Quran explanation
തൗബഃ,التَّوْبَةُസൂക്തം 16
Vol. 2 Page 1085
﴿أَمْ حَسِبْتُمْ أَن تُتْرَكُوا وَلَمَّا يَعْلَمِ اللهُ الَّذِينَ جَاهَدُوا مِنكُمْ وَلَمْ يَتَّخِذُوا مِن دُونِ اللهِ وَلَا رَسُولِهِ وَلَا الْمُؤْمِنِينَ وَلِيجَةً ۚ وَاللهُ خَبِيرٌ بِمَا تَعْمَلُونَ ١٦﴾
അതല്ല, നിങ്ങളെ വെറുതെ വിട്ടേക്കുമെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്? നിങ്ങളിൽ നിന്ന് ജിഹാദ് നടത്തുകയും, അല്ലാഹുവിനും അവന്റെ ദൂതനും വിശ്വാസികൾക്കും പുറമെ മറ്റാരുമായും യാതൊരുവിധ രഹസ്യ കൂട്ടുകെട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്തവരാരെന്ന് അല്ലാഹുവിന് ഇതുവരെയും വെളിപ്പെട്ടിട്ടില്ലല്ലോ. അല്ലാഹു നിങ്ങൾ ചെയ്യുന്നതിനെ കുറിച്ചെല്ലാം സൂക്ഷ്മമായി അറിവുള്ളവനാകുന്നു. (16)
ഇസ്ലാമിക വിശ്വാസ സംഹിതകളും അവയുടെ വിശദാംശങ്ങളും യഥാവിധം മനസ്സിലാക്കാത്തവരിൽ മേൽ സൂക്തം സംശയം ജനിപ്പിച്ചേക്കാം. വ്യത്യസ്ത സന്ദർഭങ്ങളിൽ വന്ന പ്രമാണവാക്യങ്ങളെ പരസ്പരപൂരകങ്ങളായി മനസ്സിലാക്കിയെടുക്കണമെങ്കിൽ ഇസ്ലാമികാശയങ്ങളെ അവയുടെ സാകല്യത്തിൽ വീക്ഷിക്കാൻ കഴിയണം. അല്ലാത്ത പക്ഷം അവക്കിടയിൽ വൈരുദ്ധ്യവും പൊരുത്തക്കേടും ഉണ്ടെന്ന തോന്നൽ ഉടലെടുത്തേക്കാം. അതിനുള്ള പരിഹാരം ഇസ്ലാമികാശയങ്ങളെ അംഗങ്ങളിലും അംശങ്ങളിലും പരിമിതപ്പെടുത്താതെ, അവയെ മൊത്തമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതു മാത്രമാണ്.
സത്യവിശ്വാസം ഉൾക്കൊണ്ട് ത്യാഗപൂർവ്വം ജിഹാദ് നടത്തുക, അല്ലാഹുവിനോടും അവന്റെ ദൂതനോടും വിശ്വാസി സമൂഹത്തോടും തികഞ്ഞ കൂറുപുലർത്തുക, സത്യത്തിന്റെ ശത്രുക്കളോട് രഹസ്യമായി ചങ്ങാത്തം സ്ഥാപിക്കാതിരിക്കുക എന്നതെല്ലാം ഒരു വിശ്വാസിക്ക് അവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന സ്വഭാവഗുണങ്ങളാണ്.
വിശ്വാസത്തെയും വിശ്വാസികളെയും ഒറ്റുകൊടുക്കുക എന്നത് ഗുരുതരമായ പാതകമാണ്. അത് ഭൗതികവും ഭൗതികേതരവുമായ തലങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉളവാക്കുക. അത്തരം ദുഷ്ടത്തരങ്ങൾ കാണിക്കാത്ത, സത്യസന്ധരും നിസ്വാർത്ഥരുമായ വിശ്വാസികൾ ആരെല്ലാമാണെന്നത് അല്ലാഹുവിന്നറിയാത്ത കാര്യമല്ല. അത് അവന്റെ ആദിയും അനന്തവുമായ അറിവിലുള്ളതാണ്. പക്ഷെ, സത്യവിശ്വാസവും സുകൃതങ്ങളും അവരവരുടെ കർമ്മങ്ങളിൽ തെളിയണം. അത് പരീക്ഷണങ്ങളിലൂടെ വെളിച്ചത്ത് വരണം. അതിനു വേണ്ടി തന്നെയാണ് ലൗകിക ജീവിതം അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.
സൃഷ്ടിപ്രപഞ്ചത്തിൽ സംഭവിക്കുന്ന യാതൊരു കാര്യമാകട്ടെ, സൃഷ്ടികൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയാകട്ടെ, അതൊന്നും അല്ലാഹുവിന്റെ അനാദിയായ അറിവിൽ മുൻകടക്കാതെ പോയിട്ടില്ല്ല. അവന്റെ അറിവിലില്ലാത്ത യാതൊന്നും സൃഷ്ടികളിൽ പുലരുകയോ അവർ പ്രവർത്തിക്കുകയോ ചെയ്യില്ല, തീർച്ച.
അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറെ ആദരണീയനായ മനുഷ്യന് അവൻ സ്വതന്ത്രമായ ചുമതല നൽകിയിരിക്കുന്നു. ആകാശഭൂമികളും മാമലകളും വഹിക്കാൻ കഴിയാതെ ആശങ്കപ്പെട്ട് ഒഴിഞ്ഞുമാറിയ അമാനത്തിന്റെ ഉത്തരവാദിത്തം അവനെ ഏല്പിച്ചിരിക്കുന്നു.അതിന്റെ ശരിയായ നിർവ്വഹണം മനുഷ്യൻ തന്റെ കർമ്മങ്ങളിലൂടെ തെളിയിക്കണം. അതിനാവശ്യമായ എല്ലാവിധ സ്വാതന്ത്ര്യങ്ങളും സാഹചര്യങ്ങളും അല്ലാഹു തന്നെ ഈ ഭൗതിക ജീവിതത്തിൽ അവന് സജ്ജീകരിച്ചു കൊടുത്തിട്ടുമുണ്ട്.
മനുഷ്യൻ ഏറ്റെടുത്ത ഉത്തരവാദിത്തവും അവനു ലഭിച്ച കഴിവുകളും അവന് ഒരുക്കിക്കൊടുത്ത സാഹചര്യങ്ങളും അവൻ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രശ്നം. അതാണ് അവൻ തന്റെ കർമ്മപഥങ്ങളിൽ തെളിയിക്കേണ്ടത്. അതുമായിട്ടാണ് അവന്റെ ഭാഗഥേയം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ഏതൊരു വ്യക്തിയും ഒരു ഘട്ടത്തിലല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ അത് തെളിയിച്ചേ പറ്റൂ. അതിന്റെ അടിസ്ഥാനത്തിലാണ് അവനു അനശ്വരമായ ശിക്ഷാരക്ഷകൾ നൽകപ്പെടുന്നത്. അല്ലാതെ, അല്ലാഹുവിന്റെ ആദിയായ അറിവിൽ അത്തരം കാര്യങ്ങൾ ഉൾപ്പെടുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം.
സ്വാഭാവികമായും ഇവിടെ ഉയർന്നുവരുന്ന ഒരു സംശയമുണ്ട്. ഇഹലോകത്ത് പരീക്ഷിക്കപ്പെടാതെ പോകുന്ന ജന്മങ്ങളുണ്ടല്ലോ. അവരുടെ കാര്യമെന്താണ്? ഇതിന് രണ്ടു തരം വിശദീകരണങ്ങളാണ് പ്രമാണങ്ങളിൽ നൽകപ്പെട്ടിരിക്കുന്നത്; മൊത്തത്തിൽ നൽകിയ സംക്ഷിപ്തമായ ഉത്തരവും പരലോകത്ത് നടക്കാനിരിക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള വിശദമായ പരാമർശങ്ങളുൾക്കൊള്ളുന്ന ഉത്തരവും. അവ രണ്ടും താഴെ കൊടുക്കാം:
ആദ്യത്തേത് ഫറോവയുടെ ചോദ്യത്തിന് മൂസാ ﵇ നൽകിയ ഉത്തരമാണ്. ഫറോവ ചോദിക്കുന്നത്, റബ്ബും ഇലാഹുമായി ഏകനായ അല്ലാഹു മാത്രമേ ഉള്ളു, അവനെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ നീ പറയുന്നത്. എങ്കിൽ ഇതൊന്നും കേൾക്കാതെയും അറിയാതെയും മരണപ്പെട്ടു പോയ തലമുറകളുടെ സ്ഥിതിയെന്തായിരിക്കും? മൂസാ ﵇ അതിനു നൽകിയ മറുപടി ശ്രദ്ധേയമാണ്:
﴿قَالَ عِلْمُهَا عِندَ رَبِّي فِي كِتَابٍ ۖ لَّا يَضِلُّ رَبِّي وَلَا يَنسَى ٥٢﴾ (طه)
[അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്റെ റബ്ബിങ്കൽ ഒരു രേഖയിലുണ്ട്. എന്റെ റബ്ബിന് പിഴവ് സംഭവിക്കുകയോ അവന് മറന്നുപോകുകയോ ഇല്ല.] (ത്വാഹാ 52)
മേൽ ഉത്തരം അവിശ്വാസികൾ ഉയർത്തുന്ന ധിക്കാരത്തിന്റെ മുനയൊടിക്കുന്നതു പോലെ തന്നെ വിശ്വാസികളുടെ ആശങ്കയകറ്റുക കൂടി ചെയ്യുന്നു.
അതേ സമയം, രണ്ടാമതു പറയാനുള്ള ഉത്തരം ഓരോ മനുഷ്യന്റെയും തനതു സ്വഭാവം അല്ലാഹു പരീക്ഷിച്ചു തെളിയിക്കുമെന്നും അത് വെളിച്ചത്തു കൊണ്ടുവന്ന് അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവനു ശിക്ഷാരക്ഷകൾ നൽകുകയുള്ളു എന്നുമുള്ള മൗലിക യാഥാർത്ഥ്യത്തിനു അടിവരയിടുന്നതാണ്. കൂടാതെ അല്ലാഹുവിന്റെ നീതി എത്രത്തോളം സമ്പൂർണ്ണവും കുറ്റമറ്റതുമാണെന്ന് മനസ്സിലാക്കാനും അത് ഉപകരിക്കും. താഴെ കൊടുക്കുന്ന നബിവചനങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക.
عَنْ عَائِشَةَ ﵂ قَالَتْ: «قُلْتُ يَا رَسُولَ اللهِ ذَرَارِيُّ الْمُؤْمِنِينَ؟ فَقَالَ: هُمْ مِنْ آبَائِهِمْ، فَقُلْتُ: يَا رَسُولَ اللهِ، بِلَا عَمَلٍ؟ قَالَ: اللهُ أَعْلَمُ بِمَا كَانُوا عَامِلِينَ قُلْتُ: يَا رَسُولَ اللهِ فَذَرَارِيُّ الْمُشْرِكِينَ؟ قَالَ: مِنْ آبَائِهِمْ، قُلْتُ: بِلَا عَمَلٍ؟ قَالَ: اللهُ أَعْلَمُ بِمَا كَانُوا عَامِلِينَ [أبو داود في سننه وصححه الألباني]
[ആയിശഃ ﵂ നിവേദനം. അവർ പറയുന്നു, ഞാൻ നബി ﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, മുസ്ലിംകളിൽ നിന്ന് മരണപ്പെട്ടുപോകുന്ന ശിശുക്കളുടെ കാര്യമെന്തായിരിക്കും?
അവിടുന്ന് പറഞ്ഞു: അവർ അവരുടെ പിതാക്കളിൽപെടും.
അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഒരു കർമ്മവും ചെയ്യാതെയോ?
അവിടുന്ന് പറഞ്ഞു: അവർ എന്ത് ചെയ്യുമായിരുന്നു എന്നത് സൂക്ഷ്മമായി അറിയുന്നവനാണല്ലോ അല്ലാഹു.
ഞാൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അപ്പോൾ മുശ്രിക്കുകളുടെ മക്കളോ?
അവിടുന്ന് പറഞ്ഞു: അവർ അവരുടെ പിതാക്കളിലും ഉൾപ്പെടും.
ഞാൻ ചോദിച്ചു: ഒരു പ്രവൃത്തിയും ചെയ്യാതെയോ?
അവിടുന്ന് പറഞ്ഞു: അവർ എന്ത് ചെയ്യുമായിരുന്നു എന്നത് സൂക്ഷ്മമായി അറിയുന്നവനാണല്ലോ അല്ലാഹു.] (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)
മേൽ വചനം ധ്വനിപ്പിക്കുന്നത് ഒരു പൊതുതത്ത്വമാണ്. മുസ്ലിംകളുടെ മക്കൾ അധികവും മുസ്ലിംകളായിരിക്കും; മുശ്രിക്കുകളുടെ മക്കൾ അധികവും മുശ്രിക്കുകളുമായിരിക്കും. ഈ പൊതുതത്ത്വത്തിന് അപവാദം ഉണ്ടായിരിക്കില്ല എന്നോ, അവരുടെ തനതു സ്വഭാവം പരീക്ഷിച്ച് വെളിപ്പെടുത്തുകയില്ലെന്നോ അത് അർത്ഥമാക്കുന്നില്ല.
عَنْ ابْنِ عَبَّاسٍ ﵄ قَالَ: سُئِلَ النَّبِيُّ ﷺ عَنْ أَوْلَادِ الْمُشْرِكِينَ، فَقَالَ: اللَّهُ أَعْلَمُ بِمَا كَانُوا عَامِلِينَ [البخاري في صحيحه]
[ഇബ്നു അബ്ബാസ് ﵄ നിവേദനം. മുശ്രിക്കുകളുടെ മക്കളെ കുറിച്ച് നബി ﷺയോട് ചോദിക്കപ്പെടുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു: അവർ എന്ത് ചെയ്യുമായിരുന്നു എന്നത് സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
ചെറുപ്പത്തിൽ മരണപ്പെട്ടു പോകുന്ന ശിശുക്കൾക്ക് മറ്റുള്ളവരെ പോലെ കർമ്മങ്ങൾ ചെയ്യാൻ ആയുസ്സ് നൽകപ്പെട്ടിരുന്നുവെങ്കിൽ അവർ എന്ത് ചെയ്യുമായിരുന്നു എന്നത് അല്ലാഹുവിന് സൂക്ഷ്മമായി അറിയാം. അവരുടെ കാര്യത്തിൽ അവന് പിഴവ് സംഭവിക്കുകയില്ല; അവൻ മറന്നുപോവുകയുമില്ല. ഓരോ വ്യക്തിയുടെയും ഭാഗഥേയം അവനവന്റെ സ്വതന്ത്രമായ തീർപ്പിനും തെരഞ്ഞെടുപ്പിനും അനുസരിച്ചിരിക്കും. നേരത്തെ സൂചിപ്പിച്ച പൊതു തത്ത്വം വൈയക്തികമായ ഈ സ്വാതന്ത്ര്യത്തെയോ വരണാധികാരത്തെയോ റദ്ദ് ചെയ്യുന്നതല്ല. താഴെ കൊടുക്കുന്ന വചനം ശ്രദ്ധിക്കുക.
عَنْ سَمُرَةَ بْنِ جُنْدُبٍ، عَنِ النَّبِيِّﷺ قَالَ: ...وَأَمَّا الرَّجُلُ الطَّوِيلُ الَّذِي فِي الرَّوْضَةِ فَإِنَّهُ إِبْرَاهِيمُ ﵇، وَأَمَّا الْوِلْدَانُ الَّذِينَ حَوْلَهُ فَكُلُّ مَوْلُودٍ مَاتَ عَلَى الْفِطْرَةِ. قَالَ: فَقَالَ بَعْضُ الْمُسْلِمِينَ: يَا رَسُولَ اللَّهِ، وَأَوْلَادُ الْمُشْرِكِينَ؟ فَقَالَ رَسُولُ اللَّهِ ﷺ: وَأَوْلَادُ الْمُشْرِكِينَ. [البخاري في صحيحه]
[സമുറഃ ബിൻ ജുൻദുബ് ﵁ നിവേദനം. നബി ﷺ പറയുന്നു: ...അവിടെ ആരാമത്തിലുണ്ടായിരുന്ന ആ നീളമുള്ള വ്യക്തി ഇബ്റാഹീം ﵇ ആയിരുന്നു. അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന കുട്ടികൾ ശുദ്ധപ്രകൃതിയിൽ മരണപ്പെട്ടുപോയ ശിശുക്കളാണ്.
നിവേദകനായ സമുറഃ ﵁ പറയുന്നു: അപ്പോൾ ചില മുസ്ലിംകൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, മുശ്രിക്കുകളുടെ കുട്ടികളുമുണ്ടോ?
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: മുശ്രിക്കുകളുടെ മക്കളും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
പ്രവർത്തിച്ചു തെളിയിക്കാനുള്ള ആയുസ്സ് ലഭിച്ചിരുന്നുവെങ്കിൽ അല്ലാഹു നൽകിയ വിശ്വാസത്തിന്റെയും വിനയത്തിന്റെയും ശുദ്ധപ്രകൃതി നിലനിർത്തുമായിരുന്നതാര്, അതിനെ മലീമസമാക്കുമായിരുന്നതാര് എന്നത് അല്ലാഹുവിന് കൃത്യമായി അറിയാം. എന്നിരുന്നാലും അവർക്കും ശിക്ഷാരക്ഷകൾ നൽകപ്പെടുന്നതിനു മുമ്പ് അത് പരീക്ഷിച്ച് തെളിയിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്. താഴെ കൊടുക്കുന്ന ഹദീസ് കൂടി കാണുക.
عَنْ أَنَسِ بْنِ مَالِكٍ قَالَ، قَالَ رَسُولُ اللهِ ﷺ: يُؤْتَى بِأَرْبَعَةٍ يَوْمَ الْقِيَامَةِ؛ بِالْموْلُودِ، وَبِالْمعْتُوهِ، وَبِمَنْ مَاتَ فِي الْفَتْرَةِ، وَالشَّيْخِ الفاني، كُلُّهُمْ يَتَكَلَّمُ بِحُجَّتِهِ، فَيَقُولُ الرَّبُّ تَبَارَكَ وَتَعَالَى لِعُنُقٍ مِنَ النَّارِ: ابْرُزْ، فَيَقُولُ لَهُمْ: إِنِّي كُنْتُ أَبْعَثُ إِلَى عبادي رُسُلًا مِنْ أَنْفُسِهِمْ، وإني رَسُولُ نَفْسِى إِلَيْكُمْ، ادْخُلُوا هَذِهِ، فَيَقُولُ مَنْ كُتِبَ عَلَيْهِ الشَّقَاءُ: يَا رَبِّ، أَيْنَ نَدْخُلُهَا، وَمِنْهَا كُنَّا نَفِرُّ؟ قَالَ: وَمَنْ كُتِبَتْ عَلَيْهِ السَّعَادَةُ يَمْضِى فَيَتَقَحَّمُ فِيهَا مُسْرِعًا، قَالَ: فَيَقُولُ تَبَارَكَ وَتَعَالَى: أَنْتُمْ لرسلي أَشَدُّ تَكْذِيبًا وَمَعْصِيَةً، فَيُدْخِلُ هَؤُلاءِ الْجنَّةَ، وَهَؤُلاءِ النَّارَ. [أبو يعلى في مسنده وصححه الألباني في الصحيحة]
[അനസ് ﵁ നിവേദനം. നബി ﷺ പറയുന്നു: ശിശു, ബുദ്ധിയില്ലാത്തവൻ, നബിമാരില്ലാത്ത ഇടവേളകളിൽ ജീവിച്ചവൻ, അവശനായ വയോധികൻ ഇങ്ങനെ നാലു വിഭാഗങ്ങളെ അന്ത്യനാളിൽ ഹാജരാക്കും. അങ്ങനെ അവരെല്ലാം അവരുടെ ന്യായങ്ങൾ നിരത്തും.
അപ്പോൾ നരകത്തോട് പുറത്തേക്ക് ഒരു കഴുത്ത് നീട്ടാൻ അല്ലാഹു പറയും.
എന്നിട്ട് അവരോട് പറയും: എന്റെ അടിയാറുകളിലേക്ക് അവരിൽനിന്നു തന്നെയുള്ള ദൂതന്മാരെയാണ് ഞാൻ നിയോഗിച്ചിരുന്നത്. നിങ്ങളിലേക്കുള്ള എന്റെ ദൂതൻ ഞാൻ തന്നെയാണ്. നിങ്ങൾ അതിൽ പ്രവേശിക്കുക.
ഹതഭാഗ്യവാന്മാർ പറയും: റബ്ബേ അതിൽ എവിടെയാണ് ഞങ്ങൾ പ്രവേശിക്കുക? അതിൽനിന്നല്ലേ ഞങ്ങൾ പേടിച്ചോടിയിരുന്നത്? അവിടുന്ന് പറയുന്നു: എന്നാൽ സൗഭാഗ്യവാന്മാർ മുന്നോട്ടു നീങ്ങി അതിലേക്ക് ധിറുതിയിൽ തള്ളിക്കയറും.
അപ്പോൾ അല്ലാഹു പറയും: എന്റെ ദൂതന്മാരെ കൂടുതൽ കളവാക്കുന്നവരും ധിക്കരിക്കുന്നവരുമായിരിക്കും നിങ്ങൾ.
അങ്ങനെ ഇക്കൂട്ടരെ സ്വർഗ്ഗത്തിലും അവരെ നരകത്തിലും പ്രവേശിപ്പിക്കും.] (അബൂ യഅ്ലാ മുസ്നദിൽ ഉദ്ധരിച്ചത്)
ചുരുക്കത്തിൽ, ലൗകിക ജീവിതത്തിൽ പരീക്ഷിക്കപ്പെടാതെ പോയവർ പരലോകത്ത് വെച്ച് പരീക്ഷിക്കപ്പെടും. അവർക്ക് നൽകപ്പെട്ട ഇഛാസ്വാതന്ത്ര്യവും വരണാധികാരവും അവർ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പരീക്ഷിച്ച് തെളിയിക്കുകയും വെളിപ്പെടുത്തുകയും ചെയ്യും. അല്ലാഹുവിനെ അനുസരിച്ചവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും; ധിക്കരിച്ചവർ നരകത്തിലും.
ഐഹിക ജീവിതത്തിൽ പരീക്ഷിക്കപ്പെടാതെ പോയവർ ശിശുക്കളോ അതുപോലുള്ള മറ്റു വിഭാഗങ്ങളോ ആവട്ടെ അവരുടെ പര്യവസാനം ഇപ്രകാരമായിരിക്കും. അവരുടെ വൈയക്തികമായ ഉത്തരവാദിത്തം റദ്ദുചെയ്യപ്പെടില്ല. അവരുടെ തനതു ഭാവം പരീക്ഷിച്ച് വെളിപ്പെടുത്തി ബോധ്യപ്പെടുത്താതിരിക്കുകയുമില്ല. അത് അല്ലാഹുവിന്റെ നീതിയുടെയും കാരുണ്യത്തിന്റെയും കൂടി താൽപര്യമാണ്. അവന്റെ നീതി ബോധ്യപ്പെടുത്താതെ, അവന്റെ അറിവിൽ മുൻകഴിഞ്ഞിരിക്കുന്നു എന്നതു മാത്രം വെച്ച് ആരെയും ശിക്ഷിക്കുകയോ രക്ഷിക്കുകയോ ചെയ്യില്ല. ഇതാണ് അഹ്ലുസ്സുന്നഃയിൽപെട്ട സൂക്ഷ്മദൃക്കുകളായ പണ്ഡിതന്മാരുടെയും പക്ഷം. ഇബ്നു കഥീർ ﵀ തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയ ഒരു ഭാഗം കൂടി താഴെ ചേർക്കാം. وَمِنْهُمْ مَنْ ذَهَبَ إِلَى أَنَّهُمْ يُمْتَحَنُونَ يَوْمَ الْقِيَامَةِ فِي العَرَصَات، فَمَنْ أَطَاعَ دَخَلَ الْجَنَّةَ وَانْكَشَفَ عِلْمُ اللَّهِ فِيهِمْ بِسَابِقِ السَّعَادَةِ، وَمَنْ عَصَى دَخَلَ النَّارَ دَاخِرًا، وانْكَشَفَ عِلْمُ اللهِ فِيهِ بِسَابِقِ الشَّقَاوَةِ، وَهَذَا الْقَوْلُ يَجْمَعُ بَيْنَ الْأَدِلَّةِ كُلِّهَا، وَقَدْ صَرَّحَتْ بِهِ الْأَحَادِيثُ الْمُتَقَدِّمَةُ الْمُتَعَاضِدَةُ الشَّاهِدُ بَعْضُهَا لِبَعْضٍ، وَهَذَا الْقَوْلُ هُوَ الَّذِي حَكَاهُ الشَّيْخُ أَبُو الْحَسَنِ عَلِيُّ بْنُ إِسْمَاعِيلَ الْأَشْعَرِيُّ، رَحِمَهُ اللَّهُ، عَنْ أَهْلِ السُّنَّةِ وَالْجَمَاعَةِ، وَهُوَ الَّذِي نَصَرَهُ الْحَافِظُ أَبُو بَكْرٍ الْبَيْهَقِيُّ فِي كِتَابِ الِاعْتِقَادِ، وَكَذَلِكَ غَيْرُهُ مِنْ مُحَقِّقِي الْعُلَمَاءِ وَالْحُفَّاظِ النُّقَّادِ. [ابن كثير في تفسيره] [അവർ അന്ത്യനാളിൽ മഹ്ശറാ മൈതാനത്തു വെച്ച് പരീക്ഷിക്കപെടും എന്ന് പറയുന്നവരും അവരിലുണ്ട്. ആർ അനുസരിക്കുന്നുവോ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും; അവന്റെ കാര്യത്തിൽ സൗഭാഗ്യം മുൻകടന്നത് അല്ലാഹുവിന്റെ അറിവിൽ തെളിഞ്ഞ് കിടപ്പുണ്ട്. ധിക്കരിച്ചവൻ നിന്ദ്യനായി നരകത്തിലും പ്രവേശിക്കും; അവന്റെ കാര്യത്തിൽ ദൗർഭാഗ്യം മുൻകടന്നതും അല്ലാഹുവിന്റെ അറിവിൽ തെളിഞ്ഞ് കിടപ്പുണ്ട്. ഈ പക്ഷം തദ്വിഷയകമായി വന്ന എല്ലാ പ്രമാണരേഖകളെയും ഏകോപിപ്പിക്കുന്നു. നടേ പരാമർശിച്ച, പരസ്പരം ശക്തിപ്പെടുത്തുന്നതും അന്യോന്യം ഉപോൽബലകമായി വർത്തിക്കുന്നതുമായ ആ ഹദീസുകളൊക്കെയും ഇതു തന്നെയാണ് വ്യക്തമാക്കുന്നത്. ശൈഖ് അബുൽ ഹസനുൽ അശ്അരി ﵀ അഹ്ലുസ്സുന്നഃയെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞിട്ടുള്ളതും ഇതു തന്നെയാണ്. ഹാഫിള് അബൂ ബക്ർ അൽ ബൈഹഖി ﵀ തന്റെ 'അൽ ഇഅ്തിഖാദ് ' എന്ന ഗ്രന്ഥത്തിൽ ഇതേ പക്ഷത്തെ തന്നെയാണ് പിന്തുണച്ചിട്ടുള്ളതും. നിരൂപകരിലും ഹാഫിളുകളിലും പണ്ഡിതന്മാരിലുംപെട്ട സൂക്ഷ്മദൃക്കുകൾ അദ്ദേഹത്തിനു പുറമെ വേറെയുമുണ്ട്.] (ഇബ്നു കഥീർ തഫ്സീറിൽ രേഖപ്പെടുത്തിയത്)
ചുരുക്കത്തിൽ, ഏതൊരു വ്യക്തിയുടെയും ഭാഗഥേയം അവന്റെ സ്വതന്ത്രമായ തീരുമാനങ്ങളുമായും കർമ്മങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. അവനു നൽകപ്പെട്ട ഇഛാസ്വാതന്ത്ര്യവും വരണാധികാരവും പ്രവർത്തന ശേഷിയും ഉപയോഗിച്ച് അവന്റെ സ്ഥാനം അവൻ തന്നെ അടയാളപ്പെടുത്തണം. തന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പും പ്രവർത്തനങ്ങളും തന്നെത്തന്നെ ബോധ്യപ്പെടുത്തിയും അതിനെ അടിസ്ഥാനമാക്കിയുമാണ് അവന് ശിക്ഷാരക്ഷകൾ നൽകപ്പെടുക. അവൻ എന്ത് തീരുമാനിക്കും, എങ്ങനെ പ്രവർത്തിക്കും എന്നത് മുൻകടന്നുപോയ യാഥാർത്ഥ്യമാണെന്നത് വേറെക്കാര്യം. അത് അല്ലാഹുവിന്റെ അനാദിയായ അറിവിൽ തെളിഞ്ഞ് കിടപ്പുള്ളതും ലൗഹിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതുമാണെന്നത് വിശ്വാസത്തിന്റെ മൂലക്കല്ലു തന്നെയാണ്.
മനുഷ്യനു നൽകപ്പെട്ട ഇഛാസ്വാതന്ത്ര്യവും വരണാധികാരവും പ്രവർത്തന ശേഷിയും ശരിയാംവണ്ണം അഭ്യസിക്കണമെങ്കിൽ നന്മതിന്മകളുടെ രണ്ടു സാധ്യതകൾ തന്റെ മുന്നിൽ തുറക്കപ്പെടണം. അതിനായി അല്ലാഹു നന്മതിന്മകൾ സൃഷ്ടിക്കുകയും അവയുടെ വിരുദ്ധമായ രണ്ടു വഴികൾ അവന്റെ മുന്നിൽ തുറന്നു കൊടുക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തുമാവട്ടെ, അവൻ തെരഞ്ഞെടുക്കുന്ന വഴി ഏതുമാവട്ടെ രണ്ടും ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി അല്ലാഹു സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തിട്ടുള്ളതാണ്. സൃഷ്ടികളെയും അവരുടെ പ്രവൃത്തികളെയും സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവാണ്. മനുഷ്യനെയും അവനു പ്രവർത്തിക്കാനുള്ള നന്മതിന്മകളെയും അവൻ ഇവിടെ സൃഷ്ടിച്ചുവെച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിന് അവൻ തന്നെ അടിവരയിടുന്നത് കാണുക. ﴿وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ ٩٦﴾ (الصَّافَّات) [അല്ലാഹുവാണ് നിങ്ങളെയും നിങ്ങളുടെ ചെയ്തികളെയും സൃഷ്ടിച്ചിരിക്കുന്നത്.] (സ്വാഫ്ഫാത്ത് 96)
മനുഷ്യൻ തനിക്കു നൽകപ്പെട്ട ഇഛാസ്വാതന്ത്ര്യവും വരണാധികാരവും പ്രവർത്തന ശേഷിയും ഉപയോഗിച്ച് അവയിൽ നിന്ന് താനുദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. ഇഛാനുസാരം താൻ സ്വയം തെരഞ്ഞെടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം താൻ തന്നെ വഹിച്ചേ പറ്റൂ. അതിൽനിന്ന് ഒളിച്ചോടുക സാധ്യമല്ല. അല്ലാഹു പറയുന്നു: ﴿فَمَن يَعۡمَلۡ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ٧ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهَُ ٨﴾ (الزَّلْزَلَةُ) [ആർ ഒരു കാരുറുമ്പിൻ തൂക്കം നന്മ ചെയ്യുന്നുവോ അവൻ അത് കണ്ടെത്തും. ആർ ഒരു കാരുറുമ്പിൻ തൂക്കം തിന്മ ചെയ്യുന്നുവോ അവൻ അതും കണ്ടെത്തും.] (സൽസലഃ 7-8)
തന്റെ സൃഷ്ടിപരമായ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള മറയായി ചിലർ അല്ലാഹുവിന്റെ സൃഷ്ടിപ്പും മനുഷ്യരുടെ പ്രവൃത്തിയും തമ്മിൽ കൂട്ടിക്കുഴക്കുകയാണ് ചെയ്യാറുള്ളത്. എല്ലാം തന്നിൽ അടിച്ചേൽപിച്ചതാണെന്നും തന്റെ പ്രവർത്തനങ്ങൾ അല്ലാഹു സൃഷ്ടിക്കുക മാത്രമല്ല, അത് അവൻ പ്രവർത്തിക്കുക കൂടി ചെയ്തിരിക്കുന്നുവെന്നും അവർ വാദിക്കുന്നു. വിധിവിശ്വാസത്തിൽ വിലോപം വരുത്തി പിഴച്ചുപോയവർ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെയും മനുഷ്യരുടെ പ്രവർത്തനങ്ങളെയും വ്യവഛേദിച്ച് മനസ്സിലാക്കാതെ ഇപ്രകാരം കൂട്ടിക്കുഴക്കുകയാണ് ചെയ്യാറുള്ളത്. നന്മയും തിന്മയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. അതിൽനിന്ന് മനുഷ്യൻ ഇഛാനുസാരം ചിലത് തെരഞ്ഞെടുത്ത് പ്രവർത്തിക്കുന്നു. അതിന്മേലുള്ള ഗുണദോഷങ്ങൾ അവൻ സ്വയം വഹിച്ചേ മതിയാകൂ. ഇതാണ് കാര്യം. ഈ ലളിതയാഥാർത്ഥ്യത്തെ സങ്കീർണ്ണവത്ക്കരിക്കുന്നതു കൊണ്ടാണ് വിധിവിശ്വാസത്തിന്റെ കാര്യത്തിൽ പലരും ആശയക്കുഴപ്പത്തിലകപ്പെടുന്നത്.
അധിക വായനക്കു വേണ്ടി 'ഖദരിയ്യഃ: വിധിവിശ്വാസത്തിലുള്ള വിലോപം' എന്ന ലേഖനം (പുറം 1/285) കാണുക.