Skip to the text
Quran Vivaranam

107 sections in book mode

Quran explanation

അൻആം,الْأَنْعَامُസൂക്തം 158

Vol. 2 Page 1034

﴿هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انتَظِرُوا إِنَّا مُنتَظِرُونَ ١٥٨﴾

തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്റെ റബ്ബ് തന്നെ വരുന്നതോ, നിന്റെ റബ്ബിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവര്‍ കാത്തിരിക്കുന്നത്‌? നിന്റെ റബ്ബിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്മയും ചെയ്‌ത് വെക്കുകയോ ചെയ്‌തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല. പറയുക: നിങ്ങള്‍ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്‌. (158)

[അല്ലാഹുവിനെയും, മലക്കുകളെയും ഈ ജീവിതത്തിൽ വെച്ച് അവർക്കു കാണുവാൻ സാധിക്കുന്ന കാര്യമല്ലാത്തതു കൊണ്ട് അവരതിനെപ്പറ്റി മറുപടി പറയേണ്ടുന്ന ആവശ്യമില്ല.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1058-1059)

വിശുദ്ധ ഖുർആൻ വിവരണത്തിൽ പറഞ്ഞ മേൽ പരാമർശം സൂക്ഷ്മമല്ല. അല്ലാഹുവിനെ ഈ ജീവിതത്തിൽ കാണുക സാധ്യമല്ല. പക്ഷെ, മലക്കുകളെ ഈ ജീവിതത്തിൽ കാണുക സാധ്യമാണു താനും. മുൻകാലങ്ങളിലും നബി ﷺയുടെ കാലത്തും മലക്കുകൾ മറ്റുള്ളവരുടെ രൂപത്തിൽ മനുഷ്യരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടിരുന്ന നിരവധി സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, നബി ﷺയുടെ കാലത്ത് ചോദ്യോത്തര രൂപത്തിൽ ദീൻ പഠിപ്പിക്കാനായി ജിബ്‌രീൽ ﵇ വന്ന സംഭവം ഏറെ സുവിദിതമാണല്ലോ. അതേ പോലെ, ഇബ്റാഹീം ﵇യുടെ കാലത്ത് അദ്ദേഹത്തിന് സന്താന സൗഭാഗ്യം കൈവരാൻ പോകുന്നു എന്ന സുവിശേഷം അറിയിക്കാനും ലൂത്വ് ﵇ന്റെ ജനതയെ നശിപ്പിക്കാനുമായി മലക്കുകൾ വന്ന സംഭവവും പ്രസിദ്ധമാണ്.

അപ്രകാരം തന്നെ, നബിമാർക്ക് മലക്കുകളെ അവരുടെ തനതുരൂപത്തിൽ കാണാൻ കഴിയും എന്നതിനു തെളിവുണ്ട്. നബി ﷺ ജിബ്‌രീൽ ﵇നെ തനതു രൂപത്തിൽ രണ്ടു തവണ കണ്ടിട്ടുണ്ട്. (ഒന്ന്) വഹ്‌യിന്റെ ആദ്യനാളുകളിൽ മക്കയിലെ ജിയാദിൽ വെച്ച്. (രണ്ട്) ഇസ്റാഇന്റെ വേളയിൽ സിദ്റതുൽ മുൻതഹായുടെ അരികിൽ വെച്ച്. അല്ലാഹു പറയുന്നു: ﴿وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ ٢٣﴾ (التكوير) [തീർച്ചയായും ജിബ്‌രീൽ എന്ന ദൂതനെ അവിടുന്ന് പ്രത്യക്ഷമായ ചക്രവാളത്തിൽ വെച്ച് കണ്ടിട്ടുണ്ട്.] (തക്‌വീർ 23) ﴿وَلَقَدْ رَآهُ نَزْلَةً أُخْرَىٰ ١٣﴾ (النجم) [മറ്റൊരു ഇറക്കത്തിലും അവിടുന്ന് ജിബ്‌രീലിനെ കണ്ടിട്ടുണ്ട്.] (നജ്‌മ് 13)

ജിബ്‌രീൽ ﵇ന്റെ തനതു രൂപം അവിടുന്ന് വർണ്ണിച്ചത് ഹദീസുകളിലുണ്ട്.

عَنْ مَسْرُوقٍ؛ قَالَ: كُنْتُ مُتَّكِئًا عِنْدَ عَائِشَةَ، فَقَالَت: يَا أَبَا عَائِشَةَ! ثَلَاثٌ مَنْ تَكَلَّمَ بِوَاحِدَةٍ مِنْهُنَّ فَقَدْ أَعْظَمَ عَلَى اللَّهِ الْفِرْيَةَ، قُلْتُ: مَا هُنَّ؟ قَالَتْ: مَنْ زَعَمَ أَنَّ مُحَمَّدًا ﷺ رَأَى رَبَّهُ فَقَدْ أَعْظَمَ عَلَى اللَّهِ الْفِرْيَةَ، قَالَ: وَكُنْتُ مُتَّكِئًا فَجَلَسْتُ، فَقُلْتُ: يَا أُمَّ الْمُؤْمِنِينَ! أَنْظِرِينِي وَلَا تَعْجَلِينِي، أَلَمْ يَقُلِ اللَّهُ عَزَّ وَجَلَّ: ﴿وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ ٢٣﴿ (التكوير) ﴾وَلَقَدْ رَآهُ نَزْلَةً أُخْرَىٰ ١٣﴾ (النجم) فَقَالَتْ: أَنَا أَوَّلُ هَذِهِ الأُمَّةِ سَأَلَ عَنْ ذَلِكَ رَسُولَ اللَّهِ ﷺ، فَقَالَ: إِنَّمَا هُوَ جِبْرِيلُ، لَمْ أَرَهُ عَلَى صُورَتِهِ الَّتِي خُلِقَ عَلَيْهَا غَيْرَ هَاتَيْنِ الْمَرَّتَيْنِ، رَأَيْتُهُ مُنْهَبِطًا مِنَ السَّمَاءِ، سَادًّا عِظَمُ خَلْقِهِ ما بين السماء إلى الأرض... [مُسْلِمٌ فِي صَحِيحِهِ]

[മസ്റൂഖ് ﵀ നിവേദനം. അദ്ദേഹം പറയുന്നു: ഞാൻ ആയിശഃ ﵂ യുടെ അടുത്ത് ചാരിയിരിക്കുകയായിരുന്നു.

അപ്പോൾ അവർ പറഞ്ഞു: അബൂ ആയിശഃ, മൂന്ന് കാര്യങ്ങൾ! അവയിൽ ഒരെണ്ണമെങ്കിലും ആരെങ്കിലും വാദിച്ചാൽ അയാൾ അല്ലാഹുവിനെ കുറിച്ച് വലിയ കള്ളമായിരിക്കും ചമക്കുന്നത്.

ഞാൻ ചോദിച്ചു: ഏതാണ് ആ കാര്യങ്ങൾ?

അവർ പറഞ്ഞു: മുഹമ്മദ് തന്റെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് ആരെങ്കിലും വാദിച്ചാൽ അവൻ അല്ലാഹുവിനെ കുറിച്ച് വലിയ കള്ളം ചമച്ചിരിക്കുന്നു.

അദ്ദേഹം പറയുന്നു: ചാരിയിരിക്കുകയായിരുന്ന ഞാൻ എഴുന്നേറ്റിരുന്നു. എന്നിട്ട് പറഞ്ഞു: അല്ലയോ ഉമ്മുൽ മുഅ്മിനീൻ! നിങ്ങൾ എന്നോട് സാവകാശം കാണിക്കൂ. നിങ്ങൾ എന്നോട് ധിറുതിപ്പെടാതിരിക്കൂ. അല്ലാഹു പറഞ്ഞിട്ടില്ലേ, «അവിടുന്ന് അവനെ പ്രത്യക്ഷമായ ചക്രവാളത്തിൽ വെച്ച് കണ്ടിട്ടുണ്ട്» (തക്‌വീർ 23) എന്ന്? «അവിടുന്ന് അവനെ മറ്റൊരു ഇറക്കത്തിലും കണ്ടിട്ടുണ്ട്» (നജ്‌മ് 13) എന്ന്?

അവർ പറഞ്ഞു: ഈ സമുദായത്തിൽനിന്നും ആദ്യമായി അതിനെ കുറിച്ച് നബി ﷺയോട് ചോദിച്ചത് ഞാനാണ്. അപ്പോൾ അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്: അത് ജിബ്‌രീൽ മാത്രമാണ്. ഈ രണ്ടു സന്ദർഭങ്ങളിലല്ലാതെ ജിബ്‌രീലീനെ അല്ലാഹു സൃഷ്ടിച്ച തനതു രൂപത്തിൽ ഞാൻ കണ്ടിട്ടില്ല. ആകാശത്തിൽ നിന്ന് ഇറങ്ങിവരുന്നതായി ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടിപ്പിന്റെ വലിപ്പം മൂലം ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള സ്ഥലം നിറഞ്ഞ് മുട്ടിനിൽക്കുന്നു...] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

സ്ഥിരപ്പെട്ട ചില ഹദീസുകളിൽ ജിബ്‌രീൽ ﵇ന് അറുനൂറ് ചിറകുകളുണ്ടെന്നും കാണാം.

ഇവ്വിഷയകമായി ഒരു പഠിതാവിന് ലഭിക്കേണ്ട ഇത്തരം അടിസ്ഥാന ധാരണകൾ പോലും വിശുദ്ധ ഖുർആൻ വിവരണത്തിൽ പരാമർശിക്കുന്നില്ല. പ്രതിപാദിച്ച കാര്യങ്ങൾ തന്നെ സൂക്ഷ്‌മവുമല്ല.