകാശപ്പെട്ടതാണ്. അതിൽ ഒന്നും മറ്റൊരാൾക്കും ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും അവനു ചേരുകയുമില്ല. ദൃഷ്ടികൾക്കോ ഭാവനകൾക്കോ അവനെ പ്രാപിക്കാനാവില്ല. അവൻ സൃഷ്ടികൾക്ക് അതീതനാണ്, ഏഴ് ആകാശങ്ങൾക്കും മീതെ അർശിനും ഉപരിയിലാണ്. അവൻ ഹൃദയാന്തരങ്ങളെയും ദൃഷ്ടികളെയും പിടികൂടുന്നു. അവനെക്കുറിച്ച് നാം സ്വയം വർണ്ണിക്കുന്നത് കൃത്യവിലോപമാണ്. അവൻ തന്നെ അവനെ കുറിച്ച് ദൂതന്മാർ മുഖേന വർണ്ണിച്ചുതന്നത് അതേപടി സ്വീകരിക്കുക, ആവർത്തിക്കുക. അതാണ് വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും മാർഗ്ഗം. അതുമാത്രമാണ് സുരക്ഷിതമായ വഴി. അവന്റെ അപദാനങ്ങൾ നമുക്ക് തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ, നിന്നെ കുറിച്ച് നീ തന്നെ വർണ്ണിച്ചതും വാഴ്‌ത്തിയതും എപ്രകാരമാണോ അങ്ങനെയാണു നീ; നിന്റെ മുഴുവൻ കാര്യങ്ങളും തഥൈവ! നിന്നെ അറിയുന്ന ഒരു അടിയന് എങ്ങനെ നിന്നെ വാഴ്‌ത്താതിരിക്കാൻ കഴിയും! നിനക്കുള്ള സ്‌തുതി ചേതനയിൽ നിറയുന്നു. ആത്മബോധത്തിൽനിന്ന് നാവിലേക്ക് സംക്രമിക്കുന്നു. സ്‌തു തിയിൽ നിമഗ്നമായി ഞാൻ ഉരുവിടുന്നു: അൽഹംദു ലില്ലാഹ്...

രണ്ട്: അവന്റെ അനുഗ്രഹങ്ങളെ മുൻനിർത്തി:

അല്ലാഹു റഹ്‌മാനാണ്, കാരുണ്യത്തിന്റെ സ്രോതസ്സാണ്. മുഴുവൻ കാരുണ്യങ്ങളും അവന്റേതാണ്. പരമവും അപരിമേയവുമായ കാരുണ്യം! അത് അവന്റെ കോപത്തെ കവച്ചുവെച്ചിരിക്കുന്നു. അവൻ ഇഹത്തിലും പരത്തിലും റഹ്‌മാനാണ്. അല്ലാഹു റഹീമാണ്. സൃഷ്ടികൾക്ക് കാരുണ്യം ചൊരിയുന്നവൻ. അവൻ കാരുണ്യത്തെ നൂറായി ഭാഗിച്ചു. ഒരു ഭാഗം സൃഷ്ടികൾക്കിടയിൽ വീതിച്ചു. അതുമൂലമാണ് അവർ പരസ്‌പരം കാരുണ്യത്തോടെ വർത്തിക്കുന്നത്. മനുഷ്യർ മാത്രമല്ല മുഴുവൻ ജീവജാലങ്ങളും. മൃഗങ്ങൾ കിടാങ്ങളോട്, പക്ഷികൾ കുഞ്ഞുങ്ങളോട്... അങ്ങനെ എല്ലാവരും. അവന്റെ കാരുണ്യം എല്ലാറ്റിനെയും ചൂഴ്‌ന്നുനിൽക്കുന്നു. അവൻ ഇഹത്തിലും പരത്തിലും റഹീമാണ്. കരുണ ചെയ്യുക എന്നതിന്റെ താൽപര്യം നല്ല സദുദ്ദേശ്യങ്ങൾ സഫലീകരിച്ചു തരിക, ഭയപ്പെടുന്ന കാര്യങ്ങളിൽനിന്ന് കാവൽ നൽകുക, സംഭവിച്ചു പോയ വീഴ്‌ചകൾ പൊറുത്തുതരിക എന്നതാണ്. റഹ്‌മാനും റഹീമുമായ അല്ലാഹു നമുക്ക് ചെയ്‌തുതന്ന അനുഗ്രഹങ്ങൾ അപാരവും അസംഖ്യവുമാണ്. അവന്റെ ഔദാര്യങ്ങൾ അളവറ്റതാണ്! നമുക്കത് എണ്ണി തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ! ഞാൻ തന്നെയും, എന്റേതും എനിക്കുള്ളതും എന്റെ ചുറ്റുപാടുകളും, എല്ലാമെല്ലാം നിന്റെ അനുഗ്രഹം മാത്രം. നിന്റെ ആശിസ്സുകളില്ലാതെ ഒരു നിമിഷാർദ്ധം എനിക്ക് നിലനിൽക്കാനാവില്ല. നിന്റെ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ ഉള്ളിൽ സ്തുതി നിറയുന്നു. അത് നാവിലൂടെ പുറത്ത് വരുന്നു: അൽഹംദു ലില്ലാഹ്...

മനസ്സു നിറയാതെ, നാവു കൊണ്ട് സ്‌തുതിയെന്നു പറഞ്ഞാൽ ഹംദ് ആവില്ല. അത് അർത്ഥശൂന്യമായ പുകഴ്‌ത്തൽ (مَدْحٌ) മാത്രമായിത്തീരും. അല്ലാഹുവിന്റെ പൂർണ്ണതയെയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള ശരിയായ ബോധ്യത്തിൽ, അവനോടുള്ള അപരിമേയമായ സ്‌നേഹവും ഭയപ്പാടും പ്രതീക്ഷയും മനസ്സിൽ നിറയണം. അങ്ങനെ ഹൃദയം അവനെ വാഴ്‌ത്തണം. അത് നാവിലേക്കെത്തി പുറത്തേക്ക് ഉതിർന്നു വീഴണം. അപ്രകാരം നാവിൽനിന്ന് വീഴുന്ന മുത്തുകളാണ് ഹംദ്.

സ്‌തുതിയും നന്ദിയും തമ്മിൽ ഒരു താരതമ്യം:

സ്‌തുതിയുടെ ബന്ധം വിപുലവും ഉപാധി ഏകവുമാണെങ്കിൽ, നന്ദിയുടെ ഉപാധികൾ വിപുലവും ബന്ധം പരിമിതവുമായിരിക്കും. അല്ലാഹുവിന്റെ പൂർണ്ണതകളുടെയും അനുഗ്രഹങ്ങളുടെയും അതിവിപുലമായ ആശയ സഞ്ചയവുമായിട്ടാണ് സ്‌തുതിയുടെ ബന്ധം. എന്നാൽ, സ്‌തുതി പ്രകടിപ്പിക്കാനുള്ള ഉപാധി ഏകമാണ്; അതാണ് നാവ്. നന്ദി പ്രകാശിപ്പിക്കാൻ ഒന്നിലധികം ഉപാധികളുണ്ട്. മനസ്സ്, നാവ്, ശരീരാവയവങ്ങൾ, അവ മൂന്നും നന്ദി പ്രകടിപ്പിക്കാനുള്ള ഉപാധികളാണ്. എന്നാൽ നന്ദിയുടെ ബന്ധം അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് മാത്രമാണ്.

തഹ്‌മീദ് സ്ഥിരീകരണമാണ്. എന്നാൽ തസ്ബീഹ് നിരാസമാണ് - വിവരദോഷികളായ അക്രമികൾ അല്ലാഹുവിനെ കുറിച്ച് നടത്തുന്ന തെറ്റായ ആരോപണങ്ങളുടെ നിരാസം. അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ സ്വന്തം വർണ്ണന. സത്യസന്ധരായ ദൂതന്മാർ അറിയിച്ചു തന്ന ആ വർണ്ണനകളുടെ സ്ഥിരീകരണം, അതാണ് തഹ്‌മീദ്. തസ്ബീഹ് പൂർണ്ണമാകുന്നത് തഹ്‌മീദോടു കൂടിയാണ്. അതുകൊണ്ടാണ് ദിക്റുകളിൽ അവ ഒരുമിച്ച് വരുന്നത്. അല്ലാഹുവിനെ കുറിച്ച് അക്രമികൾ നടത്തുന്ന തെറ്റായ വർണ്ണനകളും ആരോപണങ്ങളും ഞാൻ നിരാകരിക്കുന്നു. അവനെ കുറിച്ച് ദൂതന്മാർ മുഖേന അവൻ അറിയിച്ചു തന്ന വർണ്ണനകൾ ഞാൻ വാഴ്‌ത്തുന്നു. സുബ്ഹാനല്ലാഹി വബി ഹംദിഹീ...

رَبٌّ എന്നത് അല്ലാഹുവിന്റെ ഉൽകൃഷ്ടമായ ഒരു നാമമാണ്. അല്ലാഹ് എന്ന പേരിൽ അവനെ വിളിക്കുന്നതു പോലെ റബ്ബ് എന്ന പേരിലും അവനെ വിളിക്കാം. അതിന്റെ വിവക്ഷ മുഴുസൃഷ്ടികളുടെയും രക്ഷാകർത്തൃത്വമുള്ളവൻ എന്നാണ്. രക്ഷാകർത്തൃത്വം വിപുലമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംവർഗ്ഗമാണ്. അവയിൽ പ്രധാനപ്പെട്ട മൂന്ന് ഇനങ്ങൾ പറയാം. മാന്യവായനക്കാർ രക്ഷാകർത്തൃത്വത്തിനു കീഴിൽ അവ മാത്രമേയുള്ളു എന്ന് തെറ്റിദ്ധരിക്കരുത്.

ഒന്ന്: സൃഷ്ടിപ്പ് (الْخَلْقُ): സൃഷ്ടിപ്രക്രിയയും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നവൻ അല്ലാഹു മാത്രമാണ്.

രണ്ട്: ഉടമസ്ഥത (الْمُلْكُ): മുഴുവൻ സൃഷ്ടികളുടെയും ആത്യന്തികവും നിരുപാധികവുമായ ഉടമസ്ഥത അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്.

മൂന്ന്: നിയന്ത്രണവും പരിപാലനവും (التدْبِيرُ): അഖിലാണ്ഡങ്ങളുടെയും പരിപൂർണ്ണ നിയന്ത്രണവും പരിപാലനവും നിർവ്വഹിക്കുന്നത് അല്ലാഹു മാത്രമാണ്.

മുകളിൽ പറഞ്ഞതും അല്ലാത്തതുമായ, രക്ഷാകർത്തൃത്വവുമായി ബന്ധപ്പെട്ട മുഴുകാര്യങ്ങളുടെയും അവകാശിയാരോ അവനാണ് റബ്ബ്. അഖിലാണ്ഡങ്ങളെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിച്ച് പരിപാലിക്കുകയും ചെയ്യുന്നവൻ അല്ലാഹു മാത്രമാണ്. അവനു തുല്യരില്ല, പങ്കുകാരില്ല, സഹായികളില്ല. അവന്റെ കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന ശിപാർശകരുമില്ല. അല്ലാഹുവാണ് ഏകനായ റബ്ബ്. രക്ഷാകർത്തൃത്വത്തിലുള്ള ഏകത്വം തൗഹീദിന്റെ മൂന്നു ഭാഗങ്ങളിൽ ഒന്നാണ്.

عَالَمٌ എന്നതിന്റെ ബഹുവചന രൂപമാണ് عَالَمُونَ، عَالَمِينَ എന്നത്. ലോകം, ലോകർ എന്നൊക്കെയാണ് അതിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാറുള്ളത്. അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ചുള്ള പര്യാലോചന നമ്മെ അതിശയിപ്പിക്കും. അതിവിപുലവും അതിസങ്കീർണ്ണവുമായ അണ്ഡകടാഹങ്ങൾ. പരമാണു മുതൽ പരകോടി നക്ഷത്ര സമൂഹങ്ങൾ വരെയുള്ള സൂക്ഷ്‌മവും സ്ഥൂലവുമായ പ്രപഞ്ചങ്ങൾ. മനുഷ്യന്റെ അറിവിലും അനുഭവത്തിലും വരുന്നത് തുലോം തുഛമായ ലോകങ്ങൾ മാത്രം. അവന്റെ അറിവിനു പുറത്തുള്ളത് ഭാവനകൾക്കും അതീതം. ദൃശ്യാദൃശ്യ പ്രപഞ്ചങ്ങൾ, ഗോചരവും അഗോചരവുമായ ലോകങ്ങൾ, ഭൗതികവും ആത്മീയവുമായ ലോകങ്ങൾ, ഉപരിലോകങ്ങളും കീഴ്‌ലോകങ്ങളും, ജീവീയ അജീവീയ ലോകങ്ങൾ... ഇങ്ങനെ സൃഷ്ടികളുടെ വർഗ്ഗീകരണം തന്നെ നമ്മെ സ്‌തബ്‌ധമാക്കിക്കളയും. അല്ലാഹു പറയുന്നത് കാണുക: ﴿وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ ٣١﴾ (المدثر) [നിന്റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്കുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.] (മുദ്ദസ്സിർ 31] ﴿رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ١٩١﴾ (آل عمران) [ഞങ്ങളുടെ റബ്ബേ! ഇതൊന്നും നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല‌. നിന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് നിന്നെ ഞാൻ വാഴ്‌ത്തുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.] (ആലു ഇംറാൻ 191)

ചുരുക്കത്തിൽ, മുഴുലോകങ്ങളുടെയും ലോകരുടെയും ഏകനായ സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനുമായ അല്ലാഹുവിനാണ് എല്ലാ സ്‌തുതിയും.

﴿الرَّحْمَٰنِ الرَّحِيمِ ٣﴾

റഹ്‌മാനും റഹീമുമായവൻ.

ഈ സൂക്തത്തിലുള്ളത് അല്ലാഹുവിന്റെ രണ്ട് ഉൽകൃഷ്ടമായ നാമങ്ങളാണ്. അവയെ കുറിച്ചും, അവ ഉൾക്കൊള്ളുന്ന ഗുണവിശേഷത്തെ കുറിച്ചും ഒന്നാം സൂക്തത്തിൽ പരാമർശിച്ചിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കുന്നില്ല.

ലോകങ്ങളുടെയും ലോകരുടെയും റബ്ബായ അല്ലാഹുവിന് സ്‌തുതി പറഞ്ഞ ഒരു അടിയൻ, പിന്നീടു വേണ്ടത് അവന്റെ അപദാനങ്ങൾ വാഴ്‌ത്തുകയാണ്. അവന്റെ രക്ഷാകർത്തൃത്വം (رُبُوبِيَّة) റഹ്‌മത്തിലും കാരുണ്യത്തിലും അധിഷ്ഠിതമാണ്. അവൻ റഹ്‌മാനും റഹീമുമാണ്; ഇഹത്തിൽ മാത്രമല്ല, പരത്തിലും.

നബി ﷺ ആദ്യമായി അഭിസംബോധന ചെയ്‌ത മക്കാ മുശ്‌രിക്കുകൾ അല്ലാഹുവിനെ കുറിച്ച് വെച്ചുപുലർത്തിയിരുന്ന വിഭാവനയെന്തായിരുന്നു? ഉപരിലോകങ്ങളുടെയും കീഴ്‌ലോകങ്ങളുടെയും സ്രഷ്ടാവും നിയന്താവും അന്നദാതാവുമെല്ലാം അല്ലാഹു തന്നെ. എല്ലാ കാര്യങ്ങളുടെയും മേലുള്ള സർവ്വാധിപത്യവും അല്ലാഹുവിനു തന്നെ. പക്ഷെ, അവൻ റഹ്‌മാനാണെന്ന ഒരു വിഭാവന തന്നെ അവർക്കുണ്ടായിരുന്നില്ല. അല്ലാഹു പറയുന്നത് കാണുക: ﴿وَإِذَا قِيلَ لَهُمُ اسْجُدُوا لِلرَّحْمَٰنِ قَالُوا وَمَا الرَّحْمَٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا ٦٠﴾ (الفرقان) [റഹ്‌മാനായ അല്ലാഹുവിന് നിങ്ങള്‍ സുജൂദ് ചെയ്യൂ എന്ന് അവരോട് പറഞ്ഞാൽ അവര്‍ തിരിച്ചു ചോദിക്കും: എന്താണീ റഹ്‌മാൻ? നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ സുജൂദ് ചെയ്യണമോ? അത് അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്‌തുള്ളു.] (ഫുർഖാൻ 60)

റഹ്‌മാനായ അല്ലാഹു എന്ന വിഭാവന നഷ്ടപ്പെട്ടതു മൂലം അവർ അവനിൽനിന്ന് കൂടുതൽ കൂടുതൽ അകന്നു പോയി. അവനോട് നേരിട്ട് കാര്യങ്ങൾ ചോദിക്കാതെ, അവനും അവർക്കും ഇടയിൽ അവർ മധ്യവർത്തികളെയും ശിപാർശക്കാരെയും ഇടയാളന്മാരെയും സ്ഥാപിച്ചു. അവരോട് ചോദിക്കുകയും അവരിൽ കാര്യം ഭരമേൽപിക്കുകയും ചെയ്‌തു. ഇതായിരുന്നു അവരിൽ സാർവ്വത്രികമായി കണ്ടുവന്നിരുന്ന ശിർക്ക്.

ഒരു മനുഷ്യനോട് അവന്റെ കണ്‌ഠനാഡിയെക്കാളും നാം അടുത്തിരിക്കുന്നു എന്നാണ് അല്ലാഹു പറയുന്നത്. എങ്കിൽ അവനും നമുക്കുമിടയിൽ ഒരു ഇടയാളനെ വെക്കാൻ ഇടമെവിടെ? തന്റെ മനസ്സിൽ ഉദിക്കുന്ന വികാരവിചാരങ്ങൾ സൂക്ഷ്മമായി അറിയുന്ന അല്ലാഹുവിനോട് കാര്യം ബോധിപ്പിക്കാൻ ഒരു ശിപാർശക്കാരന്റെ ആവശ്യമെന്ത്?

റഹ്‌മാൻ എന്ന അടിസ്ഥാന വിഭാവനയില്ലാതെ അല്ലാഹുവിനെ മനസ്സിലാക്കാൻ മുതിർന്നാൽ അത് അപൂർണ്ണവും വികലവുമായിരിക്കും. അതിന്റെ പ്രത്യാഘാതം ശിർക്കിലും കുഫ്‌റിലും ആപതിക്കുക എന്നതുമായിരിക്കും. അതുകൊണ്ടു തന്നെയാണ് റഹ്‌മാൻ, റഹീം, റഹ്‌മഃ പോലുള്ള പേരുകളും വിശേഷണങ്ങളും ഖുർആനിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും.

﴿مَالِكِ يَوْمِ الدِّينِ ٤﴾

പ്രതിഫലനാളിന്റെ അധിപൻ.

പ്രതിഫലനാളിന്റെ ഉടമസ്ഥന്‍. അല്ലാഹു മാത്രമാണ് എല്ലാ വസ്‌തുക്കളുടെയും വസ്‌തുതകളുടെയും ഉടമസ്ഥനും അധിപനും. അവന്റെ ആധിപത്യവും ഉടമസ്ഥതയും പരിപൂർണ്ണവും അപരിമേയവുമാണ്. അവന്റെ അധീശത്വത്തിനു കാല വ്യത്യാസമില്ല. പക്ഷെ, അത് ഏറ്റവുമധികം പ്രകടമാകുന്ന വേളകളിൽ ഒന്നാണ് പ്രതിഫലനാൾ.

ദീൻ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അടിയാറുകൾ അല്ലാഹുവിന് വഴിപ്പെടുന്ന കാര്യങ്ങൾ മുഴുവനുമാണ്. അഥവാ അന്ത്യനാളിൽ അല്ലാഹു അടിയാറുകളുടെമേൽ എന്തെല്ലാം കാര്യങ്ങൾ ചുമത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നുവോ അക്കാര്യങ്ങൾ മുഴുവനും.

സൃഷ്ടികൾക്കിടയിൽ തീർപ്പ് കൽപ്പിക്കുകയും നീതി നടപ്പിലാക്കുകയും ചെയ്യുന്ന ഘട്ടമാണ് പ്രതിഫലനാൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടിപ്പ് സോദ്ദേശപരമായിരിക്കണമെങ്കിൽ അത് അനിവാര്യമാണ്. അതിന്റെ അഭാവത്തിൽ ജീവിതം തന്നെ നിരർത്ഥകമായിത്തീരും. അന്ത്യനാളിൽ വിശ്വസിക്കാത്തവർക്കു പോലും ഈ യാഥാർത്ഥ്യം നിഷേധിക്കാൻ കഴിയാറില്ല. ഐഹിക വ്യവസ്ഥിതികൾ പൂർണ്ണമായ നീതി നടപ്പിലാക്കാൻ അപര്യാപ്‌തമാണ്. പരലോകത്തു മാത്രമേ നീതിയുടെയും പ്രതിഫലത്തിന്റെയും പൂർത്തീകരണം സാധ്യമാവുകയുള്ളു. നബി ﷺ പറയുന്നത് കാണുക: عَنْ أَبِي هُرَيْرَةَ ﵁، أَنَّ رَسُولَ اللهِ ﷺ، قَالَ: لَتُؤَدُّنَّ الْحُقُوقَ إِلَى أَهْلِهَا يَوْمَ الْقِيَامَةِ، حَتَّى يُقَادَ لِلشَّاةِ الْجَلْحَاءِ مِنَ الشَّاةِ الْقَرْنَاء. [مسلم في صحيحه] [അബൂ ഹുറയ്റഃ ﵁നിവേദനം. നബി ﷺ പറയുന്നു: അന്ത്യനാളിൽ അന്യായക്കാർക്ക് നിങ്ങൾ ന്യായം കൊടുത്തു വീട്ടേണ്ടിവരും, തീർച്ച. കൊമ്പില്ലാത്ത ആടിനു വേണ്ടി കൊമ്പൻ ആടിനെ പോലും പ്രതിക്രിയക്ക് വിധേയമാക്കപ്പെടും.] (മുസ്‌ലിം, സ്വഹീഹിൽ ഉദ്ധരിച്ചത്) عَنْ أَبَي هُرَيْرَةَ ﵁ قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: يَقْبِضُ اللهُ الأَرْضَ، وَيَطْوِي السَّمَوَاتِ بِيَمِينِهِ، ثُمَّ يَقُولُ: أَنَا المَلِكُ، أَيْنَ مُلُوكُ الأَرْضِ. [البخاري في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു ഭൂമിയെ കൈപ്പിടിയിൽ ഒതുക്കും. ആകാശങ്ങൾ തന്റെ കൈകൊണ്ട് ചുരുട്ടിപ്പിടിക്കും. എന്നിട്ട് പറയും: ഞാനാണ് സർവ്വാധിപതി. ഭൂലോകത്തുണ്ടായിരുന്ന രാജാക്കൾ എവിടെ?!] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) عن ابن عمر ﵂، أن رسول الله ﷺ قرأ هذه الآية ذات يوم على المنبر: ﴿وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ ٦٧﴾ (الزمر)، ورسول الله ﷺ يقول هكذا بيده ويحركها؛ يقبل بها ويدبر، يمجِّد الربُّ نفسه: أنا الجبار، أنا المتكبر، أنا العزيز، أنا الكريم، فرجف برسول الله ﷺ المنبر، حتى قلنا ليخرَّن به. [أحمد في مسنده وصححه الألباني] [ഇബ്‌നു ഉമർ ﵂ നിവേദനം. നബി ﷺ ഒരു ദിവസം മിമ്പറിൽ വെച്ച് ഈ വചനം ഓതുകയുണ്ടായി: «അല്ലാഹുവിനെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയില്ല». പുനരുത്ഥാന നാളില്‍ ഭൂമിയെ മുഴുവനായി അവൻ തന്റെ ഒരു കൈപിടിയില്‍ ഒതുക്കും. ആകാശങ്ങള്‍ മുഴുക്കെ അവന്റെ കൈയിൽ ചുരുട്ടിക്കൂട്ടും. അവന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് ഞാൻ അവനെ വാഴ്‌ത്തുന്നു. അവര്‍ പങ്കുചേര്‍ക്കുന്നതിൽനിന്നെല്ലാം അതീതനും ഉന്നതനുമാണ് അവൻ». (സുമർ 67) എന്നിട്ട് നബി ﷺ തന്റെ കൈ മുന്നോട്ടും പിന്നോടും ശക്തിയിൽ ആഞ്ഞുചലിപ്പിച്ചു കൊണ്ട് ഇപ്രകാരം പറയുന്നുണ്ടായിരുന്നു: റബ്ബ് അവന്റെ പ്രതാപം സ്വയം വാഴ്‌ത്തുന്നു: "ഞാനാണ് ജബ്ബാർ, ഞാനാണ് മുതകബ്ബിർ, ഞാനാണ് അസീസ്, ഞാനാണ് കരീം." അങ്ങനെ മിമ്പർ നബി ﷺ യെയും കൊണ്ട് ഇളകിയാടാൻ തുടങ്ങി. അത് നബി ﷺ യെയും കൊണ്ട് നിലംപതിക്കുമല്ലോ എന്ന് ഞങ്ങൾ പറയുക പോലും ചെയ്‌തു.] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

അല്ലാഹുവിനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിഞ്ഞുവരുക സമസ്‌ത സൃഷ്ടി പ്രപഞ്ചങ്ങളുടെയും മേലുള്ള അവന്റെ രക്ഷാകർത്തൃത്വമാണ്. കാരുണ്യത്തിൽ അധിഷ്‌ഠിതമാണ് ആ രക്ഷാകർത്തൃത്വം. കാരണം അവൻ റഹ്‌മാനും റഹീമുമാണ്. അവൻ മാത്രമാണ് സൃഷ്ടികളുടെ സർവ്വാശ്രയവും പ്രതീക്ഷയും. പക്ഷെ, അവന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ മനുഷ്യനെ അക്രമിയാക്കാതിരിക്കട്ടെ. അവൻ നീതിമാനും സർവ്വപ്രതാപിയുമാണെന്ന കാര്യം മറന്നു കൂടാ. അക്രമകാരികൾ അവന്റെ ശിക്ഷയെ കുറിച്ച് നിർഭയരായിരിക്കാൻ പാടില്ല. അവനെ കുറിച്ചുള്ള പ്രതീക്ഷ പോലെ, അവനെ കുറിച്ചുള്ള ഭയപ്പാടും മനുഷ്യമനസ്സിൽ സദാ അങ്കുരിക്കേണ്ടതുണ്ട്. ﴿نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ ٤٩ وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ ٥٠﴾ (الحجر) [എന്റെ അടിയാറുകളെ അറിയിച്ചേക്കൂ, ഞാൻ, ഞാൻ തന്നെയാണ് എല്ലാം പൊറുക്കുന്ന കാരുണ്യവാൻ; എന്റെ ശിക്ഷയോ അതു തന്നെയാണ് ഏറ്റവും വേദനയേറിയ ശിക്ഷയും.] (ഹിജ്ർ 49-50)

ലക്കും ലഗാനുമില്ലാത്ത മനുഷ്യനെ ഈ സന്തുലിതത്വത്തിന്റെ കയറിൽ ബന്ധിച്ചുകൊണ്ട് വേണം നേർവഴി നയിക്കാൻ. റഹ്‌മാനും റഹീമുമായ അല്ലാഹുവിനെ കുറിച്ച് പറഞ്ഞ ശേഷം പ്രതിഫലനാളിന്റെ അധിപൻ എന്നുള്ള പരാമർശം ഈ ആശയത്തിനു തന്നെയാണ് അടിവരയിടുന്നത്.

നിന്നെ മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.

﴿إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ ٥﴾

മനുഷ്യരാശിയിലേക്ക് അല്ലാഹു അവതരിപ്പിച്ച മുഴുവൻ ഗ്രന്ഥങ്ങളുടെയും സർവ്വസാരാംശവും ഭൂലോകത്തേക്ക് ഇതഃപര്യന്തം നിയുക്തരായ ദൂതന്മാരുടെയെല്ലാം അധ്യാപനത്തിന്റെ ആകത്തുകയുമാണ് ഈ സൂക്തത്തിന്റെ ഉള്ളടക്കം. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ പറയുന്നു: فَهُوَ قد جمع بَين الْعِبَادَة والتوكل فِي عدَّة مَوَاضِع لِأَن هذَيْن يجمعان الدّين كُله وَلِهَذَا قَالَ من قَالَ من السّلف إِن الله جمع الْكتب الْمنزلَة فِي الْقُرْآن وَجمع علم الْقُرْآن فِي الْمفصل وَجمع علم الْمفصل فِي فَاتِحَة الْكتاب وَجمع علم فَاتِحَة الْكتاب فِي قَوْله ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾. [ابن تيمية في مجموع فتاويه] [അല്ലാഹു ഒന്നിലധികം സന്ദർഭങ്ങളിൽ ഇബാദത്തിനെയും തവക്കുലിനെയും കുറിച്ച് ഒരുമിച്ച് പറഞ്ഞിട്ടുണ്ട്. കാര്യം, അവ രണ്ടും ചേരുമ്പോഴാണ് ദീൻ പൂർണ്ണമായും സമന്വയിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് മുൻഗാമികളിൽ ചിലർ ഇങ്ങനെ പറഞ്ഞത്: ഇറക്കപ്പെട്ട ഗ്രന്ഥങ്ങൾ മുഴുവനും അല്ലാഹു ഖുർആനിൽ ഏകോപിപ്പിച്ചിരിക്കുന്നു. ഖുർആനിക വിജ്ഞാനീയങ്ങളുടെ ആകത്തുക, അതിലെ ഇടത്തരം അധ്യായങ്ങളിൽ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. അവയിലുള്ള മുഴുവൻ അറിവുകളും ഫാതിഹഃയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഫാതിഹഃ സൂറത്തിലുള്ള സമസ്‌ത വൈജ്ഞാനിക മൂല്യങ്ങളെയും ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ എന്ന സൂക്തത്തിൽ സമന്വയിപ്പിച്ചിരിക്കുന്നു.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്, ഭൂലോകത്ത് അധിവസിപ്പിച്ചത്, ഗ്രന്ഥങ്ങൾ അവതരിപ്പിച്ചത്, ദൂതന്മാരെ നിയോഗിച്ചത്, അവരെ വിശ്വാസികളും അവിശ്വാസികളുമാക്കി വേർതിരിച്ചത്, പിതാവ് മകനോടും മകൻ പിതാവിനോടും യുദ്ധം ചെയ്തത്, പുനരുത്ഥാനവും വിചാരണയും ശിക്ഷാരക്ഷയും നിശ്ചയിച്ചത്, സ്വർഗ്ഗനരകങ്ങൾ സംവിധാനിച്ചത് എല്ലാമെല്ലാം ഈ സൂക്തത്തിന്റെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചാണ്.

നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.

എന്താണ് ഇബാദത്ത്? ഇസ്‌ലാമിലെ സവിശേഷമായ ഒരു സാങ്കേതിക ശബ്ദം എന്ന നിലയിൽ ഇബാദത്തിന് കൃത്യമായ ഒരു പരിഭാഷ നൽകുക സാധ്യമല്ല. പക്ഷെ, എന്താണ് ഇബാദത്തിന്റെ ശർഇയ്യായ വിവക്ഷ എന്ന് വിശദീകരിക്കാൻ കഴിയും. അത്തരം ഒരു വിശദീകരണത്തിൽനിന്ന് കാര്യം ഗ്രഹിക്കുകയും, ഇബാദത്ത് എന്ന സംജ്ഞയെ ലിപ്യന്തരണം ചെയ്‌ത് അതേപടി ഉപയോഗിക്കുകയും ചെയ്യുക എന്നതായിരിക്കും കൂടുതൽ ഉചിതം. എന്നാൽ ആരാധന എന്ന പദം ഇബാദത്തിനുള്ള സാമാന്യ പരിഭാഷയായി പൊതുവെ ഉപയോഗിക്കാറുണ്ട് എന്ന കാര്യം വിസ്‌മരിക്കുന്നില്ല.

• ഇബാദത്തിന് നൽകപ്പെട്ട നിർവ്വചനങ്ങൾ പരിശോധിക്കുക. പരമമായ താഴ്‌മയും വിനയവും (أَقْصَى غَايَةِ الخُضُوعِ والتَذَلُّلِ). അതാണ് ഇബാദത്ത് എന്നാണ് പലരും പറഞ്ഞിട്ടുള്ളത്. എന്നാൽ അത് ഇബാദത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു.

• പരമമായ ഈ താഴ്‌മയും വിനയവും ഉടലെടുക്കുന്നത് എങ്ങനെയാണ്? അങ്ങേയറ്റത്തെ പ്രതീക്ഷയിൽനിന്നും ഭയപ്പാടിൽനിന്നും (الخوف والرجاء) ആണ്. എല്ലാ അർത്ഥങ്ങളിലും മുഴുവൻ തലങ്ങളിലുമുള്ള പ്രതീക്ഷയും ഭയപ്പാടും. അറ്റമില്ലാത്ത പ്രതീക്ഷ! അതിരില്ലാത്ത ഭയപ്പാട്!! എന്റെ എല്ലാ ആഗ്രഹങ്ങളും ഒരുവൻ സഫലീകരിക്കുമെന്ന ഉറച്ച പ്രതീക്ഷ. തന്റെ ഭാഗത്തുനിന്ന് സംഭവിക്കുന്ന തെറ്റുകുറ്റങ്ങൾ നിരീക്ഷിക്കപ്പെടാതെ, വിസ്‌തരിക്കപ്പെടാതെ വിട്ടുകളയില്ല എന്ന അങ്ങേയറ്റത്തെ ഭയപ്പാട്. അവ രണ്ടിൽനിന്നുമാണ് പരമമായ താഴ്‌മയും വിനയവും ഉടലെടുക്കുന്നത്.

• മുകളിൽ പറഞ്ഞ പ്രകാരം ഒരുവനോട് അങ്ങേയറ്റത്തെ പ്രതീക്ഷയും ഭയപ്പാടും തോന്നുന്നുവെങ്കിൽ അതിനാണ് 'തഅ്ളീം' (تَعْظِيم) അഥവാ ആരാധനാ മനോഭാവം എന്നു പറയുന്നത്. تَعْظِيم ൽനിന്ന് ഉടലെടുക്കുന്ന പരമമായ താഴ്‌മയും വിനയവുമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അതുമാത്രം ഇബാദത്ത് ആയിത്തീരുമോ? ഇല്ലെന്നതാണ് യാഥാർത്ഥ്യം.

• അതിലേക്ക് അങ്ങേയറ്റത്തെ സ്‌നേഹം (الْمَحَبَّةُ) കൂടി ചേരേണ്ടതുണ്ട്. അത് അപരിമേയമായ സ്‌നേഹം തന്നെയായിരിക്കണം. അങ്ങനെയുള്ള സ്‌നേഹം മറ്റാരുമായി പങ്കുവെക്കാനും പാടില്ല. സ്‌നേഹമുക്തമായ താഴ്‌മയും വിനയവും ഇബാദത്തല്ല. അങ്ങേയറ്റത്തെ താഴ്‌മയും വണക്കവും ഇല്ലാത്ത സ്‌നേഹം മാത്രം, അതും ഇബാദത്താവില്ല. ഇവിടെ പറയുന്ന താഴ്‌മ, വിനയം, പ്രതീക്ഷ, ഭയപ്പാട്, സ്‌നേഹം എന്നിവയെല്ലാം അറ്റമില്ലാത്തതും അപരിമേയവുമായിരിക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

• ഒരുവനോട് അങ്ങേയറ്റത്തെ പ്രതീക്ഷയും ഭയപ്പാടും തോന്നുന്നു. അതുകൊണ്ട് അവന് تَعْظِيم കൽപിക്കുന്നു. ആ تَعْظِيم നും അപ്പുറം, അവന്റെ ഉന്നതമായ ഗുണങ്ങൾ മുൻനിർത്തി അവനോട് അപരിമേയമായ സ്‌നേഹം കാണിക്കുന്നു. ഈ മാനസികാവസ്ഥയിൽ അവന്റെ മുന്നിൽ പ്രകടിപ്പിക്കുന്ന അങ്ങേയറ്റത്തെ താഴ്‌മയും വണക്കവുമാണ് ഇബാദത്ത്.

• ഇബാദത്ത് അല്ലാഹു സ്വീകരിക്കുന്നത് ആകണമെങ്കിൽ അത് അവൻ നിർദ്ദേശിച്ചതും, അവൻ നിയോഗിച്ച ദൂതന്മാർ പഠിപ്പിച്ച രൂപത്തിലുമായിരിക്കണം.

നിരവധി ഖുർആൻ സൂക്തങ്ങളിലും, സ്ഥിരപ്പെട്ട നബിവചനങ്ങളിലും, മുൻഗാമികളായ ഇമാമുകളുടെയും പണ്ഡിതന്മാരുടെയും വിവരണങ്ങളിലും ഇബാദത്തിനെ കുറിച്ച് സവിശദം പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളുടെ ആകത്തുകയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വിസ്‌താരഭയത്താൽ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നില്ല.

ഇബ്‌നു തൈമിയ്യഃ ﵀ പറയുന്നു: فإن العبادة متضمنة لكمال الحب مع كمال الذل وهذا حقيقة دين إبراهيم الخليل عليه السلام إمام الحنفاء [ابن تيمية في الصفدية] [ഇബാദത്തിന്റെ ഉള്ളടക്കം പരിപൂർണ്ണമായ താഴ്‌മയോടുകൂടിയ അങ്ങേയറ്റത്തെ സ്‌നേഹമാണ്. ഇതാണ് മുവഹ്ഹിദുകളുടെ ഇമാമായ ഖലീലുല്ലാഹി ഇബ്‌റാഹീം ﵇ കൊണ്ടുവന്ന ദീനിന്റെ യാഥാർത്ഥ്യം.] (ഇബ്‌നു തൈമിയ്യഃ, സ്വഫദിയ്യഃയിൽ രേഖപ്പെടുത്തിയത്)

അദ്ദേഹം തന്നെ തുടരുന്നു: الْعِبَادَة هِيَ اسْم جَامع لكل مَا يُحِبهُ الله ويرضاه من الْأَقْوَال والأعمال الْبَاطِنَة وَالظَّاهِرَة. [ابن تيمية في العبودية] [അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്‌തിപ്പെടുകയും ചെയ്യുന്ന, പ്രത്യക്ഷവും പരോക്ഷവുമായ എല്ലാവിധ വാക്കുകളെയും പ്രവർത്തനങ്ങളെയും സമഗ്രമായി ഉൾക്കൊള്ളുന്ന നാമമാണ് ഇബാദത്ത്.] (ഇബ്‌നു തൈമിയ്യഃ, ഉബൂദിയ്യഃയിൽ രേഖപ്പെടുത്തിയത്)

സ്വമദിയ്യത്ത് കൽപിച്ചുകൊണ്ടും, ഇലാഹാണെന്ന വിശ്വാസത്തോടെയും ചെയ്യുന്ന അങ്ങേയറ്റത്തെ വണക്കമാണ് ഇബാദത്ത് എന്നതാണ് ഖുബൂരികളായ 'സുന്നത്ത് ജമാഅത്തി'ന്റെ പക്ഷം. അവർ പറയുന്ന സ്വമദിയ്യത്തിന്റെ വിവക്ഷ സ്വയംഭൂ ആയിരിക്കുക, സ്വന്തമായ കഴിവുകളുള്ളവനായിരിക്കുക, മറ്റാരെയും ആശ്രയിക്കാതിരിക്കുക എന്നൊക്കെയാണ്. ഇങ്ങനെയുള്ളവനാണെന്ന് കരുതാതെ ഒരുത്തനു മുന്നിൽ നിങ്ങൾ എന്ത് ചെയ്‌താലും അത് ഇബാദത്താവില്ലെന്നാണ് അവരുടെ വാദം. മാത്രമല്ല, അവൻ ഇലാഹാണെന്ന് വിശ്വസിക്കുകയും വേണം. ഈ രണ്ടു നിബന്ധനകളും പൂർത്തീകരിച്ചുകൊണ്ട് അല്ലാഹുവിന് പങ്കാളികളെ നിശ്ചയിച്ച മുശ്‌രിക്കുകൾ ചരിത്രത്തിൽ ഏറെയൊന്നും ഉണ്ടായിരിക്കാനിടയില്ല!

ഖുർആനിൽ മുശ്‌രിക്കുകൾ എന്ന് അഭിസംബോധന ചെയ്യപ്പെട്ട, നബി ﷺ യും അനുചരന്മാരും ആയുധമേന്തി പടവെട്ടിയ, നരകാവകാശികളെന്ന് മുദ്രകുത്തിയ മക്കയിലെ മുശ്‌രിക്കുകൾ പോലും ഇങ്ങനെ വിശ്വസിക്കുന്നവരായിരുന്നില്ല. അവരുടെ വിഗ്രഹങ്ങൾ സ്വയംഭൂവാണെന്നോ സ്വന്തമായി കഴിവുകളുള്ള പൂർണ്ണ നിരാശ്രയരാണെന്നോ അവർ വിശ്വസിച്ചിരുന്നില്ല. അവരെ കുറിച്ച്, തങ്ങൾക്കു വേണ്ടി അല്ലാഹുവിങ്കൽ ശിപാർശ പറയുന്നവരും, തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവരുമാണെന്ന് മാത്രമേ അവർ വിശ്വസിച്ചിരുന്നുള്ളു. ഇക്കാര്യം യൂനുസ് 18-ാം സൂക്തത്തിലും, അസ്സുമർ 3-ാം സൂക്തത്തിലും അല്ലാഹു അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാത്രമല്ല, അന്തരാള കാലത്ത് ഹജ്ജിന്റെ വേളയിൽ അവർ ചൊല്ലാറുണ്ടായിരുന്ന തൽബിയത്തിന്റെ വാക്കുകൾ ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അവർ തൽബിയത്ത് ചൊല്ലാറുണ്ടായിരുന്നത് ഇപ്രകാരമായിരുന്നു: "അല്ലാഹുവേ! നിനക്ക് നീ നിശ്ചയിച്ച പങ്കാളിയല്ലാതെ മറ്റൊരു പങ്കാളിയുമില്ല. ആ പങ്കാളിയും അവൻ അധീനപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും നിന്റെ ഉടമസ്ഥതയിലാണ് ". ഖുബൂരികളായ 'സുന്നത്ത് ജമാഅത്തി'ന്റെ നിർവ്വചന പ്രകാരം മക്കാ മുശ്‌രിക്കുകൾ പോലും മുവഹ്ഹിദുകളായിത്തീരും!!

സ്വമദിയ്യത്ത് കൽപിക്കുക, ഇലാഹാണെന്ന് വിശ്വസിക്കുക പോലുള്ള നിബന്ധനകൾ ചേർത്ത് ഇബാദത്തിനെ നിർവ്വചിക്കുന്നത് 'സുന്നത്തുജമാഅത്തുകാർ' ചെയ്‌തുകൊണ്ടിരിക്കുന്ന ശിർക്കൻ ദുരാചാരങ്ങളെ വെള്ളപൂശാൻ വേണ്ടിയാണ്. ഇത്തരം തട്ടിക്കൂട്ട് നിർവ്വചനങ്ങൾ ഖുർആൻ സൂക്തങ്ങളുമായോ സ്ഥിരപ്പെട്ട നബിവചനങ്ങളുമായോ യോജിക്കുന്നില്ല. മാതൃകായോഗ്യരായ മുൻഗാമികളുടെ വിവരണങ്ങളിലൊന്നും ഇങ്ങനെയൊരു നിർവ്വചനം കാണാനും കഴിയില്ല.

അതേപോലെ, അഭൗതികമായ മാർഗ്ഗത്തിൽ ഗുണം പ്രതീക്ഷിച്ചുകൊണ്ടോ ദോഷം ഭയന്നു കൊണ്ടോ ചെയ്യുന്ന ഏതൊരു പ്രവർത്തനവും ഇബാദത്താണ് എന്നതാണ് ഇസ്വ്‌ലാഹികളുടെ പക്ഷം. ഇബാദത്തിന്റെ നിർവ്വചനത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട പരമമായ സ്‌നേഹം ഇതിൽനിന്ന് ചോർന്നു പോയിരിക്കുന്നു. മാത്രമല്ല, ഈ നിർവ്വചനം ഉണ്ടാക്കിയവർ വിഷയത്തിന്റെ കാതലായ عِبَادَةُ اللهِ അഥവാ അല്ലാഹുവിനുള്ള ആരാധന എന്ന അടിസ്ഥാന ആശയം തന്നെ വിസ്‌മരിച്ചിരിക്കുന്നു. വ്യാജ ദൈവങ്ങൾക്കുള്ള ആരാധനയെയും ശിർക്കിനെയും അളക്കാനുള്ള ഒരു സമവാക്യം രചിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്.

ഇബാദത്തിന് ആരാധന, അടിമവേല, അനുസരണം എന്നിങ്ങനെ മൂന്ന് അർത്ഥങ്ങളുണ്ടെന്നും അവ തനിച്ചോ ഒന്നിച്ചോ ഉദ്ദേശിക്കാവതാണെന്നുമാണ് മൗദൂദിയൻ പരിഭാഷകളുടെ പക്ഷം. ഇസ്‌ലാമിന്റെ മൗലികമായ അധ്യാപനങ്ങളുമായോ അറബിഭാഷാതത്വങ്ങളുമായോ ഒരു നിലക്കും യോജിക്കാത്ത ഈ വ്യാഖ്യാനം തൗഹീദിനകത്ത് മതരാഷ്‌ട്രവാദം ഉൾപ്പെടുത്താനുള്ള അഭിനവ ഖവാരിജുകളുടെ നിരർത്ഥകമായ ഒരു ബൗദ്ധിക വ്യായാമം മാത്രമാണ്. അഭീഷ്ടങ്ങൾ പിന്തുടരുകയും പ്രമാണവാക്യങ്ങളെ അതിനനുസൃതമായി ദുർവ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണല്ലോ ഖവാരിജുകളുടെ രീതി. ഹാകിമിയ്യത്തുല്ലാഹ് എന്ന ഓമനപ്പേരിൽ കടുത്ത ഖുറൂജ് (خُرُوج) മുസ്‌ലിംകളുടെ മതബോധത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമമാണിത്. അതിനെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതും പൂർണ്ണാർത്ഥത്തിൽ തള്ളിക്കളയേണ്ടതുമാണ്.

അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക എന്നതാണ് മനുഷ്യന്റെ ജീവിതലക്ഷ്യം. അല്ലാഹുവിനെ മാത്രമായി ആരാധിക്കാനല്ലാതെ ജിന്നുവർഗ്ഗത്തെയും മനുഷ്യവർഗ്ഗത്തെയും അവൻ സൃഷ്ടിച്ചിട്ടില്ല. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ٥٦ مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ ٥٧ إِنَّ اللهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ٥٨﴾ (الذاريات) [ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. അവരില്‍ നിന്ന് ഞാൻ ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ശക്തിയുള്ളവനും പ്രബലനുമായ വിഭവദാതാവ്.] (ദാരിയാത്ത് 56-58)

മറ്റെല്ലാ ലൗകിക വ്യാപാരങ്ങളും കഴിഞ്ഞ് സമയം കിട്ടിയെങ്കിൽ, മനസ്സുവന്നെങ്കിൽ അല്ലാഹുവിന് അൽപം ഇബാദത്തും ചെയ്‌തുകളയാം എന്ന മനോഭാവം മുകളിൽ ഉദ്ധരിച്ച സൂക്തം നിർദ്ദേശിക്കുന്ന അടിസ്ഥാന ആശയവുമായി നിരക്കുന്നതല്ല. അല്ലാഹുവിന് മാത്രമായി ഇബാദത്ത് ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യവും ദൗത്യവും. അതിനു കുറവുവരാതെ ജീവിതത്തെ ക്രമപ്പെടുത്തുക എന്നതാണ് ഒരു അടിയന്റെ പ്രാഥമികമായ കടമ. അതിനു സഹായകരമായിട്ടുള്ള മറ്റു കാര്യങ്ങൾ അഭികാമ്യം തന്നെ. എന്നാൽ ഇബാദത്തിനു സഹായകരമല്ലാത്തതോ അതിൽനിന്ന് നമ്മെ വ്യതിചലിപ്പിക്കുന്നതോ ആയ കാര്യങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടതാണ്. ഈ മൗലിക യാഥാർത്ഥ്യം ഉൾക്കൊണ്ടു കൊണ്ട് നമ്മുടെ മുഴുവൻ ചലനങ്ങളെയും ജീവിത വ്യവഹാരങ്ങളെയും ക്രമീകരിക്കേണ്ടതാണ്.

അല്ലാഹുവിന് ഇബാദത്ത് ചെയ്യുമ്പോൾ മാത്രമേ ഒരു അടിയന് മനഃസമാധാനം കൈവരികയുള്ളു. ഇബാദത്തിന്റെ പൊരുൾ ശരിയായ വിധത്തിൽ ഉൾക്കൊണ്ട വ്യക്തിക്ക് ഇബാദത്തിലൂടെ കൈവരുന്ന ഒരു പരമാനന്ദമുണ്ട്. അത് അനുഭവിക്കാനല്ലാതെ പറഞ്ഞറിയിക്കാൻ കഴിയില്ല. തന്റെ സ്രഷ്ടാവിനെ അറിയുക, അവന്റെ സാമീപ്യം നേടുക, അന്യചിന്തകളേതുമില്ലാതെ അവനുമായി തനിച്ചാവുക, അവനുമായി സ്വകാര്യ ഭാഷണത്തിൽ ഏർപ്പെടുക, അവന്റെ മുന്നിൽ മനസ്സു തുറക്കുക, ഭാരങ്ങളെല്ലാം ഇറക്കിവെക്കുക. എല്ലാം അവനിൽ ഭരമേൽപിക്കുക, അവന്റെ കാരുണ്യത്തിലും ഔദാര്യത്തിലും തികഞ്ഞ പ്രതീക്ഷ പുലർത്തുക, അവന്റെ വിചാരണയും ന്യായവിധിയും ശിക്ഷാ രക്ഷകളുമോർത്ത് ഹൃദയം വിഹ്വലമാവുക, അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും പഠിക്കുക, അവയുടെ പൂർണ്ണതയും സൗന്ദര്യവും അറിയുക, അപ്പോൾ അവനോടുണ്ടാകുന്ന സ്‌നേഹത്തിൽ അലിയുക, അവന്റെ കാരുണ്യവും ഔദാര്യവും ഓർക്കുക, അവക്ക് കഴിയാവുന്ന മാർഗ്ഗങ്ങളിലെല്ലാം തൃപ്‌തിവരുവോളം നന്ദി പ്രകാശിപ്പിക്കുക. അവന്റെ സ്‌നേഹവും കാരുണ്യവും നേടാനുള്ള തേട്ടത്തിലും കർമ്മത്തിലും മുഴുകുക. അതാണു സഫലമായ ജീവിതം. അതാണ് ജീവിതത്തിലെ പരമാനന്ദം.

ഇബാദത്തിന്റെ പൊരുൾ അറിയാത്തവർക്ക് അതൊരു ഭാര മാണ്; കടംതീർക്കലാണ്. ഉബൂദിയ്യത്തിന്റെ യാഥാർത്ഥ്യം അറിയുന്നവർക്കാണെങ്കിൽ ഇബാദത്താണ് യഥാർത്ഥമായ ജീവിതാനുഭവം. ഈ അനുഭവമൂല്യത്തെ കുറിച്ച് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ പറയുന്നത് കാണുക: ولهذا فرضت عليهم قراءتها في كل صلاة دون غيرها من السور ولم ينزل في التوراة، ولا في الإنجيل، ولا في الزبور، ولا في القرآن مثلها، فإن فيها: ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ٥﴾ (الفاتحة) فالمؤمن يرى أن عمله لله؛ لأنه إياه يعبد، وأنه بالله؛ لأنه إياه يستعين، [ابن تيمية في الحسنة والسيئة] [അതുകൊണ്ടാണ് എല്ലാ നമസ്‌കാരങ്ങളിലും ഫാതിഹഃ പാരായണം ചെയ്യൽ നിർബ്ബന്ധമാക്കിയത്; മറ്റു സൂറത്തുകളുടെ കാര്യത്തിലില്ലാത്ത ഒരു നിർബന്ധം. തൗറാത്തിലോ ഇഞ്ചീലിലോ സബൂറിലോ ഖുർആനിൽ തന്നെയോ ഇതിനു തുല്യമായ മറ്റൊന്ന് അവതരിച്ചിട്ടില്ല. കാരണം അതിലാണ് ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ എന്ന സൂക്തമുള്ളത്. ഒരു വിശ്വാസിയുടെ വിഭാവനയനുസരിച്ച് അവന്റെ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിനുള്ളതാണ്. കാരണം അവൻ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്, അവനെ മാത്രം. അവൻ നിലനിൽക്കുന്നത് അല്ലാഹുവിനെക്കൊണ്ട് മാത്രമാണ്. കാരണം, അവൻ സഹായം തേടുന്നത് അല്ലാഹുവിനോടാണ്, അവനോട് മാത്രം.] (ഇബ്‌നു തൈമിയ്യഃ, അൽഹസനഃ വസ്സയ്യിഅഃയിൽ രേഖപ്പെടുത്തിയത്)

ഇബാദത്ത് പോലെ, ഈ സൂക്തത്തിൽ പരാമർശിക്കപ്പെട്ട സുപ്രധാനമായ മറ്റൊരു വിഷയമാണ് اسْتِعَانَةٌ (സഹായാർത്ഥന). വിവിധ ഖുർആൻ പരിഭാഷകളിൽ ഇതു സംബന്ധമായി നൽകപ്പെട്ടിട്ടുള്ളത് സത്യാസത്യങ്ങൾ കൂട്ടിക്കുഴച്ച വിവരണങ്ങളാണ്. അതിനാൽ സഹായാർത്ഥനയുടെ (اسْتِعَانَةٌ) ശരിയായ വിവക്ഷ എന്താണെന്നു നോക്കാം.

എല്ലാ കാര്യങ്ങളും നിവർത്തിച്ചു തരുന്നവൻ അല്ലാഹുവാണ്. ഇഹലോകത്തും പരലോകത്തും കാര്യങ്ങൾ നിവർത്തിച്ചു കൊടുക്കാൻ അവനു ചില നടപടിക്രമങ്ങളുണ്ട്. കാരണങ്ങളിലൂടെയാണ് അവൻ കാര്യങ്ങൾ നിവർത്തിക്കുന്നത്. കാരണങ്ങളും കാര്യങ്ങളും എല്ലാം അവന്റെ സൃഷ്ടികളാണ്. കാരണങ്ങൾ കാര്യങ്ങളെ സൃഷ്ടിക്കുന്നില്ല. കാര്യങ്ങളുടെ നിയന്ത്രണം പൂർണ്ണമായും അല്ലാഹുവിന്റെ കൈയിലാണ്. കാര്യങ്ങൾ നിവർത്തിക്കാനുള്ള കാരണങ്ങൾ നിശ്ചയിക്കുന്നതും അവ തമ്മിൽ ബന്ധിപ്പിക്കുന്നതും അല്ലാഹു മാത്രമാണ്. കാരണങ്ങൾക്ക് ഉപകരണപരമായ ധർമ്മം മാത്രമേയുള്ളു. കാര്യങ്ങളുടെ മേൽ ഉടമസ്ഥതയോ നിയന്ത്രണമോ ഇല്ല.

അല്ലാഹുവിന് മാത്രമേ കാര്യം സാധിപ്പിച്ചു തരാൻ കഴിയൂ. കാര്യസാധ്യത്തിനായി നാം തിരിയേണ്ടത് അവന്റെ അടുക്കലേക്ക് മാത്രമാണ്. നമ്മുടെ കണ്ണും മനസ്സും അവനിലേക്കു മാത്രം തിരിക്കണം. അവനോട് മാത്രം ചോദിക്കണം. കാര്യസാധ്യത്തിന് അവൻ നിശ്ചയിച്ച കാരണങ്ങൾ നമുക്ക് അറിയിച്ചു തന്നിട്ടുണ്ടെങ്കിൽ ആ കാരണം പൂർത്തീകരിക്കണം. കാരണങ്ങളെ കാരണങ്ങളായി മാത്രമേ കാണാവൂ. കാരണങ്ങൾ കാര്യങ്ങളെ സൃഷ്ടിക്കുന്നില്ല. ആത്യന്തികമായി കാര്യം സാധിപ്പിക്കുന്നുമില്ല. ഒരു കാര്യം സാധിക്കാൻ നാം ചെയ്യേണ്ടത് അല്ലാഹുവിനോട് ചോദിക്കുക, ആ കാര്യം സാധിക്കുന്നതിന് അല്ലാഹു നിശ്ചയിച്ച കാരണം നമുക്ക് അറിയിച്ചു തന്നിട്ടുണ്ടെങ്കിൽ, അത് പൂർത്തീകരിക്കുക എന്നതാണ്. കാരണങ്ങളെ കേവല നിമിത്തങ്ങളായിട്ടു മാത്രമേ കാണാൻ പാടുള്ളു. അവയിലേക്ക് കണ്ണും മനസ്സും തിരിയുകയും അവയിൽ കാര്യങ്ങൾ ഭരമേൽപിക്കുകയും അവയോട് തേടുകയും ചെയ്യുക എന്നത് നിമിത്തങ്ങളെ അല്ലാഹുവിൽ പങ്കുചേർക്കലാണ്. അതു ശിർക്കാണ്.

നാം തേടുന്ന കാര്യം ഭൗതികമോ അഭൗതികമോ ആവട്ടെ, കാര്യകാരണ ബന്ധങ്ങൾക്ക് അധീനമോ അതീതമോ ആവട്ടെ, സൃഷ്ടികളുടെ കഴിവിൽപെട്ടതോ അല്ലാത്തതോ ആവട്ടെ, അതു സാധിപ്പിച്ചു തരുന്നവൻ അല്ലാഹു മാത്രമാണ്. അതിനാൽ അവനോട് മാത്രമേ സഹായം ചോദിക്കാവൂ. കാരണങ്ങൾക്കും നിമിത്തങ്ങൾക്കും ഉപകരണപരമായ ധർമ്മം മാത്രമേയുള്ളു. അതിൽ കവിഞ്ഞ ഒരു സ്ഥാനവും അവക്ക് നൽകാവതല്ല. അവയിലേക്ക് മനസ്സ് തിരിയാനും പാടില്ല.

ഉദാഹരണമായി, രോഗശാന്തി തേടുന്ന ഒരു വ്യക്തി അല്ലാഹുവിനോടാണ് ശമനം തേടേണ്ടത്. ഡോക്‌ടറും മരുന്നും അതിനുള്ള കാരണം മാത്രമാണ്. രോഗശമനത്തിന് അല്ലാഹു നിശ്ചയിച്ച കാരണം എന്ന നിലക്ക് ഡോക്‌ടറെ കാണിച്ച് മരുന്നു കഴിക്കുക എന്ന നടപടി രോഗി പൂർത്തീകരിക്കേണ്ടതാണ്. ഡോക്‌ടറോട് ശമനം തേടാനോ മരുന്നിനെ ആശ്രയമായി കാണാനോ പാടില്ല. കാര്യം സാധിച്ചാൽ ആത്യന്തികവും അപരിമേയവുമായ നന്ദി (الشُكْرُ الْخَالِصُ) കാണിക്കേണ്ടത് അല്ലാഹുവിനോടാണ്. അതിനു കാരണക്കാരായി അല്ലാഹു നിശ്ചയിച്ച സൃഷ്ടികളോട് അല്ലാഹു കൽപിച്ച തരത്തിലുള്ള നന്ദിയോ പ്രത്യുപകാരമോ ചെയ്യേണ്ടതാണ്. എന്നാൽ ഡോക്‌ടറാണ് ശമനം നൽകുന്നത് എന്ന് വിശ്വസിക്കാനും കാര്യസാഫല്യത്തിനായി ഡോക്‌ടറിലേക്കോ മരുന്നിലേക്കോ മനസ്സുതിരിക്കാനും പാടില്ല. ശമനം ലഭിച്ചില്ലെങ്കിൽ കാരണങ്ങളെ പഴിക്കുന്നതും ശരിയല്ല. അനുഗ്രഹങ്ങൾ അവയുടെ സ്രഷ്ടാവും ദാതാവുമായ അല്ലാഹുവിലേക്ക് ചേർത്തു പറയണം. കാരണങ്ങളിലേക്കല്ല ചേർത്തു പറയേണ്ടത്. അനുഗ്രഹം ലഭിച്ചില്ലെങ്കിൽ കാരണങ്ങളെ പഴിക്കരുത്. തനിക്ക് അത് അല്ലാഹു വിധിച്ചിട്ടില്ലെന്നു കരുതുകയും അവന്റെ വിധിയിൽ തൃപ്‌തിയടഞ്ഞ് അവനെ സ്തുതിക്കുന്നതിനായി الْحَمْدُ لِلهِ عَلَى كُلِّ حَالٍ എന്നു പറയുകയും വേണം.

ഇതു സംബന്ധിച്ച് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ പറയുന്നത് കാണുക: فَلَيْسَ فِي الدُّنْيَا وَالْآخِرَةِ شَيْءٌ إلَّا بِسَبَبٍ، وَاللهُ خَالِقُ الْأَسْبَابِ وَالْمُسَبَّبَاتِ، وَلِهَذَا قَالَ بَعْضُهُمْ: الالْتِفَاتُ إلَى الْأَسْبَابِ شِرْكٌ فِي التَّوْحِيدِ وَمَحْوُ الْأَسْبَابِ أَنْ تَكُونَ أَسْبَابًا نَقْصٌ فِي الْعَقْلِ، وَالْإِعْرَاضُ عَنْ الْأَسْبَابِ بِالْكُلِّيَّةِ قَدْحٌ فِي الشَّرْعِ. [ابن تيمية في مجموع فتاويه] [കാരണം മുഖേനയല്ലാതെ ഇഹലോകത്തോ പരലോകത്തോ ഒരു കാര്യവും നടക്കുന്നില്ല. എന്നാൽ അല്ലാഹുവാണ് കാരണങ്ങളുടെയും കാര്യങ്ങളുടെയും വിധാതാവ്. അതുകൊണ്ടാണ് ചിലർ ഇപ്രകാരം പ്രസ്‌താവിച്ചിട്ടുള്ളത്: നിമിത്തങ്ങളിലേക്ക് തിരിയുന്നത് അല്ലാഹുവിന്റെ ഏകത്വത്തിൽ പങ്കുചേർക്കലാണ്. എന്നാൽ നിമിത്തങ്ങളെ നിമിത്തങ്ങൾ എന്ന സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത് ബുദ്ധിമോശമാണ്. കാരണങ്ങളിൽനിന്ന് മൊത്തമായി തിരിഞ്ഞുകളയുന്നത് ശർഇനെ അപവദിക്കലുമാണ്.] (ഇബ്‌നു തൈമിയ്യഃ, ഫതാവായിൽ രേഖപ്പെടുത്തിയത്)

അദ്ദേഹം തന്നെ തുടരുന്നു: لَكِن ينبوع الْخَيْر وَأَصله إخلاص العَبْد لرَبه عبَادَة واستعانة كَمَا فِي قَوْله اياك نعْبد واياك نستعين. [ابن تيمية، الزهد والورع والعبادة] [സർവ്വൈശ്വര്യങ്ങളുടെയും ഉറവിടവും അടിസ്ഥാനവും ഏകത്വമാണ്, അടിയൻ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം സഹായം തേടുകയും ചെയ്യുന്നതിലുള്ള ഏകത്വം. അല്ലാഹുവിന്റെ വചനം ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ എന്നതിലുള്ള കാര്യം അതാണ്.] (ഇബ്‌നു തൈമിയ്യഃ, സുഹ്‌ദിൽ രേഖപ്പെടുത്തിയത്)

ഒരു അടിയൻ അല്ലാഹുവിനോട് നടത്തുന്ന ഏറ്റവും വലിയ തേട്ടമാണ് ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾. അതിനെക്കാൾ വലിയ ദുആ വേറെയില്ല. തന്റെ കൈകളിൽ അല്ലാഹു ജീവിതം ഏൽപിച്ചിരിക്കുന്നത് ഇബാദത്തിനു വേണ്ടിയാണ്. ആ ഇബാദത്ത് മുടക്കം കൂടാതെയും, അല്ലാഹു തൃപ്‌തിപ്പെടുന്ന രൂപത്തിലും നിർവ്വഹിക്കാൻ കഴിയുക എന്നതാണ് തന്റെ ഏറ്റവും വലിയ ആവശ്യം. അതിനെക്കാൾ വലിയ ഒരാവശ്യവും മനുഷ്യനില്ല. ഇക്കാര്യം വിജയിച്ചാൽ എല്ലാം സഫലമായി. ഇതു വിജയിക്കാതെ മറ്റെന്തു ലഭിച്ചാലും താൻ ആത്യന്തികമായ പരാജയത്തിലാണ്. അതിനാൽ, ഇതിലൂടെ അവൻ തേടുന്നത് അല്ലാഹുവേ, നിനക്കു മാത്രമേ ഞാൻ ഇബാദത്ത് ചെയ്യുകയുള്ളു. അതാണ് എന്റെ ജീവിതം. അത് യഥാവിധം നിർവ്വഹിക്കാൻ ഞാൻ നിന്നോട് സഹായം തേടുന്നു, നിന്നോട് മാത്രം. ഈ ദുആയുടെ പൊരുളറിഞ്ഞ് ഹൃദയസാന്നിധ്യത്തോടെയാണ് ഒരാൾ പ്രാർത്ഥിക്കുന്നതെങ്കിൽ അത് അഹങ്കാരവും നാട്യവും ഇല്ലാതാക്കുകയും ചെയ്യും. ഇബ്‌നുൽ ഖയ്യിം ﵀ യുടെ വാക്കുകൾ ശ്രദ്ധിക്കുക: وقال شيخ الإسلام ابن تيمية -قدس الله روحه- : تأملت أنفع الدعاء فإذا هو سؤال العون على مرضاته، ثم رأيته في الفاتحة في ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾. [ابن القيم في مدارج السالكين بين منازل إياك نعبد وإياك نستعين] [ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ പറയുകയുണ്ടായി: ഏറ്റവും ഉപകാരപ്രദമായ ദുആ ഏത് എന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചു നോക്കി. അത് അല്ലാഹുവിന്റെ തൃപ്‌തി കരസ്ഥമാക്കാനുള്ള ദുആയാണ്. അതു ഞാൻ കണ്ടത് ഫാതിഹഃയിൽ ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ എന്നതിലാണ്.] (ഇബ്‌നുൽ ഖയ്യിം, മദാരിജുസ്സാലികീൻ)

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ പറയുന്നു: ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴿؛ فالعبادة إرادته، والاستعانة وسيلة إلى العبادة إرادة المقصود، وإرادة الاستعانة إرادة الوسيلة إلى المقصود، ولهذا قدّم قوله ﴾إِيَّاْكَ نَعْبُدُ﴾، وإن كانت لا تحصل إلا بالاستعانة. [ابن تيمية في النبوات] [നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം സഹായം ചോദിക്കുന്നു. ഇബാദത്താണ് അവന്റെ ലക്ഷ്യം. സഹായാർത്ഥന (اسْتِعَانَة) ഉദ്ദേശ്യലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമാണ്. സഹായാർത്ഥന കൊണ്ട് ഉദ്ദേശിക്കുന്നത് ആ മാർഗ്ഗം മുഖേന ലക്ഷ്യസാഫല്യം നേടലാണ്. അതുകൊണ്ടാണ് ﴿إِيَّاكَ نَعْبُدُ﴾ നിനക്കു മാത്രം ഇബാദത്ത് ചെയ്യുന്നു എന്ന വചനം ആദ്യം പറഞ്ഞത്; അത് സഹായാർത്ഥനയിലൂടെയല്ലാതെ കരസ്ഥമാക്കാൻ കഴിയില്ലെങ്കിലും.] (ഇബ്‌നു തൈമിയ്യഃ, അന്നുബുവ്വാത്തിൽ രേഖപ്പെടുത്തിയത്)

മഹാനായ സ്വഹാബിവര്യൻ മുആദ് ബിൻ ജബൽ ﵁ വിന് നബി ﷺ നൽകിയ ഒരു വസ്വിയ്യത്തുണ്ട്. ഈ സൂക്തത്തിന്റെ മറ്റൊരു പ്രയോഗരൂപമാണ് അതിന്റെ ഉള്ളടക്കം. عَنْ مُعَاذِ بْنِ جَبَلٍ، أَنَّ رَسُولَ اللهِ ﷺ أَخَذَ بِيَدِهِ، وَقَالَ: يَا مُعَاذُ، وَاللهِ إِنِّي لَأُحِبُّكَ، وَاللهِ إِنِّي لَأُحِبُّكَ، فَقَالَ: أُوصِيكَ يَا مُعَاذُ لَا تَدَعَنَّ فِي دُبُرِ كُلِّ صَلَاةٍ تَقُولُ: اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ، وَحُسْنِ عِبَادَتِكَ. [أبو داود في سننه وصححه الألباني] [മുആദ് ബിൻ ജബൽ ﵁ നിവേദനം. നബി ﷺ അദ്ദേഹത്തിന്റെ കൈപിടിച്ചിട്ട് പറഞ്ഞു:

മുആദ്! അല്ലാഹു തന്നെ സത്യം, തീർച്ചയായും ഞാൻ താങ്കളെ സ്‌നേഹിക്കുന്നു. അല്ലാഹു തന്നെ സത്യം, തീർച്ചയായും ഞാൻ താങ്കളെ സ്‌നേഹിക്കുന്നു.

എന്നിട്ട് അവിടുന്ന് പറഞ്ഞു: മുആദ് ! ഞാൻ താങ്കൾക്ക് വസ്വിയ്യത്ത് നൽകുന്നു, എല്ലാ നമസ്‌കാരത്തിന്റെയും ഒടുവിൽ ഇങ്ങനെ പ്രാർത്ഥിക്കാൻ താങ്കൾ ഒരിക്കലും വിട്ടുപോകരുത്:

അല്ലാഹുവേ! നിന്നെ സ്‌മരിക്കാനും നിന്നോട് നന്ദികാണിക്കാനും കുറ്റമറ്റ രൂപത്തിൽ നിനക്ക് ഇബാദത്ത് ചെയ്യാനും എനിക്ക് നീ സഹായം നൽകണേ.] (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

ഈ സൂക്തം നമസ്‌കാരങ്ങളിലെല്ലാം ആവർത്തിച്ച് പാരായണം ചെയ്യുന്ന ഒരു വിശ്വാസി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാർത്ഥനയാണ് നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുന്നത്. തന്റെ ഭാഗധേയം നിർണ്ണയിക്കാനുള്ള, ഇഹപര ജീവിതവിജയം നേടാനുള്ള പ്രാർത്ഥന! ഇത് മനസ്സാന്നിധ്യത്തോടെ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലാഹുവിന്റെ ഏകത്വം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിലും ആത്മസംസ്‌കൃതിയുടെ കാര്യത്തിലും അവൻ എത്ര ഉന്നതനായിരിക്കും എന്നു ചിന്തിച്ചു നോക്കുക. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ പറയുന്നത് കാണുക: وَكَثِيرًا مَا يَقْرِنُ النَّاسُ بَيْنَ الرِّيَاءِ وَالْعُجْبِ فَالرِّيَاءُ مِنْ بَابِ الْإِشْرَاكِ بِالْخَلْقِ وَالْعُجْبُ مِنْ بَابِ الْإِشْرَاكِ بِالنَّفْسِ وَهَذَا حَالُ الْمُسْتَكْبِرِ فَالْمُرَائِي لَا يُحَقِّقُ قَوْلَهُ ﴿إِيَّاكَ نَعْبُدُ﴿ وَالْمُعْجَبُ لَا يُحَقِّقُ قَوْلَهُ: ﴿وَإِيَّاكَ نَسْتَعِينُ﴾ فَمَنْ حَقَّقَ قَوْلَهُ: ﴿إِيَّاكَ نَعْبُدُ﴾ خَرَجَ عَن الرِّيَاءِ وَمَنْ حَقَّقَ قَوْلَهُ: ﴾وَإِيَّاكَ نَسْتَعِينُ﴾ خَرَجَ عَن الْإِعْجَابِ وَفِي الْحَدِيثِ الْمَعْرُوفِ: "ثَلَاثٌ مُهْلِكَاتٌ: شُحٌّ مُطَاعٌ، وَهَوًى مُتَّبَعٌ، وَإِعْجَابُ الْمَرْءِ بِنَفْسِهِ". [ابن تيمية في مجموع فتاويه] [മിക്കപ്പോഴും ജനങ്ങൾ നാട്യത്തെയും അഹന്തയെയും ചേർത്താണ് പറയാറുള്ളത്. നാട്യം (رِيَاءٌ) സൃഷ്ടികളെ പങ്കാളികളാക്കുക എന്ന ഇനത്തിലും, അഹന്ത സ്വന്തത്തെ പങ്കാളിയാക്കുക എന്ന ഇനത്തിലുമാണ് ഉൾപ്പെടുക. ഇവ ഒരു അഹങ്കാരിയുടെ അവസ്ഥയാണ്. നാട്യക്കാരൻ ﴿إِيَّاكَ نَعْبُدُ﴾ നിനക്കു മാത്രം ഇബാദത്ത് ചെയ്യുന്നു എന്ന വചനത്തെ സാക്ഷാൽകരിക്കുന്നില്ല. അഹംഭാവി ﴿وَإِيَّاكَ نَسْتَعِينُ﴾ നിന്നോടു മാത്രം സഹായം തേടുന്നു എന്ന വചനത്തെയും സാക്ഷാൽകരിക്കുന്നില്ല. ﴿إِيَّاكَ نَعْبُدُ﴾ എന്ന വചനത്തെ സാക്ഷാൽകരിച്ചവൻ നാട്യത്തിൽനിന്ന് രക്ഷപ്പെട്ടു. ﴿وَإِيَّاكَ نَسْتَعِينُ﴾ എന്ന വചനത്തെ സാക്ഷാൽകരിച്ചവൻ അഹന്തയിൽനിന്നും രക്ഷപ്പെട്ടു. പ്രശസ്‌തമായ ഒരു നബിവചനത്തിൽ ഇപ്രകാരം കാണാം: «മൂന്നു കാര്യങ്ങൾ വിനാശകരമാണ്: വിധേയത്വം കാണിക്കപ്പെടുന്ന സങ്കുചിതത്വം, പിന്തുടരപ്പെടുന്ന അഭീഷ്ടം, അഹത്തിന്റെ കാര്യത്തിൽ ഒരാൾ കാണിക്കുന്ന ഡംഭ്».] (ഇബ്‌നു തൈമിയ്യഃ, ഫതാവായിൽ രേഖപ്പെടുത്തിയത്)

ചുരുക്കത്തിൽ, സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധം നിർണ്ണയിക്കുന്ന, അല്ലാഹുവിനോട് മനുഷ്യൻ തന്റെ ഉടമ്പടി പുതുക്കുന്ന, തന്റെ ജീവിതലക്ഷ്യത്തെ കുറിച്ചുള്ള ബോധ്യം പുതുക്കുന്ന, അത് സാക്ഷാൽകരിക്കാൻ അല്ലാഹുവിനോട് സഹായം തേടുന്ന, ജീവിതത്തിന് അർത്ഥവും വെളിച്ചവും നൽകുന്ന മഹത്തായ സൂക്തം. അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ ഇതുപോലൊരു സൂക്തം വേറെയില്ല. عَنْ أَبِي هُرَيْرَةَ ﵁ عَن النَّبِيِّ ﷺ فإنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: قَالَ اللهُ تَعَالَى: قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ: ﴿الْحَمْدُ لِلهِ رَبِّ الْعَالَمِينَ ٢﴿ (الفاتحة)، قَالَ اللهُ تَعَالَى: حَمِدَنِي عَبْدِي، وَإِذَا قَالَ: ﴿الرَّحْمَٰنِ الرَّحِيمِ ٣﴾ (الفاتحة)، قَالَ اللهُ تَعَالَى: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ: ﴿مَالِكِ يَوْمِ الدِّينِ ٤﴾ (الفاتحة)، قَالَ: مَجَّدَنِي عَبْدِي - وَقَالَ مَرَّةً فَوَّضَ إِلَيَّ عَبْدِي - فَإِذَا قَالَ: ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ٥﴾ (الفاتحة) قَالَ: هَذَا بَيْنِي وَبَيْنَ عَبْدِي، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ: ﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ٦ صِرَاطَ الَّذينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ٧﴾ (الفاتحة) قَالَ: هَٰذَا لِعَبْدِي وَلِعَبْدِي مَا سَأَلَ. [مسلم في صحيحه] അബൂഹുറെയ്റഃ ﵁ നിവേദനം. നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:

അല്ലാഹു പറയുന്നു: നമസ്‌കാരം എനിക്കും എന്റെ അടിയനും ഇടയിൽ രണ്ടായി ഞാൻ പകുത്തിരിക്കുന്നു. എന്റെ അടിയൻ എന്തു ചോദിക്കുന്നുവോ അത് അവനുണ്ടായിരിക്കും. അടിയൻ പറയുന്നു: الْحَمْدُ لِلهِ رَبِّ الْعَالَمِينَ അല്ലാഹു പ്രതിവചിക്കുന്നു: എന്റെ അടിയൻ എന്നെ സ്‌തുതിച്ചിരിക്കുന്നു അടിയൻ പറയുന്നു: الرَّحْمَٰنِ الرَّحِيمِ അല്ലാഹു പ്രതിവചിക്കുന്നു: എന്റെ അടിയൻ എന്നെ പ്രകീർത്തിച്ചിരിക്കുന്നു. അടിയൻ പറയുന്നു: مَالِكِ يَوْمِ الدَِينِ അല്ലാഹു പ്രതിവചിക്കുന്നു: എന്റെ അടിയൻ എന്റെ പ്രതാപം വാഴ്‌ത്തിയിരിക്കുന്നു.

മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു: എന്റെ അടിയൻ എന്നെ ഏൽപിച്ചിരിക്കുന്നു. അടിയൻ പറയുന്നു: إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ അല്ലാഹു പ്രതിവചിക്കുന്നു: ഇതാണ് ഞാനും എന്റെ അടിയനും തമ്മിലുള്ളത്. എന്റെ അടിയൻ എന്ത് ചോദിക്കുന്നുവോ അത് അവനുള്ളതാണ്. അടിയൻ പറയുന്നു: صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ، غَيْرِ الْمَغْضُوبِ عَلَيْهِمْ، ولَا الضَّالِّينَ അല്ലാഹു പ്രതിവചിക്കുന്നു: ഇവയെല്ലാം എന്റെ അടിയാനുള്ളതാണ്. അവൻ ചോദിച്ചത് അവനുണ്ട്.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ ٦﴾

നീ ഞങ്ങളെ നേർവഴി നയിക്കേണമേ!

അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന, അവനോട് മാത്രം സഹായം തേടുന്ന അടിയാറുകൾക്ക് ഏറ്റവും ആവശ്യം, അവനു സ്വീകാര്യവും തൃപ്‌തികരവുമായ കാര്യങ്ങൾ ഏതാണെന്ന് മനസ്സി ലാക്കലാണ്. അതിനുള്ള വഴിതേടുകയാണ് ഈ സൂക്തത്തിലൂടെ. മുൻ സൂക്തത്തിനോടൊപ്പം അവൻ കേഴുകയാണ്: ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾ നീ ഞങ്ങളെ നേർവഴി നയിക്കേണമേ!

ഹിദായത്ത് (هَدَى، يَهْدِي، هُدَى، هِدَايَةٌ) എന്നതിന്റെ വിവക്ഷ നേർവഴി കാണിക്കുക എന്നതാണ്. അല്ലാഹുവിലേക്കുള്ള, അവന്റെ തൃപ്‌തിയിലേക്കുള്ള, സ്വർഗ്ഗത്തിലേക്കുള്ള, അവിടെ വെച്ച് അവന്റെ തിരുമുഖം ദർശിക്കുന്നതിലേക്കുള്ള നേർവഴിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ആദമിനെയും ഹവ്വാഇനെയും ﵉ ഭൂലോകത്തേക്ക് ഇറക്കിവിട്ടപ്പോൾ നൽകിയ വാഗ്‌ദാനമാണ് അവൻ തന്നെ നേർവഴി കാണിക്കാമെന്നത്. ആ നേർവഴി പിന്തുടരുന്നവർക്ക് ഭയപ്പെടാനൊന്നുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

ഇവിടെ പറയുന്ന ഹിദായത്ത് തന്നെ രണ്ടു തരമുണ്ട്.

ഒന്ന്: ഏതാണ് നേർവഴി എന്ന് അറിയിച്ചു കൊടുക്കലും വിവരിച്ചു കൊടുക്കലും (هِدَايَةُ الْبَيَانِ).

രണ്ട്: നേർവഴി സ്വീകരിക്കാനും പിന്തുടരാനുമുള്ള തൗഫീഖും ഉതവിയും നൽകൽ (هِدَايَةُ التَوْفِيقِ).

ആദ്യത്തേത്, അല്ലാഹു നിയോഗിക്കുന്ന ദൂതന്മാരിലൂടെയും, അവൻ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൂടെയുമാണ് സാധിപ്പിക്കുന്നത്. രണ്ടാമത്തേത്, ജീവിതത്തോട് ഓരോ വ്യക്തിയും കൈക്കൊള്ളുന്ന സമീപനത്തിന്റെയും, തന്നെ ഏൽപിച്ചിരിക്കുന്ന അമാനത്ത് കൈകാര്യം ചെയ്യുന്ന രീതിയുടെയും, തനിക്ക് നൽകിയിരിക്കുന്ന ഇഛാസ്വാതന്ത്ര്യവും വരണാധികാരവും വിനിയോഗിക്കുന്ന പ്രകാരത്തിന്റെയും അടിസ്ഥാനത്തിൽ അല്ലാഹു നൽകുന്ന സവിശേഷമായ ദാനമാണ്. അല്ലാഹു പൂർണ്ണ നീതിമാനാണ്. അടിയാറുകളോട് അൽപം പോലും അനീതി കാണിക്കാത്തവൻ!

മുഹമ്മദ് നബി ﷺ യെ നിയോഗിക്കുകയും ഖുർആൻ അവതരിപ്പിക്കുകയും ചെയ്തതോടെ ലോകാവസാനം വരെയുള്ള ജനപദങ്ങൾക്കെല്ലാം ആവശ്യമായ ഹിദായത്ത് പൂർണ്ണമായും വിവരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി, അല്ലാഹുവിലേക്കുള്ള നേർവഴി മുഹമ്മദ് നബി ﷺ കാണിച്ചു തരുന്നത് മാത്രമായിരിക്കും.

നേർവഴി ഏകമായിരിക്കും. അതിൽ ബഹുത്വം സാധ്യമല്ല. രണ്ടു ബിന്ദുക്കൾക്കിടയിൽ ഒരു നേർരേഖ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അതിനാൽ മുഹമ്മദ് നബി ﷺ കാണിച്ചുതരുന്ന വഴി യല്ലാതെ മറ്റു വഴികളെല്ലാം അടക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് സാരം. അതു നാം തിരിച്ചറിയുക.

നീ ഞങ്ങളെ നേർവഴി നയിക്കേണമേ എന്ന് ദുആ ചെയ്യുമ്പോൾ അതിലൂടെ അംഗീകരിക്കപ്പെടുന്നത് മുഹമ്മദ് നബി ﷺ യുടെ രിസാലത്തും, ഖുർആൻ അല്ലാഹുവിന്റെ ഗ്രന്ഥവും വചനവുമാണെന്ന യാഥാർത്ഥ്യവുമാണ്.

വഴിതെറ്റിയ ഞങ്ങൾക്ക് നിന്റെ നേർവഴി ഏതാണെന്ന് നീ കാണിച്ചുതരേണമേ. ആ വഴിയിലേക്ക് തിരിച്ചുവരാനും ആ വഴിയിൽ അനുവർത്തിക്കേണ്ട കാര്യങ്ങളെല്ലാം അസന്ദിഗ്‌ധമായും വിശദമായും ഉൾക്കൊണ്ട് മുന്നേറാനും, ആ വഴിയിലായിരിക്കെ ഗുണകരമായ അവസ്ഥയിൽ ജീവിതം പര്യവസാനിക്കാനുമുള്ള തൗഫീഖ് നൽകേണമേ. നിന്റെ നേർവഴിയിലേക്ക് എത്തിക്കുക, അതിൽ യഥാവിധം തുടരാൻ അനുഗ്രഹിക്കുക, ജീവിതപര്യവസാനം ആ നേർവഴിയിലായിരിക്കെ സംഭവിക്കുക ഈ മൂന്നു കാര്യങ്ങളും നീ ഞങ്ങളെ നേർവഴി നയിക്കേണമേ എന്ന ദുആയിൽ ഉൾപ്പെട്ടിട്ടുണ്ട്.

സ്വിറാത് (صِرَاطٌ), എന്നാൽ മാർഗ്ഗം, വഴി, പാത എന്നെല്ലാമാണ് ഭാഷാർത്ഥം. സബീൽ, ജാദ്ദഃ, സുന്നഃ, മിൻഹാജ്, മൻഹജ്, ത്വരീഖ്, മഹജ്ജഃ പോലുള്ള പദങ്ങളും ഏതാണ്ട് ഈ അർത്ഥത്തിൽ തന്നെയാണ് അറബിയിൽ പ്രയോഗിച്ചുവരുന്നത്.

ഇവിടുത്തെ വിവക്ഷ, മനുഷ്യൻ ആത്യന്തികമായ ജീവിത വിജയം നേടുന്നതിന് അല്ലാഹു നിർണ്ണയിച്ചു കൊടുത്ത, നബി ﷺ കാണിച്ചുതന്ന, സ്വഹാബത്തും സച്ചരിതരായ മറ്റു സലഫുകളും പിന്തുടർന്ന മാർഗ്ഗം എന്നാണ്, ഇതിനെ കുറിച്ച് കൃത്യമായ പ്രമാണരേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇബ്‌നുൽ ഖയ്യിം ﵀ നൽകിയിട്ടുള്ള ഒരു വിവരണമുണ്ട്. وَقَالَ ابْنُ مَسْعُودٍ خَطَّ لَنَا رَسُولُ اللهِ ﷺ خَطًّا، وَقَالَ: هَذَا سَبِيلُ اللهِ، ثُمَّ خَطَّ خُطُوطًا عَنْ يَمِينِهِ وَعَنْ يَسَارِهِ، وَقَالَ: هَذِهِ سُبُلٌ، عَلَى كُلِّ سَبِيلٍ شَيْطَانٌ يَدْعُو إِلَيْهِ، ثُمَّ قَرَأَ قَوْلَهُ تَعَالَى: ﴿وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَٰلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ ١٥٣﴿ (الأنعام)، وَهَذَا لِأَنَّ الطَّرِيقَ الْمُوَصِّلَ إِلَى اللهِ وَاحِدٌ، وَهُوَ مَا بَعَثَ بِهِ رُسُلَهُ وَأَنْزَلَ بِهِ كُتُبَهُ، لَا يَصِلُ إِلَيْهِ أَحَدٌ إِلَّا مِنْ هَذِهِ الطَّرِيقِ، وَلَوْ أَتَى النَّاسُ مِنْ كُلِّ طَرِيقٍ، وَاسْتَفْتَحُوا مِنْ كُلِّ بَابٍ، فَالطُّرُقُ عَلَيْهِمْ مَسْدُودَةٌ، وَالْأَبْوَابُ عَلَيْهِمْ مُغَلَّقَةٌ إِلَّا مِنْ هَذَا الطَّرِيقِ الْوَاحِدِ، فَإِنَّهُ مُتَّصِلٌ بِاللهِ مُوَصِّلٌ إِلَى اللهِ قَالَ اللهُ تَعَالَى ﴾هَٰذَا صِرَاطٌ عَلَيَّ مُسْتَقِيمٌ ٤١﴾ (الحجر). [ابن القيم في مدارج السالكين] [ഇബ്‌നു മസ്ഊദ് ﵁ പറയുന്നു: നബി ﷺ ഞങ്ങളെ ഒരു നേർരേഖ വരച്ചു കാണിച്ചു. എന്നിട്ട് പറഞ്ഞു: ഇതാണ് അല്ലാഹുവിന്റെ വഴി. പിന്നീട് അതിന്റെ വലതും ഇടതും കുറേ വളഞ്ഞ രേഖകൾ വരച്ചു. എന്നിട്ട് പറഞ്ഞു: ഇവയാണ് പിഴച്ച വഴികൾ. ഓരോ വഴിയുടെയും മുഖത്ത് അതിലേക്ക് വിളിക്കാനായി ഓരോ പിശാചുമുണ്ട്. പിന്നീട് അവിടുന്ന് പാരായണം ചെയ്‌തു: «ഇതാണ് എന്റെ നേരായ വഴി. നിങ്ങൾ അത് പിന്തുടരുക. മറ്റു വഴികൾ പിന്തുടരരുത്‌. അവയൊക്കെ അവന്റെ മാർഗ്ഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്‌മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്കു നൽ‍കിയ വസ്വിയ്യത്താണിത്‌». (അൻആം 153) ഇത്, അല്ലാഹുവിലേക്ക് എത്തിക്കുന്ന വഴി ഒന്നു മാത്രമായതിനാലാണ്. അതുമായിട്ടാണ് അല്ലാഹു നബിമാരെ നിയോഗിച്ചതും ഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും. ഈ വഴിയിലൂടെയല്ലാതെ ആർക്കും അവനിലേക്ക് എത്താൻ കഴിയില്ല. ജനങ്ങൾ മുഴുവൻ വഴികളും താണ്ടിയാലും, എല്ലാ കവാടങ്ങളും മുട്ടിയാലും, ഏകമായ ഈ വഴിയല്ലാത്ത, മറ്റെല്ലാ വഴികളും അവരുടെ മുമ്പിൽ അടഞ്ഞിരിക്കും. ആ കവാടങ്ങളെല്ലാം അവരുടെ മുന്നിൽ കൊട്ടിയടക്കപ്പെട്ടിരിക്കും. ഈ വഴി മാത്രം അല്ലാഹുവുമായി ബന്ധിക്കപ്പെട്ടതാണ്, അതു മാത്രം അല്ലാഹുവിലേക്ക് എത്തിക്കുന്നതാണ്. അല്ലാഹു പറയുന്നു: «അവൻ പറഞ്ഞു: എന്നിലേക്കുള്ള നേർവഴിയാകുന്നു ഇത്». (ഹിജ്ർ 41)] (ഇബ്‌നുൽ ഖയ്യിം, മദാരിജുസ്സാലികീൻ)

അല്ലാഹുവേ! നിന്നിലേക്ക് എത്തിക്കുന്ന, അനുഗൃഹീതമായ നിന്റെ വിജയ വീഥിയിലേക്ക് നീ ഞങ്ങളെ നയിക്കേണമേ. ആ വഴിയിൽനിന്നു തെറ്റാതെ അതിൽ തന്നെ തുടരാൻ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ. ആ വഴിയിലായിരിക്കെ ജീവിതം ഗുണകരമായി പര്യവസാനിക്കാനുള്ള തൗഫീഖ് ഞങ്ങൾക്കു നീ നൽകേണമേ.

﴿صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّآلِّينَ ٧﴾

നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ; കോപത്തിന് ഇരയായവരുടെ മാർഗ്ഗത്തിലല്ല, പിഴച്ചു പോയവരുടെ മാർഗ്ഗത്തിലുമല്ല.

അല്ലാഹുവിന്റെ നേരായ വഴിയിൽ മുമ്പേ പോയവരും കൂടെയുള്ളവരും ആരാണ്? നേരിന്റെ വഴിയിൽനിന്ന് വ്യതിചലിച്ചവർ ആരൊക്കെ? അവർ വ്യതിചലിച്ചത് ഏതെല്ലാം അടിസ്ഥാനങ്ങളിലാണ്? ഇക്കാര്യങ്ങൾ പ്രായോഗികമായി വ്യക്തത വരുത്തുന്നതും സത്യാസത്യങ്ങൾ അസന്ദിഗ്‌ധമായി വേർതിരിച്ച് വിശദീകരിക്കുന്നതുമാണ് ഈ സൂക്തം.

അതായത്, നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍; നിന്റെ കോപത്തിന് ഇരയായവരുടെ മാര്‍ഗത്തിലല്ല; പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

ആരാണ് അല്ലാഹു അനുഗ്രഹിച്ചവർ? ഖുർആനിലെ ചില വചനങ്ങൾ മറ്റു ചില വചനങ്ങൾക്ക് വിശദീകരണമായിത്തീരാറുണ്ട്. അങ്ങനെയുള്ള ഒരു സൂക്തം ഉദ്ധരിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. ﴿وَمَنْ يُطِعِ اللهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَٰئِكَ رَفِيقًا ٦٩﴾ (النساء) [ആര്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ച നബിമാര്‍, സാത്വികർ, ശുഹദാക്കൾ, സച്ചരിതർ എന്നിവരുടെ കൂടെയായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!] (നിസാഅ് 69)

എന്നാൽ, അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് വിധേയരായവർ ആരാണെന്നും വഴിപിഴച്ചവർ ആരാണെന്നും നബി ﷺ തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് ഇപ്രകാരം വായിക്കാം: عَنْ عَدِيِّ بْنِ حَاتِمٍ، عَنِ النَّبِيِّ ﷺ قَالَ: اليَهُودُ مَغْضُوبٌ عَلَيْهِمْ وَالنَّصَارَى ضُلَّالٌ. [الترمذي في سننه وصححه الألباني] [അദിയ്യ് ബിൻ ഹാതിം ﵁ നിവേദനം. നബി ﷺ പറയുന്നു: ജൂതന്മാരാണ് കോപത്തിന് വിധേയരായവർ. ക്രൈസ്‌തവർ വഴിപിഴച്ചവരും.] (തിർമുദി സുനനിൽ ഉദ്ധരിച്ചത്)

ഉപരിസൂചിത വിശദീകരണത്തിന് ചരിത്രപരവും പ്രായോഗികവുമായ തലങ്ങളുണ്ട്. എന്നാൽ അത് നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്നത് എങ്ങനെ എന്നുകൂടി പരിശോധിക്കാതെ ഈ വിവരണം പൂർണ്ണമാവില്ല. അത് സച്ചരിതരായ മുൻഗാമികൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇബ്‌നു തൈമിയ്യഃ ﵀ പറയുന്നു: قَالَ سُفْيَان بن عُيَيْنَة كَانُوا يَقُولُونَ من فسد من الْعلمَاء فَفِيهِ شبه من الْيَهُود وَمن فسد من الْعباد فَفِيهِ شبه من النَّصَارَى. [ابن تيمية في الاستقامة] [സുഫ്‌യാൻ ബിൻ ഉയെയ്‌നഃ ﵀ പറയുന്നു: സച്ചരിതരായ മുൻഗാമികൾ പറയാറുണ്ടായിരുന്നു, പണ്ഡിതന്മാർ ദുഷിച്ചാൽ അവരുടെ സാമ്യം ജൂതന്മാരോടാണ്. സാധാരണക്കാർ ദുഷിച്ചാൽ അവരുടെ സാമ്യം ക്രൈസ്‌തവരോടുമാണ്.] (ഇബ്‌നു തൈമിയ്യഃ, ഇസ്‌തിഖാമഃയിൽ ഉദ്ധരിച്ചത്)

ഈ ഉപമയുടെ സാധർമ്യം വിശകലനം ചെയ്യുന്നത് കാര്യങ്ങൾ വ്യവഛേദിച്ചു മനസ്സിലാക്കാൻ ഉപകരിക്കും. ഇബ്‌നു തൈമിയ്യഃ ﵀ തന്നെ പറയുന്നു: فإنَّ اليهودَ عرفوا الحق وما عملوا به فالعالمُ الفاجر فيه شَبَه منهم والنصارى عبدوا الله بغير علم فالعابد الجاهل فيه شَبَه منهم. [ابن تيمية في الرد على الشاذلي] [കാരണം ജൂതന്മാർ സത്യം മനസ്സിലാക്കിയിട്ടും അതനുസരിച്ച് പ്രവർത്തിച്ചില്ല. അതിനാലാണ് അധർമ്മകാരിയായ ഒരു പണ്ഡിതന് അവരുമായി സാദൃശ്യമുണ്ടാകുന്നത്. ക്രൈസ്‌തവർ അല്ലാഹുവിനെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെയാണ് ആരാധിച്ചത്. അതിനാലാണ് വിവരമില്ലാതെ ആരാധന ചെയ്യുന്നവന് അവരുമായി സാദൃശ്യമുണ്ടാകുന്നതും.] (ഇബ്‌നു തൈമിയ്യഃ, അർ റദ്ദു അലശ്ശാദുലിയിൽ രേഖപ്പെടുത്തിയത്)

അല്ലാഹുവേ! ഞങ്ങളെയും നീ നബിമാരുടെ, സ്വിദ്ദീഖുകളുടെ, ശുഹദാക്കളുടെ, സജ്ജനങ്ങളുടെ വൃന്ദത്തിലായി, നേരിന്റെ വഴിയിൽ നേരെ നയിക്കേണമേ.