Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നഹ്ൽ,النَّحْلُസൂക്തം 60

Vol. 2 Page 1222

﴿لِلَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ مَثَلُ السَّوْءِ ۖ وَﷲِ الْمَثَلُ الْأَعْلَىٰ ۚ وَهُوَ الْعَزِيزُ الْحَكِيمُ ٦٠﴾

പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുള്ളത് ഹീനമായ വിശേഷണങ്ങളാണ്. അല്ലാഹുവിന് മാത്രമാണ് അത്യുന്നതമായ ഗുണവിശേഷങ്ങളുള്ളത്. അവന്‍ അജയ്യനായ പ്രതാപിയും ജ്ഞാനിയായ അധികാരസ്ഥനുമാകുന്നു. (60)

വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ പരിഭാഷയും വ്യാഖ്യാനവും കാണുക:

[പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കത്രെ ദുഷിച്ച ഉപമ (ഉള്ളത്). അല്ലാഹുവിന്നാകുന്നു അത്യുന്നതമായ ഉപമ (ഉള്ളത്). അവനത്രെ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 3/1737)

[പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ സ്ഥിതിഗതികള്‍ വിവരിക്കുമ്പോള്‍, ദുഷിച്ചതും മോശകരവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും വിവരിക്കുവാന്‍ ഉണ്ടായിരിക്കുക. അല്ലാഹുവിനെ കുറിച്ച് പറയുമ്പോഴാകട്ടെ അത്യുന്നതവും അത്യുല്‍കൃഷ്ടവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക എന്നു സാരം.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 3/1737)

ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. അവയുടെ വിവക്ഷ അല്ലാഹുവിൽ നിന്നാണ് മുഹമ്മദ് നബി ﷺക്ക് ലഭിച്ചത്. അവിടുന്ന് അനുചരന്മാർക്കത് പൂർണ്ണമായും സത്യസന്ധമായും കൈമാറി. അവർ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്തത് എന്താണോ അതാണ് ഖുർആനിക വചനങ്ങളുടെ ആധികാരികമായ അർത്ഥവും വ്യാഖ്യാനവും. ഖുർആൻ പഠനങ്ങളിലും വിവരണങ്ങളിലും മറക്കാനോ അവഗണിക്കാനോ പാടില്ലാത്ത അടിസ്ഥാന തത്ത്വമാണിത്. ഖുർആൻ പരിഭാഷപ്പെടുത്തുന്നവർ ഈ അടിസ്ഥാന യാഥാർത്ഥ്യം മറക്കുകയോ അവഗണിക്കുകയോ ചെയ്‌താൽ അവരുടെ പരിഭാഷകളിൽനിന്ന് മതപരമായ വൈജ്ഞാനിക മൂല്യങ്ങൾ ചോർന്നു പോകും. അത് കേവലം ഭാഷാപരമായ ഒരു അഭ്യാസമായി അധഃപതിക്കും. വിശുദ്ധ ഖുർആൻ വിവരണത്തിൽ നിന്ന് മുകളിൽ എടുത്തു കൊടുത്ത പരിഭാഷയും വ്യാഖ്യാനവും ഈ വസ്തുതക്ക് അടിവരയിടുന്നതാണ്.

ഖുർആൻ സൂക്തങ്ങൾ കൃത്യമായി ഇതര ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക അസാധ്യമാണ്. അവ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ ഭാഷാന്തരീകരണം മാത്രമാണ് സാധിക്കുക; അതു തന്നെ അവയുടെ ഏതാനും തലങ്ങളിലും അടരുകളിലും ഒതുങ്ങുകയും ചെയ്യും. അവയുടെ ദ്വിതീയമായ അർത്ഥ തലങ്ങളും ധ്വനി വിശേഷങ്ങളും പൂർണ്ണമായി വിവർത്തനം ചെയ്യുന്നതു പോകട്ടെ, അറബിയിലേക്കു തന്നെ അവയെ മാറ്റിയെഴുതാൻ കഴിയില്ല എന്നതാണ് സത്യം. അതിനു പുറമെ, മൂലഭാഷയായ അറബിയും വിവർത്തനം ചെയ്യപ്പെടുന്ന ഭാഷയും തമ്മിലുള്ള ഭാഷാശാസ്‌ത്രപരമായ പൊരുത്തക്കേടുകൾ ഉയർത്തുന്ന പ്രശ്‌നങ്ങൾ വേറെയുണ്ട്. ശബ്ദം, അർത്ഥം, വാക്യഘടന, അർത്ഥവിജ്ഞാനം, വ്യാകരണം, അലങ്കാരം പോലുള്ള ഭാഷാശാസ്‌ത്രപരമായ കാര്യങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്‌തില്ലെങ്കിൽ മൂലവാക്യങ്ങളും പരിഭാഷയും തമ്മിൽ അജഗജാന്തരം വ്യത്യാസപ്പെട്ടിരിക്കും. അത് വായനക്കാരിൽ ഒന്നുകിൽ ആശയക്കുഴപ്പമോ അല്ലെങ്കിൽ തെറ്റിദ്ധാരണയോ സൃഷ്ടിക്കാനിടവരും.

മേൽ സൂക്തത്തിന്റെ പരിഭാഷയിലും വ്യാഖ്യാനത്തിലും സംഭവിച്ച ഇത്തരത്തിലുള്ള ചില അപാകങ്ങളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. അതിൽ വന്നിട്ടുള്ള (مَثَلٌ) എന്ന സംജ്ഞക്ക് ഉപമ എന്നാണല്ലോ പരിഭാഷ കൊടുത്തിരിക്കുന്നത്. അത് നിഘണ്ടു നോക്കി അർത്ഥം പകർത്തിയ പോലെ തോന്നുന്നു. പ്രസ്തുത പരിഭാഷ മൂലവാക്യം അറിയിക്കുന്ന അടിസ്ഥാന ആശയത്തെ പോലും വ്യക്തമാക്കാനുതകുന്നതല്ല. വ്യാഖ്യാനത്തിൽ ഇതേ കാര്യം ആവർത്തിക്കുകയും, 'സാദൃശ്യം' എന്ന അധിക വിശദീകരണത്തിലൂടെ സാക്ഷാൽ ഉപമ തന്നെയാണ് ഇവിടെ ഉദ്ദേശിച്ചതെന്ന് അടിവരയിടുകയുമാണ് ചെയ്‌തിരിക്കുന്നത്. ഈ അർത്ഥ കല്പനയും വ്യാഖ്യാനവും യഥാർത്ഥത്തിൽ ഖുർആനികാശയങ്ങളുടെ വിവർത്തനമല്ല, നിരാസമാണ് കുറിക്കുന്നത്.

ഉപമ എന്നത് ഒരു അർത്ഥാലങ്കാരമാണ്. ഒരു വസ്‌തുവിന് മറ്റൊന്നിനോട്ചമൽക്കാരകാരകമായ സാദൃശ്യം ചൊല്ലുന്നതിനാണ് ഉപമാലങ്കാരം എന്ന് പറയുന്നത്. ഉപമ ചെയ്യാൻ വേണ്ട ഉപമാനമോ സാധാരണധർമ്മമോ ഉപമാവാചകമോ ഒന്നും ഇവിടെ ചൂണ്ടിക്കാണിക്കാനാവില്ല. അവയിൽ ചിലതിനു ലോപം സംഭവിച്ചതാണ്, അതിനാൽ ഇതൊരു ലുപ്‌തോപമയാണ് എന്നു വെക്കാനും നിവൃത്തിയില്ല. ഉപമ എന്നതിന് അറബിയിൽ مَثَلٌ എന്ന് പ്രയോഗിക്കാറുണ്ട് എന്നതല്ലാതെ ഈ സന്ദർഭത്തിൽ ഉപമാലങ്കാരത്തിന് യാതൊരു സാംഗത്യവുമില്ല. ആകയാൽ ഒരു ശരാശരി മലയാള വായനക്കാരൻ ഈ പരിഭാഷയിലൂടെയും വ്യാഖ്യാനത്തിലൂടെയും കടന്നു പോകുമ്പോൾ കൂടുതൽ കൂടുതൽ ആശയക്കുഴപ്പത്തിലാകുകയേ ഉള്ളു.

مَثَلٌ എന്നതിന് ഇവിടെ ഉപമ എന്ന് അർത്ഥം കല്പിക്കുന്നതിലുള്ള അടിസ്ഥാന പ്രശ്‌നം ഭാഷാപരം മാത്രമല്ല; മതപരവും വിശ്വാസപരവുമാണ്. അല്ലാഹുവിനെ മറ്റൊന്നിനോടും ഉപമിക്കാനോ സാദൃശ്യപ്പെടുത്താനോ പാടില്ലെന്നുള്ളത് അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വത്തിന്റെ (تَوْحِيدُ الْأَسْمَاءِ وَالصِّفَاتِ) ഭാഗമാണ്. അല്ലാഹു പറയുന്നത് കാണുക: ﴿قُلْ هُوَ اللهُ أَحَدٌ •١ اللهُ الصَّمَدُ ٢• لَمْ يَلِدْ وَلَمْ يُولَدْ ٣• وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ٤﴾ (الإخلاص) [പ്രഖ്യാപിക്കുക: അവൻ അല്ലാഹു, ഏകനാണ്. അല്ലാഹു പൂർണ്ണ അനാശ്രിതനും, മറ്റെല്ലാം സദാ അവനെ ആശ്രയിച്ചുകൊണ്ടിരിക്കുന്നവനുമായ 'സ്വമദാണ് '. അവൻ ജനകനല്ല, ജാതനുമല്ല. അവനു സമശീർഷരായി ആരുമില്ല.] (ഇഖ്‌ലാസ്വ് 1-4) ﴿لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ١١﴾ (الشورى) [അവനു തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു.] (ശൂറാ 11) ﴿فَلَا تَضْرِبُوا ﷲِ الْأَمْثَالَ إنَّ اللهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ٧٤﴾ (النحل) [നിങ്ങൾ അല്ലാഹുവിന് തുല്യരെ ആരോപിക്കരുത്. നിശ്ചയമായും അല്ലാഹു അറിയുന്നവനും നിങ്ങൾ അറിയാത്തവരുമാണ്.] (നഹ്ൽ 74)

അപ്പോൾ വിശുദ്ധ ഖുർആൻ വിവരണത്തിലെ 'അല്ലാഹുവിനെ കുറിച്ച് പറയുമ്പോഴാകട്ടെ അത്യുന്നതവും അത്യുല്‍കൃഷ്ടവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക' എന്ന പരാമർശം ഒരു നിലയിലും സാധൂകരിക്കാനാവാത്തതാണ് - വിശ്വാസപരമായും ഭാഷാപരമായും.

എന്നാൽ മേൽ സൂക്തത്തിലെ مَثَلٌ എന്നതിന്റെ ശരിയായ അർത്ഥവും വിവക്ഷയും എന്താണ്? ഖുർആൻ വ്യാഖ്യാതാക്കളായ സ്വഹാബിമാരിൽനിന്ന് ഉദ്ധരിക്കപ്പെട്ടതും തഫ്‌സീറിന്റെ ഇമാമുകൾ രേഖപ്പെടുത്തിയിട്ടുള്ളതുമായ കാര്യം ഏറ്റവും സംക്ഷിപ്‌തമായി പറഞ്ഞിട്ടുള്ള ഒരു ഉദ്ധരണി താഴെ കൊടുക്കാം. അതിൽനിന്ന് വായനക്കാർക്ക് മേൽ വചനത്തിന്റെ വിവക്ഷ അയത്ന ലളിതമായി ഗ്രഹിക്കാൻ കഴിയും. ﴿للذين لا يؤمنون بالآخرة﴿ يعني لهؤلاء الذين يصفون لله البنات ولأنفسهم البنين ﴿مثل السوء﴾ صفة السوء من الاحتياج إلى الولد، وكراهية الإناث، وقتلهن خوف الفقر، ﴾ولله المثل الأعلى﴾ الصفة العليا، وهي التوحيد وأنه لا إله إلا هو، وقيل: جميع صفات الجلال والكمال، من العلم والقدرة والبقاء وغيرها من الصفات. [البغوي في معالم التنزيل] [«للذين لا يؤمنون بالآخرة - പരലോകത്തിൽ വിശ്വസിക്കാത്തവർക്കുള്ളത്» അഥവാ അല്ലാഹുവിന് പെൺകുട്ടികളും തങ്ങൾക്ക് ആൺകുട്ടികളും ഉണ്ടെന്ന് വിശേഷിപ്പിക്കുന്നവർക്കുള്ളത് «مثل السوء - ഹീനമായ വിശേഷണങ്ങളാണ്» അഥവാ ആൺകുട്ടികളോടുള്ള അത്യാശ്രയം, പെൺകുട്ടികളോടുള്ള വിദ്വേഷം, ദാരിദ്ര്യം ഭയന്ന് അവരെ കൊലപ്പെടുത്തൽ പോലുള്ള ഹീനമായ വിശേഷണങ്ങളാണവർക്കുള്ളത്.

«ولله المثل الأعلى - അല്ലാഹുവിന് മാത്രമാണ് അത്യുന്നതമായ ഗുണവിശേഷങ്ങളുള്ളത്» അതായത്, ഉന്നതമായ സ്വിഫത് (ഗുണവിശേഷം) അവനല്ലാതെ ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി ആരുമേയില്ല എന്ന തൗഹീദ് അവനു മാത്രമുള്ളതാണ്. അറിവ്, കഴിവ്, അമരനായിരിക്കൽ പോലുള്ള മഹത്വത്തിന്റെയും പൂർണ്ണതയുടെയും മുഴുവൻ ഗുണവിശേഷങ്ങളും അതിന്റെ വിവക്ഷയിൽ ഉൾപ്പെടും എന്നും പറയപ്പെട്ടിട്ടുണ്ട്.] (ബഗവി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

അധിക വായനക്കായി ഭാഷയും പരിഭാഷയും എന്ന ലേഖനം (പുറം 2/1271) കൂടി കാണുക.