Quran explanation
നഹ്ൽ,النَّحْلِസൂക്തം 50
Vol. 2 Page 1220
﴿يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ٥٠﴾
അവര്ക്ക് ഉപരിയിലുള്ള അവരുടെ റബ്ബിനെ അവര് ഭയപ്പെടുകയും, അവരോട് കല്പിക്കപ്പെടുന്നതെന്തും അവര് പ്രവര്ത്തിക്കുകയും ചെയ്യുന്നു. (50)
അല്ലാഹു സൃഷ്ടികൾക്കതീതനാണ്. സൃഷ്ടി പ്രപഞ്ചങ്ങൾക്കെല്ലാം മീതെ, അർശിനും ഉപരിയിലാണവൻ. എല്ലാ അർത്ഥത്തിലും തലങ്ങളിലും അല്ലാഹു ഉന്നതനാണെന്നും, അവൻ സൃഷ്ടികൾക്കെല്ലാം ഉപരിയിലാണെന്നുമുള്ള യാഥാർത്ഥ്യം ഖുർആനിലും സുന്നത്തിലുമായി ആയിരത്തിലധികം രേഖകളിൽ സ്ഥിരീകരിച്ചിരിക്കുന്നു. അത്തരം രേഖകളിൽ ഒന്നാണ് മുകളിൽ കൊടുത്ത നഹ്ലിലെ 50-ാം സൂക്തം. തന്റെ സ്രഷ്ടാവായ അല്ലാഹു എവിടെയാണെന്ന് അറിയാനുള്ള ഉൽക്കടമായ തൃഷ്ണയില്ലാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. അതിനുള്ള ഉത്തരം കൂടിയാണ് മേൽ സൂക്തം. അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസങ്ങളിൽ അവഗണിക്കാനാവാത്ത സ്ഥാനം ഇക്കാര്യത്തിനുണ്ടെന്നത് അനിഷേധ്യമായൊരു യഥാർത്ഥ്യമാണ്. സർവ്വ സാധാരണക്കാരിയായ ഒരു ഇടയപ്പെണ്ണിന്റെ വിശ്വാസം പരിശോധിക്കാൻ നബി ﷺ ചോദിച്ച രണ്ടു ചോദ്യങ്ങളിൽ ഒന്ന് 'എവിടെയാണ് അല്ലാഹു?' എന്നതായിരുന്നു.
അല്ലാഹു അവന്റെ സൃഷ്ടികൾക്കെല്ലാം മീതെ, അർശിനും ഉപരിയിലാണെന്ന സത്യം നിഷേധിക്കുന്ന പിഴച്ച കക്ഷികളുടെ വാലാണ് അശ്അരികളും അഖ്ലാനികളായ കേരളത്തിലെ ഇസ്വ്ലാഹികളും. അശ്അരികൾ ഇത്തരം സൂക്തങ്ങളെ അവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിക്കും. അതേ രീതി തന്നെയാണ് വിശുദ്ധ ഖുർആൻ വിവരണത്തിലും ആവർത്തിച്ചിരിക്കുന്നത്. താഴെ കൊടുക്കുന്ന ഭാഗം ശ്രദ്ധിക്കുക:
[അവർ തങ്ങളുടെ മീതെ (അധികാര ശക്തിയുള്ള) തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നു; തങ്ങളോടു കല്പിക്കപ്പെടുന്നതു (ഒക്കെയും) അവര് ചെയ്യുകയും ചെയ്യുന്നു.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 3/1732)
അല്ലാഹു നമ്മുടെ മീതെയുള്ളവനാകുന്നു, അവൻ സൃഷ്ടികൾക്ക് ഉപരിയിലാകുന്നു (عُلُوُّ اللهِ) എന്നത് അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യാത്ത അശ്അരികളും മുഅ്തസിലികളും ഇതു പോലുള്ള പ്രമാണവാക്യങ്ങളെ അധികാര ശക്തിയുള്ളവനെന്ന് ദുർവ്യാഖ്യാനിക്കുകയാണ് ചെയ്യാറുള്ളത്. അതു തന്നെ വിശുദ്ധ ഖുർആൻ വിവരണത്തിലും ആവർത്തിച്ചിരിക്കുന്നു. മഹാ കഷ്ടം തന്നെ!! അതിനെക്കാൾ സങ്കടകരമായ കാര്യം, അഖീദഃയിൽ അഹ്ലുസ്സുന്നഃ അവലംബിക്കുന്ന ഗ്രന്ഥങ്ങളെയോ പണ്ഡിതന്മാരെയോ കാണാതെ പോയി എന്നുള്ളതാണ്. മലയാള വായനക്കാരായ മുസ്ലിംകളെ തീർത്തും അശ്അരിയ്യത്തിന്റെയും അഖ്ലാനിയ്യത്തിന്റെയും ആലയിൽ തളക്കുന്ന നടപടിയായിപ്പോയി ഇതെന്ന് പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്.
അധിക വായനക്കായി അഅ്റാഫ് 54-ാം സൂക്തത്തിന്റെ വ്യാഖ്യാനം (പുറം 2/1042) കൂടി കാണുക.
ഖുർആനിലെ 16-ാമത്തെ അധ്യായമാണ് അന്നഹ്ൽ. തേനീച്ച എന്നാണ് അതിന്റെ ഭാഷാർത്ഥം. ദൃഷ്ടാന്ത വിസ്മയമായ ഈ ചെറുജീവിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഹിജ്റഃക്കു മുമ്പ് അവതരിച്ച മക്കിയ്യഃ വിഭാഗത്തിലാണ് ഈ അധ്യായം ഉൾപ്പെടുന്നത്. സ്രഷ്ടാവായ അല്ലാഹു, അവന്റെ ഏകത്വം, നുബുവ്വത്ത്, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ, പാരത്രിക ജീവിതം, മനുഷ്യന്റെ ആത്യന്തിക വിജയ പരാജയങ്ങൾ, അല്ലാഹുവിലേക്കുള്ള പ്രബോധനം പോലുള്ള മൗലിക വിഷയങ്ങളാണ് ഇതിന്റെ പ്രധാന ഉള്ളടക്കം.